rajasooyam

Wednesday, December 31, 2014

പ്രൊവൊക്കേഷന്‍

-ബിആര്‍ അറിഞ്ഞോ?
-എന്താണ് കണ്ണാ?
-ഇവിടെ ഒരു കൂട്ട മതം മാറ്റം നടക്കാന്‍ പോണ കാര്യം
-അറിഞ്ഞില്ലല്ലൊ. ആര്‍ക്കൊക്കെയാണ്  മനം മാറ്റം?
-തേക്കേല്‍ കേറിയ കൃഷ്‌ണേട്ടന്‍, ചുരിദാറിട്ട രാജേന്ദ്രന്‍, ഷഷിധര ഭണ്ഡാരനായകെ, നാമംഗലം    പരമീശന്‍, അരിമ്പൂരെ സ്ഥാനിനായര്‍ നന്ദകുമാര്‍, തൃപ്രയാര്‍ കരയോഗം പ്രസിഡണ്ട് ശ്രീകുമാര്‍ വാടാനപ്പിള്ളി അംശം അധികാരി സിപ്രന്‍, ബാലകന്‍ എന്ന ലിങ്ക, പറളി വേണു,
 ഐന്തോള്‍ രാശന്‍, തുടങ്ങി ഒരു നീണ്ട നിര തന്നെയുണ്ട് ക്യൂവില്‍. കുറൂര്‍ മനയ്ക്കലെ
 സൂമാരന്‍ തിരുമേനിയും കൂറുമാറാന്‍ തയ്യാറായി നില്‍ക്കുകയാണെന്നാണ് കേട്ടത്.
-എന്റെ ദൈവമേ. ഇവരൊക്കെ എങ്ങോട്ടാണ് ചേക്കേറാന്‍ പോണത്?
-ക്രിസ്തുമതത്തിലേക്ക്
-ഓ മൈ ജീസസ്! ഇവര്‍ അവിടെ ചെന്നാല്‍ ഒരുപാട്  ത്യാഗങ്ങള്‍ സഹിക്കേണ്ടിവരില്ലേ
-എന്തും സഹിക്കാന്‍ തയ്യാറാണെന്നാണ് അവര് പറയണത്
-എന്നാണാവോ മാമോദീസ ?
-റോമില്‍ പോയിരിക്കുന്ന വാഴ്ത്തപ്പെട്ട ആന്റണ്‍ വില്‍ഫ്രഡ് തിരിച്ചെത്തേണ്ട താമസമേയുള്ളൂ
-ക്രിസ്തുവിനെ ദൈവം രക്ഷിക്കട്ടെ !
-ആമേന്‍ !
-അതുപോട്ടെ കണ്ണാ, ക്രിസ്തുമതത്തിലേക്ക് ഇങ്ങനെയൊരു കൂട്ട മതംമാറ്റം നടക്കാന്‍
 എന്തെങ്കിലും ഒരു പ്രകോപനമുണ്ടായിക്കാണുമല്ലൊ. ടെല്‍മീ, വാട്ട് വാസ് ദ ഇമ്മീഡിയെറ്റ്
 പ്രൊവൊക്കേഷന്‍?
-അപ്പൊ ബിആര്‍ അതും അറിഞ്ഞില്ലല്ലേ
-എന്താണ്?
-ഘര്‍ വാപ്‌സി നിയമപ്രകാരം സി ആര്‍ ബാബു ഹിന്ദുമതത്തിലേക്ക് തിരിച്ചുവരുന്നു !!!

