rajasooyam

Sunday, September 19, 2010

വാക്കുമ്പുറത്ത്

വാടാനപ്പിള്ളീന്നു വരുന്ന തടിച്ച പ്രഭാകരന്‍ കെട്ടുപ്രായം കഴിഞ്ഞ് പുരനിറഞ്ഞ്‌നില്‍ക്കുന്ന കാലഘട്ടത്തിങ്കലാണ് കഥ നടക്കുന്നത്.
അന്ന് ബിആര്‍ ആപ്പീസിലെത്തിയപ്പോള്‍ പതിവില്ലാത്തവിധം അല്പം വൈകിപ്പോയി.
ലിഫ്റ്റിനു കാത്തുനില്‍ക്കാതെ ഒതുക്കുകള്‍ ഓടിക്കയറുമ്പോള്‍ അതാ ഫസ്റ്റ് ഫ്‌ളോറില്‍
പി എഫ് വിങ്ങിനുമുമ്പിലായി ഒരാള്‍ക്കൂട്ടം!
പ്രഭാകരന്‍ അല്പം അകലെമാറി പ്രായം ചെന്ന ഒരപരിചിതനുമായി സംസാരിച്ചോണ്ടു നില്‍ക്കുന്നു.
അവരെ ചൂണ്ടിക്കാണിച്ചുകൊണ്ട് ആള്‍ക്കൂട്ടം എന്തൊക്കെയോ കുശുകുശുക്കുന്നു!
ആരോ ഒരാള്‍ പറഞ്ഞു:
-എന്നാലും നമ്മുടെ പ്രഭാകരന്‍ ഇങ്ങനെ ചെയ്യുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയില്ല.
- പ്രഭാകരന്‍ എന്തു ചെയ്‌തെന്നാണ്?
ബിആര്‍ ചോദിച്ചു.
-ശ്ശ്....മിണ്ടല്ലേ...ശ്രദ്ധിക്കൂ

ബിആര്‍ ചെവി വട്ടം പിടിച്ചു.
അന്നേരം അപരിചിതന്‍ പ്രഭാകരന്റെ കൈ രണ്ടും കൂട്ടിപ്പിടിച്ച് ഇടറുന്ന കണ്ഠത്തോടെ പറയുകയാണ്:
-സര്‍, ഞാന്‍ വേണമെങ്കില്‍ സാറിന്റെ കാല് പിടിക്കാം. സാറെനിക്ക് വാക്കു തരണം. ഒരു പെണ്‍കുട്ടിയുടെ ജീവിതം സാറായിട്ട് തകര്‍ക്കരുത്.....സാറിനെക്കൊണ്ട് എങ്ങനെയെങ്കിലും സമ്മതിപ്പിക്കാമെന്നേറ്റിട്ടാണ് ഞാന്‍ വീട്ടീന്ന് വരുന്നത്....അമ്മയും മോളും ഞാന്‍ തിരിച്ചുചെല്ലുന്നതും കാത്ത് വഴിക്കണ്ണുമായി കാത്തിരിക്കയാണ്....സാറ് വാക്കുതന്നില്ലെങ്കില്‍ പിന്നെ ഞങ്ങള്‍ ജീവിച്ചിരിക്കില്ല...സത്യം.സത്യം.സത്യം.....

അന്നേരം ചുറ്റുമൊന്നു നോക്കി പല്ല് കടിച്ചുപിടിച്ച് തെല്ലൊരു ദേഷ്യത്തോടെ പ്രഭാകരന്‍ പറയുന്നു.
-ഒന്നു പതുക്കെപ്പറ. ഞാനായിട്ട് നിങ്ങള്‍ടെ മകള്‍ടെ ജീവിതം തകര്‍ക്കണില്ല....പക്ഷേ വാക്കുതരാനൊന്നും എന്നേക്കൊണ്ടാവില്ല. എന്നാലാവുന്നത് ഞാന്‍ ചെയ്യാം. അത്ര മാത്രം....

ബിആര്‍ ഞെട്ടിപ്പോയീന്ന് പറയേണ്ടതില്ലല്ലൊ.

