rajasooyam

Friday, February 22, 2013

വിരമിച്ചു

Venugopal KB's profile photo


2013 സെപ്റ്റംബര്‍ 30ന് കേന്ദ്രഗവണ്മെന്റ് സര്‍വീസില്‍നിന്ന് വിരമിച്ച
ശ്രീ കേബി വേണുഗോപാലന്‍.
തൃശ്ശിവപേരൂര്‍ അംശം ഊരകം ദേശത്ത് പ്രശസ്തമായ കളരിക്കല്‍ തറവാട്ടിലെ
അംഗമാണ്.
അസംഖ്യം കാഷവാര്‍ഡുകളും ഏതാണ്ട് അത്ര തന്നെ മെറിറ്റ് സര്‍ട്ടിഫിക്കറ്റുകളും
കിട്ടിയിട്ടുണ്ട്.
(അതുപിന്നെ അങ്ങനെയല്ലേ വരൂ. കൊച്ചിമഹാരാജാവ് തിരുമനസ്സില്‍നിന്ന് പലവട്ടം
പട്ടും വളയും പുട്ടും കടലയും  കിട്ടിയിട്ടുള്ളവരാണ് പൂര്‍വ്വസൂരികള്‍ !)
12 കൊല്ലത്തോളം ബോയ് സര്‍വീസുണ്ട്.
(അക്കാലം നെല്ലായിട്ടായിരുന്നു കാഷവാര്‍ഡ്. വര്‍ഷാവര്‍ഷം കരമൊഴിവായി ഒന്നരപ്പറ
നെല്ല്!)
മികച്ച സഹകാരിയും കടുത്ത ഫെമിനിസ്റ്റുമാണ്.
സ്ത്രീകളെ സഹായിക്കാന്‍ ഒരു പ്രത്യേക ഇതുണ്ട്.
പാവങ്ങളുടെ മമ്മൂട്ടി എന്ന അപരനാമധേയത്തിലും അറിയപ്പെടുന്നു.
കാണാന്‍ അതീവ സുന്ദരനാണെങ്കിലും അതിന്റേതായ യാതൊരു അഹംഭാവവുമില്ല.
ജന്മനാ ഒരു വാസനയുണ്ട്, അഭിനയത്തോട്. 
അനവധി നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
കൃത്യാന്തരബാഹുല്യം മൂലം സിനിമയില്‍ അഭിനയിക്കാന്‍ സമയം കിട്ടിയില്ല.
(കഷ്ടം. മലയാളസിനിമയുടെ തീരാനഷ്ടം!)

റിട്ടയര്‍മെന്റിനുശേഷം കുലത്തൊഴിലായ ജ്യോത്സ്യത്തിലേക്ക് തിരിയാനാണ് പ്ലാന്‍.
കവടിനിരത്തി മുഖത്തുനോക്കി കാര്യം പറയും.
(അത്യാവശ്യം മഷിയും നോക്കും!)
കുടുംബകലഹം, വിവാഹതടസ്സം, വിരഹയോജിപ്പ്, ശത്രുവില്‍ വിജയം, ബാധാദോഷം,
ദൃഷ്ടിദോഷം, ഭാഗ്യദോഷം, ലഹരിപ്രിയം തുടങ്ങി വി.ശ്രീകുമാറിനെക്കൊണ്ട് പരിഹരിക്കാന്‍ പറ്റാത്ത ഏതു പ്രശ്‌നത്തിനും പരിഹാരം പറഞ്ഞുതരും.
പ്രശ്‌നങ്ങളെയെല്ലാം മന്ത്രം ചൊല്ലി ഭസ്മമാക്കി ഉറുക്കിലാക്കും. (ഉടുക്കല്ല. ഉറുക്ക്. ഏലസ്സ് എന്നും പറയും).
ആ ഉറുക്ക് അരയില്‍ കെട്ടിയാല്‍ സകല പ്രശ്‌നങ്ങളും തീരും.
കെട്ടാനറിയാത്തവര്‍ക്ക് കെട്ടിയും കൊടുക്കും.
അതിന് അങ്ങനെ കൃത്യമായ ഫീസൊന്നും വാങ്ങാന്‍ ഉദ്ദേശിക്കുന്നില്ല.
എന്തു കൊടുത്താലും വാങ്ങും. ഇനി ഒന്നും കൊടുത്തില്ലേലും വിരോധമില്ല.
മാനവസേവ മധുരസേവ എന്നതാണ് അദ്ദേഹത്തിന്റെ മതം.

