rajasooyam

Friday, March 29, 2013

വേണുനാദം

Venugopal KB's profile photo



വേണുവിനെപ്പറ്റി ഒരു നോവല്‍ബുക്കെഴുതുവാനുള്ള കോപ്പ് ഇനിയും
ബാക്കി കിടക്കുകയാണ്. സമയം കിട്ടാതെ ബിആര്‍ എന്തുചെയ്യാനാണ്?

വേണുവും പ്രദീപും കൂടി ട്രെയ്‌നിങ്ങ് പഠിക്കാന്‍ മദ്രാസില്‍ പോയതും പോകുന്ന
വഴിയില്‍ ഏതാണ്ട് പാതിരാ കഴിഞ്ഞപ്പോള്‍ തീവണ്ടി ഏതോ സ്റ്റേഷനില്‍നിന്നതും
അപ്പോള്‍ മുകളിലെ ബെര്‍ത്തില്‍ കിടക്കുകയായിരുന്ന പ്രദീപ് അടിയിലെ ബെര്‍ത്തിന്റെ അടിയില്‍ പുല്ല്വായ വിരിച്ച് കിടക്കുകയായിരുന്ന വേണുവിനോട് 'ഏത് സ്റ്റേഷനാ കഴിഞ്ഞുപോയത് ' എന്നു ചോദിച്ചതും അന്നേരം ഉറക്കച്ചടവില്‍ പുറത്തുകണ്ട ഒരു ബോര്‍ഡ് വായിച്ച് 'ഏതോ ഒരു സിറ്റിയാണ്'' എന്ന് വേണു മറുപടി പറഞ്ഞതും
അതുകേട്ടപ്പോള്‍ 'ഏത് സിറ്റിയാണെന്ന് നോക്കെടോ പണിക്കരേ' എന്ന് പ്രദീപ് ദേഷ്യം കൊണ്ടതും അന്നേരം വേണു കണ്ണടവെച്ച് ഒന്നുകൂടി ശ്രദ്ധിച്ചുവായിച്ചശേഷം 'കപ്പാ ' എന്ന് പറഞ്ഞതും അപ്പോള്‍ പ്രദീപ്  'കപ്പായോ, അങ്ങനെയൊരു സ്റ്റേഷന്‍ മദ്രാസിനുമുമ്പ് ഉള്ളതായി അറിയില്ലല്ലോ, ഈശ്വരാ മദ്രാസ് കഴിഞ്ഞുപോയോ ' എന്ന് പരിഭ്രമിച്ചതും ഉടന്‍ തന്നെ ' വലിക്ക് വലിക്ക് ' എന്നാജ്ഞാപിച്ചതും അതു കേള്‍ക്കേണ്ട താമസം വേണു പ്രദീപിനെ വലിച്ച് താഴെയിട്ടതും അപ്പോള്‍ പ്രദീപ് ' ടോ പന്നപ്പണിക്കരേ, എന്നെയല്ല വലിക്കാന്‍ പറഞ്ഞത്, ചങ്ങല ചങ്ങല ' എന്നാക്രോശിച്ചതും വേണു പെട്ടെന്ന് ചങ്ങല വലിച്ച്‌ വണ്ടി നിര്‍ത്തിയതും അന്നേരം പ്രദീപ് അല്പം ദൂരെയായി കണ്ട തമിഴ്‌നാട്‌ വാട്ടര്‍ അതോറിറ്റിയുടെ വാട്ടര്‍ ടാങ്കില്‍ നോക്കി '' CAPACITY :50000 litres'  എന്നു വായിച്ചതും റെയില്‍വേ പോലീസ് മണം പിടിച്ചെത്തിയപ്പോള്‍ വേണു
ശങ്കു-മാണിക്യന്‍-കരടി കഥയിലെ ശങ്കുവെപ്പോലെ ശവമായി കിടന്നതും പിന്നെ
കണ്ണിമാറാ മാര്‍ക്കറ്റിലെ പച്ചക്കറി കടയില്‍ ചെന്ന്  ' ഇവിടെ കണ്ണിമാങ്ങയ്ക്ക് വെല
കമ്മിയായിരിക്കും അല്ലേ ' എന്നു ചോദിച്ചതും ഓട്ടുപാത്രങ്ങള്‍ വില്‍ക്കുന്ന  കടയില്‍ വല്ല്യോരു ചെമ്പുകലത്തിന്മേല്‍ Rs.169/-    എന്നെഴുതിവെച്ചിരുന്നതു കണ്ടപ്പോള്‍ ''ഇതു കൊള്ളാമല്ലോ, വീട്ടിലാണെങ്കില്‍
ബാത്ത്ടബ്ബുമില്ല, ഇതില്‍ വെള്ളം നിറച്ചാല്‍ ഇറങ്ങിയിരുന്ന്  ' നീരാടുവാന്‍ നിളയില്‍ നീരാടുവാന്‍ നീയെന്തേ വൈകിവന്നൂ പണിക്കത്ത്യാരേ ' എന്ന പാട്ടുംപാടി സുഖമായി കുളിക്കാം, അന്നേരം ആര്‍ക്കിമെഡീസ് പ്രിന്‍സിപ്പിളനുസരിച്ച് ആദേശം ചെയ്യപ്പെടുന്നവെള്ളത്തിന്റെ ഭാരത്തിനു തുല്യമായ ഭാരം നഷ്ടപ്പെടുകയാല്‍ തടിയൊന്നുകുറയ്ക്കുകയും ചെയ്യാം, ചെമ്പുകലത്തിന്റെ വിലയാണെങ്കില്‍ തുലോം കുറവ് ''
എന്നിങ്ങനെ മനസ്സില്‍ പറഞ്ഞ് സെയില്‍സ് മേനോനോട് 'ഇതെയ് കൊടുങ്കോ ' എന്ന് തമിഴില്‍ പറഞ്ഞതും അപ്പോള്‍ അയാള്‍ പോക്കറ്റില്‍നിന്ന് ഒരു ചെറിയ തുണ്ടുകടലാസ്സെടുത്ത് അതില്‍ 169x22 = 3718 എന്നെഴുതി  'പണത്തെ അടച്ചിട്ട്  വരുങ്കൊ ' എന്നും പറഞ്ഞ് വേണുവിന്റെ കൈയില്‍ കൊടുത്തതും 169 എന്നത് ഒരു കിലോഗ്രാം ചെമ്പിന്റെ വിലയാണ് എന്ന് ഒരു ഞെട്ടലോടെ മനസ്സിലാക്കിയ വേണു തുണ്ടും കൊണ്ട് ആരും കാണാതെ മണ്ടിയതും.. മറ്റും മറ്റും മറ്റും
ബിആര്‍ എപ്പോള്‍എഴുതുമോ എന്തോ.....

