rajasooyam

Saturday, December 31, 2011

ഒഞ്ചിയം


വാടാനപ്പിള്ളീന്നു വരുന്ന തടിച്ച പ്രഭാകരന്റെ കാര്യം പറഞ്ഞാല്‍ മഹാകഷ്ടമാണ്.
എന്തെങ്കിലുമൊന്നു മനസ്സില്‍  തോന്നിയാല്‍പിന്നെ  അതിന്റെ എ ടു സെഡ്
അറിഞ്ഞാലേ പുള്ളിക്കാരന് ഉറക്കം വരൂ.
ഈയിടെ സിപ്രന്റെ മനസ്സില്‍ കടന്നുകൂടിയ ഒരു പദമാണ് ഒഞ്ചിയം.
വീട്ടില്‍ മുറികളില്‍നിന്ന് മുറികളിലേക്ക് പരക്കം പായുമ്പോള്‍ ചാനലുകളിലെ പാനല്‍
ചര്‍ച്ചകളില്‍നിന്ന്  വീണുകിട്ടിയ കഷണങ്ങളില്‍നിന്ന് സിപ്രന്‍ ഒരു കാര്യം മനസ്സിലാക്കിയിരിക്കുന്നു: ഒഞ്ചിയത്ത് കാര്യമായ എന്തോ പ്രശ്‌നമുണ്ട്. അത് എന്താണെന്നുമാത്രം
കക്ഷിക്ക് മനസ്സിലായില്ല. അറിയണമെന്ന് അദമ്യമായ ആഗ്രഹമുണ്ട്.
പക്ഷേ ടീവീടെ മുമ്പില്‍  അഞ്ചുമിനിറ്റ് ഇരുന്നുകൊടുക്കാന്‍ ആര്‍ക്കുണ്ട് നേരം!

പിറ്റേന്ന് ആപ്പീസില്‍ ചെന്നപ്പോള്‍ സിപ്രന്‍ ബിആറിനോട് ചോദിച്ചുനോക്കി.
ബിആറിനറിയില്ല.
നന്ദനോട് ചോദിച്ചുനോക്കി. നന്ദനറിയില്ല.
സേതൂനോട് ചോദിച്ചു. സേതൂനറിയില്ല.
ആന്റോയ്ക്കും ഹരിപ്രസാദിനും പറളിക്കും പാപ്പൂനും സൂമാരനും എന്‍ബിക്കും
ഹരിദാസിനും ഏപ്പിക്കും സദാനന്ദനും സാദാ ആനന്ദനും സോമനും ബാലകനും
ഹസ്സനും രാജനും  അറിഞ്ഞുകൂട.
മജീദ് പറഞ്ഞു: ചുരിദാറിട്ട രാജേന്ദ്രനോട് ചോദിച്ചുനോക്ക്
സിപ്രന്‍ രാജേന്ദ്രനോട് ചോദിച്ചു: '' ചുരിദാറിട്ട രാജേന്ദ്രാ, ഒഞ്ചിയത്തെന്താ പ്രശ്‌നം?''
രാജേന്ദ്രന്‍ കൈമലര്‍ത്തി. പിന്നെ പറഞ്ഞു. ശശിയേട്ടനോട് ചോദിച്ചുനോക്ക്.
സിപ്രന്‍ ശശിയോട് ചോദിച്ചു: '' ഒഞ്ചിയത്തെന്താ പ്രശ്‌നം?''
ശശി ഗൂഗ് ള്‍ എടുത്ത് ഒഞ്ചിയം എന്ന് ടൈപ്പ് ചെയ്തു. നത്തിംഗ് കുഡ്ബി ഫൗണ്ട്!
ഹരിയേട്ടന്‍ പറഞ്ഞു: ശ്രീകുമാറിനോട് ചോദിച്ചുനോക്ക്.
തേക്കേല്‍ കേറിയ കൃഷ്‌ണേട്ടനെ ചൂണ്ടിക്കാണിച്ച് ശ്രീകുമാര്‍ പറഞ്ഞു:
തലയിരിക്കുമ്പോള്‍ വാലാടാന്‍ പാടില്ല...
സിപ്രന്‍ കൃഷ്‌ണേട്ടനോട് ചോദിച്ചു:
''തേക്കേല്‍ കേറിയ കൃഷ്‌ണേട്ടാ, ഒഞ്ചിയത്തെന്താ പ്രശ്‌നം?''
കൃഷ്‌ണേട്ടന്റെ കൈകള്‍ മൂലധനത്തിലേക്ക് നീളുന്നതുകണ്ടപ്പോള്‍ സിപ്രന്‍ പറഞ്ഞു:
ഇല്ല കൃഷ്‌ണേട്ടാ, ഇപ്പൊ എനിക്ക് അതു വായിക്കാന്‍ നേരല്ല്യ''
കണ്ണന്‍ പറഞ്ഞു: വേണ്വേട്ടനോട് ചോദിച്ചുനോക്ക്.
പണിക്കര്‍ പോക്കറ്റില്‍നിന്നും ഒരു കുടന്ന കവടിയെടുത്ത് മേശപ്പുറത്തിട്ട്
ചോക്കുകൊണ്ട് ലാസാഗു വരച്ച് ഒറ്റയും ഇരട്ടയും കളിക്കാന്‍ തുടങ്ങി.
ഒടുവില്‍ പറഞ്ഞു: പ്രശ്‌നവശാല്‍ അവിടെ യാതൊന്നും കാണണില്ല.

ഇനി ചോദിക്കാന്‍ ഒറ്റയാളേ ബാക്കിയുള്ളൂ. അത് അത്ര എളുപ്പമുള്ള കാര്യമല്ല.
അസാമാന്യ ധൈര്യം വേണം...
ഒടുവില്‍ എന്തും വരട്ടേന്നു കരുതി പുറത്തുപോയി ഒരു നൂറ്റമ്പതടിച്ച് ധൈര്യം
സംഭരിച്ചുവന്ന്  സിപ്രന്‍ സി ആര്‍ ബാബുവിനോട് ചോദിച്ചു:
''അതേയ്, ബാബൂ, ഈ ഒഞ്ചിയത്ത് എന്താ പ്രശ്‌നം?''
ജ്വലിച്ച കണ്ണുകൊണ്ട് സിപ്രനെ ഒരു നോക്കുനോക്കി ബാബു പറഞ്ഞു:
''അത് രണ്ട് ഇഞ്ചിക്കൃഷിക്കാര് തമ്മിലുള്ള പ്രശ്‌നാണ് ''
അതില്‍ പിന്നെ സിപ്രന്‍ ഒഞ്ചിയത്തെപ്പറ്റി ഒരക്ഷരം മിണ്ടിയിട്ടില്ല...!!!

Saturday, December 24, 2011

ആര്‍ കണ്ണനും മൊണാലിസയും തമ്മിലെന്ത് ?


-എന്നാലും കണ്ണാ, താങ്കള്‍ ഇത്തരക്കാരനാണെന്ന് ഞാന്‍ കരുതിയില്ല കേട്ടോ
-എന്താണ് ബിആര്‍?
-കണ്ണന് കാശിന് യാതൊരു വിലയുമില്ലെന്നോ?
-എന്താ ബിആറിന് അങ്ങനെ തോന്നാന്‍?
-ശ്രീകുമാര്‍ പാര്‍ട്ടി ഫണ്ടിലേക്ക് 200 രൂപ ചോദിച്ചപ്പൊ പുല്ലുപോലെയല്ലേ പോക്കറ്റീന്ന്
 പിടക്കണ രണ്ട് നൂറ് രൂപാ നോട്ട് എടുത്തുകൊടുത്തത് !
-എമൗണ്ട് കൂടിപ്പോയതുകൊണ്ട് ഞാന്‍ അത് കൊടുക്കില്ലെന്നാണോ ബിആര്‍
 വിചാരിച്ചത്?
-അങ്ങനെയല്ല. ചുരുങ്ങിയപക്ഷം കണ്ണന്‍ 'വൈ ദിസ് കൊലവെറി കൊലവെറി ഡാ '
 എന്ന പാട്ടെങ്കിലും പാടുമെന്നു കരുതി. അതുണ്ടായില്ലെന്നതോ പോട്ടെ, കാശ്
 കൊടുത്തപ്പോള്‍ കണ്ണന്റെ ചുണ്ടില്‍ മൊണാലിസയുടേതെന്നപോലെ ഒരു
 ഗൂഢസ്മിതവും കണ്ടു! അതിന്റെ അര്‍ത്ഥമാണെനിക്ക് തീരെ പിടികിട്ടാത്തത്....
-അത് പിന്നെ ബിആര്‍ ചെന്ന് സഖാവിനോട് പറയില്ലെങ്കില്‍ അര്‍ത്ഥം ഞാന്‍
 പറഞ്ഞുതരാം.
-ഇതുവരെ ഞാന്‍ അങ്ങനെ വല്ലതും പറഞ്ഞിട്ടുണ്ടോ?
-അതെനിക്കറിയാം. അതുകൊണ്ട് പറയാം. ഒന്നും കാണാണ്ട് കണ്ണന്‍
 കൊളത്തീച്ചാടാറില്ല. എനിക്ക് അത്യാവശ്യം തുണിക്കച്ചവടം  ഉള്ള കാര്യം ബിആറിന്
 അറിയാലോ.
-കുത്താമ്പുള്ളി ഐറ്റംസല്ലേ
-അതുതന്നെ. കഴിഞ്ഞ ഓണക്കാലത്ത് സഖാവ് എനിക്ക് ഒരു ഓഡര്‍ തന്നു.
 ഒരു ഡബ്ള്‍ മുണ്ടും രണ്ട് സെറ്റുമുണ്ടും.
-അതാര്‍ക്കാ രണ്ട് സെറ്റുമുണ്ട്?
-ഒന്ന് അമ്മയ്ക്കും മറ്റേത് വീട്ടില്‍ പണിക്ക് വരുന്ന ചെറുപ്പക്കാരിക്കും.
-അപ്പൊ ഭാര്യക്കില്ലേ ?
-ആവോ. അതെനിക്കറിയില്ല. ആഭ്യന്തരകാര്യങ്ങളില്‍ ഞാന്‍ ഇടപെടാറില്ല.
-അതൊരു നല്ല കാര്യമാണ്.
-സഖാവ് ഓഡര്‍ ചെയ്ത മൂന്ന് ഐറ്റത്തിനും കൂടി കമ്പനിവില 525 രൂപ വരും.
 അതിന് ഞാന്‍ സഖാവിന്റെ കൈയീന്ന് എത്രയാ വാങ്ങ്യേന്നറിയോ?
-എത്ര വാങ്ങി?
-ഡിസ്‌ക്കൗണ്ട് കഴിച്ച് 855 രൂപ!
-അമ്പട കണ്ണാ!
-അപ്പൊ ലാഭം 330 രൂപ. അതീന്ന് 200 രൂപ പാര്‍ട്ടി ഫണ്ടിലേക്ക് കൊടുത്താലും പിന്നേം  130 രൂപ എന്റെ പോക്കറ്റിലാണ് !!!

Saturday, December 10, 2011

എ പ്രൊസീജ്യറല്‍ ലാപ്‌സ്



ശ്രീകുമാറൊഴികെ കോര്‍ ഗ്രൂപിലെ മറ്റല്ലാവരും തന്നെ അന്ന് അസോസിയേഷന്‍ ഹാളില്‍ഹാജരുണ്ടായിരുന്നു.
(നാഷണല്‍ എക്‌സിക്യൂട്ടീവ് കമ്മറ്റിയില്‍ പങ്കെടുക്കാന്‍ വേണ്ടി ഡല്‍ഹിയില്‍
പോയിരിക്കയായിരുന്നു ശ്രീകുമാര്‍).
ചില്ലറവില്പന രംഗത്തെ ഫോറിന്‍ ഡയരക്റ്റ് ഇന്‍വെസ്റ്റ്‌മെന്റിനെപ്പറ്റി ചര്‍ച്ചചെയ്‌തോണ്ടിരിക്കുകയായിരുന്നു കോര്‍ ഗ്രൂപ്പ്.
അതിനിടയ്ക്കാണ് എന്‍ബി ഓടിക്കിതച്ചെത്തി ആ ബോംബ് പൊട്ടിച്ചത്:
അതായത് ഈയിടെ പണിപൂര്‍ത്തിയാക്കിയ എന്‍ബിയുടെ വീടിന്റെ ചുറ്റുമതിലില്‍ ഒരുവിള്ളല്‍ വീണിരിക്കുന്നു !
മുല്ലപ്പെരിയാറിന്റെ  പശ്ചാത്തലത്തില്‍  നോക്കുമ്പോള്‍  അത്യന്തം ഭീതിജനകമായ ഒരു വാര്‍ത്തയായിരുന്നു അത്.
മുല്ലപ്പെരിയാറിലെ വെള്ളമെങ്ങാന്‍ ഒഴുകിവന്ന് മുതുവറയിലെത്തി അവിടെനിന്ന് ലെഫ്റ്റ് തിരിഞ്ഞ്  പുറനാട്ടുകരയെത്തി  വീണ്ടും  അവിടുന്നൊഴുകി  എന്‍ബീടെ    വീടിന്റെ മുമ്പിലെത്തിയെന്നു കരുതുക.  അന്നേരം  മതിലിലെ  വിള്ളലെങ്ങാന്‍ കൂടിപ്പോയാല്‍ എന്താവും സ്ഥിതി?
ആലോചിക്കാനേ വയ്യ.
അതുകൊണ്ടുതന്നെ വാര്‍ത്ത കേട്ടതും കോര്‍ ഗ്രൂപ് പൊസിഷനെടുത്തു.
ആന്റോ തൂമ്പയെടുത്തു.
ഹരിപ്രസാദ് പിക്കാസെടുത്തു.
മേനോന്‍ കോടാലിയെടുത്തു
പറളി തിരുവുളിയെടുത്തു.
സിആര്‍ ബാബു അരിവാളെടുത്തു
മജീദ് ചുറ്റികയെടുത്തു.
ബാലു ചുരികയെടുത്തു.
രാജേന്ദ്രന്‍ ചുരിദാറെടുത്തു.
സേതു സുര്‍ക്കിയെടുത്തു.
കണ്ണന്‍ ചുണ്ണാമ്പെടുത്തു.
സുകുമാരന്‍ ഇരുട്ടെടുത്തു...
പാപ്പുള്ളി കുപ്പിയെടുത്തു.
ആനന്ദന്‍ ഗ്ലാസ്സെടുത്തു.
ഏപ്പി കുടമെടുത്തു.
സോമന്‍ കൂടമെടുത്തു.
ഹസ്സന്‍ കാര്‍പ്പെറ്റെടുത്തു
സിപ്രന്‍ മൂലധനമെടുത്തു.
പണിക്കര്‍ കവടിയെടുത്തു...
ശശികുമാര്‍ ഡയറിയെടുത്തു.
രാജന്‍ ഏസ്റ്റാറെടുത്തു.
ബാക്കിയുണ്ടായിരുന്നവര്‍ അന്നേരം കണ്ണില്‍ കണ്ടതൊക്കെ കൈയിലെടുത്തു.
ഹരിയേട്ടന്‍ മാര്‍ച്ചോര്‍ഡര്‍ കൊടുത്തു:
''എത്രയും  വേഗം പുറനാട്ടുകരയെത്തണം. എന്‍ബീടെ മതിലിന്റെ പണിക്കുറ്റം തീര്‍ക്കണം''.

പക്ഷേ ഈ  തത്രപ്പാടൊക്കെ കണ്ടിട്ടും  യാതൊരു കുലുക്കവുമില്ലാതെ കാരിരുമ്പിന്റെ ഹൃദയവുമായി ഒരാള്‍ അവിടിരിപ്പുണ്ടായിരുന്നു.
തേക്കേല്‍ കേറിയ കൃഷ്ണന്‍ !
ഗോവിന്ദന്‍ മാഷ്‌ടെ പഠനക്ലാസ്സുകള്‍ക്ക് പോയി വന്നതുശേഷം കൃഷ്‌ണേട്ടന്‍
അങ്ങനെയാണ്.
ഏത് കൊടികെട്ടിയ പ്രശ്‌നം വന്നാലും ആള്  ആസ് കൂള്‍ ആസ് കുക്കുമ്പറാണ്.
ഏത്  പ്രശ്‌നത്തേയും   വൈരുദ്ധ്യാത്മക  ഭൗതികവാദത്തിന്റെ  അടിസ്ഥാനത്തില്‍
പരിശോധിച്ച് പടിപടിയായി പരിഹാരം കാണുക എന്ന നിലപാടാണിപ്പോള്‍
പുള്ളിക്കാരന്‍ പിന്‍തുടരുന്നത്.
അനങ്ങാപ്പാറ പോലെ കൈയും കെട്ടിയിരിക്കുന്ന കൃഷ്‌ണേട്ടനെ കണ്ടപ്പോള്‍   കണ്ണന് സഹിച്ചില്ല. തെല്ലൊരു ദേഷ്യത്തോടെ കണ്ണന്‍ ചോദിച്ചു:
-സഖാവ് എന്‍ബിയ്ക്ക് ഇത്രയും വലിയ ഒരത്യാഹിതം വന്നിട്ടും കൃഷ്‌ണേട്ടന് എങ്ങനെ ഇങ്ങനെ നിസ്സംഗനായിരിക്കാന്‍ കഴിയുന്നു?
              അന്നേരം കണ്ണന്റെ പുറത്തുതട്ടി ഒരു ചെറുപുഞ്ചിരിയോടെ കൃഷ്‌ണേട്ടന്‍ പറയുകയാണ്:
-സഖാവ് കണ്ണന്‍ ഒരു കാര്യം മനസ്സിലാക്കണം.         ഈ ലോകത്ത്      ഏത് പ്രശ്‌നത്തിനാണ് പരിഹാരമില്ലാത്തത്?      എല്ലാ പ്രശ്‌നത്തിനും പരിഹാരമുണ്ട്.      പക്ഷേ സ്റ്റെപ് ബൈ സ്റ്റെപ്പായിട്ടുവേണം  നമ്മള്‍  ആ  പരിഹാരത്തിലെത്താന്‍.    അല്ലാതെ   എടുത്തുചാടി ഒന്നും ചെയ്തുകൂട.
-ഉവ്വ!   ഇത്തരമൊരു   എമര്‍ജന്‍സി   സിറ്റ്വേഷന്‍   വരുമ്പോഴാണോ  സ്റ്റെപ്പില്‍കേറി   ഇരിക്കണത്?
-അങ്ങനെയല്ല കണ്ണാ. ഞാന്‍ പറയണത് ശ്രദ്ധിച്ച് കേള്‍ക്കൂ. ദൈനംദിനജീവിതത്തില്‍ 
 എന്തെല്ലാം നൂലാമാലകളാണ് നമുക്ക് അഭിമുഖീകരിക്കേണ്ടിവരുന്നത്:   വീട് വെയ്ക്കല്‍, അതിര്‍ത്തി മാന്തല്‍,   വേലി കെട്ടല്‍,   കെണറ് കുത്തല്‍,     സ്‌കൂള്‍ അഡ്മിഷന്‍, 
 മണ്ണിടിച്ചില്‍, ചക്കയിടല്‍,  മാങ്ങപറിക്കല്‍, നനകൂട്ടല്‍,    പൂണൂല്‍ക്കല്യാണം, പെണ്ണു
 കാണല്‍, നിശ്ചയതാമ്പൂലം,  ആയനിയൂണ്,  കുടുബക്കോടതി,  പ്രണയം,  ഒളിച്ചോട്ടം,
 പ്രസവത്തിന് കൊണ്ടുപോകല്‍,  മതില് വിള്ളല്‍......... അങ്ങനെ എത്രയോ കാര്യങ്ങള്‍. 
 പക്ഷേ ഇതില്‍ ഏതു കാര്യമുണ്ടായാലും നമ്മള്‍ ആദ്യം ചെയ്യേണ്ട ഒരു കാര്യമുണ്ട്. ആ  കാര്യം നിങ്ങള്‍ ഇവിടെ ചെയ്തിട്ടില്ല.
-അതേതാണ് ആദ്യം ചെയ്യേണ്ട കാര്യം?
-ശ്രീകുമാറിനെ വിവരമറിയിക്കണം !!!





Sunday, December 4, 2011

ഓരോരോ കണ്ടുപിടുത്തങ്ങളേയ്...



നാളെ ഫീസടയ്ക്കണം
മുണ്ട് വല്ലാണ്ട് മുഷിഞ്ഞിട്ടുണ്ട്
അരി വാങ്ങാറായി
ഇന്ന് ഗ്യാസ് ബുക്ക് ചെയ്യണം
ബൈക്കില്‍ പെട്രോള്‍ റിസര്‍വ്വാണ്. പാതിവഴിയില്‍ പെടരുത്
ഡൈ ചെയ്യാറായി
അയേണ്‍ ബോക്‌സ് നന്നാക്കാന്‍ കൊടുക്കണം
ഇട്ടിരിക്കുന്ന ടീഷര്‍ട്ട് ഒരാഴ്ചയായി ഊരിയിട്ടില്ല
കോല്‍ക്കളിക്ക് 250 രൂപ കൊടുക്കണം
കണ്ണട തപ്പി വെറുതെ സമയം കളയരുത്. അത് പതിവുപോലെ മുഖത്തുതന്നെ കാണും.


ഓരോന്നിനും അതിന്റേതായ സമയമുണ്ടല്ലൊ.
പക്ഷേ എന്‍ബിത്തിരുമേനിക്ക് നിന്നുതിരിയാന്‍ നേരമില്ല.
ശ്വാസം വിടുന്നതുതന്നെ വല്ലപ്പോഴുമാണ്.
വീട്ടില്‍നിന്നിറങ്ങുന്നതും തിരിച്ചുചെല്ലുന്നതും ഓരോ നേരത്താണ്.
ചെല്ലുന്ന നേരത്ത് സാവിയേയും പിള്ളേരേയും കണ്ടാലായി. അത്ര തന്നെ.
മിക്കവാറും കാണാറില്ല.
അപ്പോള്‍ പിന്നെ വീട്ടിലെ കാര്യങ്ങള്‍ എങ്ങനെ നടക്കുമെന്നല്ലേ?
അതിന് സാവിയും ഹരിപ്രിയയും വിഷ്ണുപ്രിയനും കൂടി ഒരു വഴി കണ്ടുപിടിച്ചു....


ഇപ്പോള്‍ എന്‍ബി എപ്പോള്‍ വീട്ടില്‍ ചെന്നാലും മുകളില്‍ പറഞ്ഞ ഏതെങ്കിലുമൊരു
പ്ലക്കാര്‍ഡ് മേശപ്പുറത്തിരിക്കുന്നുണ്ടാവും !!!

Sunday, November 27, 2011

തുപ്പേട്ടന്‍

-ആന്റോ, നിങ്ങള്‍ ഇപ്പോഴും പേരാമംഗലത്ത്ന്ന്തന്നെയല്ലേ വരണത്?
-അതെ
-ബസ്സിനാണോ?
-അതെ
-അപ്പൊ നിങ്ങള്‍ക്ക് സുകുമാരന്‍ തിരുമേനീടെ ബൈക്കില്‍ കേറി വന്നൂടേ?
-അയ്യൊ അത് വേണ്ട സര്‍. മുമ്പ് ഞാന്‍ അങ്ങനെയാണ് വന്നോണ്ടിരുന്നത്.
പിന്നെ അതങ്ങ് നിര്‍ത്തി
-അതെന്താ?
-സുകുമാരന്‍ സാറ് ഇടയ്ക്ക് കാര്‍ക്കിച്ച് തുപ്പും
-തുപ്പ്വേ?
-അതെ സര്‍. തുപ്പൊമ്പൊ വണ്ടി മറിയും. രണ്ട് തവണ എനിക്ക് പറ്റീട്ട്ണ്ട്.
ഭാഗ്യത്തിന് നിസ്സാര പരിക്കേ പറ്റിയുള്ളൂ.
-എനിക്ക് മനസ്സിലാവണ് ല്ല്യ ആന്റോ. തുപ്പുമ്പൊ എങ്ങന്യാ വണ്ടി മറിയണത്?
സൈഡിലേക്ക് കുനിഞ്ഞിട്ടാവും തുപ്പണത് അല്ലേ? അപ്പൊ വണ്ടീടെ ബാലന്‍സ്
തെറ്റണ് ണ്ടാവും അല്ലേ?
-ഏയ്. അങ്ങനെയല്ല. സാറ് നേരെ മുമ്പിലേക്ക് തന്നെയാണ് തുപ്പാറ്.
-നേരെ തുപ്പുമ്പൊ എങ്ങന്യാ ബാലന്‍സ് തെറ്റണത്?
-കണ്ണ് കാണാഞ്ഞട്ട്
-അതെങ്ങന്യാ തുപ്പുമ്പൊ കണ്ണ് കാണാണ്ടാവണത്?
-കണ്ണില് തുപ്പല് വീണിട്ട്
-അതെങ്ങന്യാ തുപ്പല് കണ്ണില് വീഴണത്?
-ഗ്ലാസ്സില് തട്ടി തെറിച്ചിട്ട്
-ഏത് ഗ്ഗ്‌ളാസ്സില്? റിയര്‍ വ്യൂ മിറ റിലോ?
-അതിലല്ല സര്‍
-പിന്നെ?
-ഹെല്‍മറ്റിന്റെ മുമ്പില് മുഖം മൂടണ ഗ്ലാസ്സില്ലേ, അതില് !!!

