rajasooyam

Sunday, October 30, 2022

 

ഒഡിഷന്‍ ടെസ്റ്റ്

കുറച്ചുനാളായി എം ജി ആര്‍ സാറിനൊരു സംശയം; ഭാരതിയ്ക്ക് ചെവിയ്ക്ക് എന്തെങ്കിലും പ്രശ്നണ്ടോ? കേള്‍വിക്കുറവുണ്ടോ? ഡോക്ടറെ കാണിക്കണോ?

ഒടുവില്‍ വീട്ടില്‍ തന്നെ ഒന്നു ടെസ്റ്റ് ചെയ്തിട്ടാകാം ഡോക്ടറെ കാണിക്കല്‍ എന്നൊരു തീരുമാനത്തിലെത്തി.

ഓവര്‍ ടു ടെസ്റ്റ്:

അടുക്കളയില്‍ പാത്രം  കഴുകിക്കൊണ്ടിരിക്കുകയായിരുന്ന ഭാരതിച്ചേച്ചിയുടെ പുറികിലായി ഒരു പത്തുമീറ്റര്‍ മാറിനിന്ന് എം.ജി.ആര്‍ സാറ് അവരോട് ചോദിച്ചു: ഭാരത്യേയ്, ഉച്ചയ്ക്ക് ചോറിനെന്താ കറി?

മറുപടിയില്ല!

ദൂരം അല്പമൊന്നു കുറച്ച് എട്ട് മീറ്ററാക്കിക്കൊണ്ട് സാറ് വീണ്ടും ചോദിച്ചു:

ഭാരത്യേയ്, ഉച്ചയ്ക്ക് ചോറിനെന്താ കറി?

മറുപടിയില്ല!

പിന്നെ അഞ്ച് മീറ്റര്‍ അകലെനിന്ന് ചോദ്യം ആവര്‍ത്തിച്ചു.

മറുപടിയില്ല!

പിന്നെ അകലം മൂന്ന് മീറ്ററാക്കിനോക്കി.

അപ്പോഴുമില്ല മറുപടി!

എം ജി ആര്‍ സാറിന്‌ കാര്യങ്ങള്‍ ഒരു വിധം ബോധ്യപ്പെട്ടു. എങ്കിലും ഒടുവില്‍ ചേച്ചീടെ തൊട്ടുപുറകില്‍ ചെന്ന് തൊട്ടുതൊട്ടില്ലെന്ന മട്ടില്‍ നിന്നുകൊണ്ട് വെടിപൊട്ടുന്ന ശബ്ദത്തില്‍  ഒന്നൂടെ ചോദിച്ചു:

അതേയ്, ഉച്ചയ്ക്ക് ചോറിനെന്താ കറി?

അന്നേരം നിന്നേടത്തുനിന്നൊന്ന് തിരിഞ്ഞ് എംജിആര്‍ സാറിന്‌ അഭിമുഖമായി നിന്നുകൊണ്ട് ചേച്ചി പറഞ്ഞു: ഹേ മനുഷ്യാ, നിങ്ങളോട് ഞാന്‍ നാല്‌ തവണയായി പറയണ്‌, കോഴിക്കറ്യാന്ന് !!!

Saturday, October 29, 2022

 

ടിപ്പണി പറ്റിച്ച പണി

ഭാഗവതം ദശമസ്കന്ധത്തില്‍ ഭഗവാന്‍ കൃഷ്ണന്‍ ഗോപസ്ത്രീകടെ തുകിലും മോഷ്ടിച്ച് അരയാലിന്‍ കൊമ്പത്തിരുന്നോരോ ശീലക്കേടുകള്‍ കാണിക്കുന്ന ഭാഗം വായിച്ച് ഹരം പിടിച്ചുവരികയായിരുന്നു ആര്‍ കണ്ണന്‍. അപ്പോളാണ്‌ ആ പാസ്സേജിനടിയില്‍ നക്ഷത്രചിഹ്നമിട്ട് ഒരു ടിപ്പണി കൊടുത്തിരിക്കുന്നത് കണ്ണന്‍റെ ശ്രദ്ധയില്‍ പെട്ടത്.