Saturday, March 23, 2013

കിണ്വനം
 sukumaran kurur's profile photo

അഞ്ചാറ് വര്‍ഷം മുമ്പാണ് സംഭവം.
ഒരു ദിവസം രാവിലെ ബിആര്‍ ഓഫീസിലേക്ക് വരികയായിരുന്നു.
നേരം അല്പം വൈകിയതുകൊണ്ട് അല്പം സ്പീഡിലായിരുന്നു സ്‌കൂട്ടറോടിച്ചിരുന്നത്.
ബിആര്‍ ഓഫീസിന്റെ ഗേറ്റിനടുത്തെത്തിയതും അകത്തുനിന്ന് ഒരു 220 സിസി ബൈക്ക് 110 മൈല്‍ സ്പീഡില്‍ ചീറിപ്പാഞ്ഞ് പുറത്തേക്ക് വരുന്നു.
നിര്‍ഭാഗ്യവശാല്‍ കൂട്ടിമുട്ടിയില്ല.
ബിആറിന്റെ അസിസ്റ്റന്റായിരുന്ന കുറൂര്‍ മനയ്ക്കല്‍ സൂമാരന്‍ തിരുമേനിയായിരുന്നു
ബൈക്കില്‍.
സൂപ്രണ്ടിനെ കണ്ടതും തിരുമേനി ഷഡണ്‍ ബ്രെയ്ക്കിട്ട് വണ്ടി നിര്‍ത്തി.
ബിആര്‍ ചോദിച്ചു;
-ഇപ്പൊ എന്നെ കൊന്നേനല്ലൊ തിരുമേനി
-(ഇന്നല്ലെങ്കില്‍ നാളെ ഞാന്‍ അതു ചെയ്യും)
-എന്താ മിണ്ടാത്തെ? എവടെപ്പോവ്വ്വാ ഇത്ര ധൃതീല്?
-വീടുവരെ ഒന്നു പോണം. ദിപ്പൊ വരും.
-അതെങ്ങനാ വീടുവരെ പോയിട്ട് ദിപ്പൊ വരണത്? പത്തിരുപത് കിലോമീറ്ററില്ലേ
 പേരാമംഗലത്തേക്ക്? ഏതാണ്ട് അത്രതന്നെ ഇങ്ങോട്ടുമില്ലേ? അപ്പൊ ആകെമൊത്തം
 നാല്പത് കിലോമീറ്റര്‍ ജാസ്തി. പ്ലസ് ട്രാഫിക് ബ്ലോക്ക്.
-അതോണ്ടേതൂല്ല. ഞാന്‍ ദിപ്പൊ വരും
-അതുപോട്ടെ. എന്താ വന്ന ഉടനെതന്നെ തിരിച്ചുപോണത്?
    അതൊക്കെ ഞാന്‍ വന്നിട്ട് പറയാം എന്നും പറഞ്ഞ് തിരുമേനി വണ്ടി കത്തിച്ചുവിട്ടു.
ബിആറിന് ആകപ്പാടെ പരിഭ്രമമായി.
ആകപ്പാടെ ഒരസിസ്റ്റന്റുള്ളതാണ്. എന്താണാവോ പുള്ളിക്കാരന് പറ്റിയത്?
സ്‌കൂട്ടര്‍ സ്റ്റാന്റില്‍ വെച്ച് ബിആര്‍ അസോസിയേഷന്‍ ഹാളിലേക്കോടി.
സൂമാരന്റെ പ്രശ്‌നം അവിടെ ആര്‍ക്കെങ്കിലും അറിയാതിരിക്കില്ല.
ഭാഗ്യവശാല്‍ ആര്‍.കണ്വന്‍ അവിടെയുണ്ടായിരുന്നു.
