rajasooyam

Thursday, January 23, 2020

' മോളീപ്പോയില്ലേ?''
             

ചുരിദാറിട്ട രജേന്ദ്രന്റെ ഹൗസ്‌വാമിങ് നടക്കുകയാണ്.
സോമേട്ടന്‍ അങ്ങോട്ടെത്താന്‍ ലേശം വൈകി. പുത്തന്‍ വീട്ടിലാണെങ്കില്‍ല്പപൊരിഞ്ഞ തിരക്ക.് സോമേട്ടന്‍ നോക്കുമ്പോള്‍ അക്കൗണ്ടാപ്പീസുകാരെ ആരേയും കാണുന്നില്ല.
വീടെങ്ങാന്‍ മാറിപ്പോയോ?
അങ്ങനെ ശങ്കിച്ചുനില്‍ക്കുമ്പോഴാണ് തിരക്കിനിടയില്‍നിന്ന് ചുരിദാറിട്ട രജേന്ദ്രന്‍ പ്രത്യക്ഷപ്പെട്ടത്.
'അല്ലാ, നമ്മടെ ആപ്പീസുകാരാരും എത്തിയില്ലേ?'' സോമേട്ടന്‍ ചോദിച്ചു.
'ഉവ്വല്ലൊ. എല്ലാവരും മോളില്‍ പോയിരിക്ക്യാണ്.'' ചുരിദാറിട്ട രാജേന്ദ്രന്‍ പറഞ്ഞു.
കുറച്ചുകഴിഞ്ഞപ്പോള്‍ അക്കൗണ്ടാപ്പീസുകാര്‍ ബാച്ച്ബാച്ചായി സ്‌റ്റെയര്‍കെയ്‌സിറങ്ങിവരുന്നത് സോമേട്ടന്‍ കണ്ടു.
ആദ്യം സഹരാജന്‍ നായര്‍, ശ്രീകുമാര്‍, ഹരി, മജീദ് തുടങ്ങിയവരുടെ ഒരു ബാച്ച്. അതുകഴിഞ്ഞ് ആന്റണ്‍ വില്‍ഫ്രഡ്, മനോജ്, സുധീര്‍ തുടങ്ങിയവരുടെ മറ്റൊരു ബാച്ച്. അതിനുപിന്നാലെ കെ.ബി.വേണുഗോപാല്‍ തുടങ്ങിയ ഒരുപറ്റം കുപിതരായ ചെറുപ്പക്കാരുടെ (ആങ്ക്രി യംഗ് മെന്‍) ഒരു പട.
അതിനും പുറകിലായി സി.ആര്‍.ബാബു, ആര്‍ക്കണ്ണന്‍ തുടങ്ങിയ തീവ്രവാദികളുടെ ഒരു ബാച്ച്.
കുറച്ചുകഴിഞ്ഞപ്പോള്‍ സഹരാജന്‍ നായര്‍ സോമേട്ടന്റെ അടുത്തുവന്ന് സ്വകാര്യം ചോദിക്കുന്നതുപോലെ ചോദിച്ചു:
' മോളീപ്പോയില്ലേ?''
'ഇല്ല.'' സോമേട്ടന്‍ പറഞ്ഞു.
പറഞ്ഞ് നാക്കെടുത്തില്ല. അപ്പോഴേക്കും ആന്റണ്‍ വില്‍ഫ്രഡ് വന്ന് അതേ ചോദ്യം സോമേട്ടന്റെ കാതില്‍ മന്ത്രിച്ചു:' സോമന്‍ മോളീപ്പോയില്ലേ?''
ആംഗ്യഭാഷയിലായിരുന്നു വേണുവിന്റെ ചോദ്യം:'സോമേട്ടന്‍ മോളീപ്പോയില്ലേ?''

