rajasooyam

Monday, March 23, 2020


വൈദ്യഭൂഷണം തൃപ്രയാര്‍ ശ്രീകുമാരവര്‍മ്മ
(എന്നോ എഴുതിയത്)

കണ്ണന്റെ കൈത്തരിപ്പിനെപ്പറ്റിയായിരുന്നു അസോസിയേഷന്‍ ഹാളിലെ അന്നത്തെ ചര്‍ച്ച.
ഏതാണ്ട് ഒരു വര്‍ഷത്തോളമായി കണ്ണന് കൈത്തരിപ്പു തുടങ്ങിയിട്ട്. വലതുകൈയും
ഷോള്‍ഡറും തമ്മില്‍ ബന്ധിപ്പിക്കുന്ന കപ്ലിങ്ങിലാണ്  കംപ്ലെയ്ന്റ്.
ഒരു പരിധിവരെ മാത്രമേ കൈ ഉയര്‍ത്താന്‍ പറ്റുന്നുള്ളു. അവിടന്നങ്ങോട്ട് ഉയര്‍ത്തിയാല്‍ കൈ തരിച്ചുതുടങ്ങും. അതുകൊണ്ടുതന്നെ കുറേക്കാലമായി കണ്ണന്‍ വലതുകൈ ഉയര്‍ത്താറുമില്ല.

ഒരുമാതിരിപ്പെട്ട അലോപ്പതിഡോക്ടര്‍മാരെയൊക്കെ ഇതിനകം കണ്ടുകഴിഞ്ഞെന്ന് കണ്ണന്‍
പറഞ്ഞപ്പോള്‍ എന്നാല്‍ ഇനി കുറച്ചുനാള്‍ ആയുര്‍വേദപ്പൊതി നോക്കിക്കൂടേ എന്ന് സൂമാരൻ.
തേക്കിന്‍പൂക്കുലാദി ലേഹ്യം കഴിച്ചാല്‍ സംഗതി പെട്ടെന്ന് മാറുമെന്ന് തേക്കേല്‍ കേറിയ
കൃഷ്‌ണേട്ടന്‍.
മര്‍മ്മം നോക്കി ആണിയടിക്കുന്ന മര്‍മ്മാണിവിദ്യ ഒന്നു പരീക്ഷിച്ചുനോക്കാന്‍ സിപ്രന്‍.
ഉപദേശങ്ങള്‍ക്ക് യാതൊരു പഞ്ഞവുമുണ്ടായിരുന്നില്ല.
എല്ലാവരുടേയും ഉപദേശങ്ങള്‍ കഴിഞ്ഞപ്പോള്‍ അതുവരെ ഒന്നും മിണ്ടാതിരുന്ന ശ്രീകുമാര്‍
പറഞ്ഞു:
കണ്ണന്‍ നാളെ രാവിലെ ഒമ്പതേമുക്കാലിന് എന്റെ കൂടെ വരൂ. ഇരുപത്തിനാല് മണിക്കൂറിനകം അസുഖം ഞാന്‍ ഭേദപ്പെടുത്തിത്തരാം. ഇല്ലെങ്കില്‍ കണ്ണന്റെ പേര്  എന്റെ പട്ടിക്കിട്ടോ.
സഖാവ് എന്നാണ് വൈദ്യം പയറ്റാന്‍ തുടങ്ങിയത് എന്ന് എല്ലാവരും ആശ്ചര്യപ്പെട്ടുനില്‍ക്കേ
പുള്ളിക്കാരന്‍ പറഞ്ഞ കണ്ടീഷന്‍ തരക്കേടില്ലെന്നു തോന്നിയിട്ടോ എന്തോ കണ്ണന്‍ അതങ്ങ്
സമ്മതിച്ചു.
പിറ്റേന്ന് രാവിലെ പറഞ്ഞ സമയത്തുതന്നെ കണ്ണന്‍ ഹാജരായി. ഉടന്‍ തന്നെ രണ്ടുപേരും കൂടിപുറത്തേക്ക് പോവുകയും ചെയ്തു.
പിന്നെ രണ്ടുദിവസത്തേക്ക് കണ്ണന്റെ യാതൊരു അഡ്രസ്സുമില്ല.
മൂന്നാം ദിവസവും കക്ഷിയെ കാണാതായപ്പോള്‍ ബിആര്‍ എസ് എം എസ് അയച്ചു:
വാട്ട് ഹാപ്പെന്‍ഡ്?
10 മിനിറ്റ് കഴിഞ്ഞപ്പോള്‍ മറുപടി വന്നു: ചെക്ക് യുവര്‍ മെയില്‍.
ഇന്‍ബോക്‌സ് തുറന്ന് ബിആര്‍ കണ്ണന്റെ ഈമെയില്‍ വായിച്ചു:
പ്രിയപ്പെട്ട ബിആര്‍,
അന്ന് സഖാവ് എന്നെ നേരെ കൊണ്ടുപോയത് തെക്കേ ഗോപുരനടയില്‍ കോണ്‍ഫെഡറേഷന്റെ ധര്‍ണ്ണ നടക്കുന്നിടത്തേക്കാണ്. കൃത്യം 10 മണിക്ക് ധര്‍ണ്ണ തുടങ്ങി. 24 മണിക്കൂര്‍ കഴിഞ്ഞ്
പിറ്റേന്ന് രാവിലെ 10 മണിക്ക് അവസാനിക്കുകയും ചെയ്തു. ശെരിക്കും ഒരു എക്‌സെര്‍സൈസ് തന്നെയായിരുന്നു അത്. 24 മണിക്കൂര്‍ അന്തരീക്ഷത്തിലേക്ക് മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിച്ചുകഴിഞ്ഞപ്പോഴേക്കും എന്റെ കൈയിന്റെ തരിപ്പെല്ലാം മാറി. ഇപ്പോള്‍ വലതുകൈ ശെരിക്കും
ഉയര്‍ത്താനും താഴ്ത്താനും പറ്റുന്നുണ്ട്.
പക്ഷേ ആഹ്ലാദിക്കാന്‍ വകയില്ലാതായിപ്പോയി ബിആര്‍.
കാരണം മന്ത് മറ്റേ കാലിലേക്ക് മാറി.
ച്ചാല്‍?
എന്റെ സൗണ്ട്‌ബോക്‌സ് പോയി !!!