കാര്യം അവതരിപ്പിച്ചപ്പോള്‍ കണ്വന്‍ ചോദിച്ചു:
-ബിആര്‍ ജാത്യാല്‍ തിരുമേനിയാണോ?
-അല്ലല്ല
-എങ്കില്‍ പരിഭ്രമിക്കേണ്ട യാതൊരു കാര്യോമില്ല.
-ഇനി തിരുമേനി ആണെങ്കിലോ?
-ലേശം ഇണ്ടേനും
-മനസ്സിലായില്ല
-പാലില്‍നിന്ന് തൈരുണ്ടാവുന്നത് എങ്ങനെയാണെന്ന് ബിആറിനറിയ്യ്വോ?
-ഇല്ല
-കിണ്വനം നടക്കുമ്പൊ
-കിണ്വനംച്ചാലോ?
-ഫെര്‍മെന്റേഷന്‍
-പക്ഷേ അതും ഞാന്‍ ചോദിച്ചതും തമ്മില്‍ എതാണ് ബന്ധം?
-കൃഷ്‌ണേട്ടന്‍ തേക്കേല്‍ കേറിയപോലെ തോക്കേല്‍ കേറി വെടിവെക്കല്ലേ ബിആര്‍.
 എല്ലാം സാവകാശം പറഞ്ഞുതരാം.
-യെസ്. ദെന്‍ കണ്ടിന്യൂ
-മിനിഞ്ഞാന്ന് വൈകീട്ട് ബാക്റ്റീരിയ മിന്നല്‍ പണിമുടക്കുനടത്തിയതുകൊണ്ടോ എന്തോ കിണ്വനം നടന്നില്ല. ഫലമോ. ഇന്നലെ കാന്റീനില്‍ തൈരുണ്ടായിരുന്നില്ല.
 പക്ഷേ കിണ്വനം നടക്കാത്ത കാര്യം കന്റീന്‍ മാനേജര്‍ ലക്ഷ്മണന്‍ അറിയുന്നത് ഉച്ചക്ക് 12 മണിയോടെയാണ്. അപ്പോഴേക്കും ഒന്നിന് 3 രൂപ വെച്ച് തൈരിന്റെ നൂറോളം
 കൂപ്പണുകള്‍ ഇഷ്യൂ ചെയ്തുകഴിഞ്ഞിരുന്നു. ഇനി എന്തു ചെയ്യുമെന്നായി.
 മാനേജിങ്ങ് കമ്മിറ്റി അടിയന്തിരയോഗം കൂടി ഇങ്ങനെയൊരു തീരുമാനമെടുത്തു:
 അതായത് ഇന്നലെ ഇഷ്യു ചെയ്ത കൂപ്പണുകള്‍ ഇന്ന് ഉപയോഗിക്കാം.
-ചുമ്മാ ശാഖാചംക്രമണം നടത്താതെ കാര്യം പറയ് കണ്വാ. പ്ലീസ് കം റ്റു ദ പോയിന്റ്
-ഞാന്‍ ആ പോയിന്റില്‍ എത്തിക്കഴിഞ്ഞു ബിആര്‍. ഇതാണ് കാര്യം.
 സൂമാരന്‍ തിരുമേനി ഇന്ന് ഓഫീസിലേക്ക് പോന്നപ്പൊ ഇന്നലത്തെ ആ കൂപ്പണ്‍
 എടുക്കാന്‍ മറന്നു......
 അങ്ങോട്ട് 20 കിലോമീറ്റര്‍. ഇങ്ങോട്ട് 20 കിലോമീറ്റര്‍. മുക്കാല്‍ ലിറ്റര്‍ പെട്രോള്‍.
 ദിപ്പൊ വരും !!!

