rajasooyam

Sunday, August 30, 2020


ചോദ്യോത്തരമേള

അറിയാത്ത കാര്യങ്ങൾ അറിവുള്ളവരോട് ചോദിച്ചുമനസ്സിലാക്കുക, ആ അറിവ് മറ്റുള്ളവർക്ക് പകർന്നുകൊടുക്കുക എന്ന സദുദ്ദേശത്തോടെ ആരംഭിക്കുന്ന ഒരു പംക്തിയാണിത്.

എപ്പിഡോസ്-1

-ഹലോ, സൂമാരൻ തിരുമേനിയല്ലേ
-അതേലോ
-ബി ആറാണ്
-ങ. പറയൂ
-ഒരു ഡൗട്ട്  ക്ലിയറ് ചെയ്യാൻ വിളിച്ചതാണ്
-ചോദിയ് ക്കൂ
-നമ്മടെ മനൂന്റെ ധർമ്മശാസ്ത്രത്തിലെ കുറ്റയും ശിക്ഷയും എന്ന ചാപ്റ്ററിൽ കൊടും കുറ്റവാളികൾ ബ്രാഹ്മണരെങ്കിൽ അവരുടെ തല മൊട്ടയടിച്ചാൽ മതിയെന്നും എന്നാൽ മറ്റു ജാതിക്കാരാണെങ്കിൽ തല ഹാർവെസ്റ്റുചെയ്യണമെന്നും പറയുന്നുണ്ടല്ലൊ. ഇത് ഒന്നുകിൽ പക്ഷപാതപരമോ അല്ലെങ്കിൽ അതിന്റെ പര്യായമായ പക്ഷഭേദപരമോ അല്ലേ?
-അശേഷം അല്ല
-എന്തുകൊണ്ടല്ല?
-അജ്ഞാനാന്ധകാരത്തിൽ മുങ്ങിത്തപ്പുമ്പോൾ അസ്ഥാനത്തുതോന്നുന്ന ഒരു ശങ്കയാണത്. ഈ ബ്രാഹ്മണര് എന്ന വർഗ്ഗം എവ് ടന്നാണ്ടായേശ്ശണ്ടോ?
-ഇല്ല്യ
-ഭഗവാന്റെ ശിരസ്സീന്ന്
-അപ്പൊ മറ്റുള്ളവരോ?
-ക്ഷത്രിയൻ ബാഹുക്കളിൽനിന്ന്, വൈശ്യർ തുടയിൽനിന്ന്, ശൂദ്രർ കാൽ പാദത്തിൽനിന്ന്
-ഓഹൊ!
-ശിരസ്സ് എന്തിനെയാണ് റെപ്രസന്റ് ചെയ്യണതെന്നറിയ് യോ?
-ഇല്ല്യാ
-ഇന്റലിജൻസ് ബ്യൂറോയെ. ച്ചാൽ ബുദ്ധിശക്തിയെ
-ഓഹൊഹൊ!
-പിന്നെ കുറ്റവും ശിക്ഷയും എങ്ങനെയാണ് കൂടിപ്പിണഞ്ഞുകിടക്കുന്നതെന്നറിയ് യോ?
-അതും അറിയില്ല
-അവ പരസ്പര പൂരകമായിരിക്കണം. പൂരിതലായനിയായിരിക്കണം. ശിക്ഷയെന്നത് കുറ്റത്തിൽനിന്ന് പിൻതിരിപ്പിക്കാനുള്ള ഉപാധി മാത്രമായിക്കൂട. ആത്യന്തികമായി അത് സമൂഹത്തിന്റെ  ക്ഷേമത്തിനുതകുന്നതാകണം. നോക്കൂ, ബുദ്ധിശക്തിയിൽ അഗ്രഗണ്യരായതുകൊണ്ട് എന്നെപ്പോലുള്ള ബ്രാഹ്മണർ സമൂഹത്തിന് ഒരു അസറ്റാണ്. എന്നാൽ അതല്ലല്ലൊ അസത്തുക്കളായ ക്ഷത്രിയ വൈശ്യശൂദ്രാദികള്ടെ സ്ഥിതി. അവരെക്കൊണ്ട് അവർക്കല്ലാതെ സമൂഹത്തിന് ഒരു ഗുണവുമില്ല. ഇനി പറയൂ,  അസാമാന്യബുദ്ധിയുള്ള ഒരു ബ്രാഹ്മണനെ വെടിവെപ്പ് കൊലപാതകം വംശഹത്യ പോലുള്ള ചെറ്യേ കുറ്റത്തിന്റെ പേരിൽ ഗിലറ്റിൻ ചെയ്യുന്നത് ശെരിയാണോ? അയാൾക്ക് നന്നാവാൻ ഒരു ചാൻസ് കൊടുത്താൽ സമൂഹത്തിനല്ലേ അതിന്റെ ഗുണം കിട്ടുക?
-അതു ശെരിയാ
-അപ്പൊപ്പിന്നെ അയാൾക്ക് എന്തു ശിക്ഷ കൊടുക്കണം?
-മൊട്ടയടിയ്ക്കലന്നെ കൂടുതലാണ്
-ങ. അത് തന്നെയാണ് അതിന്റെ ഇത്!

Monday, August 10, 2020


ഓർമ്മത്തിരകൾ-15

(അണ്ണന്റെ ഫയറിങ്ങ്/2006)

താഴത്തെ നിലയിൽനിന്നേ കേൾക്കാമായിരുന്നു അണ്ണൻ കൃഷൻദാസിന്റെ ആക്രോശം. രണ്ടാം നിലയിലെത്തിയപ്പോഴേക്കും അത് തൃശ്ശൂപ്പൂരത്തിന്റെ വെടിക്കെട്ടുപോലെയായി!
എന്താണ് സംഭവിക്കുന്നതെന്നറിയാൻ WAC-1 ലേക്ക് കുതിച്ച ബിആ‍റിനെ ഹാളിനുപുറത്ത് തടഞ്ഞുനിർത്തിക്കൊണ്ട് WAC-2 ലെ പറളി വേണു പറഞ്ഞു:
-ഇപ്പൊ അങ്ങോട്ട് പോകണ്ട. അണ്ണൻ ആകെ ചൂടായിരിക്കയാണ്. ലെഫ്റ്റ്  റൈറ്റ് ഫയറിങ്ങാണ്.
-ആരെയാണ്?
-ശ്രീകുമാറിനെ
-എന്താ കാര്യം?