Saturday, November 19, 2011

ആയിരത്തിരണ്ടാം രാവിലെ കഥ

(അയ്യന്തോള്‍ സ്വദേശി പി. രാജന്‍ അവര്‍കള്‍ ചൊല്ലിക്കേട്ടത്)

റിക്രിയേഷന്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ബഹു മേമ്പ്രന്മാര്‍ ജമ്മു കാശ്മീരദേശങ്ങള്‍
ചുറ്റിയടിച്ചുവന്നതിന്റെ പിറ്റേന്നാണ് സംഭവം.
നേരം പാതിരയായിക്കാണും.
ഹസ്സന്‍ സായ് വിന്റെ ബീവി എന്തോ ദു:സ്വപ്നം കണ്ട് ഞെട്ടിയുണരുന്നു.
കണ്ണുതിരുമ്മി നോക്കുമ്പോള്‍ അവിടെങ്ങും സായ്‌വിന്റെ പൊടിപോലും കാണുന്നില്ല !
അള്ളാ! ഇതിയാനിതെവിടെപ്പോയി? വല്ല ജിന്നുകളും വന്ന് അടിച്ചുമാറ്റി
കൊണ്ടുപോയോ? ബീവി ഇതിനുമുമ്പൊരിക്കലും ഇത്രക്ക് പരിഭ്രമിച്ചിട്ടില്ല.
ലൈറ്റുകളെല്ലാമിട്ട് ശ്രീമതി വീടിനകത്തെ മുക്കിലും മൂലയിലുമൊക്കെ തപ്പിനോക്കി.
അവിടെന്നെങ്ങും സായ് വിനെ കണ്ടുകിട്ടിയില്ല. ബാക്കി പിന്നെ ഓപ്പണ്‍ ടെറസ്സില്‍
മാത്രമേ നോക്കാനുണ്ടായിരുന്നുള്ളൂ. ഏതായാലും അവിടെക്കൂടി തപ്പിക്കളയാമെന്നു
കരുതി വാതില്‍ തുറന്നുനോക്കുമ്പോള്‍ ദാണ്ടെ അവിടൊരാള്‍ ചമ്രം പടിഞ്ഞിരുന്ന്
എക്‌സര്‍സൈസ് ചെയ്യുന്നു !
അത് സാക്ഷാല്‍ ഹസ്സന്‍ സായ് വായിരുന്നു...
ഒരു പ്രത്യേകതരം എക്‌സര്‍സൈസാണ് പുള്ളിക്കാരന്‍ ചെയ്‌തോണ്ടിരുന്നത്.
അതായത് നിലത്ത് ചമ്രം പടിഞ്ഞിരുന്ന് ഇരുകൈകളും ഇരുവശങ്ങളിലേക്ക്
വിരിച്ചുപിടിച്ച് പക്ഷികള്‍ പറക്കുമ്പോലെ കൈപ്പത്തികള്‍ ചലിപ്പിച്ചുകൊണ്ടുള്ള
ഒരേര്‍പ്പാട് !
(പില്‍ക്കാലത്ത് യോഗീശ്വരന്മാര്‍ ഇതിനെ പറവാസനം എന്നു വിളിക്കും).
സായ് വിനെ കണ്ടതും ഓനെ അരച്ചുകലക്കി കുടിക്കാനുള്ള ദേഷ്യം തോന്നി ബീവിക്ക്.
ഇരച്ചുവന്ന കോപം കടിച്ചമര്‍ത്തി അവര്‍ ചോദിച്ചു:
-നിങ്ങളെന്ത് പണിയാ ഈ കാട്ടണേ? മനുഷ്യനെ പേടിപ്പിച്ചുകളഞ്ഞല്ലൊ.
ചമ്മല്‍ പുറത്തുകാണിക്കാതെ പതിവുപോലെ പതിഞ്ഞമട്ടില്‍ സായ് വ് പറഞ്ഞു:
-അതേയ്, അയാളെന്നെ പറ്റിച്ചൂന്നാ തോന്നണേട്ടോ.
-ആര് ?
-ദാ നീ ഇത് നോക്ക്. ഞാന്‍ ഇരിക്കണ ഈ കാര്‍പറ്റ് കണ്ടോ.
ഇത് കാശ്മീരീന്ന് നീയറിയാതെ വാങ്ങിയതാണ്.
-ഇതാപ്പൊ നന്നായേ. എത്ര കാര്‍പ്പറ്റാ ഇവിടെ വെറുതെയിരിക്കണേ
-പക്ഷേ ഇതൊരു സ്‌പെഷല്‍ കാര്‍പ്പറ്റാണെന്നാണ് അയാള്‍ പറഞ്ഞത്.
അതൊന്ന് ടെസ്റ്റ് ചെയ്ത് നോക്കുകയായിരുന്നു ഞാന്‍. പറ്റിച്ചൂന്നാ തോന്നണേ...
-എന്താണയാള്‍ പറഞ്ഞത്?
-വെറുതെ ഇരുന്നുകൊടുത്താല്‍ ഇത് നമ്മളേയും കൊണ്ട് അനന്തവിഹായസ്സിലേക്ക്
പറന്നുപറന്നങ്ങനെ പോവുമെന്ന് !!!

Monday, November 14, 2011

കാത്തുസൂക്ഷിച്ചൊരു കസ്തൂരിമാമ്പഴം...

-എന്താ കണ്ണാ, കാശ്മീര്‍ ടൂറ് കഴിഞ്ഞുവന്ന വേണ്വണ്ണന്‍ ഏതാണ്ടൊരു
പ്രൊവെര്‍ബിയല്‍ അണ്ണാനെപ്പോലിരിക്കുന്നത്?
-അപ്പൊ ബിആര്‍ ഒന്നുമറിഞ്ഞില്ലേ?
-ഇല്ല. എന്താണ്?
-ടൂറിനുപോയവര്‍ പോക്കറ്റടിക്കപ്പെട്ട കാര്യം ?
-അങ്ങനെണ്ടായോ? എവിടെവെച്ച് ?
-കരോള്‍ബാഗിലെ ബിഗ്ബസാറില്‍ വെച്ച്.
-എന്തൊക്കെ പോയി ?
-ചിലരുടെ പേഴ്‌സ്. ചിലരുടെ മൊബൈല്‍ ഫോണ്‍. ചിലരുടെ കൂളിംഗ് ഗ്ലാസ്.
ചിലരുടെ കുങ്കുമപ്പൂവ്. ചിലരുടെ ആടകള്‍. ചിലരുടെ ആഭരണങ്ങള്‍. പക്ഷേ ഏറ്റവും വലിയ നഷ്ടം പറ്റിയത് വേണ്വേട്ടനാണ്.
-വേണൂന്റെ എന്താണ് പോയത്.
-എല്ലാം!
-എന്നുവെച്ചാല്‍ ?
-യാതൊന്നാണോ വേണ്വേട്ടന്‍ നാളിതുവരെ നിധിപോലെ കാത്തുസൂക്ഷിച്ചു
കൊണ്ടുനടന്നത്, ആ സാധനം പോയി.
-ഒന്നു തെളിച്ച് പറ കണ്ണാ.
-പറന്നു പോയ കിളിയെ പക്ഷേ വീണ്ടും പിടിച്ചിടാം എന്നാണ് കവിവാക്യം.
ച്ചാല്‍ പേഴ്‌സ് പോയവര്‍ക്ക് അത് തിരിച്ചുകിട്ടിയെന്നുവരാം.
അതുപോലെ മൊബൈല് പോയവര്‍ക്ക് അതും തിരിച്ചുകിട്ടിയേക്കാം.
പക്ഷേ വേണ്വേട്ടന് പോയത് പോയതുതന്നെ.
അത് ഇനി ഈ ജന്മം തിരിച്ച്കിട്ടാന്‍ പോണില്ല!
-മനുഷ്യനെയിങ്ങനെ ഉദ്വേഗത്തിന്റെ കുന്തമുനയില്‍ നിര്‍ത്താതെ
വേണൂന് എന്താണ് നഷ്ടപ്പെട്ടതെന്നു പറയൂ കണ്ണാ.
-ശ്ശെ. ഞാന്‍ അതെങ്ങനെ പറയും ബിആര്‍..
-അതെന്താ പുറത്തുപറയാന്‍ കൊള്ളാത്ത എന്തെങ്കിലുമാണോ ?
-അങ്ങനെയല്ല. എന്നാലും എനിക്കൊരു മടി.
-എങ്കിലൊരു കാര്യം ചെയ്യൂ. ഒരു ക്ലൂ തരൂ.
-ക്ലൂ തരാം. പക്ഷേ ബിആറിനെപ്പോലുള്ള മന്ദബുദ്ധികള്‍ക്ക് അത്
മനസ്സിലാവ്വോന്നറിയില്ല
-പറയൂ. കേട്ടുനോക്കട്ടെ.
-ചായയിലുണ്ട്, കാപ്പിയിലില്ല !
അരിഷ്ടത്തിലുണ്ട്, ഇഷ്ടത്തിലില്ല !!
പരമശിവന്റെ പര്യായമായ ത്ര്യംബകനിലുണ്ട്, രാക്ഷസനായ ബകനിലില്ല !!!

Sunday, November 6, 2011

റീസണ്‍ പലവിധമുലകില്‍ സുലഭം !

റിക്രിയേഷന്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ അസ്ത്യുത്തരസ്യാംദിശിയായജമ്മുകാശ്മീരിലേക്ക് ടൂറ് പോകുന്നതിന്റെ തലേന്നാള്‍ ഉച്ചകഴിഞ്ഞ് ഒരു മൂന്നു മണിയായപ്പോള്‍ ആര്‍.കണ്ണന്‍ ആപ്പീസറുടെ മുറിയിലേക്ക് കടന്നു ചെല്ലുകയാണ്.
പതിവില്ലാത്ത കാഴ്ചയായതുകൊണ്ട് ആപ്പീസര്‍ ചോദിച്ചു: ''എന്താ കണ്ണന്‍?''
തല ചൊറിഞ്ഞുകൊണ്ട് കണ്ണന്‍ പറഞ്ഞു: ''ഇന്ന് അല്പം നേരത്തെ പോണം സാര്‍''.
''ങ: ഞാനത് മറന്നൂട്ടോ. ദാ അറ്റന്‍ഡന്‍സ്. ഒപ്പിട്ടോളൂ. നാളെയാണ് ഇവിടെന്ന് ടൂറ് പോണത് അല്ലേ?''
ഒപ്പിടാന്‍ നേരം കണ്ണന്‍ 'മ്ഊം' എന്നൊന്നു മൂളി. അത്ര മാത്രം...

മണി മൂന്നരയായപ്പോള്‍ കണ്ണന്‍ ആപ്പീസില്‍ നിന്നിറങ്ങി. നേരെ കുത്താമ്പുള്ളിക്ക് വിട്ടു.പിന്നെ 3 ദിവസം കഴിഞ്ഞാണ് പൊങ്ങിയത് !

മേല്‍ വിസ്തരിച്ച എപ്പിസോഡിന് ഒരേയൊരു ദൃക്‌സാക്ഷിയേ ഉണ്ടായിരുന്നുള്ളൂ.
സാക്ഷാല്‍ എന്‍ബി.

അവധിയാഘോഷിച്ച് തിരിച്ചെത്തിയ കണ്ണനോട് ബിആര്‍ ചോദിച്ചു:
-പരമശിവം പറഞ്ഞോണ്ട് നടക്കണത് നേരാണോ കണ്ണാ ?
-ഞാന്‍ അന്ന് നേരത്തേ പോയ കാര്യത്തെപ്പറ്റിയല്ലേ? അത് നേരാണ്.
-എന്നാലും ആപ്പീസറോട് അങ്ങനെ പറയാന്‍ പാടുണ്ടായിരുന്നോ ?
-അതിന് ഞാന്‍ അവരോട് കള്ളമൊന്നും പറഞ്ഞില്ലല്ലൊ
ബിആര്‍ ഓര്‍ത്തുനോക്കി. ശെരിയാണ്. കണ്ണന്‍ കള്ളമൊന്നും പറഞ്ഞിട്ടില്ല.........
എന്നാലും അങ്ങനെ വിടാന്‍ പാടില്ലല്ലൊ. ബിആര്‍ തുടര്‍ന്നുചോദിച്ചു:
-പക്ഷേ നിങ്ങള്‍ ടൂറിന് പോകുന്നു എന്ന ധാരണയിലല്ലേ അവര്‍ നേരത്തെ ഒപ്പിടാന്‍
അനുവദിച്ചത് ?
-അതിന് ഞാനെന്തു പിഴച്ചു ?............മാത്രല്ല പണ്ടൊരിക്കല്‍ വി. ഷഷിധരന്‍ ചെയ്തതു പോലൊന്നും ഞാന്‍ ചെയ്തുമില്ലല്ലൊ.
-അതെന്താ സംഭവം?
-അതല്ലേ സംഭവം. പൂങ്കുന്നത്ത് താമസിക്കുന്ന ഷഷിധരന്‍ ഒരു ദിവസം മൂന്നര മണിക്ക്
തോള്‍സഞ്ചിയും തൂക്കി ധൃതിപിടിച്ച് വീട്ടില്‍ പോകുന്നതുകണ്ടപ്പോള്‍ പി എല്‍ ജോയി ചോദിച്ചു: ഷഷി എന്താ ഇത്ര നേരത്തെ?
അന്നേരം പുള്ളിക്കാരന്‍ പറയാണേയ്:
''കൊങ്കണ്‍ റെയില്‍പാതയില്‍ മണ്ണിടിഞ്ഞിരിക്ക്യാണ് ന്ന് ഒരു ന്യൂസ് കേട്ടു.
ട്രെയിനൊന്നും ഓടണ് ല്ല്യാത്രേ '' !!!

Saturday, November 5, 2011

സറണ്ടേഡ് !


സര്‍ക്കാര്‍ ജീവനക്കാര്‍ റിട്ടയര്‍ ചെയ്യുമ്പോള്‍ അവരുടെ ക്രെഡിറ്റില്‍ ബാക്കിയുള്ള ലീവ് സറണ്ടര്‍ ചെയ്ത് കാശ് വാങ്ങാമെന്നൊരു വകുപ്പുണ്ട്.
300 ലീവ് വരെ ഇങ്ങനെ ചെയ്യാം.
എന്നാല്‍ ഈ അടുത്ത കാലത്ത് റിട്ടയര്‍ ചെയ്ത ആന്റണ്‍ വില്‍ഫ്രഡിന് സറണ്ടര്‍ ചെയ്യാന്‍ വെറും 30 ലീവേ ബാക്കിയുണ്ടായിരുന്നുള്ളൂ.
വില്‍ഫിയുടെ ക്രെഡിറ്റില്‍ ലീവ് ഇത്രയും കുറഞ്ഞുപോയതിനുപിന്നില്‍ ഒരു കഥയുണ്ട്:

തൊള്ളായിരത്തി എമ്പതുകള്‍.
അക്കൗണ്ടാപ്പീസിന്റെ പുഷ്‌കരകാലം. (പുഷ്‌ക്കലകാലം എന്നും പറയാം).
ആശാന്‍ സാറിന്റെ ആഡിറ്റ് പാര്‍ട്ടിയില്‍ പോസ്റ്റിങ് കിട്ടാന്‍ വേണ്ടി അപ്ലിക്കേഷന്‍ കൊടുത്ത് കാത്തിരിപ്പാണ് ആന്റണ്‍ വില്‍ഫ്രഡ്.
അങ്ങനെയിരിക്കേ പണ്ട് നാണ്വാര് പറഞ്ഞതുപോലെ ഒരു വെങ്കിടേശ്വരസുപ്രഭാതത്തില്‍ അത് - പോസ്റ്റിങ് ഓര്‍ഡര്‍ - തരായി.
പിറ്റേന്ന് പോസ്റ്റിങ് ഓര്‍ഡറുമായി ആഡിറ്റ് പാര്‍ട്ടിയില്‍ ജോയിന്‍ ചെയ്യാന്‍ ചെന്ന ആന്റണോട് ആശാന്‍ സാറ് ചോദിച്ചു:
-എന്തു കാരണം കൊണ്ടാണ് വില്‍ഫി എന്റെ പാര്‍ട്ടി തന്നെ ചോദിച്ചുവാങ്ങിയത്?
-അതുപിന്നെ ആശാന്‍സാറ് ആഡിറ്റ്‌വര്‍ക്കില്‍ എക്‌സ്പര്‍ട്ടാണെന്നാണ് പൊതുവേയുള്ളസംസാരം. സാറിന്റെ കീഴില്‍ കുറച്ചുനാള്‍ വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞാല്‍ അത് ജീവിതത്തില്‍ ഒരു മുതല്‍ക്കൂട്ടാവുമെന്നു കരുതി. അതുകൊണ്ടാണ്, അതുകൊണ്ട് മാത്രമാണ് സാറിന് ശിഷ്യപ്പെടാന്‍ വന്നത്.
-വേല കൈയിലിരിക്കട്ടെ വില്‍ഫ്രഡേ. കാര്യമൊക്കെ എനിക്കറിയാം......... ഏതായാലും ജോയിന്‍ ചെയ്‌തോളൂ. പിന്നെ ഒരു കാര്യത്തില്‍ ഞാന്‍ വളരെ സ്ട്രിക്റ്റാണ് കേട്ടോ. അതായത് ഏത് ഇന്‍സ്റ്റിട്യൂഷനായാലും ആഡിറ്റ് തുടങ്ങുന്ന ആദ്യത്തെ ദിവസം നമ്മള്‍എല്ലാവരും അവിടെ ഹാജരുണ്ടാവണം. ബാക്കിയുള്ള ദിവസങ്ങളില്‍ നമുക്ക് ഒരഡ്ജസ്റ്റ്‌മെന്റിലങ്ങ് പോകാം. ഏത്?
-ശെരി സാര്‍. അക്കാര്യം ഞാന്‍ ഏറ്റു.
പക്ഷേ ആ ഏറ്റതുമാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. പ്രോഗ്രാമിലുണ്ടായിരുന്ന ആദ്യത്തെ 3 ഇന്‍സ്റ്റിട്യൂഷനിലും ആദ്യദിവസം ആന്റണ്‍ മുങ്ങി!
മൂന്നാമത്തെ ഇന്‍സ്റ്റിട്യൂഷനിലെ ആഡിറ്റ് വൈന്‍ഡപ്പ് ചെയ്തന്ന് ആന്റണ്‍ പോയിക്കഴിഞ്ഞപ്പോള്‍ ആശാന്‍ സാറ് മറ്റുള്ളവരോട് പറഞ്ഞു:
-അതേയ്, അടുത്തതായി നമ്മള്‍ ആഡിറ്റ് ചെയ്യാന്‍ പോകുന്നത് പ്രോഗ്രാമില്‍ പറയുന്ന നാലാമത്തെ ഇന്‍സ്റ്റിട്യൂഷനിലല്ല, അഞ്ചാമത്തേതിലാണ്....
പതിവുപോലെ ആദ്യത്തെ ദിവസം മുങ്ങി ആന്റണ്‍ വില്‍ഫ്രഡ് നാലാമത്തെ ഇന്‍സ്റ്റിട്യൂഷനിലെത്തുമ്പോള്‍ അവിടെ ആഡിറ്റ് പാര്‍ട്ടിക്കാരുടെ അഡ്രസ്സില്ല!
അതിന്റെ തൊട്ടുപിറ്റേന്നും അതിന്റെ പിറ്റേന്നും പാര്‍ട്ടിക്കാരെ കണ്ടില്ല1
എന്തിനധികം ആഡിറ്റ് വൈന്‍ഡപ്പ് ചെയ്യേണ്ട ദിവസവം പോലും ആരേയും കണ്ടില്ല!
വിളിച്ചു ചോദിക്കാമെന്നുവെച്ചാല്‍ അന്ന് ഇന്നത്തെപ്പോലെ മൊബൈലുമില്ല.

ആന്റണ്‍ പ്രോഗ്രാം നോക്കി. അഞ്ചാമത്തെ പ്രോഗ്രാം അഞ്ചേരി ഗവണ്മെന്റ് സ്‌കൂളിലാണ്.ആശാന്‍ സാറിനെ അനുനയിപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെ ആദ്യദിവസം അതിരാവിലെ തന്നെ ആന്റണ്‍ അവിടെയെത്തി.
പക്ഷേ ആന്റണ്‍ മനസ്സില്‍ കണ്ടത് ആശാന്‍ സാറ് മാനത്തുകണ്ടു!
അന്നു രാവിലെ അദ്ദേഹം മറ്റുള്ളവരേയും കൂട്ടി എട്ടാമത്തെ ഇന്‍സ്റ്റിട്യൂഷനില്‍ ചെന്ന് ആഡിറ്റ് തുടങ്ങി!

ഒരൊന്നൊന്നര മാസത്തോളം ഈ ഒളിച്ചുകളി തുടര്‍ന്നു.
വില്‍ഫി ചെല്ലുന്നിടത്ത് ആഡിറ്റ് പാര്‍ട്ടിയില്ല. ആഡിറ്റ്പാര്‍ട്ടി ചെല്ലുന്നിടത്ത് വില്‍ഫിയുമില്ല!
ഫലമോ?
അറ്റന്‍ഡന്‍സ് റെജിസ്റ്ററിലെ ആബ്‌സന്‍സ് റെഗുലറൈസ് ചെയ്യാതെ പറ്റില്ലല്ലൊ.
ഏതാണ്ട് നാല്‍പത്തഞ്ചോളം ലീവാണ് ആന്റണ്‍ വില്‍ഫ്രഡിന് ആ ഇനത്തില്‍ നഷ്ടപ്പെട്ടത് !!!

Saturday, October 29, 2011

രാഗം ഹിംസ്രധ്വനി...

-ഹലോ, എന്‍ബീ..
-ങ: പറയൂ
-കേട്ടത് ശെരിയാണോന്നറിയാന്‍ വിളിച്ചതാണ്
-എന്താണ് കേട്ടതെന്നു പറയൂ
-എന്‍ബീടെ ഹൗസ്‌വാമിങ്ങിന്റെ തലേന്നാള്‍ വൈകീട്ട് അയല്‍വക്കക്കാര്‍ക്കും
ആര്‍.കണ്ണന്റെ നേതൃത്വത്തിലുള്ള ഉത്സാഹക്കമ്മറ്റിക്കാര്‍ക്കും ഗംഭീര സദ്യ ഏര്‍പ്പാടാക്കി
യിരുന്നു അല്ലേ?
-ഗംഭീരം എന്നു പറഞ്ഞൂട
-എന്നാലും പഴപ്രഥമന്‍, ഇടിച്ചുപിഴിഞ്ഞ പായസം, ഇടിച്ചക്കത്തോരന്‍, വടുകപ്പുളി
നാരങ്ങ വഴറ്റിയത് മുതലായവയൊക്കെ ഉണ്ടായിരുന്നില്ലേ?
-അതൊക്കെണ്ടായിരുന്നു
-അതില്‍ ഒട്ടുമുക്കാലും ബാക്കി വന്നെന്നും അത് പിറ്റേന്ന് അപ്പുറത്തെ കുളത്തില്‍
കൊണ്ടുചെന്ന് തട്ടി എന്നുമാണ് കേട്ടത്
-അത് ശെരിയാണ്
-എന്താണങ്ങനെ സംഭവിക്കാന്‍? പ്രതീക്ഷിച്ചത്ര ആളുകള്‍ വരാഞ്ഞതുകൊണ്ടാണോ?
-ഏയ് അതല്ല. അന്ന് ഒരു പത്തുനൂറുപേര് വന്നിട്ടുണ്ടായിരുന്നു
-പിന്നെയെങ്ങനെയാണ് സാധനങ്ങള്‍ ബാക്കിവന്നത്?
-ടൈം മാനേജ്‌മെന്റ് ശെരിയായില്ല്യ
-മനസ്സിലായില്ല
-ച്ചാല്‍ ചോറുവെളമ്പാന്‍ ലേശം വൈകി. ഒരു കമ്മ്യൂണിക്കേഷന്‍ഗ്യാപ്പില്‍ സംഭവിച്ചതാണ്
-അതും മനസ്സിലായില്ല
-സമയം ഒരെട്ടട്ടരയായപ്പൊ അമ്മാവന്മാര് ( മറക്കില്ല നാം) മോളീന്നെറങ്ങിവന്ന് എന്നോട് ചോദിച്ചു:
അപ്പ്വോ, അപ്പൊ നമുക്ക് തൊടങ്ങ്വല്ലേ?......തൊടങ്ങിക്കോളാന്‍ പറഞ്ഞ് ഞാനൊന്ന് മേല് കഴുകാന്‍ പോയി. പത്തുമിനിറ്റുകഴിഞ്ഞ് ഞാന്‍ തിരിച്ചുവന്നപ്പൊ പന്തലില്‍
പത്തുപേരുപോലുമില്ല! മറ്റുള്ളോരൊക്കെ ജീവനും കൊണ്ട് ഓട്യേര്‍ക്കണു!
-എന്ത്? ജീവനും കൊണ്ട് ഓടാന്‍ തക്കവണ്ണം അതിനിടയ്ക്ക് എന്താണുണ്ടായത്?...
അപ്പൊ തൊടങ്ങിക്കോളാന്‍ പറഞ്ഞിട്ട് തൊടങ്ങില്ല്യായിരുന്നോ?
-തൊടങ്ങി. അതാണ് കൊഴപ്പായത്!
-മനസ്സിലാവണ് ല്ല്യ.
-തൊടങ്ങീത് സദ്യയായിരുന്നില്ല
-പിന്നെ?
-കച്ചേരി ! മാമന്മാര്‌ടെ വക പാട്ടുകച്ചേരി !!!

Friday, October 28, 2011

ബഹുമാനപൂര്‍വം

(പ്രിയപ്പെട്ട കൃഷ്ണകുമാര്‍,
കൃത്യം 8 കൊല്ലം മുമ്പെഴുതിയതും പിന്നീട് നഷ്ടപ്പെട്ടുപോയതുമായ
ഈ കുറിപ്പിന്റെ കൈയെഴുത്തുപ്രതി ഇപ്പോള്‍ വീണ്ടുകിട്ടിയത് എന്തിനാണ്?
നെറ്റിലിടാനോ?...
സ്വര്‍ഗ്ഗത്തില്‍ നെറ്റുണ്ടോ?.....
ഇപ്പോള്‍ ഇത് ടൈപ്പ് ചെയ്യുമ്പോള്‍ എന്റെ കൈകള്‍ വിറയ്ക്കുന്നതും കണ്ണുകള്‍ നിറയുന്നതും
കൃഷ്ണകുമാര്‍ കാണുന്നുണ്ടോ?....)


