rajasooyam

Saturday, June 27, 2015

0 4 8 7

ഉച്ചക്ക് ഊണുകഴിഞ്ഞ് ഒന്നാം നിലയിലേക്കിറങ്ങിയ ബിആര്‍ കണികണ്ടത്
കടന്നല് കുത്തിയാലെന്നപോലത്തെ മുഖവുമായി അസോസിയേഷന്‍ ഹാളില്‍നിന്ന് പുറത്തേക്ക് വരുന്ന കണ്ണനെയാണ്.
ബിആറിനെ കണ്ടിട്ടും കണ്ണന്‍ കണ്ട ഭാവം വെക്കുന്നില്ല.
കണ്ണന്റെ പിന്നാലെ വന്ന സിപ്രനെ തടഞ്ഞുനിര്‍ത്തി ബിആര്‍ കഥകളിഭാഷയില്‍ ചോദിച്ചു;
എന്തുപറ്റി?
സിപ്രന്‍ പ്രകാശമായി സ്വകാര്യം പറഞ്ഞു:
ഇനി ഒന്നും പറ്റാനില്ല ബിആര്‍. എല്ലാവരും കൂടി കണ്ണനെ എടുത്തിട്ട് പെരുമാറുകയായിരുന്നു.
ലെഫ്റ്റ് ആന്റ് റൈറ്റ് ഫയറിങ്ങായിരുന്നു.
-എല്ലാവരും എന്നുവെച്ചാല്‍?
-ഹരിയേട്ടന്‍, കൃഷ്‌ണേട്ടന്‍, പറളി കിറളി, എന്‍ബി കിന്‍ബി, ബാലു കീലു എന്നുവേണ്ട,
ശ്രീകുമാര്‍ ഒഴികെ എല്ലാവരും എന്നുതന്നെ പറയാം.
സിആര്‍ ബാബൂന്റെ വെടിവെപ്പിലാണ് കണ്ണന്‍ വീണുപോയത്.
-അതെന്തേ?
-അതോ. കാര്യമെന്തെന്നുപോലുമറിയാതെയായിരുന്നു ബാബൂന്റെ ഫയറിങ്ങ്!
-എന്നുവെച്ചാല്‍?
-ഒന്നിനുപുറകെ ഒന്നായി സകലരും കണ്ണനെ ചീത്തവിളിച്ചുകൊണ്ടിരിക്കുന്നതു
കണ്ടുകൊണ്ടാണ് ബാബു അസോസിയേഷന്‍ ഹാളിലേക്ക് വരുന്നത്. കാര്യമെന്താണെന്നു
തിരക്കാനൊന്നും പുള്ളിക്കാരന്‍ പോയില്ല. കൊടുത്തൂ കണ്ണനിട്ട് നൂറുവാക്കില്‍ കവിയാത്ത
ഒരു ഉപഹാരം! അതു കേട്ടതും കണ്ണന്‍ രണ്ടു കാതും പൊത്തിക്കൊണ്ട് ഒരോട്ടമാണ്!
-ശെരിശെരി. അതു പോട്ടെ. ഫയറിങ്ങിന്റെ കാരണം സിപ്രന് പിടികിട്ടിയോ?
-ഉവ്വല്ലോ. സത്യം പറഞ്ഞാല്‍ കണ്ണന്‍ അര്‍ഹിക്കുന്നതുതന്നെയാണ് അയാള്‍ക്ക് കിട്ടിയത്.
-ച്ചാലോ?
-അല്ലെങ്കില്‍ ബിആര്‍ തന്നെ പറയൂ. ആരെങ്കിലും ഇക്കാലത്ത് ലാന്റ്‌ഫോണ്‍ സെറ്റ് വാങ്ങ്വോ?
-ലാന്റ് ഫോണോ? ഇക്കാലത്തോ? ഇല്ല
-ഇല്ലല്ലൊ. ഇനി വാദത്തിനുവേണ്ടി  വാങ്ങിയെന്നിരിക്കട്ടെ. മിണ്ടാതങ്ങിരുന്നാല്‍ പോരായിരുന്നോ? സഹരാജന്‍ നായരുടെ അനുഭവം മുന്നിലുള്ളപ്പൊ അത് അസോസിയേഷന്‍ ഹാളില്‍   എഴുന്നെള്ളിക്കേണ്ട വല്ല കാര്യോമുണ്ടായിരുന്നോ കണ്ണന് ?