വേണു മറുപടി പറയുന്നതിനുമുമ്പ് അണ്ണന്റെ ഘനഗംഭീരമായ ശബ്ദം വീണ്ടും കേട്ടു:
“ഇവനെക്കൊണ്ട് ഞാൻ തോറ്റു. എത്ര പറഞ്ഞാലും മനസ്സിലാവില്ലെന്നുവെച്ചാ എന്തുചെയ്യും? ഒരു നൂറുവട്ടം ഞാനവനോട് പറഞ്ഞിട്ട്ണ്ട് ക്ലാസിഫൈഡ് അബ്സ്ട്രാക്റ്റിൽ ഫിഗറ് ബുക്ക് ചെയ്യുന്നതിനുമുമ്പ് ബഡ്ജറ്റ് അലോട്ട്മെന്റ് നോക്കണംന്ന്. ഇത്രയും കാലം എന്റെ അടുത്തിരുന്നിട്ടും ഒരു വഹ പഠിച്ചിട്ടില്ല. വോട്ടെഡിൽ ബുക്ക് ചെയ്യേണ്ടത് ചാർജ് ഡിൽ ബുക്ക് ചെയ്യും. ചാർജ്ഡ് കൊണ്ടുപോയി വോട്ടഡിൽ തട്ടും. അതുപോലെ പ്ലാനിൽ ബുക്ക് ചെയ്യേണ്ടത് നോൺ പ്ലാനിലിടും. നോൺ പ്ലാൻ പ്ലാനിലും. ഇനി തെറ്റി പോസ്റ്റ് ചെയ്തത് ശെരിയാക്കാനറിയ് യോ. അതുമില്ല. അതെങ്ങനാ? ഡെബിറ്റേതാ ക്രെഡിറ്റേതാന്നറിഞ്ഞാലല്ലേ ട്രാൻസ്ഫർ എൻട്രി ഇടാൻ പറ്റൂ. എന്നാലോ ആവശ്യല്ല്യാത്ത കാര്യങ്ങളിലൊക്കെ ഭയങ്കര അറിവാണ്. ആയിരത്തി തൊള്ളായിരത്തി മുപ്പത്തെട്ട് ആഗസ്റ്റ് പതിനൊന്നാം തിയതി അർദ്ധരാത്രി ബൊളീവിയൻ കാടുകളിൽ ചെഗുവേര എന്തുചെയ്യുകയായിരുന്നൂന്ന് ചോദിച്ചാ അവൻ കൃത്യമായി പറഞ്ഞുതരും. പക്ഷേ ഡിമാൻഡ്സ് ഫോർ ഗ്രാന്റ്സ് നോക്കി ഒരു പർട്ടിക്കുലർ ഐറ്റത്തിന്റെ ഡീറ്റെയ് ൽഡ് ക്ലാസ്സിഫിക്കേഷൻ കണ്ടുപിടിക്കാനറിയില്ല. ങ്ഹും. ഇനി അതൊക്കെ പറഞ്ഞിട്ടെന്തു കാര്യം? ഇതു മുഴുവൻ ഞാൻ തന്നെ ഉറക്കമിളച്ചിരുന്ന് ശെരിയാക്കണം. സ്റ്റേറ്റിന്റെ സിവിൽ അക്കൌണ്ട്സ് വൈകിയാൽ അവനൊന്നുമില്ലല്ലൊ. കൃഷ്ണദാസല്ലേ ഉത്തരം പറയേണ്ടത്....”
അണ്ണന്റെ ഫയറിങ്ങ് കേട്ട് ഇളിഭ്യനായിരിക്കുന്ന ശ്രീകുമാറിനെ കാണാൻ ബിആറിന് തിടുക്കമായി.
വേണുവിന്റെ കൈ തട്ടിമാറ്റി ബിആർ WAC-1 ലേക്ക് പാഞ്ഞു.
പക്ഷേ ഇളിഭ്യനായത് ബിആറാണ്.
ശ്രീകുമാറെന്നല്ല, സെക് ഷനിലെ മറ്റ് മെമ്പേഴ്സ് ആരും തന്നെ അവിടെയുണ്ടായിരുന്നില്ല!
ഉണ്ടായിരുന്നത് അണ്ണനും പിന്നെ അണ്ണന്റെ ബഡ്ജറ്റ് അലോട്ട്മെന്റും പ്പ്ലാനും നോൺപ്പ്ലാനും വോട്ടെഡും ചാജ്ഡും ട്രാൻസ്ഫർ എൻട്രിയും ഡീറ്റെയ് ൽഡ് ക്ലാസ്സിഫിക്കേഷനും മറ്റും കേട്ട് അന്ധാളിച്ചിരിക്കുന്ന ( മെയിനാപ്പീസീന്ന് ട്രെയ് നിങ്ങിനുവന്ന) ഒരു പറ്റം ലേഡീസായിരുന്നു!
ഒന്നും കാണാതെ അണ്ണൻ കൊളത്തീച്ചാട്`ല്ല്യാന്ന് ശ്രീകുമാർ ഇടയ്ക്കിടെ പറയാറുള്ളത് ബിആർ അന്നേരം ഓർത്തുപോയി...


ഓർമ്മത്തിരകൾ-14

(സ്വഭാവരൂപീകരണത്തിൽ സുഹൃത്തുക്കളുടെ പങ്ക്)

അന്ന് വാസുദേവൻ തൃശൂർ ബ്രാഞ്ചിലാണ്. എറണാകുളത്തേയ്ക്ക് ട്രാൻസ്ഫറായിട്ടില്ല. കല്യാണം കഴിഞ്ഞിട്ടേയുള്ളൂ. പാസഞ്ചറിലും ബൊക്കാറോയിലുമൊക്കെയാണ് ഓഫീസിലേക്കും തിരിച്ചുമുള്ള യാത്ര. സാജു പനമേൽ, സുനിൽ.പി.ചെറിയാൻ, പോസ്റ്റ് ഗ്രാജ്വേറ്റ് സുനിൽ, സജീവ്കുമാർ, വിശ്വജിത്ത്, ജയകുമാർ തുടങ്ങിയവരായിരുന്നു യാത്രയിൽ വാസുദേവന്റെ കൂട്ടുകാർ. കൂട്ടുകാരെല്ലാം പി.ശാന്തനെപ്പോലെ ശാന്തരും ശുദ്ധരുമായിരുന്നു. അതുകൊണ്ടുതന്നെ അവർക്ക് ദുഷ്ടന്മാരുടെ കർമ്മം ചെയ്യാതിരിക്കാനാവില്ലായിരുന്നു. അല്ലെങ്കിൽ ശുദ്ധൻ ദുഷ്ടന്റെ ഫലം ചെയ്യുമെന്ന ആപ്തവാക്യം തെറ്റിപ്പോവില്ലേ. അങ്ങനെ വരാൻ പാടില്ലല്ലൊ. അതേപ്പറ്റിയാണ് പറഞ്ഞുവരുന്നത്.

നേരം പുലരാൻ ഏതാണ്ട് ഏഴേഴര ഏഴേമുക്കാൽ നാഴിക രാവുള്ളപ്പോൾ വാസുദേവൻ ഏണീക്കും. കുളി തേവാരാദികൾ കഴിഞ്ഞ് ഡ്രെസ്സുചെയ്തുവരുമ്പോഴേക്കും തീൻ മേശയിൽ ആവിപറക്കുന്ന ഒരു കുറ്റി പുട്ടും അതിനൊത്ത കടലക്കറിയും ഒരു നേന്ത്രപ്പഴവും ഹാജരുണ്ടാവും. പുട്ടും കടലയും വാസുദേവൻ ഒറ്റയടിക്ക് അകത്താക്കും. നേന്ത്രപ്പഴം തിന്നാനിരുന്നാൽ തീവണ്ടി പാട്ടും പാടി അതിന്റെ പാട്ടിനുപോകും. അതുകൊണ്ട് വാസുദേവൻ പഴം ഒരു കടലാസിൽ പൊതിഞ്ഞ് പ്ലാസ്റ്റിക് കവറിലാക്കി കൈയിൽ പിടിക്കും. ട്രെയിനിലിരുന്ന് സൌകര്യം പോലെ കഴിക്കാമല്ലോന്ന് കരുതിയാണ് അങ്ങനെ ചെയ്യാറ്‌. പക്ഷേ അതൊരിക്കലും നടക്കാറില്ലെന്നുമാത്രം. തിരക്കിനിടയിൽ വാസുദേവൻ ഒന്നങ്ങോട്ടുതിരിഞ്ഞ് ഇങ്ങോട്ടുതിരിയുമ്പോഴേക്കും കവറിൽനിന്ന് നേന്ത്രപ്പഴം അപ്രത്യക്ഷമായിട്ടുണ്ടാവും. അത് മേൽ പറഞ്ഞ സുഹൃത്തുക്കളിലാരുടെയെങ്കിലും വായിൽ ചെന്നിട്ടുണ്ടാവും. കവറിൽ വെറും തൊലി മാത്രമുണ്ടാവും.
ഇതൊരു തുടർക്കഥയായപ്പോൾ വാസുദേവൻ പഴപ്പൊതി സീറ്റിലോ ബെർത്തിലോ വെക്കാതായി. എത്ര തെരക്കുണ്ടായാലും അതങ്ങനെ നെഞ്ചോടടുക്കിപ്പിടിച്ചുകൊണ്ട് നിൽക്കും. ആപ്പീസിലെത്തിയാൽ കാന്റീനിൽ ചെന്ന് സ്വസ്ഥമായിരുന്ന് കഴിക്കാമല്ലോന്നായിരുന്നു വാസുദേവൻ കണക്കുകൂട്ടിയിരുന്നത്. നിർഭാഗ്യമെന്നുപറയട്ടെ, അതും ഒരിക്കലും സംഭവിക്കുകയുണ്ടായില്ല. പഴപ്പൊതി കാന്റീനിലെ മേശപ്പുറത്തുവെച്ച് വാസുദേവൻ കൈകഴുകാൻ പോകും. തിരിച്ചുവരുമ്പോഴേക്കും സുഹൃത്തുക്കളിൽ ആരെങ്കിലും അത് അടിച്ചുമാറ്റിയിരിക്കും.

ഇതിങ്ങനെ പലവട്ടം ആവർത്തിക്കപ്പെട്ടപ്പോഴാണ്  വാസുദേവൻ ഒടുവിലത്തെ അടവെടുത്തത്. അതിൽ പിന്നെ തയ്യൽകാരൻ ആനയോട് കളിച്ചിട്ടില്ല എന്നുപറഞ്ഞപോലെ അതിൽ പിന്നെ ആർക്കും വാസുദേവന്റെ പഴം മോഷ്ടിക്കാൻ പറ്റിയിട്ടില്ല.

പക്ഷേ അതോടെ ആ അടവ് വാസുദേവന്റെ സ്വഭാവത്തിന്റെ ഭാഗമായിത്തീർന്നത്രേ!
ഇപ്പോൾ ഉരിഞ്ഞ നേന്ത്രപ്പഴം എവിടെക്കണ്ടാലും വാസുദേവൻ അതെടുത്ത് പാന്റ്സിന്റെ പോക്കറ്റിലിടുമെന്നാണ് വാസുദേവന്റെ മറ്റൊരു ആത്മാർത്ഥ സുഹൃത്തായ തൃശൂർ ബ്രാഞ്ചിലെ വേണുപ്പണിക്കർ പറയുന്നത് !!!

Thursday, August 6, 2020


ഓർമ്മത്തിരകൾ-14

(മാനം ഉരുണ്ടപ്പോൾ)

തലയിൽ മുണ്ടിട്ട് ബിവറേജസിനുമുമ്പിൽ ക്യൂ നിൽക്കുന്നത് ഒരു സർക്കാരുദ്യോഗസ്ഥന്റെ മാന്യതയ്ക്ക് ചേർന്ന കാര്യമല്ലല്ലോന്നോർത്തിട്ടാണ് പ്രദീപ് സാറ്‌ പാലക്കാട് ബാൽകിഷൻ സാറിന്റെ മിലിട്ടറി ക്വാട്ടയിൽ നിന്ന് ഒരു കുപ്പിയ്ക്ക് ഓർഡർ കൊടുത്തത്.

ഇടനേരത്ത് ബാൽകിഷൻ സാറ് തോൾ സഞ്ചിയുമായി മിലിറ്ററികാന്റീനിലേക്ക് പുറപ്പെടുമ്പോൾ പ്രദീപ് സാറ് സ്വകാര്യമായി ഓർമ്മിപ്പിച്ചു:
-സാറെ, സംഗതി സ്ട്രിക് റ്റ് ലി  കോൺഫിഡെൻഷ്യലായിരിക്കണം കേട്ടോ. സാറിനറിയാലൊ, സെക് ഷനിലെങ്ങാൻ അറിഞ്ഞാൽ എന്റെ മാനം പോവും. അതുകൊണ്ട് സാറ് തിരിച്ചുവരുമ്പൊ സാധനം വളരേ ഗോപ്യമായി എനിക്ക് ഹേൻഡോവർ ചെയ്യണം. സാധനം കയ്യിലുണ്ട് സാധനം കയ്യിലുണ്ട് എന്ന് വിളിച്ചുകൂവുകയും മറ്റും ചെയ്യരുത്.
-കൊള്ളാം. രണ്ട് പതിറ്റാണ്ടോളം ഇന്ത്യൻ പട്ടാളത്തിലെ ഇന്റെലിജെൻസ് വിങ്ങിൽ കോൺഫിഡെൻഷ്യൽ അസിസ്റ്റന്റായി സേവനമനുഷ്ഠിച്ച എന്നോടാണോ സാറിത് പറയണത്? സാറ് ധൈര്യമായി ഇരിക്കണം. ഒരീച്ചപൂച്ച അറിയില്ല. ഞാനത് ഫൂൾപ്രൂഫായി ഡീല് ചെയ്തോളാം.

ഏതാണ്ട് ഒരു മണിക്കൂറിനുശേഷം ബാൽകിഷൻ സാറ് തിരിച്ചെത്തുമ്പോൾ തോൾസഞ്ചിയിൽ അര ഡസനോളം ഫുൾ ബോട്ടിലുകൾ ഉണ്ടായിരുന്നു.
സാറ് സെക് ഷന് പുറം തിരിഞ്ഞുനിന്ന് ഒന്ന് കുനിഞ്ഞ് സഞ്ചിയിൽനിന്ന് സാവധാനം ഒരു കുപ്പിയെടുത്ത്  പ്രദീപ് സാറിന്റെ  പുറകിലെ വേസ്റ്റ് ബാസ്കറ്റിന്റെ പിന്നിൽ ഒളിപ്പിച്ചുവെച്ചു.
ആരും കാണാതിരിക്കാൻ വേണ്ടി കണ്ണടച്ചുകൊണ്ടാണ് കർമ്മം നിർവ്വഹിച്ചത്. അതുകൊണ്ടാണോ എന്നറിയില്ല, കുപ്പിയുടെ സെന്റർ ഓഫ് ഗ്രാവിറ്റി തെറ്റുകയും അത് വെള്ളമടിച്ച ആളെപ്പോലെ നിലത്തോട്ട് ചെരിഞ്ഞുവീഴുകയും ചെയ്തു. ബാൽകിഷൻ സാറ് ഇതൊന്നും അറിഞ്ഞതുമില്ല. പുള്ളി നേരെ സീറ്റിൽ പോയി ഇരുന്നു.
ഭാഗ്യവശാൽ കുപ്പി പൊട്ടിയില്ല. പക്ഷേ മിനുസമായ തറയായതുകൊണ്ട് അത് കിടന്നേടത്തുനിന്ന് മെല്ലെ ഉരുളാൻ തുടങ്ങി!
ഉരുണ്ടുരുണ്ട് സെക് ഷൻ മൊത്തം വലംവെച്ചു!
ശങ്കരൻ ശ്യാമിനെ നോക്കി കണ്ണിറുക്കി.
ശ്യാം വേണൂനെ നോക്കി ആംഗ്യം കാണിച്ചു.
വേണു സേതൂനെ നോക്കി അടക്കിച്ചിരിച്ചു.
ലേഡീസ് ഞാനൊന്ന്വറിഞ്ഞില്ലേ രാമനാരായണാ മട്ടിലിരുന്നു.
എല്ലാം കണ്ടിട്ടും ഒന്നും കാണാത്തമട്ടിൽ പ്രദീപ് സാർ ഒട്ടകപ്പക്ഷിയെപ്പോലെ ഏതോഫയലിൽ തല പൂഴ് ത്തി....

ഏല്ലാവരുടേയും പാദചുംബനമേറ്റുവാങ്ങിയ കുപ്പി അടുത്ത സെക് ഷനിലേക്കുള്ള പ്രയാണം തുടങ്ങിയപ്പോളാണ് സംഗതി ബാലകൃഷ്ണൻ സാറിന്റെ ശ്രദ്ധയിൽ പെട്ടത്.
‘അ:അ:ആ’ എന്നും പറഞ്ഞ് സാറ് സീറ്റിൽനിന്നും എഴുന്നേറ്റ് കുപ്പീടെ പിന്നാലെ പാഞ്ഞു.
കുപ്പി അടുത്ത സെക് ഷന്റെ എൻട്രൻസിൽ ഒന്നു ശങ്കിച്ചുനിന്നപ്പോഴേക്കും സാറ് അതിന്റെ കഴുത്തിൽ പിടുത്തമിട്ടു. പിന്നെ മാർക്കറ്റിൽ നിന്ന് താറാവിനെ കഴുത്തിനുപിടിച്ച് കൊണ്ടുവരുന്നപോലെ കൊണ്ടുവന്ന്  ‘ഇതവടെ ഉരുണ്ട് കളിക്ക്യാ’ന്നും പറഞ്ഞ് മണികിണി നോക്കാതെ ഒരു ചെറിയ ശബ്ദത്തോടെ അത് പ്രദീപ് സാറിന്റെ മേശപ്പുറത്ത് കുത്തനെയങ്ങ് വെച്ചു!!!