Tuesday, March 17, 2020


തസ്‌കരനല്ല ഞാന്‍...
(എന്നോ എഴുതിയത്)

കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് ബിആര്‍ ഓഫീസ് വിട്ടിറങ്ങുമ്പോള്‍ അസോസിയേഷന്‍
റൂമിനുമുമ്പില്‍ ഒരാള്‍ക്കൂട്ടം.
കാര്യമെന്തെന്നു തിരക്കിയവാറെ കണ്ണന്‍ പറഞ്ഞു: അസോസിയേഷന്‍ റൂമില്‍നിന്ന്
വല്ല്യേട്ടന്‍ ഹരിയേട്ടന്റെ ബാഗ് ആരോ അടിച്ചുമാറ്റിയിരിക്കുന്നു.
എന്തായിത് കഥ?
തീക്കട്ടയില്‍ ഉറുമ്പരിക്കയോ?
വെടിക്കെട്ടുകാരന്റെ വീട്ടിലെ പട്ടിയെ ഉടുക്കുകൊട്ടി പേടിപ്പിക്കയോ?
ഇതിനൊന്നും കണ്ണന് മറുപടിയുണ്ടായില്ല.
അതുകൊണ്ട് ബിആര്‍ അടുത്ത ചോദ്യം ചോദിച്ചു:
-ആരെയെങ്കിലും സംശയണ്ടോ?
-ഇതുവരെ ഇല്ല
-എങ്കില്‍ ഉടന്‍ വേണുപ്പണിക്കരെ വിളിക്ക
-എന്തിന്?
-പ്രശ്‌നം വെച്ചുനോക്കാന്‍
-വേണ്ട. വെണ്വേട്ടനായിട്ട് ഇനി പ്രശ്നൊന്നുണ്ടാക്കണ്ട
            ഇതുകേട്ടതും ഐന്തോള്‍ രാശന്‍ ഹരിയോട് ചോദിച്ചു:
-ബാഗില്‍ എന്തൊക്കെ ഉണ്ടായിരുന്നു?
-നാളെ ശനിയാഴ്ചയല്ലെ. സൂപ്പര്‍ മാര്‍കറ്റില്‍ പോയി കുറച്ച് സാധനങ്ങള്
 വാങ്ങിവെച്ചിരുന്നു.
-അതെന്താണെന്നാണ് ചോദിച്ചത്
-ബിആര്‍ കേള്‍ക്കണ്ട
-വേണ്ടാ
-ഡ്രെസ്സ് ചെയ്ത ചിക്കന്‍ ഒരു കിലോ. പിന്നെ അര കിലോ ചെമ്മീന്‍. ഒരു ഡസന്‍
 കോഴിമുട്ടയും.
-അത് ശെരി. എങ്കില്‍ പിന്നെ മണം പിടിച്ച് വന്നതും ബാഗെടുത്തോണ്ടുപോയതും
 മറ്റേയാള് തന്നെ. സംശയല്ല്യ.
-ആര്?
-എന്‍ബി !
            ഇതു കേട്ടപ്പോള്‍ കണ്ണനിലെ അയല്‍വാസിസ്‌നേഹം സടകുടഞ്ഞെണീറ്റു.