ഒരു മകനും ഒരു മകളുമാണ് മക്കളായി ശ്രീ പണിക്കര്‍ക്കുള്ളത്.
ഏക ഭാര്യ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിയാണ്.
(അതുകൊണ്ടുതന്നെ മറ്റൊരു സെക്രട്ടറിയെ വെച്ചിട്ടില്ല!)

( പ്രശ്‌ന പരിഹാരത്തിനു വിളിക്കേണ്ട നമ്പര്‍: 9446097544 )

Saturday, February 16, 2013

കൊല്ലന്റെ ആലയിലെ ഷഷി

-എങ്ങനെയുണ്ടായിരുന്നു ഷഷീ, ചെന്നൈ യാത്ര?
-ഒന്നും പറയണ്ട ബിആര്‍. ഒരു വാശിപ്പുറത്തങ്ങു പോയതാണ്. പക്ഷേ സംഗതി
 ക്ലിക്കായില്ല
-അതെങ്ങനെയാണ് ആര്‍ടിഐ ട്രെയ്‌നിങ്ങിന് വാശിപ്പുറത്ത് പോണത്?
-അതുപിന്നെ എനിക്ക് ഈ ട്രെയ്‌നിങ്ങിന്‍് പോകേണ്ട യാതൊരു
 കാര്യവുമുണ്ടായിരുന്നില്ല. കാരണം എനിക്ക് നന്നായറിയാവുന്ന സബ്ജക്റ്റായിരുന്നു.
-എന്തായിരുന്നു കോഴ്‌സ്?
-‘ഹൗ റ്റു ഹോള്‍ഡ് ദ മൗസ്? ‘
-കമ്പൂട്ടറുമായി ബന്ധപ്പെട്ടതല്ലേ? അല്ലാതെ എലിയെ പിടിക്കേണ്ടത് എങ്ങനെയാണ്
 എന്നൊന്നുമല്ലല്ലൊ?
-അല്ലല്ല. കമ്പൂട്ടറുമായി ബന്ധപ്പെട്ടതുതന്നെ. ഈ വിഷയത്തില്‍ ഞാന്‍ എന്റെ
 വൈദഗ്ധ്യം പണ്ടേ തെളിയിച്ചിട്ടുള്ളതാണ്.
-അത് ശെരിയാണല്ലോ. ഞാന്‍ അതേപ്പറ്റി എഴുതിയിട്ടുണ്ടെന്നും തോന്നുന്നു.
-ഉവ്വേയ്
-അപ്പൊപ്പിന്നെ എന്തിനാണ് ഷഷി പോയത്?
-അതാണ് ഞാന്‍ നടേ പറഞ്ഞത്. ഒരു വാശിപ്പുറത്തങ്ങ് പോയതാണ്
-തെളിച്ചുപറ
-വീട്ടില്‍ ഞാന്‍ എന്തൊക്കെ പണിയെടുത്തുകൊടുത്താലും ഭാര്യക്കൊരു തൃപ്തീല്ല്യ.
 ഞാന്‍ ഒന്നും ചെയ്തുകൊടുക്കണ്‍് ല്ല്യാന്നാ പരാതി.
-വീട്ടിലെ ഏതൊക്കെ പണികളാണ് ഷഷി ചെയ്യാറ്?
-തുണിയലക്കല്‍, പാത്രം കഴുകല്‍, മുറിയടിക്കല്‍, അരിപൊടിക്കല്‍, ഉള്ളിപൊളിക്കല്‍, 
 സാമ്പാറിനു നുറുക്കല്‍, കടേപ്പോക്ക്, ഗ്യാസ് ബുക്കിങ്ങ് അങ്ങനെ നൂറുകൂട്ടം
 പണികളില്ലേ
-അതൊക്കെ ചെയ്തിട്ടും ഭാര്യ വക്കാണത്തിനു വരികയാണെന്നാണോ
 പറഞ്ഞുവരുന്നത്?
-അതേന്നേയ്
-അങ്ങനെയെങ്കില്‍ സ്വാഭാവികമായും കുറച്ച് വാശി തോന്നീട്ട്ണ്ടാവും
-അതെ. അങ്ങനെയാണ് എനിക്ക് പ്രത്യേകിച്ച് യാതൊരു ഗുണവുമില്ലാത്ത ആ
 കോഴ്‌സിനുപോകാന്‍ ഞാന്‍ പേരുകൊടുത്തത്. ച്ചാല്‍ ഞാനില്ലാത്തേന്റെ വെല
 അവളൊന്ന് മനസ്സിലാക്കട്ടെ എന്ന വാശിപ്പുറത്ത്.
-അത്രയും മനസ്സിലായി. പിന്നെ എന്താണ് സംഗതി ക്ലിക്കായില്ലെന്നു പറഞ്ഞത്?