അന്നേരം ഫയലിൽനിന്ന് കണ്ണെടുത്ത് പ്രദീപ് സാറ്‌ ബാലകൃഷ്ണൻ സാറിനെ നോക്കിയ ആ നോട്ടം ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റില്ലെന്നാണ് വേണു പറഞ്ഞത്....


ഓർമ്മത്തിരകൾ-13

(റിസെപ്ഷൻ/2001)

-ഹലോ
-യേസ്
-ഇത് റിസെപ്ഷനീന്ന് വേണ്വണ്
-ങ. എന്താണ്
-ആ ഡിസി-3 ലെ  സീതാലക്ഷ്മീനെ ഒന്ന് താഴേയ്ക്ക് പറഞ്ഞുവിടൂ. അവര്ടെ ഹസ്ബന്റ് ഇവിടെ വെയ്റ്റ് ചെയ്യണു
-ബെഗ് യുവർ പാ‍ർഡൺ...
-ദെന്താദ്. ചെവി കേട്ടൂടേ. ആ അമ്മാളിനെ ഒന്ന് താഴേക്ക് പറഞ്ഞുവിടാൻ.
-ഇപ്പൊത്തന്നെ പറയണോ. ഞാൻ അല്പം ബിസിയാണല്ലൊ
-ഇതാപ്പൊ നന്നായേ. എന്റെ മാഷേ, ആ സാമി എത്ര നേരായെന്നോ ഇവടെ വന്ന കാല്മ്മൊ നിക്കണ്. അവരെ ഒന്ന് വേഗം പറഞ്ഞുവിട്‌ന്നേയ്
-സോറി വേണൂ. അല്പം കഴിഞ്ഞ് പറയാം. നൌ അയാം ടെറിബ് ളി ബിസി
-അതേയ്, ബിസീടെ കാര്യൊന്നും എന്നോട് പറയണ്ട. ഈ കമ്പൈലേഷൻ വർക്ക് ഞാൻ കാണാത്തതൊന്ന്വല്ല. ഡി സി -3 ൽ ഇരിക്കുമ്പൊ പതിനാ‍ാ‍ാ‍ാ‍ാറ്‌ സ്റ്റേറ്റ്മെന്റ് ഈ എടത്തേ കൈകൊണ്ട് ചെയ്ത് വിട്ടിട്ടുള്ളവനാ ഈ വേണു. അതറിയ് യോ. ബിസിയാത്രേ. വെടിക്കെട്ടുകാരനെ ഉടുക്കുകൊട്ടി പേടിപ്പിക്കരുത്ട്ടോ. പറഞ്ഞില്ലെന്നു വേണ്ട. അതുപോട്ടെ ആരാ സംസാരിക്കണത്? രവിയോ ധർമ്മനോ?
-രണ്ടാളുമല്ല. ഡി ഏ ജിയാണ്...
-(ദൈവമേ! എക്സ്റ്റെൻഷൻ കുത്തീത് തെറ്റി !!!)




Wednesday, August 5, 2020


ഒരു കോവിഡ്കാല കോള്


-ഹലോ, ബിആറല്ലേ
-അതേ
-വേണുവാണ്
-ങ്ഹ. പറയൂ പണിക്കർ സാർ
-എന്നാലും നമ്മടെ സഹരാജൻ നായര് ഒരു സംഭവം തന്ന്യാട്ടോ
-അതുപിന്നെ സംഭവാമി യുഗേ യുഗേ എന്നാണല്ലൊ. കോവിഡ് യുഗത്തിലെ അവതാരാന്ന് വിചാരിച്ചാ മതി.
-അതല്ല ബിആർ. കൂർമ്മബുദ്ധി കൂർമ്മബുദ്ധീന്ന് കേട്ടിട്ടില്ലേ. അതാണ് നായർജി.
-കുശാഗ്ര എന്നല്ലേ പറയേണ്ടത്.
-ഇത് അത് രണ്ടും കൂടീത് തന്നെ. സംശയല്ല്യ. ഏത് കൊനുഷ്ഠ് പ്രോബ് ളത്തിനും ഇൻസ്റ്റന്റ് ആൻസറല്ലേ!
-ആശ്ചര്യചിഹ്നമിടാൻ മാത്രം ഇപ്പൊ എന്താണ്ടായേ?
-ഇന്ന് എനിക്കൊരു ഫോൺ കോള് വന്നേയ്
-എവിടെന്നാണ്?
-പി എഫ് ആർ ഡി എ ഹെഡ് ക്വാർട്ടേഴ് സീന്ന്.
-ഡെൽഹീന്നോ?
-അതന്നെ
-എന്താ കാര്യം?
-എന്റെ പെൻഷൻ അക്കൌണ്ടില് മൂന്ന് ലക്ഷത്തി അമ്പത്തയ്യായിരം രൂപ ബാലൻസ് കെടപ്പുണ്ടെന്നും പറഞ്ഞ്
-വേണു റിട്ടയർ ചെയ്തപ്പൊ എല്ലാ പെൻഷൻ ബെനെഫിറ്റ്സും കിട്ടിയതല്ലേ
-അതേ
-പിന്നെ എങ്ങനെയാണ് ബാലൻസ് വരുന്നത്? അതും പി എഫ് ആർ ഡി ഏ യിൽ?
-അതാണ് എനിക്കും മനസ്സിലാവാത്തത്
-പിന്നെ എന്തെങ്കിലും പറഞ്ഞോ?
-അതിപ്പോൾ ഷെയർ മാർക്കറ്റിൽ കെടക്കുകയാണെന്നും ഉടനേ ക്ലോസ് ചെയ്തുതരാമെന്നും പറഞ്ഞു. അഥോറിട്ടി ആയതുകൊണ്ട് പ്രോസസിങ്ങ് ഫീ വേണ്ടിവരുമെന്നും അത് ഉടനേ അടയ്ക്കാനും പറഞ്ഞു
-അതെത്ര?
-ബാലൻസിന്റെ പത്ത് പെർസെന്റ്
-അപ്പൊ മുപ്പത്തയ്യായിരം
-അതെ
-പിന്നെ എന്തെങ്കിലും ചോദിച്ചായിരുന്നോ?
-പിന്നെ കെ വൈ സി വെരിഫിക്കേഷനുള്ള സാധാരണ കാര്യങ്ങളാണ് ചോദിച്ചത്; ഡേറ്റ് ഓഫ് ബെർത്ത്, ഡേറ്റ് ഓഫ് റിട്ടയർമെന്റ്, ടോട്ടൽ സർവീസ്, ഫോൺ നമ്പർ അങ്ങെയുള്ള കാര്യങ്ങൾ
-എല്ലാം പറഞ്ഞുകൊടുത്തില്ലേ
-ഉവ്വ്
-പിന്നെന്താ പ്രശ്നം?
-കാശടയ്ക്കണ്ടേ. ഈ കോവിഡ് കാലത്ത് എവിടെപ്പോയി കാശെടുക്കാനാണ്? കണ്ടെയ്ൻമെന്റ് സോണല്ലേ.  പോലീസുകാരും ഹെൽത്ത്കാരും പിന്നാലെയാണ്.
ഞാൻ ഉടനേ സഹരാജൻ നായരെ വിളിച്ചു. പുള്ളി എന്തെങ്കിലും പോം വഴി പറഞ്ഞുതരാതിരിക്കില്ല. ആ വിശ്വാസത്തിലാണ് വിളിച്ചത്.
-സാധാരണ ഇത്തരം സന്ദർഭങ്ങളിൽ ശ്രീകുമാറിനെയല്ലേ വിളിക്കാറ്? പ്രോട്ടോക്കോൾ ലംഘനമുണ്ടായോ?
-അത് ഞാൻ റിട്ടയർ ചെയ്യുന്നതിനുമുമ്പ്. റിട്ടയർ ചെയ്തേപ്പിന്നെ പുള്ളിക്കാരന് വെല്ല്യ മൈൻഡ് ല്ല്യ. എന്നാപ്പിന്നെ അങ്ങനെ ആയിക്കോട്ടേന്ന് ഞാനും വെച്ചു.
-വീ വിൽ സോൾവ് ഇറ്റ് സെപ്പറേറ്റ്ലി. ഇപ്പോൾ നായർജി എന്തു പറഞ്ഞെന്നു പറ.
-എല്ലാ കാര്യങ്ങളും വിശദമാ‍യി ചോദിച്ചറിഞ്ഞശേഷം നായർജി പറഞ്ഞു; ‘ഇപ്പൊ പൊറത്തുപോയി മുപ്പത്തയ്യായിരം രൂപ എടുക്കാൻ പറ്റാത്തതല്ലേ വേണൂന്റെ പ്രശ്നം? വേണു ഒരു കാര്യം ചെയ്യ്. അവർക്കൊരു കത്തെഴുത്. അതായത് താമസിക്കുന്ന സ്ഥലം കണ്ടെയ്ൻ മെന്റ് സോണിലായതിനാൽ കാശെടുക്കാൻ പോകാൻ പറ്റുന്നില്ലെന്നും അതിനാൽ ബാലൻസീന്ന് മുപ്പത്തയ്യായിരം രൂപ കിഴിച്ച് ബാക്കി മൂന്ന് ലക്ഷത്തി പതിനയ്യായിരം മണിയോർഡറായി അയച്ചുതന്നാൽ മതീന്നും എഴുതൂ.’
എങ്ങനീണ്ട് ബിആർ നായർജീടെ ബുദ്ധി?
-കുശാഗ്രം തന്നെ!
-കൂട്ടത്തിൽ ഒരു ചെറിയ കാര്യം കൂടി പറഞ്ഞു
-എന്താണ്
-കിട്ടുന്ന തുകയുടെ ഒരു ശതമാനം സി ജി പി ഏ യ്ക്ക് സംഭാവന കൊടുത്താൽ നന്നായിരിക്കുമെന്ന്
-ഓ. ദാറ്റ്സ് എ നെഗ്ലിജിബ് ളി സ്മോൾ എമൌണ്ട്
-അതെയതെ. ഞാൻ പക്ഷേ രണ്ട് ശതമാനം കൊടുക്കുന്നുണ്ട്. നമുക്ക് പ്രതീക്ഷിക്കാതെ കിട്ടുന്ന കാശല്ലേ
-ഓകെ. എന്നിട്ട് വേണു അവർക്ക് ലെറ്ററയച്ചോ
-ഉവ്വുവ്വ്. ഒട്ടും താമസിപ്പിച്ചില്ല. മിക്കവാറും ഈയാഴ്ച്ച തന്നെ മണിയോർഡറ്‌ വരും