ശബ്ദമുയര്‍ത്തി കണ്ണന്‍ പറഞ്ഞു: പോളണ്ടിനെപ്പറ്റി...അല്ല, എന്‍ബിയെപ്പറ്റി ഒരക്ഷരം
മിണ്ടിപ്പോകരുത്.
ദേഷ്യംകൊണ്ടു ചുവന്ന കണ്ണന്റെ കണ്ണുകള്‍ കണ്ടപ്പോള്‍ പിന്നെ രാശന്‍
കമാന്നൊരക്ഷരം മിണ്ടിയില്ല.
അന്തരീക്ഷം അങ്ങനെ ചെന്താമരയായിക്കൊണ്ടിരുന്നപ്പോഴാണ് ഹരിയുടെ ഫോണിലേക്ക് ഒരു കോള്‍ വരുന്നത്.
ലൗഡ് സ്പീക്കറിലായിരുന്നതുകൊണ്ട് സംഭാഷണം എല്ലാവര്‍ക്കും കേള്‍ക്കാമായിരുന്നു.
-ഹലോ, ഹരിയല്ലേ
-അതെ
-ഞാന്‍ സുകുമാരനാണ്
-കുറൂര്‍ മനയ്ക്കലെ?
-അതന്നെ
-നെറ്റിയില്‍ പൂവുള്ള...?
-അതന്നെ
-എവിടന്നാ വിളി?
-വീട്ടീന്നാണ്
-എന്താ വിശേഷിച്ച്?
-അത് പിന്നെ എനിക്കൊരബദ്ധം പറ്റി
-കേട്ടാല്‍ തോന്നും തിരുമേനിക്ക് അതല്ലാതെ മറ്റെന്തൊക്കെയോ പറ്റാറുണ്ടെന്ന്
-ശ്ശെ. ഇതതല്ലാന്ന്
-പിന്നെ എന്താണ്?
-സാധാരണ ഞാന്‍ എന്റെ ബാഗ് അസോസിയേഷന്‍ റൂമിലാണല്ലൊ വെക്കാറ്.
കഷ്ടകാലത്തിന് ഇന്ന് അത് സെക് ഷനിലാണ് വെച്ചത്. വൈകീട്ട് പോന്നപ്പൊ എന്റെ
ബാഗാണെന്ന് തെറ്റിദ്ധരിച്ച് അസോസിയേഷന്‍ റൂമീന്ന് ഹരീടെ ബാഗുമെടുത്തോണ്ട്
പോന്നു ! ഇനീപ്പൊ എന്താ ചെയ്യാ? നാളെ കാണാം...
                                       ******************
ബാഗിനകത്തെ സാധനങ്ങള്‍ തിരുമേനി എന്തു ചെയ്തിട്ടുണ്ടാവും?
പിറ്റേന്ന് തിരുമേനി ആപ്പീസില്‍ വന്നിട്ടുണ്ടാവുമോ?
അതില്‍ പിന്നെ എന്നും വൈകീട്ട് തിരുമേനി സൂപ്പര്‍ മാര്‍ക്കറ്റില്‍
ചുറ്റിക്കറങ്ങുന്നുണ്ടാവുമോ?
എല്ലാം വായനക്കാര്‍ക്ക് വിടുന്നു...


