rajasooyam

Thursday, January 25, 2024

 

മിസ്സിംഗ്

ഡിക് ഷണറിയില്‍ നിന്ന് വാക്ക് അപ്രത്യക്ഷമാകുമോ?

പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ?

പക്ഷേ സത്യമാണ്‌ ഞാന്‍ പറയുന്നത്.

2023 ഡിസംബര്‍ വരെ അതവിടെയുണ്ടായിരുന്നു.

24 ജനുവരിയായപ്പോള്‍ കാണ്മാനില്ല!

ടി. രാമലിംഗം പിള്ളയുടെ ഇംഗ്ലീഷ്-ഇംഗ്ലീഷ്-മലയാളം ഡിക് ഷ്ണറിയായിരുന്നു.

ഡി സി ബുക്സ് പ്രസിദ്ധീകരിച്ചത്.

മുമ്പുണ്ടായിരുന്ന മറ്റെല്ലാ വാക്കുകളും അതില്‍ അതേപോലെ തന്നെയുണ്ട്.

ഈയൊരെണ്ണം മാത്രമേ മിസ്സിങ്ങായിട്ടുള്ളൂ.

ആരെങ്കിലും എവിടെയെങ്കിലും വെച്ച് കണ്ടാല്‍ പറയണേ...

പുറപ്പെട്ടുപോയ  വാക്ക് ഇതാണ്‌: HOPE  !!!

 

Tuesday, January 23, 2024

 

എ യും ബി യും പിന്നെ ജീയെസ്സും

 

-എഴുപതുകളില്‍ അക്കൗണ്ടാപ്പീസില്‍ സടകുടഞ്ഞെണീറ്റ നാടകപ്രസ്ഥാനത്തെപ്പറ്റി ഗുരുജി  സ്പോട്ട് ലൈറ്റില്‍ പറഞ്ഞത് കണ്ടുകാണുമല്ലൊ.

-കണ്ട്ക്കണ്‌

-ജീയെസ്സിനും അക്കാലത്തെ ധാരാളം ഓര്‍മ്മകള്‍ കാണുമല്ലൊ.

-യെസ്. ഓര്‍മ്മകള്‍ ധാരാളമുണ്ട്. പക്ഷേ അതില്‍ നീറുന്ന ഒരെണ്ണമാണ്‌ തിക്കിത്തിരക്കി മുന്നില്‍ വന്നുനില്‍ക്കുന്നത്.

-എങ്കില്‍ അതേപ്പറ്റിയാവാം തുടക്കം

-നന്നേ ചുരുക്കി പറയാം. ഇന്‍ എ നട്ട് ഷെല്‍

-മതി. കശ്നണ്ടിത്തോടില്‍ മതി. അതാണിഷ്ടം.