ഇതായിരുന്നു ടിപ്പണി:

മേല്‍ വിവരിച്ച കാര്യങ്ങള്‍ അതിന്‍റെ വ്യംഗ്യാര്‍ത്ഥത്തിലാണ്‌ എടുക്കേണ്ടത്; അല്ലാതെ വാച്യാര്‍ത്ഥത്തിലല്ല. ച്ചാല്‍ ഗോപസ്ത്രീകള്‍ എന്നു വെച്ചാല്‍ പൈക്കിടാങ്ങളെ മേച്ചുനടക്കുന്ന വെറും  പെണ്‍കിടാങ്ങളല്ല; പ്രത്യുത സചേതനാചേതനങ്ങളായ ചരാചരങ്ങളില്‍ കുടിയിരിക്കുന്നതായ ആത്മാക്കളാണ്‌. അവര്‍ക്ക് കൃഷ്ണനോട് തോന്നുന്ന ആസക്തി യഥാര്‍ത്ഥത്തില്‍ നമുക്ക്  ഈശ്വരനോട് തോന്നുന്ന ഭക്തിതന്നെയാണ്‌. അവരുടെ നഗ്നമേനികളാവട്ടെ, യാതൊരുമറയുമില്ലാതെ ഭഗവാന്‌ കാണാനാവുന്ന നമ്മുടെ ആന്തരികവികാരങ്ങളത്രേ. പിന്നെ ഭര്‍തൃമതികളായ ഗോപസ്ത്രീകള്‍ കൃഷ്ണനെ തേടി പോകുന്നത് ആത്മാക്കള്‍ ഭൗതികജീവിതം  ഉപേക്ഷിക്കുന്നതിനെയാണ്‌ സൂചിപ്പിക്കുന്നത്.

ടിപ്പണി വായിച്ചതും ഇങ്ങനെയാണെങ്കില്‍ ഞാനില്ലഎന്നും പറഞ്ഞ് കണ്ണന്‍ ഭാഗവതം വായന നിര്‍ത്തി!

Wednesday, October 26, 2022

 

                                                  ടൈപ്പോ

നിങ്ങള്‍ക്കറിയാമോ? കേവലമൊരു ടൈപ്പോഗ്രഫിക്കല്‍ എറര്‍ ആണത്രേ അമേരിക്ക ഇറഖിനു മേല്‍ അധിനിവേശം നടത്താന്‍ കാരണമായത്!

കഥയിങ്ങനെ:

9/11 കഴിഞ്ഞപ്പോള്‍ അതേപ്പറ്റി അന്വേഷിക്കാന്‍ അങ്ക് ള്‍ സാം ഒരു കമ്മീഷനെ വെക്കുകയുണ്ടയല്ലൊ. ഇറാന്‍റെ കൈവശം ടണ്‍ കണക്കിന്‌ ഡബ്ലു എം ഡി യുണ്ടെന്നും അവരാണ്‌ അല്‍ ഖയ്ദയ്ക്ക് വളമിട്ടുകൊടുക്കുന്നതെന്നുമായിരുന്നു കംഷ്ണറുടെ കണ്ടുപിടുത്തം. എന്നാല്‍ പാവം ഇറാഖിന്‍റെ നിര്‍ഭാഗ്യമെന്നുപറയട്ടെ, കാക്കത്തൊള്ളായിരത്തി ഏണ്ണൂറ്റമ്പത് പേജുകള്‍ വരുന്ന പ്രസ്തുത റിപ്പോര്‍ട്ടില്‍ എവിടൊക്കെ ഇറാന്‍ എന്നു കണ്ടുവോ അവിടൊക്കെ ഇറാഖ് എന്നാണ്‌ കംഷ്ണറുടെ ടൈപ്പിസ്റ്റ് ടൈപ്പ് ചെയ്തുവെച്ചത്!

പിന്നീടുണ്ടയത് ചരിത്രം.

ഊരകത്തുനിന്ന് വേണുപ്പണിക്കരെ പുഷ്പകവിമാനത്തില്‍ കൊണ്ടുപോയി മഷിയിട്ട് നോക്കിപ്പിച്ചിട്ടുപോലും ഇറഖിന്‍റെ മണ്ണില്‍നിന്ന് ഒരു കഷണം ഡബ്ല്യു എം ഡി പോലും കണ്ടെടുക്കാനായില്ല എന്നതും ചരിത്രം!

 

Thursday, October 20, 2022

 

മോഹിപ്പിച്ചു !

(പള്ളിത്തമാശകൾ)

 

“അച്ചോ, അച്ചന്‍റെ ഇന്നത്തെ പ്രസംഗം പൊരിച്ചൂട്ടാ”

താഴത്തെ ദന്തനിരയിലെ ഈശാനകോണില്‍ ഫിറ്റ് ചെയ്തിട്ടുള്ള സ്വര്‍ണ്ണപ്പല്ല് കാണിച്ച് ചിരിച്ചോണ്ട് ഇടവകക്കാരന്‍ പൊങ്ങച്ചമ്പറമ്പില്‍ പൊറിഞ്ചുട്ടി മാപ്ല ഇത് പറയുമ്പോള്‍ ആനന്ദശ്മശ്രുവാല്‍ ആനച്ചാലിലച്ചന്‍റെ കണ്ണുനിറഞ്ഞുപോയി. കാരണം അന്നാനിമിഷം വരെ ആ ഇടവകയിലെ ഒരൊറ്റ ഡേഷും  അങ്ങനെയൊരു കോമ്പ്ലിമെന്‍റ് പറഞ്ഞിട്ടില്ല!

