rajasooyam

Friday, June 23, 2017

സൗന്ദര്യപ്പിണക്കം

വേണുപ്പണിക്കരും(Mob:9446097544) വനജാക്ഷിയമ്മയും ആദര്‍ശദമ്പതികളാണെങ്കിലും അവര്‍ തമ്മിലുള്ള അന്തര്‍ധാര അത്ര സജീവമല്ലെന്നുവേണം കരുതാന്‍. അതുകൊണ്ടാവണം രണ്ടുപേരുംതമ്മില്‍ ഇടക്കിടെ സൗന്ദര്യപ്പിണക്കങ്ങളുണ്ടാകുന്നത്.
അക്ഷരാര്‍ത്ഥത്തില്‍ തന്നെയുള്ള സൗന്ദര്യപ്പിണക്കങ്ങളാണ് അവ.
സപ്തതിയിലേക്ക് കാലും കൈയും നീട്ടിയിരിക്കുന്ന പണിക്കര്‍ ഒരു
മധുരപ്പതിനേഴുകാരനെപ്പോലെ അണിഞ്ഞൊരുങ്ങി ചെത്തിനടക്കുന്നതു കാണുമ്പോള്‍
പണിക്കത്ത്യാര്‍ക്ക് അസൂയയോടൊപ്പം ഒരു ആന്തലാണ്.
സുകുമാരകളേബരനെ യുവതികളാരെങ്കിലും കിട്ണാപ്പ് ചെയ്ത് തട്ടിക്കൊണ്ടുപോയാലോന്നാണ്ശ്രീമതിയുടെ പേടി.

പണിക്കര്‍ എന്നും രാവിലെ പ്രാഥമികവും ദ്വിതീയവുമായ കര്‍ത്തവ്യങ്ങള്‍ക്കുശേഷം മീശയിലും
തലമുടിയിലും പുരികങ്ങളിലും കൈത്തണ്ടയിലെ രോമങ്ങളിലുമെല്ലാം ഗോദ്‌റേജിന്റെ ആപ്പ്
ഇന്‍സ്റ്റാള്‍ ചെയ്യാന്‍ തുടങ്ങും. അതുകാണുമ്പോള്‍ വനജാക്ഷിയമ്മ ഒന്നും രണ്ടും പറയും.
പണിക്കര്‍ മൂന്നും നാലും മറുപടി പറയും. പിന്നെ പണിക്കര്‍ ഇന്ദുലേഖ ഫേസ്  പാക്ക്
കൈയിലെടുക്കുമ്പോള്‍ ശ്രീമതി അഞ്ചും ആറും പറയും. അപ്പോള്‍ പണിക്കര്‍ ഏഴും എട്ടും
തിരിച്ചുപറയും.

പിണക്കമായാല്‍ പിന്നെ രണ്ടാളും പരസ്പരം മിണ്ടില്ല. മിനിമം രണ്ടുദിവസമുണ്ടാവും മൗനവ്രതം. അതുകഴിയുമ്പോള്‍ ഏതോ സിനിമാപ്പാട്ടില്‍ പറഞ്ഞപോലെ
ആരാദ്യം മിണ്ടും... ആരാദ്യം മിണ്ടും... മിണ്ടാനിനി വയ്യ... മിണ്ടാണ്ടും വയ്യ... എന്ന സ്ഥിതിയാകും.
അതാണ് അതിന്റെയൊരു നാള്‍വഴി.

അന്നു സംഭവിച്ചതും അതൊക്കെ തന്നെയായിരുന്നു.
പക്ഷേ വൈകീട്ട് കിടക്കാന്‍ നേരമാണ് പണിക്കര്‍ ഒരു കാര്യം ഓര്‍ത്തത്: പിറ്റേന്ന് രാവിലെ
5 മണിക്ക് ഏണീക്കണം. അതിന് വനജാക്ഷിയമ്മേടെ സഹായം വേണ്ടിവരും.
സാധാരണ രാവിലെ എട്ടുമണിക്കാണ് പണിക്കര്‍ ഉറക്കമുണരുക. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍
നേരത്തെ വിളിച്ചുണര്‍ത്താന്‍ ശ്രീമതിയെ ചട്ടംകെട്ടുകയാണ് പതിവ്.
അല്ലാതെ അലാറമൊന്നും വെക്കാറില്ല. വെച്ചാലും കാര്യമില്ല. അത് അവിടെയിരുന്ന് അലറി വിളിച്ചാലും പണിക്കരറിയാറില്ല.
സംഭവദിവസം പണിക്കര്‍ അങ്ങനെ ആകപ്പാടെ ആപ്പിലായിപ്പോയി. പിണക്കമായതുകൊണ്ട്
ശ്രീമതിയോട് നേരത്തെ വിളിച്ചുണര്‍ത്താന്‍ പറയാന്‍ പറ്റില്ലല്ലൊ...

ഏറെ നേരം ആലോചിച്ചതിനുശേഷമാണ് പണിക്കര്‍ക്ക് ആ ഉപായം വീണുകിട്ടിയത്.
പുള്ളിക്കാരന്‍ മേശയില്‍ നിന്ന്  കാല്‍പായ കടലാസെടുത്ത് അതില്‍ ഇങ്ങനെയൊരു
കുറിപ്പെഴുതി പണിക്കത്ത്യാരുടെ തലയിണമേല്‍ വെച്ചു:
''നാളെ കൂറ്റനാട് ഉണ്ണിക്കൃഷ്ണപ്പണിക്കരെ കണ്ട്  പ്രശ്‌നം നോക്കാന്‍ തിരുവനന്തപുരത്തുനിന്ന് ഒരു പാര്‍ട്ടി വരുന്നുണ്ട്. തൃശ്ശൂരില്‍ നിന്ന് അവരെ കൂട്ടിക്കൊണ്ടുപോകാമെന്ന് ഞാന്‍
ഏറ്റിട്ടുള്ളതും അതിനുള്ള കമ്മീഷന്‍ കൈപ്പറ്റിയിട്ടുള്ളതുമാണ്. അവര്‍ രാവിലെ 7 മണിക്ക്
തൃശ്ശൂരെത്തും. എന്നെ 5 മണിക്ക് വിളിക്കണം''.

പക്ഷേ പിറ്റേന്ന് പണിക്കര്‍ ഉണര്‍ന്നുനോക്കുമ്പോള്‍ പതിവുപോലെ മണി 8.
കിടക്കപ്പായില്‍നിന്ന് ഞെട്ടിപ്പിടഞ്ഞെണീറ്റ പണിക്കര്‍ താന്‍ തലേന്ന് എഴുതിവെച്ച
കുറിപ്പ് അവിടെയുണ്ടോന്നു നോക്കി.
അപ്പോഴുണ്ട് അതിന്റെ സ്ഥാനത്ത് മറ്റൊരു കുറിപ്പിരിക്കുന്നു.
അതില്‍ ഇങ്ങനെ എഴുതിയിരുന്നു:
''മണി 5 ആയി. വേണങ്ങെ എണീറ്റൊ'' !!!

Friday, June 16, 2017

മറവിശക്തി

കഴിഞ്ഞകൊല്ലം ഈ സമയത്ത് കോട്ടയം ജില്ലയുടെ പ്രാന്തപ്രദേശത്തുള്ള ചാത്തോത്തില്ലത്ത്
ഇമ്മിണി വലിയ നാരായണന്‍ നമ്പൂതിരിയുടെ മേല്‍നോട്ടത്തില്‍ ആയുര്‍വേദ
ചികിത്സയിലായിരുന്നു എന്‍ബി പരമേശ്വരന്‍ തിരുമേനി.
അസുഖം മറ്റേതുതന്നെ. ച്ചാല്‍ ഓര്‍മ്മക്കുറവ്.
2 മാസത്തെ ഉഴിച്ചിലും പിഴിച്ചിലും കിഴിച്ചിലും മറ്റും കഴിഞ്ഞപ്പോഴേക്കും എന്‍ബിക്ക് നല്ല
ഓര്‍മ്മശക്തിയായെന്നാണ് ഇടനിലക്കാരനും ബ്രോക്കറും കമ്മീഷന്‍ഏജന്റും മറ്റുമായ
കുറൂര്‍ മനയ്ക്കലെ സൂമാരന്‍ തിരുമേനി പറഞ്ഞത്.