പെട്ടെന്ന് കാന്റീനില്‍ ചായക്ക് ബെല്ലടിച്ചു. അതു കേട്ടതും ജനം അങ്ങോട്ടു പാഞ്ഞു.
കണ്ണീരും കൈയുമായി അപരിചിതനും നടയിറങ്ങി...
അന്നേരം പ്രഭാകരനെ ഒരു കോണിലേക്ക് മാറ്റിനിര്‍ത്തിക്കൊണ്ട് ബിആര്‍ ചോദിച്ചു:
-എന്തെല്ലാമാണ് പ്രഭാകരാ ഞാനീ കേള്‍ക്കണത്?
- എന്താ?
പടിയിറങ്ങിപ്പോകുന്ന അപരിചിതനെ ബിആര്‍ ചൂണ്ടിക്കാണിച്ചു. അപ്പോള്‍ പ്രഭാകരന്‍ പറയുകയാണ്:
-ഓ. അതോ. മറ്റന്നാള്‍ അയാള്‍ടെ മകള്‍ടെ കല്യാണനിശ്ചയാത്രേ. അന്ന് ചെറുക്കന്റെ വീട്ടുകാര്‍ക്ക് കുറച്ച് പണം കൊടുക്കാമെന്നേറ്റിട്ടുണ്ട്‌പോലും. അത് അന്നു തന്നെ കൊടുത്തില്ലെങ്കില്‍ കല്യാണം ഒഴിഞ്ഞുപോവുംത്രേ. അതുകൊണ്ട് ഇന്നല്ലെങ്കില്‍ നാളെത്തന്നെ ഞാന്‍ അയാള്‍ടെ പി എഫ് ക്ലോഷര്‍ ചെയ്തുകൊടുക്കണംത്രേ. എന്റെ വാക്കുകിട്ടിയിട്ടുവേണംത്രേ ചെറുക്കന്റെ വീട്ടുകാര്‍ക്ക് വാക്കുകൊടുക്കാന്‍...!!!

1 comment:

  1. "ബിആര്‍ ചെവി വട്ടം പിടിച്ചു.
    അന്നേരം അപരിചിതന്‍ പ്രഭാകരന്റെ കൈ രണ്ടും കൂട്ടിപ്പിടിച്ച് ഇടറുന്ന കണ്ഠത്തോടെ പറയുകയാണ്:
    -സര്‍, ഞാന്‍ വേണമെങ്കില്‍ സാറിന്റെ കാല് പിടിക്കാം. സാറെനിക്ക് വാക്കു തരണം. ഒരു പെണ്‍കുട്ടിയുടെ ജീവിതം സാറായിട്ട് തകര്‍ക്കരുത്.....സാറിനെക്കൊണ്ട് എങ്ങനെയെങ്കിലും സമ്മതിപ്പിക്കാമെന്നേറ്റിട്ടാണ് ഞാന്‍ വീട്ടീന്ന് വരുന്നത്....അമ്മയും മോളും ഞാന്‍ തിരിച്ചുചെല്ലുന്നതും കാത്ത് വഴിക്കണ്ണുമായി കാത്തിരിക്കയാണ്....സാറ് വാക്കുതന്നില്ലെങ്കില്‍ പിന്നെ ഞങ്ങള്‍ ജീവിച്ചിരിക്കില്ല...സത്യം.സത്യം.സത്യം....."

    ഇത്രയും വായിച്ചപ്പോള്‍ സത്യമായും ഞാന്‍ ഞെട്ടിപ്പോയി. നമ്മുടെ പാവം സിപ്രന് ഒരു പാവം പെണ്‍കുട്ടിയെ വഞ്ചിക്കാന്‍ മാത്രം ക്രൂരനാകാന്‍ കഴിയുമോ?

    പക്ഷെ താഴെ കാണുന്ന വാചകം വായിച്ചതും ഇത്രയും പുണ്യവാനായ ഒരാളെയാണല്ലോ ഞാന്‍ സംശയിച്ചത് എന്ന കുറ്റബോധവും തോന്നി!!!

    "പ്രഭാകരന്‍ പറയുകയാണ്:
    - മറ്റന്നാള്‍ അയാള്‍ടെ മകള്‍ടെ കല്യാണനിശ്ചയാത്രേ. അന്ന് ചെറുക്കന്റെ വീട്ടുകാര്‍ക്ക് കുറച്ച് പണം കൊടുക്കാമെന്നേറ്റിട്ടുണ്ട്‌പോലും. അത് അന്നു തന്നെ കൊടുത്തില്ലെങ്കില്‍ കല്യാണം ഒഴിഞ്ഞുപോവുംത്രേ. അതുകൊണ്ട് ഇന്നല്ലെങ്കില്‍ നാളെത്തന്നെ ഞാന്‍ അയാള്‍ടെ പി എഫ് ക്ലോഷര്‍ ചെയ്തുകൊടുക്കണംത്രേ. എന്റെ വാക്കുകിട്ടിയിട്ടുവേണംത്രേ ചെറുക്കന്റെ വീട്ടുകാര്‍ക്ക് വാക്കുകൊടുക്കാന്‍...!!!"

    ReplyDelete