rajasooyam

Thursday, August 18, 2022

 

സമസ്യാപൂരണം

 

-ഹലോ, എസ്റ്റാബ്ലിഷ്‌മെന്റ് സെക്ഷനല്ലേ?

-അതേ.

-ഇത് എന്‍ബി പരമേശ്വരനാണ്, കോ-ഓപ്പറേറ്റീവ് സൊസൈറ്റീന്ന്.

-ങ. എന്താ തിരുമേനീ, ഡിമാന്റ് സ്റ്റേറ്റ്‌മെന്റ് റെഡിയായിട്ട്ണ്ടാവ്ല്ല്യ അല്ലേ?  ഇന്ന് 5 മണിക്ക് മുമ്പ് കിട്ടണംട്ടോ.

-ശ്ശെ. ഇതതല്ലാന്ന്.

-പിന്നെ?

-ഞാനിവിടെ മോട്ടോര്‍ സൈക്ക്ള്‍ അഡ്വാന്‍സിന്റെ ഫോം ഫില്ലപ്പ്

 ചെയ്‌തോണ്ടിരിക്ക്യാണേയ്. അതിലെ ഒരു കോളം പൂരിപ്പിക്കുമ്പൊ നിയ്ക്കൊരു സംശയം.  അതൊന്ന് പറഞ്ഞുതരണം, പ്ലീസ്.

-കൊള്ളാം. ഏതാ കോളം?

-സെക് ഷന്‍ ഇന്‍ വിച്ച് ദ അപ്പ്‌ളിക്കന്റ് വര്‍ക്ക്‌സ് (?!!!)

Monday, August 15, 2022

 

കൗണ്‍സലിങ്ങ്

(ഇത് എന്നാണ് റെക്കോഡ് ചെയ്തതെന്ന് ഓർമ്മയില്ല. ഇടയ്ക്ക് ബാലുവും കയറിവരുന്നുണ്ട്)

 

അസോസിയേഷന്റെ അച്ചടക്കസമിതി അദ്ധ്യക്ഷന്‍ സ്റ്റാലിന്‍ ബാബുവിന് പിടിപ്പത്

പണിയാണിപ്പോള്‍.

അണികള്‍ ഇങ്ങനെ തുടങ്ങിയാല്‍പിന്നെ എങ്ങനെയാണ് ബാബുവിന്

പണിയില്ലാതാവുക.

ഹ്യര്‍ ഈസ് ദ ലേറ്റസ്റ്റ് എപ്പിസോഡ് :

 

ആര്‍ കണ്ണന്‍ തന്നെ ലാടന്‍ തിരുമേനീന്ന് വിളിച്ചെന്ന് എന്‍ബി !

എന്‍ബി തന്നെ കിണ്ണാ എന്നുവിളിച്ചെന്ന് കണ്ണനും!

ആര് ആരെ ആദ്യം വിളിച്ചു എന്നത് തര്‍ക്ക വിഷയം.

 

സോദരര്‍ തമ്മിലെ പോരൊരു പോരല്ലെന്നിരിക്കലും മാറിയ സാഹചര്യത്തില്‍

അച്ചടക്കനടപടി എടുക്കാതെ വയ്യ.

2 പ്രതികളും അച്ചടക്കസമിതി മുമ്പാകെ ഹാജരാകാന്‍ സ്റ്റാലിന്‍ ബാബു നോട്ടീസയച്ചു.

 

കൂട്ടുപ്രതികള്‍ യഥാവിധി ഹാജരായപ്പോള്‍ സ്റ്റാലിന്‍ പറഞ്ഞു:

-ഇനി മേല്‍ അച്ചടക്കമില്ലായ്മയും അച്ചപ്പം തീറ്റയും വെച്ചുപൊറുപ്പിക്കാന്‍

 പറ്റില്ലെന്നാണ് മോളീന്നുള്ള ഉത്തരവ്്. നമ്മടെ ബാലൂന്റെ കാര്യം നിങ്ങക്കറിയാലൊ,.

-എന്തു പറ്റി ബാലകന്?

-പ്ലീനം റാലിയില്‍ പങ്കെടുക്കാന്‍ അനുവദിക്കണം എന്ന പുള്ളിക്കാരന്റെ അപേക്ഷ

എക്‌സിക്യൂട്ടീവ് കമ്മറ്റി നിഷ്‌കരുണം തള്ളിക്കളയുകയായിരുന്നു!

-ഉവ്വ്വോ? എന്താണാവോ കാരണം?