Saturday, December 20, 2014

എ ട്രാജിക് കോമഡി

ഉറക്കത്തില്‍ സ്വന്തം കഥാപാത്രങ്ങളെ സ്വപ്നം കാണുക ബിആറിന്റെ പതിവാണ്.
നേരാണോ നിശ്ശല്ല്യ, ചിലപ്പോള്‍ പാത്രങ്ങളോട് ഉച്ചത്തില്‍ സംസാരിക്കാറുണ്ടെന്നും
ഭാര്യ പറയുന്നു. 
പക്ഷേ ഒരു കാര്യം തീര്‍ച്ച. സ്വപ്നം കണ്ടാല്‍ പിറ്റേന്നുതന്നെ ബിആറിന്റെ മൊബൈലില്‍നിന്ന് കഥാപാത്രത്തിന് ഇങ്ങനെയൊരു മെസേജ് പോയിരിക്കും:
ഐ സോ യു ഇന്‍ മൈ ഡ്രീം യെസ്റ്റെര്‍ഡേ നൈറ്റ് : ബേബി രാജന്‍
തേക്കേല്‍ കേറിയ കൃഷ്‌ണേട്ടന്‍, ചുരിദാറിട്ട രാജേന്ദ്രന്‍, വാഴ്ത്തപ്പെട്ട ആന്റണ്‍ വില്‍ഫ്രഡ്,
വാടാനപ്പിള്ളി സിപ്രന്‍, കുത്താമ്പുള്ളി കണ്ണന്‍, ഷഷിധരഭണ്ടാരനായകെ തുടങ്ങി നാമംഗലത്തെ പരബ്രഹ്മം തിരുമേനിവരെയുള്ളവരോട് ചോദിച്ചാല്‍ ഇക്കാര്യം സത്യമാണോന്നറിയാം.
ഏറ്റവുമൊടുവില്‍ ബിആര്‍ സ്വപ്നം കണ്ടത് എംജി രവീന്ദ്രന്‍ സാറിനെയാണ്.
രണ്ടാഴ്ച മുമ്പാണത്.
പിറ്റേന്ന് പതിവുപോലെ എംജിആറിന് മെസേജ് പോയി.
പോയിക്കഴിഞ്ഞപ്പോളാണ് ബിആര്‍ ഓര്‍ത്തത്; എംജിആറിന് മെസേജ് അയച്ചിട്ട് എന്തു കാര്യം?
കുറച്ചുകൊല്ലം മുമ്പ് മഴ കാരണം തൃശ്ശൂപ്പൂരത്തിന്റെ വെടിക്കെട്ട് പിറ്റേന്ന് ഉച്ചക്ക്
നടത്തുകയുണ്ടായല്ലോ. അന്ന് ' എന്താ ബിആര്‍ ഇന്ന് ആകാശത്തൊക്കെ പതിവില്ലാതെ ഒരു
പൊക' എന്നു ചോദിച്ച ആളാണ്!
അദ്ദേഹമുണ്ടോ കേവലം ഒരു എസ് എം എസിന്റെ ര്‍ണിം ശബ്ദം കേള്‍ക്കുന്നു?
പക്ഷേ പോയ എസ് എം എസിനെ തിരിച്ചുപിടിക്കാന്‍ പറ്റില്ലല്ലോ.
അത് അങ്ങനെ പോയി. പൊയ്‌പ്പോയി.

