A SIL at No Cost!
-അല്ലാ, ഇതാരാണ്? ആന്‍റണ്‍
വില്‍ഫ്രഡോ? ഇതുവഴിയൊന്നും കാണാറേയില്ലല്ലൊ. അതെന്താ?
-പള്ളിപ്പെരുന്നാളുകളുടെ സീസണല്ലേ.
തെരക്കോടു തെരക്കാ. അതൊക്കെ വീഴ്ച കൂടാതെ നടക്കണെങ്കില് ഞാന്‍ കൂടെത്തന്നെ നില്‍ക്കണം.
-ഇന്നെന്താ ഇങ്ങോട്ടെറങ്ങാന്ന്
വെച്ചത്? വിശേഷിച്ച്
വല്ലതുമുണ്ടോ?
-സി ജി പി എ ഓഫീസുവരെ ഒന്നു
പോണം. ലിങ്കിന്‍റെ എഡിറ്ററെ ഒരു കഥയേല്‍പ്പിക്കണം. അതിരിക്കട്ടെ. ആശാനെവിടെപ്പോകുന്നു?
-ഓ. ഇവിടെ അടുത്തൊരു സ്ഥലം
വരെ.
-ടി വി വാങ്ങാനാണോ? എങ്കില്‍ ഞാന്‍ കൂടി വരാം.
-വേണ്ട (വന്നേടത്തോളം മതി).
ഒന്നും വാങ്ങാനല്ല. ഒരാളെ കാണാനാണ്.
-ഇന്നയാളെന്നില്ലേ?
-ഡോക്ടര്‍ ജോര്‍ജ് വര്‍ഗീസ്.
-അദ്ദേഹം മെഡിക്കല്‍ കോളേജിലെ
സ്ലീപ് സ്പെഷ്യലിസ്റ്റല്ലേ? സൊംനോളജിസ്റ്റ്.
-യാ.യാ.
-അതിന് ആശാന് ഒറക്കത്തിന്‍റെ
പ്രശ്നം വല്ലതുമുണ്ടോ?
-കൊറച്ച് ദിവസായി ഒറക്കം ശരിയാവണില്ല
വില്‍ഫീ.
-നാച്ചുറോപ്പതി വല്ലതും നോക്കിയാ
പോരേ?
-നോക്കി. എയ്മാവണില്ല.
-എന്നു മുതലാണ് ഇത് തൊടങ്ങീത്?
-എപ്പോള്‍ മുതല്‍ എന്നു ചോദിക്കൂ
-എങ്കില്‍ എപ്പോള്‍ മുതല്‍?
-ഡിസംബര്‍ 19 ചൊവ്വാഴ്ച രാവിലെ
7.20 മുതല്‍
-അതെങ്ങനെ അത്ര കൃത്യമായി പറയാന്‍
പറ്റുന്നു?
-അപ്പോഴാണ് രവിച്ചേട്ടന്‍
വാട്ട്സാപ്പില്‍ ആ പോസ്റ്റിട്ടത്
- എന്തായിരുന്നു പോസ്റ്റ്?
-‘ നെല്ലുവായ് ധന്വന്തരി പുരസ്കാരം ഡോക്ടര്‍
കെ.ജി.രവീന്ദ്രന്’ എന്ന വാര്‍ത്തയുടെ ക്ലിപ്പിങ് പോസ്റ്റ് ചെയ്തുകൊണ്ട്
അതിനുതാഴെ രവിച്ചേട്ടന്‍ ഇങ്ങനെ കമന്‍റിട്ടു; ‘ ഡോക്ടര്‍ കെ.ജി. രവീന്ദ്രന്‍ നമ്മുടെ എം.കെ. സത്യവാഗീശ്വരന്‍റെ സണ്‍ ഇന്‍
ലോ ആണ്’.
-ഓ മൈ ജീസസ്! വാസ്തവത്തില്‍
എന്താണ് സംഭവിച്ചത്?
-ആ ന്യൂസില്‍ സണ്‍ ഇന്‍ ലോയുടെ
പേരുണ്ടായിരുന്നു എന്നത് വാസ്തവമാണ്. പക്ഷേ അത് പുരസ്കാരനിര്‍ണയ കമ്മറ്റിയിലെ മെംബര്‍
എന്ന നിലയ്ക്കായിരുന്നു.
