rajasooyam

Sunday, September 26, 2010

മറക്കില്ല നാം (2)

പി എല്‍ ജോയിയും ജോസഫ് ആന്റണിയും വി ഷഷിധരനും വരടിയം മുരളിയും കൂടി (അങ്ങനെ രണ്ട് നസ്രാണികള്‍ക്ക് രണ്ട് ജന്തുക്കള്‍ എന്ന റേഷ്യോയില്‍) ഉത്തരേന്ത്യന്‍ പര്യടനത്തിനു പോയതും അതിന്റെ ഭാഗമായി ഒരു കൊച്ചുവെളുപ്പാന്‍കാലത്ത് ചണ്ഡീഗഢില്‍ കാലുകുത്തിയതും മോന്ത്യാവണേനുമുമ്പ് അവിടന്ന് ചത്തീസ്ഗഢിലേയ്ക്ക് തിരിക്കേണ്ടതുകൊണ്ട് റൂമൊന്നുമെടുക്കേണ്ടെന്നു തീരുമാനിച്ചതും എന്നാല്‍ വെളിക്കിരിക്കാനുള്ള വിളി വന്നപ്പോള്‍ പകല്‍ സമയത്തേക്കു മാത്രമായി ആദായവിലയ്ക്ക് ഒരു മുറി കിട്ടുമോന്നു നോക്കാമെന്ന് തീരുമാനം മാറ്റിയതും അന്നേരം അത് ആര് എങ്ങനെ ചോദിച്ചുഫലിപ്പിക്കുമെന്ന പ്രശ്‌നം പൊന്തിവന്നതും അപ്പോള്‍ ജോസഫ് ആന്റണി അഞ്ചാറ് മാസം ഡല്‍ഹിയില്‍ താമസിച്ചിട്ടുള്ള തനിക്ക് ഹിന്ദി ഫൂല്‍ ഫൂല്‍ പോലെ വഴങ്ങുമെന്നും റൂം ചോദിക്കേണ്ട കാര്യം താന്‍തന്നെ കൈകാര്യം ചെയ്‌തോളാമെന്നും പറഞ്ഞ് മറ്റുള്ളവരെ സമാധാനിപ്പിച്ചതും പിന്നെ പുള്ളിക്കാരന്‍ ആരും കേള്‍ക്കാതെ കുറേ നേരം നഹാനേകേലിയെ നഹാനേകേലിയെ എന്ന് ഉരുവിട്ടോണ്ടുനടന്നതും പിന്നെ ഏറ്റവും അടുത്തുകണ്ട ലോഡ്ജില്‍ കയറി റിസപ്ഷനില്‍ ഇരിക്കയായിരുന്ന സര്‍ദാര്‍ജിയോട് ക്യാ ഹം ചാര്‍ ലോഗോം കൊ നാച്‌നേകേലിയെ ഏക് കംരാ മിലേഗാ എന്ന് ശുദ്ധഹിന്ദുസ്ഥാനിയില്‍ ഷഡ്ജവും സംഗതിയും ഒന്നും ചോര്‍ന്നുപോകാതെ ചോദിച്ചതും ഒരു നിമിഷം അമ്പരന്നുനിന്നുപോയ സര്‍ദാര്‍ജി തൊട്ടടുത്ത നിമിഷം അരേ ഉല്ലൂ കാ പട്ടേ എന്നും പറഞ്ഞ് ഒരു മുണ്ടന്‍ വടിയെടുത്ത് നാല്‍വര്‍ സംഘത്തെ തുരത്തിയോടിച്ചതും നമ്മള്‍ എങ്ങനെ മറക്കാനാണ് !!!

Thursday, September 23, 2010

Highly inflammable & Explosive

ന്യൂഡല്‍ഹിയില്‍ നടന്ന വെടിവെപ്പിന്റേയും സ്‌ഫോടനത്തിന്റേയും വാര്‍ത്ത വായിച്ചപ്പോള്‍ അനുബന്ധമായി കണ്ണന്‍ പറഞ്ഞതാണ്:

പത്തുപന്ത്രണ്ട് കൊല്ലങ്ങള്‍ക്കുമുമ്പാണ് സംഭവം.
സിആര്‍ ബാബുവും കുടുംബവും മദ്രാസിനു പോകാന്‍ വേണ്ടി തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ കാത്തുനില്‍ക്കുകയാണ്.
അന്നേരം മൈക്കിലൂടെ ഒരനൗണ്‍സ്‌മെന്റ് കേള്‍ക്കുന്നു:
“ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്. പെട്ടെന്ന് തീ പിടിക്കുന്നതോ പൊട്ടിത്തെറിക്കുന്നതോ ആയ സാധനങ്ങളുമായി
( ഹൈലിഇന്‍ഫ്‌ളെയ്മബ്ള്‍ ആന്‍ഡ് എക്‌സ്‌പ്ലോസീവ് മെറ്റീരിയല്‍സ്) ട്രെയിനില്‍ യാത്ര ചെയ്യുന്നത് ശിക്ഷാര്‍ഹമാണ്. ”
ഇതു കേട്ടതും സിആര്‍ബിയുടെ 5 വയസ്സുകാരി മകള്‍ മമ്മിയെ കെട്ടിപ്പിടിച്ച് ഒറ്റ കരച്ചിലാണ്.
കാരണമന്വേഷിച്ചപ്പോള്‍ ഏങ്ങലടിച്ചുകൊണ്ട് അവള്‍ പറയുകയാണ്:
“ പപ്പയെ കൊണ്ടുപോകാതെ നമ്മള്‍ എങ്ങനെ പോകും മമ്മീ? ” !!!

Sunday, September 19, 2010

വാക്കുമ്പുറത്ത്

വാടാനപ്പിള്ളീന്നു വരുന്ന തടിച്ച പ്രഭാകരന്‍ കെട്ടുപ്രായം കഴിഞ്ഞ് പുരനിറഞ്ഞ്‌നില്‍ക്കുന്ന കാലഘട്ടത്തിങ്കലാണ് കഥ നടക്കുന്നത്.
അന്ന് ബിആര്‍ ആപ്പീസിലെത്തിയപ്പോള്‍ പതിവില്ലാത്തവിധം അല്പം വൈകിപ്പോയി.
ലിഫ്റ്റിനു കാത്തുനില്‍ക്കാതെ ഒതുക്കുകള്‍ ഓടിക്കയറുമ്പോള്‍ അതാ ഫസ്റ്റ് ഫ്‌ളോറില്‍
പി എഫ് വിങ്ങിനുമുമ്പിലായി ഒരാള്‍ക്കൂട്ടം!
പ്രഭാകരന്‍ അല്പം അകലെമാറി പ്രായം ചെന്ന ഒരപരിചിതനുമായി സംസാരിച്ചോണ്ടു നില്‍ക്കുന്നു.
അവരെ ചൂണ്ടിക്കാണിച്ചുകൊണ്ട് ആള്‍ക്കൂട്ടം എന്തൊക്കെയോ കുശുകുശുക്കുന്നു!
ആരോ ഒരാള്‍ പറഞ്ഞു:
-എന്നാലും നമ്മുടെ പ്രഭാകരന്‍ ഇങ്ങനെ ചെയ്യുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയില്ല.
- പ്രഭാകരന്‍ എന്തു ചെയ്‌തെന്നാണ്?
ബിആര്‍ ചോദിച്ചു.
-ശ്ശ്....മിണ്ടല്ലേ...ശ്രദ്ധിക്കൂ

ബിആര്‍ ചെവി വട്ടം പിടിച്ചു.
അന്നേരം അപരിചിതന്‍ പ്രഭാകരന്റെ കൈ രണ്ടും കൂട്ടിപ്പിടിച്ച് ഇടറുന്ന കണ്ഠത്തോടെ പറയുകയാണ്:
-സര്‍, ഞാന്‍ വേണമെങ്കില്‍ സാറിന്റെ കാല് പിടിക്കാം. സാറെനിക്ക് വാക്കു തരണം. ഒരു പെണ്‍കുട്ടിയുടെ ജീവിതം സാറായിട്ട് തകര്‍ക്കരുത്.....സാറിനെക്കൊണ്ട് എങ്ങനെയെങ്കിലും സമ്മതിപ്പിക്കാമെന്നേറ്റിട്ടാണ് ഞാന്‍ വീട്ടീന്ന് വരുന്നത്....അമ്മയും മോളും ഞാന്‍ തിരിച്ചുചെല്ലുന്നതും കാത്ത് വഴിക്കണ്ണുമായി കാത്തിരിക്കയാണ്....സാറ് വാക്കുതന്നില്ലെങ്കില്‍ പിന്നെ ഞങ്ങള്‍ ജീവിച്ചിരിക്കില്ല...സത്യം.സത്യം.സത്യം.....