-ഫയല് പരിശോധിച്ചപ്പൊ 2012 ആഗസ്റ്റ് 12ന് ഹെഡ് പോസ്‌റ്റോഫീസിനുമുമ്പില്‍

 കോണ്‍ഫെഡറേഷന്‍ നടത്തിയ ധര്‍ണ്ണയില്‍ പുള്ളിക്കാരന്‍ പങ്കെടുത്തിട്ടില്ല...

-ഈശ്വരാ!

-ഈശ്വരനെ വിളിച്ചിട്ടൊന്നും കാര്യല്ല്യ.

-അപ്പൊപ്പിന്നെ എന്തു ചെയ്യും?

-ശിക്ഷ വേണ്ടെങ്കില് രണ്ടാളും തമ്മില് ഒത്തുതീര്‍പ്പാവാന്‍ നോക്ക്.

 

എന്‍ബി പറഞ്ഞു:എന്റെ പട്ടി വരും ഒത്തുതീര്‍പ്പിന്.

അപ്പോള്‍ കണ്ണന്‍: പട്ടിയുമായി ഒരൊത്തുതീര്‍പ്പുചര്‍ച്ചക്കും ഞാന്‍ തയ്യാറല്ല.

അപ്പോള്‍ സ്റ്റാലിന്‍: എന്നാപ്പിന്നെ ശിക്ഷ ഏറ്റുവാങ്ങാന്‍ രണ്ടുപേരും തയ്യാറെടുത്തോളൂ.

 

-എന്താണ് ശിക്ഷ?

-കിഴക്കിന്റെ പുത്രിയും പോരാട്ടത്തിന്റെ പെണ്‍വഴികളും പത്തുകോപ്പിവീതം രണ്ടാളും 

 വാങ്ങണം.

-വാങ്ങിയാല്‍ മാത്രം മതിയോ?

-പോരാ. വായിക്കയും വേണം.

-അയ്യൊ. അതിലും ഭേദം ഒത്തുതീര്‍പ്പാണ്

-അങ്ങനെ വഴിക്ക് വാ

-ഏതാ വഴി?

-കുറ്റപ്പേര് വിളിച്ചതിന് രണ്ടുപേരും പരസ്പരം മാപ്പ് ചോദിക്കണം.

 

അപ്പോള്‍ കണ്ണന്‍: എന്‍ബിയെ കുറ്റപ്പേര് വിളിച്ചതിന് ഞാന്‍ നിരുപാധികം

മാപ്പ് ചോദിക്കുന്നു.

അപ്പോള്‍ എന്‍ബി: കണ്ണനെ കുറ്റപ്പേര് വിളിച്ചതിന് ഞാനും മാപ്പ് ചോദിക്കുന്നു.

അതു കഴിഞ്ഞ് രണ്ടുപേരും കൂടി: മാപ്പ് പറഞ്ഞ സ്ഥിതിക്ക് പുസ്തകമെടുത്ത്

വീശുന്നതിനുമുമ്പ് ഞങ്ങള്‍ക്ക് പോകാമോ?

അപ്പോള്‍ സ്റ്റാലിന്‍: പോകാറായില്ല. ഇനി ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ നിങ്ങള്‍

എന്റെ വക ഒരു കൗണ്‍സലിങ്ങിനു വിധേയരാകണം.

 

ഏതാണ്ട് ഒരുമണിക്കൂര്‍ 38 മിനിറ്റ് നീണ്ട കൗണ്‍സലിങ്ങിനൊടുവില്‍ ബാബു പറഞ്ഞു: അപ്പൊ ഞാന്‍ പറഞ്ഞതൊക്കെ കേട്ടല്ലൊ. ഇനി രണ്ടുപേരും പരസ്പരം കൈ

കൊടുത്ത്  വിഷ് ചെയ്ത് പിരിഞ്ഞോളൂ.

 

അതുകേട്ടതും കണ്ണന്‍ ധൃതിയില്‍ എന്‍ബിക്ക് കൈ കൊടുത്തു.

നമ്പൂരിയായതുകൊണ്ടാവണം എന്‍ബി കണ്ണന് ഹസ്തം ദാനം ചെയ്യുകയായിരുന്നു,

പശുദ്ദാനം പോലെ.

 

അനന്തരം അടുത്ത ഞാറ്റുവേലക്ക് തമ്മില്‍ കാണാം എന്നും പറഞ്ഞ് രണ്ടുപേരും

ഇങ്ങനെ ഉപചാരം ചൊല്ലി പിരിഞ്ഞു:

'' അപ്പൊ ശെരി, ലാടന്‍ തിരുമേനീ'' !

'' ശെരി, കിണ്ണാ'' !!