-അതുപിന്നെ അങ്ങോട്ടും ഇങ്ങോട്ടുമുള്ള യാത്രയില്‍ ഒരു മനസ്സമാധാനവും കിട്ടിയില്ല
 ബിആര്‍.  ശെരിക്കും കൊല്ലന്റെ ആലയില്‍ അകപ്പെട്ടുപോയ മുയലിന്റെ
 അവസ്ഥയിലായിരുന്നു ഞാന്‍
-അതെന്തുപറ്റി? ട്രെയ്‌നില്‍ ടിക്കറ്റ് റിസര്‍വ് ചെയ്തിട്ടല്ലേ പോയത്?
-റിസര്‍വൊക്കെ ചെയ്തിരുന്നു. അങ്ങോട്ടും ഇങ്ങോട്ടുമുള്ള ടിക്കറ്റുകള്‍
 ഒന്നിച്ചുതന്നെയാണ് ബുക്ക് ചെയ്തതും. പക്ഷേ സംഗതി ചീറ്റിപ്പോയി.
-എങ്ങനെ?
-അങ്ങോട്ടുള്ള ട്രെയ് ന്‍ രാവിലെ 8.15നായിരുന്നു. പക്ഷേ ഞാന്‍ സ്റ്റേഷനിലെത്തിയത്
 9.10ന്!
-അതെന്തുപറ്റി? ടിക്കറ്റില്‍ സമയം എഴുതിയിട്ടുണ്ടാവുമല്ലൊ
-ഉവ്വ. ടിക്കറ്റില്‍ 9.45 എന്നു കാണിച്ചിരുന്നു. അതുകൊണ്ടാണ് ഞാന്‍ അല്പം നേരത്തെ 9.10ന് എത്തിയത്. എന്‍ക്വയറി കൗണ്ടറിനു മുന്‍പില്‍ കണ്ട പോര്‍ട്ടറെ ടിക്കറ്റ്   കാണിച്ചപ്പോഴല്ലേ കാര്യം മനസ്സിലായത്.
-അയാള്‍ എന്തു പറഞ്ഞു?
-കോട്ടും സൂട്ടും ഷൂസുമിട്ട് ടൈയും ബെല്‍റ്റും മറ്റും കെട്ടി സായ്പ്പിനെപ്പോലെ
 നില്‍ക്കുന്ന എന്നെ അടിമുടിയൊന്നു നോക്കിയിട്ട് അയാളൊരു ചോദ്യമാണ്: “സാറ്
 ഏത് കോത്താഴത്തുകാരനാ?“
-ഉവ്വ്വോ ? എന്തേ അങ്ങനെ ചോദിക്കാന്‍?
-ആ ടിക്കറ്റ് പ്രിന്റ് ചെയ്ത സമയമായിരുന്നു 9.45!
-ഈശ്വരാ! പിന്നെ ഷഷി എന്തു ചെയ്തു?
-ആ നേരത്ത് പിന്നെ എന്തു ചെയ്യാന്‍? അങ്ങോട്ട് കള്ളവണ്ടി കേറി!
-കൊള്ളാം. കൊല്ലന്റെ ആലയിലേക്ക് ഓടിക്കേറി അല്ലേ
-അതന്നെ
-ശെരി. ഇങ്ങോട്ടുള്ള യാത്രയില്‍ എന്തായിരുന്നു പ്രശ്‌നം?
-അതുപിന്നെ  യാത്രയില്‍ ഉടനീളം ഞാന്‍ തികച്ചും അസ്വസ്ഥനായിരുന്നു. കാരണം
 ജീവിതത്തില്‍ ആദ്യമായി കള്ളവണ്ടി കേറുകയാണ്..... അങ്ങോട്ടുള്ള ടിക്കറ്റ്
 ലാപ്‌സായതിന്റെ  ദേഷ്യത്തില്‍ ഞാന്‍ അത് പാന്റിന്റെ ഇന്നര്‍ പോക്കറ്റില്‍നിന്ന്
 വലിച്ചൂരിയെടുത്ത് നൂറായികീറി നിലത്തിട്ട് ഷൂസ്‌കൊണ്ട് ചവിട്ടിയരച്ചു!
 എന്തിനു പറയുന്നു എന്റെ ബിആറേ, റിട്ടേണ്‍ യാത്ര പുറപ്പെടാന്‍ നേരമാണ്
 മനസ്സിലായത് നൂറായി  കീറിയത് ഇങ്ങോട്ടുള്ള ടിക്കറ്റാണെന്ന്!
-എന്റീശ്വരാ! പിന്നെ എന്തുചെയ്തു?
-ആ നേരത്ത് പിന്നെ എന്തു ചെയ്യാന്‍? ഇങ്ങോട്ടും കേറി കള്ളവണ്ടി!






