rajasooyam

Tuesday, July 6, 2021

 

ഗ്രെയ്റ്റ് എസ്കെയ്പ്പ് !

(രണ്ട് പതിറ്റാണ്ട് മുമ്പ് എഴുതിയതാണ്. അതുകൊണ്ടുതന്നെ ഇതിൽ പറയുന്ന കാര്യങ്ങൾ എങ്ങനെ സംഭവിച്ചു എന്ന് ഇപ്പോൾ ഓർമ്മയില്ല. സൂക്ഷ്മാംശങ്ങൾ പ്രോട്ടഗണിസ്റ്റ് തന്നെ സംഭാവന ചെയ്തതായിരിക്കണം. അതല്ലാതെ ഇങ്ങനെ വന്യമായി ചിന്തിക്കാൻ ആർക്കും പറ്റില്ലല്ലൊ)

 

അന്ന് പാണക്കാട്ട് ചെന്ന് ശിഹാബ് തങ്ങളുടെ കാലുതൊട്ട് വന്ദിച്ച് പൊന്നാനിയിൽ പോയി തൊപ്പിയുമിട്ട് ചെറിയ കുഞ്ഞിക്കോയ എന്ന പേരും സ്വീകരിച്ച് ടിപ്പുസുൽത്താന്റെ തറവാട്ടുവക കപ്പലിൽ ലക്ഷദ്വീപുകൾ ലക്ഷ്യമാക്കി യാത്ര തിരിക്കുമ്പോൾ നായർ സാബ് ഒരിക്കലും  പ്രതീക്ഷിച്ചിരുന്നില്ല ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന്.

ലക്ഷദ്വീപുകളുടെ തലസ്ഥാനമായ കവരത്തിയിൽ പേ ആൻഡ് അക്കൌണ്ട്സ് ആപ്പീസിലെ അരമണിക്കൂർ നേരത്തെ അമിതാ ദ്ധ്വാനം കഴിഞ്ഞാൽ ഒന്നുകിൽ മനോരാജ്യം കാണുകയോ അതല്ലെങ്കിൽ അത് വായിക്കുകയോ മാത്രമായിരുന്നു സാബിന്റെ ഹോബി.

ഒരുദിവസം –കൃത്യമായി പറഞ്ഞാൽ ആഗസ്റ്റ് മാസം 11ന്- നടേ പറഞ്ഞവ രണ്ടും ചെയ്തുകഴിഞ്ഞിട്ടും പിന്നേയും സമയം ബാക്കിയായപ്പോൾ മുന്നൂറ്ററുപതു ഡിഗ്രി കറങ്ങുന്ന കസേരയിൽ ചാരിയിരുന്ന് ‘ ഇന്നെന്റെയിണക്കിളി അക്കരേ.....ഇടനെഞ്ഞുപൊട്ടി ഞാൻ ഇക്കരേ....’ എന്ന മൂളിപ്പാട്ടും പാടി താളവും പിടിച്ചിരിക്കയായിരുന്നു നായർജി. അന്നേരമാണ് അഡ്മിനിസ്ട്രേട്ടറുടെ ആപ്പീസിലെ സീനിയർ സൂപ്രണ്ട് വലിയ പാറ്റക്കോയ കടന്നുവന്നത്.

സാബിനെ ഒന്നു ചൂടാക്കാൻ വേണ്ടി അയാൾ പറഞ്ഞു: അസലാമു അലൈക്കും.   

സാബുണ്ടോ വിട്ടുകൊടുക്കുന്നു: വ്വ, ആലൈക്കും അസലാം.

(ഹമുക്കേ, നീ എന്നെ അലക്കിയാൽ ഞാൻ നിന്നേം അലക്കും!)

        അതുകേട്ടപ്പോൾ ഒരു ചെറുചിരിയോടെ പാറ്റക്കോയ തുടർന്നു:

-സർ, ഒരു പ്രത്യേക കാര്യം പറയാനാണ് ഞാൻ വന്നത്

-പറയൂ

-ഇന്ന് ആഗസ്റ്റ് 11. സ്വാതന്ത്ര്യം കിട്ടാൻ ഇനി മൂന്നേമൂന്ന് ദിവസമേ ബാക്കിയുള്ളൂ.

-അപ്പൊ കൊല്ലം കൊല്ലം ഇവിടേയും സ്വാതന്ത്ര്യം കിട്ടാറുണ്ടോ?

-ഉവ്വ്

- ആഗസ്റ്റ് പതിനാലാന്തി അർദ്ധരാത്രിയ്ക്കന്നെ?

-തന്നെ

-ശരി. അതിന് ഞാനെന്തുവേണം?

-പരേഡ് നടത്തണം

-ങ്ഹേ! ഞാനോ?

-അല്ല സർ. അതിന് ഞങ്ങൾ സി ആർ പി ക്കാരെ ഏർപ്പാടാക്കീട്ട്ണ്ട്. മൂന്ന് കമ്പനീണ്ട് ഇവിടെ. വെറുതെ ചൊറിയും കുത്തി ഇരിപ്പാണ്. നാളെയാണ് ഡ്രസ്സിട്ട റിഹേഴ്സൽ

-എന്റെ റോളെന്താണെന്ന് പാറ്റക്കോയ ഇനിയും പറഞ്ഞില്ല

-സാർ സല്യൂട്ട് സ്വീകരിക്കണം

-ഞാനോ? അഡ്മിനിസ്ട്രേറ്ററല്ലേ അതിന്റെയാള്?

-ഇത് കേവലം ഡ്രസ്സ് റിഹേഴ്സലല്ലേ സർ. അതിൽ അഡ്മിനിസ്ട്രേറ്ററുടെ തൊട്ടു താഴെയുള്ളയാൾ സല്യൂട്ട് സ്വീകരിക്കണമെന്നാണ് പ്രോട്ടോക്കോൾ.

-നല്ല കോള്! ഇനി മറ്റേത് പരിശോധിക്കണമെന്നു കൂടി പറഞ്ഞേക്കല്ലെ കേട്ടോ. അതെനിക്കറിയില്ല

-ഏത് മറ്റേത്?

-ഗാഡ് ഓഫ് ഓണർ.

-ഇല്ല സർ. അത് അഡ്മിനിസ്ട്രേറ്റർ നേരിട്ട് ചെയ്തോളും.

        അങ്ങനെ ആഗസ്റ്റ് 12ന് രാവിലെ 10 മണിയായപ്പോഴേക്കും ലക്ഷദ്വീപിലെ എല്ലാ വഴികളും ജവഹർ ലാൽ നെഹ്രു വക കോളേജിന്റെ ഗ്രൌണ്ടിലേക്കായി. ആബാലവൃദ്ധം ജനങ്ങളും ഹാജരായിട്ടുണ്ട് ചടങ്ങുകൾ കാണാൻ.

വെയിലിന് സാമാന്യം നല്ല ചൂടുണ്ടായിരുന്നു. ഗ്രൌണ്ടിന്റെ ഈശാനകോണിൽ ഓല കെട്ടിമേഞ്ഞ പൊഡിയത്തിലാണ് നായർ സാബിന്റെ ഇരിപ്പിടം.

പത്തരയായപ്പോഴേക്കും പടിഞ്ഞാറുഭാഗത്തുനിന്ന് ആന കുതിര കാലാൾപ്പടകൾ അടിവെച്ചടിവെച്ച് വരാൻ തുടങ്ങി.

ലെഫ്റ്റനന്റ് കൊളോണൽ ത്രിലോചൻ സിങ്ങാണ് കാലാൾപ്പടയുടെ ക്യാപ്റ്റൻ.

നാലടി നീളമുള്ള ഒരു വാളും കൈയിലേന്തിയാണ് നായകന്റെ നടപ്പ്. പൊഡിയത്തിനു മുന്നിലെത്തിയപ്പോൾ ത്രിലോചൻ ഹാൾട്ടടിച്ചു. പിന്നെ കായംകുളം വാൾ സ്വന്തം മൂക്കിനുനേരെ  ഭൂമിയ്ക്ക് ലംബമായി പിടിച്ച് അറ്റൻഷനായി. വടിവാളിൽ പതിച്ച സൂര്യകിരണങ്ങൾ നാല്പത്തഞ്ചുഡിഗ്രി വെട്ടിത്തിരിഞ്ഞ് നേരെ പൊഡിയത്തിലിരിക്കുന്ന നായർജിയുടെ മുഖത്തുപോയി പതിച്ചു. സാബിന്റെ കണ്ണ് മഞ്ഞളിച്ചുപോയി.

