rajasooyam

Tuesday, December 10, 2019


വഴിപാട് ഗൗണ്ടർ

(ബി കെ എൻ എന്ന ത്ര്യക്ഷരിയാൽ അറിയപ്പെടുന്ന ബ്രഹ്മശ്രീ ഭട്ടിയിൽ കുഴിയംകുന്നത്തുമനയ്ക്കൽ ഇമ്മിണി വലിയ നാരായണൻ നമ്പൂതിരി ചൊല്ലിക്കേട്ടത്)

നാട്ടുമ്പുറത്ത് സാമാന്യം വിറ്റുവരവുള്ള ഒരു ക്ഷേത്രാങ്കണമാണ് ഫൂമിക.
(ബൂമികയെന്നോ ഭൂമികയെന്നോ പറയാം, അവനോന്റെ സൌകര്യമ്പോലെ).
അവിടെ വഴിപാട് കൗണ്ടറിനുമുമ്പിൽ വെർച്വൽ ക്യൂ എന്നു തോന്നിപ്പിക്കുന്ന വിധത്തിൽ ഒരൊന്നൊന്നര ക്യൂ.
എം എ മലയാളം പാസ്സായ ഒരു ചേട്ടനാണ് വഴിപാട് ശീട്ടാക്കാനിരിക്കുന്നത്. കൊച്ചുവെളുപ്പാൻ കാലം മുതൽ തലയും കുമ്പിട്ടിരുന്ന് എഴുത്തോടെഴുത്താണ് ആശാൻ. തലയൊന്നുയർത്താൻ പോലും സാവകാശം കിട്ടുന്നില്ല. അത്രയ്ക്ക് തിരക്കാണ്. അങ്ങനെയിരിക്കുന്നതായിട്ടുള്ളതായിട്ടുള്ളതായ സന്ദർഭത്തിങ്കലാണ് നമ്മുടെ കഥാപാത്രത്തിന്റെ ഊഴമെത്തുന്നത്.
ചില്ലുവട്ടത്തിനിടയിലൂടെ ഒരു കണക്കിന് തല കടത്തി ടിയാൻ പറഞ്ഞു: ‘‘ഒരു വടമാല’’
തലയുയർത്താതെ തന്നെ എം എ മലയാളം ചോദിച്ചു : ‘‘പേര്?’’
ഭക്തശിരോമണി പേര് പറഞ്ഞു.
പേര് കേട്ടതും ഷഡൻ ബ്രെയ് ക്കിട്ടതുപോലെ ഗൗണ്ടറുടെ പേന നിന്നു!
പുള്ളിക്കാരൻ മെല്ലെ മുഖമൊന്നുയർത്തി കുലപുരുഷനെ നിരീക്ഷിച്ചു; സാകൂതം.
പിന്നെ പേനയിട്ട് വിറപ്പിച്ച്  എഴുതാൻ തുടങ്ങിക്കൊണ്ട് പതുക്കെ പറഞ്ഞു:
‘‘പേര് ഒന്നൂടെ പറ’’.
ഭക്തശ്രീമാൻ രണ്ടാമതും പേരു പറഞ്ഞു.
എഴുതാൻ തുടങ്ങിയ പേന വീണ്ടും ഫുൾസ്റ്റോപ്പായി!
എവിടെയോ എന്തോ ഒരേനക്കേട്...
ഗൗണ്ടർ എന്തോ പ്രാർത്ഥിക്കുന്നപോലെ ഒരു നിമിഷം കണ്ണടച്ചിരുന്നു.
അനന്തരം ഭക്തനോട് ചോദിച്ചു: വടമാലയല്ലേ വഴിപാട്?
-അതേ
-അപ്പൊ അച്ഛന്റെ പേര് പറ
-വിജയൻ
-വെരി ഗുഡ്
-അതെന്തിനാ അച്ഛന്റെ പേര്?
-അതുപിന്നെ വടമാല വഴിപാട് സാധാരണ അച്ഛമ്മാര്ടെ പേരിലാ നടത്ത്വാ.
          ശീട്ട് മുറിച്ചുകൊടുത്തശേഷം ഗൌണ്ടർ ഇപ്രകാരം ആത്മഗതം ചെയ്തു:
വിളിക്കാമ്പറ്റും. എഴുതാൻ ആരെക്കൊണ്ടാവും?  ഒര് പേരിട്ടിരിക്കണതേയ്-
ധൃഷ്ടദ്യുമ്നൻ!!!

