rajasooyam

Friday, December 24, 2010

ഒരു നമ്പൂരിശ്ശങ്ക

നട്ടുച്ചസമയം.
അസോസിയേഷന്‍ ഹാളില്‍ മിക്കവാറും എല്ലാവരും പാതിമയക്കത്തിലായിരുന്നു.
എന്‍ബി പരമേശ്വരന്‍ പെട്ടെന്ന് ചാടിയെണീറ്റ് പതിവുപോലെ 'അയ്യോ' എന്നും പറഞ്ഞ് വലതുകൈപ്പത്തികൊണ്ട് നെറ്റിയിലൊരടിയാണ്.
അടിയുടെ ശബ്ദം കേട്ട് ഞെട്ടിയുണര്‍ന്ന പ്രഭാകരന്‍ ചോദിച്ചു:
-എന്താ എന്‍ബീ, കൊതുക് കടിച്ചോ?
-അല്ല, ഒരു കാര്യം വിട്ടുപോയതാണ്. ഇന്ന് കണ്ണന്‍ വന്നട്ട് ല്ല്യാലൊ അല്ലേ?
-ഇല്ല്യ
-അപ്പൊ എനിക്ക് ഉടനേ വീടുപണി നടക്കണോടത്തേക്ക് ഒന്നു പോണം.
-എന്താ ഇന്ന് വര്‍ക്ക് വല്ലതും നടക്കണ്‌ണ്ടോ?
-വര്‍ക്കൊന്നൂല്ല്യ. പക്ഷേ ഇന്നലെ ഞാന്‍ അവടെ കൊറേ സിമന്റും മണലും ഇഷ്ടികേം
തട്ടീട്ട്ണ്ട്. എന്താ അതിന്റെ സ്ഥിതീന്നറിയില്ല്യ.
-കൊള്ളാം. അതങ്ങനെ കേടാവണതൊന്ന്വല്ലല്ലൊ. പോരാത്തേന് കണ്ണന്‍ തൊട്ടയല്‍വ
ക്കത്തില്ലേ.
-അ: അത് തന്നെയാണ് പ്രശ്‌നം.
-മനസ്സിലായില്ല്യ.
-കണ്ണന്റെ വീട്ടില് മതില് പണി നടക്കണ്‌ണ്ടേയ്.....!!!

Saturday, December 18, 2010

REIMBURSEMENT

-ബിആര്‍ അറിഞ്ഞായിരുന്നോ?
-എന്താണ് കണ്ണാ?
-തേക്കേല്‍ കേറിയ കൃഷ്‌ണേട്ടന്റെ ട്യൂഷന്‍ഫീ റീയിംബേഴ്‌സ്‌മെന്റ് ബില്ല് ഓഈ സെക്ഷന്‍ ഒബ്‌ജെക്റ്റ് ചെയ്തു.
(കൃഷ്‌ണേട്ടന്‍ തേക്കേല്‍ കേറിയ കഥ അന്യത്ര പ്രതിപാദിച്ചിട്ടുണ്ട്.
വടക്കേ ബസ്സ്റ്റാന്റില്‍ ചെന്നാല്‍ കിട്ടും അന്യത്രയ്ക്കുള്ള ബസ്സ്.
വട്ടണാത്ര കഴിഞ്ഞ് നെക്സ്റ്റ് സ്റ്റോപ്പാണ്.)
-അസംഭവ്യം. അസംഭവ്യം. ചരിത്രത്തില്‍ ഇതേ വരെ ആരുടേയും ട്യൂഷന്‍ ബില്ല്
ഒബ്‌ജെകറ്റ് ചെയ്ത സംഭവമുണ്ടായിട്ടില്ല.
-പക്ഷേ ഓരോന്നിനും അതിന്റേതായ പ്രൊസീജ്യറുണ്ടല്ലൊ ബിആര്‍. അത് വയലേറ്റ്
ചെയ്താല്‍ പിന്നെ എന്തു ചെയ്യും?
-അതിന് ഇവിടെ വയലേറ്റ് ചെയ്യാന്‍ എന്തിരിക്കുന്നു. പേമെന്റ് നടത്തിയതിന്റെ
റെസീറ്റുകള്‍ കൃത്യമായി പ്രൊഡ്യൂസ് ചെയ്താപ്പോരേ?
-കൃത്യമായി അതുതന്നെയാണ് കൃഷ്‌ണേട്ടന്‍ ചെയ്യാതിരുന്നതും.
-ഒന്നു മനസ്സിലാവണ ഭാഷയില്‍ പറയൂ കണ്ണാ.
-ദാ, ബിആര്‍ ഈ റെസീറ്റൊന്ന് വായിച്ചുനോക്ക്. എന്നിട്ട് പറയൂ ഓഈക്കാര്‍
ചെയ്തത് തെറ്റോ ശെരിയോ എന്ന്. ഇതാണ് ട്യൂഷന്‍ ഫീ റീയിംബേഴ്സ്മെന്റ് ബില്ലിനൊപ്പം
കൃഷ്‌ണേട്ടന്‍ പ്രൊഡ്യൂസ് ചെയ്തത്.

റെസീറ്റില്‍ എഴുതിയിരുന്നത് ഇതായിരുന്നു:
1 കോഴി 2.530 Kg x 58 = 146
cutting charge = 5
പൊതി = 2
ആകെ = 153 !!!

*****


ഇങ്ങനെയൊക്കെയാണെങ്കിലും കണ്ണന്‍ പറഞ്ഞത് അപ്പാടെ വിഴുങ്ങാന്‍ ബിആര്‍ തയ്യാറായിരുന്നില്ല.
കണ്ണനല്ലേ ആള്. ഇന്നതേ പറയുള്ളൂന്ന് ല്ല്യ.
അതുകൊണ്ട് അസോസിയേഷന്‍ ഹാളില്‍ വെച്ച് കൃഷ്ണനെ കണ്ടപ്പോള്‍ ബിആര്‍ ചോദിച്ചു:
-കൃഷ്ണാ, നമ്മടെ കണ്ണന്‍ ഏതാണ്ടൊക്കെ പറഞ്ഞുനടക്കണ് ണ്ടല്ലൊ. സംഗതി
ശെരിയാണോ?
-ഓ.........ഈ കണ്ണനെക്കൊണ്ട് തോ....റ്റു. അത് നാട്ടില് മുഴുവന്‍ പാട്ടാക്കി. അല്ലേ.
-അതു പോട്ടെ. ആക്ച്വലി എന്താണുണ്ടായത്?
-അത് എനിക്ക് ചെറിയൊരു മിസ്റ്റേക്ക് പറ്റിയതാണ് ബിആര്‍.
-ച്ചാല്‍?
-മറ്റേ ബില്ലിന്റെ കൂടെ വെക്കേണ്ട റെസീറ്റ് ഈ ബില്ലിന്റെ കൂടെ വെച്ചു.
-അത് ശെരി. ഏതായിരുന്നു മറ്റേ ബില്ല്?
-മെഡിക്കല്‍ റീയിംബേഴ്‌സ്‌മെന്റ് ബില്ല് !!!

Monday, December 13, 2010

WHAT DID IT MEAN? ( 6 )

കുത്താമ്പുള്ളി കണ്ണന്‍ പറഞ്ഞതാണ്.
അതുകൊണ്ട് എത്രമാത്രം നേരാണെന്നറിയില്ല.
വീടുപണിയുടെ പ്രോഗ്രസ്സറിയാന്‍ വേണ്ടി മാമന്മാര്‍ വന്ന ദിവസം എന്‍ബിയും അകത്തുള്ളാളും കൂടി അവരെ 800 മാരുതിയില്‍ കയറ്റി നഗരി കാണിക്കാന്‍ കൊണ്ടുപോയത്രേ..
പൂമാ കോംപ്‌ളെക്‌സിനുമുന്നില്‍ വണ്ടി സൈഡൊതുക്കി മാമന്മാരെ അതിലൊതുക്കി എന്‍ബിയും സാവിയും കൂടി ഡീസി ബുക്‌സിലേക്ക് നടന്നു. സമ്പൂര്‍ണ്ണ വ്യാഖ്യാനത്തോടുകൂടിയ ഒരു ഭാഗവതം വാങ്ങുക എന്നതായിരുന്നു സാവിയുടെ ഉദ്ദേശ്യം.
അകത്തുള്ളാള്‍ പുസ്തകം പരതുമ്പോള്‍ എന്‍ബി അവിടെ കണ്ട ഒരു പ്ലാസ്റ്റിക് കസേരയില്‍ ചമ്രംപടിഞ്ഞിരുന്ന് നാലും കൂട്ടി മുറുക്കാന്‍ തുടങ്ങി.
ഏറെ നേരത്തെ തെരച്ചിലിനുശേഷം സാവി പുസ്തകം കണ്ടെത്തി.
അപ്പോള്‍ ഒരു സംശയം: ഇതു തന്നെയാണോ യഥാര്‍ത്ഥ പുസ്തകം?
അതറിയാന്‍ മാമന്മാരോട് ചോദിക്കണം.
താഴെ പോയി മാമന്മാരെ ഒന്നു കാണിച്ചിട്ടുവരാമെന്ന ധാരണയില്‍ സാവി കൗണ്ടറിലിരുന്ന മാനേജരോട് ചോദിച്ചു:
''സര്‍, താഴെ വണ്ടിയില്‍ മാമന്മാരിരിക്കുന്നുണ്ട്. ഞാന്‍ ഇത് അവരെയൊന്ന് കാണിച്ചോട്ടെ. ഉടനേ തിരിച്ചുവരാം.''
അപ്പോള്‍ തലയൊന്നു ചൊറിഞ്ഞുകൊണ്ട് മാനേജര്‍ പറഞ്ഞു:
''മേഡം, 3000 രൂപയുടെ പുസ്തകമാണ്. അത് പുറത്തേക്ക് കൊണ്ടുപോകുമ്പോള്‍ പകരമായി എന്തെകിലും ഇവിടെ വെച്ചിട്ടുപോകണം''
''അതിന്റെ ആവശ്യമുണ്ടോ സാര്‍. എന്റെ ഹസ്ബന്റ് ഇവിടെ ഇരിക്കയല്ലേ?''. സാവി ചോദിച്ചു.
അപ്പോള്‍ തല വീണ്ടുമൊന്നു ചൊറിഞ്ഞുകൊണ്ട് മാനേജര്‍ പറയുകയാണ്:
'' മേഡം, വിലപിടിപ്പുള്ള എന്തെങ്കിലുമാണ് ഞാന്‍ ഉദ്ദേശിച്ചത്'' !!!