പതിഞ്ഞ സ്വരത്തിലും ആംഗ്യഭാഷയിലും പലരുമിങ്ങനെ ആവര്‍ത്തിച്ചപ്പോള്‍ സോമേട്ടന് ഏതാണ്ടൊരൂട്ടൊക്കെ മനസ്സിലായി.....
'ഇല്ല, എന്തുതന്നെ വന്നാലും ഞാന്‍ പിടിച്ചുനില്‍ക്കും.'' സോമേട്ടന്‍ മനസ്സില്‍ പറഞ്ഞു.
അന്നേരമാണ് പാപ്പുള്ളി മോളില്‍ നിന്ന് ഇറങ്ങിവരുന്നത്.
'അല്ലാ, സോമേട്ടന്‍ മോളീപ്പോയില്ലേ'' എന്ന് പാപ്പുള്ളിയും കൂടി ചോദിച്ചതോടെ അതുവരെ പിടിച്ചുനിന്ന സോമേട്ടന്റെ കണ്‍ട്രോള് വിട്ടു.
ചുറ്റുപാടുമൊന്ന് നോക്കി തെല്ലൊരു പരുങ്ങലോടെ സോമേട്ടന്‍ മോളിലേക്ക് പോയി.
എന്തിനധികം പറയുന്നു. ഇതുപോലൊരു പറ്റ് ഇതുവരെ പറ്റിയിട്ടില്ല സോമേട്ടന്. ഇനിയൊട്ട് പറ്റുമെന്നും തോന്നുന്നില്ല.
കാര്യമെന്തെന്നല്ലേ.
മുകളിലത്തെ നിലയില്‍ സോമേട്ടന്‍ കണ്ടത് ല്പവട്ടം കൂടിയിരുന്ന്ല്പഅത്തളപിത്തള കളിക്കുന്ന കുറച്ച് കുട്ടികളെ മാത്രമാണ്.
അല്ലാതെ ഒരു ഗ്ലാസ്സോ ഒരു സോഡാക്കുപ്പിയോ ഒരു പാക്കറ്റ് മിക്‌സ്ചറോ അച്ചാറോ യാതൊന്നുമുണ്ടായിരുന്നില്ല അവിടെ.........