-(വരും! 2004ന് ഒരു നൂറ്റാണ്ട് മുമ്പ് സർവീസിൽ കേറിയ പണിക്കർക്ക് അത് കിട്ടേണ്ടതാണ്. കിട്ടാതിരിക്കില്ല. കിട്ട്വേരിക്കും. കിട്ടിയാൽ രണ്ട് ശതമാ‍നം സി ജി പി ഏ യ്ക്കും കിട്ടും!!!)


ഓർമ്മത്തിരകൾ-12

(ഒരു ബാ‍ൽക്കഷ്ണം/1999)

‘ആസ്ത് മാ രോഗത്തിന് ഒരുത്തമപ്രതിവിധി’ എന്ന പരസ്യത്തിൽ വിശ്വസിച്ചാണ് പാലക്കാട് ബാലകൃഷ്ണൻ സാറ്‌  നൂറൂറുപ്പിക എണ്ണിക്കൊടുത്ത് ഫോറിൻ മൊയ്തൂന്റെ കൈയിൽനിന്ന് അക്യൂപ്രെഷറിന്റെ ആ ക്ണാപ്പ് വങ്ങിയത്.

മുരിക്കിൻ മുള്ള് പോലുള്ള ഒരു  പ്രതലമായിരുന്നു അതിന്. അതു കണ്ടപ്പോൾ ബിആർ ചോദിച്ചു:
-ഇതേലെങ്ങനെയാ ചവിട്ടി നിൽക്ക് Ͻ സാറേ ?  ഉള്ളം കാല് വേദനിക്കില്ലേ?
അന്നേരം ബാൽകിഷൻ സാറ്‌ പറയുകയാണ്:
-മുള്ള് കിള്ളൊന്നും ഒരു പ്രശ്നല്ല. ചെരുപ്പിട്ടോണ്ടല്ലേ നമ്മള് കേരി നിക്കണത്? !!!

Tuesday, August 4, 2020


ഓർമ്മത്തിരകൾ-11

(ഒരു പാലക്കാടൻ ചിട്ട/1999)

ഒരമ്മാവനും മരുമകനും തമ്മിലുള്ള ബന്ധമാണ് പാലക്കാട് ബാലകൃഷ്ണൻ സാറും കൊടുങ്ങല്ലൂർ സേതുനാഥനും തമ്മിലുള്ളതെന്ന് ബിആറിന് പലപ്പോഴും തോന്നിയിട്ടുണ്ട്. മിലിറ്ററി കാന്റീനിൽനിന്ന് ക്വാ‍ട്ട വാങ്ങാൻ പോകുമ്പോൾ ബാൽകിഷൻ സാറ്‌ എന്നും കൂടെ കൂട്ടുന്നത് സേതുവിനെയാണ്. സേതുവിനെ മാത്രമാണ്.
ആ ക്വാട്ടയിൽനിന്ന് ഒരു ക്വാട്ട സേതുവിനുള്ളതാണ്.
അതുപോലെ കൊടുങ്ങല്ലൂർ ഭരണിയ്ക്ക് ആപ്പീസിൽനിന്ന്  സേതു ക്ഷണിക്കുന്നത് ബാൽകിഷൻ സാറിനെ മാത്രമാണ്. അത്രയ്ക്ക് സുദൃഢമാണ് രണ്ടുപേരും തമ്മിലുള്ള ആത്മബന്ധം. മലബാർ സിമന്റുപോലത്തെ ബന്ധം എന്നു പറയാം. ച്ചാൽ മലപോലുറച്ച ബന്ധം.
എന്നാൽ ഈ മലബന്ധത്തിൽ കഴിഞ്ഞ കുറച്ചുദിവസങ്ങളായി ചാ‍ലക്കുടി പാലത്തിലേതുപോലെ ഒരു വിള്ളൽ കാണപ്പെടുന്നുവോ എന്നൊരു സംശയം.

ബിആർ സേതുവിനെ വിളിച്ച് സ്വകാര്യമായി ചോദിച്ചു:
-എന്താണ് സേതുവും ബാൽകിഷൻ സാറും തമ്മിൽ പ്രശ്നം?
-അതുപിന്നെ നാലണേടെ ചാള പോയാലും മാമന്റെ സ്വഭാവം മനസ്സിലായല്ലൊ.
-ഒന്ന് തെളിച്ചുപറ സേതൂ
-കഴിഞ്ഞാഴ്ച ഒരു ദിവസം എനിയ്ക്ക് പെട്ടെന്ന് കുറച്ച് കാശിന് ആവശ്യം വന്നു. പിറ്റേന്ന് തിരിച്ചുകൊടുക്കാമെന്ന വ്യവസ്ഥയിൽ ഞാൻ സാറിനോട് രണ്ടായിരം രൂപ കടം ചോദിച്ചു. പക്ഷേ പുള്ളിക്കാരൻ തന്നില്ല.
-പാവം. അന്നേരം കൈയിലില്ലാഞ്ഞിട്ടാവും
-എങ്കിൽ സാരമില്ലായിരുന്നു
-അതെങ്ങനെ സേതൂനറിയാം സാറിന്റെ കൈയിൽ കാശുണ്ടായിരുന്നൂന്ന്?
-സാറിന്റെ സംസാരത്തീന്ന് എനിയ്ക്കത് മനസ്സിലായി

