rajasooyam

Monday, September 15, 2014

തിരിച്ചഞ്ച്  മറിച്ചഞ്ച്

-കേട്ടോ ബിആര്‍, എന്‍ബിയെപ്പോലെയല്ല തിരുമേനീടെ അകത്തുള്ളാള്‍
-ച്ചാല്‍?
-അതീവ ബുദ്ധിമതിയാണ്
-എന്‍ബിയെപ്പറ്റി മറ്റെന്തുപറഞ്ഞാലും ഇത് ഞാന്‍ വിശ്വസിക്കില്ല കണ്ണന്‍. എന്‍ബിയെപ്പോലെ  ബുദ്ധിമാനായ ഒരാളെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല.
-എന്നാല്‍ ഞാനീപ്പറഞ്ഞത് സത്യമാണ്
-എങ്കില്‍ തെളിവ് ഹാജരാക്കൂ
-ഒരൊറ്റ ഉദാഹരണം മാത്രം പറയാം.
-പറയൂ
-തിരിച്ചഞ്ച് മറിച്ചഞ്ച് കുടഞ്ഞഞ്ച് കുടയാതഞ്ച്; അങ്ങനെ ആകെമൊത്തം ഇരുപതു
 ദിവസമാണ് എന്‍ബി ഒരു മുണ്ടുടുക്കുക.
-ഈശ്വരാ! അപ്പോഴേക്കും അതൊരു പരുവമായിട്ടുണ്ടാവുമല്ലൊ.
-ഉവ്വ. നാറീട്ട് അടുത്തുനിക്കാന്‍ പറ്റണ്ണ്ടാവില്ല
-വീട്ടുകാര്‍ അതെങ്ങനെ സഹിക്കണ് ?
-അവര്‍ക്കെന്ത് ചെയ്യാന്‍ പറ്റും? അലക്കിയിടാന്‍ വേണ്ടി അവര്‍ എത്രതന്നെ ചോദിച്ചാലും
 പുള്ളിക്കാരന്‍ മുണ്ട് ഊരിക്കൊടുക്കില്ല! ചിങ്ങമാസമാണെങ്കില്‍ പറയും ഓണം കഴിയട്ടേന്ന്.
 മേടമാസമാണെങ്കില്‍ പറയും വിഷു കഴിയട്ടേന്ന്. ധനുമാസമാണെങ്കില്‍ പറയും തിരുവാതിര
 കഴിയട്ടേന്ന്. അങ്ങനെ ഓരോ ഒഴികഴിവുകള്‍ പറഞ്ഞ് മുണ്ട് ഊരിക്കൊടുക്കുന്ന കാര്യം
 നീട്ടിനീട്ടിക്കൊണ്ടുപോവും.
-അപ്പൊ ഏത് കോണില്‍ നിന്നു നോക്കിയാലും തിരുമേനിമാരില്‍ ഒരു തിരിവുതന്നെയാണ്
 എന്‍ബി. അല്ലേ?
-അതെയതെ. പക്ഷേ ഇന്നലെ അകത്തുള്ളാള്‍ പണി പറ്റിച്ചു.
-ച്ചാലോ?
-എന്‍ബി അറിയാതെ മുണ്ടങ്ങൂരിയെടുത്തു.
-അതെങ്ങനെ പറ്റി?
-ഒരു ചെറിയ കൈക്രിയ ചെയ്തു. പിന്നെ എല്ലാം എളുപ്പമായിരുന്നു
-എന്തായിരുന്നു ക്രിയ?
-അത്താഴപ്പുറമെ ശുദ്ധമായ പശൂം പാലില്‍ ഒരുറക്കഗുളികയങ്ങ് അരച്ചുകൊടുത്തു !!!