rajasooyam

Friday, June 21, 2013

പത്രോസേ, നീ വെറും പാറപ്പൊടിയാകുന്നു !

ആപ്പീസറായാല്‍ അല്പസ്വല്പം പത്രാസൊക്കെ കാണിക്കണമല്ലൊ.
അപ്പീസറാവുകയല്ല, ആപ്പീസറാണെന്ന് തോന്നിപ്പിക്കലാണ് പ്രധാനം എന്നാണ്
പ്രമാണം.
ആയതിന് എന്താണൊരു വഴി എന്നാലോചിച്ചിരിക്കുമ്പോളാണ് സീറ്റിനുപുറകിലെ
കോളിങ്ങ് ബെല്ലിന്റെ സ്വിച്ച് ബിആറിന്റെ ശ്രദ്ധയില്‍ പെട്ടത്. എങ്കില്‍പിന്നെ അതില്‍
നിന്നു തന്നെ തുടങ്ങിക്കളയാം എന്ന് നിരൂപിച്ച് ബിആര്‍ സ്വിച്ചില്‍ പിടിച്ചൊരു
ഞെക്കുകൊടുത്തു. 
മുനിസിപ്പാലിറ്റി സൈറണ്‍ പോലുള്ള കെമണ്ടന്‍ സൗണ്ടായിരുന്നു ബെല്ലിന്.
ബിആര്‍ സ്വിച്ചില്‍നിന്ന് കൈയെടുത്തതേയുള്ളൂ. അപ്പോഴേക്കും ദാണ്ടെ ഹാഫ്‌ഡോര്‍
തുറന്ന് എം ടി എസ് (പണ്ടത്തെ ഗ്രൂപ്പ് ഡി) ഇളങ്കോവന്‍ (ഏംഎസ് ഡബ്ല്യു, എംഎ, പി എഛ് ഡി) പ്രത്യക്ഷപ്പെടുന്നു!
അത്രക്കൊരു സഡണ്‍ റെസ്‌പോണ്‍സ് ബിആര്‍ തീരെ പ്രതീക്ഷിച്ചില്ല.
എന്നാല്‍ അതേതും പുറത്തുകാണിക്കാതെ വലതുഭാഗത്തെ സ്റ്റീല്‍ ടേബിളില്‍ അട്ടിയിട്ടുവെച്ചിരിക്കുന്ന ലെഡ്ജറുകള്‍ ചൂണ്ടിക്കാട്ടി സഗൗരവം ബിആര്‍ പറഞ്ഞു:
''ദാ, ഇതൊക്കെ അര്‍ജന്റായി പി എഫ് സെക് ഷനില്‍ കൊടുക്കാനുള്ളതാണ്.
ഉടനേ പോയി ഒരു പെട്ടിവണ്ടി വിളിച്ചോണ്ടുവരൂ''.
''ദിപ്പൊ കൊണ്ടുവരാം സാര്‍'' എന്നും പറഞ്ഞ് ഇളങ്കോവന്‍ തിരിഞ്ഞുനടന്നു.
പക്ഷേ ഹാഫ്‌ഡോറിനടുത്തെത്തിയപ്പോള്‍ ശ്രീമാന്‍ തിരിഞ്ഞുനിന്ന് ബിആറിനോട്
ചോദിക്കയാണ്:
''സാറേ, ഇപ്പൊ എന്താ ഒരു ശബ്ദം കേട്ടത്? ഞാനങ്ങ് ഞെട്ടിപ്പോയി''!
ഇത് കേട്ടതും ബിആറിന്റെ ഗ്യാസ് പോയി.
അപ്പൊ കോളിങ്ങ്‌ബെല്ലടിച്ചതുകൊണ്ടല്ലല്ലേ തത്രഭവാന്‍ ഇത്രടം വന്നത്?...
കാക്ക വന്നതും പനമ്പഴം വീണതും ഒന്നിച്ചായിപ്പോയതാണല്ലേ...
ചമ്മല്‍ പുറത്തുകാണിക്കാതെ ബിആര്‍ പറഞ്ഞൊപ്പിച്ചു:
''അത് ഞാന്‍ കോളിങ്ങ്‌ബെല്‍ അടിച്ചതാണ്''
''അത്യോാാ...'' എന്ന് പാലക്കാടന്‍ ശൈലിയില്‍ നീട്ടിച്ചോദിച്ച് ഇളങ്കോവന്‍ പുറത്തേക്ക്
 പോയി.
പിന്നെ അല്പസമയം കഴിഞ്ഞ് തിരിച്ചുവന്ന് ഒരു സജഷന്‍ കൂടി പറഞ്ഞിട്ടുപോയി.
അതോടെ ബിആറിന്റെ സകല പത്രാസും പമ്പാനദി കടന്ന് അതിന്റെ അപ്രത്തേക്ക്
പോയീന്ന് പറഞ്ഞാമതീല്ലൊ.
ഇളങ്കോവടികള്‍ പറഞ്ഞത് ഇപ്രകാരം:
''അതേയ്, സാറ് അങ്ങനെ ബെല്ലടിച്ചോണ്ടൊന്നും കാര്യല്ല്യ. ഓടിവരാന്‍ ഇവിടെ ആള് ല്യ.
പക്ഷേ ബെല്ലടിച്ചിട്ട് ആരും വന്നില്ലെങ്കില് സാറിനല്ലേ നാണക്കേട്. അതുകൊണ്ട് ഞാന്‍
ഒരു കാര്യം ചെയ്യാം. ഫയലെടുക്കാന്‍ വരണേന് തൊട്ടുമുമ്പ് ഒരു മിസ് കോള് തരാം.
അപ്പൊ സാറ് ബെല്ലടിച്ചോളൂ''...!!!