Friday, November 29, 2019


കരിമീൻ ഫെസ്റ്റ് !

-ഹലോ, എം ജി ആർ സാറല്ലേ
-ഏ...
-എം.ജി.ആർ സാറാണോ?
-അതേലോ
-അപ്പൊ ചെവി പണ്ടത്തെപ്പോലെ തന്നെ. അല്ലേ
-ഏ....
-ഒന്നൂല്ല്യ. ഇത് ബിആറാണ്. റിട്ടയർമെന്റ് ജീവിതൊക്കെ എങ്ങനെ പോകുന്നു സാർ?
-പരമസുഖം. പരമാനന്ദം.
-നേരമ്പോക്കിന് എന്തു ചെയ്യുന്നു?
-വല്ലതുമൊക്കെ വായിച്ചിരിക്കും. ച്ചാൽ വായിച്ച്ചിരിക്കും
-അതു കള! ഞാനും അതാണ് പറയാറുള്ളത്...
-ഏ...എന്തെങ്കിലും പറഞ്ഞോ?
-ഇല്ല്യേയ് (വൈൻഡപ്പ് ചെയ്യാന്നാ തോന്നണേ!). ആട്ടെ, സാറിന്റെ ലഞ്ചൊക്കെ കഴിഞ്ഞോ?
-കഴിഞ്ഞു
-എന്തായിരുന്നു ഉപദംശം?
-കരിമീൻ
-എന്റെ നാവിൽ വെള്ളമൂറുന്നു
-ഓ.. ഇവിടെ അത് പുത്തരിയൊന്നുമല്ല. മിക്കവാറും എല്ലാ ദിവസോം ഉച്ചയ്ക്ക് കരിമീനുണ്ടാവും.
-ഭാഗ്യവാൻ! എന്തായാലും ഭാരതിച്ചേച്ചിയെ സമ്മതിക്കണം. എന്നും ഇങ്ങനെ കരിമീൻ വെച്ചുണ്ടാക്കാൻ എന്തു പാടായിരിക്കും
-ഏയ്. ഒരു പാടൂല്ല്യ. അവൾക്കത് ശീലായി. വെറും അര മണിക്കൂറോണ്ട് ചെയ്യും.
-പാചകരഹസ്യം പുറത്തുവിടുന്നതിൽ വിരോധമില്ലെങ്കിൽ ഒന്നു പറഞ്ഞുതന്നാൽ കൊള്ളാം.
-റെസിപി  കൃത്യമായിട്ട് എനിക്കറിയില്ല. വേണെങ്കി അവള് ചെയ്യണ കാര്യം ഞാൻ പറഞ്ഞുതരാം
-അതു മതി. അതുമതി
-എന്നും രാവിലെ ഒരു പത്തരയാവുമ്പൊ പുള്ളിക്കാരി മീൻ നന്നാക്കാൻ  തൊടങ്ങും. അത് കഴുകി വൃത്തിയാക്കി നാലിഞ്ച് നീളമുള്ള കഷണങ്ങളാക്കി മുറിച്ച് ചട്ടിയിലിടും. പിന്നെ മുളകുപൊടി, മല്ലിപ്പൊടി, കറിയുപ്പ് (ആവശ്യത്തിന്), ചുവന്നുള്ളി, വെള്ളുള്ളി (അനാവശ്യത്തിന്), മസാല മുതലായവ പുരട്ടും. ഒരു പത്തുമിനിറ്റ് അതങ്ങനെ ഇരിക്കും. ഇതിനിടയ്ക്ക് എന്തോ ഒരു മൂളിപ്പാട്ട് പാടണ കേക്കാം. അതിനുശേഷം അടുപ്പത്ത് ചീനച്ചട്ടി വെച്ച് 2 കരണ്ടി വെളിച്ചെണ്ണയൊഴിക്കും. അത് ചൂടാകുമ്പൊ മീൻ കഷണങ്ങൾ ഓരോന്നായി അതീവ ശ്രദ്ധയോടെ അതിൽ നിക്ഷേപിക്കും. അനന്തരം ഒരു മൂടിയെടുത്ത് ഭദ്രമായി മൂടി അത് വേവാൻ വെയ്ക്കും. അന്നേരം ഹാളിലെ ക്ലോക്കിൽ മണി പതിനൊന്നടിക്കും. ആ അടി കേക്കുന്നതും അവൾ ഹാളിലേക്കോടും. പിന്നെ 11.30ന് തിരിച്ചുവരുമ്പോഴേക്കും ചട്ടിയിലിട്ടത് വെറും പിലോപ്പിയായാൽ പോലും അത് കരിമീൻ ആയിട്ടുണ്ടാവും!!!
-ശ്ശെടാ! അപ്പൊ 11 മുതൽ 11.30 വരെ ഈ ചേച്ചി എന്തെടുക്ക്വാണ്?
-എന്റെ മാഷേ, അപ്പോഴല്ലേ ഏഷ്യാനെറ്റിലെ സീതാകല്യാണം? !!!



