rajasooyam

Monday, June 23, 2014

നാമംഗലത്തെ കോളിഫ്‌ളവറുകള്‍

മാര്‍ച്ച് മാസം ആദ്യവാരമാണ് എന്‍ബി പരമേശ്വരന്‍ തിരുമേനീടെ കോളിഫ്‌ളവര്‍ കൃഷീടെ
വിളവെടുപ്പു നടന്നത്.
പിറ്റേന്ന് രണ്ട് ചാക്ക് നിറയെ കോളിപ്പൂക്കളുമായിട്ടാണ് എന്‍ബി
ആപ്പീസില്‍ വന്നത്.

വിള വാങ്ങാന്‍ സഖാക്കളുടെ നീണ്ട നിരയായിരുന്നു അസോസിയേഷന്‍ ഹാളില്‍.
ഹരിദാസസൂമാരാദി തിരുമേനിമാര്‍, അസ്സന്‍ മജീദാദി മാപ്പിളമാര്‍, ശ്രീകുമാര്‍, ഹരി, സിആര്‍ബി, കൃഷ്‌ണേട്ടന്‍, ചുരിദാറിട്ട രാജേന്ദ്രന്‍ മുതലായ നേതാക്കന്മാര്‍, ബാലു, വത്സന്‍, നന്ദന്‍, ഏപ്പി, വേണു, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍, ആന്റോ, സിപ്രന്‍, കണ്ണന്‍, ബിആര്‍,
പി എല്‍ ജോയ്, സദാന്ദന്‍, സാദാ ആനന്ദന്‍ മുതലായ അണികള്‍- എല്ലാവരുമുണ്ടായിരുന്നു ക്യൂവില്‍.
പണ്ടെങ്ങാണ്ട് ചൂടപ്പം വിറ്റുപോയതുപോലെയാണ് എന്‍ബീടെ ചാക്ക് രണ്ടും കാലിയായത്.
ദൗര്‍ഭാഗ്യവശാല്‍ വരാന്‍ താമസിച്ചുപോയതുകൊണ്ട് ഐന്തോള്‍ രാശനുമാത്രം എന്‍ബീടെ
ഫ്‌ളവറ് കിട്ടിയില്ല.

പിറ്റേന്ന് സ്വാഭാവികമായും നാമംഗലത്തെ കോളിഫ്‌ളവറിനെപ്പറ്റിയായിരുന്നു അസോസിയേഷന്‍ ഹാളില്‍ ചര്‍ച്ച.
എന്‍ബിയെ അഭിനന്ദിക്കാനും കൈ പിടിച്ചുകുലുക്കാനും സഖാക്കള്‍ പരസ്പരം
മത്സരിക്കയായിരുന്നു.
അസാദ്ധ്യ ടേയ്സ്റ്റ്- അതല്ലാതെ എന്‍ബീടെ ഫ്‌ളവറിനെപ്പറ്റി ആര്‍ക്കും ഒന്നും
പറയാനുണ്ടായിരുന്നില്ല.
തലേന്ന് വൈകീട്ട് ഉപ്പേരിവെച്ചുകഴിച്ച കോളിഫ്‌ളവറിന്റെ രുചി പിറ്റേന്ന് ഉച്ചയായിട്ടും
പലരുടേയും നാവില്‍നിന്ന് വിട്ടുപോയിട്ടില്ലത്രേ!
അതിനെ വെറും രുചി എന്നല്ല, വരരുചി എന്നുതന്നെ പറയണമെന്നാണ് സിപ്രന്‍
അഭിപ്രായപ്പെട്ടത്.
സഖാക്കളുടെ ഈദൃശ അഭിപ്രായങ്ങള്‍ കേട്ടുകൊണ്ടിരുന്നപ്പോള്‍ ഐന്തോള്‍ രാശന് ഒരു
സംശയം: ഇവരീപ്പറയുന്നതൊക്കെ നേരാണോ? കോളിഫ്‌ളവറ് താന്‍ കാണാത്തതല്ലല്ലൊ.
ഒരുതരം ചക്കച്ചവുണീടെ രുചിയല്ലേ അതിന്?
പക്ഷേ കിട്ടാത്ത മുന്തിരി പുളിക്കും എന്ന് ആരാനും പറഞ്ഞാലോന്ന് വിചാരിച്ച് രാശന്‍ ഒന്നും പറഞ്ഞില്ല.
വീട്ടില്‍ ചെന്നിട്ടും നേരമിരുട്ടിയിട്ടും രാശന് അതുതന്നെയായിരുന്നു ചിന്ത.
എന്തായിരിക്കും എന്‍ബീടെ കോളിഫ്‌ളവറിനുമാത്രം ഇത്രക്ക് രുചി വരാന്‍ കാരണം?
ഊണിലും ഉറക്കത്തിലും രാശന്‍ മറ്റൊന്നും ചിന്തിച്ചില്ല.
ഇരിക്കപ്പൊറുതീന്ന് പറയണ സാധനം ഇല്ല്യാണ്ടായീന്ന് ചുരുക്കം.

