rajasooyam

Tuesday, April 28, 2020


വി ഷാൽ ഓവർസ്ലീപ്

-ഹലോ
-ഹലോ.
-സഹരാജൻ നായരില്ലേ?
-ചേട്ടൻ ഒറങ്ങ്വാണല്ലൊ. ആരാ വിളിക്കുന്നെ?
-ബി ആറാണ്
-അതെയോ. ദിപ്പൊ വിളിക്കാട്ടോ
-അയ്യോ. വേണംന്നില്ല. ഒറങ്ങ്വല്ലേ
-അത് കൊഴപ്പല്ല്യ.
-(ചേട്ടാ. ദാ പിടിച്ചൊ.
-ആരാ?
-ബിആറാണ്
-ഒറക്കം കളഞ്ഞു )
-ങ്ഹ. ഹലോ
-പ്രമാണം
-ധ്വജ പ്രമാണം. എന്താ വിശേഷിച്ച് ?
-കൊറേ നാളായല്ലൊ കണ്ടിട്ടും കേട്ടിട്ടും. വെറുതേ വിശേഷമറിയാൻ വിളിച്ചതാണ്.
-ഓ. വിശേഷാൽപ്രതിയായി ഒന്നൂല്ല്യ. ചുമ്മാ കൈകഴുകിയും മാസ്ക് വെച്ചും അകലം പാലിച്ചും അങ്ങനെ പോകുന്നു.
-ഡാറ്റയൊന്നും പോയിട്ടില്ലല്ലൊ അല്ലേ
-ഇല്ലില്ല. അത് ഭദ്രമായി ഇവിടിരുപ്പുണ്ട്.
- ഭാഗ്യം. അത് പോയാൽ പോയില്ലേ എല്ലാം
-അതെയതെ. ജീവിതം നായ നക്കീത് തന്നെ
-പിന്നെ ആരോഗ്യസ്ഥിതിയൊക്കെ എങ്ങനെ?
-ങ്ഹ. ലോക് ഡൌൺ കാലത്ത് അത് വീണ്ടെടുക്കാനായി. അതാണ് അതിന്റെയൊരു പോസിറ്റീവ് സൈഡ്. പിന്നെ ഒറക്കത്തിന്റെ ലേശം പ്രശ്നം ഇല്ലാതില്ല.
-പെൻഷൻകാര്ടെ കാര്യമോർത്തിട്ടല്ലേ? അതൊന്നും സാരമില്ലെന്നേയ്. വരുമോരോ ദശ/ വന്നപോലെ പോം പോം/ എന്നല്ലേ സത്യവാഗീശ്വരനാശാൻ പാടിയിട്ടുള്ളത്. ആട്ടെ. എന്താണ് അതിന്റെയൊരു സ്വഭാവം? രാത്രിയിൽ തീരെ ഒറക്കം കിട്ടുന്നില്ലെന്നാണോ?
-അങ്ങനെയല്ല. രാത്രിയിൽ ഒരുവിധം സുഖമായി ഒറങ്ങാറ്ണ്ട്. ച്ചാൽ നേരം വെളുക്കുന്നത് അറിയാറേയില്ല.
-പിന്നെ പകലുറക്കത്തിന്റെ കാര്യാണോ പറയണത്?
-പകല് ഉച്ചയ്ക്ക് മുമ്പ് ഒരൊറക്കണ്ട്. അതും വെല്ല്യ കൊഴപ്പണ്ടാവാറ് ല്ല്യ.
-അപ്പൊപ്പിന്നെ എപ്പഴാണ് കൊഴപ്പം?!
- ഉച്ചയ്ക്ക് ഊണിന് ശേഷൊള്ള ഒറക്കണ്ടല്ലൊ. ഹ്ഹൊ! ഒന്നും പറയണ്ട. താനേ തിരിഞ്ഞും മറിഞ്ഞും/ തൻ താമര മെത്തയിലുരുണ്ടും/മയക്കം വരാതെ മാമകചിത്തം എന്ന പാട്ടും പാടി വെറുതേ മച്ചും നോക്കി കെടക്കാന്നല്ലാണ്ട് ഒരു പോള കണ്ണടയ്ക്കാമ്പറ്റാറ് ല്ല്യ!!!