Wednesday, August 3, 2022

 

എന്റര്‍ ദ വിഐപി        

(സത്യവാഗീശ്വരന്‍ സാറിന്റെ സെന്‍ഡോഫ്മീറ്റിങ്ങില്‍ ആന്റണി വില്‍ഫ്രെഡ് നടത്തിയ ആശംസാപ്രസംഗത്തില്‍ നിന്ന്)

 

……………….ആശാനെപ്പറ്റി പറയുമ്പോള്‍ എനിക്ക് ഒരുപാടൊരുപാട് പറയാനുണ്ട്. അതു മുഴുവന്‍ പറയാന്‍ തുടങ്ങിയാല്‍ വിമോചനസമരം അടുത്തിരിക്കുന്ന ഈ വേളയില്‍ എനിക്ക് നാളത്തെ ആദ്യത്തെ കുര്‍ബ്ബാനയ്ക്ക് പോകാന്‍ കഴിയില്ല്യ. ഇടയലേനം കേള്‍ക്കാനും പറ്റ്ല്ല്യ. അതുകൊണ്ട് ആശാനുമായി ബന്ധപ്പെട്ടതും എനിക്ക് ഒരിക്കലും മറക്കാന്‍ പറ്റാത്തതുമായ ഒരൊറ്റ സംഭവം മാത്രം പറഞ്ഞുകൊണ്ട് ഞാന്‍ മൈക്ക് അടുത്ത ആള്‍ക്ക് കൈമാറാം.

നാലഞ്ച് വര്‍ഷം മുമ്പാണ്. ഒരോണക്കാലം. നന്ദിലത്ത് ജി-മാര്‍ട്ടില്‍ വമ്പിച്ച ആദായവില്പനയുണ്ടെന്നുകേട്ട് ഒരു ടിവി നോക്കാന്‍ പോവുകയായിരുന്നു ഞാന്‍. വഴിക്ക് വെച്ച് ആശാനെ കണ്ടുമുട്ടി. 'വില്‍ഫി എവിടെപ്പോകുന്നു?''- ആശാന്‍ ചോദിക്കുന്നു. 'നന്തിലത്തില്‍ ഒരു ടിവി നോക്കാന്‍ പോകുന്നു''- ഞാന്‍ മറുപടി പറയുന്നു. അപ്പോള്‍ ആശാന്‍ 'എന്നാപ്പിന്നെ ഞാനും കൂടെ വരാം, ഞാനും കൊറേ നാളായി ഒരു ടിവി വാങ്ങണമെന്നു വിചാരിക്കുന്നു' എന്നും പറഞ്ഞ് എന്റെ കൂടെ കൂടി. നന്തിലത്തിന്റെ മുന്നിലെത്തിയപ്പോഴേക്കും എവിടെനിന്നോ പൊട്ടിവീണ ഒരു നാച്ചുറോപ്പതിക്കാരന്‍ എന്തോ സംശയം ചോദിക്കാനായി ആശാനെ പിടിച്ചുനിര്‍ത്തി. കടയ്ക്കകത്തിരിക്കുകയായിരുന്ന ഗോപു നന്തിലത്ത് ഞങ്ങള്‍ ചെല്ലുന്നത് ദൂരെനിന്നേ കണ്ടിരുന്നു. ഒരു തികഞ്ഞ ബിസിനസ്സ്‌മേനായ അദ്ദേഹം എണീറ്റുവന്ന് 'സാറിന്റെ പേരെന്താ, എവിടെ വര്‍ക്ക് ചെയ്യുന്നു' എന്നൊക്കെ ചോദിച്ച് എനിക്ക് ഷെയ്ക്ക് ഹാന്‍ഡ് തന്നു. പിന്നെ അല്പം ദൂരെനിന്ന് സംസാരിയ്ക്കയായിരുന്ന ആശാനെ   ചൂണ്ടിക്കാണിച്ച് ' ആ സാറിന്റെ പേരെന്താ, ജോലിയെന്താ' എന്നൊക്കെ ചോദിച്ചു. അപ്പോള്‍ ആശാന്റെ പേര് സത്യവാഗീശ്വരന്‍ എന്നാണെന്നും ഏജീസ് ഓഫീസില്‍ ആഡിറ്റാപ്പീസറാണെന്നും എല്ലാറ്റിനുമുപരി പേരുകേട്ട പ്രകൃതിചികിത്സകനാണെന്നുമൊക്കെ ഞാന്‍ അദ്ദേഹത്തെ പറഞ്ഞുമനസ്സിലാക്കി.

