rajasooyam

Saturday, October 31, 2015

അളിയന്റെ പര്യായം
-ഹലോ, ബിആറല്ലേ
-അതേ. ആരാണപ്രത്ത്?
-പിആറാണ്
-നമസ്‌കാരം, ഐന്തോള്‍ മഹരാജ്. എന്താ വിശേഷം?
-അതേയ്, ഞാന്‍ ഒരു പുതിയ വാക്ക് കണ്ടുപിടിച്ചിട്ടുണ്ട്. അതിന്റെ പേറ്റെന്റ് എടുക്കുന്നത്
എങ്ങനെയെന്നറിയാന്‍ വിളിച്ചതാണ്
-അക്കാര്യത്തില്‍ ഞാന്‍ തുലോം അജ്ഞനാണ് മഹരാജ്
-അങ്ങനെയാണോ
-അതെ
-അതുപോട്ടെ. പുതിയ വാക്ക് കണ്ടുപിടിക്കാനുള്ള പ്രചോദനമെന്തായിരുന്നു?
-ഗോഘ്‌നന്‍!
-ച്ചാലോ?
-അതുശെരി. അപ്പൊ ബിആര്‍ പത്രദ്വാരമൊന്നും കാണാറില്ലല്ലേ? ഈയിടെയായി പത്രത്തില്‍
 നിറഞ്ഞുനില്‍ക്കണ വാക്കല്ലേ അത്
-ഗോഘ്‌നനോ? അതിനെയൊന്ന് നിഗ്രഹിച്ച് സമാസം പറയാമോ?
-നിഗ്രഹിക്കണോ വിഗ്രഹിക്കണോ?
-രണ്ടും ഒന്നന്നെ
-യാതൊരുവന്‍ ഹേതുവായിക്കൊണ്ടാണോ പശു വധിക്കപ്പെടുന്നത്, ലവന്‍ ബഹുവ്രീഹി
-ഹി ഹ്ഹി. എന്താണാവോ അതിന്റെ അര്‍ത്ഥാന്തരന്യാസം?
-അതിഥി
-അതെങ്ങനെയാണ് അതിഥിക്ക് അങ്ങനെയൊരര്‍ത്ഥം വന്നുഭവിക്കുന്നത്?
-പണ്ടുപണ്ട് വളരെ പണ്ട് ദിനോസറുകള്‍ക്കും ടെര്‍മിനേറ്ററിനുമൊക്കെ മുമ്പ് വീടുകളില്‍ അതിഥികള്‍  വരുമ്പോള്‍ അവരെ സല്‍ക്കരിക്കാന്‍ വേണ്ടി പശൂനെ കശാപ്പ് ചെയ്യാറുണ്ടായിരുന്നത്രേ.
-കൊള്ളാം. എന്നാലും അതൊരു കഠിനപദമായിപ്പോയില്ലേ രാജന്‍? കഥകളിപ്പദത്തേക്കാള്‍ കഠിനം..
-അതൊക്കെ ശരിയായിരിക്കാം. പക്ഷേ ആ പദമാണ് അളിയനൊരു പര്യായപദം കണ്ടെത്താന്‍ എന്നെ    സഹായിച്ചത്..
-അതേതാ പദം?
-കുക്കുടഘ്‌നന്‍!
-കുക്കുടമെന്നാല്‍ കോഴിയല്ലേ
-അതേ
-അളിയനും കോഴിയും തമ്മില്‍ എന്താ ബന്ധം?
-അളിയന്‍ വരുമ്പോഴല്ലേ വീട്ടില് കോഴീനെ കൊല്ലണേ...!!!

