rajasooyam

Saturday, January 22, 2011

ഏപ്പിയും എന്‍ബിയും

സൊസൈറ്റി ഇന്‍ചാര്‍ജ് സ്മിത അന്ന് ലീവായിരുന്നു.
സൊസൈറ്റിയുടെ താക്കോല്‍ എന്‍ബിയുടെ കൈയിലായിരുന്നു.
എന്‍ബിയാണെങ്കില്‍ അണോഥറൈസ്ഡ് ആബ്‌സെന്‍സും.
വൈസ് പ്രസിഡന്റ് ഏപ്പി മോഹനന്‍ പെട്ടുപോയെന്നു പറഞ്ഞാല്‍ മതിയല്ലൊ.
പക്ഷേ അങ്ങനെ പറഞ്ഞതുകൊണ്ടായില്ലല്ലൊ.
ധനകാര്യസ്ഥാപനം അങ്ങനെ പൂട്ടിക്കിടക്കാന്‍ പാടില്ലല്ലൊ.
ഒടുവില്‍ ഏപ്പി എന്‍ബിയെ ഫോണില്‍ വിളിച്ചു:
-തിരുമേനി ഇന്ന് ലീവാണോ?
-അതേ.
-എന്താ പ്രത്യേകിച്ച്? പണിക്കാര് വന്നിട്ടുണ്ടോ?
-ഉവ്വ്. എന്റെ വീട്ടിലല്ല. കണ്ണന്റെ വീട്ടില്.
-അതുകൊള്ളാം. അതിന് എന്‍ബി എന്തിനാ ലീവെടുക്കണത്?
-അത് ശെരി. എന്റെ മെറ്റീരിയല്‍സ് മോഷണം പോയാ ഏപ്പിക്കെന്താ അല്ലേ?
-ഏതായാലും തിരുമേനി ഒന്ന് ഇത്രടം വരണം.
-എന്താ കാര്യം?
-സൊസൈറ്റീടെ കീ ഒന്നു കൊണ്ട്വരണം.
-ശ്ശൊ, ഞാന്‍ ആ കാര്യം മറന്നൂട്ടോ. ഇപ്പൊ കൊണ്ട്വരാം.

എന്‍ബി ബൈക്കുമെടുത്ത് പറന്നുവന്നു.
പക്ഷേ ദൗര്‍ഭാഗ്യവശാല്‍ ഏപ്പി അപ്പോഴേക്കും മറ്റൊരു മറവിയുമായി ബന്ധപ്പെട്ട് പുറത്തുപോയിരുന്നു.
(പുള്ളിക്കാരന്‍ രാവിലെ വീട്ടില്‍നിന്നു പോരുമ്പോള്‍ സ്‌കൂട്ടറെടുക്കാന്‍ മറന്നു! അതെടുക്കാന്‍ പോയതാണ്!)
ഇത്തവണ ആപ്പിലായത് എന്‍ബിയായിരുന്നു.
ഉടന്‍ തിരിച്ചു ചെന്നില്ലെങ്കില്‍ താന്‍ വീടുപണിക്ക് വേണ്ടി തട്ടിയ ഇഷ്ടികയും മണലും സിമന്റും കണ്ണന്റെ മതിലേല്‍ കേറും!
ധനകാര്യസ്ഥാപനത്തിന്റേതായതുകൊണ്ട് താക്കോല്‍ മറ്റാരേയും ഏല്‍പ്പിക്കാനും പറ്റില്ല.

ബുദ്ധിമാനായ എന്‍ബി പക്ഷേ ഒടുവില്‍ ഒരു വഴി കണ്ടുപിടിക്കുകതന്നെ ചെയ്തു.
കണ്ടുപിടിക്കുക മാത്രമല്ല, ക്ഷണനേരത്തിനുള്ളില്‍ അത് പ്രാവര്‍ത്തികമാക്കുകയും ചെയ്തു.
എന്നിട്ട് ഏപ്പിയെ വിളിച്ച് പറഞ്ഞു:
-അപ്പൊ ഏപ്പീ, താക്കോല് ഞാന്‍ ഭദ്രമായി ഒരു സ്ഥലത്ത് വെച്ചിട്ടുണ്ട്. വരുമ്പൊ എടുത്തോളൂട്ടോ.
-താങ്ക്യൂ എന്‍ബീ. ബുദ്ധിമുട്ടിച്ചതില്‍ ക്ഷമിക്കണംട്ടോ. എവട്യാ താക്കോല് വെച്ചത്?
-അത്പിന്നെ സൊസൈറ്റീടെ ഡോറിന്റെ അടിഭാഗത്ത് ഡോറും ഫ്‌ളോറും തമ്മില്‍ ഒരു
ചെറിയ ഗ്യാപ്പില്ലേ. അതിലൂടെ അകത്തേക്ക് നെരക്ക്യങ്ങട് വിട്ടട്ട് ണ്ട് !!!

