rajasooyam

Saturday, November 5, 2011

സറണ്ടേഡ് !


സര്‍ക്കാര്‍ ജീവനക്കാര്‍ റിട്ടയര്‍ ചെയ്യുമ്പോള്‍ അവരുടെ ക്രെഡിറ്റില്‍ ബാക്കിയുള്ള ലീവ് സറണ്ടര്‍ ചെയ്ത് കാശ് വാങ്ങാമെന്നൊരു വകുപ്പുണ്ട്.
300 ലീവ് വരെ ഇങ്ങനെ ചെയ്യാം.
എന്നാല്‍ ഈ അടുത്ത കാലത്ത് റിട്ടയര്‍ ചെയ്ത ആന്റണ്‍ വില്‍ഫ്രഡിന് സറണ്ടര്‍ ചെയ്യാന്‍ വെറും 30 ലീവേ ബാക്കിയുണ്ടായിരുന്നുള്ളൂ.
വില്‍ഫിയുടെ ക്രെഡിറ്റില്‍ ലീവ് ഇത്രയും കുറഞ്ഞുപോയതിനുപിന്നില്‍ ഒരു കഥയുണ്ട്:

തൊള്ളായിരത്തി എമ്പതുകള്‍.
അക്കൗണ്ടാപ്പീസിന്റെ പുഷ്‌കരകാലം. (പുഷ്‌ക്കലകാലം എന്നും പറയാം).
ആശാന്‍ സാറിന്റെ ആഡിറ്റ് പാര്‍ട്ടിയില്‍ പോസ്റ്റിങ് കിട്ടാന്‍ വേണ്ടി അപ്ലിക്കേഷന്‍ കൊടുത്ത് കാത്തിരിപ്പാണ് ആന്റണ്‍ വില്‍ഫ്രഡ്.
അങ്ങനെയിരിക്കേ പണ്ട് നാണ്വാര് പറഞ്ഞതുപോലെ ഒരു വെങ്കിടേശ്വരസുപ്രഭാതത്തില്‍ അത് - പോസ്റ്റിങ് ഓര്‍ഡര്‍ - തരായി.
പിറ്റേന്ന് പോസ്റ്റിങ് ഓര്‍ഡറുമായി ആഡിറ്റ് പാര്‍ട്ടിയില്‍ ജോയിന്‍ ചെയ്യാന്‍ ചെന്ന ആന്റണോട് ആശാന്‍ സാറ് ചോദിച്ചു:
-എന്തു കാരണം കൊണ്ടാണ് വില്‍ഫി എന്റെ പാര്‍ട്ടി തന്നെ ചോദിച്ചുവാങ്ങിയത്?
-അതുപിന്നെ ആശാന്‍സാറ് ആഡിറ്റ്‌വര്‍ക്കില്‍ എക്‌സ്പര്‍ട്ടാണെന്നാണ് പൊതുവേയുള്ളസംസാരം. സാറിന്റെ കീഴില്‍ കുറച്ചുനാള്‍ വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞാല്‍ അത് ജീവിതത്തില്‍ ഒരു മുതല്‍ക്കൂട്ടാവുമെന്നു കരുതി. അതുകൊണ്ടാണ്, അതുകൊണ്ട് മാത്രമാണ് സാറിന് ശിഷ്യപ്പെടാന്‍ വന്നത്.
-വേല കൈയിലിരിക്കട്ടെ വില്‍ഫ്രഡേ. കാര്യമൊക്കെ എനിക്കറിയാം......... ഏതായാലും ജോയിന്‍ ചെയ്‌തോളൂ. പിന്നെ ഒരു കാര്യത്തില്‍ ഞാന്‍ വളരെ സ്ട്രിക്റ്റാണ് കേട്ടോ. അതായത് ഏത് ഇന്‍സ്റ്റിട്യൂഷനായാലും ആഡിറ്റ് തുടങ്ങുന്ന ആദ്യത്തെ ദിവസം നമ്മള്‍എല്ലാവരും അവിടെ ഹാജരുണ്ടാവണം. ബാക്കിയുള്ള ദിവസങ്ങളില്‍ നമുക്ക് ഒരഡ്ജസ്റ്റ്‌മെന്റിലങ്ങ് പോകാം. ഏത്?
-ശെരി സാര്‍. അക്കാര്യം ഞാന്‍ ഏറ്റു.
പക്ഷേ ആ ഏറ്റതുമാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. പ്രോഗ്രാമിലുണ്ടായിരുന്ന ആദ്യത്തെ 3 ഇന്‍സ്റ്റിട്യൂഷനിലും ആദ്യദിവസം ആന്റണ്‍ മുങ്ങി!
മൂന്നാമത്തെ ഇന്‍സ്റ്റിട്യൂഷനിലെ ആഡിറ്റ് വൈന്‍ഡപ്പ് ചെയ്തന്ന് ആന്റണ്‍ പോയിക്കഴിഞ്ഞപ്പോള്‍ ആശാന്‍ സാറ് മറ്റുള്ളവരോട് പറഞ്ഞു:
-അതേയ്, അടുത്തതായി നമ്മള്‍ ആഡിറ്റ് ചെയ്യാന്‍ പോകുന്നത് പ്രോഗ്രാമില്‍ പറയുന്ന നാലാമത്തെ ഇന്‍സ്റ്റിട്യൂഷനിലല്ല, അഞ്ചാമത്തേതിലാണ്....
പതിവുപോലെ ആദ്യത്തെ ദിവസം മുങ്ങി ആന്റണ്‍ വില്‍ഫ്രഡ് നാലാമത്തെ ഇന്‍സ്റ്റിട്യൂഷനിലെത്തുമ്പോള്‍ അവിടെ ആഡിറ്റ് പാര്‍ട്ടിക്കാരുടെ അഡ്രസ്സില്ല!
അതിന്റെ തൊട്ടുപിറ്റേന്നും അതിന്റെ പിറ്റേന്നും പാര്‍ട്ടിക്കാരെ കണ്ടില്ല1
എന്തിനധികം ആഡിറ്റ് വൈന്‍ഡപ്പ് ചെയ്യേണ്ട ദിവസവം പോലും ആരേയും കണ്ടില്ല!
വിളിച്ചു ചോദിക്കാമെന്നുവെച്ചാല്‍ അന്ന് ഇന്നത്തെപ്പോലെ മൊബൈലുമില്ല.