Friday, December 10, 2010

ത്യാഗം

-മിസ്റ്റര്‍ ആന്റണ്‍ വില്‍ഫ്രഡ്, താങ്കളൊരു സത്യകൃസ്ത്യാനിയാണല്ലൊ അല്ലേ?
-ബീആറിന് എന്താണ് തോന്നുന്നത്?
-ഇതുവരെ മറിച്ച് തോന്നിയിട്ടില്ല. മാത്രമല്ല, കത്തോലിക്കാസഭയുടെ ചരിത്രമെഴുതുമ്പോള്‍ അതില്‍ മാന്യമായൊരു സ്ഥാനം താങ്കള്‍ക്കുണ്ടാവുമെന്നും ഞാന്‍ കരുതുന്നു.
-അയാം ഓണേഡ്.
-അവിടം കൊണ്ടവസാനിക്കുന്നില്ല. ഒരാര്‍ച്ച്ബിഷപ്പാവാനുള്ള യോഗ്യതയും ഞാന്‍ താങ്കളില്‍ ദര്‍ശിക്കുന്നു.
-അതെന്താമ്പേ?
-ഒരു വളവ്!
-രക്ഷപ്പെട്ടു. വിളവെന്നു പറഞ്ഞില്ലല്ലൊ! ആട്ടെ, ഇപ്പോഴത്തെ ഈ ചോദ്യോത്തരപംക്തിയുടെ പ്രസക്തിയെന്താണ്?
-ഞാനൊന്നു കേട്ടു?
-എന്ത് കേട്ടു.
-നൂറ് ശതമാനം സത്യകൃസ്ത്യാനിയും കര്‍ത്താവിന്റെ കുഞ്ഞാടും മറ്റുമായ താങ്കള്‍ ഇടവകക്കാര്‍ വെള്ളിത്താലത്തില്‍ വെച്ചുതന്ന അമ്പാഘോഷക്കമ്മറ്റി ചെയര്‍മാന്‍ സ്ഥാനം നിരസിച്ചു എന്ന്.
-അത് ശെരിയാണ്.
-എങ്കില്‍ അതിന്റെ കാരണം പറയൂ. അല്‍മായരൊരു കാര്യം പറഞ്ഞാല്‍ അത് അക്ഷരം പ്രതി അനുസരിക്കാനുള്ള ബാധ്യത ഒരു സത്യകൃസ്ത്യാനിയായ താങ്കള്‍ക്കില്ലേ?
-അതങ്ങ് പള്ളീപ്പോയി പറഞ്ഞാ മതി. വേല വില്‍ഫിയോട് വേണ്ട. ഇത് കളി വേറെ ബിആറേ.
-എനിക്കൊന്നും മനസ്സിലാവുന്നില്ല. ഒന്ന് തെളിച്ച് പറ.
-അത് പിന്നെ എടവകക്കാര് എനിക്കിട്ടൊരു വേല വെക്കാന്‍ നോക്കിയതാണ്. പക്ഷേ ഞാന്‍ അതില് വീണില്ല.
-ച്ചാല്‍?
-അമ്പാഘോഷക്കമ്മറ്റിചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്താല്‍ ഉപ്പായിമാപ്ലക്ക് പറ്റിയത് എനിക്കും പറ്റും.
-സാള്‍ട്ടായിമാപ്ലക്ക് എന്ത് പറ്റിയെന്നാണ്?
-അപ്പൊ ബിആര്‍ അത് ഇതുവരെ അറിഞ്ഞില്ലേ?
-ഇല്ല്യാ...
-ഉപ്പായി മാപ്ലയെപ്പോലെ സാത്വികനായ ഒരു സത്യകൃസ്ത്യാനി ഇതുവരെ ഈ ബൂമിമലയാളത്തില്‍ ഉണ്ടായിട്ടില്ല. ഇനിയൊട്ടുണ്ടാവുമെന്നും തോന്നുന്നില്ല. ബൈബിളില്‍ പറയുന്ന പത്തുകല്പനകളും അണുവിടതെറ്റാതെ അനുസരിച്ച് ജീവിച്ച വ്യക്തി. സ്വഗ്ഗസ്ഥനായ ഉപ്പായിമാപ്ല എന്നാണ് നാട്ടുകാര്‍ അദ്ദേഹത്തെ ആദരപൂര്‍വം വിളിച്ചിരുന്നത്. കാരണം അവര്‍ക്കുറപ്പായിരുന്നു ഉപ്പായിമാപ്ല മരിച്ചുകഴിഞ്ഞാല്‍ ചെല്ലുന്നത് മറ്റെങ്ങോട്ടുമാവില്ലെന്ന്. അങ്ങനെയിരിക്കെ ഒരു ദിവസം ഉപ്പായിമാപ്ലയങ്ങ് മരിച്ചു. പരലോകത്തെത്തിയ ഉപ്പായി നേരെ സ്വര്‍ഗ്ഗത്തിന്റെ പടിവാതിലിലേക്ക് വെച്ചുപിടിക്കുകയാണ്. അന്നേരം പിന്നില്‍നിന്നൊരാള്‍ കൈകൊട്ടി വിളിച്ചു.
-ഏത് ദുഷ്ടനാണ് പിന്‍ വിളിവിളിച്ചത്?
-അത് വി. പത്രോസായിരുന്നു.
-അതാര്?
-ആളുകള്‍ മരിച്ച് പരലോകത്ത് ചെല്ലുമ്പോള്‍ ബയോഡാറ്റ പരിശോധിച്ച് അവരെ സ്വര്‍ഗ്ഗത്തിലേക്കോ നരകത്തിലേക്കോ ഡയരക്റ്റ്‌ചെയ്ത് വിടുന്നയാള്‍.
-അത് ശെരി. എന്തിനാണ് വി. പത്രോസ് ഉ. മാപ്ലയെ വിളിച്ചുനിര്‍ത്തിയത്?
-ധൃതികൂട്ടാതെ ബിആര്‍. വി.പത്രോസും ഉ.മാപ്ലയും തമ്മിലുണ്ടായ സംഭാഷണം ഞാന്‍ ചുരുക്കിപ്പറയാം:
'മൂപ്പില്‍സ് ഇതെവിടെപ്പോവാ വാണം വിട്ടപോലെ?''
'സ്വര്‍ഗ്ഗത്തിലേക്ക്''
'അങ്ങനെ ഏത് അണ്ടനും അടകോടനും ഇടിച്ചുകയറിപ്പോകനുള്ളതല്ല സ്വര്‍ഗ്ഗം. കാര്‍ന്നോരവിടെ നില്ല്. ഞാന്‍ ബയോഡാറ്റയൊന്ന് പരിശോധിക്കട്ടെ''
'വെറുതേ സമയം കളയണ്ടാ വി. പത്രോസേ'' ഊറിച്ചിരിച്ചുകൊണ്ട് ഉപ്പായിമാപ്ല മനസ്സില്‍ പറഞ്ഞു.
ബയോഡാറ്റ പരിശോധിച്ച വി.പത്രോസിന് ആകപ്പാടെ സംശയമായി. നൂറില്‍ നൂറ്റൊന്ന് മാര്‍ക്കാണ് ദൈവം ഉപ്പായി മാപ്ലക്ക് കൊടുത്തിരിക്കുന്നത്. അതേ സമയം അലോട്ട്‌മെന്റ് കോളത്തില്‍ എഴുതിയിരിക്കുന്നത് നരകം എന്നും! അതെങ്ങനെ സംഭവിക്കും? ഇനി ദൈവത്തിന് തെറ്റുപറ്റിയതായിരിക്കുമോ? ഏയ്, ദൈവത്തിനങ്ങനെ തെറ്റ്പറ്റില്ലല്ലൊ. ഒടുവില്‍ ഉ.മാപ്ലേടെ ബയോഡാറ്റ ഒന്നുകൂടി അരിച്ചുപെറുക്കാന്‍ തന്നെ തീരുമാനിച്ചു വി. പത്രോസ്. അങ്ങനെ അരിച്ചുപെറുക്കുന്നതിനിടയിലാണ് മാര്‍ക്കിട്ടിരിക്കുന്നതിന്റെ അടുത്തായി തീരെ ചെറിയ ഒരു നക്ഷത്രചിഹ്നം കിടക്കുന്നത് വി. പത്രോസിന്റെ ശ്രദ്ധയില്‍ പെട്ടത്. പേജിന്റെ അടിയിലായി സൂക്ഷിച്ചുനോക്കിയാല്‍ മാത്രം കാണാവുന്ന തരത്തില്‍ ഇങ്ങനെയൊരു എക്സ്പ്ലനേഷനുമുണ്ടായിരുന്നു : നൂറില്‍ നൂറ്റൊന്ന് മാര്‍ക്കുണ്ടെങ്കിലും ഇയാളെ നരകത്തിലേക്കയക്കണം. കാരണം, കഴിഞ്ഞ ഇരുപത്തഞ്ചുവര്‍ഷമായി ഇയാള്‍ നാട്ടിലെ അമ്പാഘോഷക്കമ്മറ്റിയുടെ ചെയര്‍മാനാണ്.
- അതെങ്ങനെ അയോഗ്യതയാവും ? എനിക്കൊന്നും മനസ്സിലാവുന്നില്ലല്ലൊ ആന്റണ്‍ വില്‍ഫ്രഡ്.
-ഈ ബിആറിതേതുലോകത്താണ്? അമ്പുപെരുന്നാളെന്നുപറഞ്ഞാല്‍ എന്താണെന്നാ വിചാരിച്ചേ?
-പുണ്യശ്ലോകനായ വി. സെബസ്റ്റിയാനോസിന്റെ തിരുനാള്‍.
-പുസ്തകപ്രകാരം അത് ശെരിയാണ്. ബട്ട്, പ്രാക്റ്റിക്കലി, നസ്രാണികളായ നസ്രാണികള്‍ക്കൊക്കെ കള്ള്കുടിക്കാനും തല്ലുപിടിക്കാനും വാളു വെക്കാനും വാഴവെട്ടാനും കുത്തിമറിയാനും കാന നിറക്കാനുമുള്ള ഒരു ദിവസമായിട്ടാണ് അത് കൊണ്ടാടപ്പെടുന്നത്....ഈ കോപ്രായങ്ങള്‍ക്കൊക്കെ പത്തിരുപത്തഞ്ചുവര്‍ഷം ആദ്ധ്യക്ഷം വഹിച്ചതിനാണ് ജീവിതത്തില്‍ ഒരു തുള്ളി കള്ളുപോലും കുടിക്കാത്ത പാവം ഉപ്പായിമാപ്ല ശിക്ഷിക്കപ്പെട്ടത്! അപ്പൊപ്പിന്നെ ഞാനെന്തിനാ വെറുതെ വടികൊടുത്ത് അടി വാങ്ങണത്. പണ്ടാരാണ്ട് പറഞ്ഞതുപോലെ വേലീമ്മെക്കെടക്കണത് അവടെത്തന്നെ കെടന്നാപ്പോരേ....!!!

