rajasooyam

Saturday, February 16, 2013

കൊല്ലന്റെ ആലയിലെ ഷഷി

-എങ്ങനെയുണ്ടായിരുന്നു ഷഷീ, ചെന്നൈ യാത്ര?
-ഒന്നും പറയണ്ട ബിആര്‍. ഒരു വാശിപ്പുറത്തങ്ങു പോയതാണ്. പക്ഷേ സംഗതി
 ക്ലിക്കായില്ല
-അതെങ്ങനെയാണ് ആര്‍ടിഐ ട്രെയ്‌നിങ്ങിന് വാശിപ്പുറത്ത് പോണത്?
-അതുപിന്നെ എനിക്ക് ഈ ട്രെയ്‌നിങ്ങിന്‍് പോകേണ്ട യാതൊരു
 കാര്യവുമുണ്ടായിരുന്നില്ല. കാരണം എനിക്ക് നന്നായറിയാവുന്ന സബ്ജക്റ്റായിരുന്നു.
-എന്തായിരുന്നു കോഴ്‌സ്?
-‘ഹൗ റ്റു ഹോള്‍ഡ് ദ മൗസ്? ‘
-കമ്പൂട്ടറുമായി ബന്ധപ്പെട്ടതല്ലേ? അല്ലാതെ എലിയെ പിടിക്കേണ്ടത് എങ്ങനെയാണ്
 എന്നൊന്നുമല്ലല്ലൊ?
-അല്ലല്ല. കമ്പൂട്ടറുമായി ബന്ധപ്പെട്ടതുതന്നെ. ഈ വിഷയത്തില്‍ ഞാന്‍ എന്റെ
 വൈദഗ്ധ്യം പണ്ടേ തെളിയിച്ചിട്ടുള്ളതാണ്.
-അത് ശെരിയാണല്ലോ. ഞാന്‍ അതേപ്പറ്റി എഴുതിയിട്ടുണ്ടെന്നും തോന്നുന്നു.
-ഉവ്വേയ്
-അപ്പൊപ്പിന്നെ എന്തിനാണ് ഷഷി പോയത്?
-അതാണ് ഞാന്‍ നടേ പറഞ്ഞത്. ഒരു വാശിപ്പുറത്തങ്ങ് പോയതാണ്
-തെളിച്ചുപറ
-വീട്ടില്‍ ഞാന്‍ എന്തൊക്കെ പണിയെടുത്തുകൊടുത്താലും ഭാര്യക്കൊരു തൃപ്തീല്ല്യ.
 ഞാന്‍ ഒന്നും ചെയ്തുകൊടുക്കണ്‍് ല്ല്യാന്നാ പരാതി.
-വീട്ടിലെ ഏതൊക്കെ പണികളാണ് ഷഷി ചെയ്യാറ്?
-തുണിയലക്കല്‍, പാത്രം കഴുകല്‍, മുറിയടിക്കല്‍, അരിപൊടിക്കല്‍, ഉള്ളിപൊളിക്കല്‍, 
 സാമ്പാറിനു നുറുക്കല്‍, കടേപ്പോക്ക്, ഗ്യാസ് ബുക്കിങ്ങ് അങ്ങനെ നൂറുകൂട്ടം
 പണികളില്ലേ
-അതൊക്കെ ചെയ്തിട്ടും ഭാര്യ വക്കാണത്തിനു വരികയാണെന്നാണോ
 പറഞ്ഞുവരുന്നത്?
-അതേന്നേയ്
-അങ്ങനെയെങ്കില്‍ സ്വാഭാവികമായും കുറച്ച് വാശി തോന്നീട്ട്ണ്ടാവും
-അതെ. അങ്ങനെയാണ് എനിക്ക് പ്രത്യേകിച്ച് യാതൊരു ഗുണവുമില്ലാത്ത ആ
 കോഴ്‌സിനുപോകാന്‍ ഞാന്‍ പേരുകൊടുത്തത്. ച്ചാല്‍ ഞാനില്ലാത്തേന്റെ വെല
 അവളൊന്ന് മനസ്സിലാക്കട്ടെ എന്ന വാശിപ്പുറത്ത്.
-അത്രയും മനസ്സിലായി. പിന്നെ എന്താണ് സംഗതി ക്ലിക്കായില്ലെന്നു പറഞ്ഞത്?
-അതുപിന്നെ അങ്ങോട്ടും ഇങ്ങോട്ടുമുള്ള യാത്രയില്‍ ഒരു മനസ്സമാധാനവും കിട്ടിയില്ല