-

Friday, March 15, 2013

കല്യാണക്കാഴ്ചകള്‍
(പ്രഭാകരന്‍-സുമ ദമ്പടികളുടെ വിവാഹത്തിന്റെ ഇരുപതാം ശതാബ്ദിയാഘോഷത്തോടനുബന്ധിച്ച് പുന:പ്രക്ഷേപണം ചെയ്യുന്നത്)

'അതിഥി ദേവോ ഭവ' അഥവാ അതിഥിയെ എം വി ദേവനെപ്പോലെ കാണണം എന്ന്
ശങ്കരാചാര്യരുടെ മനുസ്മൃതി എന്ന താളിയോലഗ്രന്ഥത്തില്‍ പറയുന്നുണ്ടല്ലൊ (ഇല്ലേ!).
പ്രസ്തുത സൂത്രത്തെ അന്വര്‍ത്ഥമാക്കുന്ന വിധത്തിലുള്ള ആതിഥ്യമര്യാദയാണ് സിപ്രന്റെ കല്യാണത്തിന് എടമുട്ടത്തെ സ്‌ലിം ബ്യൂട്ടി ഹാളില്‍ കണ്ടതും കേട്ടതും.
പൂവ്വാമ്പറമ്പില്‍ ഗ്രൂപ്പാണ് കല്യാണം സ്‌പൊണ്‍സര്‍ ചെയ്തത്. ഓരോ അതിഥിയേയും
നാഗസ്വരമേളത്തോടും വാദ്യവൃന്ദത്തോടും കൂടി എതിരേല്‍ക്കുന്നു.
അവര്‍ എവിടെയെങ്കിലും പോയി ആസനസ്ഥരാകുന്നതുവരെ അവരുടെ പിന്നാലെ
പീപ്പിയുമൂതി നടക്കുന്നു. ആതിഥ്യമര്യാദകൊണ്ട് ഒരു വീര്‍പ്പുമുട്ടിക്കലാണ് പിന്നെ.
ചായക്ക് ചായ, വീല്‍സിന് വീല്‍സ്, സീസറിന് സീസറ്, കാജാവീഡിക്ക് കാജാവീഡി,
മുറുക്കാന് മുറുക്കാന്‍, കൂള്‍ ഷോഡക്ക് കൂള്‍ ഷോഡ....
സദ്യയുടെ കാര്യം പറയുകയേ വേണ്ട. പത്തുകൂട്ടം കൂട്ടാന്‍ ബിആര്‍ കൈവിരല്‍ മടക്കി എണ്ണി. വിരലൊന്നും ബാക്കിയില്ലാഞ്ഞതിനാല്‍ പിന്നെ ആ ഉദ്യമം ഉപേക്ഷിക്കുകയായിരുന്നു. പായസം രണ്ടുതരമുണ്ടായിരുന്നു. രണ്ടും ഒന്നാം തരം. പാല്‍പായസവും പഴം പായസവും. രണ്ടും ആവശ്യം പോലെ.
ഓരോരുത്തനും അവനവന്റെ ആവശ്യം പോലെ എന്ന മാര്‍ക്‌സിയന്‍ തിയറി പോലെ.
നടേ പറഞ്ഞതിന് ഒരു ചെറിയ അപവാദമുണ്ടായതും റിപ്പോര്‍ട്ട് ചെയ്തുകൊള്ളട്ടെ.
(റിപ്പോര്‍ട്ട് എപ്പോഴും സത്യസന്ധമായിരിക്കണമല്ലൊ).