Wednesday, October 30, 2019


അപ്പൊ എല്ലാം പറഞ്ഞപോലെ

ആകെമൊത്തം നാല്പത്തെട്ട് കൈത്തറിക്കടകളുണ്ട് കുത്താമ്പുള്ളിയിൽ.
കഴിഞ്ഞ ദിവസം വളരെ പ്രയാസപ്പെട്ട് ആ നാല്പത്തെട്ടിലും കേറി ആർ കണ്ണൻ ഇപ്രകാരം പറഞ്ഞു:
അടുത്താഴ്ച എന്റെ ആപ്പീസീന്ന് കുറേപ്പേർ കുത്താമ്പുള്ളിക്ക് വരുന്നുണ്ട്. കല്യാണത്തിൽ പങ്കെടുക്കാൻ എന്ന വ്യാജേന കൈത്തറിസാധങ്ങളെടുക്കാനാണ് വരവ്. എന്നുവെച്ച് ഷോകെയ്സിലിരിക്കുന്നത് മുഴുവൻ വലിച്ചുവാരി മുന്നിലിട്ടുകൊടുക്കരുത്. ആർത്തിപ്പണ്ടാരങ്ങളാണ്. തരം കിട്ടിയാൽ അടിച്ചുമാറ്റും. പിന്നെ റിബേറ്റ് എന്നുകേട്ടാൽ കമിഴ് ന്നടിച്ചുവീഴുന്ന പ്രകൃതമാണ്. അതുകൊണ്ട് എല്ലാ കടകളുടെ മുമ്പിലും റിബേറ്റ് ബോർഡ് വെക്കണം. എണ്ണൂറുമുതൽ തൊണ്ണൂറ്` ശതമാനം വരെ എന്നുതന്നെ വെച്ചോളൂ. വരുന്നവരിൽ നാലഞ്ച് നേതാക്കന്മാരുമുണ്ട്. അവര്ടെ പേരുവിവരവും അടയാളങ്ങളും ഞാൻ പിന്നീട് തരാം. നിയമസഭാതെരഞ്ഞെടുപ്പ് അടുത്തുവരുകയാണല്ലൊ. അതുകൊണ്ട് നേതാക്കന്മാർക്ക് സ്പെഷൽ റിബേറ്റ് വേണ്ടിവരും കേട്ടോ. ആ റിബേറ്റ് സെയിൽ സിൽ നിന്നു കിട്ടുന്ന ലാഭവിഹിതം മാത്രം എനിക്ക് തന്നാൽ മതി.
അപ്പൊ,ശെരി. എല്ലാം പറഞ്ഞപോലെ.
                                     നല്പത്തെട്ടാമത്തെ കടയിൽ നിന്നിറങ്ങിയ ആർ.കണ്ണൻ മൊബൈലെടുത്ത് ഏജീസ് ഗ്രൂപ്പിലേക്ക് വാട്സാപ്പ് വിട്ടു:
‘’ഞാൻ എല്ലാ കടകളിലും പറഞ്ഞ് സെറ്റപ്പാക്കീട്ട്ണ്ട് . Hearty Welcome to Kuthampully-The Handloom City of India” !!!