Friday, June 7, 2013

വാതുവെപ്പ്

-വാതുവെപ്പ് വഴി കോടികള്‍ തട്ടിയെന്നു കേട്ടല്ലൊ കണ്ണാ..
-അതൊക്കെ ആ സിപ്രനെപ്പോലുള്ള തല്പരകക്ഷികളുടെ കുപ്രചരണമാണ് ബിആര്‍.
-എന്നാലും അങ്ങനെയല്ലല്ലൊ. പൊകയില്ലാതെ തീയുണ്ടാവില്ലല്ലൊ.
-കോടികളൊന്നുമില്ല ബിആര്‍. ഒരു പതിനായിരം തടഞ്ഞു.
-ആരുമായിട്ടായിരുന്നു പയറ്റ്?
-ലക്ഷ്മണനായിരുന്നു മറ്റേയത്ത്.
-എന്തായിരുന്നു വാതം പിത്തം കഫം വാതുവെപ്പ്?
-ക്രിക്കറ്റന്നെ.
-ഐ പി എല്ലോ?
-അല്ല, എ പി എല്‍.
-ച്ചാല്‍?
-അടാട്ട് പ്രീമിയര്‍ ലീഗ്.
-ഏതൊക്കെ ടീമുകളാണ് ഏറ്റുമുട്ടിയത്?
-അടാട്ട് വാരിയേഴ്‌സ് വേഴ്‌സസ് നാമംഗലം റോയല്‍സ്.
-എന്തായിരുന്നു ബെറ്റ്?
-നാമംഗലം റോയല്‍സ് ജയിക്കുമെന്ന് ലക്ഷ്മണന്‍. അവര് പച്ച തൊടില്ലെന്ന് ഞാന്‍.
-എന്നാലും പതിനായിരം രൂപയ്ക്ക് ബെറ്റ് വെക്കാന്‍ കുറച്ചൊരു ചങ്കൂറ്റം വേണ്ടേ?
 അതെവിടെന്നു കിട്ടി?
-എനിക്ക് നൂറ്റിപ്പത്ത് ശതമാനം ഒറപ്പായിരുന്നു റോയല്‍സ് തോല്ക്കുമെന്ന്...
-അതെങ്ങനെ ഒറപ്പാക്കാന്‍ പറ്റും? ഉരുണ്ടുപോണ പന്തല്ലേ? ഇനി പത്രത്തിലൊക്കെ
 കാണുന്നപോലെ വല്ല മാച്ച് ഫിക്‌സിങ്ങും  നടത്തിയോ?
-ഛേ. എനിക്ക് അതിന്റെയൊന്നും ആവശ്യണ്ടായിരുന്നില്ല്യ.
-പിന്നെ എങ്ങനെ ഒറപ്പിച്ചൂന്നേയ്?
-അതുപിന്നെ റോയല്‍സിന്റെ വിക്കറ്റ് കീപ്പര്‍ നമ്മടെ വിഷ്ണുവായിരുന്നു.
-എന്‍ബീപുത്രന്‍?
-അതന്നെ.
-അതുകൊണ്ടെന്താ?
-തമ്പ്‌രാനെക്കുറിച്ച് അവന്‍ ഒരു പന്തുപോലും പിടിക്കാന്‍ പോണില്ലെന്ന്
 എനിക്കൊറപ്പായിരുന്നു. പിന്നെ എങ്ങനെ ജയിക്കാനാണ്?
-എനിക്കൊന്നും മനസ്സിലാവണ് ല്ല്യ കണ്ണാ.
-എന്റെ ബിആറേ, സാക്ഷാല്‍ എന്‍ബി നില്‍ക്കണതുപോലെയാണ് ചെക്കന്‍ വിക്കറ്റിന്റെ പൊറകില് നില്‍ക്ക്ാ..
-ച്ചാലോ?
-ദാ, ഇങ്ങനെ കൈ രണ്ടും  പുറകില് കെട്ടി......!!!