സ്വാഗതപ്രസംഗം സമാരംഭിച്ചു. അതങ്ങനെ നീണ്ടുനീണ്ടുപോകവേ മുകുന്ദന്റെ എതോ കഥയിൽ പറയുന്നപോലെ  പെട്ടെന്ന് ത്രിലോചനനിൽ ‘എന്തോ സംഭവിച്ചു’!

ത്രിലോചൻ നിന്നു വിറയ്ക്കാൻ തുടങ്ങി. വിറയൽ തുള്ളലായി മാറി. അടുത്ത നിമിഷം ‘ഹുയ്യ...ഹൂയ്...’ എന്നൊരലർച്ചയോടെ കൈയിലെ വാളുമായി  പൊഡിയത്തിലിരിക്കുന്ന നായർ സാബിന്റെ അടുത്തേയ്ക്ക് പാഞ്ഞു!

പിന്നെ കണ്ടത് നായർജിയുടെ ഒരു റിഫ്ലക്സ് ആക്ഷ് ഷനാണ്.

പണ്ട് നായർപട്ടാളത്തിൽ റാപ്പിഡ് ആക് ഷൻ വിഭാഗത്തിൽ സേവനമനുഷ്ഠിച്ചിട്ടുള്ള സാബ് രണ്ടാമതൊന്നാലോചിക്കാതെ പത്തൊമ്പതാമത്തെ അടവെടുത്തു.

ഓട്ടത്തിൽ നായർ സാബിനെ വെട്ടിക്കാൻ നായർ സാബിനേ കഴിയൂ. (ഈ ഓട്ടവുമായി കമ്പെയർ ചെയ്യുമ്പോൾ ഓട്ടം ഓഫ് ദ പാട്രിയാർക്ക് വെറും ചവറ്!)

പക്ഷേ സർദാർജിയും മോശക്കരനായിരുന്നില്ല. ഹെലിപാഡിലെത്തുമ്പോൾ സാബും ത്രിലോചനും തമ്മിലുള്ള ഡിസ്റ്റൻസ് കേവലം നാലംഗുലമായിരുന്നു!

ഒരു മിനിറ്റുകൂടി വൈകിയിരുന്നെങ്കിൽ എന്തുതന്നെ സംഭവിക്കുമായിരുന്നില്ല?

പറന്നുയരാൻ തുടങ്ങിയ ഹെലിക്കോപ്റ്ററിന്റെ കോക്ക്പിറ്റ് ലക്ഷ്യമാക്കിയാണ് നായർജി ചാടിയത്. പിടി കിട്ടിയതാകട്ടെ അതിന്റെ അടിയിലെ പിടിയിലും. ത്രിലോചനും ഒപ്പം ചാടിയെങ്കിലും പിടി കിട്ടിയത് സാബിന്റെ ഇടം കാലിലാണ്. ഇണ്ടനമ്മാവൻ ഇടങ്കാലിലെ ചെളി സ്വന്തം വലം കാലുകൊണ്ടു തുടച്ചപോലെ ഒന്നു തുടച്ചപ്പോൾ ഗുരുത്വാകർഷണം മൂലം ത്രിലോചൻ ദാണ്ടെ കിടക്കുന്നു താഴെ! (അന്നേരം നായർ സാബ് ഐസക് ന്യൂട്ടണ് മനസ്സിൽ നന്ദി പറഞ്ഞു)

കോളിളക്കത്തിലെ ജയനെപ്പോലെ യന്ത്രപ്പക്ഷിയുടെ അടിപ്പടിയിൽ ഞാന്നുകിടന്നുകൊണ്ടുള്ള ആ ഗഗന സഞ്ചാരവും പിന്നെ കൊച്ചിൻ എയർ പോർട്ടിലെ ആ ബെല്ലി ലാൻഡിങ്ങും ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയില്ലെന്നാണ് നായർ സാബ് പറയുന്നത്.

Friday, May 14, 2021

 

മൂല ഹേതു

 

പറഞ്ഞുകേട്ടതാണ്. ആരാണ് പറഞ്ഞതെന്നോ ആരാണ് കേട്ടതെന്നോ അറിയില്ല. നേരാണോന്നും നിശ്ശല്ല്യ.