Sunday, June 9, 2019


ഗ്യാസിന് ഒരു ഒറ്റമൂലി

(ഇരിങ്ങാലക്കുട നടവരമ്പ് വേളൂക്കര ദേശത്ത് കല്ലംകുന്ന് നമ്പിളിയിൽ വിനയൻ വൈദ്യർ വഹ )

ഈ ഒറ്റമൂലി ഒരു തവണ കഴിച്ചാൽ ഗ്യാസ് പമ്പ കടക്കുമെന്നാണ് വൈദ്യർ പറയുന്നത്.
ചിലപ്പോൾ അച്ചൻ കോവിലാറും കടന്നേക്കുമത്രേ.
ഒറ്റമൂലിക്ക് ആദ്യമായി വേണ്ടത് ഏതാണ്ട് ഒരു കിലോ തൂക്കം വരുന്ന ഒരു കടച്ചക്കയാണ്. കടച്ചക്ക കടപ്ലാവിൽ കേറി തന്നെ പറിക്കണം. (കേറുമ്പോൾ വീഴാതെ നോക്കണം; കേറുന്ന ആളും കടച്ചക്കയും). പിന്നെ അതിന്റെ തൊലി കളഞ്ഞെടുക്കണം. തൊലി കളയാൻ പീലിംഗ് മെഷിൻ ഉപയോഗിക്കരുത്. നല്ല നാടൻ പിശ്ശാത്തി ഉപയോഗിക്കണം. പിന്നെ അത് അരിഞ്ഞ് ചെറു കഷണങ്ങളാക്കണം. കഷണങ്ങൾ നീളത്തിലോ വട്ടത്തിലോ ആവരുത്. പ്രത്യുത ത്രികോണത്തിലായിരിക്കണം. ചതുഷ്കോണം വേണ്ട. അനന്തരം ആവശ്യത്തിന് വെള്ളവും ഉപ്പും മഞ്ഞൾ പൊടിയും ചേർത്ത് ഒരു ചൈനീസ് ചട്ടിയിൽ (ചീനച്ചട്ടി ചീഞ്ചട്ടി എന്നൊക്കെ പാഠഭേദമുണ്ട്) ഇട്ട് നല്ലപോലെ വേവിക്കുക.
ഇതിന് പാരലലായോ സമാന്തരമായോ മറ്റൊരുകാര്യം കൂടി ചെയ്യണം.(അല്ലാതെ ചായ കുടിച്ചിട്ട് വരാം എന്നു പറഞ്ഞ് മുങ്ങിക്കളയരുത്). അര കപ്പ് വെളിച്ചെണ്ണയെടുത്ത് മറ്റൊരു ചൈനീസ് ചട്ടിയിലൊഴിച്ച് മറ്റൊരടുപ്പിൽ ചൂടാക്കാൻ വെക്കുക. ചൂടായി ചൂടായി വരുമ്പോൾ ഒരു തുടം മുളകുപൊടി, ഒരു വാളം ജീരകം, അര കപ്പ് തേങ്ങാ ചിരകിയത്, കാൽ കപ്പ് കടുക് എന്നിവ അതിലേക്കിട്ട് വഴറ്റുക. വഴറ്റുന്നേരം ആരോടും വഴക്കിനു പോകരുത്. കരിഞ്ഞുപോകും. നല്ലപോലെ മദിപ്പിക്കുന്ന ഗന്ധം വരുന്നതുവരെ വഴറ്റണം. മിശ്രിതം മൂത്തുവരുമ്പോൾ അരയ്ക്കാൽ കപ്പ് ചുവന്നുള്ളി മുറിച്ചത് ചേർത്ത് ഒന്നുകൂടി മൂപ്പിക്കുക. ഇനി ഒട്ടും തന്നെ മൂക്കാനില്ല എന്ന ഘട്ടമായാൽ രണ്ട് വറ്റൽ മുളക് മൂന്നായി മുറിച്ച് അതിനുമുകളിൽ വെറുതേ വിതറുക. ഒപ്പം തന്നെ അല്പം കറിവേപ്പിലയും പാറ്റണം. തദനന്തരം ഈ ചീഞ്ചട്ടിയിലെ സാമഗ്രികൾ മുഴുവൻ കടച്ചക്ക വേവിച്ചുവെച്ചിരിക്കുന്ന മറ്റേ ചീഞ്ചട്ടിയിലേക്ക് തട്ടുക. നല്ല പോലെ ഇളക്കിയശേഷം ചക്ക ഒന്നുകൂടി വഴറ്റുക. എന്നിട്ട് വാങ്ങിവെക്കുക.
ഇപ്പോൾ ഒറ്റമൂലി- അതായത് കടച്ചക്ക വിധിപ്രകാരം സംസ്കരിച്ചെടുത്തത്- റെഡിയായി.
ആ ഒരു കിലോ  കടച്ചക്ക മുഴുവൻ ഒറ്റയടിക്ക് കഴിക്കണം. ഒരു തരി പോലും ബാക്കി വെക്കരുത്.
അതിനു മീതെ 2 പരിപ്പുവട കൂടി കഴിക്കുക.
അതോടെ ഗ്യാസ് തീരും !!!