പിറ്റേന്ന് ശനിയാഴ്ചയായിരുന്നു.
സമയം കൃത്യം എട്ടെട്ടര ഒമ്പതായിക്കാണും.
രാശന്‍ ഫൗണ്ട് ഹിംസെല്‍ഫ് അറ്റ് ദ ഗെയ്റ്റ് ഓഫ് നാമംഗലം മന !
പടിയും പടിപ്പുരയും കടന്ന് രാശന്‍ ചെല്ലുമ്പോള്‍ ഉമ്മറക്കോലായയില്‍ ഒരു
ചാരുശീലക്കസേരയില്‍ കുന്തിച്ചിരുന്ന് നാലും കൂട്ടി മുറുക്കുകയായിരുന്നു എന്‍ബി.
തിരുവാ നിറച്ചും താംബൂലമിശ്രിതമുണ്ട്.
തെല്ലൊരകലമിട്ടുനിന്ന് രാശന്‍ മുരടനക്കി. എന്‍ബി തിരിഞ്ഞുനോക്കി.
-ങ! രാശനോ?
-റാന്‍
-എന്താ വന്നത്? ഇരിക്ക.
രാശന്‍ എന്‍ബീടെ മൗത്തിലേക്ക് ആംഗ്യം കാണിച്ചു. കാര്യം മനസ്സിലാക്കിയ എന്‍ബി
ചാരുശീലക്കസേരയുടെ ചോട്ടില്‍ വെച്ചിരുന്ന തുപ്പല്‍ക്കോളാമ്പിയെടുത്ത് അതിലേക്ക്
തിരുവായൊഴിഞ്ഞു. പിന്നെ മൊഴിഞ്ഞു:
-ഇനി ഇരിക്ക
-ഇരിക്കണംന്ന്ല്ല്യ. ഞാന്‍ ഒരു കാര്യമറിയാന്‍ വന്നതാണ്. അതറിഞ്ഞാലുടന്‍ സ്ഥലം വിട്ടോളാം.
-എന്താ കാര്യം?
-സാധാരണ കോളിഫ്‌ളവറിന് ഒരു തരം വൃത്തികെട്ട ചുവയാണല്ലൊ. പക്ഷേ എന്‍ബീടെ
ഫ്‌ളവറിന് അസാദ്ധ്യ രുചിയാണെന്ന് എല്ലാവരും പറയുന്നു. എനിക്കാണെങ്കില്‍ അതൊന്നു
രുചിച്ചുനോക്കാനും പറ്റീല്ല്യ.
-അയ്യോ രാശാ, ഇവ്‌ടെ ഒന്നും ബാക്കീല്ല്യാലൊ.
-ഇല്ല്യാ, വേണംന്ന്ല്ല്യാ. എനിക്ക് ആ രുചീടെ ഗുട്ടന്‍സ് ഒന്ന് അറിഞ്ഞാ മതി. ആ രുചി കിട്ടാന്‍      വേണ്ടി തിരുമേനി പ്രത്യേകിച്ച് എന്താണ് ചെയ്യാറുള്ളത്?
    ഇത്രയും സംഭാഷണം കഴിഞ്ഞപ്പോഴേക്കും തിരുമേനീടെ വായില്‍ താംബൂലമിശ്രിതം
വീണ്ടും ഫുള്‍ടാങ്കായി. ഓവര്‍ഫ്‌ളോ ചെയ്യാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ച് ഇടതുകൈകൊണ്ട്
ചാരുശീലക്കസേരക്കടിയിലെ തുപ്പല്‍ക്കോളാമ്പി തപ്പിയെടുത്ത് അതിലേക്ക് ഒരിക്കല്‍ കൂടി
തിരുവായൊഴിഞ്ഞ് തിരുമേനി പറഞ്ഞു:
അങ്ങനെ പ്രത്യേകിച്ചൊന്നൂല്ല്യ. ഫ്‌ളവറ് ഒരുവിധം മൂപ്പാവുമ്പൊ ഈ കോളാമ്പീല്
ഒരു ബ്രഷ് മുക്കി ഇത്തിരീശ്ശെ അങ്ങട്് തെളിച്ചുകൊടുക്കും !!!