-അപ്പൊ പോസ്റ്റ് ചെയ്യുന്നതിനുമുമ്പ്
രവിച്ചേട്ടന്‍ ആശാനോട് ചോദിച്ചിരുന്നില്ലേ
-എന്തോ ചോദിച്ചിരുന്നു. ഞാന്‍
അതില്‍ പാതിയേ കേട്ടുള്ളൂ. ഞാന്‍ മറുപടി പറഞ്ഞു. അതില്‍ പാതിയേ രവിച്ചേട്ടനും കേട്ടുള്ളൂ.
-ഭേഷ്! അതുപോട്ടെ. ഈ പോസ്റ്റും
ആശാന്‍റെ ഉറക്കക്കുറവും തമ്മില്‍ എന്താണ് ബന്ധം?
-ആ പോസ്റ്റ് വന്നതും എനിക്ക്
അഭിനന്ദനങ്ങളുടെ പെരുമഴയായിരുന്നു. ലോകത്തിന്‍റെ നാനാഭാഗത്തുനിന്നും!
-അപ്പൊ ആശാന്‍ സത്യം വിളിച്ചുപറഞ്ഞ്
അതിന് തടയിട്ടില്ലേ?
-സത്യം പറഞ്ഞാ ആ നിമിഷം മുതല്‍
ഞാന്‍ ആകെ ചിന്താക്കുഴപ്പത്തിലായിപ്പോയി. പലവിധത്തിലുള്ള ആശങ്കകള്‍ കൊണ്ട് എന്‍റെ മസ്തിഷ്കം നിറഞ്ഞുകവിഞ്ഞു
. കടിഞ്ഞാണില്ലാത്ത ചിന്തകള്‍ മനസ്സില്‍ തലങ്ങും
വിലങ്ങും പാഞ്ഞു. അതോടെ എന്‍റെ സമനില തെറ്റി. ഉറക്കവും നഷ്ടപ്പെട്ടു.
-ആശാന്‍റെ ചിന്താശതകത്തിലെ
കുറച്ചുവരികളെങ്കിലും ഉദ്ധരിക്കാമോ, ഫോര്‍ ഇന്‍ഫര്‍മേഷന്‍ പര്‍പ്പസ്?
-സംഗതി നിഷേധിച്ചുകൊണ്ട്
പത്രക്കുറിപ്പിറക്കണോ? അനവരതം കിട്ടിക്കൊണ്ടിരിക്കുന്ന അഭിനന്ദനങ്ങള്‍ വെറുതെ വേണ്ടെന്നുവെയ്ക്കണോ? നിഷേധിക്കാതിരുന്നാല്‍ സത്യവാഗീശ്വരന്‍ എന്ന എന്‍റെ പേര് മാറ്റേണ്ടിവരുമോ? യഥാര്‍ത്ഥ മരുമകന്‍ കുടുംബ കോടതിയില്‍ കേസിനു പോകുമോ? മകള്‍ ഈ അച്ഛനെ
എനിക്ക് വേണ്ടെന്നു പറയുമോ? ഡോക്ടര്‍ രവീന്ദ്രന്‍റെ വീട്ടില്‍ കുടുംബകലഹമുണ്ടാകുമോ? ഇങ്ങനെയൊക്കെയാണ് എന്‍റെ ചിന്തകള്‍ പാഞ്ഞുകൊണ്ടിരിക്കുന്നത്...
-ശ്ശെ! ഇതൊരു ഓവര്‍ ദ കൗണ്ടര്‍
പില്ലുകൊണ്ട് തീരാവുന്ന പ്രശ്നമേയുള്ളൂ. എന്നാലും ആശാന്‍ പോയി ഡോക്ടറെ കണ്ടോളൂ, ഒരു സമാധാനത്തിന്. ഞാന്‍ കൂടി വരണോ?
-അയ്യോ വേണ്ട. ഒരുപകാരം മാത്രം
ചെയ്താമതി.
-എന്താണ്
-ഞാന്‍ ഈ ഡോക്ടറെ കാണാന്‍ പോകുന്ന
കാര്യം ആരോടും പറയരുത്
-അത് ഞാന്‍ ഏറ്റു !
മുകളില്‍ കാണുന്ന വീഴ്ച എന്ന വാക്കില്‍ അറിയാതെ പോലും ക്ലിക്ക് ചെയ്യരുതേ
ReplyDeleteഇനി ആശാൻ സുഖമായി കിടന്നു ഉറങ്ങും
ReplyDelete