സേതൂനോട് കൂടുതൽ ചോദിക്കുന്നതുകൊണ്ട് ഫലമില്ലെന്നു തോന്നിയതിനാൽ ബിആർ ബാൽകിഷൻ സാറിനെത്തന്നെ പിടികൂടി.
-എന്താണ് സാർ സേതുവുമായി?
-ഏയ്, ഒന്നൂല്ല്യാലോ
-പിന്നെന്താ സേതു പെണങ്ങി നടക്കുന്നത്?
-അതെനിക്കറിയില്ല. അതിനുതക്ക കാരണമൊന്നുമുണ്ടായില്ലല്ലൊ!
-സേതു എന്നെങ്കിലും സാറിനോട് കാശ് കടം ചോദിച്ചിരുന്നോ?
-ഉവ്വ്. എന്റെ കയ്യിലില്ലെന്നു പറഞ്ഞു. സത്യമാണ് ഞാൻ പറഞ്ഞത്. അതവിടെ തീർന്നില്ലേ
-പക്ഷേ സാറിന്റെ കൈയിൽ പണമിരിക്കുമ്പോൾ ഇല്ലെന്നു പറഞ്ഞതാണത്രേ സേതൂന് സങ്കടമാ‍യത്.
-കയ്യിൽ പണമിരിക്ക്യേ?
-അതെ. സാറിന്റെ സംസാരത്തീന്ന് അയാൾക്ക് അത്  മനസ്സിലായെന്നാണ് പറഞ്ഞത്
-ഞാൻ അങ്ങനെയൊന്നും പറഞ്ഞിട്ടില്ലല്ലൊ
-ഒന്നുകൂടി ഓർത്തുനോക്കൂ. അങ്ങനെയൊരു ധ്വനി വരുന്ന തരത്തിൽ സാറെന്തെങ്കിലും പറഞ്ഞായിരുന്നോ? എന്തെങ്കിലും?
-ഇല്ല. ഞാൻ അങ്ങനെ യാതൊന്നും പറഞ്ഞിട്ടില്ല.
-ശ്ശെടാ. ഇത് വല്ലാത്ത മിസ്റ്ററിയായല്ലൊ. ആട്ടെ, നിങ്ങൾ തമ്മിൽ ഒടുവിൽ നടന്ന സംഭാഷണത്തിലേക്ക് ഒന്നു ഫ്ലാഷടിച്ചുനോക്കൂ.
-അതുപിന്നെ അയാൾ അത്യാവശ്യമായി രണ്ടായിരം രൂപ വേണമെന്നു പറഞ്ഞു. അപ്പൊ ഞാൻ എന്റെ കയ്യിൽ തല്ക്കാലം കാശൊന്നുമില്ലെന്നും ശമ്പളം കിട്ടിയതൊക്കെ ചെലവായിപ്പോയെന്നും പറഞ്ഞു. അയാൾക്കത് വിശ്വാസമായില്ല. ശമ്പളം കിട്ടിയത് ഇത്രവേഗം  തീർന്നുപോണതെങ്ങനെയെന്നും അതിനുമാത്രം എനിക്ക് എന്തുചെലവാണുള്ളതെന്നുംചോദിച്ചു.
-അപ്പൊ സാറെന്തുപറഞ്ഞു?
-ചെലവിനങ്ങൾടെ ഒരു ലിസ്റ്റ് പറഞ്ഞുകൊണ്ട് ഇതിനൊക്കെ കാശ് വേണ്ടേന്ന് ചോദിച്ചു.
-ഇപ്പോഴും ഒരു ക്ലൂവും കിട്ടുന്നില്ലല്ലോ.... ആട്ടെ, എന്തൊക്കെയായിരുന്നു സാറിന്റെ ലിസ്റ്റിൽ?
-അത് വന്ന്‌ട്ട് സാധാരണ ഐറ്റംസ് തന്നെ. അരി കിരി, വെളിച്ചെണ്ണ കിളിച്ചെണ്ണ, പഞ്ചാര കിഞ്ചാര, ആവോലി കീവോലി, ഉഴുന്നുവട കിഴ്‌ന്നുവട, മരുന്ന് കിര്ന്ന്, ചിട്ടി കിട്ടി ....

പൊടുന്നനെ ബിആറിന് കാര്യം മനസ്സിലായി. ഒടുവിൽ പറഞ്ഞ ഐറ്റമാണ് സേതുവിന് തെറ്റിദ്ധാരണയുണ്ടാക്കിയത്….
അതായത് ചിട്ടി കിട്ടിയിട്ടും ബാൽകിഷൻ സാറ് കൈയിൽ കാശില്ലെന്നു പറഞ്ഞതാണ് സേതൂന്റെ ഫീലിങ്ങിൽ തട്ടിയത്!!!

Monday, August 3, 2020


ഓർമ്മത്തിരകൾ-10

(തേക്ക് കച്ചവടം-1999)

മിലിറ്ററി കാന്റീനിൽനിന്ന് ക്വാട്ടായും വാങ്ങി പോയതിന്റെ പിറ്റേന്ന് ലെഫ് കേണൽ (റിട്ട) ബാലകൃഷ്ണൻ സാറിന് വല്ലാത്തൊരാലസ്യം. തലയ്ക്കൊരു പെരുപ്പ്. മനസ്സിലൊരു മടുപ്പ്. ആപ്പീസിൽ പോകാൻ തോന്നണേയില്ല. പക്ഷേ ഭാര്യയോടെന്തു സമാധാനം പറയും? അല്ലെങ്കിൽ തന്നെ താനൊരു മടിയനാണെന്നാണ് അവർ ധരിച്ചുവെച്ചിരിക്കുന്നത്. ലീവെടുക്കാൻ എന്തെങ്കിലുമൊരു കാരണത്തിനുവേണ്ടി കാത്തിരിക്കുമത്രേ!

പൊടുന്നനെ ബാൽകിഷൻ സാറിന്റെ മനസ്സിനകത്തൊരു ബൾബ് കത്തി. അതിന്റെ വെട്ടത്തിൽ അടുക്കളയിൽ ചെന്ന് അവിടെ പുട്ടിന് കൂട്ടാനുണ്ടാക്കുകയായിരുന്ന ഭാര്യയെ വിളിച്ച് പറഞ്ഞു:
-ടീച്ചറേ, ഞാനിന്ന് പോണില്ല
-എന്താണാവോ കാരണം കണ്ടുപിടിച്ചിരിക്കുന്നത്
-എന്റെ ഹൃദയം ഇന്ത്യയ്ക്കുവേണ്ടി തുടിക്കുകയാണ്
-എലക് ഷന് ഇനീം അഞ്ചാറ് മാസല്ല്യേ. ഇപ്പഴേ തുടിയ്ക്കണോ
-അതല്ല ടീച്ചറേ. കാർഗിലീന്ന് എപ്പഴാ കമ്പി വര് Ͻന്നറിയില്ല. വന്നാലുടനെ എനിക്ക് പോകേണ്ടിവരും
-വേണ്ടിവരും
ടീച്ചർ പിന്നീടൊന്നും പറയാൻ നിന്നില്ല.

വൈകീട്ട് ടീച്ചർ സ്കൂളിൽനിന്നെത്തുമ്പോൾ ബാൽകിഷൻ സാറ്‌ മുറ്റത്ത് ഉലാത്തിക്കൊണ്ടിരിക്കയായിരുന്നു. കാന്തന്റെ മുഖത്ത് പതിവിലും കവിഞ്ഞ കാന്തി കണ്ടപ്പോൾ കാന്ത ചോദിച്ചു:
-കണ്ടിട്ട് കാർഗിലീന്ന് കമ്പി വന്നൂന്ന് തോന്നണ് ണ്ടല്ലൊ.
-ഏയ് ഇല്ല. പക്ഷേ മറ്റൊരു സന്തോഷവർത്താനണ്ട്.
-എന്താണ്?
-ഞാൻ നമ്മടെ തെക്കേ പറമ്പിലെ തേക്കങ്ങ് വിറ്റു.
-അയ്യൊ. അതിപ്പൊ വിൽക്കണ്ട കാര്യണ്ടായിരുന്നില്ലല്ലൊ. ഫർണീച്ചറ്‌ പണിയാൻ നിർത്തീതായിരുന്നില്ലേ. ആട്ടെ, എത്ര രൂപയ്ക്കാ വിറ്റത്?
-അതല്ലേരസം. വെല കേട്ടാ ടീച്ചറ്‌ ഞെട്ടും. തൊള്ളായിരം രൂപ! പറമ്പില് വെറുതേ നിക്കണ തേക്കിനൊക്കെ ഇത്രയും വെലയുണ്ടെന്ന് എനിക്ക് ഇപ്പഴാ മനസ്സിലായത്. പൊക്കത്തങ്ങാടീലെ പോക്കർ സായ് വിനാ കൊടുത്തത്. അച്ചറായി നൂറ്റൊന്നു രൂപയും കിട്ടി.