അന്നേരം ചുറ്റുമൊന്നു നോക്കി പല്ല് കടിച്ചുപിടിച്ച് തെല്ലൊരു ദേഷ്യത്തോടെ പ്രഭാകരന്‍ പറയുന്നു.
-ഒന്നു പതുക്കെപ്പറ. ഞാനായിട്ട് നിങ്ങള്‍ടെ മകള്‍ടെ ജീവിതം തകര്‍ക്കണില്ല....പക്ഷേ വാക്കുതരാനൊന്നും എന്നേക്കൊണ്ടാവില്ല. എന്നാലാവുന്നത് ഞാന്‍ ചെയ്യാം. അത്ര മാത്രം....

ബിആര്‍ ഞെട്ടിപ്പോയീന്ന് പറയേണ്ടതില്ലല്ലൊ.

പെട്ടെന്ന് കാന്റീനില്‍ ചായക്ക് ബെല്ലടിച്ചു. അതു കേട്ടതും ജനം അങ്ങോട്ടു പാഞ്ഞു.
കണ്ണീരും കൈയുമായി അപരിചിതനും നടയിറങ്ങി...
അന്നേരം പ്രഭാകരനെ ഒരു കോണിലേക്ക് മാറ്റിനിര്‍ത്തിക്കൊണ്ട് ബിആര്‍ ചോദിച്ചു:
-എന്തെല്ലാമാണ് പ്രഭാകരാ ഞാനീ കേള്‍ക്കണത്?
- എന്താ?
പടിയിറങ്ങിപ്പോകുന്ന അപരിചിതനെ ബിആര്‍ ചൂണ്ടിക്കാണിച്ചു. അപ്പോള്‍ പ്രഭാകരന്‍ പറയുകയാണ്:
-ഓ. അതോ. മറ്റന്നാള്‍ അയാള്‍ടെ മകള്‍ടെ കല്യാണനിശ്ചയാത്രേ. അന്ന് ചെറുക്കന്റെ വീട്ടുകാര്‍ക്ക് കുറച്ച് പണം കൊടുക്കാമെന്നേറ്റിട്ടുണ്ട്‌പോലും. അത് അന്നു തന്നെ കൊടുത്തില്ലെങ്കില്‍ കല്യാണം ഒഴിഞ്ഞുപോവുംത്രേ. അതുകൊണ്ട് ഇന്നല്ലെങ്കില്‍ നാളെത്തന്നെ ഞാന്‍ അയാള്‍ടെ പി എഫ് ക്ലോഷര്‍ ചെയ്തുകൊടുക്കണംത്രേ. എന്റെ വാക്കുകിട്ടിയിട്ടുവേണംത്രേ ചെറുക്കന്റെ വീട്ടുകാര്‍ക്ക് വാക്കുകൊടുക്കാന്‍...!!!

