rajasooyam

Wednesday, February 19, 2020


മുത്തപ്പൻ

സർവീസിൽനിന്ന് അടുത്തൂൺ പറ്റുന്നതിനുമുമ്പ് മലയാറ്റൂർ കുരിശുമുടി കേറിയിറങ്ങാമെന്ന് ഒരു നേർച്ച നേർന്നിട്ടുണ്ടായിരുന്നു വേണുപ്പണിക്കർ.
പലവിധ കാരണങ്ങളാൽ ആ യാത്ര പെൻഡിങ്ങായിപ്പോയി.
ഒടുവിൽ റിട്ടയർ ചെയ്യുന്ന മാസമാണ് അതിന് തരായത്.
അതിരാവിലെ കുളിച്ച് കുറിയിട്ട് മുത്തുമാലയണിഞ്ഞ് ചെവിയിൽ ചെമ്പരത്തിപ്പൂവുംചൂടി പണിക്കർ റെഡിയായി. അപ്പോഴേക്കും മുത്തപ്പനുമെത്തി.
മുത്തപ്പനില്ലാതെ പണിക്കർക്കൊരു യാത്രയുമില്ല. പണിക്കർ എവിടെപ്പോയാലും മുത്തപ്പൻ കൂടെയുണ്ടാവും. മുത്തപ്പൻ കൂടെയുണ്ടെങ്കിൽ എന്തെന്നില്ലാത്ത ഒരു പോസിറ്റീവ് എനെർജി കിട്ടുമെന്നാണ് പണിക്കർ പറയുന്നത്.
അങ്ങനെ ആ തണുത്ത വെളുപ്പാൻ കാലത്ത് പണിക്കരും മുത്തപ്പനും കൂടി മലയാറ്റൂർക്കുള്ള കെ എസ് ആർ ടി സി ബസ്സ്  പിടിച്ചു.
കൊട്ടും പാട്ടുമായിട്ടായിരുന്നു യാത്ര.
വണ്ടി കാലടിപ്പാലം കടന്നപ്പോൾ മുത്തപ്പൻ കാലടിപ്പുഴക്കടവിലേക്കൊരു തീർത്ഥയാത്ര എന്ന പാട്ട് പാടി. വേണു താളം പിടിച്ചു. വണ്ടി മലയാറ്റൂർ റൂട്ടിലേക്ക് തിരിഞ്ഞപ്പോൾ വേണു മലയാറ്റൂർ മലഞ്ചെരിവിലെ പൊൻമാനേ, പെരിയാറ്റിൽ മീൻ പിടിക്കണ പൊൻമാനേ എന്ന പാട്ട് പാടി. അന്നേരം മുത്തപ്പൻ താളം പിടിച്ചു.
പറഞ്ഞുവെച്ചപോലെ റൈറ്റ് ടൈമിൽ തന്നെ വണ്ടി അടിവാരത്തെത്തി.
പിന്നെ മലകയറ്റം.
മലയാറ്റൂർ മലയെന്നു പറഞ്ഞാൽ ഒരു മയമില്ലാത്ത മലയാണ്. ശബരിമല പോലൊന്നുമല്ല. ചെങ്കുത്തായ കേറ്റമാണ്. കൂർത്ത പാറക്കല്ലുകളിൽ പൊത്തിപ്പിടിച്ചും മറ്റും വേണം കയറാൻ. പക്ഷേ കൊടും ചുള്ളനായ പണിക്കർക്ക് അതൊന്നും ഒരു പ്രശ്നമായിരുന്നില്ല. ഉശിരുള്ള അണ്ണാ‍ർക്കണ്ണനെപ്പോലെ ചാടിച്ചാടി വേണു കേറിക്കേറിപ്പോയി.
നേരെ മറിച്ചായിരുന്നു മുത്തപ്പന്റെ കാര്യം. ഓരോ അത്തടി വെക്കുമ്പോഴും പതിനഞ്ച് മിനിറ്റ് റെസ്റ്റ് വേണം മുത്തപ്പന്.
ലാസ്റ്റ് ലാപ്പിൽ ഒറ്റ കുതിപ്പിന് വേണു മലമുകളിലെത്തി.
പിന്നാലെ വേച്ചും കിതച്ചും ഏന്തിവലിഞ്ഞും ഒരു കണക്കിന് മുത്തപ്പനുമെത്തി.
പിന്നെ അര മണിക്കൂറോളം രണ്ടുപേരും അവിടെ വിരിവെച്ചു കിടന്നു. ഉറങ്ങി.
ഉറക്കാനന്തരം സടകുടഞ്ഞെണീറ്റ് പുണ്യാളനോട് വിവരം പറഞ്ഞ് മലയിറങ്ങാൻ തുടങ്ങി.
പണിക്കരെ സംബന്ധിച്ചിടത്തോളം കേറ്റവും ഇറക്കവും ഒന്നന്നെ.
പോയ സ്പീഡിൽ തന്നെയായിരുന്നു വേണുവിന്റെ മടക്കം.
പക്ഷേ മുത്തപ്പനോ? കാസം വലിച്ചും  ശ്വാസം നിലച്ചും എങ്ങനെയാണ് താൻ താഴത്തെത്തിയതെന്ന് മുത്തപ്പനു മാത്രമേ അറിയൂ.
അടിവാരത്തെത്തിയപ്പോഴേക്കും രണ്ടുപേരും വിശന്ന് പൊരിയുകയായിരുന്നു.
ചുറ്റുപാടുമെങ്ങും ഒരു ഹോട്ടലുമില്ല.
ആകപ്പടെ കണ്ടത് ശോശാമ്മച്ചേടത്തീടെ തട്ടുകടയാണ്.
അവിടാണെങ്കിൽ ഇരിക്കാൻ സീറ്റുമില്ല. രണ്ട് പ്ലാസ്റ്റിക് സ്റ്റൂളുള്ളതിൽ ഒന്നിൽ ഒരാളിരുന്ന് പുട്ടടിക്കുന്നുണ്ട്.
വേണു വേഗം രണ്ടാമത്തെ സ്റ്റൂളിൽ സീറ്റിങ്ങായി.
എവിടിരിക്കുമെന്നറിയാതെ തലയും ചൊറിഞ്ഞ് മുത്തപ്പൻ പിന്നിൽ നിന്നു.
ഇതു കണ്ടതും ശോശാമ്മച്ചേടത്തീടെ മനമുരുകി. അവർ വേണുവിനെ ഗുണദോഷിച്ചു: മോൻ എന്തു പണിയാ ഈ കാണിക്കണത്? മോന്റെ അപ്പന്റെ പ്രയല്ല്യേ ഈ കാർന്നോര്ക്ക്? അപ്പൻ നിക്കുമ്പൊ മോൻ ഇരിക്ക്യാ?  മോനൊന്നെണീറ്റേ. ആ കാർന്നോരവിടെ ഇരിക്കട്ടെ.
          ശസനയായിരുന്നെങ്കിലും വേണുവിന് അത് നന്നായി രസിച്ചു. മാന്നാർ മത്തായിച്ചേട്ടൻ നല്ലവനാണെന്ന് ആരോ പറഞ്ഞെന്നു കേട്ടപ്പോൾ ഇന്നസെന്റിന്റെ മുഖത്തുണ്ടായ അതേ ഭാവമായിരുന്നു അപ്പോൾ വേണുവിന്റെ മുഖത്ത്!
വേണു സീറ്റ് മുത്തപ്പന് ഒഴിഞ്ഞുകൊടുത്തു. പിന്നെ രണ്ടുപേരും പൊറോട്ടയും ബീഫും അമരം തട്ടി- മുത്തപ്പൻ ഇരുന്നുകൊണ്ടും വേണു നിന്നുകൊണ്ടും.
മടക്കയാത്രയിൽ തൃശ്ശൂരെത്തുവോളവും വേണു എന്തോ ഓർത്ത് ഊറിച്ചിരിക്കുന്നുണ്ടായിരുന്നു.
ആ മാസം 31ന് 60 വയസ്സ് പൂർത്തിയാക്കി വേണു സർവീസിൽ നിന്ന് റിട്ടയർ ചെയ്തു.
അതു കഴിഞ്ഞ് കൃത്യം 10 കൊല്ലം കഴിഞ്ഞപ്പോൾ മുത്തപ്പനും സൂപ്പറാന്വേറ്റ് ചെയ്തു!
കെ. പ്രദീപ് കുമാർ എന്നായിരുന്നു മുത്തപ്പന്റെ പേര് !!