Friday, March 13, 2020

     വാഴ്ത്തപ്പെട്ടവന്‍
                            (BR: 6/08)

സീആര്‍ ബാബുവിനെപ്പോലെയല്ല ആന്റണ്‍ വില്‍ഫ്രഡ്. 100 ശതമാനം സത്യകൃസ്ത്യാനിയാണ്. യാത്രയ്ക്കിടയില്‍ എവിടെയെങ്കിലും ഒരു പള്ളി കണ്ടാല്‍ അവിടെയിറങ്ങി ഒന്നു പ്രാര്‍ത്ഥിച്ചിട്ടേ പുള്ളി യാത്ര തുടരൂ. അത്രയ്ക്ക് വിശ്വാസിയാണ്. ഇക്കാര്യത്തില്‍ ബാവാക്കക്ഷിയെന്നോ മെത്രാന്‍ കക്ഷിയെന്നോ കേപിയോഹന്നാനെന്നോ തങ്കുബ്രദറെന്നോ ഉള്ള വിവേചനമൊന്നും പുള്ളിക്കാരനില്ല.
പക്ഷേ എല്ലാവരും ആന്റണെപ്പോലെയല്ലല്ലൊ. അങ്ങനെ ആയിരുന്നെങ്കില്‍ ഈ ലോകം എന്നേ സ്വര്‍ലോകമാകുമായിരുന്നു.
                         രണ്ട് വര്‍ഷം മുമ്പാണ് സംഭവം നടക്കുന്നത്. ആന്റണ്‍ അന്ന് ഒ എ ഡി യിലാണ്. മുളന്തുരുത്തി സര്‍ക്കാരാശുപത്രിയിലായിരുന്നു അന്നത്തെ ഓഡിറ്റ്. മുളന്തുരുത്തിയെന്നു കേട്ടപ്പൊഴേ ആന്റണ്‍ന്റെ ഉള്ളം കിളിര്‍ത്തു. അവിടെ രണ്ട് വലിയ പള്ളികളുള്ളതായി കേട്ടിട്ടുണ്ട്. ഒന്ന് ബാവാ കക്ഷിയുടെ. മറ്റേത് മെത്രാന്‍ കക്ഷിയുടേതും. ഇതുവരെ അവിടെ പോകാനൊത്തിട്ടില്ല. ഇത്തവണ രണ്ടിലും കയറി പ്രാര്‍ത്ഥിക്കണം- ആന്റണ്‍ മനസ്സില്‍ പറഞ്ഞു.
                   മുളന്തുരുത്തി ജങ്ഷനില്‍ വണ്ടിയിറങ്ങിയ ആന്റണ്‍ ആദ്യം കണ്ട കടയില്‍ കയറി അന്വേഷിച്ചു:'ഇവിടത്തെ പള്ളി എവിടെയാ?''
'ഏത് കക്ഷീടെയാ?'' കടക്കാരന്‍ ചോദിച്ചു.
ഏത് കക്ഷീടെയായാലും തനിയ്ക്ക് പ്രാര്‍ത്ഥിയ്ക്കയല്ലേ വേണ്ടൂ. നിസ്സംഗതയോടെ ആന്റണ്‍ പറഞ്ഞു:'ബാവാ കക്ഷീടെ''
' ഈ വഴിയില്‍ അര ഫര്‍ലോങ് പോയാല്‍ രണ്ട് പള്ളികള്‍ കാണാം. അതില്‍ ഇടതുവശത്ത് കാണുന്നതാണ് ബാവാക്കക്ഷീടെ. വലതുവശത്തേത് മെത്രാന്‍ കക്ഷീടെയാണ്. തെറ്റിക്കേറി പ്രശ്‌നമുണ്ടാക്കല്ലേ...''
കടക്കാരന്‍ അവസാനം പറഞ്ഞ വാചകത്തിന്റെ അര്‍ത്ഥം ആന്റണ് പിന്നീടാണ് മനസ്സിലായത്.