Saturday, January 11, 2020


തിരൂരിന്റെ ഇതിഹാസം

വേലിയേൽ കിടക്കുന്നതെടുത്ത് മടിക്കുത്തിൽ വെക്കുക എന്നത് എം ജി രവീന്ദ്രൻ സാറിന്റെ പണ്ടേയുള്ള സ്വഭാവമാണ്. റിട്ടയർ ചെയ്തിട്ട് കാലം ഏറെക്കഴിഞ്ഞിട്ടും അതിനൊരു മാറ്റം വന്നിട്ടില്ല.
ഹ്യർ ഈസ് ദ ലേറ്റസ്റ്റ് എപ്പിസോഡ്:
അത്യാവശ്യമായി ആമ്പല്ലൂർവരെയൊന്നു പോകാൻ വേണ്ടി പാറമേക്കാവ് ബസ് സ്റ്റോപ്പിൽ ബസ്സ് കാത്ത് നിൽക്കുകയാണ്  എം ജി ആർ സാറ്‌. എന്താണെന്നറിയില്ല ഒരൊറ്റ മനുഷ്യനില്ല ബസ് സ്റ്റോപ്പിൽ. നിന്നുനിന്ന് മടുത്തപ്പോൾ മനസ്സിൽ മനോരാജ്യം വാരികയെടുത്ത് വായിക്കാൻ തുടങ്ങി. അതും മടുത്തപ്പോൾ വാരികയടച്ചുവെച്ച് അനന്തവിഹായസ്സിലേക്ക് കണ്ണും നട്ട് ഇഹലോക ജീവിതത്തിന്റെ നശ്വരതയോർത്ത് നെടുവീർപ്പിട്ടു. രണ്ടാമത്തെ നെടുവീർപ്പ് എതാണ്ട് പാതിയായപ്പോൾ അതാ പുറകിൽ നിന്ന് ഒരു മണിനാദം!
സാധാരണ ഗതിയിൽ വീടിനോട് തൊട്ടുകിടക്കുന്ന തിരൂരമ്പലത്തിൽ വെടിക്കെട്ടുനടക്കുമ്പോൾ എന്താ ഭാരത്യേ അവടെയൊരു പൊക എന്ന് ഭാര്യയോട് ചോദിക്കാറുള്ള ആളാണ്. പക്ഷേ ഈ മണിനാദം പുള്ളിക്കാരൻ കൃത്യമായി കേട്ടു!
( വരാനുള്ളത് വഴിയിൽ തങ്ങില്ലല്ലോ...)
പിന്നിലേക്ക് നൊക്കിയപ്പോൾ കണ്ടത് അനാഥമായി നിലത്തുകിടന്നുപിടയ്ക്കുന്ന ഒരു മൊബൈൽ ഫോണാണ്.
അതങ്ങനെ റിങ്ങ് ചെയ്തോണ്ടിരിക്കയാണ്.
രവി സാർ വളരെ ആയാസപ്പെട്ട് കുന്തിച്ചിരുന്ന് നിലത്തുകിടക്കുന്ന ഫോണെടുത്തു.
( വേലിയേൽ കിടക്കുന്നതല്ലേ. എടുക്കാതെ പറ്റില്ലല്ലോ...)
പിന്നെ ചൂണ്ടുവിരൽ കൊണ്ട് വലത്തോട്ട് തേമ്പി കോളെടുത്തു : ഹലോ..
മറുവശത്തുനിന്നും ഒരു യുവതിയുടേതെന്നു തോന്നിക്കുന്ന ശബ്ദം : ചേട്ടൻ എവിടെയാ?
-അതൊക്കെ പിന്നെ പറയാം. പക്ഷേ അതിനുമുമ്പ് എനിക്ക് ഒരു കാര്യമറിയണം
-എന്താ ചേട്ടാ?
-ഈ ഫോൺ ആര്ടെയാ?
-എന്താ ചേട്ടാ എത്? അത് ചേട്ടന്റെ ഫോണല്ലേ
-അല്ല. ഇത് എന്റെ ഫോണല്ല
-എന്റെ അനിയൻ അതായത് ചേട്ടന്റെ അളിയൻ ഗൾഫീന്ന് വന്നപ്പോ ഫ്രീയായി തന്നതാണെന്നുവെച്ച് അത് ചേട്ടന്റെ ഫോണല്ലാതാവണ് ണ്ടോ
-ഇത്  തിരിച്ചുകൊടുക്കണം
-ഏയ്. അതെങ്ങന്യാ. അത് ശെരിയാവ് ല്ല്യ
-എന്റെ മോളേ. ഞാൻ പറയണതൊന്ന് കേൾക്ക്
- ഏ! മോളേന്നൊ? ഇന്ന് ഭയങ്കര സ്നേഹമാണല്ലോ! ഇന്ന് എന്തായാലും നമുക്കൊരു സിനിമക്ക് പോണം...
          ഇതിന് രവിസാറ്‌ മറുപടി പറയുന്നതിനുമുമ്പ് മറുതലയ്ക്കൽ ആരോ ചവിട്ടിക്കേറി വരുന്ന ശബ്ദവും പിന്നേ ഠേ എന്നൊരു പൊട്ടലും കേട്ടു!
തുടർന്ന് ഒരു പൊട്ടിക്കരച്ചിലും ഇപ്രകാരം ഒരു സംഭാഷണവും:
-ആരെയാടീ മൂതേവീ നീ സിനിമയ്ക്ക് പോകാൻ വിളിക്കണത്?
-എന്റെ പൊന്നു ചേട്ടാ തല്ലല്ലേ. ദെയവ് ചെയ്ത് ഞാൻ പറയണതൊന്ന് കേൾക്ക്. ചേട്ടന്റെ ഫോണെവ്ട്യാ?...
          ഒരു നിമിഷം എന്തു ചെയ്യണമെന്നറിയാതെ സ്തംഭിച്ചുനിന്നുപോയി രവി സാറ്.
പിന്നെ സമനില വീണ്ടെടുത്ത് പതിവിന് വിപരീതമായി തൊണ്ടിസാധനം വേലിയിൽ തന്നെ തിരികെ വെച്ചു!
അനന്തരം ഖസാക്കിലെ രവിയെ അനുകരിച്ച് ബസ്സുകാത്ത് കിടന്നു !