ലോക്കല്‍ സെല്‍ഫ് ഗവണ്മെന്റ് ഡിപ്പാര്‍ട്ട്‌മെന്റിലെ എഞ്ചിനീയര്‍മാര്‍ക്ക് പേ സ്‌ലിപ്പ്
കൊടുക്കുന്നതിനെപ്പറ്റി ഡിസ്‌കസ് ചെയ്യാന്‍ വേണ്ടിയാണ് ആപ്പീസര്‍ ബിആറിനേയും
പഴയന്നൂര്‍ കൃഷ്ണകുമാറിനേയും ക്യാബിനിലേക്ക് വിളിപ്പിച്ചത്.
അരമണിക്കൂര്‍ നീണ്ടുനിന്ന ആ സംസാരത്തിനിടയ്ക്ക് ബിആറിന്റെ ശ്രദ്ധയാകര്‍ഷിച്ച
ഒരു കാര്യമുണ്ടായിരുന്നു: അതായത് കൃഷ്ണകുമാറിനെ ആപ്പീസര്‍ 'സാര്‍' എന്നാണ് അഭിസംബോധന ചെയ്യുന്നത്!
അരമണിക്കൂറിനകം ഒരരഡസന്‍ തവണയെങ്കിലും ആ 'സാര്‍' വിളിയുണ്ടായിട്ടുണ്ട്.
ഓരോ തവണ വിളിക്കുമ്പോഴും കൃഷ്ണകുമാര്‍ ഇരുന്നിടത്തിരുന്ന് ഞെളിപിരി
കൊള്ളുന്നതും ബിആറിനെ ഇടംകണ്ണിട്ട് നോക്കുന്നതും ബിആര്‍ വലംകണ്ണുകൊണ്ട്
കാണുന്നുണ്ടായിരുന്നു.
എത്ര ആലോചിച്ചിട്ടും ആ 'സാര്‍' വിളിയുടെ സാംഗത്യം ബിആറിന് മനസ്സിലായില്ല.
ഇനി അഥവാ അത് തിരുവനന്തപുരത്തുകാരുടെ ഒരു സ്ഥിരം ശൈലിയായിരിക്കുമോ?
ഏയ്. അങ്ങനെയാവാന്‍ വഴിയില്ല. അങ്ങനെയായിരുന്നെങ്കില്‍ ആപ്പീസര്‍ ബിആറിനേയുംവിളിക്കേണ്ടതല്ലേ 'സാര്‍' എന്ന്? അതുണ്ടായില്ലല്ലൊ. അപ്പോള്‍ പിന്നെ എന്താവാം കാര്യം?
ദിവസങ്ങളോളം ബിആര്‍ ഈ ചോദ്യം മനസ്സിലിട്ടുരുട്ടിക്കൊണ്ടു നടന്നു.

അങ്ങനെയിരിക്കേ ഒരു ദിവസം കാന്റീനില്‍ ചായ കുടിച്ചുകൊണ്ടിരിക്കുമ്പോള്‍ ആപ്പീസര്‍അടുത്തുവന്നിരുന്ന് ബിആറിനോട് മെല്ലെ ചോദിച്ചു:
-നമ്മുടെ കൃഷ്ണകുമാര്‍ സാറിന് എത്രയാണ് മക്കള്‍?
-ഒരു മകന്‍ മാത്രം
-അയാള്‍ എന്തുചെയ്യുന്നു?
-ഏഴാം ക്ലാസ്സില്‍ പഠിക്കുന്നു

ആപ്പീസറുടെ അടുത്ത ചോദ്യം കേട്ടതോടെ മുമ്പ് പറഞ്ഞ സാര്‍ വിളിയെ സംബന്ധിച്ച് ബിആറിനുണ്ടായ സകല സംശയങ്ങളും തിരുവില്വാമല കടന്നു.
ചോദ്യം ഇതായിരുന്നു:
''ഏഴാം ക്ലാസ്സിലോ? അപ്പൊ ലേറ്റ് മാരേജ് ആയിരിക്കും അല്ലേ?'' !!!

(താടിയും മുടിയുമെല്ലാം കംപ്ലീറ്റ് നരച്ചെങ്കിലും കൃഷ്ണകുമാറിന് വെറും
40വയസ്സേയുള്ളൂവെന്ന് ടി.ജെ.ജോസ് സാറിനെ പറഞ്ഞുമനസ്സിലാക്കാന്‍ ബിആര്‍ അന്ന് നന്നേ ബുദ്ധിമുട്ടി)

Saturday, October 22, 2011

ഒരു ഹൗസ്‌വാമിങ്ങിന്റെ ബാക്കി

ശ്രീകുമാറിന് അത്യാവശ്യമായി തിരുവനന്തപുരം വരെ പോകണം.
ആപ്പീസ് വിട്ട് നേരെ പോകാമെന്നു വെച്ചാല്‍ നടക്കില്ല. കാരണം രാത്രി പത്തരയ്ക്കാണ് ട്രെയിന്‍. അതുവരെയുള്ള സമയം കഴിച്ചുകൂട്ടണം.
അപ്പോഴാണോര്‍ത്തത്; എന്‍ബി പരമേശ്വരന്റെ ഹൗസ് വാമിങ്ങിനു പോകാന്‍ കഴിഞ്ഞിരുന്നില്ല. ഇന്ന് ഏതായാലും അവിടെയൊന്ന് പോകാം. കൂട്ടത്തില്‍ കണ്ണന്റെ വീട്ടിലും കേറാം. തിരിച്ചുവരുമ്പോഴേക്കും ട്രെയിനിന്റെ സമയമാവും.

എന്‍ബിയെ വിളിച്ച് കാര്യം പറഞ്ഞു. തിരുമേനിക്ക് സന്തോഷായി.
പിന്നെ കണ്ണനെ വിളിച്ചു:
-ഞാന്‍ ഇന്ന് വൈകീട്ട് അതുവഴി വരുന്നുണ്ട്.
-എന്തിനാ? വല്ല പിരിവിനുമാണെങ്കില്‍ സഖാവ് ഇവിടം വരെ വന്ന് ബുദ്ധിമുട്ടണമെന്നില്ല. ഞാന്‍ അങ്ങോട്ട് കൊണ്ടുവന്നു തരാം.
-അല്ല. പിരിവിനല്ല.
-(ഹാവൂ!) അപ്പൊ എത്രമണിക്കെത്തും?
-എട്ടരയ്ക്ക്.

ഫോണ്‍ വെച്ചതും കണ്ണന്‍ നേരെ മാര്‍ക്കറ്റിലേക്കോടി. ഏതാണ്ട് 2 കിലോ വരുന്ന ഒരു കോഴിയെ ഡ്രസ്സ് ചെയ്തുവാങ്ങി. പിന്നെ ഒരു കിലോ കരിമീനും.
8 മണിയായപ്പോഴേക്കും ചിക്കന്‍ ബിരിയാണിയും കരിമീന്‍ പൊള്ളിച്ചതും റെഡി!
അതാണ് കണ്ണന്‍. ഏതു കാര്യത്തിലും ക്വിക് റെസ്‌പോണ്‍സാണ്.

പറഞ്ഞപോലെ ഏതാണ്ട് എട്ടുമണിയോടെ ശ്രീകുമാര്‍ എന്‍ബിയുടെ വീട്ടിലെത്തി.
ഒരു ഗ്ലാസ് കരിങ്ങാലി വെള്ളത്തിനു പുറത്ത് വീടും കുളവും പരിസരവും ചുറ്റി നടന്നു കണ്ടു, സഖാവിന് രാവെന്നോ പകലെന്നോ ഭേദമില്ലല്ലൊ.
എല്ലാം കണ്ടുകഴിഞ്ഞപ്പോള്‍ സഖാവ് പറഞ്ഞു:
-അപ്പൊ ശെരി. ഇനി ഞാന്‍ പോട്ടെ. കണ്ണന്റെ വീട്ടിലൊന്നു കേറണം.
-കണ്ണന്റെ വീട്ടിലേക്ക് ഞാന്‍ കൊണ്ടോവാം. ഊണുകഴിച്ചിട്ട് പോവാം അങ്ങോട്ട്.
-അതു വേണമെന്നില്ല.
-ങ: അങ്ങനെ പറഞ്ഞാ പറ്റ്ല്ല്യ. ഞങ്ങള്‍ നമ്പൂരാര്‍ക്ക് അത് നിര്‍ബ്ബന്ധാ. ഇരുട്ട്യേന് ശേഷം ആര് വീട്ടില് വന്നാലും ഊണു കഴിപ്പിച്ചിട്ടേ വിടാന്‍ പാടുള്ളൂ.

അങ്ങനെയെങ്കില്‍ അങ്ങനെയെന്നും പറഞ്ഞ് ശ്രീകുമാര്‍ ഊണുകഴിക്കാനിരുന്നു.
വിഭവസമ്പത്സമൃദ്ധമായിരുന്നു ഊണ്.
പച്ചടി, കിച്ചടി, ഓലന്‍, തോലന്‍, തോരന്‍, അവിയല്‍, കൂട്ടുകറി, മോരുകറി, എരിശ്ശേരി, ചെറുശ്ശേരി, മാമ്പഴപ്പുളിശ്ശേരി, മൊളോഷ്യം, ഉപ്പിലിട്ടത്, ഇടാത്തത്-ഇത്യാദികളെല്ലാമുണ്ടായിരുന്നു.
ശ്രീകുമാര്‍ വിസ്തരിച്ചുണ്ടു. തരക്കേടില്ലാത്ത ഒന്നുരണ്ട് ഏമ്പക്കവും വിട്ടു.
അനന്തരം എന്‍ബിയേയും കൂട്ടി കണ്ണന്റെ വീട്ടിലേക്ക് തിരിച്ചു.
പിന്നെ അര മണിക്കൂര്‍ മൂന്നുപേരും കൂടി വാതിലടച്ചിട്ട് ചര്‍ച്ച.
വാള്‍ സ്ട്രീറ്റ് എങ്ങനെ പിടിച്ചെടുക്കാം എന്നതായിരുന്നു വിഷയം.
ചര്‍ച്ച കഴിഞ്ഞ് പുറത്തുകടന്നപ്പോഴേക്കും സമയം എട്ടേമുക്കാലായി.
ശ്രീകുമാര്‍ കണ്ണനോട് ചോദിച്ചു:
-എന്നാല്‍ ഇനി ഞാന്‍ പോട്ടെ?
-അത് പറ്റ്ല്ല്യ. ഊണ് കഴിച്ച്ട്ട് പോകാം
-വേണ്ട. ഊണ് ഞാന്‍ എന്‍ബീടെ വീട്ടീന്ന് കഴിച്ചു.
(കണ്ണന്‍ ഒരു നിമിഷം അസ്തപ്രജ്ഞനായിപ്പോയി. ഇത് തീരെ പ്രതീക്ഷിച്ചില്ല).
-എന്നാലും ലേശം കഴിക്കാലോ
-പറ്റ്ല്ല്യ. വയറ്റില് ഒരിഞ്ച് സ്ഥലല്ല്യ
-അപ്പൊ തിരുമേനീം ഊണു കഴിച്ചിട്ടാണോ വന്നത്?
-ഇല്ല്യ, ഞാന്‍ കഴിച്ച് ല്ല്യ. (അബ്രാഹ്മണ്യമായതെന്തോ മണത്തിട്ടെന്നവണ്ണം എന്‍ബി ചാടിക്കേറി പറഞ്ഞു).
-എന്നാ ലേശം കഴിച്ചാലോ?
-മുഷിയില്ല്യ.

തടുക്കുപായില്‍ ചമ്രം പടിഞ്ഞിരുന്ന് കോഴിബിരിയാണിയും കരിമീന്‍ പൊള്ളിച്ചതും അമരം തട്ടുന്ന എന്‍ബിയെ ഒരു 'പുളിച്ചുതേട്ടലോടെ' നോക്കിനില്‍ക്കാനേ
ശ്രീകുമാറിനു കഴിഞ്ഞുള്ളൂ....

ഇവിടെ ഒരു കാര്യം പ്രത്യേകം പറയാതെ വയ്യ.
സഖാവിന്റെ വിസിറ്റോടെ ഒറ്റയടിക്ക് രണ്ട് സൗഭാഗ്യലോട്ടറിയാണ് എന്‍ബിയ്ക്ക് അടിച്ചത്!

ഒന്ന്:
ഏറെ നാളുകള്‍ക്കുശേഷം കോഴിബിരിയാണിയും കരിമീന്‍ പൊള്ളിച്ചതും കഴിക്കാനുള്ള യോഗമുണ്ടായി!
രണ്ട്:
ഹൗസ് വാമിങ്ങിന് തയ്യാറാക്കിയതില്‍ ബാക്കിവന്ന സാധനങ്ങള്‍
പുറത്തുകൊണ്ടുപോയി കളയേണ്ടി വന്നില്ല !!!

വീഴ്ച കൂടാതെ...

തന്നാണ്ടത്തെ ഊട്ടുതിരുനാള്‍ എങ്ങനെ കെങ്കേമമാക്കാമെന്നതിനെപ്പറ്റിയുള്ള ആലോചനായോഗം നടക്കുകയാണ് വടമ പള്ളിയങ്കണത്തില്‍.
ഏതാണ്ട് ഒരു മണിക്കൂര്‍ നീണ്ടുനിന്ന അദ്ധ്യക്ഷപ്രസംഗം കണ്‍ക്ലൂഡ് ചെയ്തുകൊണ്ട് വികാരിച്ചായന്‍
( വികാരിയച്ചന്‍ എന്നും പറയാം) പറഞ്ഞു:
-അങ്ങനെ ഈയാണ്ടത്തെ ഊട്ടുതിരുനാള്‍ വീഴ്ചയൊന്നും കൂടാതെ ഭംഗിയായി നടത്താന്‍ നല്ലവരായ എല്ലാ ഇടവകക്കാരുടേയും സഹായസഹകരണങ്ങളുണ്ടാവണമെന്നഭ്യര്‍ത്ഥിച്ചുകൊണ്ട് ഞാന്‍ നിര്‍ത്തുകയാണ്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

മീറ്റിംഗ് കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചുപോകവേ മിസിസ് ആന്റണ്‍ വില്‍ഫ്രഡ് മിസ്റ്റര്‍ ആന്റണ്‍ വില്‍ഫ്രഡിനോട് ചോദിച്ചു:
-അതേയ്, അച്ചന്‍ അവസാനം പറഞ്ഞ വാചകം നിങ്ങള്‍ ശ്രദ്ധിച്ചായിരുന്നോ?
-ഇല്ല്യ.
-അതെന്ത്യേയ്.
-ഞാന്‍ ഒറങ്ങ്വായിരുന്നു.
-അതു കൊള്ളാം. തിരുനാള്‍ വീഴ്ചയൊന്നും കൂടാതെ ഭംഗിയായി നടത്തണമെന്നാണ്
അച്ചന്‍ പറഞ്ഞത്.
-അത് പിന്നെ അങ്ങനെ തന്നെയല്ലേ വേണ്ടത്?
-അതല്ലാന്ന്. അങ്ങനെ പറഞ്ഞട്ട് അച്ചന്‍ നിങ്ങടെ മൊഖത്തുനോക്കി കണ്ണിറുക്കുന്നുണ്ടാ
യിരുന്നു.
-ഉവ്വ്വോ. അച്ചന്‍ അങ്ങനെ ചെയ്‌തോ?
-ഉവ്വാന്നേയ്. എന്തായിരിക്കും അതിന്റെ ആന്തരാര്‍ത്ഥം ?
-പാവം. നീയൊരു പൊട്ടി തന്ന്യാട്ടോ.
-ഒന്നു തെളിച്ച് പറ ചേട്ടാ.
-അപ്പൊ മറ്റേ കാര്യം നീ ഇത്ര വേഗം മറന്നൂ, ല്ലേ?
-ഏത് കാര്യം?
-കഴിഞ്ഞകൊല്ലം തിരുനാളിന്റെ മുന്നോടിയായി പള്ളിയ്ക്കകത്തെ മാറാലയടിക്കാന്‍
കേറിയ ഞാന്‍ കോണീമ്മെന്ന് മറിഞ്ഞുവീണ് കൈയൊടിഞ്ഞത് !!!

കഷ്ടം ശിഷ്ടജീവിതം !

റിട്ടയര്‍മെന്റിനുശേഷം എംജിആര്‍ സാറ് ആദ്യം നടത്തിയ യാത്ര ബാംഗ്ലൂര്‍ക്കായിരുന്നു.
മകളും മരുമകനും താമസിക്കുന്നിടത്തേക്ക്.
സകുടുംബമാണ് പോയത്.
ച്ചാല്‍ മിസിസിനേയും കൂട്ടീന്നര്‍ത്ഥം.
40 ദിവസത്തെ പരിപാടിയുമായിട്ടാണ് പോയത്.

നാലാം ദിവസം രാവിലെ ബെഡ് കോഫി കഴിച്ചുകൊണ്ടിരിക്കയായിരുന്നു
എംജിആര്‍ സാറ്.
അപ്പോള്‍ അതാ അടുക്കളയില്‍ നിന്ന് ഒരു സംസാരം.
അമ്മ മകളോട് പറയുകയാണ്:
-എന്റെ ചെരുപ്പ് റിട്ടയറായെടി മോളേ.
-അമ്മ എന്താ ഈ പറയണേ. ചെരുപ്പ് റിട്ടയറാവ്വേ?
-അതെ മോളേ. അത് ഇനി ഇടാന്‍ പറ്റ്ല്ല്യ. ഒന്നിനും കൊള്ളാണ്ടായി... റിട്ടയറായി...

അന്ന് വൈകീട്ട് ആരോടും പറയാതെ ഐലന്റ് എക്സ് പ്രസ്സിന്റെ ഓര്‍ഡിനറി
കമ്പാര്‍ട്ട്‌മെന്റില്‍ കേറി എംജിആര്‍ സാറ് നാട്ടിലേക്ക് തിരിച്ചു !!!

Friday, October 14, 2011

ഗസ്റ്റ് !

സമയം ഉച്ചയ്ക്ക് ഏതാണ്ട് ഒന്നേകാലായിക്കാണും.
ചക്കമോഷണം പ്രഭാകരന്‍ എലൈറ്റ് സൂപര്‍മാര്‍ക്കറ്റില്‍ ഒരു ട്രോളിയുമുന്തിക്കൊണ്ട് നടക്കുകയാണ്.
മോഡംബ്രെഡ്, മിച്ചര്‍, കായ വറുത്തത് (വട്ടനും പിന്നെ നാല് കീറും!) , മസാലകപ്പലണ്ടി, ഉള്ളിവട, ഉഴുന്നുവട, കൊക്കുവട, പപ്പടവട എന്നിവയുടെ പാക്കറ്റുകള്‍ എടുത്തുകഴിഞ്ഞു. ഇനി ഏറ്റവും പ്രിയപ്പെട്ട ഐറ്റമായ ചക്കവറുത്തതെടുക്കണം.
അതിനുവേണ്ടി കൈയെത്തിക്കുമ്പോഴാണ് പൊടുന്നനെ മൊബൈല്‍ ശബ്ദിച്ചത്.
-ഹലോ, സിപ്രനല്ലേ?
-അതെ. ഞാനാണ്
-ഇത് മജീദാണ്. താനിത് എവടെപ്പോയി കെടക്ക്വാ? തന്നെക്കാത്ത് ഒരാള്‍ കൊറേ നേരായി ഇവിടിരിക്കണ്.
-എവിടെയാണ് ?
-അസോസിയേഷന്‍ ഹാളില്‍.... ഉടനേ വരണം.
-ഞാന്‍ എലൈറ്റിലാണ്. ഇപ്പൊ വരാംന്ന് പറയൂ.
-എനിയ്ക്ക് വിരോധല്ല്യ. ഞാന്‍ പറഞ്ഞേക്കാം. പക്ഷേ ആള്‍ടെ മുഖം കണ്ടട്ട് തികച്ചും അക്ഷമനാണെന്നാണ് തോന്നുന്നത്. അതുകൊണ്ട് എത്രയും പെട്ടെന്ന് എത്തുന്നതാണ് നല്ലത്.
ശെരിശെരി എന്നും പറഞ്ഞ് പ്രഭാകരന്‍ ഫോണ്‍ വെച്ചു.
പിന്നെ കൗണ്ടറില്‍ ചെന്ന് ബില്ലടച്ച് സഞ്ചിയും തൂക്കി ഒരോട്ടമായിരുന്നു.
സ്റ്റോറിനുമുമ്പില്‍വെച്ച് മജീദിനെ കണ്ടു.
മജീദ് പറഞ്ഞു: ഞാന്‍ സെക് ഷനീപ്പോവ്വാ. പെട്ടെന്ന് ചെല്ല്. ആള് അസോസിയേഷന്‍ ഹാളില്‍ തന്നെ ഇരിപ്പുണ്ട്.

അരനിമിഷത്തിനുള്ളില്‍ പ്രഭാകരന്‍ അസോസിയേഷന്‍ ഹാളിലെത്തി.
മജീദ് പറഞ്ഞത് ശരിയായിരുന്നു.
പ്രഭാകരനെ കാത്ത് അക്ഷമനായി ഒരാള്‍ അവിടെ ഇരിപ്പുണ്ടായിരുന്നു.
അസോസിയേഷന്‍ ഹാളിലെ സ്ഥിരപ്രതിഷ്ഠ - ആര്‍. കണ്ണന്‍ !!!

Saturday, October 8, 2011

ധീം തരികിട ധോം

കമ്പൂട്ടര്‍ ചെയറില്‍നിന്ന് ആരെങ്കിലും മറിഞ്ഞുവീഴുന്നത് ആരെങ്കിലും കണ്ടിട്ടുണ്ടോ?
കണ്ടിട്ടുണ്ടാവില്ല. കാരണം അത്രയ്ക്ക് ബുദ്ധിമുട്ടുള്ള കാര്യമാണത്. പക്ഷേ ബിആറിന് ഈയിടെ അതു കണാനുള്ള യോഗമുണ്ടായി.
മറിഞ്ഞുവീണത് മറ്റാരുമല്ല. ബിആറിന്റെ അസിസ്റ്റന്റായ കുറൂര്‍ മനയ്ക്കലെ സുകുമാരന്‍ നമ്പൂതിരിയായിരുന്നു.
( അതെ. നെറ്റിയില്‍ പൂവുള്ള തിരുമേനി തന്നെ )
നുണ നുണ അസംഭവ്യം അസംഭവ്യം എന്നെല്ലാമായിരിക്കും വായനക്കാര്‍ കരുതുന്നത്.
പക്ഷേ നിങ്ങള്‍ ഒന്നു മനസ്സിലാക്കണം. നമ്പൂതിരിമാര്‍ ഭൂസുരന്മാരാണ്. ദ്വിജന്മാരാണ്. ദ്വിവേദികളും ത്രിവേദികളുമാണ്. ചതുര്‍വ്വേദ ചതുരന്മാരാണ്. മന്ത്രതന്ത്രാദികള്‍ അരച്ചുകലക്കി കുടിച്ചവരാണ്... നത്തിങ്ങ് ഈസ് ഇമ്പോസിബ് ള്‍ ഫോര്‍ ദം ഇന്‍ ദിസ് വേള്‍ഡ്.
എന്‍ബിയും സുകുമാരനും മറ്റും അത് അനുദിനം തെളിയിച്ചുകൊണ്ടിരിക്കയാണ്.
ഈയൊരുദാഹരണം തന്നെ എടുക്കുക.
ഇടത്തോട്ടോ വലത്തോട്ടോ അല്ല, കമ്പൂട്ടര്‍ ചെയറില്‍ നിന്ന് പിന്നാക്കം മറിഞ്ഞ് തലയിടിച്ചാണ് സുകുമാരന്‍ വീണത്! സാധാരണക്കാര്‍ക്ക് കഴിയുന്ന കാര്യമാണോ അത്?
വീഴുന്ന ശബ്ദം കേട്ടതും അടുത്തുണ്ടായിരുന്നവരെല്ലാം ഓടിക്കൂടി സുകുമാരനെ വാരിക്കൂട്ടിയെടുത്ത് വീണ്ടും കസേരയില്‍ പ്രതിഷ്ഠിച്ചു.
ബോധം വീണാറെ ഒരാള്‍ ചോദിച്ചു:
-എന്താ സുകുമാരാ, തല കറങ്ങിയതാണോ? വെള്ളം കുടിക്കണോ? കെടക്കണോ?
-ഏയ്. ഒന്നും വേണ്ട. ഒരു പ്രശ്‌നോല്ല്യ.
-അപ്പൊ ആക്ച്വലി എന്താണുണ്ടായത്?
-അതുപിന്നെ ഇത് റിവോള്‍വിങ് ചെയറാണല്ലൊ. ഞാന്‍ നോക്ക്യപ്പൊ എടത്തോട്ടും നല്ലോണം കറങ്ങണ് ണ്ട് വലത്തോട്ടും നല്ലോണം കറങ്ങണ് ണ്ട് . അപ്പൊ നിയ്‌ക്കൊരു സശയം തോന്നി. അതൊന്നു പരൂക്ഷിച്ചു നോക്ക്യതാ.
-എന്തായിരുന്നു തിരുമേനീടെ പരീക്ഷണം?
-കസേര മോളീന്ന് താഴോട്ട് കറങ്ങ്വോന്ന്.....!!!

Sunday, September 25, 2011

സെയിം ടു സെയിം

-അല്ലാ ഇതാര് വാസ്വണ്ണനോ? എത്ര നാളായി കണ്ടിട്ട്. എന്താ ഈ വഴിക്കൊന്നും എറങ്ങാത്തത്?
-അങ്ങനെ പ്രത്യേകിച്ചൊന്നൂല്ല്യ. സമയം കിട്ടണ് ല്ല്യ.
-അതുകൊള്ളാം. റിട്ടയര്‍ ചെയ്തപ്പൊ സമയം കിട്ടണ്‌ല്ല്യേ. അതുപോട്ടെ. പഴയ
ആളുകളെയൊക്കെ കണ്ടോ? ഓര്‍മ്മ പുതുക്കിയോ?
-അതിന് പഴയ ആളുകള്‍ എവിടിരിക്കണ്? വളരെ ചുരുക്കം ചിലരുണ്ട്. അവരെ കണ്ടു.
മറ്റുള്ളവരൊക്കെ അടുത്തൂണ്‍ പറ്റി പോയില്ലേ.
-അല്ല അത് ശെരിയാണ്.
-ബൈ ദ ബൈ, നമ്മുടെ പഴേ വേണുപ്പണിക്കരുടെ സ്ഥിതി എന്താണ്? പുള്ളിക്കാരന്റെ
വല്ല വിവരോംണ്ടോ?
-പാവങ്ങള്‍ടെ മമ്മൂട്ടിയെപ്പറ്റിയാണോ വാസ്വണ്ണന്‍ ചോദിക്കണത്?
-അതെ. പണിക്കര്‌ടെ മോന് ഇവിടെ ജോലി കിട്ടി അല്ലേ? ഞാന്‍ കണ്ടു. വേണൂന്റെ
ട്രൂ കോപ്പി തന്ന്യാട്ടോ മോനും. അതേ രൂപം. അതേ ഭാവാഭിനയം. അതേ ഡയലോഗടി. അതേ കറുകറുപ്പന്‍ മുടി, അതേ ഹെയര്‍സ്റ്റൈല്‍, അതേ ചിരി, അതേ സൗന്ദര്യപൂരം, അതേ സഹോദരീസ്‌നേഹം.. പയ്യന് ഇവിടെത്തന്നെ ജോലി കിട്ടീത് നന്നായി. പക്ഷേ ഞാന്‍ അത് അറിഞ്ഞ്ട്ട് ണ്ടായിരുന്നില്ല്യാട്ടോ..
-അക്കാര്യം ഞാനും അറിഞ്ഞ് ല്ല്യാലോ. എവിടെവെച്ചാണ് വാസ്വണ്ണന്‍ വേണൂന്റെ
മോനെ കണ്ടത്?
-ദാണ്ടെ. സ്റ്റോറില് കാശ് വാങ്ങാനിരിക്കണ്...
-അപ്പൊ വാസ്വണ്ണന്‍ 'ചുള്ളമ്പണിക്കര്‍' (രാജസൂയം-8/2010) വായിച്ച്ട്ട് ല്ല്യാന്ന് ചുരുക്കം.
-മനസ്സിലായില്ല്യ.
-ആ ഇരിക്കണത് നമ്മടെ പഴേ..... വേണ്വണ്ണന്‍ തന്നെയാണ് വാസ്വണ്ണോ...!!!

Monday, September 19, 2011

ഹന്ത ! മറവിതന്‍ ആള്‍രൂപമേ...!!!

ഹൗസ് വാമിങ്ങിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി.
തലേന്നാള്‍ വൈകീട്ട് മുറ്റത്തിട്ട പന്തലില്‍ അത്താഴം കഴിക്കാനിരിക്കയായിരുന്നു എന്‍ബിയും കൂട്ടരും.
ഊണ് ഏതാണ്ട് പകുതിയായപ്പോഴാണ് എന്‍ബിക്ക് ഒരു വെളിപാടുണ്ടായത്:
അല്ലാ, ഗോവിന്ദേട്ടനെ ക്ഷണിച്ച് ല്ല്യാലോ...
കുട്ടിക്കാലം മുതല്‍ തറവാട്ടില്‍ തന്റെ നിഴല്‍പോലെയുണ്ടായിരുന്ന ഗോവിന്ദേട്ടന്‍..........
ഊണിലും ഉറക്കത്തിലും ചെസ്സുകളിയിലും ചീട്ടുകളിയിലും ഒളിച്ചുകളിയിലും ബീഡിവലിയിലും തന്റെ ഒപ്പം കൂടുന്ന ഗോവിന്ദേട്ടന്‍.............
പ്രായത്തില്‍ അന്തരമുണ്ടെങ്കിലും എടാപോടാ വിളിക്കുന്നവര്‍.
താനറിയാതെ ഗോവിന്ദേട്ടനോ ഗോവിന്ദേട്ടനറിയാതെ താനോ നാളിതുവരെ ഒരു കാര്യവും ചെയ്തിട്ടില്ലല്ലൊ.
ആ ഗോവിന്ദേട്ടനില്ലാതെ തനിക്കെന്ത് കേറിത്താമസം?
ഈ വൈകിയ വേളയില്‍ ക്ഷണിച്ചാല്‍ ഗോവിന്ദേട്ടന്‍ എന്തു വിചാരിക്കുമോ ആവോ?
ഏതായാലും വിളിക്ക തന്നെ. കേള്‍ക്കേണ്ടത് കേള്‍ക്ക തന്നെ.

ഉരുട്ടിക്കൊണ്ടിരുന്ന ഉരുള വായിലേക്കിട്ടശേഷം ഉടുത്തിരുന്ന മുണ്ടില്‍ കൈ തുടച്ച് മൊബൈലെടുത്ത് തിരുമേനി ഗോവിന്ദേട്ടനെ വിളിച്ചു:
--ഹലോ ഗോവിന്ദേട്ടനല്ലേ?
-അതേ. (നല്ല വോളിയത്തില്‍ കേള്‍ക്കാമായിരുന്നു ഗോവിന്ദേട്ടന്റെ മറുപടി).
-ഇത് അപ്പുവാണ്
-എന്ത്യേയ്?
-അല്ലാ, നാളെ എന്റെ കേറിത്താമസാണ്
-അതെനിക്കറിയാലോ
-ക്ഷമിക്കണം. ഞാന്‍ ഗോവിന്ദേട്ടനെ ക്ഷണിക്കാന്‍ വിട്ടുപോയി..
-അത് സാരല്ല്യ. താന്‍ എന്നെ പ്രത്യേകിച്ച് ക്ഷണിക്കേണ്ട കാര്യല്ല്യാലൊ.
-ന്നാലും ഒരു വെഷമം
-ങ: വെഷമിക്കണ്ടാന്നേയ്
-അങ്ങനെയല്ല. ഗോവിന്ദേട്ടന്‍ ഇപ്പൊ എവടീണ്ട്. ഞാന്‍ ഇപ്പൊത്തന്നെ അങ്ങോട്ട് വര്വാണ്
-എടോ കോന്തന്‍ നമ്പൂരീ, ഞാനല്ലേ തന്റെ വലതുവശത്തിരുന്ന് ഊണ് കഴിച്ചോണ്ടിരിക്കണത് ? !!!

ഋശ്യശൃംഗന്‍

രണ്ടാഴ്ചയോളം തിരുവനന്തപുരത്തായിരുന്നു എംജിആര്‍ സാറിന് ഓഡിറ്റ് ഡ്യൂട്ടി.
അന്നൊന്നും യാതൊരുവിധ ആരോഗ്യപ്രശ്‌നങ്ങളുമുണ്ടായിരുന്നില്ല.
പക്ഷേ വീട്ടില്‍ വന്ന് 2 ദിവസം കഴിഞ്ഞപ്പോഴേക്കും പുള്ളിക്കാരന്‍ കിടപ്പിലായി.
കാലവര്‍ഷം പോലത്തെ വയറിളക്കം!
മൂന്നാം പക്കം ആസ്പത്രിയില്‍ അഡ് മിറ്റാവേണ്ടിവന്നു എന്നു പറഞ്ഞാല്‍ മതിയല്ലൊ.

പ്രാഥമികാന്വേഷണങ്ങള്‍ക്ക് ശേഷം ഡോക്ടര്‍ ചോദിച്ചു:
-പഴകിയ ഭക്ഷണസാധനങ്ങളെന്തെങ്കിലും കഴിച്ചായിരുന്നോ?
-അങ്ങനെ പറയാന്‍ പറ്റ്ല്ല്യ. പക്ഷേ ഫ്രിഡ്ജില് വെച്ച ചില ഐറ്റംസ് കഴിച്ചിരുന്നു.
-എത്ര പഴക്കമുണ്ടായിരുന്നിട്ടുണ്ടാവും?
-ഏതാണ്ട് രണ്ടാഴ്ച.
-എന്നാല്‍ അതു തന്നെയാണ് ഈ കാലവര്‍ഷത്തിന് ഹേതു!

ഇതു കേട്ടതും ജയലളിതച്ചേച്ചി ഇടപെട്ടു:
-അങ്ങനെ വരാന്‍ വഴിയില്ല ഡോക്ടര്‍.
-അതെങ്ങനെ ഉറപ്പിക്കാന്‍ പറ്റും?
-അതേ ഭക്ഷണം തന്നെയാണ് ഞാന്‍ ഋശ്യശൃംഗനും കൊടുത്തത്.
അവന് ഒരു കൊഴപ്പോംല്ല്യാലൊ.
-ആരാ ഈ ഋശ്യശൃംഗന്‍ ?
-ഞങ്ങടെ പട്ടി !!!

Saturday, September 17, 2011

മസാലദോശയുടെ മണം

ചുരിദാറിട്ട രാജേന്ദ്രനും (കോപിഷ്ഠന്‍ ) മസാലദോശയും തമ്മിലെന്ത്?
മസാലദോശ രാജേന്ദ്രന്റെ ഒരു വീക്‌നെസ്സാണെന്നും പക്ഷേ അത് കഴിക്കാന്‍ പുള്ളിക്കാരന് യോഗമില്ലെന്നും സുധീര്‍.
കന്റീനില്‍ മസാലദോശയുണ്ടാക്കുന്ന ദിവസമങ്ങളിലെല്ലാം 3 മണിയാവാന്‍ കാത്തിരിക്കുമത്രേ രാജേന്ദ്രന്‍. പക്ഷേ ആ ദിവസം നോക്കി കൃത്യം രണ്ടേമുക്കാലാവുമ്പോഴേക്കും മസാലദോശയുടെ മണം കേട്ടിട്ടെന്നോണം വീട്ടില്‍നിന്നോ നാട്ടില്‍നിന്നോ കാട്ടില്‍നിന്നോ കടലില്‍നിന്നോ ഏതെങ്കിലും ഗസ്റ്റ് കേറിവരും രാജേന്ദ്രനെ അന്വേഷിച്ച്....!
അതോടെ രാജേന്ദ്രന്റെ മുഖം മങ്ങും.
ഗസ്റ്റുകള്‍ക്ക് മസാലദോശ വാങ്ങിക്കൊടുക്കാന്‍ രാജേന്ദ്രന് അശേഷം താല്പര്യമില്ല.
അത് മറ്റൊന്നും കൊണ്ടല്ല. കൈയില്‍നിന്ന് കാശ് പോവും എന്നതുകൊണ്ടുമല്ല.
രാജേന്ദ്രനെ സംബധിച്ചിടത്തോളം കേവലം ഒരു മസാലദോശയില്‍ ഒതുങ്ങുതല്ല സൗഹൃദം.
അതാണതിന്റെ കാര്യം. ആ:
അതേ സമയം എല്ലാ ഗസ്റ്റുകളും അതേ ലൈനില്‍ ചിന്തിക്കുന്നവരാകണമെന്നില്ലല്ലൊ.
അക്കാര്യം രാജേന്ദ്രനുമറിയാം. അതിനാല്‍ അവരേയും കൊണ്ട് കാന്റീനില്‍ ചെല്ലുമ്പോള്‍ രാജേന്ദ്രന്‍ ഇങ്ങനെ പറയുമത്രേ:
'' ഇവിടത്തെ മസാലദോശ മഹാ ബോറാ, നമുക്കോരോ കാലിച്ചായ കഴിക്കാം, ന്താ?''

Thursday, September 15, 2011

പിന്നീട് എന്താണുണ്ടായത്?

കോമ്പൗണ്ട്‌വാള്‍ അടക്കം എന്‍ബിയുടെ വീടിന്റെ സകല പണികളും കഴിഞ്ഞു.
ഗെയ്റ്റ് ഫിറ്റിങ് മാത്രമേ പിന്നെ ബാക്കിയുണ്ടായിരുന്നുള്ളു.
ഗെയ്റ്റ് ഫിറ്റ് ചെയ്യാന്‍ വേണ്ടി അന്ന് പതിവില്ലാത്ത വിധം അതിരാവിലെ പണിക്കാരെത്തി.
പിന്നെ പതിവുപോലെ എന്‍ബിയുടെ കൈയില്‍നിന്ന് കൂലി കൈപ്പറ്റിയശേഷം അവര്‍ പണിയും തുടങ്ങി....
കുഴി കുത്തി കോണ്‍ക്രീറ്റിട്ട് ഗെയ്റ്റുറപ്പിച്ചു.
ഇളകാതിരിക്കാന്‍ വേണ്ടി നാല് വശത്തേക്കും കയര്‍ വലിച്ചുകെട്ടി.
കയര്‍ കെട്ടിക്കഴിഞ്ഞപ്പോള്‍ എന്‍ബിക്കൊരു സംശയം- കയറിന് വേണ്ടത്ര ടെമ്പറുണ്ടോ?
പുള്ളിക്കാരന്‍ വലിഞ്ഞുനിന്നിരുന്ന ഒരു കയറില്‍ പിടിച്ച് ആഞ്ഞൊന്നു വലിച്ചു.
ഒന്നും സംഭവിച്ചില്ലെങ്കിലും അതു കണ്ടുനിന്ന ഒരു പണിക്കാരന്‍ പൊട്ടിത്തെറിച്ചു:
സാറ് എന്തൂട്ട് പണിയാ കാണിച്ചത്? ഗെയ്റ്റ് ഫിറ്റ് ചെയ്താപ്പിന്നെ രണ്ട്
ദിവസത്തേക്ക് അതില്‍ തൊടാനേ പാടില്ലെന്നറിഞ്ഞൂടേ?
പൊട്ടിത്തെറി കേട്ട് ഞെട്ടിത്തരിച്ച എന്‍ബി പറഞ്ഞു:
സോറി. പൊറുക്കണം. ഇനി ഞാന്‍ തൊട് ല്ല്യ.

11 മണിയായപ്പോള്‍ ഒരത്യാവശ്യകാര്യമുണ്ടെന്നും പറഞ്ഞ് എന്‍ബി പോയി.
തൊട്ടുപിന്നാലെ തന്നെ പണിക്കാരും പോയെന്ന് പ്രത്യേകം പറയേണ്ടല്ലൊ.

കൃത്യം 3 മണിയായപ്പോള്‍ ഗെയ്റ്റിനു മുന്നില്‍ ഒരു എമണ്ടന്‍ ലോറി വന്നു നിന്നു.
കട്ടില്‍, കബോര്‍ഡ്, ഡൈനിംഗ് ടേബ്ള്‍, ഡ്രെസ്സിങ്ങ് ടേബ്ള്‍, ഫ്രിഡ്ജ്, വാഷിങ് മെഷിന്‍,
വാക്വം ക്ലീനര്‍, അമ്മിക്കല്ല്, ആട്ടുകല്ല്, ഒരല്, ഒലക്ക തുടങ്ങിയ കനപ്പെട്ട വീട്ടുസാമാനങ്ങളായിരുന്നു ലോറി നിറയെ.....
വണ്ടിയില്‍ നിന്നും ആദ്യം ചാടിയിറങ്ങിയത് എന്‍ബിയായിരുന്നു.
പിന്നീട് അവിടെ എന്തെല്ലാമാണുണ്ടായതെന്നറിയില്ല !!!

Wednesday, September 14, 2011

ഭര്‍ത്താവിന്റെ ഭാര്യ

വാര്‍ദ്ധക്യസഹജമായ അസ്‌കിതകള്‍ സഹരാജന്‍ നായരുടെ പ്രജ്ഞയെ പിടികൂടാന്‍ തുടങ്ങിയ കാര്യം ബിആറിന് മനസ്സിലായത് ചുരിദാറിട്ട രാജേന്ദ്രന്റെ ( കോപിഷ്ഠന്‍ ) ഹൗസ് വാമിങ്ങിനു പോയപ്പോഴാണ്. നേരം വൈകിവന്ന സോമേട്ടനോട് ആള്‍ക്കൂട്ടത്തിലൊരാള്‍ 'സോമേട്ടന്‍ മോളീപ്പോയില്ലേ' എന്നു ചോദിച്ചപ്പോള്‍ 'ഇല്ല, എനിക്ക് വണ്ടിയോടിക്കാനുള്ളതാണ്' എന്ന് സോമേട്ടന്‍ മറുപടി പറഞ്ഞതും അതിന്റെ അര്‍ത്ഥമാലോചിച്ച് നായര്‍സാബ് തല പുണ്ണാക്കിയതും മുമ്പൊരിക്കല്‍ രാജസൂയത്തില്‍ ചര്‍ച്ച ചെയ്തിട്ടുണ്ടല്ലൊ.
അന്നത്തേക്കാള്‍ കഠിനമായ ഒരു ബ്രെയിന്‍ ടീസര്‍ ആണ് നായര്‍ജിക്ക് ഈയിടെ കിട്ടിയത്.
പതിനൊന്നാം തിയതി ഞായറാഴ്ച രാവിലെ കുളിച്ച് കുറിയിട്ട് ഉടുത്തൊരുങ്ങി നായര്‍ജി പുറപ്പെടുകയാണ്. എങ്ങോട്ടെന്നോ? പതിനെട്ടാം തിയതി ഞായറാഴ്ച നടക്കുന്ന എന്‍ബി പരമേശ്വരന്റെ ഹൗസ് വാമിങ്ങിന്!
കൈയിലൊരു അപ്പച്ചട്ടിയും ('ഗിഫ്റ്റ് '-രാജസൂയം-ജൂണ്‍ 2011) കരുതിയിട്ടുണ്ട്.
വഴിയൊന്നും അറിഞ്ഞുകൂട. ആരോടും ഒന്നും ചോദിച്ചുമില്ല.
മുതുവറയിലിറങ്ങി ലെഫ്റ്റ് തിരിഞ്ഞുനടന്നു.
കുറേ ദൂരം നടന്നിട്ടും ആപ്പീസുകാരെ ആരേയും കാണാനില്ല.
(എങ്ങനെ കാണാനാണ്? പതിനെട്ടാം തിയതിയല്ലേ സംഭവം!)
അങ്ങനെ നടന്നുനടന്ന് കുറച്ചുകൂടി മുന്നോട്ട് ചെന്നപ്പോള്‍ തൊട്ടുമുന്നില്‍ വലിയൊരു ഗിഫ്റ്റ് പാക്കറ്റുമായി ഒരപരിചിതന്‍ നടന്നുപോകുന്നതു കണ്ടു. നായര്‍ജിക്ക് സമാധാനമായി. ഇനി ഏതായാലും വഴിയന്വേഷിച്ച് ബുദ്ധിമുട്ടേണ്ടല്ലൊ. അയാളുടെ പിന്നാലെ വെച്ചുപിടിച്ചാല്‍ മതിയല്ലൊ.
പക്ഷേ ആ മോഹം അധികം നീണ്ടുനിന്നില്ല.
അയാളുടെ വീടെത്തിയപ്പോള്‍ അയാള്‍ അകത്തേക്ക് കേറിപ്പോയി!
രക്ഷയേതുമില്ലാതെ വന്നപ്പോള്‍ നായര്‍ജി മൊബൈലെടുത്ത് ലക്ഷ്മണനെ വിളിച്ച് എന്‍ബിയുടെ വീട്ടിലേക്കുള്ള വഴി ചോദിച്ചു. മറ്റൊന്നും ചോദിക്കാതെ ലക്ഷ്മണന്‍ കൃത്യമായ വഴി പറഞ്ഞുകൊടുത്തു. പിന്നെ അധികം ബുദ്ധിമുട്ടാതെ തന്നെ നായര്‍ജി നാമംഗലം എന്ന നാമധേയത്തിലുള്ള ഇല്ലത്തെത്തി.
നോക്കുമ്പോഴെന്താ. ഒറ്റ മനുഷ്യനില്ല അവിടെ!
ഇതെന്തു കഥ! പരമേശ്വരന്‍ പറഞ്ഞുപറ്റിച്ചതാണോ?
എങ്ങനെയെങ്കിലും അവിടെന്ന് കിഴിച്ചിലായാല്‍ മതീന്നായി നായര്‍ജിക്ക്.
പക്ഷേ വന്ന വഴി തിരിഞ്ഞുനടക്കുന്നത് ആരെങ്കിലും കണ്ടാല്‍ എന്തു വിചാരിക്കും? കള്ളനാണെന്നു പറഞ്ഞ് കൈകാര്യം ചെയ്താലോ.
നായര്‍ജി കോളിംഗ് ബെല്ലില്‍ വിരലമര്‍ത്തി.
അകത്തുള്ളാള്‍ പുറത്തുവന്നു.
നായര്‍ജി ചോദിച്ചു.
-എന്‍ബിയില്ലേ?
-ഇല്ല.
-എവിടെപ്പോയി?
-ഗുരുവായൂരൊരു കല്യാണത്തിനു പോയിരിക്കയാണ്.
-എപ്പൊ വരും?
-അതറിയില്ല. ആരാ? എന്താ? എവിടുന്നാ?
-ഞാന്‍ പട്ടിക്കാട്ടുള്ളൊരു നായരാണ്.
-പേര്?
-സഹരാജന്‍.
-ധാരാളം കേട്ട്ട്ട് ണ്ട്
-ഉവ്വ. ഏജീസാപ്പീസിലായിരുന്നു പണി. റിട്ടയറായി.
-എന്താപ്പൊ ഇങ്ങോട്ട്?
-അതുപിന്നെ നിങ്ങളിവിടെ ശെരിക്കും താമസം തൊടങ്ങ്യോ?
-ഉവ്വ. എന്ത്യേയ്?
-അല്ലാ. ഇന്നാണ് ഹൗസ് വാമിങ്ങ്ന്ന് എന്‍ബി പറഞ്ഞിരുന്നേയ്.
-ഉവ്വ്വോ? എന്നാ അങ്ങേര് അത് മറന്ന്ട്ട് ണ്ടാവും ട്ട്വോ.

അന്തര്‍ജ്ജനം ഒടുവില്‍ പറഞ്ഞ ഈ വാചകത്തിന്റെ അര്‍ത്ഥമന്വേഷിച്ചാണ് നായര്‍ സാബ് ഇപ്പോള്‍ തല പുണ്ണാക്കിക്കൊണ്ടിരിക്കുന്നത്!!!

Saturday, September 3, 2011

എള്ളോളമില്ലാ പൊളിവചനം

സെന്‍ട്രല്‍ സ്‌കൂളിലെ അഞ്ചാം ക്ലാസ്സില്‍ ഓണാഘോഷപരിപാടികള്‍ നടക്കുകയാണ്.
മേഘ്‌നയുടെ ഭരതനാട്യം കഴിഞ്ഞപ്പോള്‍ ടീച്ചര്‍ പറഞ്ഞു:
'' ഇനി വിഷ്ണു ഒരു പാട്ട് പാടൂ''
ടീച്ചര്‍ക്കെന്നല്ല, ക്ലാസിലെ എല്ലാവര്‍ക്കുമറിയാം എന്‍ബീപുത്രന്‍ പാടാന്‍ പോണില്ലെന്ന്.
ആ മുഖത്തെ ഗൗരവം കണ്ടാല്‍ തന്നെ പേടിയാവും. പിന്നെയല്ലേ പാട്ട് !
എന്നാല്‍ ഏവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് എണീറ്റ് അറ്റെന്‍ഷനായി നിന്ന് ടീച്ചറുടെ കണ്ണിലേക്ക് ഉറ്റുനോക്കി അഞ്ചരക്കട്ട വോളിയത്തില്‍ വിഷ്ണുനമ്പൂതിരി വച്ചുകാച്ചി:
''ലജ്ജാവതിയേ നിന്റെ കള്ളക്കടക്കണ്ണില്‍....
ലജ്ജാവതിയേ നിന്റെ കള്ളക്കടക്കണ്ണില്‍....
താഴമ്പൂവോ താമരത്താരോ തേനോ തേന്‍ നിലാവോ....
മാമഴമുത്തോ മല്ലിക്കൊളുന്തോ മീനോ മാരിവില്ലോ.....'' !!!



Saturday, August 27, 2011

കാറാന്റെ കുഞ്ഞ് പര്‍റക്കും !

എന്‍ബി പരമേശ്വരന്‍ തിരുമേനി ആന്റണ്‍ വില്‍ഫ്രഡിന് 18 എസ് എം എസ് അയച്ചിട്ടും അതില്‍ ഒന്നുപോലും പുള്ളിക്കാരന് കിട്ടാതെ പോയ കാര്യം നടേ ചര്‍ച്ച ചെയ്തിട്ടുണ്ടല്ലൊ. (മെസേജ് - രാജസൂയം, 8/2010).
അക്കഥയുമായി ഏതാണ്ടൊരു നാഭീനാളബന്ധമുണ്ട് ഇക്കഥയ്ക്ക്.
രാധ കന്യാകുമാരിക്ക് പോയ പോലെ ഒരോണക്കാലത്താണ് സംഭവം.
കേന്ദ്രീയവിദ്യാലയത്തിലെ അഞ്ചാം ക്ലാസ്സുകാര്‍ക്ക് ടീച്ചര്‍ ഒരു അസൈന്‍മെന്റ് കൊടുക്കുന്നു.
സ്‌കൂളിലെ ഓണാഘോഷപരിപാടികളില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചുകൊണ്ട് മാവേലിത്തമ്പുരാന് ഒരു കത്തെഴുതണം- അതായിരുന്നു അസൈന്‍മെന്റ്.
പിറ്റേന്ന് ഏ പി മോഹനന്റെ മകള്‍ മേഘ്‌നയടക്കം ക്ലാസിലെ 35 പേരില്‍ 34 പേരും ഉഷാറായി കത്ത് തയ്യാറാക്കിക്കൊണ്ടുവന്നു.
ഒരാള്‍ മാത്രം വെറുംകൈയോടെയാണ് വന്നത്.
അത് എന്‍ബി പരമേശ്വരന്‍ തിരുമേനീടെ മകന്‍ വിഷ്ണുനമ്പൂതിരിയായിരുന്നു.
''എന്താ വിഷ്ണൂ, നീ ലെറ്ററെഴുതിയില്ലേ?'' തെല്ലൊരു ദേഷ്യത്തോടെ ടീച്ചര്‍ ചോദിച്ചു.
'' എഴുതി ടീച്ചര്‍''
''എന്നിട്ടെവിടെ?''
അന്നേരം മുഖത്തെ ആ ട്രേഡ് മാര്‍ക് ഗൗരവം തെല്ലും കൈവിടാതെ വിഷ്ണു പറയുകയാണ്:
'' ഞാന്‍ അത് ഇന്നലെ തന്നെ തമ്പ്‌രാന് ഈമെയില്‍ ചെയ്തു'' !!!

