rajasooyam

Tuesday, February 16, 2016

ടാക്റ്റിക്‌സ്

-ഹലോ, ബിആറല്ലേ
-അതേ കണ്ണാ
-സഖാവ് എന്നെ പിന്നേം പറ്റിച്ചൂട്ടോ
-ആര്? ശ്രീകുമാറോ?
-തന്നെ തന്നെ
-ഇത്തവണ എത്ര പോയി?
-350 ഇന്ത്യന്‍ റുപ്പീസ്
-സാരല്ല്യ. അടുത്ത ഓണക്കാലത്തെ സ്‌പെഷ്യല്‍ റിബേറ്റില്‍ അഡ്ജസ്റ്റ് ചെയ്യാലോ
-ആ ഒരു സമാധാനത്തിലാണ് ഞാന്‍
-അതുപോട്ടെ. എന്തായിരുന്നു പറ്റിപ്പിന്റെ പശ്ചാത്തലം?
-പശ്ചിമബംഗാളിലെ തെരഞ്ഞെടുപ്പുസഖ്യത്തെപ്പറ്റി ഒരു സാധാരണക്കാരനു തോന്നാവുന്ന സംശയം ഞാനൊന്നു ചോദിച്ചുപോയി. അതാണ് അബദ്ധമായത്
-കൊള്ളാം. മാര്‍ക്‌സിസം-ലെനിനിസം അരച്ചുകലക്കിക്കുടിച്ച ഒരാളോട് ചോദിക്കാന്‍ പറ്റിയ സംശയമാണോ കണ്ണാ അത്? എന്നിട്ട് എന്തായിരുന്നു പ്രതികരണം?
-സംശയം കേട്ടതും ഉഗ്രകോപത്തോടെ എന്നെയൊരു നോട്ടമാണ്. പിന്നെ പറഞ്ഞു:
ഇത്തരം പീറസംശയമൊന്നും മേലില്‍ എന്നോട് ചോദിച്ചേക്കരുത്. നിങ്ങള്‍ ദിമിത്രോവിന്റെ 'ടാക്റ്റിക്‌സ് ഓഫ് യുണൈറ്റഡ് ഫ്രണ്ട്' വായിച്ച്ട്ടുണ്ടോ? ഇല്ലെങ്കില്‍ ഇന്ന് വീട്ടീപ്പോണവഴി അതിന്റെ ഒരു കോപ്പിവാങ്ങിക്കൊണ്ടുപോയി വായിക്ക്. അതോടെ ബംഗാളിലെ സഖ്യത്തെപ്പറ്റിയുള്ള സകല സംശയവും തീരും.
-എന്നിട്ട് കണ്ണന്‍ പുസ്തകം വാങ്ങിച്ചോ?
-ഒന്നും പറയണ്ട ബിആര്‍. ഞാന്‍ റൗണ്ടായ റൗണ്ടൊക്കെ റൗണ്ടടിച്ചുനോക്കി. ഒരൊറ്റ പുസ്തകക്കടയിലുംസാധനമില്ല. മാത്രല്ല, ദിമിത്രോവ് എന്നു പറയുമ്പോഴേക്കും അവര്‍ തുറിച്ചുനോക്കുകയായിരുന്നു! ഒടുവില്‍ റോഡ്‌സൈഡില്‍ പഴയ പുസ്തകങ്ങള്‍ വില്‍ക്കണ ഒരാള്‍ടെ കൈയില്‍നിന്നാണ് തൊണ്ടിമുതല്‍ കണ്ടുകിട്ടിയത്.
-അയാള്‍ക്ക് എന്തു കൊടുക്കേണ്ടിവന്നു?
-350 ഇന്ത്യന്‍ റുപ്പീസ്
-എന്നിട്ട് കണ്ണന്‍ അതുമുഴുവന്‍ വായിച്ചോ?
-കമ്പോടുകമ്പ്. ച്ചാല്‍ ഏ ടു സെഡ്
-ഏതായാലും വായിച്ചുകഴിഞ്ഞപ്പോള്‍ ശങ്ക തീര്‍ന്നുകാണും അല്ലേ
-ഉവ്വ! അതല്ലേ ഞാന്‍ പറഞ്ഞത് സഖാവ് എന്നെ പറ്റിച്ചൂന്ന്.
-എങ്ങനെ?
-ബിമന്‍ ബോസിനെപ്പറ്റിയോ സൂര്യകാന്തമിശ്രയെപ്പറ്റിയോ മമതാബാനര്‍ജിയെപ്പറ്റിയോ അതേലെങ്ങും  കമാന്നൊരക്ഷരമില്ലെന്നേയ് !!!