rajasooyam

Saturday, January 26, 2013

ക്യാ ബാത് ഹേ !

മറവിശക്തിയുടെ കാര്യത്തില്‍ എന്‍ബിക്ക് നല്ല ഇമ്പ്രൂവ്‌മെന്റുണ്ടെന്നതിന് ഇതാ മറ്റൊരുതെളിവുകൂടി:
ഡിസമ്പറിലെ ഒരു നട്ടുച്ചനേരം.
ആര്‍ കണ്ണന്‍ അസോസിയേഷന്‍ ഹാളിലേക്ക് ചെല്ലുമ്പോള്‍ അവിടെ സാക്ഷാല്‍ ചെമ്പൈ വൈദ്യനാഥഭാഗതരുടെ സംഗീതക്കച്ചേരി നടക്കുകയായിരുന്നു.
ലൈവല്ല. കച്ചേരി വരുന്നത് എന്‍ബീടെ മൊബൈല്‍ ഫോണിലെ മ്യൂസിക്    പ്ലെയറില്‍നിന്നാണ്. എന്‍ബി ഡയസിലുണ്ട് - പതിവുപോലെ കാലൊടിഞ്ഞ കസേരയില്‍   ചമ്രം പടിഞ്ഞങ്ങനെ. കണ്ണടച്ചാണിരിക്കുന്നതെങ്കിലും പാട്ടിനൊപ്പം തലയാട്ടുന്നുണ്ട്.     വലതുകൈപ്പത്തി മലര്‍ത്തിയും കമഴ്ത്തിയും തുടയ്ക്കടിച്ച് താളം പിടിക്കുന്നുണ്ട്.
ഇടതുകൈയിലെ വിരലുകള്‍ നിവര്‍ത്തിയും മടക്കിയും ശ്രുതിയുടേയും സംഗതിയുടേയും കണക്കുകള്‍ പരിശോധിക്കുന്നുണ്ട്. ഇടയ്ക്കിടെ ശ ബാഷ്...ശ ബാഷ്...  ക്യാ ബാത് ഹേ എന്നൊക്കെ വിളിച്ചുപറയുന്നുണ്ട്. (അന്നേരം വായ്ക്കകത്തെ താംബൂലമിശ്രിതം പുറത്തേക്ക് തെറിക്കുന്നുണ്ട്).
ചെമ്പൈക്ക്  താളം പിഴച്ചെന്നു തോന്നുമ്പോഴൊക്കെ അന്തരീക്ഷത്തിലെ സാങ്കല്പിക നൂലുകള്‍ വഴി അത് പിടിച്ചെടുത്ത് കൊടുക്കുന്നുണ്ട്.
തിരുമേനീടെ ആ ഇരിപ്പും ഭാവഹാവാദികളും കണ്ടപ്പോള്‍ കണ്ണന്റെ മുഖത്ത് ഒരു ചിരി വിടര്‍ന്നു.
കുറച്ചുകഴിഞ്ഞപ്പോള്‍ മറ്റ് പതിവുകാരെല്ലാം ഹാളിലെത്തി -        ചുള്ളന്‍ പണിക്കര്‍,ചുരിദാറിട്ട രാജേന്ദ്രന്‍, തേക്കേല്‍ കേറിയ കൃഷ്ണന്‍, സൂമാരന്‍ എന്ന  തുപ്പേശ്വരന്‍, ആന്റോ ആനന്ദന്‍ അസ്സന്‍, തടിച്ച പ്രഭാകരന്‍, ലീവില്ലാത്ത ബാലു, മജീദ്, സീആര്‍ബി, മേനോന്‍ജി, മോഹന്‍ജി അങ്ങനെ എല്ലാവരും.
നാദബ്രഹ്മത്തില്‍ ലയിച്ച് എല്ലാം മറന്നിരിക്കുന്ന എന്‍ബിയെ കണ്ടപ്പോള്‍
ഒന്നൊഴിയാതെ എല്ലാവരുടെ മനസ്സിലും ചിരിയുടെ ലഡു പൊട്ടി. ഉച്ചത്തില്‍ ചിരിക്കാന്‍ തുടങ്ങിയവരെയൊക്കെ കണ്ണന്‍ കണ്ണുരുട്ടിക്കാണിച്ച് അതില്‍ നിന്ന് പിന്‍തിരിപ്പിച്ചു.
പൊട്ടിച്ചിരിച്ചാല്‍ ആ രസച്ചരട് പൊട്ടിയാലോ...