Sunday, January 16, 2011

ബുദ്ധിമാനായ എന്‍ബി

ഇംഗ്ലീഷ് ഗുളിക കഴിക്കാന്‍ ഭയങ്കര മടിയാണ് എന്‍ബി പരമേശ്വരന്റെ പുത്രനും അഞ്ചുവയസ്സുകാരനുമായ വിഷ്ണുവിന്.
ഗുളികയുടെ കയ്പ് തന്നെ കാരണം.
ഒരിക്കല്‍ എന്തോ ഒരു ചെറിയ അസുഖം വന്നപ്പോള്‍ ഡോക്ടര്‍ ഏതോ ഒരു ഗുളികയെഴുതി.
1 വീതം 3 നേരം കഴിക്കണം.
ഇവനെക്കൊണ്ട് ഇതെങ്ങനെ കഴിപ്പിക്കും- അതായി സാവീടെ വേവലാതി.
വഴിയുണ്ട് - എന്‍ബി പറഞ്ഞു. (അച്ഛനാരാ മോന്‍!)
എന്‍ബി ബൈക്കുമെടുത്ത് പുറത്തേക്കുപോയി.
10 മിനിറ്റുകഴിഞ്ഞപ്പോള്‍ കൈയില്‍ ഒരു പാക്കറ്റ് രസഗുളയുമായി തിരിച്ചുവന്നു.
പിന്നെ പാക്കറ്റുതുറന്ന് ഒരു രസഗുളയെടുത്ത് അതില്‍ ഉപായത്തില്‍ ഒരു തുളയുണ്ടാക്കി വിഷ്ണുവിന് കഴിക്കാനുള്ള ഗുളിക പുറമേയ്ക്ക് കാണാനാവാത്ത വിധത്തില്‍ അതില്‍ നിക്ഷേപിച്ചു ! പിന്നെ ഒരു പ്ലേറ്റില്‍ അത് ഡൈനിംഗ് ടേബിളില്‍ വെച്ചു. എന്നിട്ട് വിഷ്ണുവിനെ വിളിച്ച് പറഞ്ഞു: വിഷ്ണൂ, ദേ അച്ഛന്‍ നിനക്ക് ഒരു രസഗുള വാങ്ങിക്കൊണ്ട്വന്ന്ട്ട് ണ്ട്. എടുത്ത് കഴിച്ചോളൂ.
ഇതുകണ്ടതും ഇപ്രകാരമാലോചിച്ച് സാവീടെ കണ്ണു നിറഞ്ഞുപോയി : എത്രയെത്ര കല്യാണാലോചനകള് വന്നതാണെനിയ്ക്ക്. അതില്‍നിന്ന് ഇത്രയും ബുദ്ധിമാനായ ഒരാളെ തെരഞ്ഞുപിടിച്ച് ദൈവം എനിക്ക് തന്നല്ലൊ! മുജ്ജന്മ സുകൃതം ! ......................

ഏതാണ്ടൊരു പത്തുമിനിറ്റ് കഴിഞ്ഞപ്പോള്‍ എന്‍ബി വിഷ്ണുവിനെ വിളിച്ച് അന്വേഷിച്ചു:
-വിഷ്ണൂ, നീ രസഗുള കഴിച്ച്വോ?
-ഉവ്വ്
-എങ്ങനീണ്ടായിരുന്നു?
-നല്ല രസണ്ടായിരുന്നു. പിന്നീണ്ട്‌ല്ലൊ അച്ഛാ, അതിന്റെ കുരൂന് ഭയങ്കര കയ് പ്പാ.
അത് ഞാന്‍ തുപ്പിക്കളഞ്ഞു !!!

Sunday, January 9, 2011

കണ്ണനും ജയകുമാറും പിന്നെ പവിഴം റൈസും

കുറച്ചുനാള്‍ മുമ്പുവരെ ആര്‍ കണ്ണന്‍ കടുത്ത ചീട്ടുകളിക്കാരനായിരുന്നു.
അരിവെച്ചായിരുന്നു കളി.
അരിവെച്ചുകളിയോ, അതെന്തുകളിയെന്നാവും ചോദ്യം.
റിക്രിയേഷന്‍ ക്ലബ്ബില്‍ പണംവെച്ചുകളി പാടില്ലല്ലൊ.
അതിനെ മറികടക്കാന്‍ ബുദ്ധിരാക്ഷസന്മാര്‍ കണ്ടുപിടിച്ചതാണ് അരിവെച്ചുകളി.
ഡെയ്‌ലി ഒരു കൈയില്‍ പത്തുകിലോന്റെ പവിഴം റൈസുമായിട്ടാണ് കണ്ണന്‍ ചീട്ടുകളിക്കാന്‍ പോവുക. മറ്റേ കൈ കളിക്കൂട്ടുകാരനായ ജയകുമാറിന്റെ തോളിലായിരിക്കും.
കളികഴിഞ്ഞ് ക്ലബ്ബിനുപുറത്തുകടക്കുമ്പോള്‍ പക്ഷേ പവിഴം റൈസ് ജയകുമാറിന്റെ കൈയിലായിരിക്കും.....
ഇതിങ്ങനെ പതിവായപ്പോള്‍ ഒരുദിവസം കണ്ണന്റെ രാധ പറഞ്ഞു:
' ഇനി മേലില്‍ അരിയുംകൊണ്ടല്ലാതെ ഇങ്ങോട്ടുവന്നിട്ടുണ്ടെങ്കില്‍ അടികൊള്ളും ന്റെ കയ്യീന്ന് '
അതോടെ കണ്ണന്‍ കളി നിര്‍ത്തി!!

