rajasooyam

Friday, July 24, 2026

 

                                  രേഖാമൂലം

     (BR:4/09)

 

ലോക്‌സഭയിലേക്ക് തെരഞ്ഞെടുപ്പ് നടന്നതിന്റെ പിറ്റേന്നാണ്.

ഒരു പതിനൊന്നരമണിയോടെ വിയര്‍ത്തുകുളിച്ച് ആപ്പീസിലേക്ക് കയറിവരികയായിരുന്ന മനോജിനോട് ആന്റണ്‍ വില്‍ഫ്രഡ് ചോദിച്ചു:

-എന്തുപറ്റി സഖാവേ?

-ഒന്നും പറയണ്ട വില്‍ഫ്യേട്ടാ. ടെലിഫോണ്‍ബില്ലടക്കാന്‍ പോയതാണ്. ആ പൊരിവെയിലത്ത്   ക്യൂ നിന്ന് വെന്തുപോയി.

-ഒരു ബില്ലടക്കാന്‍ അത്രയധികം സമയം ക്യൂ നിക്കണോ?

-ഒരു ബില്ലല്ല. പത്ത്ബില്ലുണ്ടായിരുന്നു.

-പത്ത് ബില്ലോ?

-അതെ. ഒരെണ്ണം എന്റെ. ഒമ്പതെണ്ണം ഭാസ്‌കരേട്ടന്റെ.

-അമ്പമ്പോ! ഭാസ്‌കരന് ഒമ്പത് ഫോണുണ്ടോ?

-ശ്ശെ. ഭാസ്‌കരേട്ടന് ഒരു ഫോണേയുള്ളു. ബാക്കി എട്ടെണ്ണം അയല്‍വക്കക്കാരുടേയും  നാട്ടുകാരുടേയുമാണ്.

-എന്നാലും നിങ്ങളെ സമ്മതിക്കണം. ഇത്രയും പരോപകാരിയായിട്ടുള്ള ഒരാളെ ഞാന്‍ ഇതുവരെ  കണ്ടിട്ടില്ല. ഇനിയൊട്ട് കാണുമെന്നും തോന്നുന്നില്ല.

-അതല്ല വില്‍ഫ്യേട്ട. നമ്മളെ ആരെങ്കിലും സഹായിച്ചാല്‍ നമ്മള്‍ തിരിച്ചും സഹായിക്കണം.  അതാണെന്റെ പോളിസി.

-നിങ്ങള്‍ക്ക് എന്തു സഹായമാണ് ഭാസ്‌കരന്‍ ചെയ്തത്?

-അത് പറഞ്ഞാല്‍ തീരില്ല വില്‍ഫ്യേട്ട. ഏറ്റവും ഒടുവിലത്തെ കാര്യം മാത്രം പറയാം. ദാ,   ലിസ്‌റ്റൊന്നു വായിച്ചുനോക്കൂ.

-55 ചപ്പത്തി. 7 ലിറ്റര്‍ കരിങ്ങാലിവെള്ളം! എന്തായിത്?

-പറയാം. എലക് ഷന്‍ ഡ്യൂട്ടിക്ക് ഭാസ്‌കരേട്ടന് കിട്ടിയ ബൂത്തിന്റെ അടുത്ത ബൂത്തിലായിരുന്നു  രേഖയ്ക്കും ഡ്യൂട്ടി. തലേന്നത്തെ കവറെഴുത്തെല്ലാം കഴിഞ്ഞ് പ്രിസൈഡിങ് ആപ്പീസറുടെ  സമ്മതം വാങ്ങി വീട്ടിലേക്ക് തിരിച്ച രേഖയുടെ കൈയില്‍ ഭാസ്‌കരേട്ടന്‍ കൊടുത്തയച്ച  ലിസ്റ്റാണിത്!

-മനസ്സിലായില്ല.

-ആ സ്‌കൂളിലെ 3 ബൂത്തിലും കൂടി പോലീസുകാരടക്കം 11 പേര്‍ അന്നുരാത്രി അവിടെ ഹാള്‍ട്ട്  ചെയ്യുന്നുണ്ടായിരുന്നു. 11 പേര്‍ക്ക് 5 ചപ്പാത്തിവീതം 55 ചപ്പാത്തിയുണ്ടാക്കി എന്റെ  കൈയില്‍  കൊടുത്തുവിടണം. അതാണ് ഭാസ്‌കരേട്ടന്‍ ഉദ്ദേശിച്ചത്.

-കര്‍ത്താവേ എന്തര്‍ത്ഥം! ആട്ടെ, ഭാസ്‌കരന്‍ നിങ്ങള്‍ക്ക് ചെയ്ത സഹായത്തെപ്പറ്റിയാണല്ലൊ  പറഞ്ഞുതുടങ്ങിയത്. ഇതെങ്ങനെ സഹായമാവും?