അതു പക്ഷേ ആതിഥേയരുടെ കുറ്റമായിരുന്നോ. നിശ്ശല്ല്യ. സംഭവമിതാണ്:
ബിആറിന്റെ അടുത്തിരുന്ന എന്‍ബി 7 ഗ്ലാസ് പായസം കുടിച്ചുകഴിഞ്ഞ് എട്ടാമത്തെ
ഗ്ലാസിനുവേണ്ടി കൈ നീട്ടിയപ്പോള്‍ വിളമ്പുകാരന്‍ ഒന്നു കൃത്രിച്ചുനോക്കി. ച്ചാല്‍ ഒന്നമാന്തിച്ചു. അതുമതിയായിരുന്നു എന്‍ബിക്ക് ധാര്‍മ്മികരോഷം കൊള്ളാന്‍. പിന്നെ എടുത്തടിച്ചപോലെ ഒരു ചോദ്യമാണ്, ഭീഷണിയുടെ രൂപത്തില്‍: താന്‍ പായസം തരുന്നോ അതോ ഞാന്‍ മുട്ടസ്സുനമ്പൂതിരി നാമംഗലം മനയ്ക്കല്‍ ചീതതുപോലെ ചിയ്യണോ?
അളമുട്ടിയാല്‍ മൂര്‍ഖനും കടിക്കുമല്ലൊ. വിളമ്പുകാരന്‍ എന്തോ മറുതല പറഞ്ഞു-
ടിറ്റ് ഫോര്‍ ടാറ്റ്.
രംഗം വഷളാവുന്നതു കണ്ട ബിആര്‍ പ്രശ്‌നത്തില്‍ തന്ത്രപൂര്‍വ്വം ഇടപെട്ടു.
വിളമ്പുകാരനെ വിളിച്ച് ചെവിട്ടില്‍ സ്വകാര്യമായി പറഞ്ഞു: ഈശ്വരന്റെ പൂവാടിയിലെ പൂക്കളല്ലേ ഇസ്റ്റാ നാമെല്ലാം. പിന്നെ എന്തിനീ കശപിശ? ഒരു ഗ്ലാസ് പായസം കൂടി അങ്ങ് കൊടുത്തേക്കൂ.
ബിആറിന് ടീവീന്ന് കിട്ടിയതാണ് ആ വാചകം. എന്തായാലും സംഗതി ക്ലിക്കായി.
വിളമ്പുകാരന്‍ ഒരൊഴിഞ്ഞ ഗ്ലാസെടുത്ത് എന്‍ബീടെ ഇലയ്ക്കരികെ വെച്ചു.
അതിനടുത്തായി പായസത്തിന്റെ ബക്കറ്റും വെച്ചു. പിന്നെ തിരിഞ്ഞൊരു നടത്തവും
കൊടുത്തു. കണ്മഷിയിട്ട് നോക്കിയിട്ടുപോലും പിന്നീടയാളെ ആ ഭാഗത്തെങ്ങും കണ്ടില്ല!
കൈ കഴുകാന്‍ നേരം ബിആര്‍ എന്‍ബിയോട് ചോദിച്ചു: മുട്രസ്സുനമ്പൂരി നാമംഗലം മനയ്ക്കല്‍ ത്ര കേമായിട്ട് എന്താ ചീതേ?
എന്‍ബി പറഞ്ഞു: ഒന്നൂല്ല്യേയ്. പത്താമത്തെ തവണ ചോറിടാന്‍ പറഞ്ഞപ്പൊ വെളമ്പുകാരന്‍ ഇട്ട് ല്ല്യ. അപ്പൊ നമ്പൂരി ണീറ്റൊരു നടത്തം കൊടുത്തു. അത്രന്നെ!

