rajasooyam

Friday, March 10, 2017



ഗണിതം മൂദ്ധനിസ്ഥിതം!

ഉറക്കത്തിന്റെ കാര്യത്തിൽ ഒരു കള്ളനാണയത്തിന്റെ ഇരുവശങ്ങളാണ് ആർ.കണ്ണനും എൻബി പരമേശ്വരൻ തിരുമേനിയും.
സാക്ഷാൽ കുംഭകർണ്ണന്റെ അളിയനായിട്ടുവരും കണ്ണൻ. ച്ചാൽ ദിവസവും രാത്രി 8 മണിക്ക് ഉറങ്ങാൻ കിടന്നാൽ  കൃത്യം 12 മണിക്കൂർ കഴിഞ്ഞ് പിറ്റേന്ന് രാവിലെ 8 മണിക്കേ ഉറക്കമുണരൂ.
എൻബീടെ കാര്യം പിന്നെ എല്ലാവർക്കും അറിയാവുന്നതാണല്ലൊ.
ഉറക്കമില്ലായ്മക്ക് കോട്ടയത്തെ ഏതോ മനയ്ക്കൽ രണ്ടാഴ്ച താമസിച്ച് ചികിത്സിച്ചതും എൻബിയെ ഉറക്കമിളച്ചിരുന്ന് ചികിത്സിച്ചുചികിത്സിച്ച് അവിടത്തെ ചീഫ് തിരുമേനി ഉറക്കമില്ലായ്മക്ക് മെഡിക്കൽ കോളേജിൽ അഡ്മിറ്റായതും മറ്റും അത്രവേഗം മറക്കാനാവില്ലല്ലൊ
ഇപ്പോൾ ഇതു പറയാൻ കാര്യമെന്തെന്നാൽ-
കഴിഞ്ഞ ഫെബ്രുവരി 28ന് പാതിരാത്രി 12 മണി കഴിഞ്ഞതും ആർ. കണ്ണന് ഒരു ഫോൺ കോൾ വരുന്നു.
കുംഭകർണ്ണന്റളിയൻ അന്നേരം സമ്പൂർണനിദ്രയിലായിരുന്നു എന്ന് പ്രത്യേകം പറയേണ്ടല്ലോ.
ആദ്യം  റിങ് ചെയപ്പോൾ ആശാൻ അറിഞ്ഞതേയില്ല.
രണ്ടാമത്  റിങ് ചെയ്തപ്പോൾ  അത് ക്ലോക്കിലെ മണിയടിക്കുന്നതാണെന്നു കരുതി.
മൂന്നാമതും മണിയടിച്ചപ്പോൾ കണ്ണുരണ്ടും പിച്ചിപ്പൊളിച്ച്തുറന്ന് കണ്ണൻ ഫോണെടുത്തു:
-ഹലോ
-കണ്ണനല്ലേ
-അതേ
-ഇത് എൻബിയാണ്
-എന്തേ. മുറുക്കാൻ തീർന്നുപോയോ?
-അതല്ലാന്ന്. ഇന്നത്തെ ദിവസത്തിന് ഒരു പ്രത്യേകതീണ്ട്. അതെന്താന്നറിയ്യ്യോ കണ്ണന്?
-ഇന്ന്ന്ന് പറയുമ്പോ..
-മാർച്ച് 1
-ഓർമ്മ വരണ് ല്ല്യാ
-എന്റെ കണ്ണാ. ഇന്ന് ലോക ഗണിതദിനല്ലേ
-തന്നെ?
-അതറിയില്ലല്ലേ. അക്കൌണ്ടാപ്പീസിലെ വല്ല്യ അക്കൌണ്ടന്റാണുപോലും.
“ യഥാ ശിഖ മയൂരാണാം
നാഗാണാം മണിയോ തഥ
യത് വത് വേദാന്തശാസ്ത്രാണാം
ഗണിതം മൂർദ്ധനിസ്ഥിതം”
ഈ സ്ലോഗന്റെ അർത്ഥറിയ്യോ തനിക്ക്?
-ഇല്ല
-മയിലിന് ശിഖ പോലെയും നാഗത്തിന് മണിപോലെയും വേദാന്തശാസ്ത്രങ്ങൾക്ക് മൂർദ്ധാവാണ് ഗണിതം എന്നർത്ഥം.
-ശിവ ശിവ! ഏതായാലും ഈ സമയത്ത് എന്നെ വിളിച്ച് ഇതൊക്കെ പറഞ്ഞുതരാൻ അങ്ങേക്ക് തോന്നിയത് എന്റെ മുജ്ജന്മസുകൃതം കൊണ്ടാണെന്ന് ഞാൻ കരുതുകയാണ്. എന്നാപ്പിന്നെ ഞാൻ ഒറങ്ങിക്കോട്ടെ?
അന്നേരം വരട്ടെ വരട്ടെ എന്നും പറഞ്ഞ് എൻബി ഒരു ചോദ്യം ചോദിച്ചു. അതു കേട്ടതും ഗ്യാസ് ട്രബ്‌ൾ എന്ന ബിആർ കഥയിലെ സഹരാജൻ നായരെപ്പോലെ എൻബീടെ കൊന്നിക്കിട്ട് രണ്ട് പൊട്ടിക്കാനാണ് കണ്ണന് തോന്നിയത്
എൻബീടെ ചോദ്യം ഇതായിരുന്നു:
“അപ്പഴേയ്. ഈ പാതിരാനേരത്ത് ഒറക്കൊഴിച്ചിരുന്ന് അവ്ടെ എന്തെടുക്ക്വാ?” !!!

 (ഗ്യാസ് ട്രബ്ൾ-ൽ ക്ലിക്കുക)