Friday, October 2, 2015



കീഴ്ക്കണാമ്പാടിന്റെ ബീപ്പി


അങ്ങനെയായിരിക്കുന്നതായിട്ടുള്ള (എങ്ങനെയിരിക്കുന്നതെന്നു ചോദിക്കരുത്) സന്ദര്‍ഭത്തിങ്കല്‍
ഒരു നട്ടപ്പാതിരയ്ക്ക് നാലും കൂട്ടി മുറുക്കി ഉമ്മറക്കോലായില്‍ കുന്തിച്ചിരിക്കുമ്പോള്‍
എന്‍ബി പരമീശന്‍ നമ്പൂരിക്ക് ഒരു ശങ്ക:
ഈയിടെയായി ശരീരം ഇത്തിരി പൂര്‍ണ്ണിച്ചുവരുന്നുണ്ടോ...
നടക്കുമ്പോള്‍ നടേശനെപ്പോലെ ഒരു കിതപ്പനുഭവപ്പെടുന്നുണ്ടോ...
ബീപ്പി ലേശം കൂടുന്നുണ്ടോ....
ഒരു ശങ്ക തോന്നിയാല്‍ പിന്നെ അടുത്ത ശങ്ക തോന്നുന്നതുവരെ തിരുമേനിക്ക്
ഇരിക്കപ്പൊറുതി കിട്ടില്ല. അതുകൊണ്ട് പിറ്റേന്ന് നേരം പരാപരാപരാ പരമപാഹിമാം എന്നു
പുലര്‍ന്നപ്പോള്‍ തന്നെ കുളിതേവാരാദികള്‍ക്കും പല്ലുതേപ്പാദികള്‍ക്കും
കട്ടങ്കാപ്പ്യാദികള്‍ക്കും മറ്റും അവധി കൊടുത്ത് തിരുമേനി ബൈക്കെടുത്ത് ഡോക്ടറുടെ അടുത്തേക്ക് പാഞ്ഞു.
കണ്‍സള്‍ട്ടിങ് റൂമിലേക്ക് കടന്നയുടന്‍ എന്‍ബി ഡോക്ടറോട് പറഞ്ഞു:
സാര്‍, എന്റെ ബീപ്പി ഒന്നുനോക്കണം
മാനോമീറ്ററിലെ മെര്‍ക്കുറി കോളം ഉയര്‍ന്നും താഴ്ന്നും പിന്നേയും ഉയര്‍ന്നും തത്തിക്കളിക്കുന്നത്
നോക്കിയിരിക്കുമ്പോള്‍ ആശങ്കയാല്‍ എന്‍ബിയുടെ ചങ്കിടിക്കുകയായിരുന്നു...
പതിവില്ലാത്തവിധം ഡോക്ടര്‍ തന്റെ മേലാസകലം നിരീക്ഷിക്കുന്നതും എന്‍ബി
കാണുന്നുണ്ടായിരുന്നു....
ധൈര്യം കിട്ടാന്‍ വേണ്ടി എന്‍ബി മനസ്സില്‍ അര്‍ജ്ജുനപ്പത്ത്  ഉരുക്കഴിക്കാന്‍ തുടങ്ങി.
അത് ഏതാണ്ട് ഒരരുക്കായപ്പോഴാണ് ഡോക്ടറുടെ ചോദ്യം:
വല്ലാതെ ധൃതി പിടിച്ചാണോ ഇങ്ങോട്ട് പോന്നത്?
ഇതുകൂടി കേട്ടപ്പോള്‍ എന്‍ബി ഉറപ്പിച്ചു:
ബീപ്പി ക്രമാതീതമായി കൂടിയിട്ടുണ്ട്. അല്ലാതെ ഡോക്ടര്‍
ഇങ്ങനെ ചോദിക്കില്ല..
ഉല്‍ക്കടമായ ഉദ്വേഗത്തോടെ എന്‍ബി ചോദിച്ചു:
-വല്ലാതെ കൂടിയിട്ടുണ്ടോ ഡോക്ടര്‍?
-എന്ത്?
-ബീപ്പി
-നോ നൊ. ഇറ്റ്‌സ് ക്വയ്റ്റ് നോര്‍മല്‍
-അപ്പൊപ്പിന്നെ ഞാന്‍ ധൃതിയിലാണോ വന്നേന്ന് ചോദിച്ചതെന്താ സാർ?
-ടീ ഷര്‍ട്ട് അകം പുറം മറിച്ചിട്ടിരിക്കുന്നതു കണ്ട് ചോദിച്ചതാ !!!