Saturday, September 18, 2010

പൂരപ്രബന്ധം

(പ്രശസ്ത ഹിന്ദി വിദ്വാന്‍ വി.ശ്രീകുമാര്‍ അസ്ത്യുത്തരസ്യാംദിശിയില്‍നിന്നിറങ്ങുന്ന ഒരു ഹിന്ദി മാസികയില്‍ എഴുതിയ 'തൃശൂര്‍ പൂരം' എന്ന പ്രബന്ധത്തെ അവലോകനം ചെയ്തുകൊണ്ട് ബി ആര്‍ നടത്തിയ മുഖ്യപ്രഭാഷണം)
ഏകലവ്യന്റെ കഥ പറഞ്ഞതുപോലെയാണ് വി.ശ്രീകുമാറിന്റെ കാര്യം. പണ്ട് അഭ്യസ്തവിദ്യയ്ക്ക് ശേഷം തൊഴിലൊന്നുമില്ലാതെ തേരാപ്പാരാ നടന്ന കാലത്ത് അമ്മാവന്റെ മകള്‍ ഹിന്ദി പഠിക്കാന്‍ പോകുമ്പോള്‍ ഒരു നേരമ്പോക്കിനുവേണ്ടി കൂടെപ്പോകാറുണ്ടായിരുന്നു എന്നതുമാത്രമാണ് ശ്രീകുമാറിന് ഹിന്ദിയുമായിട്ടുള്ള ബന്ധം. ആ മനുഷ്യന്‍ മണിമണിയായി ഹിന്ദി എഴുതുന്നതുകണ്ടാല്‍ ഏത് ഉന്നതഹിന്ദി മഹോദയനും കുമ്പിട്ടുകൂപ്പും!
അല്ലെങ്കില്‍ ‘കിത്‌നാ സുന്ദര്‍’ എന്ന മാസികയില്‍ വിദ്വാനെഴുതിയ 'തൃശൂപ്പൂരം'എന്ന പ്രബന്ധം ഒരാവര്‍ത്തി വായിച്ചുനോക്കൂ. പിന്നെ പൂരം കാണേണ്ട കാര്യമേയില്ല !
പൂരത്തിന്റെ ഉല്‍പ്പത്തിയേയും വികാസപരിണാമങ്ങളേയും അതിന്റെ ഇന്നത്തെ അവസ്ഥയേയും പറ്റി സവിസ്തരം പറയുന്നുണ്ട് ശ്രീകുമാര്‍. തൃശൂപ്പൂരത്തിനുമുമ്പ് മദ്ധ്യകേരളത്തിലെ ഏറ്റവും വലിയ പൂരം ആറാട്ടുപുഴ പൂരമായിരുന്നത്രേ. (അതിനുമുമ്പ് മുവ്വാറ്റുപുഴയിലായിരുന്നു പൂരം!). കടുത്ത പേമാരിയും വര്‍ഷവും കാരണം (ഭാരി വര്‍ഷ് കെ കാരണ്‍) ഒരു വര്‍ഷം തൃശൂക്കാര്‍ക്ക് പൂരം കാണാന്‍ പോവാന്‍ പറ്റിയില്ല. അന്ന് ഇന്നത്തെപ്പോലെ പുഴയ്ക്ക് കുറുകെ പാലമില്ല. (പ്രാദേശിക വാദം അന്നും നിലവിലൂണ്ടായിരുന്നു. പാലം പുഴയുടെ അക്കരെ വേണമെന്ന് അക്കരെക്കാരും അതല്ല ഇക്കരെത്തന്നെ വേണമെന്ന് ഇക്കരക്കാരും വാശിയോടെ വാദിച്ചു! ഇതുകേട്ട് അലയിളക്കി ചിരിച്ചുകൊണ്ട് പുഴ അതിന്റെ വഴിക്കൊഴുകി). നിരാശരായ തൃശ്ശൂക്കാര്‍ കൂലംകുത്തിയൊഴുകുന്ന പുഴയുടെ ഓരത്തുചെന്ന് നെഞ്ചത്തടിച്ചുകരഞ്ഞു. പിന്നെ തിര്യെ വന്ന് ശക്തന്‍ തമ്പുരാനെ കണ്ട് സങ്കടമുണര്‍ത്തിച്ചു. പള്ളിക്കുറുപ്പുകൊള്ളുകയായിരുന്ന തമ്പുരാന്‍ അന്നേരത്തെ ദേഷ്യത്തിന് ആരവിടെ എന്നു വിളിച്ച് നൂറോളം നായന്മാരെ വരുത്തി വടക്കുന്നാഥക്ഷേത്രത്തിനുചുറ്റും നിന്നിരുന്ന തേക്കുമരങ്ങളെല്ലാം വെട്ടിച്ചുടാന്‍ കല്പന കൊടുത്തു. മരങ്ങളായ മരങ്ങളെല്ലാം പോയി നിരപ്പാര്‍ന്ന ആ സ്ഥലം കണ്ടപ്പോള്‍ എന്തുകൊണ്ട് അവിടെ ഒരു പൂരം നടത്തിക്കൂടാ എന്ന് തമ്പുരാന് തോന്നി. ആ തോന്നലാണത്രേ തൃശ്ശൂപ്പൂരത്തിന്റെ ഉല്പത്തിയ്ക്ക് ഹേതുവായത്.
(അന്നത്തെ ആ തേക്കിന്‍ കാടാണ് ഇന്നത്തെ ഈ തേക്കിന്‍ കാട്)
അത്ഭുതംകൊണ്ട് വിടര്‍ന്ന കണ്ണുകളോടെയല്ലേ നമുക്ക് ഇപ്പറഞ്ഞതൊക്കെ വായിക്കാന്‍ കഴിയുന്നുള്ളൂ?
പൂരോല്പത്തിപ്പര്‍വ്വത്തിനുശേഷം പ്രബന്ധകാരന്‍ നമ്മളെ നേരെ കൂട്ടിക്കൊണ്ടുപോകുന്നത് പൂരക്കാഴ്ചകളിലേയ്ക്കാണ്. ആനച്ചമയം, അത്തച്ചമയം, മഠത്തിലെ വരവ്, ഹോട്ടലിലെ ചെലവ്, കൊമ്പ്പറ്റ്, കൊഴല്‍വിളി, വില്ലിന്മേല്‍ തായമ്പക, വില്ലടിച്ചാന്‍ പാട്ട്, പഞ്ചവാദ്യം ഇലഞ്ഞിത്തറമേളം, കൊടമാറ്റം, മോതിരംമാറ്റം, ഗോവിന്ദന്‍കുട്ടിയുടെ പറയെടുപ്പ്, കുട്ടിശ്ശങ്കരന്റെ തലയെടുപ്പ്, തെക്കോട്ടിറക്കം, വലത്തോട്ട്‌കേറ്റം, സലാം പറച്ചില്‍ മുതലായ പൂരച്ചടങ്ങുകള്‍ ഒരു കണ്ണാടിയിലെന്നപോലെ ഈ പ്രബന്ധത്തില്‍ നമുക്ക് കാണാന്‍ കഴിയുന്നു. വെറുതെയല്ലല്ലോ പണ്ടൊരു കാമുകന്‍ തന്റെ കാമുകിയെ 'പൂരങ്ങളില്‍വെച്ച് തൃശ്ശ്പ്പൂരം നീ' എന്നു വിശേഷിപ്പിച്ചത് എന്ന് നാം ഓര്‍ത്തുപോവുകയും ചെയ്യുന്നു.
പൂരത്തിനിടയില്‍ പൂട്ടുകച്ചവടം മാതിരി ഒരു അപ്രിയസത്യം കൂടി അവതരിപ്പിക്കുന്നുണ്ട് പ്രബന്ധകാരന്‍. അത് പൂരത്തിന്റെ തലേന്നാള്‍ മുതല്‍ പിറ്റേന്നാള്‍ വരെ തൃശ്ശൂക്കാര്‍ക്ക് അനുഭവപ്പെടുന്ന ബന്ധുജനശല്യത്തെപ്പറ്റിയാണ്! സകലമാന അമ്മാവന്മാരുടേയും അമ്മായിമാരുടേയും അവരുടെ മക്കളുടേയും മരുമക്കളുടേയും അയ്യരുകളിയായിരിക്കും അന്നാളുകളില്‍ തൃശ്ശൂക്കാരുടെ വീടുകളില്‍ !
ഒരൊറ്റ ദോഷമേ ഇപ്രബന്ധത്തെപ്പറ്റി ബിആറിന് പറയാനുള്ളൂ. പൂരം കേരളത്തിന്റെ സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ മണ്ഡലങ്ങളില്‍ വരുത്തിയ മാറ്റങ്ങളെപ്പറ്റിയും അതില്‍ തൊഴിലാളിപ്രസ്ഥാനം വഹിച്ച പങ്കിനെപ്പറ്റിയും ശ്രീകുമാര്‍ കമാന്നൊരക്ഷരം മിണ്ടുന്നില്ല. അത് പക്ഷേ ശ്രീകുമാറിന്റെ കുറ്റമാണോ? ആണെന്നു തോന്നുന്നില്ല. കാരണം അതേപ്പറ്റി മാര്‍ക്‌സ് യാതൊന്നും പറഞ്ഞിട്ടില്ല !
(അധികമാരും കേട്ടിട്ടില്ലാത്ത ഒരു കഥ കൂടി തൃപ്രയാര്‍ പബ്ലിക്കേഷന്‍സിന്റെ ‘മാര്‍ക്‌സും മലയാളിയും’ എന്ന ഗ്രന്ഥത്തില്‍നിന്നും എടുത്തുദ്ധരിക്കുന്നുണ്ട് പ്രബന്ധകാരന്‍: ഒരിക്കല്‍ ഇന്ത്യാ സന്ദര്‍ശനവേളയില്‍ പൂരം കാണാന്‍ വേണ്ടി മാര്‍ക്‌സും എംഗല്‍സും കൂടി ഇരിങ്ങാലക്കുടനിന്നും വി.എന്‍.കൃഷ്ണന്‍കുട്ടിനായരേയും കൂട്ടി കൂര്‍ക്കഞ്ചേരിവരെ വന്നു എന്നും അന്നേരം പൂരപ്പറമ്പില്‍ വല്ല്യോരു ‘അമിട്ടാപൊട്ടീന്നും’ ശബ്ദം കേട്ട് ഞെട്ടിപ്പോയ അവര്‍ എന്നാല്‍ കൃഷ്ണാ, ഞങ്ങളിനി അങ്ങോട്ടില്ല എന്നും പറഞ്ഞ് അടുത്ത വണ്ടിക്ക് ജര്‍മ്മനിക്ക് വിട്ടുവെന്നുമാണ് ആ കഥ !).