-അതോ. സമയക്കുറവുമൂലം അന്നുവൈകീട്ട് ചോറും കറിയുമൊന്നുമുണ്ടാക്കാതെ ഒരു പാക്കറ്റ്  ബ്രെഡും 1/2 കിലോ പഴവും കൊണ്ട് പശിയടക്കാനായിരുന്നു ഞങ്ങളുടെ പ്ലാന്‍. ഞങ്ങളുടെ  ബുദ്ധിമുട്ട് മുന്‍കൂട്ടി കണ്ടിട്ടെന്നതുപോലെയല്ലേ ഭാസ്‌കരേട്ടന്‍ ആ ലിസ്റ്റുണ്ടാക്കിയത്.....

-മറ്റൊന്നും തോന്നരുത്. മനോജ് പറയുന്നത് എനിക്ക് മനസ്സിലാവുന്നില്ല.

-എന്റെ വില്‍ഫ്യേട്ടാ, 55 ചപ്പാത്തിയുണ്ടാക്കാനല്ലേ ഭാസ്‌കരേട്ടന്‍ പറഞ്ഞുള്ളു. അതിനൊത്ത  മൊട്ടക്കറിയുണ്ടാക്കാന്‍ പറഞ്ഞില്ലല്ലൊ.

-അതുകൊള്ളാം. ഭാസ്‌കരന്‍ ഇത്ര ഉദാരമനസ്‌കനാണെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല. ഏതായാലും  ഒരു കാര്യം എനിക്കിപ്പൊ ബോദ്ധ്യമായി. ഭാസ്‌കരന്‍ പറഞ്ഞാല്‍ നിങ്ങള്‍ എന്തും ചെയ്യും.  അപ്പൊ സുധീര്‍ പറഞ്ഞതും ശരിയായിരിക്കണം...

-സുധീറെന്താണ് പറഞ്ഞത്?

-ഭാസ്‌കരന്റെ കെണറ്റില് പാമ്പ് വീണപ്പൊ ഫയര്‍ഫോഴ്‌സിനെ വിളിക്കുന്നതിനുമുമ്പ് അയാള്‍   വിളിച്ചത് നിങ്ങളെയാണെന്നും സ്ഥലത്ത് കുതിച്ചെത്തിയ നിങ്ങള്‍ മറ്റൊന്നുമാലോചിക്കാതെ  കിണറ്റിലേക്കെടുത്തുചാടിയെന്നും നിലയില്ലാവെള്ളത്തില്‍ കൈയുംകാലുമിട്ടടിച്ച നിങ്ങളെ  ഫയര്‍ഫോഴ്‌സ് എത്തിയാണ് കുടുക്കിട്ടുപിടിച്ച് കുട്ടയില്‍ കയറ്റി രക്ഷപ്പെടുത്തിയതെന്നും!

Wednesday, June 17, 2026

 

ക്വാട്ട

 

ജില്ലാസമ്മേളനത്തിന്‍റെ നടത്തിപ്പിന്‌ മുപ്പത്തയ്യായിരം ഉറുപ്പിക പിരിച്ചെടുക്കണമെന്നാണ്‌ മേലാവില്‍ നിന്ന് വി എസ്സിന്‌ കിട്ടിയ ഉത്തരവ്. ആരുടെ ജില്ലാസമ്മേളനം എന്നൊന്നും പറയേണ്ട കാര്യമില്ലല്ലൊ. പ്രസ്തുത ക്വാട്ട പിരിച്ചെടുത്തില്ലെങ്കില്‍ അച്ചടക്കനടപടി ഒറപ്പാണ്‌.

കണ്ണില്‍ കണ്ട കണ്ണന്‍റേയും കിണ്ണന്‍റേയും കൈയും കാലും പിടിച്ച് വിഎസ്സ് ഒരുകണക്കിന് മുപ്പത്തിമുവ്വായിരം ഒപ്പിച്ചു. ഇനി രണ്ടായിരം കൂടി വേണം. ആപ്പീസില്‍ കെ പി കൃഷന്‍ദാസ് എന്ന ഇരട്ടപ്പേരില്‍ അറിയപ്പെടുന്ന അണ്ണനോട് മാത്രമേ ചോദിക്കാന്‍ ബാക്കിയുണ്ടയിരുന്നുള്ളൂ. പുള്ളിക്കാരന്‍ പേരുകേട്ട പിശുക്കനാണെന്നറിയാമായിരുന്നിട്ടും വേറെ വഴിയൊന്നുമില്ലാഞ്ഞതിനാല്‍ ഗതികെട്ട് വിഎസ്സ് ചോദിച്ചു: അണ്ണാ, ജില്ലാസമ്മേളനമാണ്‌. അടിച്ചുപൊളിക്കണം. ക്വാട്ട തന്ന് സഹായിക്കണം...