                                          **********************************

കല്യാണ ഹാളില്‍ വെച്ച് നല്ലപ്പൊ കണ്ട രണ്ട് വെല്ലിപ്പന്മാര്‍ തമ്മില്‍ സംസാരിക്കയാണ്:
-കൊറേ നേരായല്ലോ ശാന്തിക്കാരന്‍ വരനേം വധൂനേം കാത്ത് നിലവിളക്കത്ത് ചമ്രം
പടിഞ്ഞിരിക്കണ്. മന്ത്രമുരുക്കഴിച്ചുരുക്കഴിച്ച് അങ്ങേര്‌ടെ കൊരക്ക് വറ്റീട്ട്ണ്ടാവുല്ലൊ.
എന്തേ വധൂവരന്മാരിത്ര വൈകാന്‍? സമയമായില്ലാപോലും എന്നുണ്ടോ?
-ആയ്യ്യായ്. അത് ശാന്തിക്കാരനൊന്ന്വല്ല മാഷേ. ചെറുക്കന്‍ തന്ന്യാ! പെണ്ണിനേം
 കാത്തിരിക്ക്യാ.
-അത്യോ. ആ താടി കണ്ടപ്പൊ ഞാന്‍ വിചാരിച്ചു....ആട്ടെ,  ഈ പെണ്‍കുട്ടി എന്ത്
 ചെയ്യുന്നൂന്നാ പറഞ്ഞേ?
-ഞാനൊന്നും പറഞ്ഞില്ലല്ലോ
-എന്നാ ചോദിച്ചാമ്പൊക്കം  പറഞ്ഞൂടേ
-പറയാലോ. കുട്ടി എംകോമിന് വായിക്ക്യാണ്
-ചെറുക്കനോ?
-ചെറുക്കന്റെ വായന കഴിഞ്ഞു. എംകോം തന്നെ. ച്ചാല്‍ മാസ്റ്റര്‍ ഓഫ് കോമിക്‌സ്.
 ടോംസിന്റേം കുഞ്ചുക്കുറുപ്പിന്റേം ആരാധകനാണ്. അക്കൗണ്ടാപ്പിസിലെ ഏജന്റുമാണ്.

                                           ********************************

കല്യാണത്തിന്റെ വീഡിയോ കവറേജുമുണ്ടായിരുന്നു. (സത്യം പറഞ്ഞാല്‍ ഈ കവറേജ് എന്താണെന്ന് ബിആറിന് മനസ്സിലായത് അന്നാണ്).
സ്റ്റേജിനുനടുവില്‍ വരനേം വധൂനേം ഇരുത്തി അവരെ കവര്‍ ചെയ്തുകൊണ്ട്
വീഡിയോക്കാര് നിരന്നങ്ങനെ നില്‍ക്കുന്നു. (രണ്ടാമത്തെ പ്ലാറ്റ്‌ഫോമില്‍ കൊച്ചുവേളി
നിസാമുദ്ദീന്‍ നിക്കുന്നതുപോലെ). ഓണപ്പുടവ കൊടുക്കുന്നതും താലി കെട്ടുന്നതും
മറ്റും കാണികള്‍ നേരിട്ട് കാണാന്‍ പാടില്ലത്രേ. അതിനുവേണ്ടി വീഡിയോക്കാര് അവരുടെ പൃഷ്ഠപ്രദേശം വളരെ വിശദമായി കാണികള്‍ക്ക് നേരെ തിരിച്ചുപിടിക്കുന്നു. ഒരിഞ്ച് ഗ്യാപ്പുണ്ടാവില്ല!
ബിആറിന്റെ ഭാഗ്യത്തിന് ക്യാമറക്കാരിലൊരുവന്റെ മൂക്കുകണ്ണട ഊര്‍ന്ന് താഴെ വീണു. ആ അരനിമിഷത്തിന്റെ പൂര്‍വ്വാര്‍ദ്ധത്തില്‍ ബിആര്‍ കണ്ടത് സിപ്രന്‍ മുന്നിലിരിക്കുന്ന
വെള്ളിത്തളികയില്‍ നിന്ന് ഒരു ചെറുപഴമെടുത്ത് അകത്താക്കുന്നതാണ്!
(വെശന്ന് ചാവണ്  ണ്ടാവും!)
ഉത്തരാര്‍ദ്ധമായപ്പോഴേക്കും കമ്പ്‌ളീറ്റ്‌ലി കവേഡ്!

