rajasooyam

Saturday, September 19, 2026

 

മാമന്‌ കിട്ടിയ ഒമ്പതിന്‍റെ പണി!

 

പതിവില്ലാതെ വഴിയില്‍ വെച്ച് ജിത്തുവിനെ കണ്ടപ്പോള്‍ ചോദിച്ചു:

-ഇതെന്താ പതിവില്ലാതെ? ഇന്ന് പണീണ്ടാര്‍ന്നില്ലേ?

-ഇല്ല. മെഷീന്‍ വര്‍ക്ക് ഷോപ്പിലാണ്

-അയ്യൊ. അത് പുതിയ മെഷിനല്ലേ. വെറക് മുറിക്കണ മെഷിനൊക്കെ ഇത്ര വേഗം കമ്പ്ലെയ്ന്‍റ് വര്വോ?

-അതൊരു കഥയാണ്‌ ബേബിച്ചേട്ടാ.

-എങ്കില്‍ ആ കഥ പറയൂ. കേള്‍ക്കട്ടെ.

-നമ്മടെ ചിക്കു അവള്‍ടെ വീട്ടീപ്പോയിട്ട് വന്നപ്പൊ ഒരു കാര്‍ഷികോല്പന്നം കൊണ്ടുവന്നു. അത് കൈയില്‍ തന്നിട്ട് പറഞ്ഞു; മാമാ, ഇത് പോത്തിറച്ചി ഇട്ട് വെച്ചാ ബെസ്റ്റാട്ടോ. പിന്നൊരു കാര്യം. ഇത് മുറിക്കുമ്പൊ സൂക്ഷിക്കണം. കൈ തെന്നിപ്പോകും. അത്രയ്ക്ക് സ്മൂത്താ.

          എന്‍റെ ബേബിച്ചേട്ടാ, ഞാനത് വീട്ടീക്കൊണ്ടോയി. ആദ്യം ഒരു കത്തിയെടുത്ത് വളരെ ശ്രദ്ധിച്ച് കൈ തെന്നിപ്പോകാതെ മുറിക്കാന്‍ നോക്കി. മുറിഞ്ഞില്ല. പിന്നെ അരിവാളെടുത്ത് മുറിച്ചുനോക്കി. മുറിഞ്ഞില്ല. വെട്ടുകത്തിയെടുത്ത് വെട്ടിനോക്കി. മുറിഞ്ഞില്ല. കോടാലിയെടുത്ത് കൊത്തിനോക്കി. ങൂഹും. പിന്നെ വീട്ടിലുണ്ടായിരുന്ന ചെറിയ അറക്കവാളെടുത്ത് ഞാനും ബിജീം അപ്പറോമിപ്പറോമിരുന്ന് അറുത്തുനോക്കി. ഒരനക്കവുമില്ല! ഒടുവില്‍ ജിത്തൂനെ തോല്‍പ്പിക്കാനാവില്ല മക്കളേ എന്ന് മനസ്സില്‍ പറഞ്ഞ് ഞാന്‍ എന്‍റെ വജ്ജ്രായുധം എടുത്തങ്ങ് പ്രയോഗിച്ചു. ച്ചാല്‍, വിറക് കീറണ മെഷീന്‍!

പാവം. അതിപ്പോള്‍ പല്ലൊടിഞ്ഞ് വര്‍ക്ക് ഷോപ്പിലാണ്‌...

-സാരല്ല്യ ജിത്തൂ. മെഷീന്‌ എത്രയും വേഗം ഭേദമാവട്ടെ. അതുപോട്ടെ, എന്തായിരുന്നു ആ കാര്‍ഷികോല്പന്നം‌?

-ആ. ആര്‍ക്കറിയാം? കുമ്പളങ്ങയാണെന്നാണ്‌ ചിക്കു പറഞ്ഞത്!!!

 

 

No comments:

Post a Comment