-രാമനിലയത്തില്‍ നമ്മുടെ ഒരു നാടകത്തിന്‍റെ റിഹേഴ്സല്‍ നടക്കുകയാണ്‌. ഞാന്‍, സാബു, സോമന്‍, ഗുരുജി തുടങ്ങി ആപ്പീസിലെ പേരുകേട്ട നടന്മാരൊക്കെയുണ്ട് റിഹേഴ്സലിന്‌. നാടകത്തില്‍ ഒരു സ്ത്രീ കഥാപാത്രമുണ്ടായിരുന്നു. എത്ര തിരക്കിയിട്ടും ആ പാത്രത്തെ അവതരിപ്പിക്കാന്‍ ഒരു ലേഡിയെ കിട്ടിയില്ല. ഒടുവില്‍ ഞാന്‍ ജോസ് പായമ്മലുമായി ബന്ധപ്പെട്ട് എന്‍റെ ഉത്തരവാദിത്വത്തില്‍ ഒരു പ്രൊഫണല്‍ നാടകനടിയെ സംഘടിപ്പിക്കുകയായിരുന്നു. അവരുടെ പേര്‌ ഇപ്പോള്‍ ഓര്‍ക്കുന്നില്ല. ഒരു ഇരുപത് ഇരുപത്തൊന്ന് വയസ്സുണ്ടാവും. ഏറിയാല്‍ ഇരുപത്തൊന്നര. അതിനപ്പുറം പോവില്ല. അവരും റിഹേഴ്സലിനെത്തിയിട്ടുണ്ട്. റിഹേഴ്സല്‍ തകൃതിയായി നടന്നു. എല്ലാം ഓക്കെയായി. റിഹേഴ്സല്‍ കഴിഞ്ഞപ്പോള്‍ രാത്രി ഏതാണ്ട് പത്ത് മണിയായിക്കാണും. എന്‍റെ ഉള്ളൊന്നുകാളി. നടിയെ വീട്ടില്‍ കൊണ്ടാക്കണ്ടെ? പാലിയേക്കരയിലാണ്‌ അവരുടെ വീട്. ടാക്സി പിടിച്ച് പോകുന്ന കാര്യമൊന്നും അന്നത്തെ കാലത്ത് ചിന്തിക്കാനേ പറ്റില്ല. അത്രയ്ക്ക് പണച്ചിലവുള്ള കാര്യമാണ്‌. ബസ്സുകളൊക്കെ അപ്പോഴേക്കും പോയിക്കഴിഞ്ഞിട്ടുണ്ട്. നടിയൊഴികെയുള്ളവര്‍ കൂടിയാലോചിച്ചു. ഒടുവില്‍ ഓട്ടോ വിളിച്ചുവിടാം എന്നു തീരുമാനമായി. അപ്പോള്‍ വീണ്ടും പ്രശ്നം. രാത്രി അസമയത്ത് ഒരു സ്ത്രീയെ ഓട്ടോറിക്ഷക്കാരന്‍റെ കൂടെ ഒറ്റയ്ക്ക് വിടാമോ? പറ്റില്ലല്ലൊ. എന്നാല്‍ ഒരാള്‍ കൂടെപ്പോകട്ടെ എന്നായി തീരുമാനം. അപ്പോള്‍ അതിന്മേലായി പ്രശ്നം. ആര്‌ കൂടെപ്പോകും? അന്നേരം താന്‍ കൂടെപ്പോകാം എന്നു പറഞ്ഞ് എ മുന്നോട്ടുവന്നു. ജില്ലയ്ക്കപ്പുറം വീടുള്ള എ അതിനുവേണ്ടി ബുദ്ധിമുട്ടേണ്ടെന്നും തന്‍റെ വീട് നടിയുടെ വീടിന്‍റെ ഏരിയയിലാണെന്നും അതുകൊണ്ട് താന്‍ കൂടെപ്പൊയ്ക്കോളാമെന്നും പറഞ്ഞ് ബി യും മുന്നോട്ടുവന്നു!

-ബൈ ദ ബൈ, വൈ ദിസ് എ ആന്‍ഡ് ബി?

-അതുപിന്നെ പേര്‌ വെളിപ്പെടുത്തുന്നത് പൊളിറ്റിക്കലി കറക്റ്റല്ല.

-ദെന്‍ യു ക്യാന്‍ പ്രൊസീഡ് യുവറോണര്‍

-നടിയോട് ചോദിച്ചപ്പോള്‍ ആര്‌ കൂടെപ്പോന്നാലും തനിക്ക് വിരോധമില്ലെന്നു പറഞ്ഞു. ഒടുവില്‍ തര്‍ക്കമൊഴിവാക്കാമെന്നു കരുതി എന്നാല്‍പിന്നെ രണ്ടുപേരും കൂടി കൊണ്ടാക്കട്ടെ എന്ന് ഏകകണ്ഠമായി തീരുമാനിച്ചു. (ഐക കണ്ഠ്യേന എന്നും പറയാം. ബുദ്ധിമുട്ടാണ്‌.). അപ്പോള്‍ അതാ വീണ്ടും പ്രശ്നം.

നടിയുടെ അടുത്ത് ആരിരിക്കും? ആകെ മൂന്ന് സീറ്റല്ലേയുള്ളൂ. തനിക്ക് അവരുടെ അടുത്തിരിക്കാന്‍ യാതൊരുവിധ വിരോധവുമില്ലെന്ന് എ! തനിക്ക് അത്രത്തോളം പോലുമില്ലെന്ന് ബി യും! ഒടുവില്‍ നടി നടുക്കും എ യും ബി യും അവരുടെ ഇടത്തും വലത്തുമായും ഇരിക്കട്ടേന്ന് തീരുമാനമായി... അപ്പോഴും എന്‍റെ ഉള്ളിലെ കാളല്‍ വിട്ടുമാറിയില്ല. നേരം പാതിരയോടടുക്കുകയാണ്‌. പോകുന്ന വഴി എന്തെങ്കിലും സംഭവിച്ചാല്‍ ...

-എന്തെങ്കിലും അത്യാഹിതം എന്നല്ലേ ഉദ്ദേശിച്ചത്?