Wednesday, February 12, 2020

INSOMNIA


ക്രി.പി. 2009 ലാണ് സംഭവം

കുറച്ചുദിവസങ്ങളായി വല്ലാതെ ഗ്ലൂമിയാണ് സഹരാജന്‍ നായര്‍.
എന്താവാം ആ ഗ്ലൂമിങ്ങിന് കാരണം?
പ്രൊമോഷനില്‍ സൂപ്പര്‍സീഡ് ചെയ്യപ്പെട്ടതാവാന്‍ വഴിയില്ല. കാരണം അതിലും വലിയ എത്രയോ വെള്ളിയാഴ്ചകള്‍ കഴിഞ്ഞുപോയിരിക്കുന്നു ജീയെസ്സിന്റെ ജീവിതത്തില്‍.
ഇ.പി.ജയരാജന്‍ സിബിഐയോട് പറഞ്ഞതേ ഇക്കാര്യത്തില്‍ ജീയെസ്സിനും പറയാനുണ്ടാവൂ.....
അപ്പോള്‍ പിന്നെ ബിആര്‍ വിചാരിക്കുന്നതുതന്നെയാവണം കാരണം. ആയമ്മ വി ആർ എസ് എടുത്ത് പോയതുകൊണ്ട്  ഇനിമേല്‍ ആപ്പീസില്‍ വെച്ച് ലെക്ഷ്മിക്കുട്ടിയമ്മയെ കാണാനും വല്ലതും രണ്ടുമിണ്ടാനും കഴിയില്ലല്ലോ എന്ന ചിന്താശതകം.
ഏതായാലും അതൊന്നുറപ്പാക്കിക്കളയാം എന്ന വിചാരധാരയാണ് ജീയെസ്സുമായി ഒരു ഡയലോഗിലേക്ക് ബിആറിനെ നയിച്ചത്:
-പറയൂ, ജീയെസ്. എന്താണീ നായര്‍വിഷാദയോഗത്തിന് ഹേതുവായത്?
-ബിആര്‍ വിചാരിക്കുന്നത്ര നിസ്സാരമല്ല കാര്യം. അല്പം സീരിയസ്സാണ്.
-ച്ചാല്‍?
-കഥയാക്കില്ലെന്ന് ഉറപ്പുതന്നാല്‍ മാത്രം പറയാം.
-ഒറപ്പ്.
-എനിക്ക് ബലമായ ഒരു സംശയം.
-എന്തോന്ന്?
-എന്റെ ബുദ്ധിശക്തി നശിച്ചുപോയോന്ന്!
-എന്തേ ഇപ്പോള്‍ അങ്ങനെ തോന്നാന്‍?
-ഇപ്പോള്‍ തോന്നിയതല്ല.
-പിന്നെ?
-ഏതാണ്ടൊരു മാസത്തോളമായി. അന്നുമുതല്‍ ഇന്നുവരെ ഞാന്‍ ഉറങ്ങിയിട്ടില്ലെന്നതാണ്   വാസ്തവം. വെയ്റ്റ് രണ്ടുകിലോ കുറയുകയുംചെയ്തു.
-എന്നുമുതലാണ് ഉറക്കമില്ലായ്മ തുടങ്ങിയത്?
-കൃത്യമായി പറഞ്ഞാല്‍ രാജേന്ദ്രന്റെ ഹൗസ്‌വാമിങ്ങിന്റന്നുമുതല്‍.
-അക്കൗണ്ടാപ്പീസില്‍ പലതരം രാജേന്ദ്രന്മാരുണ്ട്. ഏത് രാജേന്ദ്രന്റെ എന്നു പറ.
-ചുരിദാറിട്ട രാജേന്ദ്രന്റെ.
-രാജേന്ദ്രന്റെ ഹൗസ് വാമിങ്ങും ജീയെസ്സിന്റെ ഉറക്കം നഷ്ടപ്പെട്ടതും തമ്മില്‍ എന്തു ബന്ധം?
-അന്ന് സോമന്‍ എന്നോടൊരു കാര്യം പറഞ്ഞു. അതിന്റെ പൊരുള്‍ മനസ്സിലാവാതെ ഇപ്പോഴും  ഉഴലുകയാണ് ഞാന്‍. നന്നേ ചെറിയ ഒരു വാചകമായിരുന്നു അത്. അതിന്റെ അര്‍ത്ഥം  പോലും മനസ്സിലായില്ലെന്നു പറഞ്ഞാല്‍ എന്റെ ബുദ്ധിശക്തി പോയീന്നല്ലേ അര്‍ത്ഥം?
-അങ്ങനെയങ്ങുറപ്പിക്കാന്‍ വരട്ടെ. ആദ്യം എന്താണ് സോമേട്ടന്‍ പറഞ്ഞതെന്ന് പറയൂ.
-ഹൗസ് വാമിങ്ങിന് അല്പം ലേറ്റായിട്ടാണ് സോമന്‍ വന്നത്. താഴെവെച്ച് തമ്മില്‍ കണ്ടപ്പോള്‍ 'സോമന്‍ മോളീപ്പോയില്ലേ'ന്ന് ഞാന്‍ ചോദിച്ചു.
-അന്നേരം സോമേട്ടന്‍ എന്തു പറഞ്ഞു?
-ചുറ്റുമൊന്നുനോക്കിയിട്ട് തെല്ലൊരു പരുങ്ങലോടെ 'ഇല്ല'എന്നുപറഞ്ഞു.
-അതിലിത്ര മനസ്സിലാവാനെന്തിരിക്കുന്നു?
-അതല്ലാന്ന്. അതിനുശേഷം മോളില്‍പോവാത്തതിന്റെ കാരണമായി സോമനൊരു കാര്യം  പറഞ്ഞു. അതെങ്ങനെ ഒരു കാരണമാവുമെന്ന് എത്ര ആലോചിച്ചിട്ടും എനിയ്ക്കു  മനസ്സിലാവുന്നില്ല
-എന്തായിരുന്നു സോമേട്ടന്‍ പറഞ്ഞ കാരണം? ജസ്റ്റ് ക്വോട്ട് ഹിം.
-“ എനിക്ക് വണ്ടിയോടിക്കാനുള്ളതാ'' ! ! !