ഝലം യുദ്ധം ഝലം യുദ്ധം എന്നു കേട്ടിട്ടുണ്ടോ? ജലത്തിനുവേണ്ടിയുള്ള യുദ്ധം എന്ന് പരിസ്ഥിതി വാദികൾ പറഞ്ഞേക്കാം. പക്ഷേ അതല്ല കേട്ടോ.

മഹാനായ (നായയിലെ നായല്ല) അലക്സാണ്ടർ ചക്രവർത്തിയുടെ ഗ്രീക്ക് സൈന്യവും ഇന്ത്യൻ രാജാവായ പുരൂരവസ്സിന്റെ (നമ്മൾ സ്നേഹപൂർവ്വം പുരു എന്നു വിളിക്കും) സൈന്യവും തമ്മിൽ ക്രിമു 325ൽ ഇന്നത്തെ പാക്കിസ്ഥാനിലെ ഭേര എന്ന സ്ഥലത്തിനടുത്ത് ഝലം (അന്നത്തെ ഹൈഡാസ്പാസ്) നദിക്കരയിൽ താൽക്കലിക ടെന്റടിച്ച് നടന്ന യുദ്ധമാണ് ഝലം യുദ്ധമെന്ന വിജ്ഞാനശകലം വിക്കിപീടികയിൽ വാങ്ങാൻ കിട്ടും. നിസ്സാരവിലയേയുള്ളൂ.

അതിഭയങ്കരമായ ഒരു യുദ്ധമായിരുന്നു അത്. ലക്ഷക്കണക്കിന് കാലാളുകളും അത്രയ്ക്കത്രയ്ക്ക് കൈയാളുകളും പതിനായിരക്കണക്കിന് ആനകളും കുതിരകളും ഒട്ടകങ്ങളും ചെസ്ബോർഡിൽ കാണുന്ന മറ്റ് ജന്തുക്കളുമാണ് അവിടെ ജീവനറ്റുവീണത്.

വാരണവീരൻ തലയറ്റു വില്ലറ്റു

വീരൻ ഭഗദത്തൻ തന്റെ തലയറ്റു

നാലാമതാനതൻ വാലുമരിഞ്ഞിട്ടു

കോലാഹലത്തോടു പോയിതു ബാണവും

എന്നു തുടങ്ങുന്ന എഴുത്തച്ഛന്റെ വരികളുടെ ചുവടുപിടിച്ചായിരുന്നു യുദ്ധം.

പ്രസ്തുത യുദ്ധത്തിൽ ആര് ജയിച്ചു ആര് തോറ്റു എന്നതായിരുന്നില്ല; പ്രത്യുത, ആ യുദ്ധം നാളതുവരെ ഒരുയുദ്ധത്തിലുമുണ്ടായിട്ടില്ലാത്തത്ര നാശനഷ്ടങ്ങൾ വിതയ്ക്കാനുണ്ടായ കാരണമെന്തായിരുന്നു എന്നതായിരുന്നു ചരിത്രകാരന്മാരുടെ ഗവേഷണവിഷയം. അവരുടെ കണ്ടെത്തലാണ് നടേ പറഞ്ഞ കേട്ടുകേൾവി.

ഏതു ജോലിയും –അതിപ്പൊ ഓഫീസ് ജോലിയായാലും വീട്ടുജോലിയായാലും- കഴിയുന്നത്ര നീട്ടിവെക്കുന്നതിൽ നമ്മൾ ഇന്ത്യക്കാർക്ക് ഒരു പ്രത്യേക ഇതുണ്ടല്ലൊ. (നമ്മുടെ കോടതികളാണ് ഇക്കാര്യത്തിൽ ഏറ്റവും മുമ്പിൽ നിൽക്കുന്നത്. ഓരോ ദിവസവും എത്രയെത്ര കേസുകളാണ് അവിടെ നീട്ടിവെക്കപ്പെടുന്നത്!)