ബാൽ കിഷൻ സാറ്‌ പറഞ്ഞതുപോലെ തന്നെ വില കേട്ടപ്പോൾ ടീച്ചർ ഞെട്ടി.
ബോബനും മോളിയും കഥയിലെ ചേട്ടന്റെ ചേട്ടത്തിയെപ്പോലെ ടീച്ചർ പറഞ്ഞു:
രണ്ടാൾ വട്ടം പിടിച്ചാൽ പിടിയെത്താത്ത തേക്കാണ്! വെറും തൊള്ളായിരം രൂപ... ചുരുങ്ങിയത് ഒരു ഒമ്പതിനായിരമെങ്കിലും കിട്ടുമായിരുന്നു....
ഈശ്വരാ! ഈ ലോകത്ത് ഇതിനുമാത്രം മനുഷ്യരുണ്ടായിട്ട് എനിയ്ക്ക്...
എന്നാലും ഈ മനുഷ്യന്റെ മുഖത്ത് കണ്ണില്ലെന്നോ...എവിടെയായിരിക്കും തെറ്റുപറ്റിയിട്ടുണ്ടാവുക?...
മനസ്സിലാണ് ഇത്രയും പറഞ്ഞത്. ഉറക്കെ പറയാൻ പറ്റില്ലല്ലൊ. ഭർത്താവ് കാണപ്പെട്ട ദൈവല്ലേ..

ഒടുവിൽ വെറുതേ ഒരു പ്രോബബിലിറ്റി തിയറി അപ്പ്ലൈ ചെയ്തുനോക്കാൻ അവർ തീരുമാനിച്ചു.
ടീച്ചർ ഹബ്ബിയോട് പറഞ്ഞു:
-ബാലേട്ടൻ പൂജ്യം മുതൽ ആയിരം കൂട്ടി പതിനായിരം വരെ ഒന്നെണ്ണിക്കേ
-ടീച്ചറെന്താ എന്നെ എണ്ണം പഠിപ്പിക്ക്യാ?
-അതല്ല. ന്യൂമറോളജി പ്രകാരം കാർഗിലിൽ ആര് കഷായം കുടിയ്ക്കുമെന്നറിയാനാണ്.
അതു കേട്ടപ്പോൾ ബാൽകിഷൻ സാറിന്  കൗതുകമായി. അദ്ദേഹം എണ്ണിത്തുടങ്ങി. പക്ഷേ പതിനായിരമെത്തുന്നതിനുമുമ്പ് ടീച്ചർക്ക് കാര്യങ്ങളെല്ലാം തെളിനീരുപോലെ വ്യക്തമാവുകയും തലയ്ക്ക് കൈയും വെച്ച് വിധിയെ പഴിച്ച് അവർ അടുക്കളയിലേക്ക് നിഷ്ക്രമിക്കുകയും ചെയ്തു.
കേണൽ (റിട്ട) എണ്ണിയത് ഇപ്രകാരമായിരുന്നു:
ജീറൊ
ആയിരം
രണ്ടായിരം
മൂവായിരം
നാലായിരം
അയ്യായിരം
ആറായിരം
ഏഴായിരം
എണ്ണായിരം
തൊള്ളായിരം!!!

Saturday, August 1, 2020

ഓർമ്മത്തിരകൾ-9

 

(1998)

 

രാവിലെ ഓടിക്കിതച്ച്  ഓഫീസിലെത്തിയപ്പോൾ ഡി സി ഹാളിൽ ആകപ്പാടെ ഒരു ജഗപൊഗ.

കമ്പൈലർമാരെല്ലാം എന്തോ കുശുകുശുക്കുന്നു.

ഡിസി-1 ലെ കമ്പൈലർമാർ ഡിസി-2 വിലേക്കോടുന്നു. ഡി സി 2-വിൽ ഉള്ളവർ ഡിസി-3 ലേക്ക്‌.

ഏ ഓ ബാലചന്ദൻ സാറ് എസ്സൊ എൽസി സാറിനോട് കെറുവിച്ചെന്തോ സംസാരിക്കുന്നു.

പി കെ രമേഷ് സേതുനാഥനോട് ചോദിക്കുന്നു:

-അണ്ണനെങ്ങന്യാ?

ശങ്കരനാരായണൻ നാഗപ്പൻ മാഷോട് ചോദിക്കുന്നു:

-മാഷ് ക്കെങ്ങന്യാ?

തങ്കമണി സാറ് വിനോദിനിയോട് ചോദിക്കുന്നു:

-കുട്ടിയ്ക്കെങ്ങന്യാ?

 

ചോദിച്ചുപിടിച്ചുവന്നപ്പോളാണറിയുന്നത്; തൃശ്ശൂർ  ട്രഷറിക്കാർ തമ്പുരാനെക്കുറിച്ച് ഒരൊറ്റ കാഷെക്കൌണ്ടിലും ഡീറ്റെയ് ൽഡ് ക്ലാസ്സിഫിക്കേഷൻ കാണിച്ചിട്ടില്ല! എന്താണതിനു കാരണമെന്ന് ബാലചന്ദ്രൻ മാഷ് വിളിച്ചുചോദിച്ചപ്പോൾ ഇവിടെ നിന്നുള്ള ഇൻസ്ട്രക് ഷൻ പ്രകാരമാണ് അപ്രകാരം ചെയ്തതെന്ന് ട്രഷറി ആപ്പീസർ പറഞ്ഞുപോലും! അതിന്റെ നിജസ്ഥിതി അറിയാനാണ് ബാലചന്ദ്രൻ സാറ് വന്നിരിക്കുന്നത്.

ഒടുവിൽ അതാ എല്ലാവരും കേൾക്കെ  ങ്ഹാ..അവരെ അങ്ങനെ വിട്ടാ പറ്റില്ലല്ലൊ’ എന്നും പറഞ്ഞുകൊണ്ട് നാഗപ്പൻ മാഷ് സീറ്റിൽനിന്ന് എഴുന്നേൽക്കുന്നു. വൌച്ചർ ബണ്ടിലുകൾ ചാടിക്കടന്ന് ഫോണിനടുത്തെത്തുന്നു. ഫോണെടുത്ത് ട്രഷറിയിലേക്ക് വിളിക്കുന്നു:

-ഹലോ. ഡിസ് ട്രിക്റ്റ്  ട്രഷറിയല്ലേ

-(അതേ)

-ഇത് ഏജീസ് ഓഫീസീന്നാണ്. എനിക്ക് ജീറൊ ജീറോ ജീറോ വൺ ചെയ്യുന്ന ആളിനെ ഒന്നു കിട്ടണം

-(ഞാൻ തന്നെയാണ് അയാൾ)

-നിങ്ങളെന്താണ് മിസ്റ്റർ കാഷെക്കൌണ്ടില് ഡീറ്റെയ് ൽഡ് ക്ലാസ്സിഫിക്കേഷൻ വെയ്ക്കാത്തത്?

-(അത് അവിടെനിന്നുള്ള നിർദ്ദേശപ്രകാരമാണ്)

-(ഇവ്‌ടെ നോക്ക്. നെന്മാറ വല്ലങ്ങി വേല മുതല് വേലകകളനവധി കണ്ടിട്ടുള്ളവനാണ് ഈ ഞാൻ. എന്റടുത്ത് വേലയെറക്കരുത് കേട്ടോ.