Sunday, August 14, 2011

അമ്മ അമ്മൂമ്മ

കുറൂര്‍ മനയ്ക്കലെ സൂമാരന്‍ തിരുമേനീടെ അമ്മയും അമ്മയുടെ അമ്മയുമാണ് കഥയിലെ പാത്രങ്ങള്‍.
അമ്മയ്ക്ക് പ്രായം എഴുപത്തഞ്ച്. മുത്തശ്ശിക്ക് തൊണ്ണൂറും.
അമ്മയ്ക്ക് ഒരു സ്വഭാവമുണ്ട്. ഇടയ്ക്കിടെ സൂമാരനോട് എന്തെങ്കിലും സൂത്രം പറഞ്ഞ് പുള്ളിക്കാരി പാലക്കാട്ടേക്ക് വണ്ടി കേറും. മുത്തശ്ശിയെ കാണുകയാണ് ലക്ഷ്യം. പോയാല്‍ പിന്നെ ഒന്നുരണ്ടാഴ്ച കഴിഞ്ഞേ മടങ്ങിവരൂ.
തിരിച്ചുവരുമ്പോള്‍ ഒരു പ്രത്യേക പ്രസരിപ്പും പ്രസാദവുമൊക്കെയുണ്ടാവും അമ്മയ്ക്ക്.
കാര്യങ്ങളിങ്ങനെ സ്മൂത്തായി പോയിക്കൊണ്ടിരിക്കവേ മുത്തശ്ശിക്ക് വാര്‍ദ്ധക്യസഹജമായ ചില അസ്‌കിതകള്‍ വന്നു ഭവിച്ചു. കാല്‍ മുട്ടിലെ വേദന കാരണം പഴയപോലെ നടക്കാന്‍ വയ്യാതായി. എന്നുവെച്ച് ആള്‍ കിടപ്പിലൊന്നുമായിരുന്നില്ല കേട്ടോ. അമ്മൂമ്മയുടെ അസുഖത്തെപ്പറ്റി അറിഞ്ഞതും സൂമാരന്റെ അനുവാദത്തിനൊന്നും കാത്തുനില്‍ക്കാതെ അമ്മ പാലക്കാട്ടേക്ക് പോയി.

ഇത്തവണ പതിവുപോലെ രണ്ടാഴ്ച കഴിഞ്ഞിട്ടും അമ്മയെ കാണുന്നില്ല.
അതുകൊണ്ട് മൂന്നാമത്തെയാഴ്ച സൂമാരന്‍ അന്വേഷിച്ചുചെല്ലുകയായിരുന്നു.
അമ്മയ്ക്ക് അത് അത്രയ്ക്കങ്ങ് പിടിച്ചില്ല. തിരിച്ചുപോരാന്‍ കൂട്ടാക്കണൂല്ല്യ.
ഒടുവില്‍ മുത്തശ്ശി ഇടപെട്ട് ഒരുകണക്കിന് പറഞ്ഞ് സമ്മതിപ്പിക്കയായിരുന്നു.
പോരാന്‍ നേരം ഉന്തിയുളുക്കി പൂമുഖത്തേക്ക് വന്ന് അമ്മൂമ്മ അമ്മയോട് പറയുകയാണ്: '' ഇനീപ്പൊ കൊറച്ചീസത്തേക്ക് നീയിങ്ങട് വരണ്ടാട്ട്വോ... ന്റെ സൂക്കടൊക്കെ ഭേദായിട്ട് വന്നാ മതി.........ഇനി അഥവാ വന്നാത്തന്നെ അന്നന്നെ തിരിച്ച്‌പോവ്വേ വേണ്ടൂ....''
''ദെന്താ അമ്മേ അങ്ങനെ പറയണ്? ഞാനല്ലാണ്ട് ആരാ അമ്മയെ നോക്കാന്‍ള്ളത്?''
മകള്‍ ചോദിച്ചു.
അതിനുള്ള മറുപടി കേട്ടപ്പോളാണ് അമ്മ ഇടയ്ക്കിടെ മുത്തശ്ശിയെ സന്ദര്‍ശിക്കാന്‍ വരുന്നതിന്റേയും തിരിച്ചുവരുമ്പോള്‍ പുള്ളിക്കാരിക്കുണ്ടാകാറുള്ള പ്രസാദത്തിന്റേയും പ്രസരിപ്പിന്റേയും രഹസ്യം സൂമാരന്‍ തിരുമേനിക്ക് മനസ്സിലായത്....
മുത്തശ്ശി പറയുകയാണ്:
''അതോണ്ടല്ല കുട്ട്യേ. തലേല് കാച്ചെണ്ണ തേച്ച് തരാനും ഇഞ്ചതേച്ച് മുടി കഴുകിത്തരാനും, നെറ്റീല് ഭസ്മം തൊട്ടുതരാനും അച്ചിങ്ങാപ്പയറ് തോരന്‍ വെച്ചുതരാനും പാല്‍ക്കഞ്ഞി കോരിത്തരാനും നേരാനേരം കാപ്പീം പലഹാരോംണ്ടാക്കിത്തരാനും നിക്ക് വയ്യാണ്ടായേടക്കണു'' ! ! !



Saturday, July 30, 2011

കൈപ്പുണ്യം

'' എന്റെ കണ്ണിലേക്ക് നോക്കി സത്യം പറയൂ. പകലന്തിയോളം അടുക്കളയില്‍ കിടന്ന് കഷ്ടപ്പെടുന്ന ഭാര്യയോട് അവരുടെ പ്രവൃത്തിയെ അഭിനന്ദിക്കുന്ന ഒരു വാക്കെങ്കിലും നിങ്ങള്‍ ഉരിയാടാറുണ്ടോ? ഉദാഹരണത്തിന് ഇന്ന് ഭാര്യ അതീവരുചികരമായ ഒരു സാമ്പാറ് വെച്ചെന്നു കരുതുക. ഭാര്യയുടെ മുഖത്തുനോക്കി 'ഇന്നത്തെ സാമ്പാറ് കലക്കീട്ടോ' എന്നെങ്കിലും നിങ്ങള്‍ പറയ്വോ?''
റിക്രിയേഷന്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടന്ന മന:ശാസ്ത്ര സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തിയ മന:ശാസ്ത്രജ്ഞന്‍ ചോദിച്ച ചോദ്യമാണിത്. ഈ ചോദ്യം കേട്ട നിമിഷം മുതല്‍ അത് എംജിആര്‍ സാറിനെ വല്ലാതെ ഹോണ്‍ട് ചെയ്തുകൊണ്ടിരുന്നു. വൈകീട്ട് വീട്ടിലേക്കുള്ള യാത്രയില്‍ ബസ്സിലിരിക്കുമ്പോഴും അതുതന്നെയായിരുന്നു സാറിന്റെ ചിന്ത. ശെരിയല്ലേ. മന:ശാസ്ത്രജ്ഞന്‍ പറഞ്ഞത് ശെരിയല്ലേ. ഭാര്യ സാമ്പാറ് വെച്ചപ്പോള്‍ എന്നെങ്കിലും അഭിനന്ദനസൂചകമായി എന്തെങ്കിലും താന്‍ പറഞ്ഞിട്ടുണ്ടോ? ഭാര്യയോടുള്ള ഇഷ്ടക്കേടാണോ അതിനു കാരണം? അല്ല. പിന്നെയോ? സാമ്പാറിനോട് പൊതുവേ ഒരു വിരക്തിയുണ്ട് തനിക്ക്. കഴിയുമെങ്കില്‍ ആഗോളാടിസ്ഥാനത്തില്‍ അത് നിരോധിക്കണമെന്ന അഭിപ്രായവുമുണ്ട്. പക്ഷേ ഇവിടെ അതല്ലല്ലൊ പ്രശ്‌നം. ഭാര്യയോടുള്ള സ്‌നേഹം പ്രകടിപ്പിക്കലല്ലേ. പാവം ഭാര്യ. എംജിആര്‍ സാറിന് വല്ലാത്ത കുറ്റബോധം തോന്നി.
ബസ്സിറങ്ങി വീട്ടിലേക്ക് നടക്കുമ്പോള്‍ സാറ് മനസ്സില്‍ പറഞ്ഞു: ഇന്ന് അതിന് എങ്ങനെയെങ്കിലും പ്രായശ്ചിത്തം ചെയ്യണം.
ആരോ പറഞ്ഞുവെച്ചപോലെ എംജിആര്‍ സാര്‍ വീട്ടിലേക്ക് കേറുമ്പോള്‍ അതാ നല്ല സൊയമ്പന്‍ സാമ്പാറിന്റെ സുഗന്ധം!
തോള്‍സഞ്ചി മേശപ്പുറത്തിട്ട് സാറ് നേരെ അടുക്കളയിലേക്ക് ചെന്നു.
'' ഇതെന്താ ഡ്രെസ്സുപോലും മാറാതെ നേരെ അടുക്കളയിലേക്ക്?'' ഭാര്യ ചോദിച്ചു.
''നല്ല സാമ്പാറിന്റെ മണം''
''കൊള്ളാം. സാമ്പാറ് നിരോധിക്കണമെന്നു പറഞ്ഞുനടക്കണ ആള് തന്ന്യാണോ ഇത്?''
ഇതു പറയുമ്പോള്‍ ഭാര്യയുടെ മുഖത്ത് പ്രകടമായ നീരസം എംജിആര്‍ ശ്രദ്ധിച്ചു. അതിനൊരയവു വരുത്താനെന്നോണം സാറ് പറഞ്ഞു: ''അല്ല, ഇതങ്ങനെയല്ല. നീ ഒരു ഗ്ലാസ്സിങ്ങെടുത്തേ. ഞാനിതൊന്ന് കുടിച്ചുനോക്കട്ടെ''.
''സാമ്പാറോ? ഗ്ലാസ്സിലോ?''
അതെയെന്നും പറഞ്ഞ് സാറ് തന്നെ ഒരു ഗ്ലാസ്സെടുത്ത് അതില്‍ നിറയെ സാമ്പാറൊഴിച്ചു. എന്നിട്ട് മടമടാന്നങ്ങ് വലിച്ചുകുടിച്ചു!
ഇതിയാനിതെന്തുപറ്റിയെന്ന് അത്ഭുതപ്പെട്ടുനില്‍ക്കുന്ന ശ്രീമതിയോട് മന:ശാസ്ത്രജ്ഞനെ മനസാ സ്മരിച്ച് എംജിആര്‍ സാറ് പറഞ്ഞു: ''ഇന്നത്തെ സാമ്പാറ് അടിപൊളിയായിട്ട്ണ്ട്‌ട്ടോ............... ഈ കൈപ്പുണ്യം കൈപ്പുണ്യം എന്നു പറയണത് ഇതാണ്....'' !!

ഇതു കേട്ടതും മുഖം കറുപ്പിച്ച് വെട്ടിത്തിരിഞ്ഞൊരു പോക്കാണ് ശ്രീമതി.....!

വെളുക്കാന്‍ തേച്ചത് പാണ്ടായിപ്പോയെന്ന് മനസ്സിലാക്കാന്‍ എംജിആര്‍ സാറിന് അധികനേരം കാത്തിരിക്കേണ്ടിവന്നില്ല.
വടക്കേലെ കൊച്ചിന്റെ പിറന്നാള്‍സദ്യക്ക് അവിടത്തെ പെമ്പ്രന്നോത്തിയുണ്ടാക്കിയ സാമ്പാറായിരുന്നു അത് !!!

Saturday, July 9, 2011

വൈവാഹികം

ഒരോണക്കാലത്താണ് സംഭവം.
എംജിആര്‍ സാറിന്റെ മകള്‍ക്ക് കൊണ്ടുപിടിച്ച കല്യാണാലോചന നടക്കുന്ന സമയം.
പേപ്പറില്‍ അഡ്വര്‍ടൈസ്‌മെന്റ് കൊടുത്ത് അതിന്റെ റെസ്‌പോണ്‍സും കാത്തിരിക്കയാണ് വീട്ടുകാര്‍. വീട്ടുകാര്‍ എന്നുവെച്ചാല്‍ മിസിസ് എംജിആറും മക്കളും എന്നേ അര്‍ത്ഥമുള്ളൂ. ഏതു കാര്യത്തിലുമെന്നപോലെ ഇക്കാര്യത്തിലും എംജിആറിന് പ്രത്യേകിച്ച് താല്പര്യമൊന്നുമുണ്ടായിരുന്നില്ല. അന്നും പുള്ളിക്കാരന്‍ പതിവുപോലെ കുളിച്ച് കുറിയിട്ട് തോള്‍സഞ്ചിയും തൂക്കി ആപ്പീസിലേക്ക് വിട്ടു.
സാറ്‌ പടി കടന്നതും ഫോണ്‍ വിളികളുടെ പെരുമഴയായി!
അറ്റന്‍ഡ് ചെയ്യാന്‍ മിസിസ് എംജിആര്‍ മാത്രം. ആദ്യം വിളിച്ചവരോട് അവര്‍ പറഞ്ഞു:
'' അത് പറ്റ്ല്ല്യാട്ടോ. ചെക്കന്റെ വീട്ടില് മെംബേഴ്‌സ് വളരെ കൂടുതലാണല്ലൊ..''
പിന്നെ വിളിച്ചവരോട് പറഞ്ഞത് ഇങ്ങനെ:
''അപ്പൊ ചെക്കന് സ്വന്തക്കാര് ന്ന് പറയാന്‍ അച്ഛനും അമ്മേം മാത്രേ ഉള്ളൂ അല്ലേ. അത് ശെരിയാവുംന്ന്
തോന്നണ് ല്ല്യ...''
മൂന്നാമത്തെ കൂട്ടരോട് ഇങ്ങനെ പറഞ്ഞൊഴിഞ്ഞു:
'' ചെക്കന് ഗള്‍ഫിലാ ജോലീന്നല്ലേ പറഞ്ഞത്. നാട്ടില് ജോല്യൊള്ളോരെയാ ഞങ്ങള് നോക്കണത്...''
നാലാമത് വിളിച്ചവരോട് പറഞ്ഞത് ഇങ്ങനെയായിരുന്നു:
''ചെക്കന്‍ ഡോക്ടറാണല്ലേ. ഞങ്ങള് ഒരെഞ്ചിനീയറെയാണ് നോക്കണത്. രണ്ടുപേരും ഡോക്ടര്‍മാരായാല്‍ ശെരിയാവില്ല്യ..''
അമ്മയിങ്ങനെ ഓരോരുത്തരോട് ഓരോന്ന് പറയുന്നതുകേട്ട് തലയാട്ടിക്കൊണ്ട് മകള്‍ അടുത്തുതന്നെ ഇരിപ്പുണ്ടായിരുന്നു. താങ്ക്യൂ മോം ; യൂ ആര്‍ ഗ്രേയ്റ്റ് മോം ; യൂ സെഡ് ഇറ്റ് റൈറ്റ് മോം എന്നെല്ലാമായിരുന്നു ആ തലയാട്ടലിന്റെ അര്‍ത്ഥം.
കുറച്ചുകഴിഞ്ഞപ്പോള്‍ ആപ്പീസില്‍നിന്ന് എംജിആര്‍ വിളിച്ചു.
എങ്ങനെയുണ്ട് അഡ്വെര്‍ടൈസ്‌മെന്റിന്റെ റെസ്‌പോണ്‍സ് എന്നറിയാന്‍ വേണ്ടി വിളിക്കുന്നതായിരിക്കുമെന്നാണ് ശ്രീമതി വിചാരിച്ചത്.
പക്ഷേ എംജിആര്‍ ചോദിച്ചത് ഇതായിരുന്നു:
'' അതേയ് സ്റ്റോറില് ഓണത്തിന്റെ പലഹാരങ്ങള് വന്നട്ട്ണ്ട്. ശര്‍ക്കരവരട്ടി ഞാന്‍ വാങ്ങിച്ചു. ചിപ്‌സ് രണ്ട് തരംണ്ട്- നാലായി നുറുക്ക്യതും പിന്നെ വട്ടനും. അതില് ഏതാ വേണ്ടത്? ''
മറുപടിയായി ശ്രീമതി പറഞ്ഞു:
''വട്ടനുണ്ടോ? എങ്കില്‍ പിന്നെ അത് തന്നെ മതി ''
ഇതു കേട്ടതും മകള്‍ അമ്മയോട് പറയുകയാണ്:
'' അയ്യട! വട്ടനെ അമ്മ കെട്ടിക്കോ '' !!!

Tuesday, June 28, 2011

ഗിഫ്റ്റ്

-ഹലോ, ബീയാറല്ലേ
-അതെ
-ഇത് എന്‍ബിയാണ്
-പറയൂ പരമശിവം
-ബിആര്‍ എനിയ്‌ക്കൊരുപകാരം ചെയ്യണം
-എന്തുപകാരമെന്ന് ചൊല്‍കയേ വേണ്ടൂ
-ഈ സംഭാഷണം ഒന്നു ബ്ലാക്ക് ആന്‍ഡ് വൈറ്റാക്കി രാജസൂയത്തില്‍ പോസ്റ്റ് ചെയ്യണം
-മത്‌ലബ്?
-ഒരു മഹാദുരന്തം ഒഴിവാക്കാനാണ്
-മനസ്സിലായില്ല
-ബിആര്‍ ഞാന്‍ പറഞ്ഞപോലെ ചെയ്താ മതി. മനസ്സിലാക്കേണ്ടവര്‍ മനസ്സിലാക്കിക്കോളും
-എന്താണ് എന്‍ബി പറഞ്ഞുപിടിച്ചോണ്ടുവരുന്നത്?
-ബിആര്‍ അറിഞ്ഞില്ലേ. സൊസൈറ്റീല് ബാക്കിവന്ന ന്യൂഇയര്‍ ഗിഫ്റ്റ് മുഴുവന്‍ ആദായവെലയ്ക്ക് വിക്കണു
-അപ്പച്ചട്ടിയോ?
-ആ ചട്ടി തന്നെ
-രണ്ടെണ്ണമെടുത്താല്‍ മൂന്നെണ്ണം ഫ്രീ എന്ന കണക്കിനാണോ?
-അത്രയ്ക്കില്ല. എന്നാലും നല്ല മൂവ്‌മെന്റുണ്ട്. ഹരിയും ഹരിപ്രസാദും ഹരിദാസനും ശിവദാസനും ബാലുവും പാപ്പുവും ശ്രീകുമാറും ശ്രീവത്സനും സീ എ മജീദും സീയാര്‍ ബാബുവും പറളിയും പണിയ്ക്കരും ചക്ക മോട്ടിക്കണ പ്രഭാകരനും കെണറ്റിലെറങ്ങിയ സുകുമാരനും തേക്കേല്‍ കേറിയ കൃഷ്ണനും പടം പിടിക്കണ രാജനും ചുരിദാറിട്ട രാജേന്ദ്രനും ലക്ഷ്മണനും ശശികുമാറും ആന്റോയും ആനന്ദനും ശങ്കരനും മോഹനനും കണ്ണനും കിണ്ണനും എന്നുവേണ്ട, റിട്ടയര്‍ ചെയ്തുപോയ സഹരാജന്‍ നായരും ആന്റണ്‍ വില്‍ഫ്രഡുമടക്കം അത് വാങ്ങിച്ചോണ്ടുപോയിട്ടുണ്ട്.
-അവര്‍ വാങ്ങിച്ചോണ്ടുപോട്ടെ. അതിന് എന്‍ബിയ്‌ക്കെന്താ?
-ഞാന്‍ അതില്‍ ഒരു അപകടം മണക്കുന്നു
-എന്തു മണം?
-എന്റെ ഹൗസ്‌വാമിങ്ങ് അടുത്തുവര്വാണല്ലൊ.
-അതുകൊണ്ട്?
-മിക്കവാറും അന്ന് എന്റെ വീട് അപ്പച്ചട്ടികൊണ്ട് നിറയും !!!

Monday, June 27, 2011

കൊണ്ടും കൊടുത്തുമങ്ങനെ രണ്ടുപേര്‍

മിസിസ് എംജിആര്‍ ടെറസ്സില്‍ വഴുക്കിവീണ് കൈയൊടിഞ്ഞ്കിടന്നപ്പോള്‍ കാണാന്‍ പറ്റിയില്ലല്ലൊ എന്ന് സങ്കടപ്പെട്ട അമ്മായിയെ ' അതിന് ഇനീം സമയണ്ട് ല്ലൊ' എന്നു പറഞ്ഞ് എംജിആര്‍സാറ് ആശ്വസിപ്പിച്ച കാര്യം അന്യത്ര വിസ്തരിച്ചിട്ടുണ്ടല്ലൊ.
( What did it mean (8)- rajasooyam June22, 2011)
അതിന്റെ പിറ്റേന്നാളാണ്.
ഡ്രോയിംഗ് റൂമിന്റെ ചുമരില്‍ തൂക്കിയിട്ടിരുന്ന ഏതാണ്ട് രണ്ട് കിലോഗ്രാം തൂക്കം വരുന്നപഴയ ഡിംഗ്‌ഡോംഗ് ക്ലോക്ക് ആണിയിളകി താഴെ വീണു.
''രണ്ട് മിനിറ്റ് മുമ്പായിരുന്നെങ്കില്‍ അത് കൃത്യം എന്റെ തലേല് വീണേനെ''
ഒരു ദീര്‍ഘനിശ്വാസത്തോടെ എംജിആര്‍ പറഞ്ഞു.
അതു കേട്ടപ്പോള്‍ മിസിസ് എംജിആര്‍ പറയുകയാണ്:
'' അല്ലെങ്കിലും ആ ക്ലോക്ക് ഇത്തിരി സ്ലോയാണ്'' !!!

Saturday, June 25, 2011

പരമ്പരാഗതം

-അപ്പൊഴേയ് എംജിആര്‍ സാറേ, ന്റെ സശയം അതല്ല
-പിന്നെ എന്താണ്?
-അന്നൊരിക്കല്‍ സാറിന്റെ വൈഫ് ടെറസ്സില്‍ വീണ് കൈയൊടിയുകയുണ്ടായല്ലൊ
-ഒരിക്കലല്ല. രണ്ടുവട്ടം
-അതുതന്നെയാണ് ന്റെ സംശയം
-അതില്‍ സംശയിക്കാനെന്തിരിക്കണ്?
-അതല്ലാന്ന്. ആദ്യത്തെ തവണ കൈയൊടിഞ്ഞപ്പൊ സാറ് അവര്‌ടെ വീട്ടില്‍ അറിയിച്ചില്ലല്ലൊ
-ഇല്ല്യ
-ഒടിഞ്ഞാര്‍ന്ന കൈ നേരെയായി പ്ലാസ്റ്ററൊക്കെ വെട്ട്യേന്‌ശേഷാണല്ലൊ ഭാര്യവീട്ടുകാര് വിവരമറിഞ്ഞെത്തീത്
-അതെ
-അന്നേരം 'അവള് കൈയൊടിഞ്ഞിരിക്കുമ്പൊ ഒന്നു കാണാന്‍ പറ്റീല്ല്യാലൊ' എന്നു പരുവം പറഞ്ഞ ഒരമ്മായീനെ 'അത് സാരല്ല്യ, ഇനീം സമയണ്ട് ല്ലൊ' എന്നും പറഞ്ഞ് സാറ് ആശ്വസിപ്പിക്കണ്ടായല്ലൊ
-ഉവ്വ
-സത്യം പറയണം. അതു പറയുമ്പൊ സാറിനറിയാമായിരുന്നോ അധികം വൈകാതെ വൈഫിന്റെ കൈ വീണ്ടും ഒടിയുംന്ന്
-ഉവ്വ
-അതെങ്ങനെ?
-അവര് പരമ്പരാഗതായിട്ട് ഒടിയന്മാരാണ് !!!

Wednesday, June 22, 2011

WHAT DID IT MEAN? (8)

കഴിഞ്ഞ മഴക്കാലത്ത് ടെറസ്സില്‍ വഴുക്കലുണ്ടോന്ന് നോക്കാന്‍പോയ മിസിസ് എംജിആര്‍ അവിടെ വഴുക്കിവീണതും തദ്വാരാ കൈയൊടിഞ്ഞതും മറ്റും അന്യത്ര പ്രതിപാദിച്ചിട്ടുണ്ടല്ലൊ.
(ഉവ്വ. അങ്ങനെ ഒരു ഒടിവുകാലത്ത്- രാജസൂയം, ഫെബ്രുവരി 21, 2011).
എന്തുകൊണ്ടാണെന്നറിയില്ല, ശ്രീമതിയുടെ കൈയൊടിഞ്ഞ കാര്യം എംജിആര്‍ സാറ് അവരുടെ വീട്ടിലറിയിച്ചിരുന്നില്ല.
പ്ലാസ്റ്ററൊക്കെ വെട്ടി ക്വാറന്റൈന്‍പീരിയഡും കഴിഞ്ഞപ്പോഴാണ് വീട്ടുകാര്‍ എങ്ങനെയോ വിവരമറിഞ്ഞെത്തുന്നത്.
വന്നവരില്‍ പ്രായം ചെന്ന ഒരമ്മായി എംജിആറിനോട് പരുവം പറഞ്ഞു:
-എന്നാലും എന്റെ രെവ്യേ, ഞങ്ങളോട് ഒരു വാക്ക് പറഞ്ഞ് ല്ല്യാലൊ നിയ്യ്
-അതിനെന്താ അമ്മായി, ഇപ്പൊ ഒക്കെ സുഖായില്ല്യേ
-ന്നാലും അങ്ങന്യല്ലാലൊ. അവള് കൈയൊടിഞ്ഞ് കെടന്നപ്പൊ ഒന്ന് കാണാന്‍ പറ്റീല്ല്യാലൊ.
ഇതു കേട്ടപ്പോള്‍ എംജിആര്‍ പറയുകയാണ്:
''അത് സാരല്ല്യ. ഇനീം സമയണ്ട് ല്ലൊ'' !!!

Sunday, June 5, 2011

കഴിക്കേണ്ട വിധം

ഒരു ദിവസം ഭാര്യ ഷാപ്പിങ്ങിനുപോയ തക്കം നോക്കി അടുക്കളയില്‍ കടന്ന് അലമാരി പരിശോധിക്കുകയായിരുന്നു എംജിആര്‍ സാറ്.
മധുരപലഹാരങ്ങളെന്തെങ്കിലും തരാവ്വോന്നറിയാനായിരുന്നു പരിശോധന.
തപ്പലിന്റെ അവസാനഘട്ടമെത്തിയപ്പോഴാണ് സവിശേഷരീതിയിലുള്ള 2 കുപ്പികള്‍ എംജിആറിന്റെ ശ്രദ്ധയില്‍ പെട്ടത്.
സൂക്ഷിച്ചുനോക്കിയപ്പോള്‍ മനസ്സിലായി -പ്രഷറിനും ഷുഗറിനും വേണ്ടി ഭാര്യ കഴിക്കുന്ന ഗുളികകളായിരുന്നു അവയില്‍. പക്ഷേ ഓരോ കുപ്പിയുടേയും പുറത്ത് ഒട്ടിച്ചുവെച്ചിരുന്ന ലേബലുകളാണ് എംജിആറിനെ കുഴക്കിക്കളഞ്ഞത്.
ഒന്നിന്റെ പുറത്ത് ഇങ്ങനെ എഴുതിവെച്ചിരിക്കുന്നു:
''കഴിക്കേണ്ട വിധം : 2 വീതം കുങ്കുമപ്പൂവിനുശേഷം'' !
മറ്റേ കുപ്പിയില്‍ ഇങ്ങനേയും: ''1 വീതം കുങ്കുമപ്പൂവിനുമുമ്പ് '' !
ഈശ്വരാ, അപ്പോള്‍ ഇവള്‍ കുങ്കുമപ്പൂവും കഴിയ്ക്കണ്‌ണ്ടോ?..............എന്താ വെലാന്ന് നിശ്ശണ്ടോ അതിന്..................അല്ലെങ്കില്‍തന്നെ ഈ വയസ്സുകാലത്ത് എന്തിനാണ് കുങ്കുമപ്പൂവ് കഴിച്ച് നെറം വെപ്പിക്കാന്‍ നോക്കണത്.....എന്നിങ്ങനെ ചിന്തിച്ച്ചിന്തിച്ച് അന്തല്ല്യാണ്ടായി എംജിആറിന്.
കുറച്ചുകഴിഞ്ഞപ്പോള്‍ ഷാപ്പിങ്ങ് കഴിഞ്ഞ് ഭാര്യയെത്തി. പക്ഷേ കുങ്കുമപ്പൂവിനെപ്പറ്റി ചോദിക്കാന്‍ എംജിആറിന് മടി....................ചോദിച്ചാല്‍ ആളില്ലാത്ത നേരത്ത് അലമാരി തപ്പിയതറിയില്ലേ.......
പിറ്റേന്ന് ആപ്പീസില്‍ വന്നിട്ടും കുങ്കുമപ്പൂവ് തന്നെയായിരുന്നു എംജിആറിന്റെ മനസ്സുമുഴുവന്‍.
താടിയ്ക്ക് കൈയും കൊടുത്ത് ആലോചിച്ചിരിക്കുന്ന എംജിആറിനെ കണ്ടപ്പോള്‍ ബി.കെ. നാരായണന്‍ ചോദിച്ചു:
'' എന്താണിങ്ങനെ ചിന്ത വാരികയും വായിച്ചോണ്ടിരിക്കണത്?''
പബ്ലിക്കാക്കില്ലെന്ന കണ്ടീഷനില്‍ എംജിആര്‍ പറഞ്ഞു- ഇന്നിന്നതുപോലെയാണ് കാര്യങ്ങള്‍. എത്ര ആലോചിച്ചിട്ടും എനിക്ക് ആ ലേബലിന്റെ അര്‍ത്ഥം പിടികിട്ടണ് ല്ല്യ.
എന്തുകൊണ്ടാണെന്നറിയില്ല, എങ്ങനെയാണെന്നറിയില്ല, നാരായണന് അതിവേഗം കാര്യം പിടികിട്ടി.
ഒരു ചെറുപുഞ്ചിരിയോടെ തിരുമേനി പറഞ്ഞു:
''കാര്യൊക്കെ നിയ്ക്ക് മനസ്സിലായി. പക്ഷേ അതങ്ങട് തൊറന്ന് പറയാന്‍ ലേശം ബുദ്ധിമുട്ട്‌ണ്ടേനും ''
'' ഒരു ക്ലൂ തരാമോ ?''
'' ഏഷ്യാനെറ്റുകാരോട് ചോദിച്ചാലറിയാം '' !!!

Sunday, May 29, 2011

സാഹസികന്‍

ഇടതുകൈയിലൊരു സ്‌ലിങ്ങും വലതുകൈയിലൊരു ബാന്‍ഡേജുമായി ഉന്തിയുളുക്കി നടന്നുവരുന്ന എന്‍ബി പരമേശ്വരനെ കണ്ടപ്പോള്‍ ഉദിച്ചുവന്ന ഉദ്വേഗത്തോടെ ബിആര്‍ ചോദിച്ചു:
-എന്തുപറ്റി തിരുമേനി?
-ഒന്നും പറയണ്ട ബിആര്‍. ഒന്ന് വീണു. അത്രന്നെ
-എവടെയാണ് വീണത്?
-കെണറ്റില്‍
-ഈശ്വരാ...വീട്ടിലെ കെണറ്റിലോ?
-അല്ല
-പിന്നെ?
-ന്റെ വീടിന്റെ രണ്ട് വീട് അപ്രത്തൊള്ള കെണറ്റില്‍
-സന്ദര്‍ഭം വിവരിച്ച് ആശയം വിശദമാക്കണം
-കഥയാക്ക്വോ?
-അതെന്റെ ശീലല്ല
-എന്നാപ്പറയാം. പക്ഷേ അതിനുമുമ്പ് ഒരു കാര്യം ചോദിയ്ക്കട്ടെ. ബിആര്‍ ഹ്യൂമന്‍
സൈക്കോളജി പഠിച്ചിട്ടുണ്ടോ?
-ഇല്ലല്ലൊ
-എന്നാ അതിലെ ഒരു ചാപ്റ്ററ് ദിപ്പൊ പഠിപ്പിച്ചുതരാം. നൗ, ലുക്ക് ഹ്യര്‍. ഞാനോ ബിആറോ അറിയാതെ കാല് വഴുതി ഒരു കെണറ്റില് വീണൂന്ന് വെയ്ക്ക. ആരെങ്കിലും വര്വോ രക്ഷിയ്ക്കാന്‍? ഒരു പട്ടീം വര് ല്ല്യ. അവടെ കെടന്ന് ചത്തോട്ടേന്ന് വെയ്ക്കും. റൈറ്റ്?
-റൈറ്റ്
- നേരേ മറിച്ച് കെണറ്റില്‍ വീണത് ഒരു സുന്ദരിയായ സ്ത്രീയാണെങ്കിലോ?
ഇഷ്ടമ്പോലെ ആളുകളുണ്ടാവും കെണറ്റില്‍ ചാടി അവരെ രക്ഷിക്കാന്‍! റൈറ്റ്?
-ഡബ്ള്‍ റൈറ്റ്!
-ആന്‍ഡ് ദാറ്റ് വാസ് എക്‌സാക്റ്റ്‌ലി വാട്ട് ഹേപ്പന്‍ഡ് ഹിയര്‍
-ച്ചാല്‍?
-ഇന്ന് രാവിലെ ഞാന്‍ ഓഫീസില്‍ പോരാന്‍ തയ്യാറെടുക്കുകയായിരുന്നു.അപ്പോഴാണ്
ആ വാര്‍ത്ത കേട്ടത്. അടുത്ത വീട്ടിലെ സുന്ദരിയായ സ്ത്രീ കാല് തെറ്റി കിണറ്റില്‍
വീണിരിക്കുന്നു ! കേട്ടപാതി കേള്‍ക്കാത്തപാതി ഞാന്‍ ഒരോട്ടം കൊടുത്തു.
-കെണറ്റില്‍ ചാടി അവരെ രക്ഷിക്കാന്‍, അല്ലേ?
-അതെ. പക്ഷേ അവടെ എത്ത്യപ്പോളല്ലേ മനസ്സിലായത്...
-എന്ത്?
-കെണറ്റില് ഒര് ഇഞ്ച് സ്ഥലല്ല്യ!
-മനസ്സിലായില്ല
-റിമെംമ്പര്‍ ഹ്യൂമന്‍ സൈക്കോളജി... ആന്നേയ്..... എനിയ്ക്ക് മുമ്പേയെത്തി എടുത്തു
ചാടിയവരെക്കൊണ്ട് ആ കെണറ് നെറഞ്ഞര്‍ക്കണ് !
-ശ്ശെടാ....ചാടാന്‍ സ്ഥലമില്ലാതെ എന്തു ചെയ്യും അല്ലേ? തിരുമേനീടെ ചാന്‍സ് പോയി!
-പക്ഷേ ഞാന്‍ വിട്ടുകൊടുത്തില്ല
-തിരുമേനി എന്തു ചെയ്തു?
-തൊട്ടടുത്തുകണ്ട കെണറ്റിലേയ്ക്ക് ഒരു ചാട്ടം കൊടുത്തു !!!

Saturday, May 21, 2011

WHAT DID IT MEAN ? (7)

വര്‍ഷങ്ങളോളം താന്‍ ആറ്റുനോറ്റു വളര്‍ത്തിയ പട്ടി അസുഖം മൂലം അന്തരിച്ചതിന്റെ ആഘാതത്തിലായിരുന്നു മിസിസ് എം ജി ആര്‍.
പ്രിയതമയെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ ഉഴലുകയായിരുന്ന എം ജി ആര്‍ സാര്‍ ഒടുവില്‍ ഒരു വിധത്തില്‍ പറഞ്ഞൊപ്പിച്ചു:
'' കരയാതെ കുട്ടീ, എത്രയും വേഗം നമുക്ക് മറ്റൊരു പട്ടിയെ വാങ്ങാം.''
ഭര്‍ത്താവിന്റെ ആശ്വാസവാക്കുകള്‍ കേട്ടപ്പോള്‍ ഭാര്യ പറഞ്ഞു:
'' വേണ്ട ചേട്ടാ...''
'' ഐ ക്യാന്‍ അണ്ടര്‍സ്റ്റാന്‍ഡ് യുവര്‍ ഫീലിങ്‌സ്, മൈ ഡിയര്‍.... തല്ക്കാലം മറ്റൊരു പട്ടിയെപ്പറ്റി ചിന്തിക്കാന്‍ പോലും നിനക്ക് പറ്റണ് ണ്ടാവില്ല അല്ലേ ''
'' അതുകൊണ്ടല്ല ചേട്ടാ...''
'' പിന്നെന്താ? ''
'' ഇനീപ്പൊ മറ്റൊരു പട്ടീടെ ആവശ്യണ്ടെന്ന് തോന്നണ് ല്ല്യ ''
'' അതെന്താ? ''
'' ചേട്ടന്‍ റിട്ടയര്‍ ചെയ്യാന്‍ പോവ്വല്ലേ '' !!!

Tuesday, May 17, 2011

ഡോക്ടറെ കണ്ടപ്പോള്‍.....

നാലഞ്ചുകൊല്ലം മുമ്പാണ്.
വിഷ്ണൂന് അന്ന് ഏതാണ്ട് മൂന്നര വയസ്സുണ്ടാവും.
ഒരു ഞായറാഴ്ച ഉച്ചകഴിഞ്ഞ് നാലുമണിയായപ്പോള്‍ നാലുംകൂട്ടി മുറുക്കി ഒന്നു മയങ്ങാന്‍ കിടക്കുകയായിരുന്നു പരാമര്‍ എന്നു കണ്ണന്‍ വിളിക്കുന്ന എന്‍ബി പരമേശ്വരന്‍.
അകത്ത് ഇഡിയറ്റ് ബോക്‌സില്‍ 'ന്റെ സൂര്യപുത്രിയ്ക്ക്' (To my Sun's daughter) എന്ന പഴയ മലയാളപടം കളിക്കുന്നു. കളി തുടങ്ങി ഏതാണ്ട് അര മണിക്കൂറായി കാണും. പെട്ടെന്ന് വിഡ്ഡ്യാസുരന്റെ മുന്നിലിരുന്നവരെരെല്ലാം കൂടി ഒരു പൊട്ടിച്ചിരിയാണ്.
ആ കൂട്ടച്ചിരിയില്‍ നാമംഗലം ഇല്ലം കിടന്ന് കുലുങ്ങി.
ഇന്നസെന്റോ ഇന്ദ്രന്‍സോ ജഗതിയോ ജഗദീഷോ വല്ല ഗുണ്ടും പൊട്ടിച്ചതാവും. എന്‍ബിയ്ക്ക് വല്ലാത്ത നഷ്ടബോധം തോന്നി. ശ്ശെ. ആ രംഗമെങ്കിലും ഒന്നു കാണാമായിരുന്നു.
ഏതായാലും ആ സീന്‍ കഴിയുന്നതിനുമുമ്പ് ഒന്നു ചെന്നു നോക്കാമെന്നു കരുതി എന്‍ബി ഹാളിലേക്കോടി. എന്‍ബിയെ കണ്ടതും അതാ ചിരിയുടെ രണ്ടാമൂഴം.
ശ്ശെടാ, ഇതെന്തു കഥ?
കഥ ഇതായിരുന്നു:
സിനിമയിലെ നായികയായ അമലയ്ക്ക് ഡോക്ടര്‍ സുരേഷ്‌ഗോപിയോട് എന്തെന്നില്ലാത്ത പ്രണയം. ആയത് പറഞ്ഞറിയിക്കാന്‍ ഒരു സൂത്രപ്രയോഗത്തിലൂടെ അവസരമൊരുക്കുകയാണ് പെമ്പ്രന്നോത്തി. കള്ളരോഗമഭിനയിച്ച് അവള്‍ ഡോക്ടറുടെ മുന്നിലെത്തുന്നു. പെണ്ണിന്റെ രോഗം രാഗമാണെന്നുമനസ്സിലാക്കിയ ഡോക്ടര്‍ ഒരു റെയ്‌നോള്‍ഡ്‌സ് റീഫില്ലിനോളം വലുപ്പമുള്ള നീഡിലും കൊട്ടത്തോക്കിനോളം വലുപ്പമുള്ള സിറിഞ്ചുമെടുത്ത് ഏതോ ഒരു ഇന്‍ജെക് ഷന്‍ കൊടുക്കാനൊരുങ്ങുന്നു.
ഡോക്ടര്‍ സിറിഞ്ചില്‍ മരുന്നു നിറച്ചുകൊണ്ടിരിക്കുമ്പോള്‍ പെണ്ണാള്‍ മനസ്സിന്റെ മണിച്ചെപ്പ് തുറക്കുകയായി:
'' ഡോക്ടര്‍.....കുറേ നാളായി ഞാന്‍.... ഡോക്ടറോട് ... ഒരു കാര്യം പറയണമെന്ന് വിചാരിക്കുന്നു.........................പക്‌ഷേ ഇപ്പോള്‍....... ഡോക്ടറെ കണ്ടപ്പോള്‍....എനിയ്ക്ക്.....എനിയ്ക്ക്....''
പ്രണയം പ്രകടിപ്പിക്കാന്‍ വാക്കുകള്‍ കിട്ടാതെ പെണ്ണ് നിന്നു പതറിയപ്പോള്‍ അമ്മയുടെ മടിയിലിരുന്ന് സിനിമ കാണുകയായിരുന്ന വിഷ്ണു ചോദിച്ചത്രേ: ''പേട്യായി അല്ലേ? '' !!!

( അന്നുമതെ. ഇന്നുമതെ. ഇന്‍ജെക് ഷന്‍ എന്നു കേട്ടാല്‍ തൂറപ്പേടിയാണ് വിഷ്ണൂന് !!!)

Thursday, April 21, 2011

കൊണ്ടുനടന്നതും നീയേ ചാപ്പാ...........

ഈ പോക്കുപോയാല്‍ എന്‍ബി പരമേശ്വരന്റെ അന്ത്യം സഖാക്കളുടെ കൈകൊണ്ടായിരിക്കും.....
സഹരാജന്‍ നായരുടെ കൈയില്‍ നിന്നും കിട്ടിയതിന്റെ ചൂട് ആറിയിട്ടില്ല.
(അക്കഥ വായനക്കാര്‍ ഓര്‍ക്കുന്നുണ്ടാവുമല്ലൊ. ലെസ്റ്റ് യൂ ഫൊര്‍ഗെറ്റ് :
ഗ്യാസ് ലീക്കാവാതിരിക്കാനുള്ള സുനാപ്പിയും വാങ്ങിച്ചോണ്ട് അസോസിയേഷന്‍ ഹാളിലേക്കുവന്ന നായരോട് എന്‍ബി ചോദിച്ചു:
അതേയ്, ഇത് ഫിറ്റ് ചെയ്താ അത്യാവശ്യം ഗ്യാസില്ലാതേം സ്റ്റൗ കത്തിക്കാമ്പറ്റ്വോ?
ആ ചോദിച്ചതേ ഓര്‍മ്മയുണ്ടായിരുന്നുള്ളൂ......)
ഇതിപ്പോള്‍ അതിനേക്കാള്‍ കേമമായെന്നേ പറയേണ്ടൂ.
കാന്റീനില്‍ വെച്ച് ഒരുപാടാളുകള്‍ കണ്ടുനില്‍ക്കേയാണ് സംഭവം.
ശ്രീകുമാറിന്റെ ഷര്‍ട്ടിന്റെ കൈയില്‍ ഒരു സെല്ലോടെയ്പിന്റെ കഷണം ഒട്ടിപ്പിടിച്ചിരിക്കുന്നതു കണ്ടപ്പോള്‍ അത് സ്വന്തം കൈനഖേന്ദുകൊണ്ട് എടുത്തുകളഞ്ഞു എന്ന ഒറ്റ അപരാധമേ പ്രത്യക്ഷത്തില്‍ എന്‍ബി ചെയ്തുള്ളൂ.
പക്ഷേ കൃത്യം കഴിഞ്ഞതും എന്‍ബിയുടെ മുതുകത്ത് ശ്രീകുമാറിന്റെ കൈപ്പത്തിചിഹ്നം ആഞ്ഞുപതിച്ചതും ഒന്നിച്ചായിരുന്നു!
വെടിയൊച്ച പോലെയുള്ള അടിയൊച്ച കേട്ട് ഒരുനിമിഷം ഞെട്ടിപ്പോയ ബിആര്‍ സാവധാനം സമനില വീണ്ടെടുത്ത് ശ്രീകുമാറിനോട് ചോദിച്ചു:
-ഒരു നല്ലകാര്യം ചെയ്തതിന് ഒരാളെ ഇങ്ങനെ ശിക്ഷിക്കാമോ?
-എങ്ങനെ ശിക്ഷിക്കാതിരിക്കും ബിആര്‍?
-അപ്പോള്‍ ആക്ച്വലി എന്താണുണ്ടായത് ?
-രാവിലെ സെക് ഷനില്‍ വെച്ച് റാക്കിന്റെ സൈഡിലൂണ്ടായിരുന്ന ആണികൊണ്ട് എന്റെ ഷര്‍ട്ടിന്റെ കൈ ഒന്നു കുത്തിക്കീറി. കീറിയത് പെട്ടെന്ന് കാണാതിരിക്കാന്‍ വേണ്ടിയാണ് സെല്ലോടെയ്പ് വെച്ച് ഒട്ടിച്ചത്. അതാണ് ഇപ്പോള്‍ ഇയാള്‍ എടുത്തുകളഞ്ഞത്.
-പാവം എന്‍ബി. അയാള്‍ അറിയാതെ ചെയ്തതല്ലേ
-അല്ലല്ലൊ.
-അതെങ്ങനെയറിയാം?
-അര മണിക്കൂര്‍ മുമ്പ് അയാള്‍ തന്നെയാണ് അത് ഷര്‍ട്ടില്‍ ഒട്ടിച്ചുതന്നത്....!!!

Sunday, April 10, 2011

സംഭാവന

ഏതാണ്ട് ഒരു മാസക്കാലത്തോളം ശ്രീകുമാറിന്റെ അച്ഛന്‍ വീട്ടിലുണ്ടായിരുന്നില്ല.
കോഴിക്കോടായിരുന്നു.
വീട്ടില്‍ തിരിച്ചെത്തിനോക്കുമ്പോള്‍ പറമ്പിലെ പ്ലാവില്‍ കുലകുത്തിനിന്നിരുന്ന ചക്കകളില്‍ ഒന്നുപോലും കാണ്മാനില്ല!
മാവുകളിലെ മാങ്ങയുടെ സ്ഥിതിയും വ്യത്യസ്ഥമായിരുന്നില്ല.
അച്ഛന്‍ മകനോട് ചോദിച്ചു:
''ഈ പ്ലാവിലുണ്ടായിരുന്ന ചക്കയൊക്കെ എവിടെപ്പോയെടാ?''
''അതൊക്കെ ചീഞ്ഞുപോയച്ഛാ'' !
''പക്ഷേ അതിന്റെ കുരുവൊന്നും നിലത്തു കാണുന്നില്ലല്ലൊ''
''അതൊക്കെ ആ കോളണിയിലെ പിള്ളേര് വന്ന് പെറുക്കിക്കൊണ്ടുപോയച്ഛാ'' !
''ഈ മാവിലുണ്ടായിരുന്ന മാങ്ങകളോ?''
''അതൊക്കെ കിളികൊത്തിപ്പോയച്ഛാ'' !
''കംപ്ലീറ്റ്?''
''കംപ്ലീറ്റ്''

സംഭാഷണം ഇത്രയുമായപ്പോഴേക്കും ഒരു പെട്ടിവണ്ടിവന്ന് പടിക്കല്‍ നിന്നു.
വണ്ടിയില്‍നിന്നിറങ്ങിയ ആളോട് ശ്രീകുമാര്‍ ഒരു ആംഗ്യം കാണിച്ചു.
താന്‍ ഇങ്ങോട്ടുവരേണ്ട, ഞാന്‍ അങ്ങോട്ട് വരാം എന്നായിരുന്നു ആംഗ്യത്തിന്റെ ആന്തരാര്‍ത്ഥം.
ആംഗ്യാനന്തരം ശ്രീകുമാര്‍ അങ്ങോട്ട് ചെന്നു.
ആഗതന്‍ ശ്രീകുമാറിന് എന്തോ കൈമാറുന്നത് ഉമ്മറത്തിരുന്ന് അച്ഛന്‍ കണ്ടു.
തിരിച്ചെത്തിയ ശ്രീകുമാറിനോട് അച്ഛന്‍ ചോദിച്ചു:
''ആരാ വന്നത്?''
''അയാളെ അച്ഛന്‍ അറിയാന്‍ വഴിയില്ല''
''അയാള്‍ എന്തോ തരുന്നതു കണ്ടല്ലൊ''
''എലക് ഷന്‍ ഫണ്ടിലേക്കുള്ള സംഭാവനയാണ്'' !
''ഇങ്ങനെ വീട്ടില്‍ കേറിവന്ന് സംഭാവന തരുന്നവരൊക്കെ ഇപ്പോഴുമുണ്ടോ? ആട്ടെ, അയാള്‍ക്ക് എന്താ ഏര്‍പ്പാട്?''
''തൃപ്രയാര്‍ ചന്തയില്‍ ഏറ്റുകച്ചവടമാണ്''
''എന്തിന്റെ കച്ചവടമാണ്?''
'' വാളമ്പുളി, കൊടമ്പുളി, ഇരുമ്പമ്പുളി. പിന്നെ ചക്ക, മാങ്ങ''..... !!!

Saturday, April 9, 2011

എന്തരോ.....മ...ഹാനു....ഭാവുലൂ....