ഇത് കേട്ടതും അണ്ണന്‍ വിഎസ്സിനെ ഒരു നോക്കുനോക്കി. ഏതാണ്ട് നമ്മുടെ പൂക്കി നോക്കുമ്പോലെ ഒരു ആക്കിയ നോട്ടം! പിന്നെ ഒന്നും മിണ്ടാതെ നടന്നകന്നു....

ഇനി എന്തുചെയ്യുമെന്നറിയാതെ വിഷണ്ണനായി നിന്ന വിഎസ്സിനെ അത്ഭുതപ്പെടുത്തിക്കൊണ്ട് അണ്ണന്‍ പെട്ടെന്ന് തിരിച്ചുവന്നു. എന്നിട്ട് പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു: നീ നാളെ ആപ്പീസ് കഴിഞ്ഞ് വീട്ടിലേക്ക് വാ...

(ഇത് പറയുമ്പോഴും അണ്ണന്‍റെ കണ്‍കോണില്‍ ആ പൂക്കി നോട്ടമുണ്ടായിരുന്നു...!).

വീട്ടിലെങ്കില്‍ വീട്ടില്‍. ക്വാട്ട തികയ്ക്കാന്‍ വീട്ടിലല്ല, കാട്ടില്‍ ചെല്ലാന്‍ പറഞ്ഞാലും പോകാന്‍ വിഎസ്സ് തയ്യാറായിരുന്നു.

അച്ചടക്കനടപടിയില്‍നിന്ന് രക്ഷപ്പെടാന്‍ പോകുന്ന സന്തോഷത്തിലാണ്‌

പിറ്റേന്ന് ആപ്പീസ് കഴിഞ്ഞ് വിഎസ്സ് അണ്ണന്‍റെ പടികയറിച്ചെന്നത്. അപ്പോഴേക്കും വീട്ടിലെത്തിയിരുന്ന അണ്ണന്‍ അതിഥിയെ വരാന്തയില്‍ സ്വീകരിച്ചിരുത്തി. കുശലപ്രശ്നങ്ങള്‍ക്കുശേഷം ഇപ്പൊ വരാം എന്നും പറഞ്ഞ് അണ്ണന്‍ അകത്തേക്കു പോയി...

തിരിച്ചുവന്ന അണ്ണന്‍റെ കൈയില്‍ ഒരു ട്രേ ഉണ്ടായിരുന്നു. അതില്‍ ഷിവാസ് റീഗലിന്‍റെ ഒരു ഫുള്‍ ബോട്ടിലുണ്ടായിരുന്നു! കൂടെ എന്തൊക്കെയോ ടച്ചിംഗ്സും!!

കിളി പോയ വിഎസ്സ് ചോദിച്ചു: അണ്ണാ, എന്താ ഇത്? ഞാന്‍ ഇതൊന്നും കഴിക്കില്ലെന്ന് അണ്ണനറിഞ്ഞൂടേ?

ഈ ചോദ്യത്തിന്‌ അണ്ണന്‍ പറഞ്ഞ മറുപടി കേട്ടപ്പോളാണ്‌, അപ്പോള്‍ മാത്രമാണ്‌ അണ്ണന്‍റെ പൂക്കിച്ചിരിയുടെ അര്‍ത്ഥം മണ്ടന്‍ വിഎസ്സിന്‌ മനസ്സിലായത്!

 

അണ്ണന്‍റെ മറുപടി ഇതായിരുന്നു: അത് ശെരി. നീയെന്താ ആളെ കളിയാക്ക്വാ? നീയല്ലേ ഇന്നലെ പറഞ്ഞത് ജില്ലാ സമ്മേളനം അടിച്ചുപൊളിക്കാന്‍  ഞാന്‍ ക്വാട്ട തരണമെന്ന്! ഇതാണ്‌ എനിക്ക് ഈ മാസം കിട്ടിയ ക്വാട്ട.