Sunday, February 9, 2020

കല്യാണക്കാഴ്ചകള്‍

(സിപ്രൻ-സുമ ദമ്പടികളുടെ വിവാഹശതാബ്ദിയാഘോഷത്തോടനുബന്ധിച്ച് പുന:പ്രക്ഷേപണം ചെയ്യുന്നത്)

'അതിഥി ദേവോ ഭവ' അഥവാ അതിഥിയെ എം വി ദേവനെപ്പോലെ കാണണം എന്ന്
ശങ്കരാചാര്യരുടെ മനുസ്മൃതി എന്ന താളിയോലഗ്രന്ഥത്തില്‍ പറയുന്നുണ്ടല്ലൊ (ഇല്ലേ!).
പ്രസ്തുത സൂത്രത്തെ അന്വര്‍ത്ഥമാക്കുന്ന വിധത്തിലുള്ള ആതിഥ്യമര്യാദയാണ് സിപ്രന്റെ കല്യാണത്തിന് എടമുട്ടത്തെ സ്‌ലിം ബ്യൂട്ടി ഹാളില്‍ കണ്ടതും കേട്ടതും.
പൂവ്വാമ്പറമ്പില്‍ ഗ്രൂപ്പാണ് കല്യാണം സ്‌പൊണ്‍സര്‍ ചെയ്തത്.
ഓരോ അതിഥിയേയും നാഗസ്വരമേളത്തോടും വാദ്യവൃന്ദത്തോടും കൂടി എതിരേല്‍ക്കുന്നു.
അവര്‍ എവിടെയെങ്കിലും പോയി ആസനസ്ഥരാകുന്നതുവരെ അവരുടെ പിന്നാലെ
പീപ്പിയുമൂതി നടക്കുന്നു. ആതിഥ്യമര്യാദകൊണ്ട് ഒരു വീര്‍പ്പുമുട്ടിക്കലാണ് പിന്നെ.
ചായക്ക് ചായ, വീല്‍സിന് വീല്‍സ്, സീസറിന് സീസറ്്, കാജാവീഡിക്ക് കാജാവീഡി,
മുറുക്കാന് മുറുക്കാന്‍, കൂള്‍ ഷോഡക്ക് കൂള്‍ ഷോഡ....
സദ്യയുടെ കാര്യം പറയുകയേ വേണ്ട. പത്തുകൂട്ടം കൂട്ടാന്‍ ബിആര്‍ കൈവിരല്‍ മടക്കി എണ്ണി. വിരലൊന്നും ബാക്കിയില്ലാഞ്ഞതിനാല്‍ പിന്നെ ആ ഉദ്യമം ഉപേക്ഷിക്കുകയായിരുന്നു. പായസം രണ്ടുതരമുണ്ടായിരുന്നു. രണ്ടും ഒന്നാം തരം. പാല്‍പായസവും പഴം പായസവും. രണ്ടും ആവശ്യം പോലെ. ഓരോരുത്തനും അവനവന്റെ ആവശ്യം പോലെ എന്ന മാര്‍ക്‌സിയന്‍ തിയറി പോലെ.
നടേ പറഞ്ഞതിന് ഒരു ചെറിയ അപവാദമുണ്ടായതും റിപ്പോര്‍ട്ട് ചെയ്തുകൊള്ളട്ടെ.
(റിപ്പോര്‍ട്ട് എപ്പോഴും സത്യസന്ധമായിരിക്കണമല്ലൊ).
അതു പക്ഷേ ആതിഥേയരുടെ കുറ്റമായിരുന്നോ. നിശ്ശല്ല്യ. സംഭവമിതാണ്:
ബിആറിന്റെ അടുത്തിരുന്ന എന്‍ബി 7 ഗ്ലാസ് പായസം കുടിച്ചുകഴിഞ്ഞ് എട്ടാമത്തെ
ഗ്ലാസിനുവേണ്ടി കൈ നീട്ടിയപ്പോള്‍ വിളമ്പുകാരന്‍ ഒന്നു കൃത്രിച്ചുനോക്കി. ച്ചാല്‍
ഒന്നമാന്തിച്ചു. അതുമതിയായിരുന്നു എന്‍ബിക്ക് ധാര്‍മ്മികരോഷം കൊള്ളാന്‍. പിന്നെ എടുത്തടിച്ചപോലെ ഒരു ചോദ്യമാണ്, ഭീഷണിയുടെ രൂപത്തില്‍: താന്‍ പായസം
തരുന്നോ അതോ ഞാന്‍ മുട്ടസ്സുനമ്പൂതിരി നാമംഗലം മനയ്ക്കല്‍ ചീതതുപോലെ
ചിയ്യണോ?
അളമുട്ടിയാല്‍ മൂര്‍ഖനും കടിക്കുമല്ലൊ. വിളമ്പുകാരന്‍ എന്തോ മറുതല പറഞ്ഞു-
ടിറ്റ് ഫോര്‍ ടാറ്റ്.
രംഗം വഷളാവുന്നതു കണ്ട ബിആര്‍ പ്രശ്‌നത്തില്‍ തന്ത്രപൂര്‍വ്വം ഇടപെട്ടു.
വിളമ്പുകാരനെ വിളിച്ച് ചെവിട്ടില്‍ സ്വകാര്യമായി പറഞ്ഞു: ഈശ്വരന്റെ പൂവാടിയിലെ പൂക്കളല്ലേ ഇസ്റ്റാ നാമെല്ലാം. പിന്നെ എന്തിനീ കശപിശ? ഒരു ഗ്ലാസ് പായസം കൂടി അങ്ങ് കൊടുത്തേക്കൂ.
ബിആറിന് ടീവീന്ന് കിട്ടിയതാണ് ആ വാചകം. എന്തായാലും സംഗതി ക്ലിക്കായി.
വിളമ്പുകാരന്‍ ഒരൊഴിഞ്ഞ ഗ്ലാസെടുത്ത് എന്‍ബീടെ ഇലയ്ക്കരികെ വെച്ചു.
അതിനടുത്തായി പായസത്തിന്റെ ബക്കറ്റും വെച്ചു. പിന്നെ തിരിഞ്ഞൊരു നടത്തവും
കൊടുത്തു. കണ്മഷിയിട്ട് നോക്കിയിട്ടുപോലും പിന്നീടയാളെ ആ ഭാഗത്തെങ്ങും കണ്ടില്ല!
കൈ കഴുകാന്‍ നേരം ബിആര്‍ എന്‍ബിയോട് ചോദിച്ചു: മുട്ടസ്സുനമ്പൂരി നാമംഗലം
മനയ്ക്കല്‍ ത്ര കേമായിട്ട് എന്താ ചീതേ?
എന്‍ബി പറഞ്ഞു: ഒന്നൂല്ല്യേയ്. പത്താമത്തെ തവണ ചോറിടാന്‍ പറഞ്ഞപ്പൊ വെളമ്പുകാരന്‍ ഇട്ട്ല്ല്യ. അപ്പൊ നമ്പൂരി ണീറ്റൊരു നടത്തം കൊടുത്തു. അത്രന്നെ!

**********************************
കല്യാണ ഹാളില്‍ വെച്ച് നല്ലപ്പൊ കണ്ട രണ്ട് വെല്ലിപ്പന്മാര്‍ തമ്മില്‍ സംസാരിക്കയാണ്:
-കൊറേ നേരായല്ലോ ശാന്തിക്കാരന്‍ വരനേം വധൂനേം കാത്ത് നിലവിളക്കത്ത് ചമ്രം
പടിഞ്ഞിരിക്കണ്. മന്ത്രമുരുക്കഴിച്ചുരുക്കഴിച്ച് അങ്ങേര്‌ടെ കൊരക്ക് വറ്റീട്ട്ണ്ടാവുല്ലൊ.
എന്തേ വധൂവരന്മാരിത്ര വൈകാന്‍? സമയമായില്ലാപോലും എന്നുണ്ടോ?
-ആയ്യ്യായ്. അത് ശാന്തിക്കാരനൊന്ന്വല്ല മാഷേ. ചെറുക്കന്‍ തന്ന്യാ! പെണ്ണിനേം
 കാത്തിരിക്ക്യാ.
-അത്യോ. ആ താടി കണ്ടപ്പൊ ഞാന്‍ വിചാരിച്ചു....ആട്ടെഈ പെണ്‍കുട്ടി എന്ത്
 ചെയ്യുന്നൂന്നാ പറഞ്ഞേ?
-ഞാനൊന്നും പറഞ്ഞില്ലല്ലോ
-എന്നാ ചോദിച്ചാമ്പൊക്കം  പറഞ്ഞൂടേ
-പറയാലോ. കുട്ടി എംകോമിന് വായിക്ക്യാണ്
-ചെറുക്കനോ?
-ചെറുക്കന്റെ വായന കഴിഞ്ഞു. എംകോം തന്നെ. ച്ചാല്‍ മാസ്റ്റര്‍ ഓഫ് കോമിക്‌സ്.
 ടോംസിന്റേം കുഞ്ചുക്കുറുപ്പിന്റേം ആരാധകനാണ്. അക്കൗണ്ടാപ്പിസിലെ ഏജന്റുമാണ്.

