രേഖാമൂലം
(BR:4/09)
ലോക്‌സഭയിലേക്ക്
തെരഞ്ഞെടുപ്പ് നടന്നതിന്റെ പിറ്റേന്നാണ്.
ഒരു
പതിനൊന്നരമണിയോടെ വിയര്‍ത്തുകുളിച്ച് ആപ്പീസിലേക്ക് കയറിവരികയായിരുന്ന മനോജിനോട്
ആന്റണ്‍ വില്‍ഫ്രഡ് ചോദിച്ചു:
-എന്തുപറ്റി സഖാവേ?
-ഒന്നും പറയണ്ട വില്‍ഫ്യേട്ടാ.
ടെലിഫോണ്‍ബില്ലടക്കാന്‍ പോയതാണ്. ആ പൊരിവെയിലത്ത് ക്യൂ നിന്ന് വെന്തുപോയി.
-ഒരു ബില്ലടക്കാന്‍
അത്രയധികം സമയം ക്യൂ നിക്കണോ?
-ഒരു ബില്ലല്ല.
പത്ത്ബില്ലുണ്ടായിരുന്നു.
-പത്ത് ബില്ലോ?
-അതെ. ഒരെണ്ണം എന്റെ.
ഒമ്പതെണ്ണം ഭാസ്‌കരേട്ടന്റെ.
-അമ്പമ്പോ! ഭാസ്‌കരന്
ഒമ്പത് ഫോണുണ്ടോ?
-ശ്ശെ. ഭാസ്‌കരേട്ടന്
ഒരു ഫോണേയുള്ളു. ബാക്കി എട്ടെണ്ണം അയല്‍വക്കക്കാരുടേയും നാട്ടുകാരുടേയുമാണ്.
-എന്നാലും നിങ്ങളെ
സമ്മതിക്കണം. ഇത്രയും പരോപകാരിയായിട്ടുള്ള ഒരാളെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. ഇനിയൊട്ട് കാണുമെന്നും
തോന്നുന്നില്ല.
-അതല്ല വില്‍ഫ്യേട്ട.
നമ്മളെ ആരെങ്കിലും സഹായിച്ചാല്‍ നമ്മള്‍ തിരിച്ചും സഹായിക്കണം. അതാണെന്റെ പോളിസി.
-നിങ്ങള്‍ക്ക് എന്തു
സഹായമാണ് ഭാസ്‌കരന്‍ ചെയ്തത്?
-അത് പറഞ്ഞാല്‍ തീരില്ല
വില്‍ഫ്യേട്ട. ഏറ്റവും ഒടുവിലത്തെ കാര്യം മാത്രം പറയാം. ദാ, ഈ ലിസ്‌റ്റൊന്നു വായിച്ചുനോക്കൂ.
-55 ചപ്പത്തി. 7 ലിറ്റര്‍ കരിങ്ങാലിവെള്ളം!
എന്തായിത്?
-പറയാം. എലക് ഷന്‍
ഡ്യൂട്ടിക്ക് ഭാസ്‌കരേട്ടന് കിട്ടിയ ബൂത്തിന്റെ അടുത്ത ബൂത്തിലായിരുന്നു രേഖയ്ക്കും ഡ്യൂട്ടി. തലേന്നത്തെ
കവറെഴുത്തെല്ലാം കഴിഞ്ഞ് പ്രിസൈഡിങ് ആപ്പീസറുടെ
സമ്മതം വാങ്ങി വീട്ടിലേക്ക് തിരിച്ച രേഖയുടെ കൈയില്‍ ഭാസ്‌കരേട്ടന്‍
കൊടുത്തയച്ച ലിസ്റ്റാണിത്!
-മനസ്സിലായില്ല.
-ആ സ്‌കൂളിലെ 3 ബൂത്തിലും കൂടി
പോലീസുകാരടക്കം 11 പേര്‍ അന്നുരാത്രി
അവിടെ ഹാള്‍ട്ട് ചെയ്യുന്നുണ്ടായിരുന്നു. 11 പേര്‍ക്ക് 5 ചപ്പാത്തിവീതം 55 ചപ്പാത്തിയുണ്ടാക്കി
എന്റെ കൈയില്‍ കൊടുത്തുവിടണം. അതാണ് ഭാസ്‌കരേട്ടന്‍
ഉദ്ദേശിച്ചത്.
-കര്‍ത്താവേ എന്തര്‍ത്ഥം!
ആട്ടെ,
ഭാസ്‌കരന്‍
നിങ്ങള്‍ക്ക് ചെയ്ത സഹായത്തെപ്പറ്റിയാണല്ലൊ
പറഞ്ഞുതുടങ്ങിയത്. ഇതെങ്ങനെ സഹായമാവും?
-അതോ. സമയക്കുറവുമൂലം
അന്നുവൈകീട്ട് ചോറും കറിയുമൊന്നുമുണ്ടാക്കാതെ ഒരു പാക്കറ്റ് ബ്രെഡും 1/2 കിലോ പഴവും കൊണ്ട്
പശിയടക്കാനായിരുന്നു ഞങ്ങളുടെ പ്ലാന്‍. ഞങ്ങളുടെ
ബുദ്ധിമുട്ട് മുന്‍കൂട്ടി കണ്ടിട്ടെന്നതുപോലെയല്ലേ ഭാസ്‌കരേട്ടന്‍ ആ
ലിസ്റ്റുണ്ടാക്കിയത്.....
-മറ്റൊന്നും
തോന്നരുത്. മനോജ് പറയുന്നത് എനിക്ക് മനസ്സിലാവുന്നില്ല.
-എന്റെ
വില്‍ഫ്യേട്ടാ,
55 ചപ്പാത്തിയുണ്ടാക്കാനല്ലേ
ഭാസ്‌കരേട്ടന്‍ പറഞ്ഞുള്ളു. അതിനൊത്ത
മൊട്ടക്കറിയുണ്ടാക്കാന്‍ പറഞ്ഞില്ലല്ലൊ.
-അതുകൊള്ളാം. ഭാസ്‌കരന്‍
ഇത്ര ഉദാരമനസ്‌കനാണെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല. ഏതായാലും ഒരു കാര്യം എനിക്കിപ്പൊ ബോദ്ധ്യമായി. ഭാസ്‌കരന്‍
പറഞ്ഞാല്‍ നിങ്ങള്‍ എന്തും ചെയ്യും. അപ്പൊ
സുധീര്‍ പറഞ്ഞതും ശരിയായിരിക്കണം...
-സുധീറെന്താണ് പറഞ്ഞത്?
-ഭാസ്‌കരന്റെ കെണറ്റില്
പാമ്പ് വീണപ്പൊ ഫയര്‍ഫോഴ്‌സിനെ വിളിക്കുന്നതിനുമുമ്പ് അയാള്‍ വിളിച്ചത് നിങ്ങളെയാണെന്നും സ്ഥലത്ത്
കുതിച്ചെത്തിയ നിങ്ങള്‍ മറ്റൊന്നുമാലോചിക്കാതെ
കിണറ്റിലേക്കെടുത്തുചാടിയെന്നും നിലയില്ലാവെള്ളത്തില്‍ കൈയുംകാലുമിട്ടടിച്ച
നിങ്ങളെ ഫയര്‍ഫോഴ്‌സ് എത്തിയാണ്
കുടുക്കിട്ടുപിടിച്ച് കുട്ടയില്‍ കയറ്റി രക്ഷപ്പെടുത്തിയതെന്നും!