അയാള്‍ പറഞ്ഞ വഴിയിലൂടെ അര ഫര്‍ലോങ് നടന്ന് ആന്റണ്‍ പള്ളികള്‍ക്ക് മുന്നിലെത്തി. പിന്നെ ഇടത്തോട്ട് തിരിഞ്ഞ് ബാവാക്കക്ഷീടെ പള്ളിയ്ക്കകത്തേക്ക് നടന്നു.
ആന്റണ്‍ ദൂരേനിന്ന് നടന്നുവരുന്നത് പള്ളിയുടെ വരാന്തയില്‍നിന്ന് സിആര്‍ ബാബുവിനെപ്പോലിരിക്കുന്ന അഞ്ചെട്ട് ഭീകരന്മാര്‍ നിരീക്ഷിക്കുന്നുണ്ടായിരുന്നു. ആന്റണ്‍ പക്ഷേ അവരെയൊന്നും ഗൗനിയ്ക്കാതെ (അതിന്റെ ആവശ്യമെന്തിരിക്കുന്നു) നേരെ പ്രാര്‍ത്ഥനാഹാളില്‍ പ്രവേശിച്ചു. പ്രാര്‍ത്ഥിക്കാനായി മുട്ടുകുത്തിയതും നിരീക്ഷകര്‍ വന്ന് ചുറ്റും നിരന്നു. അതിലൊരു സിആര്‍ ബാബു ആന്റണോട് ചോദിച്ചു:' നിങ്ങളെ ഇതിനുമുമ്പ് ഈ പള്ളിയില്‍ കണ്ടിട്ടില്ലല്ലൊ. സത്യം പറ. താന്‍ മറ്റവരുടെ ചാരനല്ലേ.''
ആന്റണ്‍ ഒന്ന് പരുങ്ങി.
ആ പരുങ്ങല്‍ കണ്ടപ്പോള്‍ സിആര്‍ ബാബുമാരുടെ സംശയം ഇരട്ടിച്ചു. ആന്റണ്‍ന്റെ കോളറില്‍ കുത്തിപ്പിടിച്ചുകൊണ്ട് ഒരു സിആര്‍ ബാബു പറഞ്ഞു:' വേഗം സ്റ്റാന്റ് വിട്ടോ. അല്ലെങ്കില്‍ മുട്ട് തല്ലിയൊടിക്കും ഞങ്ങള്‍.''
അന്നേരം ഒരു ഉപദേശിയുടെ ആത്മസംയമനത്തോടെ ആന്റണ്‍ പറഞ്ഞു:'വേണ്ട സഹോദരന്മാരേ. മുട്ടില്ലാതെ എനിക്ക് മുട്ടിപ്പായി പ്രാര്‍ത്ഥിക്കാന്‍ പറ്റ്ല്ല്യ. ഞാന്‍ പൊയ്‌ക്കോളാം.''
വേദനയോടെ ആന്റണ്‍ വില്‍ഫ്രഡ് പള്ളീടെ പടിയിറങ്ങി.
എവിടെയായാലും പ്രാര്‍ത്ഥിക്കയല്ലേ വേണ്ടൂ. മറ്റേ പള്ളീല്‍ കയറി പ്രാര്‍ത്ഥിച്ചിട്ടു പോകാം. ആന്റണ്‍ നേരെ മെത്രാന്‍ കക്ഷീടെ പള്ളിയിലേക്ക് നടന്നു.
ആന്റണ്‍ ബാവാക്കക്ഷീടെ പള്ളിയില്‍ നിന്ന് ഇറങ്ങിവരുന്നത് മെത്രാന്‍ കക്ഷിപ്പള്ളീടെ വരാന്തയില്‍ നിന്ന് സിആര്‍ ബാബുവിനെപ്പോലിരിക്കുന്ന അഞ്ചെട്ട് ഭീകരന്മാര്‍ നിരീക്ഷിക്കുന്നുണ്ടായിരുന്നു. ആന്റണ്‍ പക്ഷേ അവരെയൊന്നും ഗൗനിയ്ക്കാതെ (അതിന്റെ ആവശ്യമെന്തിരിക്കുന്നു) നേരെ പ്രാര്‍ത്ഥനാഹാളില്‍ പ്രവേശിച്ചു. പ്രാര്‍ത്ഥിക്കാനായി മുട്ടുകുത്തിയതും നിരീക്ഷകര്‍ വന്ന് ചുറ്റും നിരന്നു. അതിലൊരു സിആര്‍ ബാബു ആന്റണോട് ചോദിച്ചു:' നിങ്ങളെ ഇതിനുമുമ്പ് ഈ പള്ളിയില്‍ കണ്ടിട്ടില്ലല്ലൊ. സത്യം പറ. താന്‍ മറ്റവരുടെ ചാരനല്ലേ.''