Sunday, February 10, 2019

കരിമരുന്ന് പ്രയോഗം


-ഹലോ,ബീയാറല്ലേ
-അതേ
-ഇത് മജീദാണ്
-പറയൂ മജീദ്
-ബീയാറ് കൃഷ്‌ണേട്ടന്റെ മകള്‍ടെ കല്യാണത്തിന് പോണില്ലേ?
-അത് നാളെയല്ലേ
-നാളെയാണ്.എങ്കിലും ഞങ്ങള്‍ ഇന്നൊന്ന് പോയിരുന്നു
-ഞങ്ങള്‍ എന്നുവെച്ചാല്‍?
-ശ്രീകുമാറും സിപ്രനും ഹരിയും പിന്നെ ഞാനും
-എന്താ ഇന്ന് പോകാമെന്ന് വെച്ചത്?
-ശ്രീകുമാറിന് നാളെ ചെന്നൈക്ക് പോകണം
-അവിടെ എന്താ വിശേഷം?
-അത്യാവശ്യമായി ദൊരൈ മുരുകനെ ഒന്നു കാണണം
-അത് ശെരി. നിങ്ങള്‍ എങ്ങനെയാണ് പോയത്?
-എന്റെ കാറില്‍. ഞങ്ങള്‍ വെറുതെ സഖാവിന് കൂട്ട് പോയതാണ് കേട്ടോ
-മുന്‍കൂട്ടി അറിയിച്ചിട്ടാണോ പോയത്?
-അതെയതെ. ശ്രീകുമാര്‍ വരുന്നുണ്ടെന്ന് മുന്‍കൂട്ടി അറിയിച്ചിരുന്നു. ആ അറിയിപ്പിന്റെ ഫലം അവിടെ കാണുകയും ചെയ്തു
-മനസ്സിലായില്ല
-അതാണ് ഞാന്‍ പറഞ്ഞുവരുന്നത്. സഖാവ് വീയെസ് കോണ്‍ഫെഡറേഷന്റെ സംസ്ഥാന പ്രസിഡണ്ടായിട്ട് എത്ര നാളായെന്ന് ബീയാറിനറിയാമോ?
-റൗണ്ടായി പറഞ്ഞാല്‍ അര വ്യാഴവട്ടം
-ഈ കാലയളവില്‍ കസര്‍ഗോഡ് മുതല്‍ കന്യാകുമാരിവരെ തെക്കുവടക്ക് എത്ര   കാല്‍നട വാഹനജാഥകള്‍ സഖാവ് നയിച്ചിട്ടുണ്ടെന്നറിയാമോ?
-എമ്പരപ്പ്
-എന്നാല്‍ ഇന്ന് കൃഷ്‌ണേട്ടന്റെ മഴുവഞ്ചേരിയില്‍ കിട്ടിയതുപോലെ ഒരു സ്വീകരണം സഖാവിന്റെ ജീവിതത്തില്‍ ഇന്നുവരെ കിട്ടിയിട്ടില്ല!
-അത്രയ്ക്ക് അവേശമായിരുന്നെന്നോ അവിടെ?
-പറഞ്ഞാല്‍ ബീയാര്‍ വിശ്വസിക്കില്ല. അത് കണ്ടുതന്നെ അറിയണമായിരുന്നു. വണ്ടി പാര്‍ക്ക് ചെയ്ത സ്ഥലത്തുനിന്നും കൃഷ്‌ണേട്ടന്റെ വീട്ടിലേക്ക് ഏതാണ്ട് നൂറു മീറ്റര്‍ ദൂരമുണ്ട്. ആ വഴി മുഴുവന്‍ തോരണങ്ങള്‍ കൊണ്ടും ചുവന്ന നിറത്തിലുള്ള
മുത്തുക്കുടകള്‍ കൊണ്ടും അലങ്കരിച്ചിരുന്നു.
വണ്ടിയില്‍നിന്നും സഖാവ് പുറത്തിറങ്ങിയതും ഒരു കതിനാവെടി മുഴങ്ങി!
ഞങ്ങള്‍ ഞെട്ടിപ്പോയി. അത് ആചാരവെടിയാണെന്ന് ആരോ പറയുന്ന കേട്ടു. അതിനുപുറകെ ഓലപ്പടക്കത്തിന്റെ കൂട്ടപ്പൊരിച്ചിലായിരുന്നു. ഇടയ്ക്കിടെ ചെകിടടപ്പിക്കുന്ന വിധം അമിട്ടുകളും ഗുണ്ടുകളും  പൊട്ടുന്നുണ്ടായിരുന്നു. ഞെട്ടല്‍ പുറത്തുകാട്ടാതെ സഖാവ് മുന്നിലും ഞങ്ങള്‍ പിന്നിലുമായി സാവകാശം മുന്നോട്ട് നടന്നു. അപ്പോള്‍ ചെണ്ടയും തകിലും നാഗസ്വരവുമായി ഒരു കൂട്ടര്‍ ഞങ്ങളെ അകമ്പടി സേവിച്ചു.
തൊട്ടുമുന്നില്‍ ശിങ്കാരി മേളക്കാരുമുണ്ടായിരുന്നു! ആ നൂറുമീറ്റര്‍ നടത്തം ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയില്ല ബിയാര്‍. സത്യം പറഞ്ഞാല്‍ വീയെസ്സിന്റെ മേലാകെ കോരിത്തരിക്കയായിരുന്നു...