Friday, February 8, 2013

ലേറ്റ് അറ്റെന്‍ഡന്‍സ്

അസോസിയേഷന്‍ ഹാളിലെ നീളന്‍ ബെഞ്ചില്‍ വടിപോലെ ശയിക്കുന്ന എന്‍ബിയെ
കണ്ടിട്ട് 'എന്നാല്‍ ഇനി ഒട്ടും താമസിക്കണ്ട, അറിയിക്കേണ്ടവരെയൊക്കെ അറിയിച്ചോളൂ'എന്നും പറഞ്ഞ് ആര്‍.കണ്ണന്‍ ആംബുലന്‍സ് വിളിക്കാന്‍ പോയ കഥ ഏവര്‍ക്കും അറിയാവുന്നതാണല്ലൊ.
അതിന്റെ പിറ്റേന്നാളാണ് ഈ സംഭവം:
കാന്റീനില്‍ ചായ കുടിക്കാന്‍ ഒറ്റയ്ക്ക് പോവുന്ന കണ്ണനെ കണ്ടപ്പോള്‍ ബിആര്‍
ചോദിച്ചു:
-എന്താ കണ്ണാ ഇന്ന്  ഒറ്റയ്ക്കായിപ്പോയത്?
-ഇന്ന് കൃഷ്‌ണേട്ടന്‍  വന്നിട്ടില്ല
-എവിടെപ്പോയി?
-എവിടെയോ ഒരു തേക്ക് മുറിക്കാനുണ്ടെന്നു കേട്ടു
-അപ്പൊ എന്‍ബിയോ?
-തിരുമുല്‍പ്പാട് കുറച്ച് ലേറ്റാവുംന്ന് വിളിച്ചുപറഞ്ഞായിരുന്നു
-അതെന്തുപറ്റി?
-പറഞ്ഞാല്‍ കഥയാക്ക്വോ?
-ഏ....യ്
-പുള്ളിക്കാരന് ഈയിടെയായി ലേശം ഒറക്കത്തിന്റെ അസ്‌കിതയുണ്ടെന്ന്
 ബിആറിനറിയാലോ.
-അങ്ങനെ കേട്ടായിരുന്നു
-കേട്ടത് ശെരി തന്നെയാണ്. തരം കിട്ടിയാല്‍ തിരുമേനിയങ്ങ് ഒറങ്ങിപ്പോവും!
-അതെന്താ അങ്ങനെ?
-ആ. എന്താന്നറിയില്ല. മുമ്പ് അങ്ങനെയൊന്നുമുണ്ടായിരുന്നില്ല.
 പുറനാട്ടുകര താമസമാക്ക്യേപ്പിന്നാ തൊടങ്ങീത്...
-അതുകൊള്ളാമല്ലൊ. അപ്പൊ രാവിലെ ഒറക്കത്തീന്ന് എണീക്കാന്‍
