rajasooyam

Saturday, January 30, 2016

സൈഡ് ഇഫെക്റ്റ്

പ്രദീപേട്ടന്‍ പ്രീറിട്ടയര്‍മെന്റ് കൗണ്‍സലിങ്ങിന് തിരുവനന്തപുരത്തു പോയതും ഭസ്മാസുരനാവാതെ രക്ഷപെട്ടതും മറ്റും മാലോകരായ മാലോകരൊക്കെ ഇതിനകം അറിഞ്ഞിരിക്കുമല്ലൊ.
ആ സംഭവം നടന്നത് ജനുവരി രണ്ടാം വാരത്തിലായിരുന്നുവെങ്കില്‍ ഈ സംഭവം നടക്കുന്നത് നാലാം വാരത്തിലാണ്.
നാലാം വാരത്തിലെ ഒരു ദിവസം അയല്‍വക്കത്തെ ശാന്തേടത്തി പ്രദീപേട്ടന്റെ വൈഫിനോട്
സംസാരിക്കയാണ്:
-ചോദിക്കണോണ്ട് വെഷമൊന്നും തോന്നരുത്,ട്ടോ പ്രഭേ
-എന്താ ശാന്തേച്ചി?
-അല്ലാ, സാറിന് ഈയിടെയായിട്ട് എന്തെങ്കിലും പ്രശ്‌നണ്ടോ?
-എന്തു പ്രശ്‌നം?
-എന്തെങ്കിലും മാനസിക പ്രശ്‌നം?
-എന്താ ശാന്തേച്ചി അങ്ങനെ ചോദിക്കാന്‍?
-അതല്ലാ.. ഞാന്‍ ഇന്നലെ നോക്കുമ്പൊ സാറ് നിങ്ങടെ ഉമ്മറത്തിരുന്ന് കെഴക്കേലേ വലിയ മൂവാണ്ടന്‍ മാവിന്റെ തുഞ്ചത്തേക്ക് ഇമ വെട്ടാതെ സൂക്ഷിച്ചുനോക്കുന്നതു കണ്ടു.............  അര മണിക്കൂറ് കഴിഞ്ഞ് നോക്കുമ്പോഴും അതേ ഇരിപ്പായിരുന്നു........... ഞാന്‍ ഇക്കാര്യം വീട്ടില് പറഞ്ഞപ്പൊ ചേട്ടനും പറഞ്ഞു, ഈയിടെയായി സാറ് രാവിലെ പാല് വാങ്ങാന്‍ പോവുമ്പൊ വഴീല് കാണണ മരങ്ങള്‌ടെ മോളിലേക്ക് സൂക്ഷിച്ച്‌നോക്കി അനങ്ങാതെ നിക്കണത് കാണാറ്ണ്ട്ന്ന്!
                                       ശാന്തേടത്തി പറഞ്ഞതുകേട്ടതും ഭൂമി കുലുങ്ങുന്നതുപോലെയും തല കറങ്ങുന്നതുപോലയും തോന്നി പ്രഭയ്ക്ക്.........