കുറച്ചുകഴിഞ്ഞപ്പോള്‍ നാച്ചുറോപ്പതിക്കാരന്‍ ആശാന്റെ പിടി വിട്ടു. ആശാന്‍ കടയുടെ ഡോറിലെത്തിയതും 'ഹലോ, സത്യവാഗീശ്വരന്‍ സാര്‍' എന്നു വിളിച്ച് ഗോപു നന്തിലത്ത് ആശാനെ സ്വാഗതം ചെയ്തു!

നഗരത്തില്‍ ഏറ്റവും മുന്തിയ ബിസിനസ്സുകാരന്‍ തന്നെ പേരെടുത്തുവിളിക്കുന്നതുകേട്ട് മേലാകെ കുളിരുകോരിയിട്ട ആശാന്‍ 'കണ്ടോരാ, ആണുങ്ങള്‍ക്ക് ആണുങ്ങളെയറിയാം, നിന്നെയൊക്കെ ആര്‍ക്കറിയാം' എന്ന മട്ടില്‍ ഇടംകണ്ണിട്ട് എന്നെയൊരു നോട്ടം നോക്കി!

ജീവിതത്തില്‍ ഒരിക്കലും ഞാന്‍ മറക്കില്ല ആ നോട്ടം!!!          

 


 

സബ്മിറ്റെഡ്

 

പല്ല് കടിച്ചുപിടിച്ചും താടിപിടിച്ച്പിഴുതും ശ്വാസം വലിച്ചുവിട്ടും മറ്റും നന്ദകുമാർ ചെയ്തുവെച്ച ഒരു പി എഫ് ക്ലോഷർ നിറഞ്ഞ ചിരിയോടെ ചെക്ക് ചെയ്തുകൊണ്ടിരിക്കുന്നതിനിടയിലാണ് രാധയെ ഡിഏജി വിളിപ്പിക്കുന്നത്.

കതകുതുറന്ന് ചിരിച്ചോണ്ട് കടന്നുചെന്ന രാധയോട് ഒട്ടും ചിരിക്കാതെ ഡിഏജി പറഞ്ഞു:

-രാധയെപ്പറ്റി ഒരു കംപ്ലെയ്ന്റ് കിട്ടിയിട്ടുണ്ട്.

-മനസ്സിലായി സർ. സത്യമായും ഞാൻ അത് മനപ്പൂർവം ചെയ്തതല്ല കേട്ടോ.

-അപ്പൊ എല്ലാം അറിഞ്ഞിട്ടാണ് വന്നിരിക്കുന്നത്. അല്ലേ?

 എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത്?

-അതേയ്. ഇന്നലെ ഉച്ചകഴിഞ്ഞാണ് സംഭവം. തെരക്കായതുകൊണ്ട് ചായകുടിക്കാനിറങ്ങാൻ അല്പം വൈകി. കടലാസെടുക്കാൻ മറന്നും പോയി.

-യു മീൻ കാന്റീൻ കൂപ്പൺ?

-അല്ല സർ. കടലാസ്

-എന്ത് കടലാസ്

-വട പൊതിയാനുള്ളത്

-അത് ശെരി...

-ചെന്നപ്പൊ ഒരു പഴം പൊരിയും ഒരു ഉള്ളിവടയും മാത്രമുണ്ട് ബാക്കി. ഒരു കൈയിൽ ഉള്ളിവടയും മറുകൈയിൽ ചപ്ലാം കട്ടയ്ക്കൊത്ത പഴം പൊരിയുമായി ഞാൻ സെക് ഷനിലേക്ക് നടന്നു. വഴിയിലെങ്ങും ഒരു കഷണം കടലാസ് തന്ന് സഹായിക്കാൻ ആരുമുണ്ടായില്ല. സെക് ഷനിൽ വന്ന് സീറ്റിലിരിക്കാൻ തുടങ്ങുമ്പൊ ബാബു വന്ന് ‘ഇത് മതിയാവ്വ്വോന്നു നോക്ക്’ എന്നും പറഞ്ഞ് ഒരു കഷണം കടലാസ് തന്നു. ചെറുതായിരുന്നെങ്കിലും അതുമതിയെന്നും പറഞ്ഞ് ഞാൻ അതുവാങ്ങി ഉള്ളിവടയും ചപ്ലാം കട്ടയും അതിൽ ഒരുവിധത്തിൽ ഒതുക്കിപ്പൊതിഞ്ഞ് മേശയ്ക്കകത്തുവെച്ചു....അന്നേരം ബാബു മുഖം വീർപ്പിച്ച് ശരം വിട്ടപോലെ പുറത്തേയ്ക്ക് പോകുന്നത് കണ്ടു കേട്ടോ. പക്ഷേ അപ്പൊ എനിക്കൊന്നും മനസ്സിലായില്ല്യ. പിന്നെ കുനിഞ്ഞിരുന്ന് കുലുങ്ങിച്ചിരിക്കുന്ന സീതാലക്ഷ്മി പറഞ്ഞപ്പോളാണ് ഞാൻ കാര്യമറിയുന്നത്; ബാബു തന്നത് സാറിന് സബ്മിറ്റ് ചെയ്യാനുള്ള നോട്ടായിരുന്നൂന്ന്! അയാം എക്സ്ട്രീം ലി സോറി സർ.