Thursday, September 16, 2010

വേപ്പിലക്കട്ടി

-കേട്ടോ ഹരീ, മുഖസ്തുതി പറയാണെന്ന് വിചാരിക്കരുത്. ഹരി ഇന്ന് കൊണ്ടുവന്ന വേപ്പിലക്കട്ടി
അടിപൊളിയായിരുന്നൂട്ടോ. ഞാന്‍ അസോസിയേഷന്‍ ഹാളിലിരുന്ന് അതും കൂട്ടി മുക്തകണ്ഠം
ചോറുണ്ടൂ. എന്തൊരു ടെയ്‌സ്റ്റായിരുന്നു അതിന്. ദേ ഇപ്പോഴും എന്റെ നാവില്‍
വെള്ളമൂറുകയാണ്. വിരോധമില്ലെങ്കില്‍ അതിന്റെ നിര്‍മ്മാണരഹസ്യമൊന്നു പറഞ്ഞുതരാമോ?
-ആളെ വെറുതെ വടിയാക്കാതെ എന്‍ബീ. നിങ്ങള്‍ നമ്പൂരിമാര്‍ക്കറിയാത്ത പാചകവിധിയുണ്ടോ?
-സത്യമാണ് ഞാന്‍ പറഞ്ഞത്. പല നമ്പൂരിമാരും തമ്പുരാട്ടിമാരും ഉണ്ടാക്കിയ വേപ്പിലക്കട്ടി
ഞാന്‍ കഴിച്ചിട്ടുണ്ട്. അതൊന്നും ഇതിന്റെ ഏഴയല്‍വക്കത്ത് വരില്ല. ഞാനൊന്നു ചോദിക്കട്ടെ,
ആരുണ്ടാക്കിയാലും അതിനുപയോഗിക്കുന്ന ചേരുവകള്‍ ഒന്നുതന്നെയാണല്ലൊ. പക്ഷേ ആ
ചേരുവകളുടെ സ്വാദൊന്നുമല്ലല്ലൊ ഹരി കൊണ്ടുവന്ന വേപ്പിലക്കട്ടിയ്ക്ക്? അപ്പോള്‍ തീര്‍
ച്ചയായും അത് പ്രിപ്പെയര്‍ ചെയ്യുന്നതിന്റെ പ്രത്യേകതയാവണം. ആ മെത്തേഡ് ഒന്നു
പറഞ്ഞുതരൂ, പ്ലീസ്.
-എന്തൂട്ട് മെത്തേഡ്. 'പാചകം: കലയും കൊലയും' എന്ന പുസ്തകം
റെഫറ് ചെയ്തിട്ടാണ് ബീന അതുണ്ടാക്കിയത്.
-ആ ബുക്ക് തന്നെയാണല്ലൊ ന്റെ സാവിയും ഫോളോ ചെയ്യണത്. പിന്നെ എങ്ങനെയാണ്
ടെയ്‌സ്റ്റില്‍ ഇത്രമാത്രം വ്യത്യാസം വരുന്നതെന്നാണ് മനസ്സിലാവാത്തത്. ഒരുപക്ഷേ അത്
ഓരോരുത്തരുടെ കൈപ്പുണ്യം ഹേതുവായിക്കൊണ്ടായിരിക്കും അല്ലേ?
-ആ. എന്ത് മണ്ണാങ്കട്ടയാണാവോ. എനിക്കറിഞ്ഞൂട.
***
അന്നു വൈകീട്ട് സകുടുംബം അത്താഴം കഴിക്കാനിരുന്നപ്പോള്‍ ബീന ഹരിയോട് ചോദിച്ചു:
-സഖാവ് ഇന്ന് എന്ത് പണിയാ കാണിച്ചേ?
-എന്തേ?
-ആപ്പീസില്‍ ആര്‍ക്കോ വേപ്പിലക്കട്ടി കൊടുക്കണമെന്നും പറഞ്ഞ് എടുത്തോണ്ടുപോയില്ലേ.
-ഉവ്വ്.
-അതേയ്. വേപ്പിലക്കട്ടി പൊതിഞ്ഞുവെച്ചതിന്റെ അടുത്തുതന്നെ മോന് ചോറിന്റെ കൂടെ
കൊടുത്തുവിടാന്‍ മറ്റൊരു പൊതി വെച്ചിരുന്നു. ആ പൊതിയാണ് സഖാവ്
എടുത്തോണ്ടുപോയത്.
-മൈ ഗോഡ്! അപ്പൊ ആ പൊതിയില്‍ എന്തായിരുന്നു?
-ആവോലി വറുത്തത്!!!
******

Saturday, September 11, 2010

ഗ്യാസ് പോയേനെ !

ശനിയാഴ്ച ഉച്ചയ്ക്ക് ഊണുകഴിഞ്ഞ് ഒന്ന് മയങ്ങാന്‍ കിടക്കുമ്പോഴാണ് വേണുപ്പണിക്കര്‍ക്ക് ഓര്‍മ്മവന്നത് അന്ന് ഗ്യാസ് കൊണ്ടുവരുമെന്ന്.
കിടന്നേടത്തുകിടന്നുകൊണ്ടുതന്നെ പണിക്കര്‍ പണിക്കത്ത്യാരോട് ഗ്യാസുകുറ്റിയെടുത്ത് പുറത്തുവെയ്ക്കാന്‍ പറഞ്ഞു.
കളരിയ്ക്കല്‍ തറവാട്ടിലാണെങ്കില്‍ പണിക്കരുടെ തിരുവായ്‌ക്കെതിര്‍വായില്ല.
ഉത്തരവുകൊടുത്ത പണിക്കര്‍ തിരിഞ്ഞുകിടന്നങ്ങുറങ്ങിപ്പോയി. ഉറക്കത്തിനിടയില്‍ കൊച്ചുകുട്ടികളെപ്പോലെ ഒന്നു കമിഴ് ന്നും പോയി.
ഉറക്കമുണര്‍ന്ന് നോക്കുമ്പോഴെന്താ.
പണിക്കരുടെ പുറത്ത് ഉപ്പുഞ്ചാക്കുപോലത്തെ ഒരു ഗ്യാസുങ്കുറ്റി!
എന്തിനു പറയുന്നു പുള്ളിക്കാരനിപ്പോ മേലനക്കാന്‍ മേല!!!''

