rajasooyam

Friday, February 8, 2013

ലേറ്റ് അറ്റെന്‍ഡന്‍സ്

അസോസിയേഷന്‍ ഹാളിലെ നീളന്‍ ബെഞ്ചില്‍ വടിപോലെ ശയിക്കുന്ന എന്‍ബിയെ
കണ്ടിട്ട് 'എന്നാല്‍ ഇനി ഒട്ടും താമസിക്കണ്ട, അറിയിക്കേണ്ടവരെയൊക്കെ അറിയിച്ചോളൂ'എന്നും പറഞ്ഞ് ആര്‍.കണ്ണന്‍ ആംബുലന്‍സ് വിളിക്കാന്‍ പോയ കഥ ഏവര്‍ക്കും അറിയാവുന്നതാണല്ലൊ.
അതിന്റെ പിറ്റേന്നാളാണ് ഈ സംഭവം:
കാന്റീനില്‍ ചായ കുടിക്കാന്‍ ഒറ്റയ്ക്ക് പോവുന്ന കണ്ണനെ കണ്ടപ്പോള്‍ ബിആര്‍
ചോദിച്ചു:
-എന്താ കണ്ണാ ഇന്ന്  ഒറ്റയ്ക്കായിപ്പോയത്?
-ഇന്ന് കൃഷ്‌ണേട്ടന്‍  വന്നിട്ടില്ല
-എവിടെപ്പോയി?
-എവിടെയോ ഒരു തേക്ക് മുറിക്കാനുണ്ടെന്നു കേട്ടു
-അപ്പൊ എന്‍ബിയോ?
-തിരുമുല്‍പ്പാട് കുറച്ച് ലേറ്റാവുംന്ന് വിളിച്ചുപറഞ്ഞായിരുന്നു
-അതെന്തുപറ്റി?
-പറഞ്ഞാല്‍ കഥയാക്ക്വോ?
-ഏ....യ്
-പുള്ളിക്കാരന് ഈയിടെയായി ലേശം ഒറക്കത്തിന്റെ അസ്‌കിതയുണ്ടെന്ന്
 ബിആറിനറിയാലോ.
-അങ്ങനെ കേട്ടായിരുന്നു
-കേട്ടത് ശെരി തന്നെയാണ്. തരം കിട്ടിയാല്‍ തിരുമേനിയങ്ങ് ഒറങ്ങിപ്പോവും!
-അതെന്താ അങ്ങനെ?
-ആ. എന്താന്നറിയില്ല. മുമ്പ് അങ്ങനെയൊന്നുമുണ്ടായിരുന്നില്ല.
 പുറനാട്ടുകര താമസമാക്ക്യേപ്പിന്നാ തൊടങ്ങീത്...
-അതുകൊള്ളാമല്ലൊ. അപ്പൊ രാവിലെ ഒറക്കത്തീന്ന് എണീക്കാന്‍
 വൈകിയതുകൊണ്ടാവും വരാന്‍ വൈകണത് അല്ലേ
-അതല്ല. നമ്പീശന് രാവിലെ നടക്കാന്‍ പോകണ ശീലണ്ടേയ്.
-ഈശ്വരാ. അതെന്തിനാണാവോ!
-തടി കൊറയ്ക്കാനാന്നാ പറയണേ
-എങ്കില്‍ പിന്നെ നടപ്പ് വൈകീട്ടാക്കിക്കൂടേ
-ആദ്യമൊക്കെ വൈകീട്ടായിരുന്നു. ഒരു ദിവസം പട്ടിയോടിച്ചേപ്പിന്നെ രാവിലെയാക്കി!
-ങ്‌ഹേ! പട്ടിയോടിച്ചോ?
-ആന്നേയ്. ഈ തൃശൂരിലെപ്പോലെ സംസ്‌കാരമില്ലാത്ത പട്ടികളെ ഞാന്‍ കണ്ടിട്ടില്ല
 ബിആര്‍. അല്ലെങ്കില്‍ ഒരു ഭരണഘടനാസ്ഥാപനത്തിലെ ഉദ്യോഗസ്ഥനെ കണ്ടാല്‍ ഏത് 
 പട്ടിക്കാണ്  തിരിച്ചറിയാത്തത്?
-ഏതായാലും നടത്തം രാവിലെയാക്കിയപ്പൊ ആ സൊല്ല ഒഴിവായിക്കാണുമല്ലൊ അല്ലേ
-അതുവ്വ
-പക്ഷേ ഇപ്പോഴും തിരുമനസ്സ് ഇന്നു വരാന്‍ വൈകുന്നതിന്റെ കാരണത്തിലേക്ക് നമ്മള്‍  എത്തിയില്ല കേട്ടോ
-അതുപിന്നെ ഇന്നു രാവിലെ ഒരു പ്രശ്‌നണ്ടായി.
-എന്താണ്?
-രാവിലെ പുറനാട്ടുകരനിന്ന് നടക്കാനിറങ്ങിയ പുള്ളിക്കാരന്‍ ചെന്നുനിന്നത്
 പേരാമംഗലത്ത് !  പിന്നെ തിരിച്ച് പുറനാട്ടുകര ചെന്നിട്ടുവേണ്ടേ ആപ്പീസില്‍ പോരാന്‍
-ഈ......ശ്വരാ! അതെന്താ വഴി തെറ്റിപ്പോയതാണോ?
-അല്ലെന്നേയ്
-പിന്നെ?
-നടത്തത്തിനിടയില്‍ പുള്ളിക്കാരനങ്ങ് ഒറങ്ങിപ്പോയി !!!

2 comments: