rajasooyam

Saturday, October 30, 2010

ഉത്തരവാദിത്വം

ഉച്ചയ്ക്ക് ബിആര്‍ അസോസിയേഷന്‍ഹാളില്‍ ചെല്ലുമ്പോള്‍ കസേരയില്‍ ചംമ്രംപടിഞ്ഞിരുന്ന് അഗാധമായി എന്തോ ചിന്തിക്കുകയായിരുന്നു എന്‍ബി.
ഇത്രമാത്രം ചിന്തിക്കാനെന്തിരിക്കുന്നു എന്നു ചോദിച്ചപ്പോള്‍ എന്‍ബി പറഞ്ഞു:
-ആളുകള്‍ ഇങ്ങനെ ഉത്തരവാദിത്വമില്ലാതെ പെരുമാറാന്‍ തൊടങ്ങ്യാ നമ്മുടെ പ്രസ്ഥാനത്തിന്റെ ഗതിയെന്താവുമെന്ന് ചിന്തിച്ചുപോയതാണ്.
-അതിനുമാത്രം ഇപ്പോള്‍ എന്താണുണ്ടായത്?
-ഞാന്‍ ഇന്നലെ മൂന്നാളുകളെ ഓരോ കാര്യം ചെയ്യാന്‍ ഏല്പിച്ചിരുന്നു. ഒരാള്‍ പോലും ഒന്നും ചെയ്തില്ല.
-ഓഹോ. അങ്ങനെയുണ്ടായോ? ആരെല്ലാമാണവര്‍?
-കണ്ണന്‍, ലക്ഷ്മണന്‍, ശശികുമാര്‍.
-കണ്ണനെ എന്താണേല്പിച്ചിരുന്നത്?
-എന്റെ വീടുപണി നടക്കാണല്ലൊ. ഇന്നലെ രാവിലെ ആ ചൊമരൊക്കെ ഒന്നു നനച്ചുകൊടുക്കാന്‍ പറഞ്ഞിരുന്നു.
-എന്നിട്ട് കണ്ണന്‍ അത് ചെയ്തില്ലേ?
-എവടേ.
-ലക്ഷ്മണനോട് എന്താണ് പറഞ്ഞിരുന്നത്?
-ഇന്നലെ രാവിലെ ഓഫീസില്‍ പോരുന്നതിനുമുമ്പ് പണിക്കാര്‍ക്ക് നാളേയ്ക്കുള്ള കൂലി കൊടുക്കാനാണ് ലക്ഷ്മണനെ ഏല്പിച്ചിരുന്നത്?
-നാളേയ്ക്കുള്ള കൂലി ഇന്ന് കൊടുക്ക്വേ?
-അതെ. സാധാരണ ഞാന്‍ അന്നന്നത്തെ കൂലി അന്നന്ന് രാവിലെ കൊടുക്ക്വാണ് പതിവ്. ഇന്നലെ എനിയ്ക്കവടെ പോവാന്‍ പറ്റ്ല്ല്യായിരുന്നു. അതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്.
-ലക്ഷ്മണനും വാക്ക് പാലിച്ചില്ലെന്നാണോ?
-അതെ.
-ശശിയ്ക്ക് എന്ത് ഉത്തരവാദിത്വമാണ് കൊടുത്തിരുന്നത്?
-അതൊരു നിസ്സാര കാര്യമായിരുന്നു. ഇന്നലെ വീട്പണി ഇന്‍സ്‌പെക്റ്റ് ചെയ്യാന്‍ ആപ്പീസര്‍ വരുംന്ന് പറഞ്ഞിരുന്നു. ഒരു ടാക്‌സി വിളിച്ച് അങ്ങോരെകൂട്ടിക്കൊണ്ടുവന്ന് കാണിച്ചുകൊടുക്കാനാണ് ശശിയെ ഏല്പിച്ച്ത്. അതും നടന്നില്ല.
-കൊള്ളാം. നല്ല പസ്റ്റ് കക്ഷികള്‍. ആട്ടെ. ഇതൊക്കെ അവരെ ഏല്പിച്ചതെന്തിനാ? തിരുമേനിയ്‌ക്കെന്തായിരുന്നു തക്കക്കേട്?
-എനിയ്ക്ക് മിനിഞ്ഞാന്ന്‌വൈകീട്ട് വളരെ അത്യാവശ്യമായി ഇരിഞ്ഞാലക്കുട വരെ ഒന്നു പോകണമായിരുന്നു.
-എന്തായിരുന്നു കാര്യം?
-കളി.
-കളിയോ?
-അതെ. കഥകളി.
-എവിടെ?
-ഉണ്ണായിവാര്യര്‍ സ്മാരകനിലയത്തില്‍.
-ഉവ്വ്വോ. എന്തായിരുന്നു കളി?
-കിര്‍മ്മീരവധം.
-ആരായിരുന്നു കത്തി?
-വി.എന്‍.കൃഷ്ണന്‍കുട്ടിനായര്.....
ഇത്രയും പറഞ്ഞ് ജനലയ്ക്കല്‍ ചെന്ന് നീട്ടിയൊന്ന് തുപ്പി എന്‍ബി എവിടേയ്‌ക്കോ പാഞ്ഞുപോയി.......
അല്പം കഴിഞ്ഞ് ശശി അവിടെ വന്നപ്പോള്‍ ബിആര്‍ ചോദിച്ചു:
-നിങ്ങള്‍മൂന്നുപേരോട് മൂന്നുകാര്യങ്ങള്‍പറഞ്ഞിട്ട് മൂന്നാളും ഒന്നുപോലും ചെയ്തില്ലെന്നാണ് എന്‍ബി പറയുന്നത്. എന്താ ശശി അങ്ങനെ?
-മിനിഞ്ഞാന്നല്ലേ?
-അതെ.
-ശെരിയാണ്. മിനിഞ്ഞാന്ന് ഞങ്ങള്‍ മൂന്നുപേരും ഇവിടിരിക്കുമ്പോള്‍ പുള്ളിക്കാരന്‍ വന്നിട്ട് തുപ്പല്‍കോളാമ്പിപോലത്തെ വായ തൊണ്ണൂറ്ഡിഗ്രി മോളിലേക്ക്പിടിച്ച് കൊളകൊളാന്ന് എന്തൊക്കെയോ പറഞ്ഞിട്ടുപോയി.
ആര്‍ക്കും ഒന്നും മനസ്സിലായില്ല. പിന്നെങ്ങനാ?
******

