rajasooyam

Sunday, October 7, 2018


കാറ്ററാക്റ്റിന്റെ ഗുണദോഷങ്ങൾ
:ബേബി രാജൻ

കാറ്ററാക്റ്റിന് ഗുണമോ?
ഇതായിരിക്കുമല്ലോ വായനക്കാരുടെ മനസ്സിൽ ആദ്യമുയരുന്ന ചോദ്യം.
ഉവ്വ്. കാറ്ററാക്റ്റിനുമുണ്ട് ചില ഗുണവശങ്ങൾ. താഴെപറയുന്ന സംഭവകഥയിൽ നിന്ന് അത് വ്യക്തമാകും:

അന്നു രാവിലെ സുപ്രഭാതകൃത്യങ്ങൾക്കുശേഷം പ്രാതൽ കഴിച്ചുകൊണ്ടീരിക്കുമ്പോൾ രവീന്ദ്രൻ സാറ്‌  സഹധർമ്മിണിയായ ഭാരതിച്ചേച്ചിയോട് പറഞ്ഞു:
-അതേയ്, ഇന്നെനിക്ക് ടൌൺ വരെ ഒന്നു പോകണം
-എന്തിന്?
-ബാങ്കിൽ പോയി മസ്റ്ററിങ് നടത്തണം
-ചേട്ടൻ എന്താ ഈ പറയണേ! കാറ്ററാക്റ്റിന്റെ ഓപ്പറേഷൻ കഴിഞ്ഞിട്ട് ഒരുമാസല്ലേ ആയുള്ളൂ?
-ഒരു മാസം കഴിഞ്ഞില്ലേ. പിന്നെന്താ
-ഏയ്, അതൊന്നും ശെരിയാവില്ല
-നിനക്ക് എന്തിന്റെ പേട്യാ? എനിക്കിപ്പൊ ഒരു കൊഴപ്പോല്ല്യ
-അതല്ലാന്ന്. ഈ തെരക്കിന്റെടേല് ഇപ്പൊ പോണ്ട.
-എടീ മണ്ടീ. മസ്റ്ററിങ് ചെയ്തില്ലെങ്കില്  പെൻഷൻ കിട്ട്ല്ല്യ
-എന്നാപ്പിന്നെ ഞാനും കൂടെ വരാം
-എന്തിന്
-ഒരു ധൈര്യത്തിന്
            അങ്ങനെയെങ്കിൽ അങ്ങനെ എന്നും പറഞ്ഞ്  ‘കാന്താ‍..../ ഞാനും പോരാം.../തൃശ്ശൂർ.../ പൂരം കാണാ‍ൻ..’/എന്ന മൂളിപ്പാട്ടും പാടി രവീന്ദ്രൻ സാർ എഴുന്നേറ്റ് ഡ്രെസ്സ് ചെയ്യാൻ റൂമിലേക്ക് പോയി. അഞ്ച് മിനിറ്റിനകം പേന്റും കോട്ടുമിട്ട് തോൾസഞ്ചിയും തൂക്കി പുള്ളിക്കാരൻ പുറത്തുവന്നു.
പത്ത് മിറ്റിനകം ഭാരതിച്ചേച്ചിയും റെഡിയായി.
            ഡോറും പൂട്ടി രണ്ടുപേരും മുറ്റത്തെത്തിയപ്പോളാണ് ഭാരതിച്ചേച്ചി അക്കാര്യമോർത്തത്; രവിയേട്ടൻ കണ്ണട വെച്ചിട്ടില്ല.
വല്യ് പ്പ്ടത്തിന്റെ വട്ടത്തിലുള്ള ചില്ലുകളോടുകൂടിയാ ആ കറുത്ത കണ്ണട വെക്കാതെ പുറത്തിറങ്ങാൻ പാടില്ലെന്നാണ് ഡോക്ടർ പറഞ്ഞിരിക്കുന്നത്.
രവീന്ദ്രൻ സാറ്‌ പറഞ്ഞു: ഇനി അതിന്റെ ആവശ്യൊന്നൂല്ല്യ. നമുക്ക് പോകാം