രണ്ടുമാസത്തെ പ്രസ്തുത ചികിത്സ കഴിഞ്ഞ് രണ്ടാഴ്ച പിന്നിട്ടപ്പോഴാണ് ഈ സംഭവം:
എന്‍ബി ഒരു ട്രെയിന്‍ യാത്രയിലാണ്. അര്‍ദ്ധസുഷുപ്തിയിലായിരുന്ന തിരുമേനി എന്തോ
സ്വപ്നം കണ്ടിട്ടെന്നപോലെ ഞെട്ടിയുണര്‍ന്ന് ദേഹമാസകലം തപ്പലോടുതപ്പല്!
പരിഭ്രാന്തിയോടെയുള്ള ഈ തപ്പല് കണ്ടപ്പോള്‍ അടുത്തിരുന്നവര്‍ ചോദിച്ചു:
-എന്താ തപ്പുന്നത്?
-ന്റെ ടിക്കറ്റ് കാണണ്ല്ല്യ
    അതിന് അങ്ങനെ ബേജാറാവേണ്ട കാര്യമില്ലെന്നും സാധാരണ ഈ ട്രെയിനില്‍ ടിടിആര്‍
കേറാറില്ലെന്നും പറഞ്ഞ്  ഒരാള്‍ തിരുമേനിയെ സമാധാനിപ്പിച്ചു. അയാള്‍ അതങ്ങ് പറഞ്ഞ്
നാവെടുത്തില്ല; അപ്പോഴേക്കും അതാ ടിടിആര്‍ തിരുമേനിയുടെ നേരെ മുന്നില്‍!
കണ്ടാല്‍ ഒരു കണ്ടാമൃഗത്തെപ്പോലെയുണ്ടായിരുന്നെങ്കിലും ആളൊരു തരളഹൃദയനായിരുന്നു.
തിരുമേനിയുടെ തപ്പലും പരുങ്ങലും കണ്ടപ്പോള്‍ ടിടിആര്‍ ചോദിച്ചു:
-എന്തു പറ്റി?
-സാര്‍, എന്റെ ടിക്കറ്റ് കാണാന്‍ല്ല്യ
-ടിക്കറ്റ് എടുത്തായിരുന്നോ?
-ഉവ്വുവ്വ്
-എന്താ നിങ്ങടെ പേര്?
-എന്‍ബി പരമേശ്വരന്‍
-എന്തു ചെയ്യുന്നു?
-അക്കൗണ്ടാപ്പീസില്‍ കണക്കെഴുത്താണ്
-കൈയില്‍ ആപ്പീസിലെ ഐഡി കാര്‍ഡുണ്ടോ?
    എന്‍ബി കാര്‍ഡെടുത്ത് കാണിച്ചു. അതു കണ്ടപ്പോള്‍ ആളൊരു ഫ്രാഡല്ലെന്നു
തോന്നിയിട്ടാവണം കൂടുതല്‍ നടപടികളിലേക്ക് കടക്കാതെ ടിടിആര്‍ പിന്‍വാങ്ങി.

    ടിടിആര്‍ സ്ഥലംവിട്ടിട്ടും പക്ഷേ തിരുമേനി തപ്പല് നിര്‍ത്തുന്നില്ല!
ഷര്‍ട്ടിന്റെ പോക്കറ്റിലുണ്ടായിരുന്ന സകല സ്ഥാവരജംഗമസ്വത്തുക്കളും വലിച്ചുവാരി
പുറത്തിട്ടുനോക്കി. പിന്നെ ആ കമ്പാര്‍ട്ടുമെന്റിലെ സീറ്റുകള്‍ക്കടിയില്‍ അവിടവിടെ കിടന്നിരുന്നസകല കടലാസ് ചുരുളുകളും നിവര്‍ത്തി പരിശോധിച്ചു. ടിക്കറ്റ് മാത്രം കിട്ടിയില്ല.
തിരുമേനിയുടെ ഈദൃശ പ്രവൃത്തികള്‍ കണ്ട് കൗതുകം തോന്നിയ മറ്റൊരു സഹയാത്രികന്‍
ചോദിച്ചു:
-ടിടിആര്‍ വന്നുപോയില്ലേ. ഇനിയും എന്തിനാ ടിക്കറ്റും തപ്പിക്കൊണ്ടിരിക്കണത്?
-ടിക്കറ്റുകൊണ്ട് ഒരത്യാവശ്യണ്ടേയ്
-അതെന്താ ഇത്ര അത്യാവശ്യം?
-ഒരു കാര്യം അറിയാനാണ്. ടിക്കറ്റ് നോക്ക്യാലേ അത് അറിയാമ്പറ്റൂ
-മനസ്സിലായില്ല. ടിക്കറ്റ് നോക്ക്യാ എന്തറിയാന്‍ പറ്റുംന്നാണ്?
-ഞാന്‍ ഇപ്പൊ എങ്ങടാ പോണേന്ന് !!!

Friday, June 9, 2017

ട്രമ്പ് !

