rajasooyam

Saturday, February 8, 2020

  ഓലയാല്‍ മേഞ്ഞൊരു.....
                                (BR 9/07)

ഉച്ചയ്ക്ക് ഫുള്‍ടാങ്ക് ഫുഡ്ഡടിച്ചുകഴിഞ്ഞാല്‍ പഴയ കാര്യങ്ങള്‍ അയവിറക്കുകയെന്നത് ആന്റണ്‍ വില്‍ഫ്രെഡിന്റെ ഒരു ഹോബിയാണ്. ഹിസ്റ്ററിയില്‍ അല്പസ്വല്പം താല്പര്യമുള്ളതിനാല്‍ അന്നേരം ബിആറും ഒപ്പം കൂടും.
സ്വന്തം ഗ്രാമത്തില്‍ വായനശാല പ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ സഹിച്ച ത്യാഗങ്ങളെക്കുറിച്ചായിരുന്നു അന്നത്തെ അയവിറക്കല്‍. അയവിറക്കലിനിടയില്‍ ആന്റണ്‍ ബിആറിനോട് പറയുകയാണ്:
-ബിആറിനറിയോ, വായനശാലക്കുവേണ്ടി  കിലോമീറ്ററുകള്‍ താണ്ടി ഞാന്‍ ഓലമടല്‍ ചുമന്നുകൊണ്ടുവന്നിട്ടുണ്ട്.
- അതിന് വായനശാലയും ഓലമടലും തമ്മില്‍ എന്താണ് ബന്ധം?
-അന്ന് ഇന്നത്തെപ്പോലെ റീയിന്‍ഫോഴ്‌സ്ഡ് കോണ്‍ക്രീറ്റൊന്നുമില്ല. മെടഞ്ഞ ഓലകൊണ്ടാണ് വായനശാലയുടെ മേല്‍ക്കൂര കെട്ടിമേയാറ്.
-ഓ! മൈ ഗോഡ്!
-ഓല നാട്ടുകാര്‍ സംഭാവനയായി തരുമായിരുന്നു. പക്ഷേ അത് കൊണ്ടുവരാന്‍ ഞാന്‍ തന്നെ പോകണം. മിക്കവാറും കൊട്ടികളുടെ വീട്ടില്‍ നിന്നാണ് ഓല കൊണ്ടുവന്നിരുന്നത്.
-കൊട്ടികള്‍ എന്നു പറഞ്ഞത് ഒട്ടും മനസ്സിലായില്ല.
-ഞങ്ങള്‍ വടുക്കള്‍ അഥവാ വടുകന്മാര്‍ ബിആറിന്റെ ജാതിക്കാരെ കൊട്ടികള്‍ എന്നാണ് വിളിക്കുക.
-അതെന്താ കാര്യം?
-നിങ്ങള്‍ വളരെ ഉയര്‍ന്ന ജാതിക്കാരാണല്ലൊ.
-ആന്റണ്‍ വില്‍ഫ്രഡിന്റെ നോട്ടത്തില്‍ ഏതാണ്ട് എത്ര ഉയരം വരും?
-ഏതാണ്ടൊരു തെങ്ങിനോളം.
-ഇപ്പോള്‍ ഏതാണ്ട് മനസ്സിലായി. അതുപോട്ടെ, എന്താണ് മറ്റുജാതിക്കാരുടെ വീട്ടില്‍നിന്ന് ഓല വാങ്ങാത്തത്?
-എഴുപതുകളുടെ ആദ്യപകുതിവരെ നായന്മാരുടെ വീടുകളില്‍നിന്ന് ഓല വാങ്ങിയിരുന്നു. പിന്നെ അത് വേണ്ടെന്ന് ഞാന്‍ നയപരമായ ഒരു തീരുമാനമെടുക്കുകയായിരുന്നു.
-എന്താണ് അതിന് പ്രേരിപ്പിച്ച സംഗതി?