-അതെ. എന്തെങ്കിലും അത്യാഹിതം സംഭവിച്ചാല്‍ ഞാനല്ലേ ഉത്തരം പറയേണ്ടിവരിക? എന്‍റെ ഉത്തരവാദിത്വത്തിലല്ലേ അവരെ കൊണ്ടുവന്നിരിക്കുന്നത്? എനിക്ക് ഇരിക്കപ്പൊറുതിയില്ലാതായി. ഒടുവില്‍ ഞാനും കൂടി വണ്ടിയില്‍ കേറാന്‍ തീരുമാനിച്ചു.!

-അതെങ്ങനെ? സീറ്റില്ലല്ലൊ

-അതെ സീറ്റില്ല. പക്ഷേ ഡ്രൈവറുടെ സീറ്റില്‍ പകുതി ഞാനിങ്ങെടുത്തു. സുരേഷ് ഗോപി തൃശൂര്‍ എടുത്തപോലെ!

-ഹാവൂ! മനസ്സമാധാനമാണല്ലൊ വലുത്. അതുപോട്ടെ, തുടക്കത്തില്‍ ജീയെസ്സ് പറയുകയുണ്ടായല്ലൊ ഇതൊരു നീറുന്ന ഓര്‍മ്മയാണെന്ന്. ഇതില്‍ എവിടെയാണ്‌ നീറ്റം?

-എങ്ങനെ നീറാതിരിക്കും? അതുവരെ ആത്മസുഹൃത്തുക്കളായിരുന്ന  എ യും ബി യും ഞാന്‍ അന്നാ വണ്ടിയില്‍ കേറാന്‍ തീരുമാനിച്ചതില്‍ പിന്നെ ഇന്നേ വരെ എന്നോട് മിണ്ടിയിട്ടില്ല!!!

Wednesday, January 10, 2024

 

അഡീഷണല്‍ ക്വാളിഫിക്കേഷന്‍ !

 

അഞ്ച് പതിറ്റാണ്ട് കഴിഞ്ഞിട്ടും ഇപ്പോഴും ആ കൂടിക്കാഴ്ച്ച  ആന്‍റണ്‍ വില്‍ഫ്രഡിന്‍റെ സ്വപ്നത്തിലേക്ക് ഊളിയിട്ടെത്താറുണ്ട്. ആദ്യമൊരു ഞെട്ടലും പിന്നൊരു ഊറിച്ചിരിയും സമ്മാനിച്ച് പിന്‍വാങ്ങാറുണ്ട്...

 

ആന്‍റണ്‍ തൃശ്ശൂര്‍ ബ്രാഞ്ചിലേക്ക് ട്രാന്‍സ്ഫറായി വന്നിട്ട് രണ്ടാഴ്ചയേ ആയിരുന്നുള്ളൂ. ഒരു ദിവസം ആജാനുബാഹുവായ ആ ആപ്പീസര്‍ ആന്‍റണെ തന്‍റെ ചേമ്പറിലേക്ക് വിളിപ്പിക്കുന്നു. ഇരിക്കാന്‍ പറയാത്തതിനാല്‍ ആന്‍റണ്‍ നിന്നുകൊണ്ടാണ് പ്രവേശിച്ചത്. ആപ്പീസര്‍ ചോദിച്ചു:

-ആന്‍റണ്‍ വില്‍ഫ്രഡ്...അല്ലേ

-അതെ. വില്‍ഫീന്ന് വിളിച്ചാലും വിളികേള്‍ക്കാറുണ്ട്.

-എനിക്ക് നിങ്ങളോട് സ്വകാര്യമായി ചില കാര്യങ്ങള്‍ പറയാനുണ്ട്.

-പറയണം സാര്‍

-നിങ്ങള്‍ ഇവിടെ വന്നിട്ട് കേവലം രണ്ടാഴ്ചയല്ലേ ആയിട്ടുള്ളൂ?

-അതെ സാര്‍

-അതിനിടയ്ക്ക് നിങ്ങള്‍ ഒരഞ്ചുതവണയെങ്കിലും അസോസിയേഷന്‍ പ്രവര്‍ത്തകരോടൊപ്പം മുദ്രാവാക്യം വിളിച്ച് ഫ്ലോറുകള്‍ തോറും കേറിയിറങ്ങുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഗേറ്റില്‍ ധര്‍ണയിരിക്കുന്നതും ആപ്പീസിനുപുറത്തുള്ള മറ്റ് തൊഴിലാളി സംഘടനകള്‍ക്ക് അഭിവാദ്യമര്‍പ്പിക്കാന്‍ പോകുന്നതും കണ്ടിട്ടുണ്ട്.

