A VIGILANT CUSTOMER
-വില്‍ഫ്രെഡ് സാറേ, ഒരു ടീവി വാങ്ങണമായിരുന്നു.
സെലക്റ്റ് ചെയ്യാന്‍ ഒന്ന് കൂടെപ്പോരാമോ?
-നന്തിലത്തിലൊഴിച്ച് എവിടെ വേണേലും വരാം.
-അതെന്താ നന്തിലത്തിലേക്കില്ലാത്തത്?
-അതിന്റെ പിന്നിലൊരു കഥയുണ്ട്.
-എങ്കില്‍ പിന്നെ കഥ കേട്ടിട്ടാവാം ബാക്കി കാര്യം.
-ഒരിക്കല്‍ ആശാന് ഒരു ടീവി വാങ്ങാന്‍ വേണ്ടി ഞാനും പുള്ളിക്കാരനുംകൂടി
നന്തിലത്തില്‍ പോയി.
-ഏതാശാന്‍? കുമാരനാശാനോ വെള്ളത്തിലാശാനോ?
-അല്ലാന്ന്. നമ്മുടെ സത്യവാഗീശ്വരനാശാന്‍.
-ശെരി. എന്നിട്ട്?
-ഞങ്ങള്‍ ചെല്ലുമ്പോള്‍ ഗോപു നന്തിലത്ത് അവിടെയുണ്ടായിരുന്നു. ആദ്യം ഞാന്‍
സ്വയം പരിചയപ്പെടുത്തി. പിന്നെ ഞാന്‍ തന്നെ ആശാനെ പരിചയപ്പെടുത്തി.
അക്കൗണ്ടാപ്പിസിലെ ആഡിറ്റാപ്പീസറാണ്, പേരുകേട്ട
പ്രകൃതിചികിത്സകനാണ്, കഥകളിയാശാനാണ്, ചുട്ടികുത്ത്
വിദഗ്ധനാണ് എന്നൊക്കെയങ്ങ് വെച്ചുകാച്ചി. ഇതു കേട്ടപ്പോള്‍ ആശാനങ്ങ്
പൊങ്ങിപ്പൊങ്ങിപ്പോയി. ഗോപു നന്തിലത്തിന്റെ കണ്ണുകളാകട്ടെ, അത്ഭുതം
കൊണ്ട് വിടരുകയും ചെയ്തു. കസ്റ്റമര്‍ നിസ്സാരക്കാരനല്ലെന്നുതോന്നിയതുകൊണ്ടാവാം,
ആശാനെ അറ്റന്‍ഡ് ചെയ്യാന്‍ വേണ്ടി ഗോപു നന്തിലത്ത് സ്‌പെഷ്യലായി ഒരു
സെയില്‍സ് എക്‌സിക്യൂട്ടീവിനെ ഡെപ്യൂട്ട് ചെയ്തു. അയാള്‍ ആശാനെ ഷോറൂമിന്റെ ചുറ്റും
കൊണ്ടുനടന്നു.
കാഴ്ചയ്ക്ക്
ഭംഗിയുള്ള ഒരു ടീവിയുടെ മുന്നിലെത്തിയപ്പോള്‍ ആശാനൊന്ന് നിന്നു. ഉടന്‍ സെയില്‍സ്
എക്‌സിക്യൂട്ടീവ് ആ ടീവിയുടെ ഫീച്ചേഴ്‌സും സ്‌പെസിഫിക്കേഷന്‍സും എക്‌സ്‌പ്ലെയിന്‍
ചെയ്യാന്‍ തുടങ്ങി. Channel
coverage, Extension Terminals, Audio output, Picture tube, Power source, Power
consumption, Dimensions, Earphone outlet, Sleep Timer, Recall Clock, Child
lock, Swap, Search,
മുതലായവയൊക്കെ അയാള്‍ വിശദമായി ആശാന് പറഞ്ഞുകൊടുത്തു. ഓരോ ഐറ്റവും എക്‌സ്‌പ്ലെയിന്‍
ചെയ്യുമ്പോള്‍ ആശാന്‍ തലകുലുക്കി ‘OK’ ‘Oh! I see’ ‘Are Vah!’ ‘That’s nice’
എന്നൊക്കെ
പ്രതികരിക്കുന്നുമുണ്ടായിരുന്നു.
ഇതെല്ലാം
കഴിഞ്ഞപ്പോഴാണ് വളരെ പതിഞ്ഞ സ്വരത്തില്‍ ആശാന്‍ അയാളോട് ആ യെമണ്ടന്‍ ചോദ്യം
ചോദിച്ചത്.
അതോടെ
അവര്‍ക്ക് നമ്മള്‍ അക്കൗണ്ടാപ്പീസുകാരെപ്പറ്റിയുണ്ടായിരുന്ന
സകല ഇംപ്രെഷനും പോയി!
അതില്‍പിന്നെ
ഞാന്‍ നന്തിലത്തിന്റെ അടുത്തുകൂടി പോയിട്ടില്ല!
-എന്താണ് ആശാന്‍ ചോദിച്ചത്?
-'അതേയ് ഇതിന്റെ ഓണെവട്യാ?!!''
No comments:
Post a Comment