-അതൊരു കഥയാണ്. നാട്ടില്‍ പ്രമാണിയായ ഒരു നായരുണ്ടായിരുന്നു. പേര് രാമന്‍. നമ്മടെ സിനിമേലെ ജനാര്‍ദ്ദനനില്ലേ. ഏതാണ്ട് അതേ പൊക്കം, അതേ തടി, അതേ ശബ്ദം, അതേ കുടവയര്‍. ഒരു ദിവസം വായനശാലക്കാര്യം ചര്‍ച്ച ചെയ്യുന്നതിനിടയില്‍ ഞാന്‍ പറഞ്ഞു: മേല്‍ക്കൂര കെട്ടിമേയാറായി. എത്രയും വേഗം ഓല സംഘടിപ്പിക്കണം.
അതുകേട്ടതും രാമന്‍ നായര്‍ ജനാര്‍ദ്ദനന്‍സ്‌റ്റൈലില്‍ ഒരു കാച്ചാണ്: അതിനെന്താ വില്‍ഫ്രഡേ, എന്റെ വീട്ടില്‍ വന്ന് നൂറോ ഇരുനൂറോ കീറെടുത്തോളൂ.
എനിക്ക് സന്തോഷായി. ഇനി ഓലയന്വേഷിച്ച് തേരാപ്പാരാ നടക്കേണ്ടല്ലൊ. പിറ്റേന്ന് രാവിലെ തന്നെ ഞാന്‍ നായര്‌ടെ വീട്ടിലെത്തി. ഞാന്‍ ചെല്ലുമ്പോള്‍ രാമന്നായര്‌ടെ ഭാര്യ പാറുക്കുട്ടിയമ്മ ഉമ്മറത്ത് ചാരുകസേരയില്‍ പത്രം വായിച്ചിരിക്ക്യായിരുന്നു. രാമന്നായര്‍ അവിടെ  ചുറ്റിപ്പറ്റി നില്‍ക്കുകയാണ്. എന്നെ കണ്ടപ്പോള്‍ രാമന്നായര്‍ അടുത്തുവന്ന് സ്വകാര്യമായി ചോദിച്ചു:
-എന്തേ വന്നത്?
-ഇന്നലെ പറഞ്ഞത് ഇത്രവേഗം മറന്നോ? എവട്യാ ഓല?
-അതു പിന്നെ പാറുക്കുട്ടിയമ്മയോടൊന്ന് ചോദിച്ചോളൂ.
-അതെന്തിന്. രാമന്നായര് ഇന്നലെ പറഞ്ഞതല്ലേ ഓല കൊണ്ടോയിക്കോളാന്‍.
-എന്നാലും പാറുക്കുട്ടിയമ്മയോടൊന്ന് ചോദിച്ചോളൂ.
-അതെന്തിനാന്നേയ്?
-അല്ലാതെ ശെരിയാവില്ല.
കാര്യം മനസ്സിലാവാതെ വന്നപ്പോള്‍ ഞാന്‍ പാറുക്കുട്ടിയമ്മേടടുത്ത് ചെന്നു. പാറുക്കുട്ടിയമ്മ ചോദിച്ചു:എന്തേ വന്നത്?
-വായനശാല കെട്ടിമേയാന്‍ കൊറച്ച് ഓല വേണമായിരുന്നു. അത് ഇവിടെ വന്ന് എടുത്തോളാന്‍ രാമന്നായര് പറഞ്ഞു.
-ങ് ഹേ! എന്റെ പറമ്പിലെ ഓല ഞാനറിയാതെ എടുത്തോളാന്‍ രാമന്നായര് പറഞ്ഞ്വോ? എവിടെ രാമന്നായര്‍?
തിരിഞ്ഞുനോക്കുമ്പോള്‍ അവിടെങ്ങും രാമന്നായര്‌ടെ പൊടിപോലുമുണ്ടായിരുന്നില്ല. ഒരു കണക്കിന് ഞാന്‍ അവിടന്ന് കിഴിച്ചിലായി.
അതില്‍ പിന്നെ ഒരു നായര്‍തറവാട്ടിലും ഞാന്‍ ഓലയന്വേഷിച്ചുപോയിട്ടില്ല!!!



1 comment:

  1. This comment has been removed by a blog administrator.

    ReplyDelete