ഇനി കാര്യത്തിലേക്ക് കടക്കാം. ഒരു ചൊവ്വാഴ്ച ദിവസം ഉച്ചകഴിഞ്ഞ് നാലേ മുപ്പതിനാണ് യുദ്ധം തുടങ്ങാൻ നിശ്ചയിച്ചിരുന്നത്. വളരേ കഷ്ടപ്പെട്ട് സിന്ധുനദി താണ്ടിക്കടന്ന് അലക്സും പാർട്ടിയും കൃത്യം നാലേ ഇരുപത്തേഴിന് തന്നെ  സ്ഥലത്തെത്തി. പക്ഷേ അന്നേരം അവിടെ പുരുവിന്റെ പൊടിപോലുമുണ്ടായിരുന്നില്ല! കുറച്ചുകഴിഞ്ഞപ്പോൾ ടിയാന്റെ ഒരു മെസേജ് വന്നു അലക്സാണ്ടർക്ക്. താൻ ശാപ്പാടടിക്കുന്നേയുള്ളൂവെന്നും യുദ്ധം പിറ്റേന്നാളേക്ക് നീട്ടിവെക്കുന്നതാവും ഉചിതം എന്നും മറ്റും പറഞ്ഞുകൊണ്ടുള്ള കത്തായിരുന്നു അത്. എന്നാൽ അതുപറ്റത്തില്ലെന്നും പിറ്റേന്ന് ബുധനാഴ്ച്ച താൻ മുടിവെട്ടിക്കാൻ പ്ലാനിട്ടിരിക്കയാണെന്നും പറഞ്ഞ് അലക്സാണ്ടർ റിപ്ലൈ കൊടുത്തു. എങ്കിൽ പിന്നെ വെള്ളിയാഴ്ച്ചയാക്കാമെന്നായി പുരു. എന്തുകൊണ്ട് വ്യാഴാഴ്ച്ചയായിക്കൂടാ എന്ന് അലക്സാണ്ടർ. വ്യാഴാഴ്ച്ച യുദ്ധം തുടങ്ങാൻ കൊള്ളത്തില്ലെന്ന് ഋഷിപ്രോക്തമുണ്ടെന്ന് പുരു. ഗ്രീസിൽ വെള്ളിയാഴ്ച്ച കടമുള്ള ദിവസമണെന്നും അതുകൊണ്ട് അന്നു പറ്റില്ലെന്നും അലക്സാ‍ണ്ടർ!

എഴുത്തുകുത്ത് അങ്ങനെ അനന്തമായി നീണ്ടുപോയി.

എന്തിനുപറയുന്നു, എന്തും നീട്ടിവെക്കാനുള്ള ഇന്ത്യക്കാരന്റെ ത്വരയും ഗീസിലെ നൂറുകണക്കിനുള്ള ഫെസ്റ്റിവൽ ഹോളിഡെയ്സും കാരണം പ്രോട്ടോക്കോൾ പ്രകാരം യുദ്ധം തുടങ്ങാൻ 4 കൊല്ലവും 8 മാസവും 16 ദിവസവുമെടുത്തത്രേ!

അത്രയും നീണ്ടകാലത്തെ തയ്യാറെടുപ്പാണ് ഝലം യുദ്ധം അത്രയ്ക്ക് വിനാശകാരിയായി മാറാൻ ഹേതുവായി ഭവിച്ചത്!

Tuesday, April 13, 2021

 

S = 6 ÷ WW p

 

കാര്യങ്ങൾ അങ്ങനെയിരിക്കെ ഒരു ദിവസം കൊറ്റിയ്ക്കൽ തറവാട്ടിലെ കാരണവത്തി കമലട്ടീച്ചർ ഐക്കരക്കൂട്ടം വാട്സാപ്പ് ഗ്രൂപ്പിൽ ഇങ്ങനെയൊരു പോസ്റ്റിട്ടു:

 S = 6 ÷ WW p

തമ്പ് രാനെക്കുറിച്ച് ഗ്രൂപ്പിലെ ഒരാൾക്കും ഒന്നും മനസ്സിലായില്ല. എന്നാലോ വിട്ടുകൊടുക്കാൻ ആരുമൊട്ടു തയ്യാറുമില്ല.

ഗ്രൂപ്പിൽ കൊണ്ടുപിടിച്ച ചർച്ചയായിരുന്നു പിന്നെ കുറേ ദിവസത്തേക്ക്:

-കേട്ടോടീ, എന്തോ വലിയ അർത്ഥമുള്ള സംഗതിയാണ്.നമുക്ക് മനസ്സിലാവാഞ്ഞിട്ടാണ്.

-ഏറെ ഇക്വേഷൻ ഞാൻ പഠിച്ചിട്ടുണ്ട്. ഇങ്ങനെയൊരെണ്ണം കേട്ടിട്ടില്ല.

-മണ്ടീ, അത് ഇക്വേഷനല്ല. ഏതോ മഹദ്വചനമാണ്.

-നമ്മളെ പറ്റിയ്ക്കാൻ വേണ്ടി ഇട്ടതാണോന്നാ എന്റെ ഒരു ഇത്.

-അങ്ങനെ തുമ്പും വാലും ഇല്ലാതെ ഒന്നും പറയുന്ന ആളല്ല കമലേച്ചി. പറയുന്നത് കിറിയ്ക്ക് കൊള്ളുകയും ചെയ്യും.

-കിറിയ്ക്കല്ലടീ. കുറിയ്ക്ക്.

-അമലേ, നിനക്ക് വല്ലതും മനസ്സിലായോടാ?

-ഹ്ഹോ! ഈ ഗ്രൂപ്പിൽ ഞാനൊഴികെ എല്ലാവരും കഴുതകളായിപ്പോയല്ലോ ഈശ്വരാ. എന്റെ ബുദ്ദൂസുകളേ അത് ജിനൻ മാഷ് ടെ പുതിയ പാട്ടിന്റെ നോട്സ് ചുമ്മാ പകർത്തിയിട്ടിരിക്കുന്നതാ.

-ഓ പിന്നേ. ഫ്ലൂട്ടിന്റെ നോട്സല്ലേ ഇങ്ങനെ?

-ഏതാണ്ട് സമാനമായൊരു ഇക്വേഷൻ സ്റ്റാറ്റിസ് സ്റ്റിക്സിലുണ്ട്. പക്ഷേ അതാവാൻ സാധ്യതയില്ല. അതിൽ Wന് വെട്ടില്ല.

-ഇവിടെ സിങ്കപ്പൂര് അതേ പേരിൽ ഒരു റെസ്റ്റോറന്റ് കണ്ടിട്ട്ണ്ട്. ഞങ്ങള് കേറീട്ടില്ല.

-പോ. ചുമ്മാ തള്ളാതെ തള്ളേ

-ഞാനിന്നാള് ഓഫീസില് മരുന്നിന്റെ ലിസ്റ്റ് ടൈപ്പ് ചെയ്തപ്പൊ ഇതുപോലൊരെണ്ണം കണ്ടിരുന്നു. കോമ്പോസിഷൻ കോഡാണെന്നു തോന്നണ്.

-ഒവ്വ! ഏതോ ജൈവ വളത്തിന്റെ ഫോർമുലയാണത്. എന്റെ ചെടികൾക്ക് ഇതുപോലത്തെ പേരുള്ള ഒരു വളമാണ് ഞാൻ ഇടണത്.

-ഇത് എവിടേയും കൂട്ടിമുട്ടണ ലക്ഷണല്ല്യ. കമലാന്റിയോട് നേരിട്ടുതന്നെ ചോദിക്കേണ്ടിവരുംന്നാ തോന്നണെ.

 

പാവം കമലേച്ചി ഈ കോലാഹലമൊന്നുമറിയാതെ അപ്പോഴും സ്മാർട്ട് ഫോണിൽ മെസേജ് അയയ്ക്കുന്നതെങ്ങനെ എന്ന് പരീക്ഷിച്ചോണ്ടിരിക്കയായിരുന്നു!

ഫോൺ വാങ്ങിയിട്ട് നാളേറെയായെങ്കിലും ഇപ്പോഴും അതുപയോഗിക്കുന്നതിൽ എക്സ്പെർട്ടായിട്ടില്ല. ഇപ്പോഴും കീബോഡിൽ അറിയാതെ വിരലൊന്നു തട്ടിയാൽ ആർക്കെങ്കിലും എന്തെങ്കിലും മെസേജ് പോകും. മിക്കാവാറും അത് ചൈനീസ് ഭാഷയിലുമായിരിക്കും !!!