                                           *********************************

കീഴ് ക്കണാമ്പാട് നമ്പൂതിരിപ്പാടിനെ വെല്ലുന്ന തരത്തില്‍ സിപ്രന്‍ പെരുമാറിയ
ഒരവസരവും അതിനിടക്കുണ്ടായി.
വധൂവരന്മാര്‍ക്ക് അഭിവാദ്യമര്‍പ്പിക്കാന്‍ സൂപ്രണ്ട് ബിആര്‍ സ്റ്റേജിലേക്ക് ചെന്നപ്പോള്‍ പരിഭ്രമത്തിനിടയില്‍
പെണ്‍കുട്ടിയെ ചൂണ്ടിക്കാണിച്ചുകൊണ്ട് സിപ്രന്‍ ബിആറിനോട് പറയുകയാണ്:
ഇത് എന്റെ സൂപ്രണ്ട്!

Friday, March 8, 2013

സത്യവാന്‍

അന്നൊരു ഞായറാഴ്ചയായിരുന്നു.
കടവല്ലൂരില്‍ അന്യോന്യം നടക്കുന്ന സമയമാണ്.
അതിരാവിലെ ഒരു കട്ടന്‍ കാപ്പിക്കുപുറത്ത് ഉമ്മറത്തിരുന്ന് പത്രം
വായിക്കുകയായിരുന്നു കണ്ണന്‍.
വായിച്ചുവായിച്ച് കണ്ണന്റെ കണ്ണുകള്‍ അന്യോന്യത്തിന്റെ റിപ്പോര്‍ട്ടിലെത്തി.
നല്ല ഒഴുക്കുണ്ടായിരുന്നു ആ റിപ്പോര്‍ട്ടിന്.
തൃശൂര്‍ യോഗക്കാര്‍ മുമ്പിലിരുന്നതും അഗ്നിര് ഹോതാന ഗംഭീരമായി പ്രയോഗിച്ചതും
തിരുനാവായക്കാര്‍ വൃഷഭം ചരഷണീതം പിഴക്കാതെ ചൊല്ലിയതും അതിനിടെ ചിലര്‍
കൈ കാണിച്ചതും മറ്റുചിലര്‍ കണ്ണുരുട്ടിക്കാണിച്ചതും ജടയെടുത്തടിച്ചതും ഇനിയും
ചിലര്‍ സോമ:സോമേട്ട എന്നു തുടങ്ങുന്ന ഋക്ക് അതിഭംഗിയായി അവതരിപ്പിച്ചതും മറ്റും ഒരു വീകെഎന്‍ കഥ വായിക്കുന്ന രസത്തോടെ കണ്ണന്‍ വായിച്ചുപോയി. പക്ഷേ
ഒടുവിലത്തെ വാചകം കണ്ണനെ ശരിക്കും കുഴക്കിക്കളഞ്ഞു. വാചകം ഇതായിരുന്നു:
പാത്രമംഗലത്തെ പോതായന്‍ നമ്പൂതിരി രഥ പ്രയോഗിച്ചു!
എന്താണ് ഈ രഥ?
എത്ര ആലോചിച്ചിട്ടും കണ്ണന് അതിന്റെ അര്‍ത്ഥം പിടികിട്ടിയില്ല.
ആരോടാണൊന്ന് ചോദിക്കുക?
എന്‍ബിയോട് ചോദിച്ചാലോ? തൊട്ടടുത്താണ് താമസം. വേദേതിഹാസങ്ങള്‍
അരച്ചുകലക്കിക്കുടിച്ച മഹാനുഭാവുലുവുമാണ്. പക്ഷേ പറഞ്ഞിട്ടെന്തുകാര്യം?
ഭയങ്കര മറവിയാണ്. ഒരു വഹ ഓര്‍മ്മയുണ്ടാവില്ല.
ഏതായാലും തൊട്ടടുത്തല്ലേ, കേറി ചോദിച്ചുകളയാം എന്ന് മനസ്സില്‍ പറഞ്ഞ് കണ്ണന്‍ എന്‍ബീടെ വീട്ടിലേക്ക് നടന്നു.