Wednesday, January 1, 2020

             നല്ലവനായ മാളക്കാരന്‍
                                       (01/10)

-മിസ്റ്റര്‍ ആന്റണ്‍ വില്‍ഫ്രഡ്, ജീവിതത്തില്‍ നിങ്ങള്‍ക്ക് ഏറ്റവുംചാരിതാര്‍ത്ഥ്യം തോന്നിയ നിമിഷം ഏതാണ്?
-അത് പറയാന്‍ എനിയ്ക്ക് രണ്ടാമതൊന്നാലോചിക്കേണ്ട കാര്യമില്ല. ട്രെയ്‌നില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് ടിടിഇ പിടിച്ച ഒരാളെ രക്ഷപ്പെടുത്തിയ ധന്യനിമിഷം തന്നെ അത്.
-ദാറ്റ് റിക്വയേഴ്‌സ് എ ബിറ്റ് എലാബൊറേഷന്‍
-പറയാം. തൊള്ളായിരത്തി എമ്പതുകളിലാണ് സംഭവം. അന്ന് ഞാന്‍ ജിസിഡിഏ യില്‍ ഡെപ്യൂട്ടേഷനിലാണ്. ട്രെയ്‌നിലാണ് പോക്കുവരവ് നടത്തിക്കൊണ്ടിരുന്നത്. ആപ്പീസില്‍നിന്ന് ഇങ്ങോട്ടുള്ള യാത്ര മിക്കവാറും ഐലന്റ് എക്‌സ്പ്രസ്സിലായിരിക്കും. കാരണം അത് പെട്ടെന്നിങ്ങെത്തും. കാലടി വിട്ടാല്‍ പിന്നെ മാളയിലേ സ്‌റ്റോപ്പുള്ളു.
-കാലടി.....മാള…നിങ്ങള്‍ ഇല്ലാത്ത റെയില്‍വേ സ്‌റ്റേഷനുകളെപ്പറ്റി പറയുന്നു!
-അതുപിന്നെ അങ്കമാലി ഫോര്‍ കാലടി. ചാലക്കുടി ഫോര്‍ മാള. രണ്ടാമതുവരുന്ന സ്ഥലങ്ങള്‍ക്കാണ് പ്രാധാന്യം
-ഓഹോ. എങ്കില്‍ തുടരാം
-ഒരു ദിവസം വൈകീട്ട് ഞാന്‍ ആപ്പീസുവിട്ട് വരുകയായിരുന്നു. എനിയ്‌ക്കൊരു സ്വഭാവമുണ്ട്. ട്രെയ്‌നില്‍ കയറിയിരുന്നാല്‍ ഉടനേ തുടങ്ങും ഉറക്കം. അന്നും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ഒരുറക്കം കഴിഞ്ഞ് ഉണര്‍ന്നപ്പോഴേയ്ക്കും വണ്ടി അങ്കമാലിയിലെത്തിയിരുന്നു. ചാലക്കുടിയിലെത്താന്‍ ഇനിയും പത്തുപതിനഞ്ചുമിനിറ്റെടുക്കുമല്ലോ, അതുവരെ ഒന്നു മയങ്ങിക്കളയാമെന്നു തീരുമാനിച്ച് ഞാന്‍ വീണ്ടുമൊന്ന് മയങ്ങി. മയക്കം കഴിഞ്ഞ് എഴുന്നേറ്റുനോക്കിയപ്പോള്‍ വണ്ടി നിര്‍ത്തിയിട്ടിരിക്കയാണ്. ചാലക്കുടിയായിരിക്കുമെന്ന ധാരണയില്‍ മറ്റ് യാത്രക്കാരെ തള്ളിമാറ്റി ഒരുകണക്കിന് ഞാന്‍ പുറത്തുചാടി. പുറത്ത് ചാടിയതും ഒരാള്‍ എന്റെ ഷര്‍ട്ടിന്റെ കോളറിലും മറ്റൊരാള്‍ കയ്യിന്റെ മണിബന്ധത്തിലും പിടുത്തമിട്ടിരുന്നു. അത് രണ്ട് ടിടിഇമാരായിരുന്നു! അതില്‍ ഒരാള്‍ പറഞ്ഞു: സൂത്രത്തില്‍ രക്ഷപ്പെടാമെന്നു കരുതി അല്ലേ? കാണട്ടെ, തന്റെ ടിക്കറ്റ് കാണട്ടെ. കാര്യം മനസ്സിലാവാതെ ഞാന്‍ ഒരു നിമിഷം സ്തംഭിച്ചുനിന്നുപോയി. പിന്നെ സാവധാനം പോക്കറ്റില്‍നിന്ന് സീസണ്‍ ടിക്കറ്റെടുത്ത് കാണിച്ചു. അന്നേരം ടിടി ഇ മാര്‍ ഇളിഭ്യരായി കമ്പാര്‍ട്ട്‌മെന്റിലേക്ക് മടങ്ങി.
-അപ്പോള്‍ വാസ്തവത്തില്‍ എന്താണ് സംഭവിച്ചത്?
-വണ്ടി നിര്‍ത്തിയത് ചാലക്കുടിയിലായിരുന്നില്ല. അതിന് മുമ്പായിരുന്നു.
-പക്ഷേ അവിടൊന്നും സ്‌റ്റോപ്പില്ലെന്നല്ലേ പറഞ്ഞത്?
-അതെ. അന്ന് റെയിലില്‍ എന്തോ അററകുററ പണികള്‍ നടക്കുന്നുണ്ടായിരുന്നു. അതുകാരണം ഇത്തിരിനേരം അവിടെ നിര്‍ത്തിയിട്ടതാണ്. അന്നേരം ടിടിഇമാര്‍ ടിക്കറ്റ് പരിശോധിച്ചുകൊണ്ടിരിക്കയായിരുന്നു. ചാലക്കുടി സ്‌റ്റോപ്പാണെന്നുകരുതി ഞാന്‍ ധൃതിപ്പെട്ടിറങ്ങുന്നതുകണ്ടപ്പോള്‍ അവര്‍ വിചാരിച്ചു ഞാന്‍ ടിക്കറ്റില്ലാത്തതുകൊണ്ട് ഇറങ്ങി ഓടുകയാണെന്ന്!
-ഇത്രയൊക്കെ പറഞ്ഞിട്ടും താങ്കള്‍ ആ ധന്യനിമിഷത്തിലേക്കെത്തിയില്ലല്ലൊ.
-ഓ, അതോ. പരിശോധനയ്ക്കിടയില്‍ ടിക്കറ്റില്ലാത്ത ഒരാളെ ടിടിഇമാര്‍ പിടികൂടിയിരുന്നേയ്. ഇവര് എന്നെ പിടിക്കാന്‍ ഓടിയ തക്കത്തിന് അങ്ങേര് ചാടിക്കളഞ്ഞു !!!