ആന്റണ്‍ പ്രോഗ്രാം നോക്കി. അഞ്ചാമത്തെ പ്രോഗ്രാം അഞ്ചേരി ഗവണ്മെന്റ് സ്‌കൂളിലാണ്.ആശാന്‍ സാറിനെ അനുനയിപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെ ആദ്യദിവസം അതിരാവിലെ തന്നെ ആന്റണ്‍ അവിടെയെത്തി.
പക്ഷേ ആന്റണ്‍ മനസ്സില്‍ കണ്ടത് ആശാന്‍ സാറ് മാനത്തുകണ്ടു!
അന്നു രാവിലെ അദ്ദേഹം മറ്റുള്ളവരേയും കൂട്ടി എട്ടാമത്തെ ഇന്‍സ്റ്റിട്യൂഷനില്‍ ചെന്ന് ആഡിറ്റ് തുടങ്ങി!

ഒരൊന്നൊന്നര മാസത്തോളം ഈ ഒളിച്ചുകളി തുടര്‍ന്നു.
വില്‍ഫി ചെല്ലുന്നിടത്ത് ആഡിറ്റ് പാര്‍ട്ടിയില്ല. ആഡിറ്റ്പാര്‍ട്ടി ചെല്ലുന്നിടത്ത് വില്‍ഫിയുമില്ല!
ഫലമോ?
അറ്റന്‍ഡന്‍സ് റെജിസ്റ്ററിലെ ആബ്‌സന്‍സ് റെഗുലറൈസ് ചെയ്യാതെ പറ്റില്ലല്ലൊ.
ഏതാണ്ട് നാല്‍പത്തഞ്ചോളം ലീവാണ് ആന്റണ്‍ വില്‍ഫ്രഡിന് ആ ഇനത്തില്‍ നഷ്ടപ്പെട്ടത് !!!

1 comment:




  1. കഥ ഉഗ്രനായി. ബിയ്യാറിന് അഭിനന്ദനങ്ങൾ.പക്ഷേ ഒരു വിരുദ്ധ അഭിപ്രായം ഉണ്ട്.
    വിൽഫി അണ്ണൻ എന്റെ പാർട്ടിയിൽ കുറേക്കാലം ഉണ്ടായിരുന്നു.ബിയ്യാർ കഥയാക്കിയത് പോലുള്ള ഒരു ആളേ അല്ല അദ്ദേഹം. പാർട്ടിയുമായി ഏറെ ഒത്തു പോകുന്ന ഒരു പെർഫെക്റ്റ് ഓഡിറ്റർ ആയിരുന്നു വിൽഫി. ഓഡിറ്റ് സംബന്ധമായ എല്ലാ ഉപകരണങ്ങളും സ്വന്തമായി തന്നെ കരുതണം എന്ന് നിർബന്ധമുണ്ടായിരുന്നു. ഇത് മൂലം ഒരു തവണ പോലീസ് സ്റ്റേഷനിൽ തന്നെ കയറേണ്ടി വന്നത് ബിയ്യാര് തന്നെ കഥയാക്കിയിട്ടുണ്ടല്ലോ?

    പക്ഷേ ഇക്കഥയിൽ പറയുന്ന തരത്തിലുള്ള ഒരാൾ തൃശൂർ ഓഫീസിൽ നിന്ന് തന്നെ എന്റെ പാർട്ടിയിൽ ഉണ്ടായിരുന്നു. ഒരു ദിവസം വന്നാൽ പിന്നെ കൃത്യമായി ഒരാഴ്ച മുങ്ങും. മുൻകൂട്ടി ഒരു സൂചനയും തരികയില്ല, എന്നാല് വരുന്ന ദിവസം എന്തെങ്കിലും പണിയെടുക്കുമോ? അതുമില്ല!!! എന്തെങ്കിലും പണി അറിയാമോ? അതുമില്ല!!! (വിൽഫിയന്നന്റെ നേരെ എതിർ കഥാപാത്രം!!!)
    അവസാനം സഹികെട്ട് എനിക്കും ഒരു 'ആശാൻ' ആകേണ്ടി വന്നു. ലീവ് മുഴുവൻ നേരത്തേ തന്നെ കഴിഞ്ഞിരുന്നത് കൊണ്ട് കുറെ ദിവസം ലോസ് ഓഫ് പേ ആക്കേണ്ടിവന്നൂ.
    ആളേ കുറിച്ച് ഒരു ക്ലൂ തരാം. ശ്രീരാമന്റെ സന്തത സഹചാരിയായ അനുജൻ, പാലക്കാട്ടുകാരൻ (തൃശൂരിലെ പഴയ ആളുകൾക്ക് ക്ലുവിന്റെ ഒന്നും ആവശ്യമില്ലെന്ന് അറിയാം ആളെ മനസ്സിലാവാൻ)

    ReplyDelete