********************************

കല്യാണത്തിന്റെ വീഡിയോ കവറേജുമുണ്ടായിരുന്നു. (സത്യം പറഞ്ഞാല്‍ ഈ കവരേജ് എന്താണെന്ന് ബിആറിന് മനസ്സിലായത് അന്നാണ്).
സ്റ്റേജിനുനടുവില്‍ വരനേം വധൂനേം ഇരുത്തി അവരെ കവര്‍ ചെയ്തുകൊണ്ട്
വീഡിയോക്കാര് നിരന്നങ്ങനെ നില്‍ക്കുന്നു. (രണ്ടാമത്തെ പ്ലാറ്റ്‌ഫോമില്‍ കൊച്ചുവേളി
നിസാമുദ്ദീന്‍ നിക്കുന്നതുപോലെ). ഓണപ്പുടവ കൊടുക്കുന്നതും താലി കെട്ടുന്നതും
മറ്റും കാണികള്‍ നേരിട്ട് കാണാന്‍ പാടില്ലത്രേ. അതിനുവേണ്ടി വീഡിയോക്കാര് അവരുടെ പൃഷ്ഠപ്രദേശം വളരെ വിശദമായി കാണികള്‍ക്ക് നേരെ തിരിച്ചുപിടിക്കുന്നു. ഒരിഞ്ച് ഗ്യാപ്പുണ്ടാവില്ല!
ബിആറിന്റെ ഭാഗ്യത്തിന് ക്യാമറക്കാരിലൊരുവന്റെ മൂക്കുകണ്ണട ഊര്‍ന്ന് താഴെ വീണു. ആ അരനിമിഷത്തിന്റെ പൂര്‍വ്വാര്‍ദ്ധത്തില്‍ ബിആര്‍ കണ്ടത് സിപ്രന്‍ മുന്നിലിരിക്കുന്ന
വെള്ളിത്തളികയില്‍ നിന്ന് ഒരു ചെറുപഴമെടുത്ത് അകത്താക്കുന്നതാണ്!
(വെശന്ന് ചാവണ്ണ്ടാവും!)
ഉത്തരാര്‍ദ്ധമായപ്പോഴേക്കും കമ്പ്‌ളീറ്റ്‌ലി കവേഡ്!

*********************************

കീഴ്ക്കണാമ്പാട് നമ്പൂതിരിപ്പാടിനെ വെല്ലുന്ന തരത്തില്‍ സിപ്രന്‍ പെരുമാറിയ
ഒരവസരവും അതിനിടക്കുണ്ടായി.
വധൂവരന്മാര്‍ക്ക് അഭിവാദ്യമര്‍പ്പിക്കാന്‍ സ്റ്റേജിലേക്ക് ചെന്നപ്പോള്‍ പരിഭ്രമത്തിനിടയില്‍
പെണ്‍കുട്ടിയെ ചൂണ്ടിക്കാണിച്ചുകൊണ്ട് സിപ്രന്‍ ബിആറിനോട് പറയുകയാണ്:
ഇത് എന്റെ സൂപ്രണ്ട്!

Saturday, February 8, 2020

  ഓലയാല്‍ മേഞ്ഞൊരു.....
                                (BR 9/07)