ആന്റണ്‍ ഒന്ന് പരുങ്ങി.
ആ പരുങ്ങല്‍ കണ്ടപ്പോള്‍ സിആര്‍ ബാബുമാരുടെ സംശയം ഇരട്ടിച്ചു. ആന്റണ്‍ന്റെ കോളറില്‍ കുത്തിപ്പിടിച്ചുകൊണ്ട് ഒരു സിആര്‍ ബാബു പറഞ്ഞു:' വേഗം സ്റ്റാന്റ് വിട്ടോ. അല്ലെങ്കില്‍ മുട്ട് തല്ലിയൊടിക്കും ഞങ്ങള്‍.''
അന്നേരം ഒരു ഉപദേശിയുടെ ആത്മസംയമനത്തോടെ ആന്റണ്‍ പറഞ്ഞു:'വേണ്ട സഹോദരന്മാരേ. മുട്ടില്ലാതെ എനിക്ക് മുട്ടിപ്പായി പ്രാര്‍ത്ഥിക്കാന്‍ പറ്റ്ല്ല്യ. ഞാന്‍ പൊയ്‌ക്കോളാം.''
വേദനയോടെ ആന്റണ്‍ വില്‍ഫ്രഡ് പള്ളീടെ പടിയിറങ്ങി.
സര്‍ക്കാരാശുപത്രി ലക്ഷ്യമാക്കി നടക്കവേ വിജനമായ ഒരു സ്ഥലത്തെത്തിയപ്പോള്‍ ഒരു ഉള്‍വിളിയെന്നോണം ആന്റണ്‍ വില്‍ഫ്രഡിനു തോന്നി: അല്ലെങ്കില്‍ പ്രാര്‍ത്ഥിക്കാനെന്തിനാ പള്ളി? എവിടെയിരുന്ന് പ്രാര്‍ത്ഥിച്ചാലും ദൈവം കേള്‍ക്കില്ലേ.
അടുത്ത നിമിഷം ആന്റണ്‍ അവിടെ ആ വിജനമായ റോഡില്‍ മുട്ടുകുത്തിയിരുന്ന് മുട്ടിപ്പായി പ്രാര്‍ത്ഥിച്ചു.
പ്രാര്‍ത്ഥനയുടെ അവസാനത്തില്‍ യേശുക്രിസ്തു പ്രത്യക്ഷപ്പെട്ടു. ആന്റണ്‍ന്റെ  വിഷാദഭാവം കണ്ടപ്പോള്‍ ക്രിസ്തു ചോദിച്ചു:'എന്താണ് മകനേ നിന്റെ വിഷമം?''
ഉണ്ടായ സംഭവമെല്ലാം ആന്റണ്‍ ക്രിസ്തുവിന് വിശദീകരിച്ചുകൊടുത്തു.
എല്ലാം കേട്ടുകഴിഞ്ഞപ്പോള്‍ ക്രിസ്തു ആന്റണോട് ചോദിച്ചു:
'അപ്പോള്‍ ഇന്ന് ആദ്യമായി ഇവിടെ വന്ന നീ ഇന്നു തന്നെ ആ രണ്ട് പള്ളിയിലും കയറിയെന്നാണോ പറയുന്നത്?''
'അതെ പ്രഭോ.''
'എങ്കില്‍ മകനേ നീ വാഴ്ത്തപ്പെട്ടവനാകുന്നു.''
'അങ്ങ് പറഞ്ഞുവരുന്നത്...''
'അതേ മകനേ. മുപ്പത്തിമൂന്നുകൊല്ലം നിരന്തരം ശ്രമിച്ചിട്ടും എനിയ്ക്കതിന് കഴിഞ്ഞിട്ടില്ല!!!''