 

സമാധാനത്തിനുവേണ്ടിയുള്ള ത്യാഗങ്ങൾ

 

- താക്കോൽ കൊടുക്കാതരുണോദയത്തിൽ താനേമുഴങ്ങും വലിയോരലാറമായ പൂങ്കോഴിതൻ പുഷ്കലകണ്ഠനാദം കേൾക്കുമ്പോൾ തട്ടിപ്പിടഞ്ഞെണീക്കുക, അടുക്കളയിൽ ചെന്ന് കട്ടൻ കാപ്പിയിടുക, മുറ്റമടിക്കുക, പാത്രം മോറുക, പാല് കറക്കുക, പശൂനെ അഴിച്ച് കെട്ടുക, കോഴീനെ അഴിച്ച് വിടുക, കറിയ്ക്കരിയുക, ദോശയ്ക്കരയ്ക്കുക, ചോറുണ്ടാക്കുക, കറി വെക്കുക, വെള്ളം കോരുക, വിറക് വെട്ടുക, തുണിയലക്കുക തുടങ്ങി എപ്പേർപ്പെട്ട ഗൃഹജോലികളെല്ലാം ഇപ്പോൾ സാറാണ് ചെയ്യുന്നതെന്നു കേട്ടു. സംഗതി നേരാണോ?

- നേരാണ്

- അത്രയധികം ഗൃഹജോലികൾ ചെയ്ത് ഇത്രയധികം കഷ്ടപ്പെടുന്ന സാറ്‌ പക്ഷേ വൈഫ്  വിആർഎസ് എടുക്കാമെന്നു പറയുമ്പോൾ അതിനു സമ്മതിക്കുന്നുമില്ല! അതെന്താണ്?

-എഴുതി കൊളാക്കില്ലെങ്കിൽ പറയാം

-എഴുതില്ല. ധൈര്യമായി പറയൂ

-അത് പിന്നെ ആഴ്ചയിൽ അഞ്ചുദിവസമെങ്കിൽ അഞ്ചുദിവസം രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചരവരെ കിട്ടുന്ന ആ മനസ്സമാധാനമുണ്ടല്ലൊ. അത് വെറുതേ കളയണോ ഞാൻ?

 

Tuesday, August 2, 2022

 

പിശുക്കൻ

 

തൊള്ളായിരത്തി അമ്പതുകളുടെ അവസാനമാണ് കാലം.

ഇന്നത്തെപ്പോലെ അന്നും അക്കൗണ്ടാപ്പീസുണ്ട്.

അക്കൗണ്ടാപ്പീസിൽ ലിപി’യുമുണ്ട്.

ശിവരാമൻ തന്നെയായിരുന്നു അന്നും ലിപിയുടെ എഡിറ്റർ.

(ഓനില്ലാണ്ട് എന്ത് ലിപി?)

ലിപി ഇടയ്ക്കിടെ സാഹിത്യമത്സരങ്ങൾ നടത്തുമായിരുന്നു.

എൻട്രികൾ വായിച്ചുനോക്കുന്നതും മാർക്കിടുന്നതും വിധി പ്രസ്താവിക്കുന്നതും സമ്മാനം നിശ്ചയിക്കുന്നതുമെല്ലാം‍ ശിവരാമൻ തന്നെയായിരുന്നു.

അങ്ങനെയിരിക്കെ ഒരുനാൾ കവിസഹജമാ‍യ കൗതുകത്താൽ സാക്ഷാൽ ശങ്കരക്കുറുപ്പ് ലിപിയിലേക്കൊരു കവിതയയച്ചു.

മത്സരത്തിന്റെ റിസൽട്ടറിഞ്ഞതും കുറുപ്പ് പൊട്ടിക്കരഞ്ഞെന്നാണ് പറയപ്പെടുന്നത്.

കാരണം അദ്ദേഹത്തിന്റെ കവിതയ്ക്കായിരുന്നത്രേ അത്തവണ ഏറ്റവും കുറവ് മാർക്ക്!

പത്തിൽ വെറും രണ്ടേമുക്കാൽ !!!