-അത് പിന്നെ അസോസിയേഷന്‍റെ കാള്‍ അനുസരിച്ച് ചെയ്യുന്നതാണ്‌ സര്‍

-അതാണ് ഞാന്‍ പറഞ്ഞുവരുന്നത്. ഒന്നാമത് അതൊരു ഇടതുപക്ഷ സംഘടനയാണ്‌. നമ്മളെപ്പോലുള്ളവര്‍ക്ക് പറ്റിയതല്ല.

-തീരെ പറ്റില്ലെന്നാണോ

-അതെ. ആരൊക്കെയാണ്‌ അതിന്‍റെ തലപ്പത്തിരിക്കുന്നത് എന്നു നോക്കിയിട്ടില്ലേ. സുധാകരന്‍, കൃഷ്ണന്‍കുട്ടി നായര്‍, രവീന്ദ്രനാഥ്, സഹരാജന്‍, സോമശേഖരന്‍....കമ്പ്ലീറ്റ് കമ്മൂണിസ്റ്റുകാരാണ്‌! യാതൊരു വിധ അച്ചടക്കവുമില്ലാത്തവരാണ്‌. തൊഴിലാളിവര്‍ഗ്ഗ സ്വേഛാധിപത്യമാണ്‌ അവര്‍ ആഗ്രഹിക്കുന്നത്. ഒരു കമ്മൂണിസ്റ്റ് സമൂഹത്തില്‍ നിങ്ങള്‍ക്ക് സമ്പന്നനാകാന്‍ കഴിയില്ല വില്‍ഫ്രഡ്. സ്വകാര്യസ്വത്തിലൊന്നും തീരെ വിശ്വാസമില്ലാത്ത കൂട്ടരാണവര്‍. എന്തിനധികം, സ്ത്രീകളെ പോലും പൊതുസ്വത്തായിട്ടാണ്‌ അവര്‍ കണക്കാക്കുന്നത് എന്നാണ്‌ കേട്ടിരിക്കുന്നത്.  അതുകൊണ്ട് ഞാന്‍ മുന്നറിയിപ്പു തരുന്നു, അവരുമായി കൂട്ടുചേരുന്നത് നിങ്ങളുടെ കരിയറിനെ സാരമായി ബാധിക്കും.

-അതെനിക്കറിയാം സര്‍

-വെരി ഗുഡ് മിസ്റ്റര്‍ വില്‍ഫ്രഡ്. പിന്നെ ഞാനിങ്ങനെ സ്വകാര്യമായി വിളിച്ച് നിങ്ങളെ നേര്‍വഴിക്ക് നയിക്കുന്നത് നിങ്ങളൊരു സത്യകൃസ്ത്യാനിയായതുകൊണ്ട് മാത്രമല്ല കേട്ടോ

-പിന്നെ എന്താണ്‌ സര്‍?

-എന്താണെന്നറിയില്ല പണ്ടുമുതലേ എനിക്ക് എക്സ് സര്‍വീസുകാരോട് ഒരു പ്രത്യേക ഇതാണ്‌ !!!

Tuesday, January 2, 2024

 

സാങ്കേതിക സഹായം

 

-ഹലോ, ജീയെസ്സല്ലേ. ഒരു നൂറുതവണ വിളിക്കുമ്പോളാണല്ലൊ ഒരുതവണ കിട്ടുന്നത്. അതെന്താ?

- ടോയ്ലെറ്റില്‍ പോവുമ്പൊ മൊബൈല്‍ കൊണ്ടുപോകാറില്ല. അതുകൊണ്ടാണ്‌.

-ഓ കെ. സ്പോട് ലൈറ്റ് വായിച്ചിരുന്നോ?

-ഗുരുജീടെ വേഷംകെട്ടിനെക്കുറിച്ചെഴുതിയതല്ലേ. വായിച്ചു.

-എന്താണഭിപ്രായം?

-അത്രയ്ക്ക് പോര.