 ബിആര്‍.  ശെരിക്കും കൊല്ലന്റെ ആലയില്‍ അകപ്പെട്ടുപോയ മുയലിന്റെ
 അവസ്ഥയിലായിരുന്നു ഞാന്‍
-അതെന്തുപറ്റി? ട്രെയ്‌നില്‍ ടിക്കറ്റ് റിസര്‍വ് ചെയ്തിട്ടല്ലേ പോയത്?
-റിസര്‍വൊക്കെ ചെയ്തിരുന്നു. അങ്ങോട്ടും ഇങ്ങോട്ടുമുള്ള ടിക്കറ്റുകള്‍
 ഒന്നിച്ചുതന്നെയാണ് ബുക്ക് ചെയ്തതും. പക്ഷേ സംഗതി ചീറ്റിപ്പോയി.
-എങ്ങനെ?
-അങ്ങോട്ടുള്ള ട്രെയ് ന്‍ രാവിലെ 8.15നായിരുന്നു. പക്ഷേ ഞാന്‍ സ്റ്റേഷനിലെത്തിയത്
 9.10ന്!
-അതെന്തുപറ്റി? ടിക്കറ്റില്‍ സമയം എഴുതിയിട്ടുണ്ടാവുമല്ലൊ
-ഉവ്വ. ടിക്കറ്റില്‍ 9.45 എന്നു കാണിച്ചിരുന്നു. അതുകൊണ്ടാണ് ഞാന്‍ അല്പം നേരത്തെ 9.10ന് എത്തിയത്. എന്‍ക്വയറി കൗണ്ടറിനു മുന്‍പില്‍ കണ്ട പോര്‍ട്ടറെ ടിക്കറ്റ്   കാണിച്ചപ്പോഴല്ലേ കാര്യം മനസ്സിലായത്.
-അയാള്‍ എന്തു പറഞ്ഞു?
-കോട്ടും സൂട്ടും ഷൂസുമിട്ട് ടൈയും ബെല്‍റ്റും മറ്റും കെട്ടി സായ്പ്പിനെപ്പോലെ
 നില്‍ക്കുന്ന എന്നെ അടിമുടിയൊന്നു നോക്കിയിട്ട് അയാളൊരു ചോദ്യമാണ്: “സാറ്
 ഏത് കോത്താഴത്തുകാരനാ?“
-ഉവ്വ്വോ ? എന്തേ അങ്ങനെ ചോദിക്കാന്‍?
-ആ ടിക്കറ്റ് പ്രിന്റ് ചെയ്ത സമയമായിരുന്നു 9.45!
-ഈശ്വരാ! പിന്നെ ഷഷി എന്തു ചെയ്തു?
-ആ നേരത്ത് പിന്നെ എന്തു ചെയ്യാന്‍? അങ്ങോട്ട് കള്ളവണ്ടി കേറി!
-കൊള്ളാം. കൊല്ലന്റെ ആലയിലേക്ക് ഓടിക്കേറി അല്ലേ
-അതന്നെ
-ശെരി. ഇങ്ങോട്ടുള്ള യാത്രയില്‍ എന്തായിരുന്നു പ്രശ്‌നം?
-അതുപിന്നെ  യാത്രയില്‍ ഉടനീളം ഞാന്‍ തികച്ചും അസ്വസ്ഥനായിരുന്നു. കാരണം
 ജീവിതത്തില്‍ ആദ്യമായി കള്ളവണ്ടി കേറുകയാണ്..... അങ്ങോട്ടുള്ള ടിക്കറ്റ്
 ലാപ്‌സായതിന്റെ  ദേഷ്യത്തില്‍ ഞാന്‍ അത് പാന്റിന്റെ ഇന്നര്‍ പോക്കറ്റില്‍നിന്ന്
 വലിച്ചൂരിയെടുത്ത് നൂറായികീറി നിലത്തിട്ട് ഷൂസ്‌കൊണ്ട് ചവിട്ടിയരച്ചു!
 എന്തിനു പറയുന്നു എന്റെ ബിആറേ, റിട്ടേണ്‍ യാത്ര പുറപ്പെടാന്‍ നേരമാണ്
 മനസ്സിലായത് നൂറായി  കീറിയത് ഇങ്ങോട്ടുള്ള ടിക്കറ്റാണെന്ന്!
-എന്റീശ്വരാ! പിന്നെ എന്തുചെയ്തു?
-ആ നേരത്ത് പിന്നെ എന്തു ചെയ്യാന്‍? ഇങ്ങോട്ടും കേറി കള്ളവണ്ടി!






No comments:

Post a Comment