പാഠം രണ്ട്: നല്ലവനായ ഏട്ടന്‍

ബോംബെയില്‍നിന്നും വരുന്ന ഒരു ബന്ധുവിനെ റിസീവ് ചെയ്യാന്‍ റെയില്‍വേ സ്‌റ്റേഷനില്‍ ചെന്നതായിരുന്നു ബിആര്‍.
വണ്ടി വരാന്‍ പിന്നേയും ഒരു മണിക്കൂര്‍ ബാക്കിയുണ്ടായിരുന്നു.
പ്ലാറ്റ്‌ഫോമിന്റെ ഒരറ്റത്തുള്ള ചാരുബെഞ്ചിലിരുന്ന് മനോരാജ്യം വായിക്കാന്‍ തുടങ്ങുമ്പോഴേക്കും സുമുഖനും മദ്ധ്യവയസ്‌കനുമായ ഒരു ചെറുപ്പക്കാരന്‍ ബിആറിന്റെ അടുത്തുവന്ന് ഉപവിഷ്ടനായി.
ഒരു ബെര്‍മൂഡ മാത്രമാണ് പുള്ളിക്കാരന്റെ വേഷം. ഷര്‍ട്ടിട്ടില്ല. കാലില്‍ രണ്ട് വള്ളിച്ചെരുപ്പുണ്ട്. തോളില്‍ എല്‍ജി പെരുങ്കായത്തിന്റെ ഒരു സഞ്ചിയും അതില്‍ അല്ലറ ചില്ലറ സാധനങ്ങളുമുണ്ടായിരുന്നു.
വേഷത്തിലെ ആ ലാളിത്യം കണ്ടപ്പോള്‍ ബിആര്‍ ഉറപ്പിച്ചു: ഇത് ഗോഡ്‌സ് ഓണ്‍ കണ്‍ട്രി കാണാന്‍ വന്ന സായിപ്പ് തന്നെ. സംശയല്ല്യ.
സായിപ്പന്മാര്‍ക്ക് പിന്നെ അങ്ങന്യൊന്നൂല്ല്യാലൊ.
ഒരു നേരമ്പോക്കവുമല്ലോന്നുകരുതി ബിആര്‍ അറിയാവുന്ന മുറിയിംഗ്ലീഷില്‍ സായിപ്പിനോട് ചോദിച്ചു: 'വിച്ച് കണ്‍ട്രി ഡൂ യൂ ബിലോങ് റ്റു, ജെന്റില്‍മേന്‍? യുഎസ്? ഓര്‍ യൂകെ?''
ബിആറിനെ അമ്പരപ്പിച്ചുകൊണ്ട് മറുപടി വന്നത് പച്ചമലയാളത്തിലാണ്: 'ഏയ്, ഞാന്‍ അത്തരക്കാരനല്ല. നല്ല അസ്സല് മലയാളിയാണ്.''
ബിആര്‍ അങ്ങട് ഇല്ല്യാണ്ടെ ആയിപ്പോയി.
പിന്നെ സംഭാഷണം മലയാളത്തിലായി. അത് ഇങ്ങനെ നീണ്ടു:
-ക്ഷമിയ്ക്കണം,ട്ടോ. ഈ വേഷം കണ്ടപ്പൊ സംശയം തോന്നി ചോദിച്ചതാണ്. ബൈ ദ ബൈ, എങ്ങോട്ടു പോകുന്നു?
-ജയ് പൂര്‍ക്ക് .
-ഇവ്‌ടെ എവ്ട്യാ?
-ഇവ്‌ടെ അടുത്തന്ന്യാണ്.
-ചോദിക്കുന്നതുകൊണ്ട് വിഷം തോന്നരുത്. ഈ വേഷമെന്താ ഇങ്ങനെ?
-ഒന്നും പറയണ്ട മാഷേ. വീട്ടുകാരും നാട്ടുകാരുമായി കൂട്ടം കൂടാന്‍ വേണ്ടി ഒരു മാസത്തെ ലീവിന് വന്നതാണ് ഞാന്‍. വരുമ്പോള്‍ എന്റെ കൈവശം റേബാന്‍ കൂളിങ്ഗ്ലാസ്സുണ്ടായിരുന്നു; റാഡോ വാച്ചുണ്ടായിരുന്നു; റേഡിയോ മാംഗോയുണ്ടായിരുന്നു; പാര്‍ക്കര്‍ പെന്നുണ്ടായിരുന്നു; ഫോറിന്‍ ക്യാമറയുണ്ടായിരുന്നു; ഫോറിന്‍ ഷൂസുണ്ടായിരുന്നു; ഫോറിന്‍ പെര്‍ഫ്യൂമുണ്ടായിരുന്നു; എല്ലാറ്റിനുമുപരി പതിനൊന്ന് ജോടി ടീഷര്‍ട്ടും ജീന്‍സുമുണ്ടായിരുന്നു; അതിനൊത്ത ബനിയനുകളും ജെട്ടികളുമുണ്ടായിരുന്നു...
-ഈശ്വരാ. എന്നിട്ടെങ്ങനെ ഈ കോലത്തിലായി? ഈ ബെര്‍മൂഡയൊഴിച്ച് ഒരു നൂല്‍ ബന്ധം പോലുമില്ലല്ലൊ!
-പറഞ്ഞിട്ടെന്തു കാര്യം. കംപ്ലീറ്റ് അടിച്ചുമാറ്റി.
-കഷ്ടം. തൃശ്ശൂരിലിപ്പോള്‍ കള്ളന്മാരുടെ ശല്യം വളരെ കൂടുതലാണ്.
-അതിന് ഇത് ചെയ്തത് കള്ളനൊന്ന്വല്ല.
-പിന്നെ?
-സ്വയം ചെത്തിനടക്കാന്‍ വേണ്ടി ന്റെ ഏട്ടന്‍ ചെയ്ത പണിയാണ്.
-കൊള്ളാം. നല്ല പസ്റ്റ് ഏട്ടന്‍ ! ആട്ടെ, ഏട്ടന്‍ എന്തു ചെയ്യുന്നു?
-ഏട്ടനിവിടെ ഒരു ഭരണഘടനാ സ്ഥാപനത്തിലാണ് പണി.
-ഉവ്വോ! ലെറ്റ് മീ നൊ ഹിസ് നെയിം.( എന്താമ്പേ തിരുമാലീടെ തിരുനാമം?)
-കെ.ബി.വേണുഗോപാലപ്പണിക്കര്‍ !!!

