rajasooyam

Sunday, December 31, 2023

 

SPOT LIGHT

 

-പണ്ട് ഏജീസ് ഓഫീസ് റിക്രിയേഷന്‍ ക്ലബ്ബ് അവതരിപ്പിച്ചിരുന്ന നാടകങ്ങളിലെ സ്ഥിരം നായകനായിരുന്നു ഗുരുജിയെന്ന് കേട്ടിട്ടുണ്ട്.  പിന്നെ ഇടക്കാലത്തുവെച്ച് എന്തേ അഭിനയം നിര്‍ത്താന്‍?

-(ഏറെനേരം അനന്തതയിലേക്ക് കണ്ണും നട്ടിരുന്ന്) അതൊരു കാലം.....കൂടെ നടന്നവര്‍  കാല്‌വാരിയപ്പോള്‍ എല്ലാം ഉപേക്ഷിക്കുകയായിരുന്നു....

-ആരാണ് അങ്ങയുടെ കാല് വാരിയത്?

-ഉറ്റ സുഹൃത്തുക്കള്‍ തന്നെ.

-പേര് വെളിപ്പെടുത്തിക്കൂടെ?

-വിവാദമാവ്വ്വോ?

-അക്കാര്യം ഞാനേറ്റു.

-എങ്കില്‍ പറയാം. സഹരാജന്‍ നായര്‍. വേണുപ്പണിക്കര്‍. സോമന്‍,  ജോസ് മാത്യു. ജോസഫ് സാബു. അങ്ങനെ പലരുമുണ്ട്.

-'നാടകീയമായ' ആ സംഭവവികാസങ്ങളെപ്പറ്റി ഒന്ന് ചുരുക്കിപ്പറയാമോ?

-'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി'യായിരുന്നു അക്കൊല്ലത്തെ നാടകം. അതില്‍ പരമുപിള്ളയുടെ  റോളായിരുന്നു എനിക്ക്.

-അതൊരു വയസ്സന്‍ കഥാപാത്രമല്ലേ.

-അതെ.

-ഗുരുജിക്ക് അക്കാലത്ത് മുപ്പത് മുപ്പത്തൊന്ന് ഏറിയാല്‍ മുപ്പത്തിരണ്ട് വയസ്സല്ലേ കാണൂ?

-അതെ. മുപ്പതുകാരനായ ഞാന്‍ അറുപത്തഞ്ചുകാരന്റെ വേഷം തെരഞ്ഞെടുത്തു. അതാണ് കലാകാരന്റെ കഴിവ്. വൈഭവം. എബിലിറ്റി. ഡെഡിക്കേഷന്‍. പ്രതിബദ്ധത.

-ഒവ്വ. എന്നിട്ട്?

-സഹരാജന്‍ നായരായിരുന്നു സംവിധായകന്‍. റിഹേഴ്‌സലൊക്കെ പൊടിപൊടിച്ചു. പക്ഷേ  സ്‌റ്റേജില്‍ കേറാന്‍ നേരത്താണ് പെട്ടെന്ന് ഒരുകാര്യം ഓര്‍മ്മവന്നത്.

-ഏത് കാര്യം?

-പുഴുങ്ങിയലക്കിയ ജഗന്നാഥന്‍ മുണ്ടും കൗപീനവുമായിരുന്നു പരമുപിള്ളയുടെ വേഷം. ഇതില്‍  രണ്ടാമത് പറഞ്ഞ സാധനം സംഘടിപ്പിച്ചിരുന്നില്ല! അതാണെങ്കില്‍ ആ കഥാപാത്രത്തിന്  അവശ്യം ആവശ്യമാണുതാനും. ക്യാമ്പില്‍ ആകപ്പാടെ അങ്കലാപ്പായി. ആ ലെവന്‍ത്തവറില്‍ അത്  തേടി എവിടെപ്പോകാനാണ്? വായ്പ വാങ്ങാന്‍ കിട്ടുന്നതുമല്ലല്ലൊ അത്. ഒടുവില്‍ ആരോ  എവിടെനിന്നോ രണ്ടുമുഴം നീളവും നാലിഞ്ചു വീതിയുമുള്ള ഒരു ശീലക്കഷ്ണം  സംഘടിപ്പിച്ചുകൊണ്ടുവന്നുതന്നു. ഒട്ടുമില്ലാത്തതില്‍ ഭേദം ഇട്ടൂപ്പ് എന്ന തത്വപ്രകാരം അത്  ഉടുത്തേക്കാമെന്നുവെച്ചപ്പോള്‍ പിന്നേയും പ്രശ്‌നം. എവിടെക്കൊണ്ടാണ് അത് ഫിറ്റ് ചെയ്യുക.  എനിക്കാണെങ്കില്‍ അരഞ്ഞാണച്ചരടുമില്ല!

-അതെന്തേ അരഞ്ഞാണമില്ലാതെ പോയത്? വല്ലവരും പൊട്ടിച്ചോണ്ട് പോയതാണോ?

-അല്ല. സ്വയം പൊട്ടിച്ചെറിഞ്ഞതാണ്.

-പൊട്ടിച്ചെറിയുകയോ?

-അതെ. ആയിടക്കാണ് ഞാന്‍ ഇ.എം.എസ്സിന്റേയും വി.ടി.ഭട്ടതിരിപ്പാടിന്റേയും മറ്റും  ആത്മകഥകള്‍ വായിക്കുന്നത്. അതില്‍ അവര്‍ സ്വന്തം പൂണൂല്‍ പൊട്ടിച്ചെറിയുന്ന കാര്യം  പറയുന്നുണ്ടല്ലൊ. എനി്ക്ക് പൊട്ടിക്കാന്‍ പൂണൂലില്ലായിരുന്നു......