Saturday, September 4, 2010

മൂലമന്ത്രം

'എടാ പോത്തേ, നിന്നെ ഞാന്‍ എന്താ വേണ്ടേ. എന്റെ ഇന്നത്തെ കച്ചോടം കളഞ്ഞില്ലേ നീ.'' മേനോന്റെ ഈ ആക്രോശം കേട്ടുകൊണ്ടാണ് ബിആര്‍ സ്‌റ്റോറിലേക്ക് കടന്നുചെന്നത്.
നന്ദകുമാറിനെ (അമ്പാട്ടെ നന്ദ്വാരെ) പോത്തേന്നുവിളിച്ചിട്ടും അരിശം തീരാഞ്ഞ് കുഞ്ചന്‍ നമ്പ്യാരുടെ നായരെപ്പോലെ സ്‌റ്റോറിനുചുറ്റും മണ്ടിനടക്കുകയാണ് മേനോന്‍.
ഏതാണ്ട് ഒരു ഡസനോളം മാന്യ ഉപഭോക്താക്കള്‍ ഇടിവെട്ടേറ്റതുപോലെ അവിടെ നില്‍ക്കുന്നുണ്ട്. എന്താണ് സംഭവിച്ചതെന്ന് ബിആര്‍ പലവട്ടം ചോദിച്ചിട്ടൂം ആരും ഒരക്ഷരം മിണ്ടിയില്ല. ഒടുവില്‍ നാലപ്പാട്ട് നാരായണമേനോന്റെ കണ്ണുനീര്‍ത്തുള്ളിയുടെ പുതിയ പതിപ്പ് റിലീസ് ചെയ്തുകൊണ്ട് സ്മിത പറഞ്ഞു: 'നന്ദകുമാര്‍ സാറ് സാധാരണ കാഷ് തന്നിട്ടാണ് സാധനങ്ങള്‍ വാങ്ങാറ്. ഇന്ന് പതിവിന് വിപരീതമായി ക്രെഡിറ്റ് ബില്ലടിക്കാന്‍ പറഞ്ഞു. ഞാന്‍ ക്രെഡിറ്റ് ക്ലിക് ചെയ്തതും കമ്പ്യൂട്ടറ് ഹാങ്ങായി. അപ്പൊ തൊടങ്ങീതാ മേനോന്‍സാറിന്....''
മേനോനെ ഒരുവിധം സമാധാനിപ്പിച്ചുകൊണ്ട് ബിആര്‍ പറഞ്ഞു: ഇങ്ങനെ വയലന്റായതുകൊണ്ട് എന്താ കാര്യം മേനോന്‍. വേഗം ഹരിദാസിന് ആളെ വിട്.
മേനോന്‍ ആരവിടെ എന്നു ചോദിച്ചപ്പോള്‍ ഒരു ഭടന്‍ കുന്തവുമായി പ്രവേശിച്ചു. അയാളെ ഹരിദാസിനെ വിളിക്കാന്‍ വിട്ടു.
ഹരിദാസെത്തി കമ്പ്യൂട്ടര്‍ തലങ്ങും വിലങ്ങും പരിശോധിച്ചു. പിന്നെ നിലത്ത് ചമ്രം പടിഞ്ഞിരുന്ന് ഏതോ മന്ത്രം (ഹരിനാമകീര്‍ത്തനമാണെന്നു തോന്നുന്നു) ചൊല്ലി. അനന്തരം നന്ദനെ വിളിച്ച് സ്വകാര്യമായി ചോദിച്ചു: ബില്ല് വേണംന്ന് നിര്‍ബ്ബന്ധണ്ടോ? ച്ചാല്‍ സ്വന്തം പേരില്‍തന്നെ വേണോന്നര്‍ത്ഥം.
നന്ദന്‍ പറഞ്ഞു: വേണ്ടേയ്. എന്നെ ഈ പോത്തിന്റെ വായില്‍നിന്ന് രക്ഷിച്ചാല്‍ മാത്രം മതിയേയ്.
ഹരിദാസ് വീണ്ടും കണ്ണടച്ചുപിടിച്ച് ഒരു മന്ത്രം കൂടി ചൊല്ലി. ഇത്തവണ വെറുതെ ചൊല്ലുകയായിരുന്നില്ല. ശരിക്കും ഉരുക്കഴിക്കുകയായിരുന്നു. പിന്നെ മന്ത്രത്തെ കീബോര്‍ഡിലേക്കാവാഹിച്ച് എന്തോ ടൈപ്പ് ചെയ്തു. അത്ഭുതമെന്നേ പറയേണ്ടൂ, ശുദ്ധകാംബോജി രാഗത്തിലുള്ള ഏതോ പാട്ടിന്റെ അകമ്പടിയോടെ കമ്പ്യൂട്ടര്‍ ഓപ്പണായി.
ടെന്‍ഷനകന്ന് എല്ലാവരുടേയും ഉള്ളം കിളിര്‍ത്തു.
ഒരു ദക്ഷിണ പോലും വാങ്ങാതെ പുറത്തേക്കുപോയ ഹരിദാസിന്റെ പിന്നാലെ ചെന്ന് ബിആര്‍ ചോദിച്ചു: ആ മൂലമന്ത്രം ഒന്നുപദേശിക്കാമോ? ഇതുപോലെ കമ്പ്യൂട്ടറ് ഹാങ്ങാവുമ്പൊ പരീക്ഷിക്കാലോ.
അന്നേരം ഹരിദാസ് പറഞ്ഞു: ഇതങ്ങനെ എല്ലാ കമ്പ്യുട്ടറിനും പറ്റ്ല്ല്യ. സ്‌റ്റോറിലെ കമ്പ്യൂട്ടറിന് മാത്രേ പറ്റൂ.
-എന്തായാലും അതൊന്ന് പറഞ്ഞുതരാമോ?
-പറയാം, പക്ഷേ പുറത്തു പറയരുത്.
-പറഞ്ഞാലോ?
-എന്റെ പേറ്റന്റ് പോവും.
-എന്നാല്‍ പറയില്ല. പറയൂ.
-അതായത് കൂലങ്കഷായമായി പരിശോധിക്കുമ്പൊ ആ ക്രെഡിറ്റ് ബില്ലില്‍ ഒരേയൊരു കാര്യം മാത്രമാണ് കമ്പൂട്ടറിന് ദഹിക്കാതെ പോയത്.
-അതേതാണ്?
-നന്ദന്റെ പേര്.
-അതെന്താ ദഹിക്കാതെ പോയത്?
-നന്ദന്‍ സാധാരണ ക്രെഡിറ്റില്‍ സാധനം വാങ്ങാത്ത ആളായതുകൊണ്ട്.
-അത് ശെരി.
-വളരെ നാളത്തെ റിസെര്‍ച്ചിനുശേഷമാണ് ഇത്തരം സിറ്റ്വേഷന്‍ വന്നാല്‍-അതായത് കാഷിനുപകരം ക്രെഡിറ്റ് ബില്ലടിക്കുമ്പോള്‍ കമ്പൂട്ടര്‍ ഹാങ്ങായാല്‍- എന്താണ് ചെയ്യേണ്ടതെന്ന് ഞാന്‍ കണ്ടുപിടിച്ചത്. നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം. പേരിന്റെ കോളത്തില്‍ വെറും പതിനേഴക്ഷരം മാത്രമുള്ള ആ മന്ത്രം വെറുതെയങ്ങ് ടൈപ്പ് ചെയ്യുക. ഏത് തുറക്കാത്ത കമ്പ്യൂട്ടറും തുറക്കും.
-ഏതാണാവോ ദിവ്യമായ ആ പതിനേഴക്ഷരി?
- KUTHAMPULLY KANNAN !!!

പ്രവാസം

-ഹലോ, സഖാവ് ശ്രീകുമാറല്ലേ?
-അതേ.
- സഖാവ് ഇപ്പോള്‍ എവിടെയാണ്?
-ഡെല്‍ഹിയിലാണ്.
-തൃശൂര്ന്ന് നേരിട്ട് ഡെല്‍ഹിക്ക് പോവുകയായിരുന്നോ?
-അല്ല. തിരുവനന്തപുരത്ത്ന്നാണ് വണ്ടി കേറിയത്.
-അതെന്നായിരുന്നു?
-കഴിഞ്ഞ പന്ത്രണ്ടാം തിയതി.
-അപ്പൊ പതിനൊന്നാം തിയതി തൃശൂര്ന്ന് തിരുവനന്തപുരത്തേക്ക് പോയിട്ട്ണ്ടാവും അല്ലേ?
-അല്ല. പതിനൊന്നാം തിയതി ഞാന്‍ കോഴിക്കോട്ടായിരുന്നു.
-തൃശൂര്ന്ന് പത്താംതിയതി കോഴിക്കോട്ട് പോയി അല്ലേ?
-അല്ല. പത്താം തിയതി കോട്ടയത്ത് ജനറല്‍ബോഡിയായിരുന്നു.
-കോട്ടയത്ത്ന്ന് നേരിട്ട് കോഴിക്കോട്ടെത്തുകയായിരുന്നോ?
-അല്ല. കണ്ണൂര്ന്നാണ് കോഴിക്കോട്ടെത്തിയത്.
-എന്തിനാണ് കണ്ണൂര് പോയത്?
-കര്‍ഷകത്തൊഴിലാളികളുടെ സംസ്ഥാനസമ്മേളനത്തിന് അഭിവാദ്യമര്‍പ്പിക്കാന്‍.
-അതുശെരി. അപ്പൊ എന്നാണ് വീട്ടീന്നെറങ്ങിയത്?
-അതിപ്പൊ കൃത്യമായി ഓര്‍മ്മയില്ല.
-അതുകൊള്ളാം. സഖാവിന്റെ ഭാര്യയും കുട്ടിയും അച്'നും ഇപ്പോള്‍ എന്റെ അടുത്തുണ്ട്. അവരെല്ലാം സഖാവിനെ കാണാതെ വിഷമിച്ചിരിയ്ക്കയാണ്. സഖാവ് എവിടെയാണെന്നുപോലും അവര്‍ക്കറിയില്ലെന്നാണ് പറയുന്നത്. അതുകൊണ്ട് എത്രയും പെട്ടെന്ന് വീട്ടിലേക്ക് വരണം. മാത്രമല്ല, ഇനി മുതല്‍ കൊച്ചിയ്‌ക്കോ കൊയിലാണ്ടിയ്‌ക്കോ പോകുന്നതിനുമുമ്പ് വീട്ടില്‍ വിവരം പറയുകയും വേണം കേട്ടോ.
-ഓകെ, ഓകെ. ബൈ ദ ബൈ, അരാണ് സംസാരിക്കുന്നതെന്ന് ഇതുവരെ പറഞ്ഞില്ലല്ലൊ.
-ഡെമോക്രാറ്റിക് ചാനലില്‍ 'പ്രവാസലോകം' പരിപാടി അവതരിപ്പിക്കുന്ന ആളാണ് !!!