അന്നു വൈകുന്നേരം അത്താഴത്തിനിരിക്കുമ്പൊ പ്രദീപേട്ടനോട് ശ്രീമതി ചോദിച്ചു:
-അതേയ്, സത്യം പറയണം. ചേട്ടന് എന്തെങ്കിലും പ്രശ്‌നണ്ടോ?
-എന്തു പ്രശ്‌നം?
-അല്ലാ, എന്തെങ്കിലും മാനസിക പ്രശ്‌നം?
-എന്തേ അങ്ങനെ ചോദിക്കാന്‍?
    ശാന്തേടത്തി പറഞ്ഞ കാര്യം വള്ളിപുള്ളി വിസര്‍ഗ്ഗം തെറ്റാതെ പ്രഭ പ്രദീപേട്ടനെ ധരിപ്പിച്ചു.
അന്നേരം പൊട്ടിച്ചിരിച്ചുകൊണ്ട് തനി ബഷീറിയന്‍ സ്റ്റൈലില്‍ പ്രദീപേട്ടന്‍ പറഞ്ഞു:
-എടീ ബഡുക്കൂസെ, എനിക്ക് നീ പറയണ യാതൊരു പ്രശ്‌നോല്ല്യ.
-അപ്പൊപ്പിന്നെ ശാന്തേടത്തി പറഞ്ഞതോ?
-അതുപിന്നെ അന്ന് കൗണ്‍സലിങ്ങിനുവന്ന സാറ് ഹോബികളൊന്നുമില്ലാത്തവര്‍
കൈ പൊക്കാന്‍പറഞ്ഞു. ഞാന്‍ കൈ പൊക്കി. അപ്പൊ സാറ് പറഞ്ഞു, റിട്ടയര്‍ ചെയ്യുമ്പോള്‍ നിര്‍ബ്ബന്ധമായും     എന്തെങ്കിലും ഹോബി വേണമെന്നും അത് ഇപ്പോഴേ കണ്ടെത്തി പ്രാക്റ്റീസ് ചെയ്തു തുടങ്ങണമെന്നും. പിന്നെ ഹോബി സെലക്റ്റ് ചെയ്യാന്‍ വേണ്ടി അതിന്റെ ഒരു ലിസ്റ്റും തന്നു.
-എന്തൊക്കെയുണ്ടായിരുന്നു ലിസ്റ്റില്‍?
-ഗാര്‍ഡനിങ്, സ്റ്റാമ്പ് കളക് ഷന്‍, ചിത്ര രചന, സംഗീതാസ്വാദനം, ഫോട്ടോഗ്രഫി, ശീട്ടുകളി,
കുതിരക്കച്ചവടം, തീപ്പെട്ടിക്കൂട് ശേഖരണം, വീണ വായന, വീഴാത്ത വായന, ഗോസിപ്പെഴുത്ത്,
അടുക്കളപ്പണി... അങ്ങനെ ഒരു നൂറുകൂട്ടം
                      പ്രഭയ്ക്ക് ഉറപ്പായിരുന്നു, തന്നോടുള്ള സ്‌നേഹക്കൂടുതല്‍ കൊണ്ട് പ്രദീപേട്ടന്‍
അടുക്കളപ്പണിയാവും തെരഞ്ഞെടുത്തിട്ടുണ്ടാവുകയെന്ന്. എന്നാലും വെറുതെ ചോദിച്ചു:
-എന്നിട്ട് പ്രദീപേട്ടന്‍ ഏത് ഹോബിയാണ് തെരഞ്ഞെടുത്തത്?
-ഒബ്‌സെര്‍വേഷന്‍
-ഒബ്‌സെര്‍വേഷനോ?
-അതെ. നിരീക്ഷണം. പക്ഷിനിരീക്ഷണം !!!



Tuesday, January 26, 2016

വെളുക്കാന്‍ തേച്ചത്

വെളുക്കാന്‍ തേച്ചത് പാണ്ടായി ഭവിച്ചു എന്നു പറഞ്ഞതുപോലായി പ്രദീപേട്ടന്റെ കാര്യം.

സംഭവമിങ്ങനെ:
2016 ജനുവരി മുതല്‍ ഡിസംബര്‍ വരെ റിട്ടയര്‍ ചെയ്യുന്നവര്‍ക്കുവേണ്ടിയുള്ള കൗണ്‍സലിങ് ക്ലാസ് നടക്കുകയാണ് മെയിനാപ്പീസില്‍.
ഒക്ടോബര്‍ മാസത്തില്‍ റിട്ടയര്‍ ചെയ്യുന്ന പ്രദീപേട്ടനേയും സ്വാഭാവികമായും പ്രസ്തുത പരിപാടിയിലേക്ക്  ക്ഷണിച്ചിരുന്നു.
മാന്യന്മാരും മഹതികളുമടക്കം ആകെമൊത്തം ടോട്ടല്‍ 66 പേരുണ്ടായിരുന്നു ക്ലാസില്‍.
പലരേയും അനേകവര്‍ഷങ്ങള്‍ക്കുശേഷം ആദ്യമായി കാണുകയാണ് പ്രദീപേട്ടന്‍.
കൂടിക്കാഴ്ചക്കിടയില്‍ പ്രൗഢയും കുലീനയുമായ ഒരു ലേഡിയോട് പ്രദീപേട്ടന്‍ തികച്ചും നിര്‍ദ്ദോഷമായ ഒരു  കുശലാന്വേഷണം നടത്തി. ആ അന്വേഷണമാണ് പാണ്ടായിബ്ഭവിച്ചത്!
പ്രദീപേട്ടന്റെ ചോദ്യം കേട്ടതും അവര്‍ വള്ളത്തോളിന്റെ ശിഷ്യനും മകനും എന്ന ഖണ്ഡകാവ്യത്തിലെ പാര്‍വതീദേവിയെ ഇമിറ്റേറ്റ് ചെയ്ത് പ്രദീപേട്ടനെ ജ്വലിച്ച കണ്‍കൊണ്ടൊരു നോക്കുനോക്കി.
മഞ്ഞുകാലമായതുകൊണ്ട് രക്ഷപെട്ടു. അല്ലെങ്കില്‍ പ്രദീപേട്ടന്‍ ഭസ്മായേനെ. ഭസ്മാസുരനായേനെ!

പ്രൗഢയോടുള്ള പ്രദീപേട്ടന്റെ തികച്ചും നിഷ്‌കളങ്കമായ ചോദ്യം ഇതായിരുന്നു:
''ഏതാ മാസം?''' !!!