ളോഹയുടെ പോക്കറ്റില്‍നിന്ന് തൂവാലയെടുത്ത് അച്ചന്‍ പ്രസ്തുത  ശ്മശ്രു  തുടയ്ക്കുന്നതിനിടയില്‍ പൊറിഞ്ചുമാപ്ല തുടര്‍ന്നു: “സത്യം പറഞ്ഞാലച്ചോ, ഇതുവരെയുള്ള അച്ചന്‍റെ പ്രസംഗങ്ങളൊന്നും തന്നെ ഞാന്‍ ശെരിക്ക് കേട്ടിട്ടുണ്ടായിരുന്നില്ല. ചെവിക്ക് ചെറിയൊരു പ്രശ്നണ്ടാര്‍ന്നേയ്. ഇന്നിപ്പോ മോന്‍ കാനഡേന്നയച്ചുതന്ന ഹിയറിംഗ് എയ്ഡ് വെച്ചോണ്ടാണ്‌ വന്നത്. സൂപ്പര്‍ സാധനണ്‌. പള്ള്യകത്ത് ഒര്‌ ഈച്ച പറന്നാ അതിന്‍റെ ഒച്ച എനിക്ക് കേക്കാമ്പറ്റും!

“ഉവ്വ്വോ, അത്രയ്ക്ക് പ്രിസിഷനോ?” അല്‍ഭുതപരതന്ത്രജ്ഞനായ അച്ചന്‍ ചോദിച്ചു; “ഏതാ ബ്രാന്‍ഡ്?”

അന്നേരം ജുബ്ബാക്കൈ അല്പമൊന്ന് മുകളിലേക്ക് ചുരുട്ടിക്കേറ്റി സ്വര്‍ണ്ണവാച്ചില്‍ നോക്കിക്കൊണ്ട് മാപ്ല പറഞ്ഞു: “പത്തേ നുപ്പത്തഞ്ച്‌” !!!

 

Monday, October 17, 2022

 

എക്സോണെറേറ്റെഡ് !

(പള്ളിത്തമാശകൾ)

 

ഞായറാഴ്ച പ്രസംഗത്തിനിടയില്‍ അച്ചന്‍ പറഞ്ഞു;

നമ്മടെ പള്ളി ഫണ്ടില്‍നിന്ന് ആരോ ഒരാള്‍ പന്തീരായിരത്തി അഞ്ഞൂറു രൂപ അടിച്ചുമാറ്റിയിട്ടുണ്ടെന്ന് ബഹുമാനപ്പെട്ട പള്ളിമേനോന്‍ (ചര്‍ച്ച് അക്കൌണ്ടന്‍റ്) റിപ്പോര്‍ട്ട് ചെയ്ത കാര്യം ഞാന്‍ കഴിഞ്ഞാഴ്ച്ചത്തെ പ്രസംഗത്തില്‍ സൂചിപ്പിച്ചിരുന്നല്ലൊ. കൈക്കാരന്‍ വില്‍ഫ്രഡായിരിക്കും അത് ചെയ്തതെന്നായിരുന്നു എന്‍റെയടക്കം നമ്മുടെയൊക്കെ ധാരണ. പക്ഷേ ഇന്നലെ രാത്രിയില്‍ കര്‍ത്താവ് സ്വപ്നത്തില്‍ വന്ന് എന്നോട് പറഞ്ഞു, അത് ചെയ്തത് വില്‍ഫ്രഡല്ലെന്നും അവനെ നിങ്ങള്‍  വെറുതെ ദ്വേഷിക്കരുതെന്നും. കര്‍ത്താവ് അങ്ങനെ അരുളിച്ചെയ്ത സ്ഥിതിയ്ക്ക് ഇനിമേല്‍  ആരും തന്നെ ഈ പ്രശ്നത്തില്‍ വില്‍ഫ്രഡിനെ കുറ്റപ്പെടുത്തരുതെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു....

പ്രസംഗം കഴിഞ്ഞപ്പോള്‍ കൈക്കാരന്‍ വില്‍ഫ്രഡ് അള്‍ത്താരയില്‍ കയറിവന്ന് അച്ചനോട് സ്വകാര്യം ചോദിച്ചു: അച്ചോ, അപ്പൊ ആ പന്തീരായിരത്തി അഞ്ഞൂറ്‌ ഞാന്‍ ഇനി തിരിച്ചുതരണ്ട അല്ലേ...!!!