Friday, September 3, 2010

പ്രഭാകരന്‍ മാമ!

ശ്രീകുമാറിന്റെ കുട്ടി കാലില്‍ പ്ലാസ്റ്ററിട്ട് കിടക്കുകയാണെന്നു കേട്ടപ്പോള്‍ കാണാന്‍ വേണ്ടി പോയതാണ് സി.പ്രഭാകരന്‍.
ചെന്നപ്പോള്‍, ആസ് യൂഷ്വല്‍, സഖാവ് സ്ഥലത്തില്ല.
സ്ഥലത്തില്ലെന്നുമാത്രമല്ല, കുട്ടിയ്ക്ക് പരിക്കുപറ്റിയിട്ട് അങ്ങോട്ടൊന്നു തിരിഞ്ഞുനോക്കാന്‍ പോലും സഖാവിന് നേരം കിട്ടിയിട്ടില്ല. അതും കൂടി കേട്ടപ്പോള്‍ സിപ്രന്റെ ധാര്‍മികരോഷം ആളിക്കത്താന്‍ തുടങ്ങി.
(കൂട്ടത്തില്‍ പറയട്ടെ, സിപ്രനും ബിആറിനും എന്‍ബിയ്ക്കുമൊക്കെ ധാര്‍മികരോഷം ആളിക്കത്തത്തേയുള്ളു. അല്ലാതെ മറ്റുള്ളവരെപ്പോലെ രക്തം തിളയ്ക്കില്ല!).
ദേഷ്യം കൊണ്ട് പരിസരബോധം നഷ്ടപ്പെട്ട സിപ്രന്‍ ഒന്ന് ഇരിയ്ക്കാന്‍ പോലും കൂട്ടാക്കാതെ അവിടെ നിന്നുകൊണ്ട് ഒരു ഗിരിപ്രഭാഷണമങ്ങു നടത്തി:
'ഇയാളിതെവിടെപ്പോയി കെടക്കാ. സ്വന്തം കുട്ടിയ്ക്ക് ഒരസുഖം വന്നാല്‍ ഒന്നന്വേഷിക്കനോ ആസ്പത്രിയില്‍ കൊണ്ടുപോവാനോ നേരല്ല്യാന്നുപറഞ്ഞാല്‍ എന്താ ഇതിനൊക്കെ പറയണ്ടേ. വീട് നന്നാക്കീട്ട് വേണ്ടേ നാട് നന്നാക്കാന്‍. നിങ്ങക്കറിയോ, രണ്ട് ദിവസായിട്ട് അയാള് ആപ്പീസിലൊന്നും വരണില്ല. നിങ്ങളോട് പറഞ്ഞിട്ട്ണ്ടാവും ആപ്പീസിലേക്കാ പോണേന്ന്, അല്ലേ? അയാള്‍ക്ക് സ്വന്തം കാര്യങ്ങള്‍ക്ക് ഒന്നിനും നേരല്ല്യ. അതെങ്ങന്യാ. ബ്രാഞ്ച് കമ്മറ്റി, ലോക്കല്‍ കമ്മറ്റി, ജില്ലാക്കമ്മറ്റി, ഫ്രാക്ഷന്‍ കമ്മറ്റി, പണ്ടാരക്കമ്മറ്റി ഇതൊക്കെ കഴിഞ്ഞ് എവിടെ നേരം കിട്ടാനാ? റേഷന്‍ വാങ്ങാന്‍ പോവാന്‍ പറഞ്ഞാപ്പറയും എനിയ്ക്ക് കൊണ്‍ഫെഡറേഷന്റെ മീറ്റിങ്ങുണ്ടെന്ന്. എന്തിനാ അധികം പറയണേ, മരുതപ്പന് മരുന്നിനുള്ള അടയ്ക്ക പെറുക്കാന്‍ പോലും അയാള്‍ക്ക് സമയമില്ല. എനിയ്ക്കറിയാം അഛനോ അമ്മയോ പെറുക്കിവെക്കുന്നതില്‍നിന്ന് അടിച്ചുമാറ്റിയാണ് മരുതപ്പനുള്ള വിഹിതം കൊണ്ടുവരുന്നതെന്ന്. ഞാന്‍ പറയാണെങ്കി ഇങ്ങേരെ കുടുമ്മത്ത് കേറ്റരുത്. വരുമ്പൊ പച്ചവെള്ളം കൊടുക്കരുത്. എന്നാലേ പഠിയ്ക്കൂ.........''
പറയാനുള്ളതൊക്കെ ഒറ്റമൂച്ചിനങ്ങ് പറഞ്ഞുകഴിഞ്ഞപ്പൊ കാറൊഴിഞ്ഞ മാനം പോലെ പ്രഭാകരന്റെ മനം ശാന്തമായി.
പോകാന്‍ നേരം കാര്‍ത്തൂന്റെ പുറത്ത് സ്‌നേഹപൂര്‍വം തട്ടിക്കൊണ്ട് സിപ്രന്‍ പറഞ്ഞു:
-മോള് വെഷമിയ്ക്കണ്ടാട്ടോ. മോള്‍ടെ ഈ അവസ്ഥ കണ്ടപ്പോള്‍ മാമന്‍ അറിയാതെ പറഞ്ഞുപോയതാണ്. എന്തായാലും അഛന്‍ വരുമ്പൊ മാമന്‍ ഇങ്ങനെ പറഞ്ഞൂന്നൊന്നും പറയണ്ടാട്ടോ.
-ഇല്ല മാമാ.
-പ്രോമിസ്?
-പ്രോമിസ്. പക്ഷേ അഛന്‍ സഖാവിനോട് ഒരു കാര്യം ഞാന്‍ പറയും.
-എന്താണ്?
-മാമനെപ്പോലുള്ളവരെ അസോസിയേഷനില്‍ വെച്ചോണ്ടിരിക്കാന്‍ കൊള്ളില്ലെന്നും, ഒടനേ
ചെവിയ്ക്ക് പിടിച്ച് പൊറത്താക്കണംന്നും ! ! !

തുലാദൗ രാവേറിടും.....