ഉച്ചയ്ക്ക് ഫുള്‍ടാങ്ക് ഫുഡ്ഡടിച്ചുകഴിഞ്ഞാല്‍ പഴയ കാര്യങ്ങള്‍ അയവിറക്കുകയെന്നത് ആന്റണ്‍ വില്‍ഫ്രെഡിന്റെ ഒരു ഹോബിയാണ്. ഹിസ്റ്ററിയില്‍ അല്പസ്വല്പം താല്പര്യമുള്ളതിനാല്‍ അന്നേരം ബിആറും ഒപ്പം കൂടും.
സ്വന്തം ഗ്രാമത്തില്‍ വായനശാല പ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ സഹിച്ച ത്യാഗങ്ങളെക്കുറിച്ചായിരുന്നു അന്നത്തെ അയവിറക്കല്‍. അയവിറക്കലിനിടയില്‍ ആന്റണ്‍ ബിആറിനോട് പറയുകയാണ്:
-ബിആറിനറിയോ, വായനശാലക്കുവേണ്ടി  കിലോമീറ്ററുകള്‍ താണ്ടി ഞാന്‍ ഓലമടല്‍ ചുമന്നുകൊണ്ടുവന്നിട്ടുണ്ട്.
- അതിന് വായനശാലയും ഓലമടലും തമ്മില്‍ എന്താണ് ബന്ധം?
-അന്ന് ഇന്നത്തെപ്പോലെ റീയിന്‍ഫോഴ്‌സ്ഡ് കോണ്‍ക്രീറ്റൊന്നുമില്ല. മെടഞ്ഞ ഓലകൊണ്ടാണ് വായനശാലയുടെ മേല്‍ക്കൂര കെട്ടിമേയാറ്.
-ഓ! മൈ ഗോഡ്!
-ഓല നാട്ടുകാര്‍ സംഭാവനയായി തരുമായിരുന്നു. പക്ഷേ അത് കൊണ്ടുവരാന്‍ ഞാന്‍ തന്നെ പോകണം. മിക്കവാറും കൊട്ടികളുടെ വീട്ടില്‍ നിന്നാണ് ഓല കൊണ്ടുവന്നിരുന്നത്.
-കൊട്ടികള്‍ എന്നു പറഞ്ഞത് ഒട്ടും മനസ്സിലായില്ല.
-ഞങ്ങള്‍ വടുക്കള്‍ അഥവാ വടുകന്മാര്‍ ബിആറിന്റെ ജാതിക്കാരെ കൊട്ടികള്‍ എന്നാണ് വിളിക്കുക.
-അതെന്താ കാര്യം?
-നിങ്ങള്‍ വളരെ ഉയര്‍ന്ന ജാതിക്കാരാണല്ലൊ.
-ആന്റണ്‍ വില്‍ഫ്രഡിന്റെ നോട്ടത്തില്‍ ഏതാണ്ട് എത്ര ഉയരം വരും?
-ഏതാണ്ടൊരു തെങ്ങിനോളം.
-ഇപ്പോള്‍ ഏതാണ്ട് മനസ്സിലായി. അതുപോട്ടെ, എന്താണ് മറ്റുജാതിക്കാരുടെ വീട്ടില്‍നിന്ന് ഓല വാങ്ങാത്തത്?
-എഴുപതുകളുടെ ആദ്യപകുതിവരെ നായന്മാരുടെ വീടുകളില്‍നിന്ന് ഓല വാങ്ങിയിരുന്നു. പിന്നെ അത് വേണ്ടെന്ന് ഞാന്‍ നയപരമായ ഒരു തീരുമാനമെടുക്കുകയായിരുന്നു.
-എന്താണ് അതിന് പ്രേരിപ്പിച്ച സംഗതി?
-അതൊരു കഥയാണ്. നാട്ടില്‍ പ്രമാണിയായ ഒരു നായരുണ്ടായിരുന്നു. പേര് രാമന്‍. നമ്മടെ സിനിമേലെ ജനാര്‍ദ്ദനനില്ലേ. ഏതാണ്ട് അതേ പൊക്കം, അതേ തടി, അതേ ശബ്ദം, അതേ കുടവയര്‍. ഒരു ദിവസം വായനശാലക്കാര്യം ചര്‍ച്ച ചെയ്യുന്നതിനിടയില്‍ ഞാന്‍ പറഞ്ഞു: മേല്‍ക്കൂര കെട്ടിമേയാറായി. എത്രയും വേഗം ഓല സംഘടിപ്പിക്കണം.
അതുകേട്ടതും രാമന്‍ നായര്‍ ജനാര്‍ദ്ദനന്‍സ്‌റ്റൈലില്‍ ഒരു കാച്ചാണ്: അതിനെന്താ വില്‍ഫ്രഡേ, എന്റെ വീട്ടില്‍ വന്ന് നൂറോ ഇരുനൂറോ കീറെടുത്തോളൂ.
എനിക്ക് സന്തോഷായി. ഇനി ഓലയന്വേഷിച്ച് തേരാപ്പാരാ നടക്കേണ്ടല്ലൊ. പിറ്റേന്ന് രാവിലെ തന്നെ ഞാന്‍ നായര്‌ടെ വീട്ടിലെത്തി. ഞാന്‍ ചെല്ലുമ്പോള്‍ രാമന്നായര്‌ടെ ഭാര്യ പാറുക്കുട്ടിയമ്മ ഉമ്മറത്ത് ചാരുകസേരയില്‍ പത്രം വായിച്ചിരിക്ക്യായിരുന്നു. രാമന്നായര്‍ അവിടെ  ചുറ്റിപ്പറ്റി നില്‍ക്കുകയാണ്. എന്നെ കണ്ടപ്പോള്‍ രാമന്നായര്‍ അടുത്തുവന്ന് സ്വകാര്യമായി ചോദിച്ചു:
-എന്തേ വന്നത്?
-ഇന്നലെ പറഞ്ഞത് ഇത്രവേഗം മറന്നോ? എവട്യാ ഓല?
-അതു പിന്നെ പാറുക്കുട്ടിയമ്മയോടൊന്ന് ചോദിച്ചോളൂ.
-അതെന്തിന്. രാമന്നായര് ഇന്നലെ പറഞ്ഞതല്ലേ ഓല കൊണ്ടോയിക്കോളാന്‍.
-എന്നാലും പാറുക്കുട്ടിയമ്മയോടൊന്ന് ചോദിച്ചോളൂ.
-അതെന്തിനാന്നേയ്?
-അല്ലാതെ ശെരിയാവില്ല.
കാര്യം മനസ്സിലാവാതെ വന്നപ്പോള്‍ ഞാന്‍ പാറുക്കുട്ടിയമ്മേടടുത്ത് ചെന്നു. പാറുക്കുട്ടിയമ്മ ചോദിച്ചു:എന്തേ വന്നത്?
-വായനശാല കെട്ടിമേയാന്‍ കൊറച്ച് ഓല വേണമായിരുന്നു. അത് ഇവിടെ വന്ന് എടുത്തോളാന്‍ രാമന്നായര് പറഞ്ഞു.
-ങ് ഹേ! എന്റെ പറമ്പിലെ ഓല ഞാനറിയാതെ എടുത്തോളാന്‍ രാമന്നായര് പറഞ്ഞ്വോ? എവിടെ രാമന്നായര്‍?
തിരിഞ്ഞുനോക്കുമ്പോള്‍ അവിടെങ്ങും രാമന്നായര്‌ടെ പൊടിപോലുമുണ്ടായിരുന്നില്ല. ഒരു കണക്കിന് ഞാന്‍ അവിടന്ന് കിഴിച്ചിലായി.
അതില്‍ പിന്നെ ഒരു നായര്‍തറവാട്ടിലും ഞാന്‍ ഓലയന്വേഷിച്ചുപോയിട്ടില്ല!!!



Tuesday, February 4, 2020

      ആന്റണ്‍ വില്‍ഫ്രഡിന്റെ ആത്മകഥയില്‍ നിന്നും ഒരേട്
                                                           
                                                           (BR: 9/07)
 