ജയകുമാറിന്റെ കാര്യവും അത്ര പന്തിയായിരുന്നില്ല.
എന്തെന്നറിയില്ല, അക്കാലത്ത് പുള്ളിക്കാരന് സ്ഥിരം വയറിളക്കമായിരുന്നു!
എന്താണ് വയറിങ്ങനെ ഷിവറ്‌ചെയ്യുന്നതെന്നറിയാന്‍ വേണ്ടി ജയകുമാര്‍ പോയത് ഡോക്ടറുടെ അടുത്തേക്കല്ല, ജ്യോതിഷരത്‌നം ഊരകം വേണുഗോപാലപ്പണിക്കരുടെ അടുത്തേക്കായിരുന്നു.
ഊരും പേരും ഈരും നാരും ചോദിച്ചറിഞ്ഞ് തടുക്കുപായില്‍ ചമ്രം പടിഞ്ഞിരുന്ന് എള്ളും പൂവും ജപിച്ചെറിഞ്ഞ് കവടിനിരത്തി കണ്ണുമിഴിച്ച് പണിക്കര്‍ പറഞ്ഞു:
' ലഗ്നത്തിലൊരു വിഘ്‌നം കാണണ് ണ്ട് '
' ച്ചാല്‍? '
' ആരാന്റെ അരി തിന്നണ് ണ്ട്.....'
അതോടെ ജയകുമാറും കളി നിര്‍ത്തി !!!

മറക്കില്ല നാം (5)

പാലക്കാട്ടുള്ള മകളെ കാണാന്‍ വേണുപ്പണിക്കര്‍ സ്വന്തം 800 മാരുതിയില്‍ കേറി ഊരകം മുതല്‍ വല്ല്യോരു ലോറിയുടെ പിന്നാലെ വെച്ചുപിടിച്ചതും ലോറിക്കാര്‍ പലതവണ സിഗ്നല്‍ കൊടുത്തിട്ടും പണിക്കര്‍ ഓവര്‍ടെയ്ക്ക് ചെയ്യാതിരുന്നതും സംശയം തോന്നിയ ലോറിക്കാര്‍ എന്താ ഏതാ എന്ന് ഒരുതരം വൃത്തികെട്ട ഭാഷയില്‍ ആംഗ്യം കാണിച്ചതും അതും ഫലിച്ചില്ലെന്നു കണ്ടപ്പോള്‍ ശുദ്ധമായ സംസ്‌കൃതഭാഷയില്‍ എന്തെല്ലാമോ വിളിച്ചുപറഞ്ഞതും വേണു അതെല്ലാം കണ്ടില്ലാ കേട്ടില്ലാ എന്നു നടിച്ചതും ഷൊര്‍ണൂരെത്തിയപ്പോള്‍ ലോറിക്കാര്‍ ചായ കുടിക്കാന്‍ വേണ്ടി ഒരു ഹോട്ടലിനുമുമ്പില്‍ വണ്ടി നിര്‍ത്തിയതും അപ്പോള്‍ അതിന്റെ തൊട്ടുപിന്നില്‍ തന്നെ വേണു കാറ് ഷഡന്‍ ബ്രെയ്ക്കിട്ടു നിര്‍ത്തിയതും ലോറിക്കാര്‍ ചായ കുടിച്ചുവരുന്നതുവരെ വണ്ടിയില്‍തന്നെ കുത്തിയിരുന്നതും അതുകണ്ട ലോറിക്കാര്‍ മാരുതിക്കാരന്‍ തങ്ങളെ ഫോളോ ചെയ്യുകയാണെന്നുറപ്പിച്ചതും വേണുവിനെ കൈകാര്യം ചെയ്യാന്‍ മുതിര്‍ന്നതും അന്നേരം പണിക്കര്‍ 'എന്റെ പൊന്നു ചേട്ടമ്മാരേ, ഞാന്‍ നിങ്ങളെ ഫോളോ ചെയ്യണതൊന്ന്വല്ല, ഡ്രൈവിങ്ങ് വലിയ പരിചയമില്ലാത്തതുകൊണ്ട് വണ്ടി നിങ്ങടെ ലോറീടെ പിന്നാലെ ഉരുട്ടിയുരുട്ടി പോന്നതാണേ' എന്നും പറഞ്ഞ് തടി കിഴിച്ചിലാക്കിയതും.......നമ്മള്‍ എങ്ങനെ മറക്കാനാണ് !!!