 



 ഡെല്‍ഹി അന്യോന്യം
                                (12/09) 

ആദ്യദിവസം മുമ്പിലിരുന്നത് കേരള യോഗക്കാരാണ്.
ഭട്ടിയില്‍ കുഴിയംകുന്നത്തുമനയ്ക്കല്‍ ഇമ്മിണിവലിയ നാരായണന്‍ നമ്പൂതിരിപ്പാടായിരുന്നു കേരളയോഗത്തിന്റെ യജമാനന്‍. (ഇദ്ദേഹത്തെ ബി.കെ.നാരായണന്‍ എന്നു വിളിച്ചാലും മുഷിയില്ല. വിളി കേള്‍ക്കും).
രണ്ടാം വാരമിരുന്നത് സിഏജീസ് ആപ്പീസിലെ രണ്ട് കോനാതിരിമാരായിരുന്നു.
കൊണാട്ട് പ്ലെയ്‌സിലെ ഫുട്പാത്ത് കച്ചവടക്കാരായ രണ്ട് സര്‍ദാര്‍ജിമാരായിരുന്നു കൈകാണിക്കാനിരുന്നത്.
അവര്‍ കൈകാണിക്കുന്നത് പക്‌ഷേ നാരായണന്‍ കാണുന്നുണ്ടായിരുന്നില്ല. കാരണം ് മുമ്പിലിരുന്ന നാരായണന്റെ പുറകിലായിട്ടാണ് അവര്‍ ഇരുന്നിരുന്നത്.
അതെന്തായാലും നാരായണന്‍ ഒരുവിധം നന്നായി ചൊല്ലി.
ഗുണകോഷ്ടകമാണ് ചൊല്ലിയത്.
അര്‍ത്ഥം മനസ്സിലായിട്ടോ മനസ്സിലാവാഞ്ഞിട്ടോ എന്നറിയില്ല, കൈകാണിക്കാനിരുന്ന സര്‍ദാര്‍ജിമാര്‍ ഇടയ്ക്കിടെ വാഹ് വാഹ് എന്നു പറയുന്നുണ്ടായിരുന്നു.
വാഹ് വാഹ് എന്നു പറഞ്ഞാല്‍ ഭേഷ് ഭേഷ് എന്നു തന്നെയല്ലേ അര്‍ത്ഥം? അതോ അതിനു വേറെ വല്ല ദുരര്‍ത്ഥവുമുണ്ടോ?
നാരായണന്‍ ഒരുനിമിഷം ശങ്കിച്ചു.
അങ്ങനെ ശങ്കിക്കാന്‍ പോയത് വിനയായി. ആര്‍സീസീടെ റേഷ്യോ ചൊല്ലിയപ്പോള്‍ എട്ടേ ഗുണം ഏഴേ ഗുണം പന്ത്രണ്ടേ എന്നതിനുപകരം ഏഴേഗുണം എട്ടേഗുണം പന്ത്രണ്ടേ എന്നു പിഴച്ചു.
പക്‌ഷേ രണ്ടാം ദിവസം നാരായണന്‍ യാതൊരു പിഴവും വരുത്തിയില്ല. ഗുണകോഷ്ടകം നന്നായിതന്നെ പ്രയോഗിച്ചു. മറുഭാഗവും ഒട്ടും മോശമായിരുന്നില്ല.
ച്ചാല്‍ ഇരുയോഗക്കാരും ചൊല്‍ത്ത് ഗംഭീരമാക്കീന്നര്‍ത്ഥം. തദനന്തരം അതി ഗംഭീരമായ കരിമരുന്നുപ്രയോഗവുമുണ്ടായിരുന്നു. അവസാനത്തെ ഗുണ്ട് പൊട്ടിയതും അന്യോന്യത്തിന്റെ കര്‍ട്ടന്‍ വീണതും ഒന്നിച്ചായിരുന്നു.!
ഇവിടെ പ്രത്യേകം എടുത്തുപറയേണ്ട ഒരു സംഗതിയുണ്ട്.
ച്ചാല്‍ രണ്ടുദിവസം പലതവണ രഥ പ്രയോഗിക്കേണ്ടിവന്നെങ്കിലും ഒരിക്കല്‍ പോലും നാരായണന് ജട പ്രയോഗിക്കേണ്ടിവന്നില്ല!
ജടയെങ്ങാന്‍ പ്രയോഗിക്കേണ്ടിവന്നെങ്കിലോ?
ഈശ്വരാ, അത് ഓര്‍ക്കുമ്പോഴേ പേടിയാവണു!!!