ഗ്യാസ് ട്രബ്ള്‍

പതിവില്ലാത്തവിധം വലതുകൈ വല്ലാതെ കുടഞ്ഞുകൊണ്ടുകേറിവരുന്ന സഹരാജന്‍ നായരെ കണ്ടപ്പോള്‍ ലക്ഷ്മിക്കുട്ടിയമ്മ പരിഭ്രമത്തോടെ ചോദിച്ചു:
-എന്തു പറ്റി?
-ഏയ്. ഒന്നൂല്ല്യ. നീ അല്പം കര്‍പ്പൂരാദി തൈലമിങ്ങെടുക്ക്. ഉള്ളംകൈക്ക് വല്ലാത്തൊരു
പുകച്ചില്...
-എന്നാലും എന്താണെന്നൊന്ന് പറയൂന്നേയ്.
-ഒന്നൂല്ല്യന്നേയ്. സെയ്ഫ്ഗ്യാസിന്റെ സൈഡ് ഇഫെക്റ്റാണ്.
-ഇതാപ്പൊ നന്നായെ. ഗ്യാസ് കാരണം വയറ്‌വേദന തലവേദന എന്നൊക്കെ കേട്ടിട്ടുണ്ട്. ഗ്യാസ്
കാരണം കൈപൊകച്ചില്ന്ന് ആദ്യായിട്ട് കേക്ക്വാണ്.
-അതല്ലാന്ന്. ഗ്യാസ് ലീക്കാവണത് തടയാനുള്ള 'സെയ്ഫ് ഗ്യാസ്' വാങ്ങിച്ചോണ്ടുവരാന്‍ നീ
പറഞ്ഞിരുന്നില്ലേ. ഞാന്‍ ഇന്ന് അതങ്ങ് വാങ്ങിച്ചു.
-ഓക്കെ. പക്ഷേ അതും ഉള്ളംകൈയിലെ പൊകച്ചിലും തമ്മില്‍ എന്താ ബന്ധം?
-കഷ്ടകാലത്തിന് ഞാന്‍ ആ സാധനം അസോസിയേഷന്‍ ഹാളില്‍ ഒന്നു കൊണ്ടുപോയി.
പിന്നത്തെ കോലാഹലമൊന്നും പറയണ്ട കുട്ട്യേയ്. പ്രായഭേദമെന്യേ സകലരും കേറിയങ്ങ്
അഭിപ്രായം പറയാന്‍ തൊടങ്ങി. അത് പക്ഷേ സഹിക്കാമായിരുന്നു. ചോദ്യങ്ങളുടെ
ശരമാരിയായിരുന്നു അസഹനീയം.
-ഇതില്‍ ഇത്രമാത്രം ചോദിക്കാനെന്തിരിക്കുന്നു
-ദാ കേട്ടോളൂ: എവിടെന്നാ വാങ്ങിച്ചത്? എന്ത് വെലയായി? ബിപിഎല്‍കാര്‍ക്ക്
സബ്‌സിഡീണ്ടൊ? രണ്ടെണ്ണം വാങ്ങിച്ചാ ഒരെണ്ണം ഫ്രീയുണ്ടോ? സിലിണ്ടറിന്റെ അകത്താണോ
പൊറത്താണോ ഫിറ്റ് ചെയ്യേണ്ടത്? സാധനം മെയ്ഡിന്‍ ആണോ? ആണെങ്കില്‍ എവിടത്തെ
മെയ്ഡിനാണ്? വാങ്ങാന്‍ റേഷന്‍ കാര്‍ഡ് കൊണ്ടുപോണോ? ഐഎസ്‌ഐ മുദ്രയുണ്ടോ?
ഒരാള്‍ക്ക് എത്രയെണ്ണം കിട്ടും? ഫിറ്റ് ചെയ്യാന്‍ എടത്തോട്ടാണോ വലത്തോട്ടാണോ
തിരിക്കേണ്ടത്? ഇന്‍ഷൂറന്‍സ് കവറേജുണ്ടോ?.......ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞുപറഞ്ഞ്
എന്റെ ക്ഷമേടെ നെല്ലിക്കപ്പടി കണ്ടു. അന്നേരമാണ് എന്‍ബി പരമേശ്വരന്‍ ആ കൊനുഷ്ഠ്
ചോദ്യം എഴുന്നള്ളിക്കുന്നത്. അതു കേട്ടതും എന്റെ സകല നിയന്ത്രണവും പോയി. ഒരു
സെക്കന്‍ഡിന്റെ പത്തിലൊരംശത്തിലായിരിക്കണം അതു സംഭവിച്ചത്. എന്റെ
തലയ്ക്കകത്തുനിന്ന് ഒരു കൊള്ളിയാന്‍ വലതുകൈയിലൂടെ പാഞ്ഞതുമാത്രം
ഓര്‍മ്മയുണ്ട്……..അതു ചെന്നുനിന്നത് എന്‍ബീടെ ഇടതുകരണത്താണെന്ന്
പിന്നീടാണറിഞ്ഞത്!
-ഈശ്വരാ! നിങ്ങള്‍ടെ കണ്‍ട്രോള് വിടാന്‍ മാത്രം എന്തു ചോദ്യമാണ് എന്‍ബി ചോദിച്ചത്?
-' അതേയ്, ഈ സാധനം ഫിറ്റ് ചെയ്താ അറ്റ കൈയ്ക്ക് രണ്ടു ദിവസം ഗ്യാസില്ലേലും സ്റ്റൗ
കത്തിക്കാന്‍ പറ്റ്വോ? ' !!!