-ഹലോ, അത് ബിആറാണോ?
-അതേ, ആരാണപ്രത്ത്?
-ഇത് പി.ടി.വിജയന്‍. ഓര്‍മ്മയുണ്ടോ ഈ മൊകം?
-പണ്ട് പത്താം ക്ലാസ്സില്‍ ഒരേ ബഞ്ചിലിരുന്ന് പഠിച്ച...?
-അതന്നെ.
-വിജയനിപ്പോള്‍ എന്തു ചെയ്യുന്നു?
-കേരള പോലീസില്‍ എ എസ് ഐ ആണ്.
-ഇപ്പോള്‍ എവിടെയാണ്?
-കൊടുങ്ങല്ലൂരില്‍.
-എന്താണിപ്പോള്‍ പൊടുന്നനെ ഒരു വിളി തോന്നാന്‍? ഉണ്ടിരിക്കുകയായിരുന്നോ?
-എനിക്കൊരു കാര്യമറിയണമായിരുന്നു.
-പോലീസിന്റെ പി എഫ് തിരുവനന്തപുരത്താണ്.
-അതല്ല ബിആര്‍.
-പിന്നെ?
-നിങ്ങള്‍ടെ ആപ്പീസില്‍ സേതുനാഥന്‍ എന്നൊരാളുണ്ടോ?
-ഉണ്ടല്ലൊ.
-പുള്ളിക്കാരന്‍ ആളെങ്ങനെ?
-എന്റെ ശിഷ്യഗണത്തില്‍ പെട്ട ആളാണ്. ആ ഒരു ദോഷമേ പറയാനുള്ളൂ. പിന്നെ ലേശം പിശുക്കുണ്ടെന്നു തോന്നുന്നു.
-എന്താണ് അങ്ങനെ തോന്നാന്‍?
-കൊടുങ്ങല്ലൂര്‍ക്കാരനാണെങ്കിലും പുള്ളിക്കാരന്‍ ഇതുവരെ ആപ്പീസില്‍ ഒരാള്‍ക്കുപോലും ഒരു ഭരണി കൊണ്ടുകൊടുക്കുന്നത് കണ്ടിട്ടില്ല!
-എന്നാല്‍ ഞാന്‍ പറയട്ടെ. നിങ്ങള്‍ വിചാരിക്കുന്നതുപോലൊന്നുമല്ല ആ പുള്ളി.
-വിജയന്‍ പറഞ്ഞോണ്ടുവരുന്നത്...
-അതേയ്. അയാള്‍ ഇപ്പോള്‍ എന്റടുത്തുണ്ട്.
-എവിടെ, പോലീസ് സ്‌റ്റേഷനിലോ?
-അതെ.
-അതെന്തിന്?
-പുള്ളിക്കരന്റെ പേരില്‍ ഒരു കേസ് ചാര്‍ജ് ചെയ്തിരിക്കയാണ്.
-എന്താണ് ചാര്‍ജ്?
-മോഷണശ്രമം. ഭവനഭേദനശ്രമം.
-ഈശ്വരാ! എന്താ ഞാനീ കേക്കണത്?
-സത്യം. ഇന്നലെ വൈകീട്ടായിരുന്നു ശ്രമം. ഒരു ഗള്‍ഫ് കാരന്റെ വീടായിരുന്നു ടാര്‍ജറ്റ്. ഭാഗ്യവശാല്‍ ശ്രമം പാഴായി. കാവല്‍ക്കാരന്‍ ഗൂര്‍ഖ ഹനുമാന്‍സിങ് പുള്ളിക്കാരനെ കൈയോടെ പിടിച്ചു. രാത്രിക്ക് രാത്രി ഇവിടെ കൊണ്ടുവന്നു. ഭേദ്യം ചെയ്യുന്നതിനിടയിലാണ് മനസ്സിലായത് പുള്ളിക്കാരന് മോഷണത്തിനുപുറമെ ഏജീസാപ്പീസിലും പണിയുണ്ടെന്ന്! അതൊന്നു വെരിഫൈ ചെയ്യാന്‍ വേണ്ടി വിളിച്ചതാണ്.
-എനിക്കിത് വിശ്വസിക്കാന്‍ പറ്റുന്നില്ല വിജയന്‍. വിജയന് വിരോധമില്ലെങ്കില്‍ ഞാന്‍ സേതുവുമായി ഒന്ന് സംസാരിച്ചോട്ടെ? ഫോണ്‍ ഒന്നുകൊടുക്കാമോ?
-ദാ കൊടുത്തിരിക്കുന്നു.
-ഹലോ സേതൂ, ഇത് ഞാനാണ്, ബിആര്‍. എന്തൊക്കെയാണ് സേതൂ ഞാനീ കേക്കണത്. സേതുവില്‍നിന്ന് ഞാന്‍ ഇത് ഒട്ടും പ്രതീക്ഷിച്ചില്ല. അപ്പൊ സേതൂന് സേതൂനോട് മാത്രേ ഇഷ്ടംള്ളൂന്ന് എം.ടി. വാസുദേവന്‍ നായര്‍ പറഞ്ഞത് ശെരിയാണല്ലേ...
മറുപടി ഒരു പൊട്ടിക്കരച്ചിലായിരുന്നു. കരച്ചിലിനൊടുവില്‍ സേതു പറഞ്ഞു: ബിആറെങ്കിലും എന്നെ വിശ്വസിക്കണം. അത്തരം ഒരു ദുരുദ്ദേശവും എനിക്കുണ്ടായിരുന്നില്ല. സാധാരണ നാലേമുക്കാലിന് ആപ്പീസില്‍നിന്നിറങ്ങിയാല്‍ ആറേകാലിന് ഞാന്‍ വീട്ടിലെത്താറുണ്ടായിരുന്നു. ഇപ്പോള്‍ അഞ്ചേകാലിനാണല്ലൊ ആപ്പീസ് വിടുന്നത്. ഇവിടെ ബസ്സിറങ്ങുമ്പൊത്തന്നെല്പഏതാണ്ട് ആറരയാവും. പിന്നെ അര കിലോമീറ്ററോളം നടക്കാനുണ്ട്. ഇപ്പോഴാണെങ്കില്‍ മുന്നിരുട്ടുമാണല്ലൊ. 'തുലാദൗ രാവേറിടും പകലന്നത്ര കുറഞ്ഞുപോം' എന്നാണല്ലൊ ചൊല്ല്. പോരാത്തതിന് ഇടിയും മഴയും. ഒടുവില്‍ നടക്കുന്നതുതന്നെ വഴി എന്നു സങ്കല്പിച്ച് ഒരു പാച്ചിലായിരുന്നു. അതിനിടക്ക് പറ്റിപ്പോയതാണ്. പക്ഷേ ആരോടെങ്കിലും പറയാന്‍ പറ്റ്വോ. ദയവുചെയ്ത് കഥയെഴുതി കൊളമാക്കരുത്.
-പറയൂ സേതൂ, വാസ്തവത്തില്‍ എന്താണ് സംഭവിച്ചത്?
- ഇരുട്ടത്ത് വീട് മാറി കേറിയതാണ് !!!

