rajasooyam

Wednesday, September 28, 2022

 

ഹോം റെമെഡി

(പള്ളിത്തമാശകൾ)

 

-ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ അച്ചോ

-ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ. എന്താ മത്തായീ, രാവിലെ തന്നെ ഈ വഴിയ്ക്ക്?

-അത് പിന്നെ അച്ചൻ്റെ പ്രസംഗങ്ങൾടെ സീഡിയുണ്ടെങ്കിൽ മൂന്നാലെണ്ണം വാങ്ങിച്ചോണ്ട് ചെല്ലാൻ മറിയാമ്മ പറഞ്ഞു.

-എന്താണിപ്പൊ അവൾക്ക് അങ്ങനെയൊരാഗ്രഹം?

-കോവിഡ് പിടിച്ചേപ്പിന്നെ അവൾക്ക് തീരെ ഒറക്കം കിട്ടണ്ല്ല്യച്ചോ...!!!

                                                 ******

 

സോളിഡ് റീസൺ

(പള്ളിത്തമാശകൾ)

 

പള്ളിയിലെ നോട്ടീസ് ബോർഡിൽ കണ്ടതാണ്:

റാഫേലച്ചൻ വൈറൽ പനി ബാധിച്ച് കിടപ്പിലായതിനാൽ അദ്ദേഹം ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന രോഗശാന്തി ശുശ്രൂഷ മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചിരിക്കുന്നു!

                                                *******

Monday, September 26, 2022

 

മോക് ടെസ്റ്റ്

(പള്ളിത്തമാശകൾ)

ജീവിതത്തിൽ സത്യസന്ധത പുലർത്തേണ്ടതിന്റെ  ആവശ്യകതയെപ്പറ്റിയായിരുന്നു അന്നത്തെ പ്രഭാഷണം. ഉജ്ജ്വലമായ പ്രസംഗം ഉപസംഹരിച്ചുകൊണ്ട് അച്ചൻ പറഞ്ഞു: ശെരി, അപ്പൊ നമുക്ക് പിരിയാം. പിന്നെ അടുത്ത ഞായറാഴ്ച്ച വരുമ്പൊ എല്ലാവരും മത്തായീടെ സുവിശേഷം ഇരുപത്തൊമ്പതാം അദ്ധ്യായം വായിച്ചോണ്ടുവരണം.

അടുത്താഴ്ച്ച എല്ലാവരും തന്റെ  പ്രസംഗം കേൾക്കാൻ ഹാജരായ വേളയില്, സന്ദർഭത്തില്, അല്ലെങ്കിൽ ടൈമില് അച്ചൻ വിളിച്ചുചോദിച്ചു: മത്തായീടെ സുവിശേഷം ഇരുപത്തൊമ്പതാം അദ്ധ്യായം വായിച്ചവരൊക്കെ ഒന്നു കൈ പൊക്കിയാട്ടെ.

മത്തായിച്ചേട്ടനും മറിയാമ്മച്ചേടത്തിയുമടക്കം സകലരും കൈപൊക്കി.

ഒരു നിമിഷം അച്ചൻ സ്തംഭിച്ചുനിന്നുപോയി. അച്ചന്റെ  കണ്ണിൽ ആനന്ദശ്മശ്രു പോലെ എന്തോ ഒന്ന് പൊടിഞ്ഞു. സ്വാഭാവികം.

അത് പക്ഷേ അതായിരുന്നില്ല...

അടുത്ത നിമിഷം സമചിത്തത വീണ്ടെടുത്തുകൊണ്ട് അച്ചൻ പറഞ്ഞു:

അങ്ങനെയെങ്കിൽ ഇന്ന് നമുക്ക് നുണ പറഞ്ഞാലുണ്ടാവുന്ന ദോഷങ്ങളെപ്പറ്റി സംസാരിക്കാം.

അന്നേരം മുൻ നിരയിലിരുന്നിരുന്ന മത്തായിച്ചേട്ടൻ വിളിച്ചുചോദിച്ചു: അതെന്താ അച്ചോ അങ്ങനെയെങ്കില്‍ എന്നു പറഞ്ഞത്?

അച്ചൻ പറഞ്ഞു: മത്തായീടെ സുവിശേഷത്തിൽ ആകെ ഇരുപത്തെട്ട് അദ്ധ്യായങ്ങളേയുള്ളൂ മത്തായിച്ചാ...!!!

Sunday, September 18, 2022

 

കാരണക്കാരൻ

(പള്ളിത്തമാശകൾ)

 

പള്ളിപ്രസംഗം ഉച്ചസ്ഥായിയിലെത്തിയപ്പോളാണ് ആ കാഴ്ച്ച അച്ചന്റെ ദൃഷ്ടിയിൽ പെട്ടത്: മത്തായിച്ചേട്ടൻ ഭാര്യ മറിയാമ്മച്ചേടത്തീടെ തോളിൽ തല ചായ്ച്ച് സുഖമായുറങ്ങുന്നു!