രണ്ടുദിവസം കഴിഞ്ഞപ്പോള്‍ അതാ വരുന്നു എംജിആറിന്റെ ഫോണ്‍ കോള്‍:
-ഹലോ, ബിആറല്ലേ?
-അതേ
-അതേയ്, ബിആറിന് എന്നോടെന്തെങ്കിലും വിരോധംണ്ടോ?
-അതെന്താ സാര്‍ അങ്ങനെയൊരു ചോദ്യം?
-കര്‍മ്മം കൊണ്ട് താങ്കളുടെ കഥാപാത്രമായിപ്പോയി എന്നതല്ലാതെ മറ്റൊരു തെറ്റും ഞാന്‍
 ചെയ്തിട്ടില്ലല്ലൊ?
-എനിക്കൊന്നും മനസ്സിലാവണ് ല്ല്യ സാര്‍
-രണ്ടുദിവസം മുമ്പ് എനിക്കൊരു മെസേജ് അയച്ചിരുന്നോ
-ഉവ്വ്
-എസ് എം എസിന്റെ ശബ്ദം കേട്ടിട്ട് വീട്ടുകാരിയാണ് അത് തുറന്നുനോക്കിയത്
-അതുകൊണ്ടെന്താ?
-എന്താന്ന് അല്ലേ? അപ്പൊ തൊടങ്ങീതാ നെഞ്ചത്തടീം നെലോളീം! ആകെ പ്രശ്‌നായി. എനിക്ക് പൊറത്തെറങ്ങാന്‍ പറ്റാണ്ടായി...എന്റെ ജീവിതം നായ നക്കീന്ന് പറഞ്ഞാമതി.
-അതിനുമാത്രം എന്താണുണ്ടായത് സാര്‍?
-വലിയവായിലേ കരഞ്ഞ് വീട്ടുകാരേം നാട്ടുകാരേം വിളിച്ചുവരുത്തി ബിആറിന്റെ
 എസ് എം എസ് കാണിച്ച് പുള്ളിക്കാരി പറയാണേയ് : ഇനീം ഇത് സഹിക്കാന്‍
എന്നേക്കൊണ്ടാവില്ലേയ്. ഇത് കണ്ട്‌ല്ല്യേ, എതോ ഒരുത്തി ചേട്ടന് എസ് എം എസ്
അയച്ചേക്കണത്!

************

എം ജി ആര്‍ സാറിന് ഇപ്പോള്‍ 62 വയസ്സ്.
ചേച്ചിക്ക് 58 കഴിഞ്ഞ് ഇത് ഏഴാം മാസം.
മിക്കവാറും അടുത്തമാസം അവസാനത്തോടെ ഡൈവോഴ്‌സാവുംന്നാണ് കേട്ടത് !!!