 വൈകിയതുകൊണ്ടാവും വരാന്‍ വൈകണത് അല്ലേ
-അതല്ല. നമ്പീശന് രാവിലെ നടക്കാന്‍ പോകണ ശീലണ്ടേയ്.
-ഈശ്വരാ. അതെന്തിനാണാവോ!
-തടി കൊറയ്ക്കാനാന്നാ പറയണേ
-എങ്കില്‍ പിന്നെ നടപ്പ് വൈകീട്ടാക്കിക്കൂടേ
-ആദ്യമൊക്കെ വൈകീട്ടായിരുന്നു. ഒരു ദിവസം പട്ടിയോടിച്ചേപ്പിന്നെ രാവിലെയാക്കി!
-ങ്‌ഹേ! പട്ടിയോടിച്ചോ?
-ആന്നേയ്. ഈ തൃശൂരിലെപ്പോലെ സംസ്‌കാരമില്ലാത്ത പട്ടികളെ ഞാന്‍ കണ്ടിട്ടില്ല
 ബിആര്‍. അല്ലെങ്കില്‍ ഒരു ഭരണഘടനാസ്ഥാപനത്തിലെ ഉദ്യോഗസ്ഥനെ കണ്ടാല്‍ ഏത് 
 പട്ടിക്കാണ്  തിരിച്ചറിയാത്തത്?
-ഏതായാലും നടത്തം രാവിലെയാക്കിയപ്പൊ ആ സൊല്ല ഒഴിവായിക്കാണുമല്ലൊ അല്ലേ
-അതുവ്വ
-പക്ഷേ ഇപ്പോഴും തിരുമനസ്സ് ഇന്നു വരാന്‍ വൈകുന്നതിന്റെ കാരണത്തിലേക്ക് നമ്മള്‍  എത്തിയില്ല കേട്ടോ
-അതുപിന്നെ ഇന്നു രാവിലെ ഒരു പ്രശ്‌നണ്ടായി.
-എന്താണ്?
-രാവിലെ പുറനാട്ടുകരനിന്ന് നടക്കാനിറങ്ങിയ പുള്ളിക്കാരന്‍ ചെന്നുനിന്നത്
 പേരാമംഗലത്ത് !  പിന്നെ തിരിച്ച് പുറനാട്ടുകര ചെന്നിട്ടുവേണ്ടേ ആപ്പീസില്‍ പോരാന്‍
-ഈ......ശ്വരാ! അതെന്താ വഴി തെറ്റിപ്പോയതാണോ?
-അല്ലെന്നേയ്
-പിന്നെ?
-നടത്തത്തിനിടയില്‍ പുള്ളിക്കാരനങ്ങ് ഒറങ്ങിപ്പോയി !!!