   അദ്ധ്യായം 28: എ ഗുഡ് സമരിറ്റന്‍ അഥവാ നല്ലവനായ മാളക്കാരന്‍

                   എഴുപതുകളുടെ ആദ്യപകുതിയിലാണ് സംഭവം. ഞാന്‍ തിരുവനന്തപുരത്തുനിന്ന് ട്രാന്‍സ്ഫറായി വന്നിട്ട് അധികമായിട്ടില്ല. ഒരു ദിവസം മെയിനാപ്പീസിലെ രാജശേരന്‍ തമ്പി എന്നെ കാണാന്‍ ആപ്പീസില്‍ വന്നു. തൃശ്ശൂര്‍ ഡീഡി ആപ്പീസില്‍ ഓഡിറ്റിനുവന്ന പുള്ളിക്കാരന്‍ ഒന്നു മുങ്ങിയതാണ്. പരമരസികനും സഹൃദയനും വെടിക്കെട്ട്‌വര്‍ത്തമാനക്കാരനുമായ തമ്പി തിരുവനന്തപുരത്ത് എന്റെ സഹമുറിയനായിരുന്നു. കുറേനാളുകള്‍ക്കുശേഷം തമ്മില്‍ കാണുകയായിരുന്നല്ലൊ. വര്‍ത്തമാനം പറഞ്ഞ്പറഞ്ഞ് നേരം പോയതറിഞ്ഞില്ല. ഊണുകഴിക്കാനുള്ള സമയമായി. രണ്ടുപേര്‍ക്കും കൂടി പുറത്തുപോയി ഊണുകഴിക്കാമെന്നും പിന്നെ തിരിച്ച് ഓഫീസില്‍ വരേണ്ടെന്നും തീരുമാനിച്ച് ഞാന്‍ ഹാഫ്‌ഡേ കാഷ്വല്‍ ലീവെഴുതിക്കൊടുത്ത് ബേഗുമെടുത്ത് പുറത്തുകടന്നു. അമ്പാസഡര്‍ ഹോട്ടലിലേയ്ക്കാണ് ഞങ്ങള്‍ പോയത്. അവിടെ ഒരു കോര്‍ണറിലെ ക്യാബിനില്‍ കയറി ഇരിപ്പുറപ്പിച്ചു. ബെയറര്‍ വന്നപ്പോള്‍ 2 ചിക്കന്‍ ബിരിയാണിക്ക് ഓഡര്‍ കൊടുത്തു. തമ്പി സ്വല്പം സേവിക്കുന്ന കൂട്ടത്തിലാണ്. അതുകൊണ്ട് കോഴിക്കൊരു കൂട്ടാകട്ടേന്നുകരുതി ഒരു ബോട്ടില്‍ ഷിവാസ് റീഗലും പറഞ്ഞു. തമ്പി പക്ഷേ അതിന്റെ പകുതിയേ കഴിച്ചുള്ളു. ഞാനാണെങ്കില്‍ മദ്യം കൈകൊണ്ട് തൊടുകയുമില്ല. അന്നുമതെ ഇന്നുമതെ. അതുകൊണ്ട് ബാക്കിവന്ന സാധനം പറമ്പില്‍ പണിക്കുവരുന്ന കുട്ടപ്പേട്ടനുകൊടുക്കാമെന്നുകരുതി ഞാന്‍ അത് എന്റെ ബേഗിലെടുത്തുവെച്ചു. ബില്ല് പേ ചെയ്ത് പുറത്തിറങ്ങുമ്പോഴേക്കും തമ്പിക്ക് പോകാനുള്ള വണ്ടിയ്ക്കുള്ള സമയമായി. തമ്പിയെ വണ്ടികേറ്റിവിട്ട് ഞാന്‍ ചാലക്കുടിവഴി മാളയ്ക്കുപോകുന്ന ഒരു കെ എസ് ആര്‍ ടി സി ബസ്സില്‍കയറി. നല്ല കാറ്റും തണുപ്പുമുണ്ടായിരുന്നതുകൊണ്ട് ഞാനൊന്ന് മയങ്ങിപ്പോയി. വണ്ടി കൊടകര കഴിഞ്ഞപ്പോള്‍ പെട്ടെന്ന് ബസ്സിലൊരു ബഹളം കേട്ട് ഞാന്‍ ഞെട്ടിയുണര്‍ന്നു. വിടരുതവനെ, പിടിക്കവനെ, പൂശവനെ എന്നൊക്കെ ആര്‍ത്തുവിളിച്ചുകൊണ്ട് യാത്രക്കാര്‍ ഒരു ചെറുപ്പക്കാരനെ കൈകാര്യം ചെയ്യുകയാണ്. അവന്‍ ആരുടേയോ പോക്കറ്റടിച്ചിരിക്കുന്നുപോലും. അത് തൊണ്ടിസഹിതം പിടിച്ചത്രേ.
പാവം പയ്യന്‍. ഇല്ലാഞ്ഞിട്ടല്ലേ മോഷ്ടിച്ചത്. അവനെ എങ്ങനേയും രക്ഷിച്ചേ പറ്റൂ. എന്നിലെ മനുഷ്യസ്‌നേഹി ഉണര്‍ന്നു. ഞാന്‍ ഇരുന്നിടത്തുനിന്നെഴുന്നേറ്റ് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു: നിങ്ങള്‍ ദയവായി അയാളെ ഇങ്ങനെയിട്ട് തല്ലരുത്. അയാള്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും ശിക്ഷിക്കപ്പെടണം. പക്ഷേ അത് ചെയ്യേണ്ടത് നമ്മളല്ല. നല്ലൊരു നീതിന്യായവ്യവസ്ഥയുള്ള നാടല്ലേ നമ്മുടേത്. ലെറ്റ് ദ ലോ ടെയ്ക്ക് ഇറ്റ്‌സ് ഓണ്‍ കോഴ്‌സ്.
അടിയുടേയും ഇടിയുടേയും ശബ്ദത്തിനിടയില്‍ ഇതൊക്കെ ആര് കേള്‍ക്കാന്‍. ഒടുവില്‍ ഞാന്‍ എഴുന്നേറ്റുചെന്ന് എന്റെ കൃശഗാത്രം കൊണ്ട് ആവുന്ന വിധത്തില്‍ അയാളെ പൊതിഞ്ഞുനിന്നു. ഫലമെന്തായി. അയാളെ ലക്ഷ്യം വെച്ചുവന്ന അടികളില്‍ പലതും എനിക്ക് ഏറ്റുവാങ്ങേണ്ടിവന്നു! ഒരുകണക്കിന് വണ്ടി ചാലക്കുടി പോലീസ് സ്‌റ്റേഷനിലെത്തി. യാത്രക്കാര്‍ പോക്കറ്റടിക്കാരനെ പൊക്കിയെടുത്ത് എസ് ഐ യുടെ മുമ്പാകെ ഹാജരാക്കി. എസ് ഐ എങ്ങോ പോകാനുള്ള തിരക്കിലായിരുന്നു. എങ്കിലും ഉള്ള നേരം കൊണ്ട് ചെറുപ്പക്കാരന്റെ ചെപ്പയ്ക്കിട്ടൊന്നുകൊടുത്തു. പിന്നെ അയാളെ കൊണ്ടുപോയി ലോക്കപ്പിലിടാന്‍ അടുത്തുനിന്ന പോലീസുകാരനോട് പറഞ്ഞു.
കുരങ്ങു ചത്ത കുറവനെപ്പോലെ ഞാന്‍ തിരിച്ചുനടന്നു. ആ നടത്തത്തിനിടയില്‍ ഞാനൊരു കാഴ്ച കണ്ടു. യാത്രക്കാരില്‍ ചിലര്‍ എന്നെ ചൂണ്ടിക്കാട്ടി എസ് ഐ യോട് എന്തോ കുശുകുശുക്കുന്നു. ഞാന്‍ നാലഞ്ചടി നടന്നപ്പോഴേക്കും എസ് ഐ എന്നെ പിന്‍ വിളിവിളിച്ചു. എന്നിട്ട് എന്നോട് പറഞ്ഞു: താന്‍ അങ്ങനെയങ്ങ് പോവല്ലേ.തല്ക്കാലം ആ മൂലയില്‍ പോയിരിയ്ക്ക്. ഞാന്‍ വന്നിട്ട്‌പോകാം.
എന്റെ ഉള്ളൊന്ന് കാളി. എന്താണ് സംഭവിക്കുന്നതെന്നൂഹിക്കാന്‍ എന്റെ സാമാന്യബുദ്ധിതന്നെ ധാരാളമായിരുന്നു. സഹയാത്രികര്‍ എസ് ഐ യോട് പറഞ്ഞിട്ടുണ്ടാവണം: ഇവന്‍ ലവന്റെ ഗഡിയാണെന്നാ തോന്നണേ...
അങ്ങനെയാണെങ്കില്‍ ഇവരിപ്പോള്‍ എന്റെ ബേഗ് പരിശോധിക്കും. അന്നേരം എന്താണ് കാണുക? അര കുപ്പി ഷിവാസ് റീഗല്‍!
ആ നശിച്ച സാധനം അവിടെത്തന്നെയുണ്ടോന്നറിയാന്‍ ഞാന്‍ വെറുതെ ബേഗിന്റെ സിബ്ബൊന്നു തുറന്നുനോക്കി. അപ്പോഴാണ് നടുക്കുന്ന മറ്റൊരു കാഴ്ച ഞാന്‍ കണ്ടത്. ആപ്പിസില്‍ വൗച്ചര്‍ ബണ്ടില് പൊട്ടിക്കാന്‍ വേണ്ടി അന്ന് വീട്ടില്‍നിന്നുകൊണ്ടുവന്ന കുറേ പഴയ ബ്ലേഡുകള്‍ അതേപടി ബേഗിലിരിക്കുന്നു! മേശയിലെടുത്തുവെയ്ക്കാന്‍ മറന്നുപോയതാണ്.
ഇടിവെട്ടുകൊണ്ടവനെ പാമ്പുകടിച്ചു എന്നു പറഞ്ഞതുപോലായില്ലേ കാര്യങ്ങള്‍...
പിറ്റേന്ന് പത്രത്തില്‍ വരാവുന്ന ഒരു വാര്‍ത്തയെപ്പറ്റിയാണ് അപ്പോള്‍ ഞാന്‍ ഓര്‍ത്തത്: 'ട്രാന്‍സ്‌പോര്‍ട് ബസ്സില്‍ പോക്കറ്റടി; സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍' അല്ലെങ്കില്‍ 'പോക്കറ്റടിക്കുള്ള സാമഗ്രികളുമായി സര്‍ക്കരുദ്യോഗസ്ഥന്‍ കസ്റ്റഡിയില്‍' എന്നൊക്കെയാവും അതിന്റെ ഹെഡ്ഡിംഗ്.
ഗതികേടെന്നെല്ലാതെ എന്തു പറയാന്‍.
ഭൂമി അവിടെ ആ പോലീസ് സ്‌റ്റേഷനില്‍ വെച്ച് ഒന്നു പിളര്‍ന്നുകിട്ടിയിരുന്നെങ്കിലെന്ന് ഒരു നിമിഷം ഞാന്‍ ആഗ്രഹിച്ചുപോയി. പക്ഷെ അത് നടന്നില്ല. അല്ലെങ്കിലും നമ്മള്‍ ആഗ്രഹിക്കുന്നതെല്ലാം നടക്കാറില്ലല്ലൊ.
അങ്ങനെ എന്തുചെയ്യേണ്ടൂ എന്നറിയാതെആ പോലീസ് സ്‌റ്റേഷന്റെ വരാന്തയില്‍ താടിക്ക് കൈയും കൊടുത്ത് കുന്തിച്ചിരിക്കുമ്പോഴാണ് ആ അത്ഭുതം സംഭവിച്ചത്. പുറകില്‍നിന്നും ഒരാള്‍ എന്നെ വിളിച്ച് ചോദിക്കുകയാണ്:' വില്‍ഫി സാറെന്താ ഇവിടെ?''. ഞെട്ടിത്തിരിഞ്ഞുനോക്കിയ ഞാന്‍ ആരെയാണെന്നോ കണ്ടത്; സ്‌ക്കൂളില്‍ എന്റെ സഹപാഠിയായിരുന്ന, പിന്നീട് പോലീസില്‍ ജോലി കിട്ടിപ്പോയ, മാളക്കാരനായ ഗംഗാധരനെ!
മറ്റേതോ ജില്ലയിലായിരുന്ന പുള്ളിക്കാരന്‍ അന്ന് അവിടെ എ എസ് ഐ ആയി ചാര്‍ജെടുത്തതാണത്രേ.
ഉണ്ടായ കാര്യങ്ങളെല്ലാം വള്ളിപുള്ളിവിടാതെ ഞാന്‍ ഗംഗാധരനോട് പറഞ്ഞു.
എല്ലാം കേട്ടശേഷം ഗംഗാധരന്‍ എന്നോട് പറഞ്ഞൂ:' സാരല്ല്യ. സാറ് പൊയ്‌ക്കോളൂ. എസ് ഐ സാറിനോട് ഞാന്‍ പറഞ്ഞേക്കാം.''
ഇതുകേട്ടതും ബേഗുമെടുത്ത് ഞാന്‍ ഒരു പാച്ചില്പാഞ്ഞു.
ആ വഴിയില്‍ ഇന്നീനിമിഷം വരെ പുല്ലൊന്നും മുളച്ചിട്ടില്ലെന്നാണ് കേള്‍ക്കുന്നത്.