ചിന്താക്രാന്തന്‍

'സുതര്‍ മാമുനിയോടയോദ്ധ്യയില്‍
ഗതരായോരളവന്നൊരന്തിയില്‍
അതിചിന്തവഹിച്ചുസീതപോയ്
സ്ഥിതിചെയ്താളുടജാന്തവാടിയില്‍''
അശോകവനികയിലെ ശിംശപാവൃക്ഷത്തിന്റെ ചോട്ടില്‍ ചിന്താവിഷ്ടയായിരിക്കുന്ന സീതാദേവിയെപ്പറ്റി കുമാരനാശാന്‍ പറഞ്ഞുതുടങ്ങുന്നത് ഇങ്ങനെയാണ്.
ആ സീതാദേവിയെ വെല്ലുന്ന വിധത്തിലായിരുന്നു ഇന്നലെ ശ്രീമാന്‍ ആന്റണ്‍ വില്‍ഫ്രഡിന്റെ ഇരിപ്പ്!
കവിതയെഴുത്തില്‍ വാസനയുണ്ടായിരുന്നെങ്കില്‍ ആ ഇരിപ്പിനെപ്പറ്റി ബിആര്‍ ഒരു ണ്ഡകാവ്യമെഴുതിയേനെ, ഇരുന്നയിരിപ്പില്‍. പക്ഷേ പറഞ്ഞിട്ടെന്തുകാര്യം. ബിആറിന് ബദ്യം വഴങ്ങൂല. പ്രത്യേകിച്ചും ദ്വിതീയാക്ഷരപ്രാസം.
അതുകൊണ്ട് ചിന്തിച്ചുചിന്തിച്ച് ഒരന്തവുംകുന്തവുമില്ലാതെ മന്ത്‌ലിഅക്കൗണ്ടുകള്‍ക്കിടയില്‍ കുന്തിച്ചിരിക്കയായിരുന്ന അന്തോണി വില്‍ഫ്രഡിനോട് ബിആര്‍ ഗദ്യത്തില്‍ ചോദിച്ചൂ:
-കുറേ നേരമായല്ലൊ ചിന്തയും വായിച്ചോണ്ടിരിക്കുന്നത്. എന്തു പറ്റി?
-അതേയ്, മനുഷ്യര്‌ടെ തലച്ചോറിന്റെ പ്രവര്‍ത്തനത്തെപ്പറ്റി ബിആര്‍ പഠിച്ചിട്ടുണ്ടോ?
-ഇല്ല്യ
-എന്നാല്‍ ഞാന്‍ പഠിച്ചത് പറഞ്ഞുതരട്ടോ?
-തീര്‍ച്ചയായും
-അറ്റേടൈം നമ്മുടെ ബ്രെയ്‌നിന്റെ ഒരു പാതിയേ പ്രവര്‍ത്തിക്കൂ. ഒന്നുകില്‍ ഇടത്തേപാതി. അല്ലെങ്കില്‍ വലത്തേപാതി. രണ്ട് പാതിയും ഒരുമിച്ച് പ്രവര്‍ത്തിക്കില്ല.
-ഓഹോ!
-പിന്നെ ബ്രെയ്‌നിന്റെ ഒരുവശം പ്രവര്‍ത്തിക്കുമ്പോള്‍ നമ്മുടെ തല നാമറിയാതെ മറ്റേവശത്തേക്ക് മെല്ലെ ചായും.
-സോദാഹരണം പ്രഭാഷിക്കാമോ?
-അതിലേക്കാണ് ഞാന്‍ വന്നുകൊണ്ടിരിക്കുന്നത്. ഉദാഹരണത്തിന് നമ്മള്‍ എഴുതിക്കൊണ്ടിരിക്കയാണെന്നിരിക്കട്ടെ. അന്നേരം ബ്രെയ്‌നിന്റെ ഇടതുഭാഗമാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ തല മെല്ലെ വലത്തോട്ട് ചായും. അതല്ല, വലതുഭാഗമാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ തല ഇടത്തോട്ട് ചായും.
-ശെരി. അതങ്ങനെയായിക്കോട്ടെ. അതാലോചിച്ച് ആന്റണ്‍ എന്തിനാണ് തല പുണ്ണാക്കുന്നത്?
-അതു പിന്നെ ഒരു കാര്യമുണ്ട്. ആരോടും പറയരുത്.
-ഹേ......യ്
-ബ്രെയ്‌നിന്റെ രണ്ട്പാതിയും ഒപ്പം പ്രവര്‍ത്തിക്കില്ലെന്ന് ഞാന്‍ പറഞ്ഞല്ലൊ.
-ഉവ്വല്ലൊ
-അപ്പൊപ്പിന്നെ മ്മ്‌ടെ എം.കെ.മനോജിന്റെ കാര്യത്തില്‍ എന്താണ് സംഭവിക്കുന്നത്? എത്ര ആലോചിച്ചിട്ടും എനിയ്ക്കത് മനസ്സിലാവുന്നില്ല.
-എന്താണ് കാര്യം?
-മനോജ് ഓഡിറ്റ്‌നോട്ടെഴുതുമ്പോള്‍ തല ഇടത്തോട്ടോ വലത്തോട്ടോ കടുകിട തിരിയുന്നില്ല!!!