മറക്കില്ല നാം (1)

ആലപ്പുഴ ഇറിഗേഷന്‍ ഡിവിഷനാപ്പീസില്‍ ഓഡിറ്റിനുപോകാന്‍ വേണ്ടി അച്ചുതന്‍ കുട്ടിയും പിഎല്‍ ജോയിയും കൂടി തൃശൂരില്‍നിന്നും ഐലന്റ് എക്സ് പ്രസ്സില്‍ കയറിയതും വണ്ടി പുതുക്കാടെത്തിയപ്പോഴേക്കും കത്തിപ്രിയനായ അച്ചുതന്‍കുട്ടി ആലപ്പുഴക്കുതന്നെ പോകുകയായിരുന്ന ഒരു സഹയാത്രികനെ പരിചയപ്പെട്ടതും വണ്ടി അങ്കമാലി കഴിഞ്ഞപ്പോള്‍ സന്ദര്‍ഭവശാല്‍ അയാള്‍ അച്ചുതന്‍കുട്ടിയോട് കെ എസ് ആറിലെ ഒരു സംശയം ചോദിച്ചതും ഉടന്‍ തന്നെ അച്ചുതന്‍ കുട്ടി വലതുകൈയിലെ ചൂണ്ടുവിരല്‍ ലംബമായി പിടിച്ച് ഒരു ചെറുചിരിയോടെ 'എക്‌സ്‌ക്യൂസ് മീ, ജസ്റ്റ് എ മിനിറ്റ്' എന്നും പറഞ്ഞ് ടോയ്‌ലെറ്റിലേക്ക് പോയതും പിന്നെ വണ്ടി അങ്ങ് ആലപ്പുഴയെത്തുന്നതുവരെ ടോയ്‌ലെറ്റിനകത്തുതന്നെ കഴിച്ചുകൂട്ടിയതും പിന്നെ പ്ലാറ്റ്‌ഫോമിലിറങ്ങി ഒരു തൂണിന്റെ മറവില്‍ ജോയിയെ കാത്തുനിന്നതും ഒരുകണക്കിന് 'സഹയാത്രികന്റെ' പിടി വിടുവിച്ച് വിയര്‍ത്തുകുളിച്ച് ഇറങ്ങിവന്ന ജോയിയോട് ഒന്നുമറിയാത്തമട്ടില്‍ 'എന്തുപറ്റി ജോയ്യേട്ടാ' എന്നുചോദിച്ചതും അന്നേരം കരച്ചിലിന്റെ വക്കോളമെത്തിയ ജോയി 'ഇനി താനുമായി ഒരു കൂട്ടുകെട്ടുമില്ല' എന്നും പറഞ്ഞ് കെറുവിച്ച് ഓട്ടോ വിളിച്ച് ഒറ്റയ്ക്ക് പോയതും നമ്മള്‍ എങ്ങനെ മറക്കാനാണ്?!!!

Thursday, September 2, 2010

രണ്ടുമണ്ടന്മാരും ഒരു ബൈക്കും

'എന്താ എന്‍ബീ, ഇങ്ങനെ മേശപ്പുറത്തുകയറി ചമ്രം പടിഞ്ഞ് ചിന്തന്‍ ബൈഠക്കിലിരിക്കുന്നത്?''
'മ്മ്‌ടെ സഹരാജന്‍ നായര്‌ടെ കാര്യം ചിന്തിച്ചുപോയതാണ്. അങ്ങേരൊരു മണ്ടനാണ്‌ട്ടോ. പറയാതിരിക്കാന്‍ വയ്യ.''
'ഭേഷ്! ഒരാളെങ്കിലും അത് പറഞ്ഞല്ലൊ. ഞാന്‍ ധന്യനായി. ആട്ടെ, എന്തേ തിരുമേനിക്ക് പെട്ടെന്നിങ്ങനെ തോന്നാന്‍?''
'അതേയ്, ഇന്നലെ പുള്ളിക്കാരന്‍ എന്നെ വിളിച്ചിട്ട് പറഞ്ഞു: തിരുമേനീ, ഞാന്‍ വീട് മാറാന്‍ പുവ്വാ. അതുകൊണ്ട് എന്റെ പഴയ വീട്ടിലെ ടെലിഫോണ്‍ കോലോത്തുംപാടത്തെ ബി എസ് എന്‍ എല്‍ ആപ്പീസില്‍ കൊണ്ടുകൊടുക്കണം. എന്നിട്ട് അവിടെന്ന് ഒരു കടലാസ് വാങ്ങിച്ച് അവര്‌ടെ ചെമ്പൂക്കാവിലെ ആപ്പീസില് കൊടുക്കണം. ബുദ്ധിമുട്ടാവില്ലെങ്കില്‍ എന്‍ബീടെ ബൈക്കില്‍ എന്നെയൊന്ന് കൊണ്ടുപോകാമോ?
ബുദ്ധിമുട്ടൊന്നുമില്ലെന്നും പറഞ്ഞ് ഞാന്‍ ബൈക്കുമെടുത്ത് നായര്‍ജിയേയും കൂട്ടി കോലോത്തും പാടത്തേക്ക് വിട്ടു. ഇന്‍സ്ട്രുമന്റ് അവിടെ സറണ്ടര്‍ ചെയ്തശേഷം അവിടെന്ന് കടലാസും വാങ്ങി നേരെ ചെമ്പൂക്കാവിലേക്കും പോയി. തിരിച്ച് വടക്കേസ്റ്റാന്റ് വഴി ആപ്പീസിനടുത്തുള്ള പെട്രോള്‍ പമ്പിനടുത്തെത്തിയപ്പോഴാണ് ഒരു ഞെട്ടലോടെ ഞാന്‍ ആ കാര്യമോര്‍ത്തത്: ചെമ്പൂക്കാവില്‍നിന്ന് ബൈക്കെടുക്കാന്‍ മറന്നുപോയി! ഞാന്‍ നായര്‍ജിയോട് വിവരം പറഞ്ഞു. ആലോചിച്ച്‌നില്‍ക്കാനൊന്നും നേരല്ല്യല്ലൊ. നിന്നാല്‍ വണ്ടി ആരെങ്കിലും പൊക്കും. പിന്നെ സാക്ഷാല്‍ പൊക്കുടന്‍ വന്നാലും സാധനം കിട്ട് ല്ല്യ. അങ്ങനെ ഞങ്ങള്‍ രണ്ടാളും കൂടി രണ്ടാമതും ചെമ്പൂക്കാവിലേക്ക് വിട്ടു…''
'തിരുമേനി ഇത്രയൊക്കെ വിസ്തരിച്ചിട്ടും നായര്‍ജി എന്ത് മണ്ടത്തരമാണ് കാണിച്ചതെന്ന് എനിക്ക് മനസ്സിലായില്ല്യാട്ടോ.''
'അതേയ്, ഇത്രയ്ക്ക് നടുവേദനയും ഡിസ്‌ക്‌പ്രോബ്ലവുമൊക്കെയുള്ള ഒരാള്‍ ടൂവീലറിന്റെ പുറകിലിരുന്ന് കുത്തിക്കുടുങ്ങി രണ്ടാമതും ചെമ്പൂക്കാവുവരെ വരേണ്ട വല്ല കാര്യവുമുണ്ടായിരുന്നോ? നായര്‍ജിക്ക് ആ പെട്രോള്‍ പമ്പിലിറങ്ങി നേരെ ഇങ്ങോട്ട് പോന്നാപ്പോരായിരുന്നോ? വണ്ടി ഞാന്‍ തനിച്ചുപോയി എടുത്തോണ്ടുവരുമായിരുന്നില്ലേ?'' !!!
'ഇപ്പൊ മനസ്സിലായി. നായര്‍ജി ഒരു മണ്ടന്‍ തന്നെ. ആട്ടെ. നിങ്ങള്‍ ചെന്നപ്പൊ ബൈക്ക് അവിടെത്തന്നെ ഉണ്ടായിരുന്നോ? ''
'ബൈക്കെവിടെപ്പോകാന്‍? അതില്‍ തന്നെയല്ലേ ഞങ്ങള്‍ രണ്ടാമതും ചെന്നത്. ''
'അപ്പോള്‍ പിന്നെ മറന്നുവെച്ചൂന്ന് പറഞ്ഞത്... ''
'ഓ. അത് എനിക്ക് ചെറിയൊരു ഓര്‍മ്മപ്പെശക് പറ്റീതാ '' !!!