rajasooyam

Saturday, October 30, 2010

ഉത്തരവാദിത്വം

ഉച്ചയ്ക്ക് ബിആര്‍ അസോസിയേഷന്‍ഹാളില്‍ ചെല്ലുമ്പോള്‍ കസേരയില്‍ ചംമ്രംപടിഞ്ഞിരുന്ന് അഗാധമായി എന്തോ ചിന്തിക്കുകയായിരുന്നു എന്‍ബി.
ഇത്രമാത്രം ചിന്തിക്കാനെന്തിരിക്കുന്നു എന്നു ചോദിച്ചപ്പോള്‍ എന്‍ബി പറഞ്ഞു:
-ആളുകള്‍ ഇങ്ങനെ ഉത്തരവാദിത്വമില്ലാതെ പെരുമാറാന്‍ തൊടങ്ങ്യാ നമ്മുടെ പ്രസ്ഥാനത്തിന്റെ ഗതിയെന്താവുമെന്ന് ചിന്തിച്ചുപോയതാണ്.
-അതിനുമാത്രം ഇപ്പോള്‍ എന്താണുണ്ടായത്?
-ഞാന്‍ ഇന്നലെ മൂന്നാളുകളെ ഓരോ കാര്യം ചെയ്യാന്‍ ഏല്പിച്ചിരുന്നു. ഒരാള്‍ പോലും ഒന്നും ചെയ്തില്ല.
-ഓഹോ. അങ്ങനെയുണ്ടായോ? ആരെല്ലാമാണവര്‍?
-കണ്ണന്‍, ലക്ഷ്മണന്‍, ശശികുമാര്‍.
-കണ്ണനെ എന്താണേല്പിച്ചിരുന്നത്?
-എന്റെ വീടുപണി നടക്കാണല്ലൊ. ഇന്നലെ രാവിലെ ആ ചൊമരൊക്കെ ഒന്നു നനച്ചുകൊടുക്കാന്‍ പറഞ്ഞിരുന്നു.
-എന്നിട്ട് കണ്ണന്‍ അത് ചെയ്തില്ലേ?
-എവടേ.
-ലക്ഷ്മണനോട് എന്താണ് പറഞ്ഞിരുന്നത്?
-ഇന്നലെ രാവിലെ ഓഫീസില്‍ പോരുന്നതിനുമുമ്പ് പണിക്കാര്‍ക്ക് നാളേയ്ക്കുള്ള കൂലി കൊടുക്കാനാണ് ലക്ഷ്മണനെ ഏല്പിച്ചിരുന്നത്?
-നാളേയ്ക്കുള്ള കൂലി ഇന്ന് കൊടുക്ക്വേ?
-അതെ. സാധാരണ ഞാന്‍ അന്നന്നത്തെ കൂലി അന്നന്ന് രാവിലെ കൊടുക്ക്വാണ് പതിവ്. ഇന്നലെ എനിയ്ക്കവടെ പോവാന്‍ പറ്റ്ല്ല്യായിരുന്നു. അതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്.
-ലക്ഷ്മണനും വാക്ക് പാലിച്ചില്ലെന്നാണോ?
-അതെ.
-ശശിയ്ക്ക് എന്ത് ഉത്തരവാദിത്വമാണ് കൊടുത്തിരുന്നത്?
-അതൊരു നിസ്സാര കാര്യമായിരുന്നു. ഇന്നലെ വീട്പണി ഇന്‍സ്‌പെക്റ്റ് ചെയ്യാന്‍ ആപ്പീസര്‍ വരുംന്ന് പറഞ്ഞിരുന്നു. ഒരു ടാക്‌സി വിളിച്ച് അങ്ങോരെകൂട്ടിക്കൊണ്ടുവന്ന് കാണിച്ചുകൊടുക്കാനാണ് ശശിയെ ഏല്പിച്ച്ത്. അതും നടന്നില്ല.
-കൊള്ളാം. നല്ല പസ്റ്റ് കക്ഷികള്‍. ആട്ടെ. ഇതൊക്കെ അവരെ ഏല്പിച്ചതെന്തിനാ? തിരുമേനിയ്‌ക്കെന്തായിരുന്നു തക്കക്കേട്?
-എനിയ്ക്ക് മിനിഞ്ഞാന്ന്‌വൈകീട്ട് വളരെ അത്യാവശ്യമായി ഇരിഞ്ഞാലക്കുട വരെ ഒന്നു പോകണമായിരുന്നു.
-എന്തായിരുന്നു കാര്യം?
-കളി.
-കളിയോ?
-അതെ. കഥകളി.
-എവിടെ?
-ഉണ്ണായിവാര്യര്‍ സ്മാരകനിലയത്തില്‍.
-ഉവ്വ്വോ. എന്തായിരുന്നു കളി?
-കിര്‍മ്മീരവധം.
-ആരായിരുന്നു കത്തി?
-വി.എന്‍.കൃഷ്ണന്‍കുട്ടിനായര്.....
ഇത്രയും പറഞ്ഞ് ജനലയ്ക്കല്‍ ചെന്ന് നീട്ടിയൊന്ന് തുപ്പി എന്‍ബി എവിടേയ്‌ക്കോ പാഞ്ഞുപോയി.......
അല്പം കഴിഞ്ഞ് ശശി അവിടെ വന്നപ്പോള്‍ ബിആര്‍ ചോദിച്ചു:
-നിങ്ങള്‍മൂന്നുപേരോട് മൂന്നുകാര്യങ്ങള്‍പറഞ്ഞിട്ട് മൂന്നാളും ഒന്നുപോലും ചെയ്തില്ലെന്നാണ് എന്‍ബി പറയുന്നത്. എന്താ ശശി അങ്ങനെ?
-മിനിഞ്ഞാന്നല്ലേ?
-അതെ.
-ശെരിയാണ്. മിനിഞ്ഞാന്ന് ഞങ്ങള്‍ മൂന്നുപേരും ഇവിടിരിക്കുമ്പോള്‍ പുള്ളിക്കാരന്‍ വന്നിട്ട് തുപ്പല്‍കോളാമ്പിപോലത്തെ വായ തൊണ്ണൂറ്ഡിഗ്രി മോളിലേക്ക്പിടിച്ച് കൊളകൊളാന്ന് എന്തൊക്കെയോ പറഞ്ഞിട്ടുപോയി.
ആര്‍ക്കും ഒന്നും മനസ്സിലായില്ല. പിന്നെങ്ങനാ?
******

3 comments:

  1. ഈ ബി.ആര്‍. ഒരു പാവത്താനാണ്. എന്‍.ബി. പറഞ്ഞത് മുഴുവന്‍ വിശ്വസിച്ചല്ലോ? തിരുമേനി കളിഭ്രാന്തന്‍ ആണെങ്കിലും, ഇത്തവണ പോയത് ഇലെക്ഷന്‍ പ്രചരണത്തില്‍ വി. എന്‍ . കൃഷ്ണന്‍കുട്ടി നായരെ സഹായിക്കാന്‍ ആയിരുന്നു. രണ്ടു പേരും അവിടെ കൈ മെയ് മറന്ന് പ്രവര്‍ത്തിച്ചു എന്നതിന് തെളിവും കിട്ടിയല്ലോ? പാര്‍ടി സ്ഥാനാര്‍ഥികള്‍ പലര്‍ക്കും ഇരിഞ്ഞാലക്കുടയില്‍ കെട്ടി വെച്ച കാശ് കിട്ടിയില്ലെന്നാണ് കേട്ടത്. പി.എല്‍.ജോയ്

    ReplyDelete