-(അതല്ല സർ. അതങ്ങനെ റിട്ടണായി ആരും എഴുതി തന്നതല്ല. ഞാനൊരു ദിവസം അവിടെ വന്നപ്പൊ ഒരു സാറ് ഓറലായി പറഞ്ഞതാണ്)

-വേണ്ട വേണ്ട. വീണേടത്തുകെടന്ന് ഉരുളണ്ട. ഹല്ലേയ്. നിങ്ങടെയൊര് റിട്ടണായി എഴുതലും ഓറലായി പറയലും! ആ ക്ലാസ്സിഫിക്കേഷൻ ഇന്നുതന്നെ ഇങ്ങെത്തിച്ചേക്കണം. സ്റ്റേറ്റിന്റെ സിവിൽ അക്കൌണ്ട്സ് ലേറ്റായാൽ ഉത്തരവാദി നിങ്ങൾ മാത്രമായിരിക്കും. ജാക്രതൈ!

വെടിക്കെട്ട് കഴിഞ്ഞ് നാഗപ്പൻ മാഷ് ഒരു വലിയ ശബ്ദത്തോടെ ഫോൺ ക്രാഡിലിൽ വെച്ചു; തല തിരിച്ച്.

 

അനന്തരം എല്ലാവരും ചായയ്ക്ക് പിരിഞ്ഞപ്പോൾ, ഹാളിൽ ഞാനും നാഗപ്പൻ മാഷും തനിച്ചായപ്പോൾ, ഞാൻ മാഷിനോട് ചോദിച്ചു:

-എന്നാലും ആരായിരിക്കും മാഷേ, ട്രഷറിക്കാരോട് അങ്ങനെ ഓറലായി പറഞ്ഞിട്ടുണ്ടാവുക?

അന്നേരം ചുറ്റുപാടുമൊന്ന് കണ്ണോടിച്ച് മാഷ് പതുക്കെ പറഞ്ഞു:

-സാറായതുകൊണ്ട് ആളെ ഞാൻ പറയാം. പക്ഷേ ഒരു കണ്ടീഷനുണ്ട്

-എന്താണത്?

-കഥയെഴുതരുത്

-അക്കാര്യം ഞാനേറ്റു.

-എങ്കിൽ പറയാം. അത്....ഞാൻ തന്നെയാണ്!

-ഹമ്പമ്പട രാഭണാ!

-അതെസർ. ഒരു ദുർബ്ബലനിമിഷത്തിൽ അങ്ങനെ സംഭവിച്ചു എന്നു പറഞ്ഞാ മതീലൊ

-ഏതായിരുന്നു ആ അഭിശപ്ത നിമിഷം?

-കല്പാത്തി രഥോത്സവത്തിന്റെ പിറ്റേന്നാണ്. ഉത്സവത്തിന് കരിമ്പുകച്ചവടം നടത്തിയതിന്റെ കണക്ക് പരിശോധിച്ചുകൊണ്ടിരിക്കയായിരുന്നു ഞാൻ. ഇക്കൊല്ലം കച്ചവടം വലിയ നഷ്ടത്തിലായിരുന്നു. നഷ്ടത്തിൽ പാതി സ്ലീപ്പിങ്ങ് പർട്ട് ണർ ആയ ശങ്കരനാരായണന് കൊടുക്കുകയും വേണം ! ആകപ്പാടെ തല പൊകഞ്ഞിരിക്കുമ്പോളാണ് ആ ട്രഷറിക്കാരൻ കേറി വന്നത്. അയാൾ കാഷെക്കൌണ്ടിനെപ്പറ്റി വാതോരാതെ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. ഞാൻ ഒന്നും കേൾക്കുന്നുണ്ടായിരുന്നില്ല. ഒടുവിൽ അയാൾ ചോദിച്ചു: ‘അപ്പൊ കാഷെക്കൌണ്ടിന്റെ ഡേറ്റ് വാർ സ്റ്റേറ്റ്മെന്റ് വെച്ചാ മതീലൊ അല്ലേ’.

ആ ദുർബ്ബല നിമിഷത്തിൽ   ഞാൻ പറഞ്ഞു: ‘മതി മതി. ധാരാളം മതി’. അന്നേരം അയാളൊന്ന് പോയിക്കിട്ട്യാ മതിയായിരുന്നു എനിയ്ക്ക്.

-ഓ മൈ ഗോഡ്! അപ്പൊ ഈ ഫോൺ വിളിയും തട്ടിക്കയറലും മറ്റും ?

-അത് ഒരു വേല !!!


ഓർമ്മത്തിരകൾ-8

 

(1998)

 

റിക്രിയേഷൻ ക്ലബ്ബിന്റെ ആന്വൽ അത് ലറ്റിക് മീറ്റിനുള്ള വെറ്ററൻസിന്റെ ലിസ്റ്റിൽ സോമേട്ടന്റെ പേരുകണ്ടപ്പോൾ ഞാൻ  ശരിക്കും ഞെട്ടിപ്പോയി.

സർവീസ് സംഘടനയുടെ തലപ്പത്ത് വർഷങ്ങളോളം തിളങ്ങിനിന്ന ഒരു വ്യക്തി കളർ ബനിയനും കളസവുമിട്ട് നാല് ജനം കാൺകെ മൈതാനത്തിറങ്ങി ഓടുക എന്നൊക്കെപ്പറഞ്ഞാൽ... ആലോചിച്ചപ്പോൾ എനിക്കെന്തോ പന്തികേട് തോന്നി.

 

സോമേട്ടനെ സൌകര്യത്തിനു കിട്ടിയപ്പോൾ ഞാൻ ചോദിച്ചു:

-എന്താ സോമേട്ടാ ഇപ്പോൾ ഇങ്ങനെ തോന്നാൻ?

പുകഞ്ഞുതീരാറായ സിഗരറ്റ് ഒന്നൂടെ ആഞ്ഞുവലിച്ച് കുറ്റി ദൂരേയ്ക്കെറിഞ്ഞുകൊണ്ട് സോമേട്ടൻ പറഞ്ഞു:

-അതോ... എറണാകുളത്തെ സപ്ലൈ ഓഫീസിൽ ഓഡിറ്റിനുപോകാൻ വേണ്ടിയാണ് ഡിസമ്പർ ആറാം തിയതി രാവിലെ ഞാൻ തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയത്. ഞാൻ ചെന്നുകയറിയതും ബോംബ് പൊട്ടിയതും ഒന്നിച്ചായിരുന്നു!

എന്റിഷ്ടാ, കണ്ണൊന്നുചിമ്മിത്തുറന്നപ്പോൾ ഞാൻ കണ്ടത് റെയിൽവേ സ്റ്റേഷനിൽനിന്ന് അഞ്ഞൂറ് മീറ്റർ ദൂരെയുള്ള എന്റെ വീടിന്റെ ഗേറ്റിൽ പിടിച്ച് കിതച്ചുനിൽക്കുന്ന എന്നെത്തന്നെയാണ്!

അന്നേരം തീരുമാനിച്ചതാണ് എന്തായാലും ഈയാണ്ടത്തെ അത് ലറ്റിക് മീറ്റിൽ

പങ്കെടുത്ത് വെന്നിക്കൊടി പാറിക്കണമെന്ന്. ഇനി അതിൽ ഒരു മാറ്റവുമില്ല.

-എങ്കിലും സോമേട്ടാ....

-ഒരെങ്കിലും പങ്കിലുമില്ല്യ. എനിയ്ക്കൊരു ദു:ഖമേയുള്ളൂ. ആ ഓട്ടത്തിനിടയിൽ എന്റെ ഒരു അപ്-റ്റു-ഡേറ്റ് കെ.എസ്.ആർ കളഞ്ഞുപോയി.

-ആയതുപിന്നെയുമുണ്ടാക്കീടാം/ കായം കിട്ടുകിലതുബഹുലാഭം അല്ലേ സോമേട്ടാ?

ഞാൻ ചോദിച്ചു. സോമേട്ടൻ ചിരിച്ചു.