രാധേടെ ധ

അതിഖര-ഖോഷാക്ഷരങ്ങളോട് എന്തെന്നില്ലാത്ത കമ്പമാണ് നമ്പൂരാര്‍ക്ക്.
ഉദാഹരണത്തിന് നമ്മള്‍ സാധാരണക്കാര്‍ സമ്പവം എന്നു പറയുമ്പോള്‍ സംഭവം എന്നേ നമ്പൂരിമാര്‍ പറയൂ. അതുപോലെ കതകളിക്ക് കഥകളിയെന്നും പാടകത്തിന് പാഠകമെന്നും നാനാര്‍ത്തത്തിന് നാനാര്‍ത്ഥമെന്നും അബ്യാസത്തിന് അഭ്യാസമെന്നുമാണ് തിരുമേനിമാര്‍ പറയുക.
ഇനി കാര്യത്തിലേക്ക് കടക്കാം.
നമ്മുടെ പാച്ചുനമ്പൂരി (എന്‍.ബി.പരമേശ്വരന്‍) ഏതോ പി എഫ് സെക്ഷനില്‍ ജോലി ചെയ്യുന്ന കാലം.
ഒരുദിവസം തിരുമേനി പുറത്തുപോയി തിരിച്ചുവന്നപ്പോള്‍ സെക് ഷനിലുള്ളവര്‍ പറഞ്ഞു:
-പാച്ചൂനെ ആപ്പീസറന്വേഷിക്കണ് ണ്ട്
-ഉവ്വ്വോ? ആരാണാവോ ആപ്പീസറ്?
-രാധ മേഡം.
-എം.സി. രാധയാണോ?
-അല്ല. മെയിനാപ്പീന്നു വന്ന രാധയാണ്.
-ആളെ ഞാന്‍ അറിയില്ലല്ലൊ.
-അതിനെന്താ. ക്യാബിനുമുമ്പില്‍ പേരെഴുതിവെച്ചിട്ടില്ലേ.
-അ: അത് ശെരിയാണല്ലൊ.
മുണ്ട് മാടിക്കെട്ടി, കൈ രണ്ടും പതിവുപോലെ പുറകില്‍ കെട്ടി എന്‍ ബി രാധസാറിന്റെ ക്യാബിന്‍ ലക്ഷ്യമാക്കി നടന്നു...
ക്യാബിനു മുന്നില്‍ രണ്ട് ബോര്‍ഡുകള്‍ ഞാന്നുകിടന്നൂയലാടുന്നുണ്ട്. ഒന്നൊരു രാധ. പിന്നെയൊരു ഗീത. ദൈവം സഹായിച്ച് രണ്ടാളേയും തിരുമേനിക്കറിയില്ല! രണ്ടു പേരും തിരുവനന്തപുരത്തുകാരാണ്.
മടക്കിക്കുത്തിയ മുണ്ട് അഴിച്ചിടാതെതന്നെ വളരെ പ്രയാസപ്പെട്ട് ഹാഫ്‌ഡോറിനടിയിലൂടെ തിരുമേനി അകത്തുകടന്നു. നോക്കുമ്പോള്‍ രണ്ടാപ്പീസര്‍മാരും അവരവരുടെ കസേരയിലിരുന്ന് ഉറക്കം തൂങ്ങുകയാണ്. (പാവങ്ങള്‍. ട്രെയിനിലെ ഉറക്കം ശെരിയായിട്ടുണ്ടാവില്ല. തിരുമേനി മനസ്സില്‍ പറഞ്ഞു.)
അനന്തരം പുറകില്‍നിന്നും ഇടതുകൈ അഴിച്ചെടുത്ത് കൈപ്പത്തിയിലെ ചെറുവിരലൊഴികെ മറ്റെല്ലാം മടക്കി ചെറുവിരല്‍ ചൂണ്ടി റിസ്റ്റ് മേലോട്ടും കീഴോട്ടും ചലിപ്പിച്ച് തനി നമ്പൂരിശ്ശൈലിയില്‍ തിരുമേനി ചോദിച്ചു:
'' അപ്പൊഴേയ് ഇതിലാരാ രാ... ?''
തിരുമേനീടെ കേട്ടതും ഉറക്കം തൂങ്ങുകയായിരുന്ന രാധസാറ് ധീംതരികിടധോം എന്ന് നിലംപതിച്ചതും ഒന്നിച്ചായിരുന്നു !!!

Thursday, December 9, 2010

ഓണററി ഡോക്ടറേറ്റ്

ഒരു ദിവസം കണ്ണന്റെ മകള്‍ കണ്ണനോട് ചോദിക്കുകയാണ്:
''എന്താ അച്ഛാ ഈ ഓണററി ഡോക്ടറേറ്റ് എന്നു പറഞ്ഞാല്‍?''
കണ്ണന്‍ പറഞ്ഞുകൊടുത്തു:
''അതുപിന്നെ നിന്റെ അമ്മ ഇടയ്ക്ക് പറയാറില്ലേ, അച്ഛനാണ് ഈ കുടുംബത്തിന്റെ
നാഥനെന്ന്. ഏതാണ്ട് അതുപോലുള്ള ഒരു സംഭവമാണ് '' !!!

Monday, December 6, 2010

MENON SYNDROME

ഉറക്കക്കുറവിന് ഡോക്ടറെ കാണാന്‍ പോയതാണ് മേനോന്‍.
പരിശോധനക്കിടയില്‍ ഡോക്ടര്‍ മേനോനോട് പറഞ്ഞു: 'ആ കൈയൊന്നു നീട്ടൂ.''
മേനോന്‍ കൈ നീട്ടി.
കൈയുടെ വിറയല്‍ കണ്ടപ്പോള്‍ ഡോക്ടര്‍ക്ക് ഏതാണ്ടൊരൂട്ടൊക്കെ മനസ്സിലായി.
അദ്ദേഹം ചോദിച്ചു: 'ഒരു ദിവസം എത്ര പെഗ്ഗടിക്കും?''
മടിച്ച് മടിച്ച് മേനോന്‍ പറഞ്ഞു: 'ഞാന്‍ വളരെ കുറച്ചേ കഴിക്കാറുള്ളു, ഡോക്ടര്‍.''
'ബട്ട് ഐ ഡോണ്ട് ബിലീവിറ്റ്''
'സത്യമാണ് ഡോക്ടര്‍. ഗ്ലാസ്സ് ചുണ്ടോടടുപ്പിക്കുമ്പോഴേക്കും പണ്ടാരടങ്ങാന്‍ മുക്കാല്‍ ഭാഗവും തുളുമ്പിപ്പോയിട്ടുണ്ടാവും….''