            അത് ചെവിക്കൊള്ളാതെ ഭാരതിച്ചേച്ചി തിരിച്ചുകയറി തൊണ്ടിസാധനമെടുത്തുകൊണ്ടുവന്ന് കാന്തന്റെ മുഖത്ത് ഫിറ്റ് ചെയ്തു. അന്നേരം രവി സാറ്‌  ഉലകം ചുറ്റും വാലിബനിലെ എം ജി ആറിനെപ്പോലെയും കാവ്യമേളയിലെ പ്രേം നസീറിനെപ്പോലെയും മറ്റും ശോഭിച്ചു എന്നു പറഞ്ഞാൽ മതിയല്ലൊ!
            ആദ്യം കണ്ട വണ്ടിക്ക് കൈ കാണിച്ച് കയറി രണ്ടുപേരും ടൌണിൽ വന്നിറങ്ങി.
ബസ് സ്റ്റോപ്പിന്റെ മറുവശത്താണ് ബാങ്ക്.
റോഡ് മുറിച്ചുകടക്കണം. ( വാക്കത്തിയെടുത്തില്ലല്ലോ എന്നോർത്ത് രവിസാർ സ്വയം ചിരിച്ചു)
അതിനുവേണ്ടി കാന്തനും കാന്തയും വരയൻകുതിരവരയുടെ ഒരറ്റത്തുവന്നുനിന്നു.
നല്ല തിരക്കുണ്ടായിരുന്നു. വണ്ടികൾ തലങ്ങും വിലങ്ങും പായുന്നുണ്ട്.
കറുകറുത്ത കൂളിങ് ഗ്ളാസും വെച്ചുനിൽക്കുന്ന ചേട്ടന്റെ തൊട്ടടുത്താണ് ചേച്ചി നിലയുറപ്പിച്ചതെങ്കിലും തിരക്ക് കൂടിവന്നതോടെ ശ്രീമതി രണ്ടടി പിന്നിലായിപ്പോയി...
ജനം കൂട്ടത്തോടെ ക്രോസ്സ് ചെയ്യുകയാണ്.
പെട്ടെന്നതാ എം കൃഷ്ണൻ നായരുടെ ഭാഷയിൽ പറഞ്ഞാൽ സുന്ദരിയായ ഒരു തരുണി എവിടെനിന്നോ ഓടിവന്ന് ഞാൻ സഹായിക്കാം എന്നും പറഞ്ഞ് രവീന്ദ്രൻ സാറിന്റെ ഇടത്തേ ഉള്ളം കൈയിൽ പിടിച്ച് സീബ്രാ ലൈനിലൂടെ അദ്ദേഹത്തെ റോഡിന്റെ മറുവശത്തെത്തിക്കുന്നു!
ഏതോ സുഗന്ധവാഹിനിയായ കാറ്റിലൂടൊഴുകുന്ന അപ്പൂപ്പൻ താടിപോലെ മറുവശത്തെത്തിയ  രവി സാറ്  തിരിഞ്ഞുനോക്കുമ്പോൾ ഭാരതിച്ചേച്ചി വരയൻകുതിരവരയുടെ പാതി വരെയേ എത്തിയിട്ടുള്ളൂ...
ഞാൻ ഇവിടെയുണ്ട് എന്നറിയിക്കാനായി രവി സാർ കൈ ഉയർത്തിയതും മുൻപ് പറഞ്ഞതിനേക്കാൾ സുന്ദരിയായ മറ്റൊരു യുവതി ഓടിവന്ന്  ഐ ഷാൽ ഹെൽപ് യൂ അങ്ക്‌ൾ എന്നും പറഞ്ഞ് അദ്ദേഹത്തിന്റെ മറ്റേ കൈ പിടിച്ച് മറുവശത്തേക്ക് കൊണ്ടുപോയി!!

രവിസാറിന്റെ ഈ ക്രിസ് ക്രോസ്സിങ്ങ് കേവലം നിസ്സംഗതയോടെ നോക്കിക്കൊണ്ടു നിൽക്കാനായിരുന്നു പാവം ഭാരതിച്ചേച്ചിയുടെ വിധി!