Saturday, February 2, 2013

വെറുതേ ഒരു സംശയം

-കേട്ടോ ബിആര്‍, നമ്മടെ സിപ്രന്റെ കാര്യം കട്ടപ്പൊകയായീന്നാ തോന്നണേ
-ങ്‌ഹേ! സിപ്രന് എന്തുപറ്റി?
-ഒന്നൂല്ല്യാ. മിക്കവാറും കെഴക്കേ കോട്ടേമ്മെ കൊണ്ടോണ്ടിവരും!
-ഒന്നു തെളിച്ചുപറ എന്റെ കണ്ണാ
-രാവിലെ ഓഫീസില്‍ വന്നപ്പൊ മുതല്‍ തനിച്ചിരുന്ന് പിച്ചും പേയും പറയ്യ്യാണ്!
-ഈശ്വരാ! എന്താണ് പറയണത്?
-ബിആര്‍ തന്നെ ചെന്ന് കേട്ടുനോക്ക്
    ബിആര്‍ സിപ്രന്റെ സെക് ഷനിലേക്കോടി. അല്പം ദൂരെ മാറിനിന്ന് വീക്ഷിച്ചു.
ശെരിയാണ്. പുള്ളിക്കാരന്‍ തനിച്ചിരുന്ന് എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്.
എന്താണെന്ന് വ്യക്തമാവുന്നില്ല. ബിആര്‍ ചെവി നീളത്തില്‍ പിടിച്ചു. അപ്പോഴും ഒന്നും
കേള്‍ക്കുന്നില്ല. പിന്നെ ചെവി വട്ടം പിടിച്ചുനോക്കി. അന്നേരം കേട്ടുതുടങ്ങി.
ആരോടെന്നില്ലാതെ സിപ്രന്‍ പറയുകയാണ്: '' എന്നെയാവ്വ്വോ ഉദ്ദേശിച്ചത്? ഏയ്.
എന്നെയാവാന്‍ വഴിയില്ല. ഇനി അഥവാ എന്നെത്തന്നെയാണെന്നുവരുമോ? ഏയ്.
എന്തിനാ വെറുതേ ടെന്‍ഷനടിക്കണേ അല്ലേ? എന്നെയാണെന്ന്‌വിചാരിക്കുന്നതിനേക്കാള്‍നല്ലതാണല്ലോ എന്നെയല്ലെന്നുവിചാരിക്കുന്നതിനേക്കാള്‍ നല്ലതാണല്ലോ.....
ടെന്‍ഷനടിക്കുന്നതിനേക്കാള്‍ നല്ലതാണല്ലോ ടെന്‍ഷനടിക്കാതിരിക്കുന്നതിനേക്കാള്‍
നല്ലതാണല്ലോ..... അല്ലേ അതല്ലേ ശെരി. അതുതന്നെയല്ലേ ശെരി?
ഉദ്ദേശിച്ചത് എന്നെയാവില്ലെങ്കിലും ഉദ്ദേശിക്കാന്‍ വിചാരിച്ചത് എന്നെയാവ്വ്വോ...''