Sunday, October 24, 2010

മറക്കില്ല നാം (4)

എന്‍ബിയുടെ വീടിന്റെ തറപണി കഴിഞ്ഞവാറെ ആയത് നിരീക്ഷിക്കാനും
അനുഗ്രഹങ്ങള്‍ ചൊരിയാനും വേണ്ടി നാട്ടില്‍നിന്നും രണ്ടമ്മാവന്മാര്‍ വന്നതും എന്‍ബി അവരെ പൂര്‍ണ്ണകുംഭത്തോടെ സ്വീകരിച്ചുപചരിച്ചതും പിന്നെ സ്വന്തം 800 മാരുതികാറില്‍ കേറ്റി സൈറ്റിലേക്ക് കൊണ്ടുപോയതും നിരീക്ഷണമെല്ലാം കഴിഞ്ഞ് തിരിച്ചുപോരാന്‍നേരം വണ്ടി റിവേഴ്‌സെടുത്തപ്പോള്‍ പിന്‍ഭാഗം അവിടെ വീടുപണിയ്ക്ക് കൊണ്ടിട്ടിരുന്ന വല്ല്യോരു കരിങ്കല്ലില്‍ 'ഠേ' എന്നിടിച്ചതും ശബ്ദം കേട്ട എന്‍ബി പുറകിലിരിക്കയായിരുന്ന മാമന്മാരോട് 'എന്താ ഒരു ശബ്ദം കേട്ടേ, വല്ലോടേം മുട്ട്യോ'ന്നു ചോദിച്ചതും അന്നേരം മാമന്മാര്‍ പുറകിലേക്കൊന്നു തിരിഞ്ഞുനോക്കാന്‍ പോലും മെനക്കെടാതെ മുന്നോട്ടൊന്നാഞ്ഞിരുന്നുകൊണ്ട് തനി നമ്പൂരി ആക്‌സെന്റില്‍ 'മുട്ടീന്നാ തോന്നണേ, ട്ട്വോ' എന്നും പറഞ്ഞ് പിന്നിലേക്ക് ചാരിക്കിടന്നതും നമ്മള്‍ എങ്ങനെ മറക്കാനാണ്......

