rajasooyam

Sunday, March 31, 2024

 

കൊല്ലന്‍ തിരുമേനിയായ കഥ

 

(ഭട്ടിയില്‍ കുഴിയംകുന്നത്തുമനയ്ക്കല്‍ വലിയ നാരായണന്‍ നമ്പൂതിരി അവര്‍കള്‍ ചൊല്ലിക്കേട്ടത്)

 

തിരുമേനി കൊല്ലനോട് ഒരു പിശ്ശാങ്കത്തിയുണ്ടാക്കിത്തരാന്‍ പറഞ്ഞിട്ട് കൊല്ലം രണ്ട് കഴിഞ്ഞു. ചോദിക്കാന്‍ ചെല്ലുമ്പോഴൊക്കെ കൊല്ലന്‍ തിരുമേനിയോട് ഓരോരോ ഒഴിവുകഴിവ്‌ പറയും. പിന്നെപ്പിന്നെ തിരുമേനിയെ കാണുമ്പോള്‍ അയാള്‍ ഒഴിഞ്ഞുമാറാനും ഒളിച്ചുനില്‍ക്കാനും മറ്റും  തുടങ്ങി. ഏറ്റവുമൊടുവില്‍ തമ്മില്‍ കണ്ടപ്പോള്‍ ഇനി അത്ര പെട്ടെന്നൊന്നും  തിരുമേനി കത്തിയന്വേഷിച്ച് വരാതിരിക്കാനായി കൊല്ലന്‍ ഒരു സൂത്രമങ്ങ് പ്രയോഗിച്ചു. അയാള്‍ തിരുമേനിയോട് പറഞ്ഞു: “ കേട്ടോ തിരുമേനീ, തിരുമേനീടെ പിശ്ശാങ്കത്തിക്ക് ഒരാനക്കൊമ്പിന്‍റെ പിടിയിടണമെന്നാണ്‌ എന്‍റെ ആഗ്രഹം. ആനക്കൊമ്പാണേല്‍ കിട്ടാനുമില്ല. അതുകൊണ്ടാണ്‌ വൈകണത്. തിരുമനസ്സുകൊണ്ട് മറ്റൊന്നും തോന്നരുതേ...”

ഇതു കേട്ടതും തിരുമേനി പൊട്ടിത്തെറിച്ചു: “ ഏഭ്യ! ഈ നിസ്സാരകാര്യത്തിനായിരുന്നോ നീ എന്നെയിട്ട് വട്ടം കറക്കീത്? ആനക്കൊമ്പ് നോം നാളെത്തന്നെ കൊണ്ട്വരാം. നാളെത്തന്നെ കത്തിയും തരണം”.

ഇത് കേട്ടവാറെ കൊല്ലന്‍ അസാരം പരിഭ്രമിച്ചുവശായി. (പരിഭ്രമിച്ചവശനായി എന്നതിന്‍റെ ഷോര്‍ട്ട്).

തിരുമേനിയാണെങ്കില്‍  അന്നേരത്തെ  വാശിക്കങ്ങനെ അബദ്ധത്തില്‍ പറഞ്ഞുപോയതാണ്‌ ആനക്കൊമ്പ് കൊണ്ടുവരാന്ന്. പിന്നെ ഒരുമുറി കൊമ്പിനുവേണ്ടി തിരുമേനി മുട്ടാത്ത ആനവാതിലില്ലെന്നായി! സ്വന്തം കൊമ്പു മുറിക്കാന്‍ ഒരു കൊമ്പനും സമ്മതിക്കില്ലല്ലോ. പിടിയാണെങ്കില്‍ പറയുകയും വേണ്ട!

 

എന്തിനുപറയുന്നു, ഇപ്പോള്‍ കൊല്ലനെ കാണാതെ ഒളിച്ചുനടപ്പാണ്‌ തിരുമേനി!!!

 

Thursday, March 28, 2024

 

അറിയില്ല!

(സഖാവ് ശ്രീകുമാറിന്‌)

ഞാന്‍ എന്നോട് ചോദിച്ചു:

-നിന്‍റേതടക്കം അനവധി റിട്ടയര്‍മെന്‍റുകള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടില്ലേ നീ?

-ഉവ്വ്

-അന്നൊന്നുമില്ലാത്തവിധം ഇപ്പോഴെന്തേ ഈ വിങ്ങല്‍? ഈ ഇടര്‍ച്ച?

-അറിയില്ലെനിക്ക്...

അപ്പോഴും സാന്ത്വനവുമായി അവനെത്തി:

“ സഖാവേ, ഇന്ന് ദു:ഖവെള്ളിയായിരിക്കാം. പക്ഷേ ഓര്‍ക്കുക, പുറകേ വരുന്നുണ്ട് ഈസ്റ്റര്‍!...”.

 

Tuesday, March 26, 2024

 

ജയ് ശ്രീ (കുമാര്‍)

 

സഖാവ് ശ്രീകുമാറിനെപ്പറ്റി പണ്ട് മഹാകവി വള്ളത്തോള്‍ ഒരു കവിതയെഴുതിയിട്ടുണ്ട്. അത് അധികമാരും കേട്ടിട്ടുണ്ടാവാനിടയില്ല. ആ കവിതയിലെ ഒരു ഭാഗമാണ്‌ താഴെ കൊടുക്കുന്നത്:

ക്രിസ്തുദേവന്‍റെ പരിത്യാഗശീലവും

സാക്ഷാല്‍ കൃഷ്ണനാം ഭഗവാന്‍റെ ധര്‍മ്മരക്ഷോപായവും

ബുദ്ധന്‍റെയഹിംസയും ശങ്കരാചാര്യരുടെ ബുദ്ധിശക്തിയും

രന്തിദേവന്‍റെ ദയാവായ്പും

ശ്രീഹരിശ്ചന്ദ്രനുള്ള സത്യവും മുഹമ്മദിന്‍ സ്ഥൈര്യവു-

മൊരാളില്‍ ചേര്‍ന്നൊത്തുകാണണമെങ്കില്‍

ചെല്ലുവിന്‍ ഭവാന്മാരെന്‍ സഖാവിന്‍ നികടത്തില്‍

അല്ലെങ്കിലദ്ദേഹത്തിന്‍ ചരിത്രം വായിക്കുവിന്‍!”

 

അടിക്കുറിപ്പ്:

നമ്മള്‍ എല്ലാവരും പ്രാര്‍ത്ഥിച്ചതാണ്‌ ശ്രീകുമാര്‍ ഒരിക്കലും റിട്ടയര്‍ ചെയ്യല്ലേ എന്ന്! പ്രാര്‍ത്ഥന പക്ഷേ ഫലിച്ചില്ല. (എല്ലാവരും എന്നു പറഞ്ഞുകൂട. ഒരാള്‍ ഒഴികെ എല്ലാവരും എന്നതാണ്‌ ശരി. ആ ഒരാള്‍ വരുന്ന മെയ് 31ന്‌ വി ആര്‍ എസ് എടുത്ത്  പോവുകയാണെന്നു കേട്ടു. അതെന്തെങ്കിലുമാവട്ടെ).

സഖാവ് ശ്രീകുമാറിന്‌ വിശ്രമജീവിതം ഒഴികെയുള്ള എല്ലാ  സൗഭാഗ്യങ്ങളും ഉണ്ടാകട്ടെ എന്നാശംസിക്കുന്നു.

ജയ് ശ്രീ (കുമാര്‍)!!!