rajasooyam

Saturday, May 13, 2017

കൊളാക്കിയാല്‍

പതിവില്ലാത്തവിധം കൂര്‍ക്കഞ്ചേരി ടൗണില്‍ ബസ്സിറങ്ങി അങ്ങോട്ടുമിങ്ങോട്ടും
തേരാപ്പാരാ നടക്കുന്ന എം ഡി കൃഷ്‌ണേട്ടനെ കണ്ടപ്പോള്‍ ബിആര്‍ ചോദിച്ചു:
-ഇതെന്താ കൃഷ്‌ണേട്ടാ, ബസ്സ് മാറിക്കേറിയതാണോ?
-ഏയ്. അല്ലല്ല
-പിന്നെ?
-എനിക്ക് നമ്മുടെ ശിവദാസന്‍ സാറിനെ ഒന്നു കാണണം. ബിആറിന് സാറിന്റെ
  വീടറിയ്വോ?
-വഴിയൊക്കെ ഞാന്‍ പറഞ്ഞുതരാം. പക്ഷേ അതിനുമുമ്പ് എനിക്കൊരു കാര്യമറിയണം.
-എന്താണ്?
-കൃഷ്‌ണേട്ടന്‍ വല്ലാതെ പരിഭ്രാന്തനായി കാണപ്പെടുന്നുണ്ടല്ലൊ. എന്താ കാരണം?
-അതു പിന്നെ ബിആര്‍ മറ്റാരോടും പറയരുത്.
-ഇല്ലില്ല. അങ്ങനെയൊരു ചരിത്രമില്ല
-എനിക്ക് പാര്‍ട്ടീന്ന് ഷോക്കോസ് നോട്ടീസ് കിട്ടിയിരിക്ക്യാണ്
-എന്തിന്?
-ഫേസ് ബൂക് പോസ്റ്റില്‍ മാധ്യമങ്ങളെ അസഭ്യമായ ഭാഷയില്‍ അവഹേളിച്ചെന്നും
 പറഞ്ഞ്..
-ങ്‌ഹേ! കൃഷ്‌ണേട്ടന്‍ അങ്ങനെ ചെയ്‌തോ? മാധ്യമങ്ങളെന്നാല്‍ നമ്മുടെ
 റിപ്പബ്‌ളിക്കിന്റെ കാവല്‍ക്കാരല്ലേ? ദ് സോകോള്‍ഡ് ഫോര്‍ത്ത് എസ്റ്റേറ്റ്?
-മണ്ണാങ്കട്ട! ബിആര്‍ ഏത് ലോകത്താ ജീവിക്കണേ? സ്വാതന്ത്ര്യസമരകാലഘട്ടത്തിലോ?     ഇപ്പൊ റീഡര്‍ഷിപ്പ് കൂട്ടാന്‍ വേണ്ടി അവര്‍ എന്തും  ചെയ്യും. പട്ടിയെ പേപ്പട്ടിയെന്നു
പറഞ്ഞ് വളഞ്ഞിട്ടാക്രമിക്കും. ഇഷ്ടം പോലെ പെയ്ഡ് ന്യൂസ് കൊടുക്കും. എഴുത്തിലും സംസാരത്തിലും ഒരു മണ്ഡലം പ്രസിഡണ്ടിന്റെ നിലവാരം പോലുമില്ലാത്തവരാണ് ഭൂരിഭാഗവും. അപ്പോള്‍ അത്തരക്കാരെ വിമര്‍ശിക്കുമ്പൊ അവര്‍ അര്‍ഹിക്കുന്ന പ്രത്യേക
ഭാഷ പ്രയോഗിക്കേണ്ടിവരും.
-ച്ചാല്‍ അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ സഭ്യഭാഷയിതപൂര്‍ണ്ണമിങ്ങഹോ എന്നാണ്
 കൃഷ്ണാശാന്‍ പറഞ്ഞോണ്ടുവരുന്നത്
-അതെയതെ. പക്ഷേ എത്ര പറഞ്ഞാലും നമ്മുടെ പാര്‍ട്ടിക്കാര്‍ക്ക് അത് മനസ്സിലാവില്ല.
 പിന്നെ എന്തുവന്നാലും ഞാന്‍ വിട്ടുകൊടുക്കാന്‍ തയ്യാറല്ല കേട്ടൊ                
-പാര്‍ട്ടി നടപടി വന്നാലും?
-എന്തുതന്നെ വന്നാലും
-ദെന്‍ ഗോ എഹെഡ് കൃഷ്‌ണേട്ടാ. എല്ലാ ഭാവുകങ്ങളും നേരുന്നു. അപ്പൊ കൃഷ്‌ണേട്ടന്          എന്താ അറിയേണ്ടത്? ശിവദാസന്‍ സാറിന്റെ വീട്ടിലേക്കുള്ള വഴി അല്ലേ
-അതെ

        വഴി പറഞ്ഞുകൊടുത്തശേഷം ബിആര്‍ ചോദിച്ചു:
-അതുപോട്ടെ. എന്തിനാ ഇപ്പൊ ശിവദാസന്‍ സാറിനെ കാണുന്നത്?
-മുമ്പ് പറഞ്ഞതുമായി ബന്ധപ്പെട്ടുതന്നെ
-മനസ്സിലായില്ല
-ഇതിങ്ങനെ വിട്ടുകൊടുക്കാന്‍ തയ്യാറല്ലെന്ന് ഞാന്‍ നടേ പറഞ്ഞല്ലൊ. പക്ഷേ
 നിര്‍ഭാഗ്യവശാല്‍ എന്റെ ആവനാഴീലെ അമ്പാ തീര്‍ന്നു
-അതും മനസ്സിലായില്ല
-ശിവദാസന്‍ സാറിന്റെ വൊക്കാബുലറിയില്‍ നല്ല മണിമണിപോലത്തെ കൊളോക്ക്യല്‍ പദങ്ങള്‍ ധാരാളം സ്‌റ്റോക്കുള്ളതായി കേട്ടിട്ടുണ്ട്. അതീന്ന് കൊറച്ച് കളക്റ്റ് ചെയ്യണം !!!