ഒരു ദിവസം ആര്‍.കണ്ണന്‍ അസോസിയേഷന്‍ ഹാളിലേക്ക് ചെല്ലുമ്പോള്‍ അവിടിരുന്നിരുന്ന പഴയ റേഡിയോയെടുത്ത് ജനലിലൂടെ പുറത്തേക്കെറിയാന്‍ പോവുന്ന എന്‍ബി പരമേശ്വരനെയാണ് കണി കണ്ടത്.
നിമിഷാര്‍ദ്ധത്തില്‍ എന്‍ബിയെ വട്ടം കെട്ടിപ്പിടിച്ച് കണ്വന്‍ ചോദിച്ചു:
''പരാമര്‍, എന്തായിത്?''
''ഏയ്. ഇത് ശെരിയാവില്ല.''
''ഏത്?''
''ഈ റേഡിയോ''
''ഇതിനെന്തു പറ്റി?''
''ഇത് കണ്ടം ചെയ്യാറായെന്നേയ്''
''എങ്ങനെ മനസ്സിലായി?''
''കണ്ണനറിയാലോ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കീര്‍ത്തനം ഏതാണെന്ന്?''
''ഉവ്വ''
''ഏതാ?''
''എന്തരോ..... മ..... ഹാനു ഭാവുലൂ....''
''കറക്റ്റ്. ആ കീര്‍ത്തനം കേട്ടാല്‍ ഞാന്‍ എന്നെത്തന്നെ മറക്കും. എന്റെ ഒരു ദൗര്‍ലഭ്യമെന്ന് വേണമെങ്കില്‍ പറയാം''
''ദൗര്‍ബ്ബല്ല്യം എന്നാണ് പറയേണ്ടത്''
''അതുതന്നെ. ദൗര്‍ലഭ്യം. ഞാന്‍ ഇപ്പൊ ഇങ്ങോട്ട് കടന്നുവന്നപ്പൊ ഈ റേഡിയോയില്‍ ഈ പാട്ട് കേട്ടു. അപ്പൊ എനിക്ക് സന്തോഷായി. എന്തരോ...മ...ഹാനു...ഭാവുലൂ....ഞാന്‍ തലയാട്ടി താളം പിടിക്കാന്‍ തൊടങ്ങി. പക്ഷേ അന്തരീ...കീ...വന്ദനമൂ...എന്നായപ്പോഴേക്കും പാട്ട് നിന്നു. എനിക്കാകെ വെഷമായി. പിന്നെ കുറച്ചുനേരം കനത്ത നിശ്ശബ്ദതയായിരുന്നു. അല്പം കഴിഞ്ഞപ്പോ വീണ്ടും പാട്ട് തൊടങ്ങി. എന്തരോ...മ...ഹാനു....ഭാവുലൂ....എനിക്ക് സന്തോഷായി. ഞാന്‍ വീണ്ടും തലയാട്ടി താളം പിടിക്കാന്‍ തൊടങ്ങി. പക്ഷേ അന്തരീ.........കീ...വന്ദനമൂ...എന്നായപ്പോഴേക്കും പിന്നേം തടസ്സം! ഇതിങ്ങനെ ഒരു മൂന്നാല് തവണ റിപ്പീറ്റ് ചെയ്തപ്പൊ എന്റെ സാമാന്യബുദ്ധിക്ക് മനസ്സിലായി ഇത് റേഡിയോന്റെ കൊഴപ്പാണ് ന്ന്. അങ്ങനെ എടുത്തെറിയാന്‍ നോക്ക്യതാണ്''

കണ്ണന്‍ എന്‍ബിയുടെ കൈയില്‍നിന്ന് റേഡിയോ വാങ്ങി തിരിച്ചും മറിച്ചും നോക്കി. പിന്നെ പറഞ്ഞു:
''അതേയ്, പാട്ട് കേക്കണെങ്കില് മിനിമം ഇത് ഓണ്‍ ചെയ്യുകയെങ്കിലും വേണം''!
''ങ്‌ഹേ! ഓണ്‍ ചെയ്തിട്ടില്ലേ?''
''ഇല്ല''
''അപ്പൊ പാട്ട് കേട്ടതോ?''
''ആ. എനിക്കറിഞ്ഞൂട''

ഇത് പറഞ്ഞുനിര്‍ത്തിയതും അതാ വീണ്ടും കേള്‍ക്കുന്നു:
എന്താരോ...മ....ഹാനു....ഭാവുലൂ...
അപ്പോഴാണ്, അപ്പോള്‍ മാത്രമാണ് കണ്ണന് കാര്യം മനസ്സിലായത്:
അത് എന്‍ബിയുടെ മൊബൈല്‍ഫോണിന്റെ റിംഗ്‌ടോണായിരുന്നു !!!

Friday, April 1, 2011

അച്ഛന്റെ മകന്‍

'' അതേയ്, നല്ലപോലെ ശ്രദ്ധിച്ചുകേട്ട് എഴുതിയെടുത്തോളണം. ന്നോട് രണ്ടാമത് ചോദിയ്ക്കരുത്. നിയ്ക്ക് വേറെ പണീണ്ടേയ് : തൊള്ളായിരത്തിനാല്പത്തിനാല് കോടി എഴുപത്തിനാല് ലക്ഷത്തി ഏഴായിരത്തി ഇരുനൂറ്റി അറുപത്തഞ്ച് ''

ഫോണിലൂടെ ബിആര്‍ ചോദിച്ച ഒരു ചോദ്യത്തിനു മറുപടിയായി എന്‍ബി പരമേശ്വരന്റെ മകന്‍ വിഷ്ണു നമ്പൂതിരി പറഞ്ഞതാണിത്.

ബിആറിന്റെ ചോദ്യം ഇതായിരുന്നു: '' വിഷ്ണൂ, അച്ഛന്റെ മൊബൈല്‍ നമ്പര്‍ ഒന്നു പറഞ്ഞുതര്വോ? '' !!!

Saturday, March 26, 2011

AN ACCURATE APPRAISAL

'വിഷ്ണൂ, നീ ഇപ്പൊ ഏത്രാം ക്ലാസ്സിലാ പഠിക്കണേ' എന്ന കിടിലന്‍ ചോദ്യവുമായി എന്‍ ബി പരമേശ്വരന്‍ സ്വന്തം മകന്റെ വിദ്യാഭ്യാസഭ്രമണപഥത്തില്‍ പ്രവേശിച്ച കാര്യം അന്യത്ര പ്രതിപാദിച്ചിട്ടുണ്ടല്ലൊ. (ഉവ്വ!).
അതിന്റെ പിറ്റേന്നാണ് ഈ സംഭാഷണം നടക്കുന്നത്.
അന്ന് സ്‌കൂളില്‍നിന്നും അല്പം നേരത്തെയെത്തിയ വിഷ്ണുവിനോട് എന്‍ബി ചോദിച്ചു: '' വിഷ്ണൂ, ഇന്നെന്താ നേരത്തെ?''
''ഇന്ന് പരീക്ഷയായിരുന്നച്ഛാ''
''ഉവ്വ്വോ. ഏതായിരുന്നു പരീക്ഷ?''
''കണക്ക്''
അത് കേട്ടപ്പോള്‍ എന്‍ബിക്ക് ഉത്സാഹമായി. (കണക്കിന്റെ കാര്യത്തില്‍ മറ്റാരേക്കാളും ഒരു പടി മുന്നിലാണ് താന്‍ എന്ന ഭാവമുണ്ട് എന്‍ബിക്ക്.)
''എത്ര മാര്‍ക്ക് കിട്ടും?'' എന്‍ബി ചോദിച്ചു.
''നൂറ് ''
''നൂറില്‍ നൂറോ?''
''അതെ''
''അതെന്താ ചോദ്യങ്ങളെല്ലാം നല്ല എളുപ്പമുള്ളതായിരുന്നോ?''
''അതെയച്ഛാ''
''എത്രത്തോളം എളുപ്പമായിരുന്നു?''
''അതിപ്പോ എങ്ങന്യാ പറയ്യാ?''
''എങ്ങനെയെങ്കിലും പറയ്യാ .''
''ഒടുവില്‍ ഞാന്‍ വളച്ചുകെട്ടി പറഞ്ഞൂന്നും പറഞ്ഞ് വടിയും മറ്റും എടുത്തോണ്ട് വരരുത്. ''
''ഇല്ലില്ല്യ. ധൈര്യമായി പറഞ്ഞോളൂ.''
''എത്രയ്ക്ക് എളുപ്പമായിരുന്നൂച്ചാല്‍, അച്ഛന്‍ പോയിരുന്ന് എഴുത്യാല്‍ പോലും നൂറില്‍ നൂറ് കിട്ടും'' !!!

Saturday, March 19, 2011

PERFORMANCE PRESSURE

( കൃഷ്ണകുമാര്‍ അയച്ചുതന്ന ഒരു കാര്‍ട്ടൂണിനെ അവലംബിച്ചെഴുതിയത്)

മാര്‍വെല്‍ ചിക്കന്‍ ഫാമിലെ എംപ്ലോയീസായ മുഴുവന്‍ കോഴികളുടേയും യോഗം വിളിച്ചുചേര്‍ത്ത് മാനേജിംഗ് ഡയരക്ടര്‍ പറഞ്ഞു:
''ദ ഡയരക്ടര്‍ബോഡ് നോട്‌സ് വിത്ത് ഗ്രെയ്റ്റ് കണ്‍സേണ്‍ ദാറ്റ് യുവര്‍ പെര്‍ഫോമന്‍സ് ഈസ് നോട്ട് അപ്റ്റു ദ മാര്‍ക്ക്. അതുകൊണ്ട് നാളെ മുതല്‍ നിങ്ങള്‍ ഓരോരുത്തരും ഒന്നിനുപകരം രണ്ടു മുട്ട വീതം
ഇടണം '' !
എന്തു ഭോഷ്‌കാണ് ഈ എംഡി പറയുന്നത്? കാര്യം മനസ്സിലാക്കാന്‍ കഴിയാതെ കോഴികള്‍ കഴുത്തുയര്‍ത്തി പരസ്പരം കണ്ണുമിഴിച്ചുനോക്കി.
ചിലര്‍ കൊക്കൊ...കൊക്കൊക്കൊ എന്ന് ഗദ്ഗദപ്പെട്ടു.
എംഡി തുടര്‍ന്നു: ''കണ്ണുമിഴിച്ചിട്ടും ഗദ്ഗദപ്പെട്ടിട്ടും മറ്റും കാര്യമില്ല. കമ്പനിയുടെ പോളിസി നിങ്ങള്‍ക്കറിയാമല്ലൊ. ഹയര്‍ ആന്‍ഡ് ഫയര്‍. അത് ഓര്‍മ്മ വേണം.''
യോഗം പിന്നെ അധികനേരം നീണ്ടുനിന്നില്ല..........

പിറ്റേന്ന് ഫാം ഇന്‍സ്‌പെക്റ്റ് ചെയ്യാന്‍ വന്ന എംഡി മൊത്തത്തില്‍ സന്തോഷവാനായി കാണപ്പെട്ടു. കാരണം അതുവരെ അദ്ദേഹം എണ്ണിയ കോഴികളെല്ലാം തന്നെ ഈരണ്ട് മുട്ടകള്‍ വീതം ഇട്ടുവെച്ചിരുന്നു!
''ഗുഡ് പെര്‍ഫോമന്‍സ്''- എംഡി ആത്മഗതം പറഞ്ഞു.
പക്ഷേ അടുത്തതായി എണ്ണിയ കോഴി ഒറ്റ മുട്ടയേ ഇട്ടിരുന്നുള്ളു...
ദേഷ്യം കൊണ്ട് ചുവന്ന കണ്ണുകളോടെ എംഡി ചോദിച്ചു:
'' എന്തേ ഒറ്റ മുട്ട മാത്രം ? നിങ്ങള്‍ ഇവിടെന്ന് പിരിഞ്ഞുപോകാന്‍ തീരുമാനിച്ചോ? ''
''ഇല്ല സാര്‍ '' പ്രതിയായ കോഴി പറഞ്ഞു.
''പിന്നെ?''
''ഈ ഒരു മുട്ട തന്നെ എങ്ങനെയാണ് ഇട്ടതെന്ന് എനിക്കു മാത്രമേ അറിയൂ. അത്രയ്ക്ക് വിഷമിച്ചുപോയി. പിന്നെ പെര്‍ഫോമന്‍സ് അപ്രൈസലിന്റെ പ്രെഷറ് കാരണം ഏതുവിധേനയും ഒരെണ്ണം ഇട്ടെന്നേയുള്ളൂ.''
'' എന്താ മറ്റാര്‍ക്കുമില്ലാത്ത വിഷമം നിങ്ങള്‍ക്കു മാത്രം? '' എംഡിക്ക് കോപം അടക്കാനായില്ല.
''അതുകൊണ്ടല്ല സാര്‍''
''പിന്നെ എന്തുകൊണ്ടാണെന്നാണ് ചോദിച്ചത് ''
''ഈ സാറൊരു മണ്ടന്‍ തന്നെ. ഞാനൊരു പൂവങ്കോഴിയല്ല്യോ?'' !!!

DAD THE GREAT

സാവി എന്ന മിസ്സിസ് എന്‍ബി അന്ന് പതിവില്ലാത്തവിധം ആഹ്ലാദത്തിലായിരുന്നു.
ട്യൂഷന്‍ ക്ലാസ്സ് കഴിഞ്ഞ് തിരിച്ചെത്തിയ മകള്‍ ഹരിപ്രിയയ്ക്ക് അത് മനസ്സിലാവുകയും ചെയ്തു.
അവള്‍ ചോദിച്ചു: '' എന്താ അമ്മേ ഇന്ന് അമ്മേടെ മുഖത്തൊരു പ്രസാദം ? ''
'' ഒന്നൂല്ല്യ മോളേ ''
'' അതല്ല, എന്തോ ഉണ്ട് ''
അന്നേരം മകളെ ചേര്‍ത്തുപിടിച്ചുകൊണ്ട് അമ്മ പറഞ്ഞു:
'' സന്തോഷം കൊണ്ട് എനിക്ക് നിക്കാന്‍ പറ്റണ് ല്ല്യ മോളേ ''
'' അതിനുമാത്രം എന്താ ഉണ്ടായത് അമ്മേ ? ''
'' അതേയ് അച്ഛന്‍ നിങ്ങടെ വിദ്യാഭ്യാസകാര്യങ്ങളിലൊക്കെ ശ്രദ്ധിക്കാന്‍
തൊടങ്ങീരിക്കണു! ''
'' ഓ മൈ ഗോഡ് ! ഡാഡ്‌സ് ഗ്രെയ്റ്റ് !...............അതുപോട്ടെ, അമ്മയ്ക്ക് അതെങ്ങനെ
മനസ്സിലായി?''
'' ഇന്നു രാവിലെ നിന്റെ കുഞ്ഞനിയനെ അടുത്ത് വിളിച്ച് അച്ഛന്‍ ചോദിക്ക്യാണേയ് :
ഡാ വിഷ്ണൂ, നീയിപ്പൊ എത്രാം ക്ലാസ്സിലാ പഠിക്കണേ? '' !!!

Saturday, March 5, 2011

A FRIEND IN NEED

അന്ന് മേനോന്‍ ഒറ്റയ്ക്ക് കേറിച്ചെല്ലുന്നതു കണ്ടപ്പോള്‍ ബാറിലെ അറ്റന്‍ഡര്‍ ചോദിച്ചു:
'' എന്താ മേനോന്‍ സാറേ, ആനന്ദന്‍സാറിന് എന്തുപറ്റി ? ''
'' പുള്ളിക്കാരന്റെ കാലിന് ഒരു ചെറിയ ഉളുക്ക് പറ്റി ഇരിയ്ക്കയാണ്''
'' അപ്പൊ ഇന്ന് ഒരു പെഗ്ഗ് മതി, അല്ലേ ? ''
'' അല്ല, രണ്ടുതന്നെ ആയിക്കോട്ടെ ''
'' അതെന്തിനാണ് സാര്‍ രണ്ടെണ്ണം? ''
'' ഒന്ന് എന്റെ പതിവ് പെഗ്ഗ്. പിന്നെ ആത്മാര്‍ത്ഥസുഹൃത്തെന്ന നിലയ്ക്ക് ആനന്ദനോട് എനിയ്‌ക്കൊരു കടപ്പാടുണ്ടല്ലൊ. അതുകൊണ്ട് അവന്റെ ആരോഗ്യത്തിനുവേണ്ടി തെല്ലു ബുദ്ധിമുട്ടിയാണേലും മറ്റേ പെഗ്ഗും ഞാന്‍ തന്നെ കഴിക്കും '' !

പത്തുദിവസത്തോളം ഇതായിരുന്നു മേനോന്റെ സ്ഥിരം പരിപാടി.
പക്ഷേ പതിനൊന്നാം ദിവസം ചെന്നപ്പോള്‍ പുള്ളിക്കാരന്‍ ഒറ്റ പെഗ്ഗിനേ ഓര്‍ഡര്‍ കൊടുത്തുള്ളൂ.
അന്നേരം ബാര്‍ടെന്‍ഡര്‍ ചോദിച്ചു :
'' എന്താ സാര്‍, നിങ്ങള്‍ തമ്മില്‍ തെറ്റിയോ ? ''
''തെറ്റിയിട്ടൊന്നുമില്ലെടോ. ദാ, ഈ പെഗ്ഗ് ആനന്ദന്റെ ആരോഗ്യത്തിനുവേണ്ടി
ഞാന്‍ കഴിക്കാന്‍ പോവ്വാണ് ''
'' അപ്പൊ സാറിന്റെ പെഗ്ഗോ ? ''
'' ഇനി മുതല്‍ അതു വേണ്ട ''
'' അതെന്താ? ''
'' ഇന്നലെ മുതല്‍ ഞാന്‍ കുടി നിര്‍ത്തി ''!!!

Wednesday, March 2, 2011

പൂട്ട് !

ചെറിയ കായത്തിരുമേനിയായ എന്‍ബി പരമേശ്വരന്റെ ഒരു സമ്പ്രദായമെന്തെന്നുവെച്ചാല്‍
സെക് ഷനിലൊന്നിരുന്നുകിട്ടിയാല്‍ പുള്ളിക്കാരന്‍ നല്ല അസ്സലായി പണിയെടുക്കും. ഒരു മാസത്തെ പണി ഒറ്റ ദിവസംകൊണ്ട് തീര്‍ക്കും.
പക്ഷേ തുടര്‍ച്ചയായി 5 മിനിറ്റ് സെക് ഷനിലിരിക്കാന്‍ ചെങ്ങാതിക്ക് പറ്റ്ല്ല്യ.
4 മിനിറ്റും 59 സെക്കന്‍ഡും കഴിയുമ്പോള്‍ തിരുമേനി സീറ്റില്‍നിന്നും താനേ എണീറ്റിരിക്കും. പുറത്തുചാടിയാല്‍ പിന്നെ വേണുപ്പണിക്കരെ വിളിക്കേണ്ടിവരും, മഷിയിട്ടുനോക്കാന്‍! മൊബൈലില്‍ വിളിച്ചാല്‍ നിങ്ങള്‍ വിളിക്കുന്ന സബ്സ് ക്രൈബര്‍ പരിധിക്കുപുറത്താണെന്നാവും കിളിമൊഴി!

തിരുമേനിയൊന്ന് സീറ്റിലിരുന്നുകിട്ടാന്‍ എന്താണൊരു വഴിയെന്നാലോചിച്ചാലോചിച്ചാലോചിച്ച് തല പുണ്ണാക്കിയ എസ്സൊ അവസാനം വേണുപ്പണിക്കരെത്തന്നെ ശരണം പ്രാപിച്ചു.
കവടിനിരത്തി കളിച്ചശേഷം പണിക്കര്‍ പറഞ്ഞു: '' തിരുമേനിയെ പൂട്ടാന്‍ രണ്ടുവഴികളാണ് കാണുന്നത്. പക്ഷേ അതില്‍ ആദ്യത്തേതിന് ഒരു ദോഷമുണ്ട് ''
''ച്ചാല്‍? ''
'' തിരുമേനിക്കേറ്റില്ലെങ്കില്‍ അത് ചെയ്യുന്നാള്‍ക്കേല്‍ക്കും ''
'' എന്താണത്? ''
'' കൂടോത്രം ''!
'' അയ്യൊ. അതു വേണ്ട. മറ്റേ പൂട്ട് മതി. അതേതാണ് ?''
'' അത് വളരെ സിമ്പ്‌ളാണ് . തിരുമേനി വന്ന് സീറ്റിലിരിക്കുമ്പൊ പുറകിലൂടെ ചെന്ന് ഒരു സീറ്റ്‌ബെല്‍റ്റിട്ട് രൊറ്റ പൂട്ട് ! പിന്നെ അഞ്ചരയ്‌ക്കേ അത് തുറക്കാവൂ ! ''

Saturday, February 26, 2011

CHURCH JOKES (5)

സണ്‍ഡേ മാസ്സ് കഴിഞ്ഞ് പുറത്തുകടന്നപ്പോള്‍ സി ആര്‍ ബാബു ആന്റണ്‍ വില്‍ഫ്രഡിനോട് പറഞ്ഞു:
'' പള്ളീടെ അകം എയര്‍ കണ്ടീഷന്‍ ചെയ്യേണ്ട കാലം അതിക്രമിച്ചൂന്നാ തോന്നണേ ''
'' ശെര്യാ. ഏസീലിരുന്ന് അച്ചന്റെ പ്രസംഗം കേള്‍ക്കാന്‍ നല്ല രസായിരിക്കും. അല്ലേ ''
''ഛെ. അതല്ലിഷ്ടാ. ചൂട് ട് ത്ത്ട്ട് ഒറങ്ങാന്‍ പറ്റണ്‌ല്ല്യേയ്'' !!!

***

മനുഷ്യര്‍ ഇടയ്ക്കിടെ കോട്ടുവായിടുന്നതിന്റെ ശാസ്ത്രീയകാരണം വിശദീകരിക്കുന്ന പാഠഭാഗം വായിച്ചുകൊണ്ടിരിക്കയായിരുന്ന അപ്പുവിനോട് മമ്മി ചോദിച്ചു:
'' മനുഷ്യര് ഏറ്റവും കൂടുതല്‍ കോട്ടുവായിടുന്നത് എപ്പോഴാണെന്ന് അപ്പൂനറിയോ? ''
''ഉവ്വ''
''എപ്പഴാ?''
''പ്രാര്‍ത്ഥന്യെത്തിക്കാനിരിക്കുമ്പൊ '' !!!

Monday, February 21, 2011

അങ്ങനെ ഒരു ഒടിവുകാലത്ത്

കോഫിഹൗസില്‍നിന്നും ഇറങ്ങിവരുന്ന എംജിആറിനെ കണ്ടപ്പോള്‍ ബിആര്‍ ചോദിച്ചു:
-എന്താണ് പാഴ്‌സല്‍?
-കോഴിബിരിയാണിയാണ്.
-ഇതൊന്നും പതിവില്ലാത്തതാണല്ലൊ. എന്തേ ഇപ്പോള്‍ ഇങ്ങനെ തോന്നാന്‍?
-ഒന്നും പറയണ്ട ബിആര്‍. വൈഫൊന്നു വീണു.
-എന്തെങ്കിലും പറ്റിയോ?
-കൈയൊടിഞ്ഞു.
-കഷ്ടമായിപ്പോയി. എങ്ങനെയാണത് സംഭവിച്ചത്?
-ടെറസ്സില്‍ വഴുക്കി വീഴുകയായിരുന്നു.
-എന്തിനാണ് ഈ മഴക്കാലത്ത് ടെറസ്സില്‍ പോയത് ?
-അവിടെ വഴുക്കലുണ്ടോന്ന് നോക്കാന്‍ പോയതാണ് !
-കൊള്ളാം. അപ്പോള്‍ ഇപ്പോള്‍ അടുക്കള ബന്ദായിരിക്കും അല്ലേ ?
-ഏതാണ്ട്.
-പക്ഷേ രണ്ടാള്‍ക്കും കൂടി ഒരു കോഴിബിരിയാണി മതിയാവ്വോ ?
-ഛെ. ഇത് ഞങ്ങള്‍ക്കല്ല മാഷേ.
-പിന്നെ?
-ഞങ്ങടെ പട്ടിയ്ക്കാ.....!!!

***

'' ബാക്ക്യൊള്ളോര്‍ക്ക് ഇത്തിരി കഞ്ഞിവെള്ളം കിട്ട്യാലും മത്യായിരുന്നു. പക്ഷേ ഈ പിശാശിന് എന്താ കൊടുക്ക്വാ? ”
'' നീ എന്നെയാണോ ഉദ്ദേശിച്ചത്?''
''അയ്യോ, ചേട്ടനെയല്ല. ഞാന്‍ ഈ പട്ടീടെ കാര്യം പറഞ്ഞതാ !!!''

***

Sunday, February 20, 2011

PARTY TIME

സ്ഥിരമായി സെക് ഷനിലിരിക്കുന്ന പ്രകൃതക്കാരനൊന്നുമല്ല എന്‍ബി പരമേശ്വരന്‍.
വല്ലപ്പോഴുമൊന്നു വരും, പോവും. അത്ര തന്നെ.
വേണ്ടെന്നുവെച്ചിട്ടൊന്നുമല്ല. മറ്റ് നൂറുകൂട്ടം പരിപാടികള്‍ക്കിടയില്‍ സെക് ഷനിലിരിക്കാന്‍ സമയം കിട്ടാറില്ല. അതുകൊണ്ടാണ്. അതുകൊണ്ടുമാത്രമാണ്.
ഇങ്ങനെയൊക്കെയാണെങ്കിലും സെക് ഷനില്‍ എന്തെങ്കിലും പാര്‍ട്ടി നടക്കുകയാണെങ്കില്‍ അത് മണത്തറിഞ്ഞ് എത്തിക്കോളും പുള്ളിക്കാരന്‍.
കഴിഞ്ഞാഴ്ചയില്‍ ഒരു ദിവസം സെക് ഷനില്‍ ഒരു പാര്‍ട്ടി നടക്കുകയായിരുന്നു.
ഏതോ ഉള്‍വിളികൊണ്ടെന്നപോലെ കൃത്യസമയത്തുതന്നെ തിരുമേനി അവിടെയെത്തി. പതിവുപോലെ കസേരയില്‍ ചാടിക്കയറി ചമ്രം പടിഞ്ഞിരുന്നു.
പിന്നെ പാര്‍ട്ടി ഐറ്റംസ് ഓരോന്നായി അകത്താക്കാന്‍ തുടങ്ങി.
ബീഫ് കട്‌ലറ്റ് കഴിക്കുമ്പോള്‍ തിരുമേനി ഏപ്പി മോഹനനോട് ചോദിച്ചു: ''ഏപ്പീ, അസ്സലായിട്ട്ണ്ട്‌ട്ടോ. ഇതെവ്‌ടെന്നാ വാങ്ങ്യേ?''
ഏപ്പി ഏതോ കടയുടെ പേര് പറഞ്ഞു.
എഗ്ഗ് പഫ്‌സ് തിരുമേനിക്ക് അത്ര ഇഷ്ടപ്പെട്ടില്ല. മുട്ടയ്ക്ക് ഇത്തിരി പഴക്കമുണ്ടോന്നൊരു ശങ്ക.
'' ഇത്രയൊക്കെ വാങ്ങിയ സ്ഥിതിക്ക് ഓരോ മസാലദോശ കൂടി ആവാമായിരുന്നു. ലേശം കട്ടിച്ചമ്മന്തി കൂടി ഉണ്ടായിരുന്നെങ്കില്‍ ഭേഷായേനെ.''
തിരുമേനിയുടെ ഉദീരണം കേട്ട് അതെയതെയെന്ന് എല്ലാവരും തലയാട്ടി.