 

അടിക്കുറുപ്പ്:

(1‍) അറിയാത്തവര്‍ക്ക് അറിയാനും അല്ലാത്തവര്‍ക്ക് ചൊറിയാനും വേണ്ടി മാത്രം:

അക്കൗണ്ടാപ്പീസില്‍ ജോയിന്‍ ചെയ്യുന്നതിനുമുമ്പ് അണ്ണന്‍ എയര്‍ ഫോഴ്സില്‍ ഡ്രാഗണ്‍ ഡീലര്‍ ആയിരുന്നു (ചിലര്‍ സ്ക്വാഡ്രണ്‍ ലീഡര്‍ എന്നും പറയാറുണ്ട്). സര്‍വീസിലിരുന്നപ്പോഴത്തെ ഹാങ്ങോവറിലാണെന്നു തോന്നുന്നു അക്കൗണ്ടാപ്പീസിലിരുന്നപ്പോഴും അണ്ണന്‍ മിക്കപ്പോഴും എയറില്‍ ആയിരുന്നു!

(2) ഇതു വായിക്കുമ്പോള്‍ സമാനമായൊരു അതിഥിസല്‍ക്കാരം വായനക്കാര്‍ ഓര്‍ത്തുപോയേക്കാം. ഓര്‍ക്കാത്തവര്‍ക്ക് വേണ്ടി അതിന്‍റെ ലിങ്ക് പങ്കുവെക്കുന്നു.

Wednesday, May 27, 2026

 

ഒരു മൈനര്‍ പെനാല്‍ട്ടി!

-ഹലോ, ബീയാര്‍ അറിഞ്ഞായിരുന്നോ?

-എന്താണ്‌?

-വി എസ്സിനെതിരെ വീണ്ടും അച്ചടക്ക നടപടി!

-ഈശ്വരാ! ഇതിപ്പൊ എത്രാമത്തെ തവണയാണ്‌?

-അധികമൊന്നുമായിട്ടില്ല. ഇത് രണ്ടാമത്തെയാണ്‌. ആദ്യത്തേത്

 ഓര്‍മ്മയുണ്ടല്ലൊ അല്ലേ?

-ഉവ്വ്. സഖാവ് കാറ് വാങ്ങിയപ്പൊ ചുവന്ന കളറുള്ളത് വാങ്ങാഞ്ഞതിനല്ലേ

-അതെ

-അത് പരസ്യശാസനയായിരുന്നില്ലേ. തൃപ്രയാര്‍ സെന്‍ററില്‍ മൈക്കൊക്കെ വെച്ച്....

-അതെയതെ

-ഇതും അങ്ങനെയാണോ?

-അല്ലല്ല. ഇത് രഹസ്യമായിട്ടാണ്‌

-എന്താണ്‌ കുറ്റപത്രത്തില്‍ പറയുന്നത്?

-ഗോഖലെ ബ്രാഞ്ചില്‍ പാര്‍ട്ടി പറഞ്ഞത്ര വോട്ട് പിടിച്ചില്ലെന്ന്

-എന്താണ്‌ ശിക്ഷ?

-മൈനര്‍ പെനാല്‍ട്ടിയെന്നാണ്‌ മേല്‍ക്കമ്മറ്റി പറയുന്നത്. പക്ഷേ സംഗതി

 ത്രിതലമാണ്‌

-മനസ്സിലായില്ല

-ഒന്ന്, ഏരിയ സെക്രട്ടറീടെ ചുമതല വഹിക്കണം!

-കഠിനം!... രണ്ടാമത്തേത്?

-എട്ട് ലോക്കല്‍ കമ്മറ്റി മീറ്റിങ്ങുകളില്‍ പങ്കെടുക്കണം!

-ക്രൂരം!... അടുത്തത്?

-സഖാക്കളുടെ പുലഭ്യം മുഴുവന്‍ വള്ളിപുള്ളിവിസര്‍ഗ്ഗം തെറ്റാതെ

എഴുതിയെടുക്കണം; ഇടതു കൈകൊണ്ട്. എന്നിട്ട് അത്

ജില്ലാക്കമ്മറ്റിക്കയക്കണം; റെജിസ്ട്രേഡ് തപാലില്‍. വിത്ത്

അക്നോളെഡ്ജ്മെന്‍റ് ഡ്യൂ!

-ഇതാണോ മൈനര്‍ പെനാല്‍ട്ടി? ഇതിലും ഭേദം പോയിന്‍റ് ബ്ലാങ്കില്‍ ഷൂട്ട്

ചെയ്യുകയായിരുന്നില്ലേ?

-ആയിരുന്നു. ഹതഭാഗ്യന്‍ എന്നല്ലാതെ എന്താ പറയുക. ബൈ ദ ബൈ,

ഞാനിപ്പറഞ്ഞത് ബീയാര്‍ ആരോടും പറയില്ലല്ലൊ അല്ലേ; പറഞ്ഞത്

ഞാനാണെന്നും.

-ഏയ്. ഞാന്‍ അത്തരക്കാരനല്ലെന്‍റെ എന്നെന്‍ബീ!