ഒടുവില്‍ പതിവുപോലെ മണി രണ്ടായി.
എല്ലാവരും ഒന്നിച്ചെണീറ്റ ശബ്ദം കേട്ടിട്ടാണെന്നു തോന്നുന്നു, തിരുമേനിയും ഞെട്ടിയെണീറ്റു.
പുറത്തേക്ക് നീങ്ങുന്ന കണ്ണനെ നോക്കി തിരുമേനി ചോദിച്ചു:
-ഏയ്, കണ്ണന്‍. സെക്  ഷനിലേക്കാണോ?
-അതെ
-നിക്ക്‌നിക്ക് ഞാനുംണ്ട്
-കൊറച്ച് കഴിഞ്ഞിട്ട് പോരേ?
-പോരപോര. കൊറച്ച് പണീണ്ട്
-അതല്ല, എന്റെ കൂടെ തന്നെ വരണംന്ന്‌ണ്ടോ?
-അതെന്താ തന്റെ കൂടെ വന്നാല്?
-അല്ലാ, എന്റെ കൂടെ വരണോണ്ടൊന്നൂല്ല്യാ. പക്ഷേ അതിനുമുമ്പ് തിരുമേനി ഒരു കാര്യം ചെയ്യണം
-എന്താണാവോ?
-ആ പേന്റിന്റെ സിബ്ബൊന്നിടണം !!!

Saturday, January 12, 2013

പെന്‍ഷന്‍ പങ്കാളിത്തം

-ബിആര്‍ അറിഞ്ഞായിരുന്നോ?
-എന്താണ് കണ്ണാ?
-നമ്മടെ വേണ്വേട്ടന് പെന്‍ഷന്റെ പേപ്പേഴ്‌സൊക്കെ കിട്ടി
-ഉവ്വ്വോ! എന്ന്?
-ഇന്നന്നെ
-ഇതാണ് പറയണത് കാലത്തിന് കണ്ണില്ലെന്ന്. അല്ലെങ്കില്‍ ഇത്ര ചെറുപ്പത്തിലേ
 വേണൂനെ റിട്ടയര്‍ ചെയ്യിക്കേണ്ട വല്ല കാര്യോംണ്ടോ?
-അത് കറക്റ്റ്. നോക്കൂ, അന്തരീക്ഷത്തിനുപോലും ഇന്നൊരു വിഷാദച്ഛവിയില്ലേ?
-ഉണ്ടുണ്ട്.
-സ്ത്രീജനങ്ങള്‍ ഈ വിരഹം എങ്ങനെ താങ്ങുമെന്നാണ് ആനന്ദന്‍ ചോദിക്കണത്.
-'സൗന്ദര്യം ഒരു ശാപമായിത്തീര്‍ന്ന പുരുഷന്‍' എന്ന് വേണൂനെ വിശേഷിപ്പിച്ച ആളല്ലേ.  ആ അസൂയക്കാരന്‍ അതിലപ്പുറവും പറയും. അതുപോട്ടെ, ഫോംസൊക്കെ ഫില്ലപ്പ്   ചെയ്തുകൊടുത്തോ?
-ഇല്ല
-അതെന്തേ?
-അതൊക്കെ മറ്റേയാള്‍ടെ ചുമതലയല്ലേ. അയാള്‍ക്ക് ഒഴിവ് കിട്ടിയിട്ടില്ല.
-അതാരാ ഈ മറ്റേയാള്?
-ശ്രീകുമാറ്. അല്ലാണ്ടാരാ? ങ: അതു പറഞ്ഞപ്പൊഴാ ഓര്‍ത്തത്. ബിആര്‍ വേണ്വേട്ടനോട്  സ്വകാര്യമായി ഒരു കാര്യം പറയണം. ഞാന്‍ പറഞ്ഞാ പുള്ളിക്കാരന്‍ വിശ്വസിക്കില്ല.  അതുകൊണ്ടാണ്.
-എന്താണ് കാര്യം?
-അതായത് പെന്‍ഷന്‍ പേപ്പേഴ്‌സ് ശ്രീകുമാറിനെക്കൊണ്ട് ഫില്ല് ചെയ്യിക്കുന്നതൊക്കെ
 കൊള്ളാം. പക്ഷേ ഒപ്പിടുന്നതിനുമുമ്പ് ഒന്ന് ശ്രദ്ധിക്കാന്‍ പറയണം.
-അതെന്താ?
-അല്ലെങ്കില്‍ മരുതപ്പന് പറ്റിയതുപോലെ പറ്റും. അത്ര തന്നെ.
-അതെന്താ സംഭവം?
-മരുതപ്പന്റെ പെന്‍ഷന്‍ പേപ്പറില്‍ നോമിനിയുടെ പേര് എന്ന കോളത്തില്‍
 എഴുതിയിരിക്കുന്നത്  വി.ശ്രീകുമാര്‍ എന്നാണ് !!!