                        സംഭവം കഴിഞ്ഞ് കാലം ഇത്ര കഴിഞ്ഞിട്ടും ഗംഗാധരനെ ദൈവത്തിന്റെ ഒരവതാരമായിട്ടാണ് ഞാന്‍ ഇന്നും കാണുന്നത്!
     


Monday, February 3, 2020

AN OAD LESSON
            ( BR: 6/09)

ആന്റണ്‍ വില്‍ഫ്രഡ് അങ്ങനെയാണ്.
ഉച്ചയൂണ് കഴിഞ്ഞാല്‍ പുള്ളിക്കാരനൊരു പൂച്ചയുറക്കമുണ്ട്.
ആ ഉറക്കത്തില്‍ മനസ്സിലുള്ളതൊക്കെ വിളിച്ചുപറയും.
അന്നേരം നമ്മളെന്തെങ്കിലും ചോദിച്ചാലോ? മണിമണിയായിട്ട് മറുപടിയും പറയും, ഉറക്കത്തില്‍ തന്നെ.
അത്തരമൊരു സന്ദര്‍ഭമായിരുന്നു അത്.
നട്ടുച്ചനേരത്ത് ആന്റണ്‍ വില്‍ഫ്രഡിന്റെ സീറ്റിനടുത്തുകൂടെ സെക്ഷനിലേക്ക് പോവുകയായിരുന്നു ബിആര്‍. അപ്പോള്‍ അതാ കേള്‍ക്കുന്നു ഒരാത്മഗതം:' അങ്ങനെയാണ് ഒഎഡിയില്‍ പോവുമ്പോള്‍ ഏതാപ്പീസായാലും നമ്മള്‍ ആദ്യം എത്താന്‍ പാടില്ല എന്ന പാഠം ഞാന്‍ പഠിച്ചത്''.
ചോര്‍ത്താവുന്നത് ചോര്‍ത്തുകതന്നെ. ബിആര്‍ ചോദിച്ചു: 'എങ്ങനെ? ''
'അതൊരു കഥയാണ്''
'അതൊന്നു കഥിക്കാമോ?''
'കഥിക്കാം''
'2 മണിക്കുമുമ്പ് തീര്‍ക്കണം''
'തീര്‍ക്കാം''
'എങ്കില്‍ സമയം കളയണ്ട''
ആന്റണ്‍ പറഞ്ഞുതുടങ്ങി: സംസ്ഥാനജീവനക്കാരുടെ പേറിവിഷന്റെ ഓര്‍ഡറിറങ്ങിയ കാലത്താണ്. എടവകപ്പള്ളിയില്‍ ആഘോഷമായ പാട്ടുകുര്‍വ്വാനയായതിനാല്‍ അന്ന് ഞാന്‍ ലീവായിരുന്നു. ഏതാണ്ടൊരു പത്തുമണിക്ക് പോത്തിറച്ചിവാങ്ങാന്‍ മര്‍ക്കറ്റില്‍ പോകാന്‍ വേണ്ടി ഞാന്‍ മാളയ്ക്കുള്ളല്പല്പല്പ ട്രാന്‍സ്‌പോര്‍ട്ട് ബസ്സില്‍ കയറുന്നു. വണ്ടി ഗവണ്മെന്റ് സ്‌കൂളിന്റെ മുന്നിലെത്തിയപ്പോള്‍ സ്‌കൂളിനകത്ത് ഒരു പൂരത്തിന്റെ ആള്‍ക്കൂട്ടം! എന്താണ് സംഭവമെന്നറിയാന്‍ വേണ്ടി ഞാന്‍ അവിടെയിറങ്ങി. എന്താ ഒരു തെരക്ക്? സ്‌കൂളിലെ പ്യൂണ്‍ നില്‍ക്കപ്പൊറുതിയില്ലാതെ അങ്ങോട്ടുമിങ്ങോട്ടും ഓടുന്നു. ആളുകളോട് ക്യൂ പാലിക്കാന്‍ വിളിച്ചുകൂവുന്നു; ദയവായി സംയമനം പാലിക്കണമെന്നപേക്ഷിക്കുന്നു; എല്ലാവര്‍ക്കും കാണാന്‍ സൗകര്യമുണ്ടാക്കാമെന്ന് ഉറപ്പുകൊടുക്കുന്നു!
ആളുകളിങ്ങനെ തള്ളിക്കയറാന്‍ മാത്രം എന്തുമൊതലാണ് അകത്തിരിക്കുന്നത് എന്നറിയാനുള്ള ആകാംക്ഷയില്‍ പ്യൂണിന്റെ അടുത്തേക്കുചെന്ന എന്നോട് അയാള്‍ തട്ടിക്കയറി: 'എടേക്കേറാന്‍ നോക്കണ്ട. ദേ, ആ ക്യൂവിന്റെ പൊറകില്‍ പോയി നിക്ക്'. ഞാന്‍ പറഞ്ഞു: ' സുഹൃത്തേ, ഞാന്‍ ഈ നാട്ടുകാരനല്ല. ക്യൂ നില്‍ക്കാന്‍ വന്നതുമല്ല. എന്താണിവിടെ നടക്കുന്നതെന്നറിയാന്‍ വേണ്ടി മാത്രം വന്നതാണ'്. അന്നേരം അയാള്‍ പറഞ്ഞു: 'അത് ശെരി. അതേയ് ഇന്നിവിടെ ഏജിക്കാര്‌ടെ ഓഡിറ്റ്ണ്ട്. അത് കേട്ടറിഞ്ഞ് വിദ്യാഭ്യാസജില്ലേടെ മുക്കിലും മൂലേലും നിന്ന് വന്ന മാഷ്മ്മാരും ടീച്ചറ്മ്മാരുമാണ് ഈ നിക്കണത്. '
'എന്തിന്? '
'ശമ്പളക്കമ്മീഷന്‍ ശുപാര്‍ശയെപ്പറ്റിയുള്ള സംശയങ്ങള് ചോദിക്കാന്‍'
എന്റെ ഉള്ളൊന്ന് കാളി...എങ്കിലും അത് പുറത്തുകാണിക്കാതെ ഞാന്‍ ചോദിച്ചു:ല്പല്പല്പല്പ 'ഏജീക്കാരെത്തിയോ? '
'ഒരാളെത്തിയിട്ട്ണ്ട്. ഇനീം രണ്ടുപേര്‍ കൂടി വരാനുണ്ടെന്ന് പറഞ്ഞു'.
അക്കണ്ട പുരുഷാരത്തിനുമുഴുവന്‍ സംശയനിവൃത്തിവരുത്തിക്കൊടുക്കാന്‍ നേരത്തെയെത്തിയ പരോപകാരിയായ ആ സഹപ്രവര്‍ത്തകന്‍ ആരെന്നറിയാന്‍ എനിക്ക്  തിടുക്കമായി. ആള്‍ക്കൂട്ടത്തിനുമുകളിലൂടെ ഞാന്‍ ആ റൂമിലേക്ക് ഒന്ന് എത്തിനോക്കി. ആരെയാണെന്നോ കണ്ടത്? എങ്ങനെ അവിടെനിന്നും രക്ഷപ്പെടുമെന്നറിയാതെ വിയര്‍ത്തുകുളിച്ച് അന്തിച്ചിരിക്കുന്ന സാക്ഷാല്‍ വി.വി.മണിയെ!
അന്ന് ഞാന്‍ പഠിച്ച പാഠമാണ് നടേ പറഞ്ഞത്.
'വാട്ടെ പിറ്റി! എന്നിട്ട് നിങ്ങള്‍ എങ്ങനെയാണ് മണിയെ സഹായിച്ചത്? '
'സഹായിക്കാനോ? ഞാനോ? തൊട്ടടുത്ത നിമിഷം തന്നെ ഞാന്‍ അവിടെനിന്ന് നിഷ്‌ക്രമിച്ചു... '
 'ഓക്കെ. എന്നിട്ട് മണി പിന്നെ എങ്ങനെയാണ് അവിടെനിന്ന് രക്ഷപെട്ടത്? '
'മൂത്രമൊഴിക്കാന്‍ പോയ ഓഡിറ്റുദ്യോഗസ്ഥന്‍ ടോയ്‌ലെറ്റിന്റെ പിന്‍വാതില്‍ വഴി മുങ്ങി എന്നാണ് പ്രാദേശിക ചാനല്‍ പ്രക്ഷേപണം ചെയ്തത്!!! '