Saturday, December 6, 2014

പരബ്രഹ്മത്തിന്റെ പൊരുള്‍

ദൈവം സഹായിച്ച് ബിആറിന് ഇതുവരെ ഗുരുക്കന്മാരുടെ ഒരു കുറവുണ്ടായിട്ടില്ല.
'ടീടോട്ടലര്‍' എന്നാല്‍ 'ചായ കൂട്ടുന്നവന്‍' എന്നാണ് അര്‍ത്ഥമെന്ന് പഠിപ്പിച്ചുതന്ന
എംജി രവീന്ദ്രന്‍ സാര്‍,
മൗണ്ടന്‍ ഹോളിന്റെ വാച്യാര്‍ത്ഥം പറഞ്ഞുതന്ന സഹരാജന്‍ നായര്‍ (മൊബൈല്‍ നമ്പര്‍
94476 18654)
'ഉല്‍പ്ലുത്യ'യുടെ വ്യംഗ്യാര്‍ത്ഥം പഠിപ്പിച്ചുതന്ന സുധാകരന്‍ മാഷ്
(ഉല്‍പ്ലുത്യ പിന്നെയുമുല്‍പ്ലുത്യ സത്വരം - ഈശ്വരാ! തുഞ്ചന്റെ കിളി ഇതെങ്ങനെ
പാടിയൊപ്പിച്ചാവോ!),
പരസ്യമാക്കരുത് എന്ന ഉപാധിയോടെ ഗീതാരഹസ്യം പറഞ്ഞുതന്ന ബികെ നാരായണന്‍,
'ആത്മന്‍' എന്നാല്‍ എന്താണെന്നു മനസ്സിലാക്കിത്തന്ന  കെ എം പരമേശ്വരന്‍,
പ്രാങ് മുതലാളിത്തത്തെപ്പറ്റി ക്ലാസ്സെടുത്ത സഖാവ് ശ്രീകുമാര്‍,
മൗസുണ്ടായാല്‍ പോരാ ക്ലിക്ക് ചെയ്യാന്‍ പഠിക്കണം എന്ന മഹദ്വചനം പറഞ്ഞുതന്ന
വി. ഷഷിധരന്‍,
നിന്നെപ്പോലെ നിന്റെ സിസ്റ്റത്തേയും സ്‌നേഹിക്കുക എന്ന ഗുണപാഠം പഠിപ്പിച്ച
പിഎല്‍ ജോയ്,
എങ്ങനെ ഭംഗിയായി കോട്ടുവായിടാം എന്ന് സോദാഹരണം പഠിപ്പിച്ച കെ പി ശ്യാംകുമാര്‍-
ഇവരൊക്കെ അവരില്‍ ചിലര്‍ മാത്രം.
    എന്നാല്‍ ഇവരേക്കാളൊക്കെ ഒരു പടി മേലെയാണ് ആര്‍ കണ്ണന്റെ സ്ഥാനമെന്ന്
ബിആറിന് പലപ്പോഴും തോന്നിയിട്ടുണ്ട്.
അത് മറ്റൊന്നും കൊണ്ടല്ല;
ശിഷ്യന്റെ മനസ്സിലെ സംശയം അയാള്‍ ചോദിക്കാതെതന്നെ ഉള്‍ക്കണ്ണുകൊണ്ട് കണ്ടുമനസ്സിലാക്കി ആയത് ദൂരീകരിച്ചുകൊടുക്കാനുള്ള അസാമാന്യമായ ആ വൈഭവമുണ്ടല്ലൊ, അതിനെ പട്ടും വളയും പുട്ടും കടലയും മറ്റും വെച്ച് തൊഴുകതന്നെ വേണം.
ഒരൊറ്റ ഇന്‍സിഡന്റ് മാത്രം പറയാം:
കുറേ നാളായി ബിആറിന്റെ മനസ്സില്‍ ഒരു സംശയം കിടന്ന് ഉരുണ്ടുകളിക്കാന്‍ തുടങ്ങിയിട്ട്:
എന്താണീ പരബ്രഹ്മം എന്നുവെച്ചാല്‍? അതിന് വല്ല രൂപഭാവഹാവാദികളുമുണ്ടോ?
ഉണ്ടെങ്കില്‍ അത് എങ്ങനെയിരിക്കും?
ഗുരുക്കന്മാര്‍ ഓരോരുത്തരും ഓരോരോ തിരക്കിലായതിനാല്‍ ആരോടും ചോദിക്കാന്‍ കഴിഞ്ഞില്ല.
അങ്ങനെയിരിക്കേ ഒരുദിവസം ഉച്ചക്ക് ഊണുകഴിഞ്ഞ് ബിആര്‍ അസോസിയേഷന്‍
ഹാളിലേക്ക്  നടക്കുകയായിരുന്നു. ഭാഗ്യവശാല്‍ വഴിക്കുവെച്ച് കണ്ണനേയും കിട്ടി. ഹാളില്‍ ചെന്ന് സ്വസ്ഥമായിഇരുന്നതിനുശേഷം സംശയത്തെപ്പറ്റി കണ്ണനോട് ചോദിക്കാമെന്നു കരുതി ബിആര്‍.
രണ്ടുപേരും ഹാളിന്റെ വാതില്‍ക്കല്‍ എത്തിയപ്പോള്‍ സാക്ഷാല്‍ എന്‍ബി അവിടെ
അദ്ധ്യക്ഷന്റെ കസേരയില്‍ കുന്തുകാലിന്മേലിരുന്ന് വെറ്റിലയുടെ ഞരമ്പുകീറി
ചുണ്ണാമ്പ് തേക്കുകയായിരുന്നു....
ഇതു കണ്ടതും കണ്ണന്‍ ബിആറിന്റെ ചെവിയില്‍ മന്ത്രിച്ചു:
ഇരിക്കണ ഇരിപ്പ് കണ്ടില്ലേ, പരബ്രഹ്മം പോലെ...