Thursday, December 2, 2010

ബൈബ്ള്‍: വെളിച്ചത്തിന്റെ കവചം

കെ.പി.അപ്പന്‍ സാറിന്റെ പുസ്തകത്തിന്റെ അവലോകനമാണെന്നു കരുതിയെങ്കില്‍ വായനക്കാര്‍ക്ക് തെറ്റി.
ഇത് ചെറിയൊരു ദൃക്‌സാക്ഷി വിവരണമാണ്. സി ആര്‍ ബാബുവിന്റെ വീട്ടില്‍ ഇടവകയിലെ വികാരിയച്ചന്‍ നടത്തിയ സന്ദര്‍ശനത്തിന്റെ വിവരണം.
' അവിശ്വാസി പിശാചുക്കളില്‍നിന്ന് വിശ്വാസികളെ രക്ഷിക്കുക' എന്ന ക്യാമ്പെയ്‌നിന്റെ ഭാഗമായിട്ടായിരുന്നു ഇടവക വികാരിയുടേയും ഒരുവക അസ്‌തേന്തിയുടേയും സന്ദര്‍ശനം.
അച്ചന്മാര്‍ പടികയറിവരുമ്പോള്‍ ഉമ്മറത്തിരുന്ന് 'എങ്ങനെ നല്ല കമ്മ്യൂണിസ്റ്റാകാം' എന്ന പുസ്തകം വായിച്ചോണ്ടിരിക്കുകയായിരുന്നു സി ആര്‍ ബാബു.
ഇടയന്മാര്‍ മുറ്റത്തെത്തിയപ്പോഴേക്കും ബാബു കൈയിലുണ്ടായിരുന്ന പുസ്തകവും ടീപ്പോയില്‍ കിടന്നിരുന്ന ചിന്ത വാരികയും ദേശാഭിമാനി പത്രവും മജീഷ്യന്‍ മുതുകാടിനെ വെല്ലുന്ന തരത്തില്‍ അപ്രത്യക്ഷമാക്കിക്കളഞ്ഞു!
ചൂരല്‍ക്കസേരയില്‍ ഉപവിഷ്ടനായ വികാരിയച്ചന്‍ കുശലാന്വേഷണമാരംഭിച്ചു:
' എന്താ ബാബൂ, ഈയിടെ പള്ളീലേക്കൊന്നും കാണാറില്ലല്ലൊ'
'സമയം കിട്ടാഞ്ഞിട്ടാണച്ചോ'. ബാബു പറഞ്ഞു.
'അതു പറഞ്ഞാ പറ്റില്ലല്ലൊ. ഞായറാഴ്ചയെങ്കിലും പള്ളീല് വരണ്ടെ?'
' ഞായറാഴ്ചയാവുമ്പൊ നൂറുകൂട്ടം കാര്യങ്ങളാണച്ചോ. അതിനുംവേണ്ടീട്ട് ഇവള് ദിവസോം വരുന്നുണ്ടല്ലൊ '. വാതിക്കല്‍ മറഞ്ഞുനില്‍ക്കുകയായിരുന്ന ശ്രീമതിയെ ചൂണ്ടിക്കാട്ടി ബാബു പറഞ്ഞു.
' അതിന്റെ പുണ്യം അവള്‍ക്ക് കിട്ടും. എന്തായാലും ബാബു ഈ പോക്ക് പോയാ പറ്റ്ല്ല്യ. അവിശ്വാസി പിശാചുക്കളില്‍നിന്ന് മാനവരാശിയെ നമുക്ക് രക്ഷിച്ചെടുക്കണം. അതിന് ബാബുവിനാല്‍ ആവുന്നത് ബാബു ചെയ്‌തേ തീരൂ'.
' ചെയ്യാമച്ചോ'
' സമയപരിമിതിമൂലം ബാബൂന്റെ വാക്ക് വിശ്വസിച്ച് ഞങ്ങള്‍ ഇറങ്ങുകയാണ്'
'ശെരിയച്ചോ'
ഇറങ്ങാന്‍ നേരം സിറ്റൗട്ടിലെ ബുക്‌ഷെല്‍ഫിലേക്ക് വെറുതെയൊന്ന് കണ്ണോടിച്ച വികാരിയച്ചന്റെ കണ്ണ് തള്ളിപ്പോയി. എന്തൊക്കെയാണവിടെ നിരത്തിവെച്ചിരിക്കുന്നത്: മൂലധനം, കമ്മ്യൂണിസ്റ്റ് മാനിഫെസ്‌റ്റൊ, സി പി എസ് യു വിന്റെ ചരിത്രം, ഭരണകൂടവും വിപ്ലവവും, ചെഗുവേരയുടെ ബൊളീവിയന്‍ ഡയറി, പാബ്ലോ നെരൂദയുടെ തെരഞ്ഞെടുത്ത കവിതകള്‍, ഫിഡല്‍ കാസ്‌ട്രോയുടെ 'ചരിത്രം എന്നെ കുറ്റക്കാരനല്ലെന്നു വിധിക്കും' ലെനിന്റെ 'നാട്ടിന്‍പുറത്തെ പട്ടിണിപ്പാവങ്ങളോട്' തുടങ്ങി ഒരു ജ്ജാതി പൊസ്തകങ്ങള്‍!
ഇക്കാണുന്നതൊക്കെ ഒരു സഭാവിശ്വാസിക്ക് ചേരുന്നതോ എന്ന ദുസ്സൂചനയോടെ വികാരി ബാബുവിനോട് ചോദിച്ചു: ' ബാബു ബൈബ്ള്‍ വായിക്കാറില്ലേ?'
ഇത് കേട്ടതും പെട്ടെന്നെന്തോ ഓര്‍ത്തിട്ടെന്നപോലെ ബാബുവിന്റെ ശ്രീമതി അകത്തേക്ക് വലിഞ്ഞു. ഉടന്‍ തന്നെ തിരിച്ചെത്തുകയും ചെയ്തു….
അച്ചന്റെ ചോദ്യത്തിന് മറുപടി പറയാനാകാതെ ബാബു നിന്നുപരുങ്ങുന്നതു കണ്ടപ്പോള്‍ അച്ചന്‍ ബാബുവിന്റെ ശ്രീമതിയോട് പറഞ്ഞു: ' എന്തായാലും മോള് ബൈബ്ള്‍ വായിക്കുന്നുണ്ട്. മുഖത്തെ വെളിച്ചം കണ്ടാലറിയാം…'.
ഇടയന്മാര്‍ പോയിക്കഴിഞ്ഞപ്പോള്‍ ബാബു ശ്രീമതിട്ടീച്ചറോട് ചോദിച്ചു: ' അങ്ങേര് പറഞ്ഞത് ശെരിയാണല്ലൊ. അന്നേരം നിന്റെ മുഖത്തൊരു പ്രകാശം കണ്ടല്ലൊ.'
അപ്പോള്‍ ശ്രീമതി പറയുകയാണ്: ' എങ്ങനെ പ്രകാശിക്കാതിരിക്കും? എത്ര നാളായി ഞാന്‍ ആ റേഷന്‍ കാര്‍ഡ് തപ്പി നടക്കണ്. ഇപ്പൊ അച്ചന്‍ ബൈബ്‌ളിന്റെ കാര്യം ചോദിച്ചപ്പോളല്ലേ അത് എവിടെയാണ് വെച്ചതെന്ന് എനിക്ക് ഓര്‍മ്മ വന്നത് !!! '