എല്ലാം കഴിഞ്ഞ് കൈ മുണ്ടില്‍ തുടച്ച് പിന്നെ അതൊന്ന് കുടഞ്ഞുടുത്ത് പോകാന്‍ തുടങ്ങുമ്പോള്‍ തിരുമേനി ശ്രീവത്സനോട് ചോദിച്ചു:'' അല്ലാ, വത്സാ, എന്താ വിശേഷം? ആര് ട്യാ പാര്‍ട്ടി?''
വത്സന്‍ പറഞ്ഞു: '' പ്രത്യേകിച്ച് വിശേഷൊന്നൂല്ല്യ. സെക് ഷനീക്കെടന്ന് ഏപ്പിക്ക് ഒരഞ്ഞൂറ് രൂപ കിട്ടി. അത് ആരും ക്ലെയിം ചെയ്ത് വന്നില്ല. എന്നാപ്പിന്നെ അതുകൊണ്ടൊരു പാര്‍ട്ടി നടത്താമെന്നു വെച്ചു. അത്ര തന്നെ.''
'നല്ല കാര്യം, അത് അങ്ങനെതന്നെയാണ് ചെയ്യേണ്ടത്' എന്നും പറഞ്ഞ് തിരുമേനി സ്ഥലം വിട്ടു.

അന്നു വൈകീട്ട് പണിക്കാര്‍ക്ക് കൂലികൊടുക്കാന്‍ വേണ്ടി പോക്കറ്റില്‍ കിടന്ന കാശ് എണ്ണിനോക്കിയപ്പോള്‍ തിരുമേനി ഞെട്ടിപ്പോയി.
അതില്‍ ഒരു 500 രൂപയുടെ കുറവുണ്ടായിരുന്നു !!!

Monday, February 7, 2011

ആനന്ദാശ്രു

കേബി ആനന്ദന് ഒരു ദുസ്വഭാവമുണ്ട്.
ച്ചാല്‍ സജ്ജനങ്ങളുമായി മാത്രമേ പുള്ളിക്കാരന്‍ കൂട്ടുകൂടുകയുള്ളൂ.
ഓഫീസിലെ കാര്യം തന്നെയെടുക്കുക.
പി.രാജന്‍, ആര്‍.കണ്ണന്‍ തുടങ്ങിയ ദുര്‍ജ്ജനങ്ങളെ മന:പൂര്‍വം ഒഴിവാക്കി സുരേഷ് മേനോനെപ്പോലുള്ള സജ്ജനങ്ങളുമായിട്ടാണ് ആനന്ദന്റെ കൂട്ടുകെട്ട്.
ഈ കൂട്ടുകെട്ടുമായി ബന്ധപ്പെട്ട് കുറച്ചുദിവസങ്ങള്‍ക്കുമുമ്പുണ്ടായ ഒരു സംഭവത്തെപ്പറ്റിയാണ് ഇനി പറയുന്നത്.
അന്ന് ആപ്പീസ് വിട്ടശേഷം ആനന്ദനും മേനോനും കൂടി പതിവുപോലെ നടക്കാനിറങ്ങി. നടത്തം കഴിഞ്ഞപ്പോള്‍ പതിവുപോലെ ബാറിലും കേറി.
പിന്നെ പാട്ടില്‍ പറയുമ്പോലെ അടിച്ചങ്ങ് പൂസായി, കുടിച്ചങ്ങ് വാറായി!
നേരം സന്ധ്യയായപ്പോള്‍ ആനന്ദന്‍ മേനോനോട് പറഞ്ഞു: '' മേന്‍ന്നേ, എനിക്കിന്ന് അല്പം നേരത്തേ പോണം. നാളെ ഞാന്‍ ലീവാണ്''
''ഓക്കേ''
''അപ്പൊ നാളെ ഇതേ സമയത്ത് ഇവിടെ കാണാം. ഓക്കേ?''
'' ഡബ്ള്‍ ഓക്കെ''- മേനോന്‍ പറഞ്ഞു.


പറഞ്ഞപോലെ പിറ്റേന്ന് കൃത്യസയത്തുതന്നെ ആനന്ദന്‍ ബാറിലെത്തി.
തന്നേക്കാള്‍ മുമ്പേ മേനോന്‍ ഹാജരായിരിക്കുന്നതു കണ്ടപ്പോള്‍, എന്തെന്നറിയില്ല ആനന്ദന്റെ കണ്ണുനിറഞ്ഞുപോയി...
''എന്തടാ നീ നൊലോളിക്കണേ'' മേനോന്‍ ചോദിച്ചു.
ആനന്ദന്‍ പറഞ്ഞു: '' മേന്‍ന്ന് മറ്റൊന്നും തോന്നരുത്. ഇന്നലെ മേനോന്‍ അല്പം ഓവറായിരുന്നു. സത്യം പറഞ്ഞാ നമ്മള്‍ ഇന്നലെ ഇവിടെന്ന് പോവുമ്പൊ ഞാന്‍ കരുതിയില്ല വീണ്ടും ഇങ്ങനെ കണ്ടുമുട്ടാന്‍ പറ്റുംന്ന്....''
അന്നേരം നന്നേ കുഴഞ്ഞ ശബ്ദത്തില്‍ മേനോന്‍ ചോദിക്കയാണ്:
'' അതിന് ഇന്നലെ ഇവിടെന്ന് ആര് പോയീന്നാ നീ പറയണേ'' !!!

Saturday, February 5, 2011

വീണുകിട്ടിയ പാര

മാളയ്ക്കടുത്ത വടമ ആയുര്‍വേദ ഡിസ്‌പെന്‍സറിയിലായിരുന്നു അന്നത്തെ ഓഡിറ്റ്.
സ്വരാജ് റൗണ്ടിലെ പ്രശസ്തമായ ഒരു ഹോട്ടലില്‍നിന്ന് ഒരു ഡസന്‍ പൂരി, രണ്ട് ഏത്തപ്പഴം, ഒരു പുഴുങ്ങിയ മുട്ട, ഒരു ഡബ്ള്‍ ബുള്‍സൈ, ഒരു ഗ്ലാസ് ഹോര്‍ലിക്‌സ് എന്നിവയടങ്ങിയ ലഘുവായ ബ്രെയ്ക്ഫാസ്റ്റ് കഴിച്ച് ഡബ്ള്‍എഒ അച്ചുതന്‍കുട്ടി കുണ്ടോളിക്കടവ് വഴി മാളയ്ക്കു പോകുന്ന ട്രാന്‍സ്‌പോര്‍ട്ട് ബസ്സില്‍ കയറി സീറ്റ് പിടിച്ചു.
ഫുഡ് ഐറ്റംസിന്റെ ചേരുമ്പടി ചേരായ്കയാലാണോന്നറിയില്ല, ബസ്സ് പുറപ്പെട്ട് അല്പം കഴിഞ്ഞപ്പോഴേക്കും അച്ചുതന്‍കുട്ടിയുടെ വയറിനൊരസ്‌കിത!
എന്തിനുപറയുന്നു, കണ്ട കുണ്ടിലും കുഴിയിലും കയറിയിറങ്ങി കുണ്ടോളിക്കടവുവഴി കറങ്ങിത്തിരിഞ്ഞ് വണ്ടി വടമയിലെത്തിയപ്പോഴേക്കും ഏതാണ്ടൊരു തുടുത്തുപഴുത്ത തണ്ണിമത്തന്റെ പരുവമായി അച്ചൂന്റെ വയറ്.
എങ്ങനെയെങ്കിലും തിരുവയറൊഴിഞ്ഞില്ലേല്‍ ഇപ്പം പൊട്ടുമെന്ന അവസ്ഥ!
''ആ തൂറ്റ്‌ലാമ്പി ഡിസ്‌പെന്‍സറീല് വല്ല ടോയ്‌ലെറ്റും കാണുമോ എന്തോ ''
അച്ചുമ്മാന്‍ ഒരു നിമിഷം ആശങ്കപ്പെട്ടു.
ബസ്സിറങ്ങി 5 മിനിറ്റുനടന്ന് ഡിസ്‌പെന്‍സറിയിലേക്കെത്തിയപ്പോഴേക്കും മണി എട്ടര.
അച്ചു കെട്ടിടത്തിന്റെ പുറകിലേക്ക് നടന്നു.
അവിടെ ഒരു കൊച്ചു മുറിയുടെ ആസ്ബസ്റ്റോസ് കതകിന്മേല്‍ 'ടോയ്‌ലെറ്റ്' എന്ന ബോര്‍ഡ് കണ്ടപ്പോള്‍ അച്ചൂന്റെ ഉള്ളൊന്നു തണുത്തു.
പക്ഷേ അത് ആമത്താഴിട്ട് പൂട്ടിയിരിക്കയാണെന്ന് കണ്ടപ്പോഴുണ്ടായൊരിണ്ടലുണ്ടല്ലോ, ബത ചൊല്ലാവതല്ല മാമാ....
ഭാഗ്യവശാല്‍ അപ്പോഴേക്കും അവിടത്തെ പാര്‍ട്ട് ടൈം സ്വീപ്പറെത്തി.
'' ഞാന്‍ ഏജീസ് ഓഫീസീന്ന് ഓഡിറ്റിന് വന്നതാണ്. ആദ്യം എനിക്ക് ഇതിന്റെ ചാവിയൊന്ന് തരൂ.'' ടോയ്‌ലെറ്റ് ചൂണ്ടിക്കാട്ടി ഒട്ടും ഗൗരവം വിടാതെ അച്ചുതന്‍ കുട്ടി പറഞ്ഞു.
ഇതു കേട്ടതും ആ പാവം സ്ത്രീ വിരണ്ടുപോയി.
ടോയ്‌ലെറ്റിന്റെ താക്കോല്‍ അച്ചൂന് കൈമാറുമ്പോള്‍ അവരുടെ കൈ വിറയ്ക്കുന്നുണ്ടായിരുന്നു....

തിരുവയറൊഴിയാന്‍ വേണ്ടി ടോയ്‌ലെറ്റില്‍ ധ്യാനനിരതനായിരിക്കുമ്പോള്‍ അച്ചുതന്‍ കുട്ടി പ്രാര്‍ത്ഥിക്കുകയായിരുന്നു:
''ഇത്ര നാളും ചെരയ്ക്കാന്‍ നടന്നിട്ടും മര്യാദയ്‌ക്കൊരു പാര പിടിക്കാന്‍ കഴിഞ്ഞിട്ടില്ല. ഈശ്വരാ, ഇന്നെങ്കിലും എനിക്ക് അതിനുള്ള മെറ്റീരിയല്‍സ് കിട്ടണേ....''

അച്ചുതന്‍ കുട്ടിയുടെ മനമുരുകിയുള്ള പ്രാര്‍ത്ഥന ഈശ്വരന്‍ കേട്ടു!
അതിന്റെ ലക്ഷണമെന്നോണം ഒരശരീരിയുണ്ടായി!
അതേല്‍ പിടിച്ച് അച്ചുതന്‍ കുട്ടി ഒരൊന്നാന്തരം പാരയുമുണ്ടാക്കി!

അശരീരി ഇതായിരുന്നു:
''ങ! ഡോക്ടര്‍സാറെത്തിയോ?''
''എന്താ സരോജിനിയമ്മേ ഒരു പരിഭ്രമം പോലെ?''
'' അതുപിന്നെ ഏജീസാപ്പീസീന്ന് ഓഡിറ്റിന് ഒരു സാറ് വന്നട്ട്ണ്ട്. കക്കൂസീന്നാ ഓഡിറ്റിന്റെ തൊടക്കംന്നാ തോന്നണേ. ഡോക്ടറോട് ഞാന്‍ അന്നേ പറഞ്ഞതല്ലേ കക്കൂസ് വൃത്തിയാക്കാന്‍ വാങ്ങിച്ച ലോഷനും പൗഡറും ക്ലീനിംഗ് ബ്രഷും മറ്റും വീട്ടീക്കൊണ്ടുപോവാതെ ഇവടെത്തന്നെ വെക്കാന്‍. ഇനീപ്പൊ പറഞ്ഞിട്ടെന്താ കാര്യം. സ്റ്റോക്ക് റെജിസ്റ്ററുമായി ഒത്തുനോക്കുമ്പൊ വിവരമറിയും !!!

Saturday, January 22, 2011

ഏപ്പിയും എന്‍ബിയും

സൊസൈറ്റി ഇന്‍ചാര്‍ജ് സ്മിത അന്ന് ലീവായിരുന്നു.
സൊസൈറ്റിയുടെ താക്കോല്‍ എന്‍ബിയുടെ കൈയിലായിരുന്നു.
എന്‍ബിയാണെങ്കില്‍ അണോഥറൈസ്ഡ് ആബ്‌സെന്‍സും.
വൈസ് പ്രസിഡന്റ് ഏപ്പി മോഹനന്‍ പെട്ടുപോയെന്നു പറഞ്ഞാല്‍ മതിയല്ലൊ.
പക്ഷേ അങ്ങനെ പറഞ്ഞതുകൊണ്ടായില്ലല്ലൊ.
ധനകാര്യസ്ഥാപനം അങ്ങനെ പൂട്ടിക്കിടക്കാന്‍ പാടില്ലല്ലൊ.
ഒടുവില്‍ ഏപ്പി എന്‍ബിയെ ഫോണില്‍ വിളിച്ചു:
-തിരുമേനി ഇന്ന് ലീവാണോ?
-അതേ.
-എന്താ പ്രത്യേകിച്ച്? പണിക്കാര് വന്നിട്ടുണ്ടോ?
-ഉവ്വ്. എന്റെ വീട്ടിലല്ല. കണ്ണന്റെ വീട്ടില്.
-അതുകൊള്ളാം. അതിന് എന്‍ബി എന്തിനാ ലീവെടുക്കണത്?
-അത് ശെരി. എന്റെ മെറ്റീരിയല്‍സ് മോഷണം പോയാ ഏപ്പിക്കെന്താ അല്ലേ?
-ഏതായാലും തിരുമേനി ഒന്ന് ഇത്രടം വരണം.
-എന്താ കാര്യം?
-സൊസൈറ്റീടെ കീ ഒന്നു കൊണ്ട്വരണം.
-ശ്ശൊ, ഞാന്‍ ആ കാര്യം മറന്നൂട്ടോ. ഇപ്പൊ കൊണ്ട്വരാം.

എന്‍ബി ബൈക്കുമെടുത്ത് പറന്നുവന്നു.
പക്ഷേ ദൗര്‍ഭാഗ്യവശാല്‍ ഏപ്പി അപ്പോഴേക്കും മറ്റൊരു മറവിയുമായി ബന്ധപ്പെട്ട് പുറത്തുപോയിരുന്നു.
(പുള്ളിക്കാരന്‍ രാവിലെ വീട്ടില്‍നിന്നു പോരുമ്പോള്‍ സ്‌കൂട്ടറെടുക്കാന്‍ മറന്നു! അതെടുക്കാന്‍ പോയതാണ്!)
ഇത്തവണ ആപ്പിലായത് എന്‍ബിയായിരുന്നു.
ഉടന്‍ തിരിച്ചു ചെന്നില്ലെങ്കില്‍ താന്‍ വീടുപണിക്ക് വേണ്ടി തട്ടിയ ഇഷ്ടികയും മണലും സിമന്റും കണ്ണന്റെ മതിലേല്‍ കേറും!
ധനകാര്യസ്ഥാപനത്തിന്റേതായതുകൊണ്ട് താക്കോല്‍ മറ്റാരേയും ഏല്‍പ്പിക്കാനും പറ്റില്ല.

ബുദ്ധിമാനായ എന്‍ബി പക്ഷേ ഒടുവില്‍ ഒരു വഴി കണ്ടുപിടിക്കുകതന്നെ ചെയ്തു.
കണ്ടുപിടിക്കുക മാത്രമല്ല, ക്ഷണനേരത്തിനുള്ളില്‍ അത് പ്രാവര്‍ത്തികമാക്കുകയും ചെയ്തു.
എന്നിട്ട് ഏപ്പിയെ വിളിച്ച് പറഞ്ഞു:
-അപ്പൊ ഏപ്പീ, താക്കോല് ഞാന്‍ ഭദ്രമായി ഒരു സ്ഥലത്ത് വെച്ചിട്ടുണ്ട്. വരുമ്പൊ എടുത്തോളൂട്ടോ.
-താങ്ക്യൂ എന്‍ബീ. ബുദ്ധിമുട്ടിച്ചതില്‍ ക്ഷമിക്കണംട്ടോ. എവട്യാ താക്കോല് വെച്ചത്?
-അത്പിന്നെ സൊസൈറ്റീടെ ഡോറിന്റെ അടിഭാഗത്ത് ഡോറും ഫ്‌ളോറും തമ്മില്‍ ഒരു
ചെറിയ ഗ്യാപ്പില്ലേ. അതിലൂടെ അകത്തേക്ക് നെരക്ക്യങ്ങട് വിട്ടട്ട് ണ്ട് !!!

Sunday, January 16, 2011

ബുദ്ധിമാനായ എന്‍ബി

ഇംഗ്ലീഷ് ഗുളിക കഴിക്കാന്‍ ഭയങ്കര മടിയാണ് എന്‍ബി പരമേശ്വരന്റെ പുത്രനും അഞ്ചുവയസ്സുകാരനുമായ വിഷ്ണുവിന്.
ഗുളികയുടെ കയ്പ് തന്നെ കാരണം.
ഒരിക്കല്‍ എന്തോ ഒരു ചെറിയ അസുഖം വന്നപ്പോള്‍ ഡോക്ടര്‍ ഏതോ ഒരു ഗുളികയെഴുതി.
1 വീതം 3 നേരം കഴിക്കണം.
ഇവനെക്കൊണ്ട് ഇതെങ്ങനെ കഴിപ്പിക്കും- അതായി സാവീടെ വേവലാതി.
വഴിയുണ്ട് - എന്‍ബി പറഞ്ഞു. (അച്ഛനാരാ മോന്‍!)
എന്‍ബി ബൈക്കുമെടുത്ത് പുറത്തേക്കുപോയി.
10 മിനിറ്റുകഴിഞ്ഞപ്പോള്‍ കൈയില്‍ ഒരു പാക്കറ്റ് രസഗുളയുമായി തിരിച്ചുവന്നു.
പിന്നെ പാക്കറ്റുതുറന്ന് ഒരു രസഗുളയെടുത്ത് അതില്‍ ഉപായത്തില്‍ ഒരു തുളയുണ്ടാക്കി വിഷ്ണുവിന് കഴിക്കാനുള്ള ഗുളിക പുറമേയ്ക്ക് കാണാനാവാത്ത വിധത്തില്‍ അതില്‍ നിക്ഷേപിച്ചു ! പിന്നെ ഒരു പ്ലേറ്റില്‍ അത് ഡൈനിംഗ് ടേബിളില്‍ വെച്ചു. എന്നിട്ട് വിഷ്ണുവിനെ വിളിച്ച് പറഞ്ഞു: വിഷ്ണൂ, ദേ അച്ഛന്‍ നിനക്ക് ഒരു രസഗുള വാങ്ങിക്കൊണ്ട്വന്ന്ട്ട് ണ്ട്. എടുത്ത് കഴിച്ചോളൂ.
ഇതുകണ്ടതും ഇപ്രകാരമാലോചിച്ച് സാവീടെ കണ്ണു നിറഞ്ഞുപോയി : എത്രയെത്ര കല്യാണാലോചനകള് വന്നതാണെനിയ്ക്ക്. അതില്‍നിന്ന് ഇത്രയും ബുദ്ധിമാനായ ഒരാളെ തെരഞ്ഞുപിടിച്ച് ദൈവം എനിക്ക് തന്നല്ലൊ! മുജ്ജന്മ സുകൃതം ! ......................

ഏതാണ്ടൊരു പത്തുമിനിറ്റ് കഴിഞ്ഞപ്പോള്‍ എന്‍ബി വിഷ്ണുവിനെ വിളിച്ച് അന്വേഷിച്ചു:
-വിഷ്ണൂ, നീ രസഗുള കഴിച്ച്വോ?
-ഉവ്വ്
-എങ്ങനീണ്ടായിരുന്നു?
-നല്ല രസണ്ടായിരുന്നു. പിന്നീണ്ട്‌ല്ലൊ അച്ഛാ, അതിന്റെ കുരൂന് ഭയങ്കര കയ് പ്പാ.
അത് ഞാന്‍ തുപ്പിക്കളഞ്ഞു !!!

Sunday, January 9, 2011

കണ്ണനും ജയകുമാറും പിന്നെ പവിഴം റൈസും

കുറച്ചുനാള്‍ മുമ്പുവരെ ആര്‍ കണ്ണന്‍ കടുത്ത ചീട്ടുകളിക്കാരനായിരുന്നു.
അരിവെച്ചായിരുന്നു കളി.
അരിവെച്ചുകളിയോ, അതെന്തുകളിയെന്നാവും ചോദ്യം.
റിക്രിയേഷന്‍ ക്ലബ്ബില്‍ പണംവെച്ചുകളി പാടില്ലല്ലൊ.
അതിനെ മറികടക്കാന്‍ ബുദ്ധിരാക്ഷസന്മാര്‍ കണ്ടുപിടിച്ചതാണ് അരിവെച്ചുകളി.
ഡെയ്‌ലി ഒരു കൈയില്‍ പത്തുകിലോന്റെ പവിഴം റൈസുമായിട്ടാണ് കണ്ണന്‍ ചീട്ടുകളിക്കാന്‍ പോവുക. മറ്റേ കൈ കളിക്കൂട്ടുകാരനായ ജയകുമാറിന്റെ തോളിലായിരിക്കും.
കളികഴിഞ്ഞ് ക്ലബ്ബിനുപുറത്തുകടക്കുമ്പോള്‍ പക്ഷേ പവിഴം റൈസ് ജയകുമാറിന്റെ കൈയിലായിരിക്കും.....
ഇതിങ്ങനെ പതിവായപ്പോള്‍ ഒരുദിവസം കണ്ണന്റെ രാധ പറഞ്ഞു:
' ഇനി മേലില്‍ അരിയുംകൊണ്ടല്ലാതെ ഇങ്ങോട്ടുവന്നിട്ടുണ്ടെങ്കില്‍ അടികൊള്ളും ന്റെ കയ്യീന്ന് '
അതോടെ കണ്ണന്‍ കളി നിര്‍ത്തി!!

ജയകുമാറിന്റെ കാര്യവും അത്ര പന്തിയായിരുന്നില്ല.
എന്തെന്നറിയില്ല, അക്കാലത്ത് പുള്ളിക്കാരന് സ്ഥിരം വയറിളക്കമായിരുന്നു!
എന്താണ് വയറിങ്ങനെ ഷിവറ്‌ചെയ്യുന്നതെന്നറിയാന്‍ വേണ്ടി ജയകുമാര്‍ പോയത് ഡോക്ടറുടെ അടുത്തേക്കല്ല, ജ്യോതിഷരത്‌നം ഊരകം വേണുഗോപാലപ്പണിക്കരുടെ അടുത്തേക്കായിരുന്നു.
ഊരും പേരും ഈരും നാരും ചോദിച്ചറിഞ്ഞ് തടുക്കുപായില്‍ ചമ്രം പടിഞ്ഞിരുന്ന് എള്ളും പൂവും ജപിച്ചെറിഞ്ഞ് കവടിനിരത്തി കണ്ണുമിഴിച്ച് പണിക്കര്‍ പറഞ്ഞു:
' ലഗ്നത്തിലൊരു വിഘ്‌നം കാണണ് ണ്ട് '
' ച്ചാല്‍? '
' ആരാന്റെ അരി തിന്നണ് ണ്ട്.....'
അതോടെ ജയകുമാറും കളി നിര്‍ത്തി !!!

മറക്കില്ല നാം (5)

പാലക്കാട്ടുള്ള മകളെ കാണാന്‍ വേണുപ്പണിക്കര്‍ സ്വന്തം 800 മാരുതിയില്‍ കേറി ഊരകം മുതല്‍ വല്ല്യോരു ലോറിയുടെ പിന്നാലെ വെച്ചുപിടിച്ചതും ലോറിക്കാര്‍ പലതവണ സിഗ്നല്‍ കൊടുത്തിട്ടും പണിക്കര്‍ ഓവര്‍ടെയ്ക്ക് ചെയ്യാതിരുന്നതും സംശയം തോന്നിയ ലോറിക്കാര്‍ എന്താ ഏതാ എന്ന് ഒരുതരം വൃത്തികെട്ട ഭാഷയില്‍ ആംഗ്യം കാണിച്ചതും അതും ഫലിച്ചില്ലെന്നു കണ്ടപ്പോള്‍ ശുദ്ധമായ സംസ്‌കൃതഭാഷയില്‍ എന്തെല്ലാമോ വിളിച്ചുപറഞ്ഞതും വേണു അതെല്ലാം കണ്ടില്ലാ കേട്ടില്ലാ എന്നു നടിച്ചതും ഷൊര്‍ണൂരെത്തിയപ്പോള്‍ ലോറിക്കാര്‍ ചായ കുടിക്കാന്‍ വേണ്ടി ഒരു ഹോട്ടലിനുമുമ്പില്‍ വണ്ടി നിര്‍ത്തിയതും അപ്പോള്‍ അതിന്റെ തൊട്ടുപിന്നില്‍ തന്നെ വേണു കാറ് ഷഡന്‍ ബ്രെയ്ക്കിട്ടു നിര്‍ത്തിയതും ലോറിക്കാര്‍ ചായ കുടിച്ചുവരുന്നതുവരെ വണ്ടിയില്‍തന്നെ കുത്തിയിരുന്നതും അതുകണ്ട ലോറിക്കാര്‍ മാരുതിക്കാരന്‍ തങ്ങളെ ഫോളോ ചെയ്യുകയാണെന്നുറപ്പിച്ചതും വേണുവിനെ കൈകാര്യം ചെയ്യാന്‍ മുതിര്‍ന്നതും അന്നേരം പണിക്കര്‍ 'എന്റെ പൊന്നു ചേട്ടമ്മാരേ, ഞാന്‍ നിങ്ങളെ ഫോളോ ചെയ്യണതൊന്ന്വല്ല, ഡ്രൈവിങ്ങ് വലിയ പരിചയമില്ലാത്തതുകൊണ്ട് വണ്ടി നിങ്ങടെ ലോറീടെ പിന്നാലെ ഉരുട്ടിയുരുട്ടി പോന്നതാണേ' എന്നും പറഞ്ഞ് തടി കിഴിച്ചിലാക്കിയതും.......നമ്മള്‍ എങ്ങനെ മറക്കാനാണ് !!!