വാസ്തവത്തില്‍ ആ പൂച്ചക്ക് അങ്ങനെ ചെയ്യേണ്ട യാതൊരു കാര്യവുമുണ്ടായിരുന്നില്ല.
അയല്‍വക്കത്തെ പട്ടിയുമായി ഒന്നും രണ്ടും പറഞ്ഞ് തെറ്റി എന്നത് ശെരി.
വാഗ്വാദത്തിനിടെ പട്ടി കടിക്കാന്‍ ഓടിച്ചതും ശെരി.
എന്നുവെച്ച് മുന്നും പിന്നും നോക്കാതെ പത്തുനാല്പതടി ഉയരമുള്ള തെങ്ങിന്റെ മണ്ടയിലേക്ക് ഓടിക്കേറുകയാണോ വേണ്ടത്?
ആത്മരക്ഷാര്‍ത്ഥം എന്ന ക്ലിഷേ ഉപയോഗിച്ച് പറഞ്ഞുനില്‍ക്കാമെങ്കിലും കോളണിക്കാരില്‍
പലരും അത് മുഖവിലക്കെടുക്കുന്നില്ല.
മാര്‍ജ്ജാരന്‍ ഓവര്‍സ്മാര്‍ട്ടാവാന്‍ നോക്കിയതാണെന്നാണ് പലരുടേയും മതം, ജാതി, വര്‍ഗ്ഗം,
ഗോത്രം.
അതെന്തു കുന്തമായാലും സംഗതി വല്ലാത്ത പൊല്ലാപ്പായെന്നു പറഞ്ഞാ മതീലൊ.
അന്നേരത്തെ ഒരു ഊറ്റത്തിന് അങ്ങ് കേറിപ്പോയെങ്കിലും കൂറ്റന്‍ ക്യാറ്റിന് താഴെയിറങ്ങാന്‍
പറ്റണ്ല്ല്യാന്നേയ്!
പണ്ട് എംഡി കൃഷ്‌ണേട്ടന്‍ തേക്കേല്‍ കേറിയില്ലേ- അതേ അവസ്ഥ!
അപകടമൊന്നും പറ്റാതെ പൂച്ചസന്ന്യാസീനെ എങ്ങനെ താഴെയിറക്കും?
അതായി കോളണിക്കാരുടെ മൊത്തം ചിന്തയും ദേശാഭിമാനിയും.
ദൈവം സഹായിച്ച് സിവിലിയന്‍സിനിടയില്‍ അഭിപ്രായങ്ങള്‍ക്ക് യാതൊരു പഞ്ഞവുമുണ്ടായില്ല:
-നമുക്കൊരു ഏണി വെച്ചുകൊടുത്താലോ...
-കോണിയായാല്‍ പോരേ...
-അതിന് 40 അടി നീളമുള്ള കോണി എവിടെ കിട്ടാനാ?
-താഴെ വല വിരിച്ച് കല്ലെറിഞ്ഞ് വീഴ്ത്തിയാലോ?
-അതിലൊരു ഹിംസേടെ എലെമെന്റില്ലേ ഹംസേ. അതിലും നല്ലത്
മര്യാദക്ക് താഴെയിറങ്ങിവരാന്‍ മൈക്കിലൂടെ അനൗണ്‍സ് ചെയ്യുന്നതല്ലേ...
-ഒവ്വ! പറയേണ്ട താമസേള്ളു
-എന്നാ പിന്നെ ഫയര്‍ഫോഴ്‌സിനെ വിളിക്കാം
-എന്റെ മാഷേ, ഈ ചീള് കേസിനൊന്നും അവര് വരാമ്പോണില്ല

 പിന്നേയും പലരും പലരും പലതും പംക്തിയില്‍ പങ്കെടുത്തെങ്കിലും ഒരു ലോജിക്കല്‍
കണ്‍ക്ലൂഷനില്‍ എത്താന്‍ കഴിഞ്ഞില്ല.
അന്നേരം മിസിസ് ബിആര്‍ ബിആറിന്റെ കാതില്‍ മന്ത്രിച്ചു:
-അതേയ്. ഇതിങ്ങനെ ചര്‍ച്ച ചെയ്‌തോണ്ടിരുന്നിട്ട് യാതൊരു കാര്യോല്ല്യ. നേരം കളയാതെ വേഗം  ട്രമ്പെടുത്ത് വീശാന്‍ നോക്ക്...
-മനസ്സിലായില്ല
-എന്റെ മന്ഷ്യാ. ഇത്തരം കൊനുഷ്ഠ്  പ്രശ്നങ്ങള്‍ വരുമ്പോള്‍ നമ്മള്‍ അക്കൗണ്ടാപ്പീസുകാര്‍ സാധാരണയായി എന്താണ് ചെയ്യാറ്? അതങ്ങ് ചെയ്‌തേച്ചാ മതി.
-എന്താണത്? റിട്ടയര്‍ ചെയ്തപ്പൊ അത് മറന്നുപോയി
-ശ്രീകുമാറിനെ വിവരമറിയിക്ക! ബാക്കി കാര്യം സഖാവ് നോക്കിക്കോളും!!!