-പോരായ്മകള്‍ പറഞ്ഞുതരാന്‍ വേണ്ടി കൂടിയാണ്‌ വിളിച്ചത്

-ബിആര്‍ വര്‍ത്തമാനകാല മാപ്രകളെപ്പോലെ ആകരുത്

-ദാറ്റ് നീഡ്സ് എല്യൂസിഡേഷന്‍

-അതായത് ഒരു സംഗതി റിപ്പോര്‍ട്ട് ചെയ്യുന്നതിനുമുമ്പ് അതിന്‍റെ സൂക്ഷ്മാംശങ്ങള്‍ അടിമുടി പരിശോധിക്കണം

-ഇതില്‍ എവിടെയാണ്‌ ശോധന വിട്ടുപോയത്?

-ആ നാടകത്തില്‍ ഗുരുജിയുടെ കഥാപാത്രത്തേക്കാളുപരി ആ കഥാപാത്രത്തിന്‍റെ വേഷമാണ്‌ ഹിറ്റായത്. അല്ലേ

-അതെ. അതാണല്ലോ ജോസേട്ടന്‍ സ്പോറ്റ് ലൈറ്റ് വഴി ഒപ്പിയെടുത്ത് കാണികള്‍ക്കു മുന്നിലെത്തിച്ചത്

-തീര്‍ച്ചയായും ജോമാ അതിന്‍റെ ക്രെഡിറ്റ് അര്‍ഹിക്കുന്നുണ്ട്. പക്ഷേ  ആ രംഗങ്ങള്‍ അത്രമാത്രം മിഴിവുറ്റതാക്കാന്‍ അക്ഷീണം പ്രവര്‍ത്തിച്ച മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നു. അത് പറയാന്‍ ബിആര്‍ വിട്ടുപോയി!

-അതാരാണ്‌?

-നമ്മുടെ സ്വന്തം വിശ്വനാഥസ്വാമി.

-ഓഹൊ. അറിഞ്ഞില്ല. ആരും പറഞ്ഞില്ല.

-ഒരു ബക്കറ്റ് നിറയെ വെള്ളവും അതിലൊരു കപ്പുമായി സദാ ജാഗരൂകനായി പാവം സ്വാമി സ്റ്റേജിനു പുറകിലുണ്ടായിരുന്നു...

-ബക്കറ്റും വെള്ളവുമോ? എന്തിന്‌? ഒന്നും മനസ്സിലാവണില്ലല്ലൊ

-ബിആറിന്‌ സയന്‍സറിയാത്തതിന്‍റെ പ്രശ്നാണ്‌. ജഗന്നാഥന്‍ മുണ്ട് അതാര്യമാണെന്നറിയാലോ. അത് സുതാര്യമായാലേ കഥാപാത്രത്തിന്‍റെ വേഷം വിജയിക്കൂ. അന്ന് ഇന്നത്തെപ്പോലെ സാങ്കേതികവിദ്യ വികസിച്ചിട്ടില്ലല്ലൊ. അപ്പോള്‍ അതാര്യമായ മുണ്ടിനെ സുതാര്യമാക്കാന്‍ എന്തു ചെയ്യണം? നനയ്ക്കണം!

-എന്തു ചെയ്യണം?

-നനയ്ക്കണം.

-അതെ. ആ കര്‍മ്മകാണ്ഡത്തിനുവേണ്ടിയാണ് ബക്കറ്റും വെള്ളവുമായി സ്വാമി സ്റ്റേജിനുപിന്നില്‍ കണ്ണിമചിമ്മാതെ കാവല്‍ നിന്നത്. ഓരോ അങ്കം കഴിയുമ്പോഴും ഗുരുജിയെ പുറം തിരിച്ചുനിര്‍ത്തി വൃഷ്ടിപ്രദേശത്ത് നനച്ചുകൊടുക്കുകയായിരുന്നു പാവം സ്വാമി!

-അത് ഒരുതവണ ചെയ്താല്‍ പോരായിരുന്നോ? അതിനുവേണ്ടി എന്തിനാണ്‌ കണ്ണിമചിമ്മാതെ കാവല്‍ നില്‍ക്കുന്നത്?

-പൊട്ടാ! നാടകത്തിലെ ഒരങ്കം കഴിയുമ്പോഴേക്കും ജോസിന്‍റെ സ്പോട് ലൈറ്റിന്‍റെ ചൂടേറ്റ് ജഗന്നാഥന്‍ അതാര്യനായിട്ടുണ്ടാവും. അപ്പൊ അടുത്ത അങ്കത്തില്‍ സംഗതി സുതാര്യമാക്കണമെങ്കില്‍ എന്തുചെയ്യണം?

-നനച്ചുകൊടുക്കണം!!!