-അതു കൊള്ളാം. ആ അന്തരാളഘട്ടം പിന്നെ എങ്ങനെയാണ് തരണം ചെയ്തത്?

-സഹരാജന്‍ നായര്‍ ആ ശീലയുടെ സൈഡ് പിടിച്ച് നീളത്തിലൊന്ന് കീറി. പിന്നെ അത്  പിരിച്ച് ഒരു ചരടാക്കി എന്റെ അരയില്‍ കെട്ടി കൗപീനം അതേല്‍ ഫിറ്റാക്കി.

-സംഗതി ഒ.കെ?

-ഒ.കെ. പക്ഷെ അതുകൊണ്ടൊരു ദോഷം പറ്റി. ബാക്കിയുള്ള ശീലയുടെ വീതി കാലിഞ്ചുകണ്ട്  കുറഞ്ഞു!

-അതെങ്ങനാ? പൂര്‍ണ്ണസ്യ പൂര്‍ണ്ണമാദായാ പൂര്‍ണ്ണമേവാവശിഷ്യതേ എന്നല്ലേ 'ഋഷിപ്രോക്തം? ച്ചാല്‍  പൂര്‍ണ്ണത്തില്‍നിന്ന് പൂര്‍ണ്ണം പോയാല്‍പോലും പൂര്‍ണ്ണം അവശേഷിക്കും. പിന്നെങ്ങനെയാണ്  ശീലയുടെ വീതി കുറയുന്നത്?

-അതെന്തുകുന്തമായാലും ശീലയുടെ വീതി മൂന്നേമുക്കാലിഞ്ചായി ചുരുങ്ങി!

-അപ്പോള്‍ അത് വയലാര്‍ക്കവിതയിലെ ഒരു ബിംബം പോലായിട്ടുണ്ടാവുമല്ലൊ.

-ഏത് ബിമ്മം?

-എത്താത്തോര്‍ത്ത്!

-എഗ്‌സാഗ്റ്റ്‌ലി. എഗ്‌സാഗ്റ്റ്‌ലി. എന്തിന്‌ പറയുന്നു, മറ്റുമാര്‍ഗ്ഗമൊന്നുമില്ലാതിരുന്നതുകൊണ്ട് ആ  വേഷവും കെട്ടി ഞാന്‍ സ്‌റ്റേജില്‍ കേറി.

-അതുകൊണ്ടെന്താ അഭിനയം പൊടിപാറിയില്ലേ.

-സംഗതിയൊക്കെ പാറി. പക്ഷേ വീട്ടില്‍ ചെന്നപ്പോഴാണ് പാളിയത്.

-അവിടെന്ത് പാളാന്‍?

-എന്ത് ചെയ്താ എന്നെ വീട്ടീക്കേറാന്‍ സമ്മതിക്കില്ല.

-അതാര്?

-സ്വന്തം ഭാര്യ

-കാരണം?

-എന്റെ അഭിനയം കാണാന്‍ അവര്‍ സ്‌റ്റേജിന്റെ മുമ്പില്‍ തന്നെ ഇരിപ്പുണ്ടായിരുന്നു. പക്ഷേ  എന്‍റെ വേഷം കണ്ടപ്പോള്‍ അവരുടെ തൊലിയുരിഞ്ഞുപോയത്രേ

-അയ്യോ!. എന്നിട്ട് സംഗതി എങ്ങനെ ഒത്തുതീര്‍പ്പാക്കി?

-മേലില്‍ നാടകം കളിക്ക് പോവില്ലെന്ന് മുദ്രക്കടലാസ്സിലെഴുതി ഒപ്പിട്ടുകൊടുത്തു,  ഭാര്യയ്ക്ക്.

-ഒരു കലാകാരന്റെ ദാരുണമായ അന്ത്യം അല്ലേ?

-അതിദാരുണം എന്നു പറയണം.

-ആട്ടെ. അതിദാരുണമായ  ഈ കുറ്റകൃത്യത്തില്‍ ആരാണ്‌ പ്രതിയെന്നാണ്‌ ഗുരുജി കരുതുന്നത്?

-ഒന്നാം പ്രതി ജോസ് മാത്യു. രണ്ടാമത് സഹരാജന്‍.  

-പക്ഷേ നായര്‍ജിയായിരുന്നില്ലേ സംവിധായകന്‍? പിന്നെങ്ങനെ രണ്ടാമതാവും?

- 'എത്താത്തോര്‍ത്ത്' ഉടുപ്പിച്ചുതന്നത് സഹരാജനാണെങ്കിലും അത് നാട്ടുകാര്‍ക്ക് മുഴുവന്‍ കാണാന്‍  സൗകര്യമുണ്ടാക്കിക്കൊടുത്തത് ജോസാണ്‌.

-അതെങ്ങനെ?

-പുള്ളിക്കായിരുന്നു സ്പോട് ലൈറ്റിന്‍റെ ചാര്‍ജ്!!!

3 comments:

  1. അതു കലക്കി. സീൻ ഭാവനയിൽ കണ്ടൂ. ചിരി നിർത്താൻ ശ്രമം തുടരുന്നു

    ReplyDelete
  2. അന്നത്തെ ആ നാടക കാലത്തിലേക്കും റസ്റ്റ്‌ ഹൗസിലെയും രാമനിലയത്തിലെയും ഏജീസ് റിഹേഴ്സൽ ക്യാമ്പുകളിലേക്കും ഓർമ്മകളെ തിരിച്ചു വിളിച്ച ബേബി രാജന് നന്ദി....

    ReplyDelete
  3. ഓർമകളെ കൈവള ചാർത്തി വരൂ വിമൂകം ഈ വേദിയിൽ

    ReplyDelete