Sunday, March 8, 2020

പത്രം വായിക്കുന്നവരോട്
                                  (BR: 7/09)


ഇത് സ്ഥിരമായി പത്രം വായിക്കുന്നവര്‍ക്ക് ബിആര്‍ നല്കുന്ന ഒരു എളിയ ഉപദേശമാണെന്നു കൂട്ടിയാല്‍ മതി.
അതായത് പത്രം വായന വെറും ടൈം പാസിനുള്ള ഒരുപാധിയായി മാത്രമേ കണക്കാക്കാവൂ.
ദാറ്റീസ്, ഡോണ്ട് അറ്റാച്ച് മച്ച് ഇമ്പോര്‍ട്ടന്‍സ് ടു ഇറ്റ്.
കാരണം പത്രപ്രവര്‍ത്തനമെന്നത് ആടിനെ പട്ടിയാക്കുന്ന കലയാണ്!
സത്യമായും അതെ.

ഈയിടെ ഉത്തരകൊറിയയിലെ പ്യോങ്‌യാങ് പട്ടണത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു മൂത്രപ്പുരയുടെ ചുവരില്‍ പിണറായി വിജയനെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നു എന്ന വാര്‍ത്ത (അതെ, പ്യോങ്‌യാങില്‍ നിന്ന് ക്യാമറമേന്‍ പേങ്ങ്യങ്കുട്ടിക്കൊപ്പം സൊന്തം ലേകന്‍ കുട്ടിപ്പേങ്ങ്യന്‍) കണ്ടപ്പോള്‍ ബിആര്‍ പത്രപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട മറ്റൊരു കഥ ഓര്‍ത്തുപോയി:

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി ലോകം ചുറ്റുകയായിരുന്ന കൊച്ചിക്കാരനായ ആ ബിഷപ്പ് കാലിഫോര്‍ണിയയില്‍ വിമാനമിറങ്ങിയപ്പോള്‍ പത്രക്കാര്‍ മണത്തെത്തി.
ന്യൂസിന് നോസുള്ള (നോസ് ഫോര്‍ ന്യൂസ്) ഒരുത്തന്‍ ചോദിച്ചു:
 "ഇവിടെ ഏതൊക്കെ ജനവിഭാഗങ്ങളുമായിട്ടാണ് അങ്ങ് സംവദിക്കാനുദ്ദേശിക്കുന്നത്? ''
ബിഷപ്പ് പറഞ്ഞു: "പീപ്പ്ള്‍ ഫ്രം ഓള്‍ വാക്‌സ് ഓഫ് ലൈഫ്''
അന്നേരം മറ്റൊരാള്‍ ചോദിച്ചു: 'ഇവിടത്തെ നിശാ ക്ലബ്ബുകള്‍ സന്ദര്‍ശിക്കാന്‍ അങ്ങേയ്ക്ക് പരിപാടിയുണ്ടോ?''
ആ ചോദ്യം തന്നെ അളക്കാനും ആക്കാനുമാണെന്ന് തിരിച്ചറിഞ്ഞെങ്കിലും അത് പുറത്തുകാണിക്കാതെ തികച്ചും വൈരാഗിയായ ആ വന്ദ്യവയോധികന്‍ ഒരു ചെറുപുഞ്ചിരിയോടെ തിരിച്ചു ചോദിച്ചു:
 "അതിന് ഇവിടെങ്ങാനും വല്ല നിശാ ക്ലബ്ബുമുണ്ടോ കുഞ്ഞേ?''

പിറ്റേന്നത്തെ കാലിഫോര്‍ണിയ ടൈംസില്‍ ഒരു നാലുകോളം വാര്‍ത്തയുണ്ടായിരുന്നു. അതിന്റെ ഹെഡ്ഡിങ്ങ് എന്തായിരുന്നെന്നോ:

“ Is there any night club here?” : Enquires Kerala Bishop  !!!