കണ്ണന്‍ ചെല്ലുമ്പോള്‍ ഉമ്മറത്ത് കുന്തുകാലിലിരുന്ന് വെറ്റില മുറുക്കുകയാണ് എന്‍ബി.
സമയം പാഴാക്കാതെ കണ്ണന്‍ പറഞ്ഞു:
-ഞാന്‍ ഒരു സംശയം ചോദിക്കാന്‍ വന്നതാണ്'
-ചോദിക്ക ചോദിക്ക
-അന്യോന്യത്തില്‍ ഒരു തിരുമേനി രഥ പ്രയോഗിച്ചതായി പത്രത്തില്‍ വായിച്ചു.
 എന്താണീ രഥ?

        ദിപ്പൊ പറഞ്ഞുതരാം എന്നും പറഞ്ഞ് എന്‍ബി മേലോട്ടുനോക്കി
ആലോചിക്കാന്‍ തുടങ്ങി.
ഏതാണ്ട് ഒരു പത്തുമിനിറ്റോളം അതേ ഇരുപ്പിരുന്നു പുള്ളിക്കാരന്‍.
അനന്തരം കണ്ണനോട് പറഞ്ഞു:
-സോറി കണ്ണാ, എനിക്ക് അത് നല്ല നിശ്ശണ്ടായിരുന്നു. പക്ഷേ മറന്നുപോയി   

തന്നോട് ചോദിക്കാന്‍ വന്ന എന്നെ വേണം തല്ലാന്‍ എന്ന് ആദ്യം
ആത്മഗതം ചെയ്തശേഷം പിന്നെ  പ്രകാശമായി കണ്ണന്‍ പറഞ്ഞു:
-ശെരി, എന്നാ ഞാന്‍ പോട്ടേ?
           തിരിഞ്ഞുനടക്കാന്‍ തുടങ്ങിയ കണ്ണനെ കൈ കൊട്ടി തിരിച്ചുവിളിച്ച്
 എന്‍ബി പറഞ്ഞു:
-നിക്ക് നിക്ക്. ഞാന്‍ വേറൊരു വഴി നോക്കട്ടെ.
-ഏതു വഴി?
-ലേശം വളഞ്ഞ വഴിയാണ്. അതേയ്, കണ്ണന്‍ പുരാണത്തിലെ കൊറേ രാജാക്കന്മാര്‌ടെ
 പേര് പറയൂ
-ഇത് നല്ല കൂത്ത്! ഇതും അതുമായിട്ട് എന്താ ബന്ധം?
-താന്‍ ഞാന്‍ പറയണത് അങ്ങട് കേക്ക്വാ. പുരാണത്തിലെ കൊറേ രാജാക്കന്മാര്‌ടെ
 പേര് പറയ്യ്യാ.
         വേറെ നിവൃത്തിയില്ലെന്നു കണ്ടപ്പോള്‍ കണ്ണന്‍ പറഞ്ഞുതുടങ്ങി:
-അംബരീഷന്‍, ഇക്ഷ്വാകു, വിരാടന്‍, ദക്ഷന്‍, ലോനപ്പന്‍, ജനകന്‍...
-പോരട്ടെ പോരട്ടെ
-ഋതുപര്‍ണ്ണന്‍, പുരൂരവസ്സ്, ശുദ്ധോദനന്‍, വാറുണ്ണി, കാര്‍ത്തവീര്യന്‍, ശിശുപാലന്‍...
-പോരാ പോരാ
-ചന്ദ്രകേതു, ചിത്രരഥന്‍, ജരാസന്ധന്‍, ഇടിക്കുള, ദ്രുപദന്‍, ദശരഥന്‍,
 യയാതി, സത്യവാന്‍....
-ആ. മതി മതി മതി . ആ ഒടുവില്‍ പറഞ്ഞാള്‍ടെ ഭാര്യടെ പേരെന്താ?
-സാവിത്രി
        
          ആ പേര് കേട്ടതും അകത്തേക്കുനോക്കി എന്‍ബി വിളിച്ചുപറയുകയാണ്:
-സാവിത്ര്യേയ്. ഈ കണ്ണന് രഥേടെ അര്‍ത്ഥം ഒന്ന് പറഞ്ഞുകൊട്ക്ക്വാ !!!