സിപ്രന്‍ അങ്ങനെ പറഞ്ഞതുതന്നെ പറഞ്ഞോണ്ടിരിക്കയാണ്. ഒരുവട്ടമല്ല രണ്ടുവട്ടമല്ല
മൂന്നുവട്ടം ബിആര്‍ അതുകേട്ടു.
ഒരുവട്ടം കൂടി അത് കേട്ടുനില്‍ക്കാന്‍ കരുത്തില്ലാഞ്ഞതിനാല്‍ വേഗം തിരിച്ചുപോന്നു. സീറ്റില്‍ തിരിച്ചെത്തി കണ്ണനെ വിളിച്ചുവരുത്തി ചോദിച്ചു:
-എപ്പോഴാണ് സിപ്രന് അസുഖം തുടങ്ങിയത്? ഇന്നലെ വരെ
 കുഴപ്പമൊന്നുമുണ്ടായിരുന്നില്ലല്ലൊ.
-ഇന്ന് രാവിലെ വന്നപ്പോള്‍ മുതല്‍ തുടങ്ങിയതാണ്
-എനിക്ക് ഒരെത്തും പിടിയും കിട്ടുന്നില്ലല്ലൊ കണ്ണാ
-എനിക്കുമതെ
-സിപ്രന്‍ രാവിലെ ഒറ്റയ്ക്കാണോ വന്നത്?
-അല്ല. കൂടെ ശ്രീകുമാറുണ്ടായിരുന്നു
-അപ്പൊ സഖാവിനോട് ചോദിച്ചാല്‍ എന്തെങ്കിലും കുളു കിട്ടിയേക്കും അല്ലേ?
-ചോദിച്ചുനോക്ക്. ഒരുകല്ലും പൊക്കിനോക്കാതിരിക്കണ്ട. പക്ഷേ ഇപ്പോള്‍ സഖാവ്
 സ്ഥലത്തില്ല.
-എവിടെപ്പോയി?
-വാചകപാതകതൊഴിലാളികളുടെ ജില്ലാസമ്മേളനത്തെ അഭിവാദ്യം ചെയ്യാന്‍
 പോയിരിക്ക്യാണ്.
-വരുമ്പോള്‍ ഞാന്‍ അന്വേഷിച്ചതായി പറയണം
-പറയാം
    അഭിവാദ്യം കഴിഞ്ഞ് സഖാവെത്തിയപ്പോള്‍ ബിആര്‍ ചോദിച്ചു:
-സഖാവ് ഇന്ന് സിപ്രന്റെ ഒപ്പമല്ലേ വന്നത്?
-അതെ
-ബസ്സിലാണോ?
-അല്ല
-പിന്നെയോ
-സിപ്രന്റെ സ്‌കൂട്ടറില്
-സിപ്രന്‍ സ്‌കൂട്ടറുമായി വീട്ടില്‍ വന്നോ?
-അതെ.
-സിപ്രന്റെ പെരുമാറ്റത്തില്‍ ഇന്നെന്തെങ്കിലും അസ്വാഭാവികത തോന്നിയിരുന്നോ?
-ഇല്ല്യാ. എന്തേ ചോദിക്കാന്‍?
-ഒന്നൂല്ല്യാ. വരുന്ന വഴി നിങ്ങള്‍ തമ്മില്‍ എന്തെങ്കിലും സംസാരിക്കുകയുണ്ടായോ?
-ഇല്ല്യാ. വണ്ടീക്കേറിയാല്‍ ഒടനേ ഞാന്‍ ഒറങ്ങൂലോ
-വണ്ടീക്കേറണേനുമുമ്പ് എന്തെങ്കിലും?
-ഇല്ല്യ. ഞാന്‍ ഒന്നും സംസാരിച്ചിട്ടില്ല. അച്ഛനും സിപ്രനും തമ്മില്‍ എന്തോ
 പറയുന്നുണ്ടായിരുന്നു.
-അതെന്തായിരുന്നു?
-ബിആറിനറിയാലോ, ചക്ക  സിപ്രന്റെ ഒരു ദൌര്‍ബല്യമാണെന്ന് .എപ്പൊ വീട്ടില്‍ വന്നാലും
  പുള്ളിക്കാരന്റെ ഒരു കണ്ണ് പ്ലാവിന്റെ കൊമ്പത്തായിരിക്കും.
-കുറുക്കന്റെ കണ്ണ് കോഴിക്കൂട്ടിലെന്ന പോലെ
-എന്ന് ഞാന്‍ പറയില്ല
-എങ്കില്‍ ബാക്കി പറയൂ
-രാവിലെ വന്നപ്പൊ പ്ലാവിന്റെ കൊമ്പത്തേക്ക് കണ്ണോടിച്ച് സിപ്രന്‍ അച്ഛനോട് പറഞ്ഞു:
 ''ഇക്കൊല്ലം ചക്കകള്‍ക്കൊന്നും കഴിഞ്ഞകൊല്ലത്തെയത്ര ഉഷാറില്ല അല്ലേ?''
-എന്തായിരുന്നു അച്ഛന്റെ മറുപടി?
-'' ഞാനും അതാലോചിക്ക്യായിരുന്നു. അവറ്റയ്ക്ക് ആരുടെയോ കണ്ണുപറ്റീട്ട്ണ്ട് ന്നാ   തോന്നണേ'' !!!