Monday, October 18, 2010

പരിഹാരമാര്‍ഗ്ഗം

മിസിസ് ബിആര്‍ തമാശ പറയുമെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ?
ഇല്ലെന്നുറപ്പാണ്.
അപ്പോള്‍പിന്നെ ഇപ്പറഞ്ഞതെന്താണെന്നാണ് ബിആറിന്റെ ചോദ്യം.

കടമ്മനിട്ടയുടെ പൂച്ചയാണിന്നെന്റെ ദു:ഖം എന്ന കവിത വായിച്ചിട്ടുണ്ടാവുമല്ലൊ.
ബിആറിന് മന:പാഠമാണ് ആ കവിത. കാരണം അത്രയ്ക്കുണ്ട് വീട്ടില്‍ പൂച്ചശല്യം.
(സ്വന്തമായി ഒറ്റ പൂച്ചപോലുമില്ല. എല്ലാം നാട്ടുകാരുടേതാണ്. ഈ ലോകത്ത് ഏറ്റവും കൂടുതല്‍ പൂച്ചകളുള്ളത് ഒല്ലൂര്‍ ക്രിസ്റ്റഫര്‍ നഗറിലാണത്രേ!)
ബിആറിന്റെ സ്‌കൂട്ടറാണ് അവരുടെ മെയിന്‍ ടാര്‍ഗെറ്റ്.
പൂച്ചകളുടെ സൂത്രിക്കലില്‍നിന്നും കാഷ്ഠിയ്ക്കലില്‍നിന്നും സ്‌കൂട്ടറിനെ രക്ഷിക്കാന്‍ ബിആര്‍ എന്നും വൈകീട്ട് അതിനെ ഒരു പോളിത്തീന്‍ കവര്‍ കൊണ്ട് മൂടി പ്ലാസ്റ്റിക് കയര്‍കൊണ്ട് വരിഞ്ഞുകെട്ടിവെക്കും.
പിന്നെ കവറിനുമുകളില്‍ കമ്പും മുഴയുമുള്ള എന്തെങ്കിലും സാധനം കയറ്റിവെക്കും.
പക്ഷേ നേരം വെളുക്കുമ്പോഴേക്കും അവറ്റകള്‍ അതിനുള്ളില്‍ എവിടെയെങ്കിലും ഒരു ഗ്യാപ്പ് കണ്ടെത്തി കാര്യം സാധിച്ചിരിക്കും!
ചുരുക്കം പറഞ്ഞാല്‍ എന്നും രാവിലെ മാര്‍ജാരാദികളുടെ മലമൂത്രാദികള്‍ കോരിമാറ്റലാണ് ബിആറിന്റെ മെയിന്‍ പണി!

കഴിഞ്ഞാഴ്ച ഒരു ദിവസം അതിരാവിലെ അപ്രതീക്ഷിതമായി വന്നുപെട്ട ചില ഏടാകൂടങ്ങള്‍ കാരണം ബിആറിന് മേല്‍പറഞ്ഞ മെയിന്‍പണിയില്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല.
സമയം 9 മണിയായി.
കത്തിച്ചുവിട്ടാലേ ഒമ്പതരയ്ക്കുമുമ്പ് ആപ്പീസിലെത്തൂ.
വണ്ടി സ്റ്റാര്‍ട്ടാക്കാന്‍ നേരമാണ് ബിആര്‍ ആ കാഴ്ച കാണുന്നത്.
പോളിത്തീന്‍കവറിനുമുകളില്‍ ഏതോ വൃത്തികെട്ട പൂച്ച വൃത്തിയായി അപ്പിയിട്ട് വെച്ചിരിക്കുന്നു!
ബിആറിന് ഇത്രയ്‌ക്കേ സങ്കടം വന്നുള്ളൂന്ന് ല്ല്യ.
സങ്കടവും ദേഷ്യവും അടക്കാന്‍ വയ്യാതെ ബിആര്‍ ലോകത്തിലെ മാര്‍ജ്ജാരവര്‍ഗ്ഗത്തെ ഒന്നടങ്കം ശപിച്ചു.
എന്നിട്ടും അരിശം തീരാതെ ഇനി എന്തൊരുവഴിവേണ്ടൂ എന്നാലോചിച്ച് തലയ്ക്ക് കൈയും കൊടുത്തിരിക്കുമ്പോള്‍ ശ്രീമതി അടുത്തുവന്ന് മെല്ലെ പറഞ്ഞു:
-അതേയ്, ഇത്തരം സന്ദര്‍ഭങ്ങളില്‍ എല്ലാവരും ആദ്യം ചെയ്യാറുള്ളത് ചെയ്തുനോക്കാമായിരുന്നില്ലേ.
-എന്താന്നുവെച്ചാല്‍ തെളിച്ചുപറ.
-ശ്രീകുമാറിനോടൊന്നു പറഞ്ഞുനോക്കായിരുന്നില്ലേ