ദേഷ്യം വന്ന അച്ചൻ മൈക്കിലൂടെ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു: മറിയാമ്മേ, ഇത് ശെരിയല്ലാ,ട്ടോ. മത്തായിയെ ഒടനേ വിളിച്ചുണർത്തൂ.

അന്നേരം മറിയാമ്മച്ചേടത്തി പറയുകയാണ്: അച്ചൻ കാരണല്ലേ അതിയാൻ ഒറങ്ങീത്. അച്ചൻ തന്നെ ഒണർത്തിക്കോ !!!

 

Tuesday, September 13, 2022

 അച്ചനാരാ മോൻ !

(പള്ളിത്തമാശകൾ)


കുർബ്ബാന കൈക്കൊള്ളാൻ വരുന്നവരിൽ പലരും ‘സ്തോത്രക്കാഴ്ച്ച’ കൊടുക്കാതെ മുങ്ങുകയാണെന്നു കണ്ടപ്പോൾ പ്രസംഗത്തിനിടയിൽ അച്ചൻ പറഞ്ഞു:

ഒർഭ്യർത്ഥനയുണ്ട്; കൈക്കാരൻ പത്രോസിൻ്റെ വീട്ടിൽനിന്ന് കോഴിയെ മോഷ്ടിച്ചയാൾ ഇവിടെങ്ങാനുമുണ്ടെങ്കിൽ ദയവായി സ്തോത്രക്കാഴ്ച്ച തരരുത്. കാരണം കള്ളന്മാരുടെ പണം കർത്താവ് ആഗ്രഹിക്കുന്നില്ല...

പള്ളിയിൽ അന്ന് റെക്കോഡ് കളക് ഷനായിരുന്നു!

അവിടെ ഹാജരായിരുന്നവരിൽ ഒരാൾ പോലും അന്ന് തിരുമുൽക്കാഴ്ച്ച കൊടുക്കാതിരുന്നില്ല !!!

Sunday, September 11, 2022

                    മറന്നേക്കല്ലേ...

വമ്പിച്ച സ്ക്രാപ്പ് ഫെസ്റ്റ്.

മുൻസിപ്പൽ സ്റ്റേഡിയം ഗ്രൗണ്ടിൽ.

2022 സെപ്റ്റംബർ 15 മുതൽ 30 വരെ.

വീട്ടമ്മമാരുടെ പ്രത്യേക ശ്രദ്ധക്ക്:

നിങ്ങളുടെ വീട്ടിലെ പാഴ് വസ്തുക്കൾ നല്ല വിലയ്ക്ക് വിൽക്കാൻ ഒരു സുവർണ്ണാവസരം!

NB: ഫെസ്റ്റിവലിന് വരുമ്പോൾ ഭർത്താക്കന്മാരെ കൊണ്ടുവരാൻ മറക്കല്ലേ...!!!

Friday, September 9, 2022

 കമ്പാരറ്റീവ് സ്റ്റഡി

(പള്ളിത്തമാശകൾ)


സ്ഥലം മാറിപ്പോകുന്ന അച്ചന്റെ ഉള്ളം കൈ മുത്തിക്കൊണ്ട് മറിയാമ്മച്ചേടത്തി പറഞ്ഞു:

-അച്ചൻ പോണതില് ഞങ്ങൾ എടവകക്കാർക്ക് നല്ല വെഷമണ്ട്,ട്ടോ. ഇനി വരണ അച്ചൻ എന്തായാലും അച്ചനോളം നന്മയുള്ള ആളാവില്ല.

-അങ്ങനെയൊന്നും പറയല്ലെ മറിയച്ചേടത്തീ. വരുന്നത് എന്നേക്കാൾ നല്ല ആളായിരിക്കും.

-അല്ലച്ചോ. ഞങ്ങൾക്ക് ഒറപ്പ്ണ്ട്

-കൊള്ളാം. അതെങ്ങനെ ഇപ്പൊ പറയാൻ പറ്റും? വരുന്നത് ആരാണെന്ന് അറിഞ്ഞിട്ടില്ലല്ലൊ

-അത് പിന്നെ ഞങ്ങൾടെ അനുഭവം കൊണ്ട് പറയാണേയ്. ഇതുവരെ ഇവിടെ വന്നുപോയിട്ടുള്ള ഓരോ അച്ചനും തൊട്ടുമുമ്പത്തെ അച്ചനേക്കാൾ പോക്കായിരുന്നു!!!