Sunday, February 2, 2020

സ്ഥാനാരോഹണം
          
(BR: 12/08)

ആര്‍ക്കണ്ണന്റെ ചിരകാലാഭിലാഷമായിരുന്നു എന്നെങ്കിലുമൊരുനാള്‍ അസോസിയേഷന്റെ ഭരണപക്ഷത്തിരിക്കണമെന്ന്. ആന്റണ്‍ വില്‍ഫ്രഡ്, മജീദ്, ഹരി, സി ആര്‍ ബാബു തുടങ്ങിയ തീവ്രവാദികള്‍ ടേബിളിന്റെ പിന്നില്‍ നിരത്തിയിട്ടിരിക്കുന്ന കസേരകളില്‍ ഇരുന്നുമരുവുമ്പോള്‍ മുന്നിലെ പ്രതിപക്ഷബെഞ്ചില്‍ കുന്തിച്ചിരിക്കാനായിരുന്നു എന്നും കണ്ണന്റെ യോഗം. അതിനാല്‍ തന്നെ നടേ ചൊന്നവരോട് എന്തെന്നില്ലാത്ത അസൂയയായിരുന്നു കണ്ണന്.
ഒരു ദിവസം കണ്ണന്‍ വേണുവിനോട് പറഞ്ഞു: നോക്കിക്കോ വേണ്വേട്ടാ, ഒരു ദിവസം ആ കസേരയിലൊന്നില്‍ ഞാന്‍ കേറിയിരിക്കും.
വേണു മനസ്സില്‍ കവടി നിരത്തി. പിന്നെ പോക്കറ്റില്‍നിന്ന് ഒരു മണി കപ്പലണ്ടിയെടുത്ത് തിന്നുകൊണ്ട് പറഞ്ഞു: കണ്ണന് അതിനുള്ള രാജയോഗം തെളിഞ്ഞുകാണ്മാനുണ്ട്!
പണിയ്ക്കര്‍ പറഞ്ഞത് പതിരായില്ല. പിറ്റേന്ന് അസോസിയേഷന്റെ ഒരു പ്രതിഷേധപ്രകടനമുണ്ടായിരുന്നു. പ്രകടനം ഡിഏജിയുടെ ചേമ്പറിനുമുന്നിലെത്തിയതും തീവ്രവാദികളായ ഹരി, ശ്രീകുമാര്‍, ബാലു എന്നിവര്‍ ചേര്‍ന്ന് ചേമ്പറിന്റെ വാതില്‍ തുറന്നു പിടിച്ചു. പിന്നെ ചെകിടടപ്പിക്കുന്ന മുദ്രാവാക്യംവിളിയായിരുന്നു. പത്തുമിനിറ്റുകഴിഞ്ഞപ്പോള്‍ പ്രകടനം അവസാനിപ്പിച്ച് എല്ലവരും പിരിഞ്ഞു.
റിപ്പോര്‍ട്ടെഴുതാന്‍ നേരം ഡിഏജിയ്ക്ക് ഹരിക്കും ശ്രീകുമാറിനുമൊപ്പമുണ്ടായിരുന്ന മൂന്നാമന്റെ -അതായത് ബാലുവിന്റെ- പേരറിയുന്നില്ല!
പിറ്റേന്ന് സംഗതിവശാല്‍ല്പകോറിഡോറില്‍ വെച്ച് ബാലുവിനെ കണ്ടപ്പോള്‍ ഡിഏജി ചോദിച്ചു: വാട്‌സ് യുവര്‍ ഗുഡ് നെയിം?
നേരും നെറിയും കെട്ടുപോയ ഈ ആപ്പീസില്‍ നേരുപറഞ്ഞിട്ട് ഒരു കാര്യവുമില്ലെന്ന് തോന്നിയതുകൊണ്ടോ എന്തോ രണ്ടാമതൊന്നാലോചിക്കാതെ ബാലു പറഞ്ഞു: എന്‍ പേര് ആര്‍. കണ്ണന്‍ !
പിന്നെ എല്ലാം പെട്ടെന്നായിരുന്നു.
ഹരിക്കും ശ്രീകുമാറിനുമൊപ്പം കണ്ണനും കിട്ടി ചാര്‍ജ്ഷീറ്റ് !
സഹരാജന്‍ നായര്‍ 'വിക്റ്റിം നമ്പര്‍ 69 : ആര്‍.കണ്ണന്‍' എന്നപേരില്‍ല്പഫയല്‍ ഓപ്പണ്‍ ചെയ്തു !!
അതോടെ കണ്ണന് ടേബിളിനുപുറകില്‍ ചെയറും കിട്ടി !!!