                                                                        ******
          മേത്തന്മാരെ ഒട്ടും തന്നെ വിശ്വസിക്കാന്‍ പാടില്ലെന്നാണല്ലോ
നമ്മുടെ വേദേതിഹാസങ്ങളില്‍ പറയുന്നത്. അതിനാല്‍ ഏറെ രാച്ചെന്നവാറെ ബിയാര്‍ കൃഷ്‌ണേട്ടനെ വിളിച്ചു:
-കൃഷ്‌ണേട്ടാ, മജീദ് മെഹ്ത്ത ഇന്നിന്നതുപോലെയൊക്കെ പറയണ്ണ്ടല്ലോ.
അത്രയ്ക്ക് വമ്പന്‍ സ്വീകരണമാണോ അവിടെ കോണ്‍ഫെഡറേഷന്‍ പ്രസിഡണ്ടിന് കൊടുത്തത്?
-ഇല്ലല്ലൊ ബീയാര്‍. ഇവിടെ അങ്ങനെ പ്രത്യേകിച്ച് സ്വീകണമൊന്നും ഉണ്ടായില്ലല്ലോ..
-അപ്പൊപ്പിന്നെ കൊടിതോരണം, കുരുത്തോല, വെടിക്കെട്ട്, ചെണ്ടമേളം, ശിങ്കാരിമേളം മുതലായവയൊക്കെ ഉണ്ടായിരുന്നെന്നു പറഞ്ഞതോ?
-അത് പിന്നെ ഇന്ന് ഇവിടത്തെ എടവകേലെ  
 അമ്പുപെരുന്നാളായിരുന്നു!!!