ക്വാട്ട
ജില്ലാസമ്മേളനത്തിന്‍റെ നടത്തിപ്പിന്
മുപ്പത്തയ്യായിരം ഉറുപ്പിക പിരിച്ചെടുക്കണമെന്നാണ് മേലാവില്‍ നിന്ന് വി എസ്സിന് കിട്ടിയ
ഉത്തരവ്. ആരുടെ ജില്ലാസമ്മേളനം എന്നൊന്നും പറയേണ്ട കാര്യമില്ലല്ലൊ.
പ്രസ്തുത ക്വാട്ട പിരിച്ചെടുത്തില്ലെങ്കില്‍ അച്ചടക്കനടപടി ഒറപ്പാണ്.
കണ്ണില്‍ കണ്ട കണ്ണന്‍റേയും
കിണ്ണന്‍റേയും കൈയും കാലും പിടിച്ച് വിഎസ്സ് ഒരുകണക്കിന് മുപ്പത്തിമുവ്വായിരം ഒപ്പിച്ചു.
ഇനി രണ്ടായിരം കൂടി വേണം. ആപ്പീസില്‍ കെ പി കൃഷന്‍ദാസ് എന്ന ഇരട്ടപ്പേരില്‍ അറിയപ്പെടുന്ന
അണ്ണനോട് മാത്രമേ ചോദിക്കാന്‍ ബാക്കിയുണ്ടയിരുന്നുള്ളൂ. പുള്ളിക്കാരന്‍ പേരുകേട്ട പിശുക്കനാണെന്നറിയാമായിരുന്നിട്ടും
വേറെ വഴിയൊന്നുമില്ലാഞ്ഞതിനാല്‍ ഗതികെട്ട് വിഎസ്സ് ചോദിച്ചു: അണ്ണാ, ജില്ലാസമ്മേളനമാണ്. അടിച്ചുപൊളിക്കണം. ക്വാട്ട തന്ന് സഹായിക്കണം...
ഇത് കേട്ടതും അണ്ണന്‍ വിഎസ്സിനെ
ഒരു നോക്കുനോക്കി. ഏതാണ്ട് നമ്മുടെ പൂക്കി നോക്കുമ്പോലെ ഒരു ആക്കിയ നോട്ടം! പിന്നെ
ഒന്നും മിണ്ടാതെ നടന്നകന്നു....
ഇനി എന്തുചെയ്യുമെന്നറിയാതെ
വിഷണ്ണനായി നിന്ന വിഎസ്സിനെ അത്ഭുതപ്പെടുത്തിക്കൊണ്ട് അണ്ണന്‍ പെട്ടെന്ന് തിരിച്ചുവന്നു.
എന്നിട്ട് പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു: നീ നാളെ ആപ്പീസ് കഴിഞ്ഞ് വീട്ടിലേക്ക് വാ...
(ഇത് പറയുമ്പോഴും അണ്ണന്‍റെ
കണ്‍കോണില്‍ ആ പൂക്കി നോട്ടമുണ്ടായിരുന്നു...!).
വീട്ടിലെങ്കില്‍ വീട്ടില്‍.
ക്വാട്ട തികയ്ക്കാന്‍ വീട്ടിലല്ല, കാട്ടില്‍ ചെല്ലാന്‍
പറഞ്ഞാലും പോകാന്‍ വിഎസ്സ് തയ്യാറായിരുന്നു.
അച്ചടക്കനടപടിയില്‍നിന്ന്
രക്ഷപ്പെടാന്‍ പോകുന്ന സന്തോഷത്തിലാണ്
പിറ്റേന്ന് ആപ്പീസ് കഴിഞ്ഞ്
വിഎസ്സ് അണ്ണന്‍റെ പടികയറിച്ചെന്നത്. അപ്പോഴേക്കും വീട്ടിലെത്തിയിരുന്ന അണ്ണന്‍ അതിഥിയെ
വരാന്തയില്‍ സ്വീകരിച്ചിരുത്തി. കുശലപ്രശ്നങ്ങള്‍ക്കുശേഷം ഇപ്പൊ വരാം എന്നും പറഞ്ഞ്
അണ്ണന്‍ അകത്തേക്കു പോയി...
തിരിച്ചുവന്ന അണ്ണന്‍റെ കൈയില്‍
ഒരു ട്രേ ഉണ്ടായിരുന്നു. അതില്‍ ഷിവാസ് റീഗലിന്‍റെ ഒരു ഫുള്‍ ബോട്ടിലുണ്ടായിരുന്നു!
കൂടെ എന്തൊക്കെയോ ടച്ചിംഗ്സും!!
കിളി പോയ വിഎസ്സ് ചോദിച്ചു:
അണ്ണാ, എന്താ ഇത്? ഞാന്‍ ഇതൊന്നും
കഴിക്കില്ലെന്ന് അണ്ണനറിഞ്ഞൂടേ?
ഈ ചോദ്യത്തിന് അണ്ണന്‍ പറഞ്ഞ
മറുപടി കേട്ടപ്പോളാണ്, അപ്പോള്‍ മാത്രമാണ് അണ്ണന്‍റെ പൂക്കിച്ചിരിയുടെ
അര്‍ത്ഥം മണ്ടന്‍ വിഎസ്സിന് മനസ്സിലായത്!
അണ്ണന്‍റെ മറുപടി ഇതായിരുന്നു:
അത് ശെരി. നീയെന്താ ആളെ കളിയാക്ക്വാ? നീയല്ലേ
ഇന്നലെ പറഞ്ഞത് ജില്ലാ സമ്മേളനം അടിച്ചുപൊളിക്കാന്‍ ഞാന്‍ ക്വാട്ട തരണമെന്ന്! ഇതാണ് എനിക്ക് ഈ മാസം
കിട്ടിയ ക്വാട്ട.
അടിക്കുറുപ്പ്:
(1) അറിയാത്തവര്‍ക്ക് അറിയാനും
അല്ലാത്തവര്‍ക്ക് ചൊറിയാനും വേണ്ടി മാത്രം:
അക്കൗണ്ടാപ്പീസില്‍ ജോയിന്‍
ചെയ്യുന്നതിനുമുമ്പ് അണ്ണന്‍ എയര്‍ ഫോഴ്സില്‍ ഡ്രാഗണ്‍ ഡീലര്‍ ആയിരുന്നു (ചിലര്‍ സ്ക്വാഡ്രണ്‍
ലീഡര്‍ എന്നും പറയാറുണ്ട്). സര്‍വീസിലിരുന്നപ്പോഴത്തെ ഹാങ്ങോവറിലാണെന്നു തോന്നുന്നു
അക്കൗണ്ടാപ്പീസിലിരുന്നപ്പോഴും അണ്ണന്‍ മിക്കപ്പോഴും എയറില്‍ ആയിരുന്നു!
(2) ഇതു വായിക്കുമ്പോള്‍
സമാനമായൊരു അതിഥിസല്‍ക്കാരം വായനക്കാര്‍ ഓര്‍ത്തുപോയേക്കാം. ഓര്‍ക്കാത്തവര്‍ക്ക് വേണ്ടി
അതിന്‍റെ ലിങ്ക് പങ്കുവെക്കുന്നു.
No comments:
Post a Comment