ഉള്ളിന്റെ ഉള്ളില്‍ നിന്നും തികട്ടിവന്ന ചിരി കടിച്ചമര്‍ത്തിനിര്‍ത്തി കൃത്രിമകോപം നടിച്ച് ബിആര്‍ പറഞ്ഞു:
-ഉവ്വ. ശ്രീകുമാറിനോട് പറയാന്‍ കണ്ട ഒരു കാര്യം! സ്‌കൂട്ടറില്‍ പൂച്ച കാഷ്ഠിക്കുന്നതിന് ശ്രീകുമാര്‍ എന്തു ചെയ്യാനാണ്?

അന്നേരം തലചൊറിഞ്ഞുകൊണ്ട് ശ്രീമതി പറയുകയാണ്:
-അല്ലാ, പാര്‍ട്ടി ലെവലില്‍ എന്തെങ്കിലും ചെയ്യാന്‍ പറ്റ്വോന്നറിയാലോ...!!!

Saturday, October 2, 2010

മറക്കില്ല നാം (3)

അഞ്ചരയ്ക്ക് ആപ്പീസ് വിട്ടയുടന്‍ ആന്റണ്‍ വില്‍ഫ്രഡ് പതിവുപോലെ പുത്തന്‍പള്ളിയില്‍ പോയി മുട്ടിപ്പായി പ്രാര്‍ത്ഥിച്ചതും പിന്നെ എത്രയും വേഗം മാള കുണ്ടോളിക്കടവ് വഴി പോകുന്ന ട്രാന്‍സ്‌പോര്‍ട്ട് ബസ്സ് പിടിക്കാന്‍ ബസ്സ്റ്റാന്റിലേക്ക് ആഞ്ഞുനടന്നതും ആ നടത്തത്തിനിടയില്‍ ഒരു തട്ടുകടയുടെ പിന്നില്‍നിന്ന് ഒരാള്‍ കൈകൊട്ടിവിളിച്ചതും കാര്യം തിരക്കിയ ആന്റണോട് അയാള്‍ ഷെയറ് വേണോ എന്നു ചോദിച്ചതും അന്നേരം ആന്റണ്‍ തനിക്ക് ഷെയര്‍ ബിസിനെസ്സില്‍ താല്പര്യമില്ലെന്നു പറഞ്ഞൊഴിഞ്ഞതും അപ്പോള്‍ അയാള്‍ ഇയാള്‍ ഏത് വടമക്കാരനാണാവോ എന്നും പറഞ്ഞ് ചുണ്ടുകോട്ടി പരിഹസിച്ചതും പിറ്റേന്ന് സെക്ഷനില്‍ വന്ന് ആന്റണ്‍ ഇക്കാര്യം വിസ്തരിച്ചപ്പോള്‍ അത് ഷെയര്‍ ബിസിനെസ്സൊന്നുമല്ലെന്നും അയാള്‍ നിങ്ങളെ നിപ്പനടിക്കാന്‍ ക്ഷണിച്ചതായിരിക്കുമെന്നും പറഞ്ഞ് സുരേഷ് മേനോന്‍ പൊട്ടിച്ചിരിച്ചതും നിപ്പന്റെ അര്‍ത്ഥമറിയാതെ ആന്റണ്‍ വില്‍ഫ്രഡ് അന്തംവിട്ട് കുന്തം വിഴുങ്ങിനിന്നതും അന്നേരം നിപ്പനെന്നാല്‍ നിന്നനില്പില്‍ കുപ്പി ഷെയറ് ചെയ്ത് കാലിയാക്കുന്ന കലാപരിപാടിയാണെന്നു മേനോന്‍ പറഞ്ഞുമനസ്സിലാക്കിക്കൊടുത്തതും നമ്മള്‍ എങ്ങനെ മറക്കാനാണ്..........