Thursday, April 23, 2020


അസ്തപ്രജ്ഞൻ

കോവിഡ് പത്തൊമ്പതാമന്റെ വരവോടെ ഈരേഴ് പതിനാല് ലോകവും മൊത്തം കീഴ്മേൽ മറിഞ്ഞെന്ന് എം ജി രവീന്ദ്രൻ സാറിന് തികച്ചും ബോദ്ധ്യായത് ഈ കഴിഞ്ഞ ദിവസമാണ്.
ഉച്ചയൂണിനുപുറത്ത് കുംഭകർണ്ണസേവയ്ക്കുശേഷം ഉമ്മറത്ത് ചാരുകസേരയിൽ മനോരാജ്യം വായിച്ചിരിക്കവേ സാറിനൊരു മോഹം- ഒരു കട്ടൻചായ കുടിയ്ക്കണം.
അകത്തേയ്ക്ക് വിളിച്ചു കൂവി.
-ഭാരത്യേയ്. ഒരു കട്ടൻ ചായ
ആര് കേൾക്കാൻ!
അകത്തുള്ളാൾ പുറത്ത് തൊടിയിൽ ഏതോ പണിയിലാണ്.
എന്നാപ്പിന്നെ അനർത്ഥം സ്വയംകൃതമാക്കിക്കളയാം എന്ന ആത്മഗതത്തോടെ രവി സാർ അടുക്കളയിലേക്ക് പ്രവേശിച്ചു, നടന്നുകൊണ്ട്.
ഒരു വെട്ടുഗ്ലാസ്സ് വെള്ളമെടുത്ത് സോസ്പാനിലൊഴിച്ച്  സ്റ്റൗവിൽ വെച്ചു. തീയും കൊളുത്തി.
കൊമളകൾ വരാൻ തുടങ്ങിയപ്പോഴാണ് പൻസാരേടേം കണ്ണൻദേവന്റേയും മറ്റും കാ‍ര്യമോർത്തത്. രണ്ടും സമീപ പ്രദേശത്തൊന്നുമില്ല. നേരെ സ്റ്റോർ റൂമിലേക്കോടി.
ഹന്ത ഭാഗ്യം ജനാനാം! അവിടെ എല്ലാ സാധനങ്ങളും കൃത്യമായി അടുക്കിയൊതുക്കി വെച്ചിട്ടുണ്ട്. പോരാത്തതിന് ഓരോ ടിന്നിലും അതതു സാധനങ്ങളുടെ പേരും എഴുതി വെച്ചിട്ടുണ്ട്. അത്രയ്ക്ക് സിസ്റ്റമാറ്റിക്കും പെർഫെക്റ്റുമായിരുന്നു അറേഞ്ച്മെന്റ്!
അതു  കാൺകവേ, സ്വന്തം ഭാര്യയെപ്പറ്റി അനല്പമായ അഭിമാനം തോന്നി രവി സാറിന്. എന്തുവേണം....ഇനിയെന്തുവേണം....ഇന്ദുമുഖീയിനിയെന്തുവേണം...എന്ന പാട്ടുപാടാനും തോന്നി . പക്ഷേ പാടിയില്ല. പാട്ടുപാടാൻ പറ്റിയ നേരമായിരുന്നില്ലല്ലൊ അത്.
തത്ത ചീട്ടെടുക്കുമ്പോലെ എം ജി ആർ പൻസാരേടേം കണ്ണൻ ദേവന്റേം ടിന്നുകളെടുത്തു. പൻസാര ടിന്നുതുറന്ന് അതിൽ നിന്ന് രണ്ട് കരണ്ടി തിളച്ച വെള്ളത്തിലേക്ക് മറിച്ചതും വെള്ളത്തിന്റെ നിറം ചൊക ചൊകാന്നായി! പുറകേ ഘുമുഘുമാന്നൊരു മണവും!
അന്തം വിട്ടുപോയ എം ജി ആർ പഞ്ചസാരപ്പാത്രത്തിലേക്ക് സൂക്ഷിച്ചുനോക്കി. അപ്പോൾ കണ്ടതെന്തെന്നോ; ചുവക്കാതിരിരിക്കാൻ എനിക്കാവതില്ലേ എന്ന കവിതയും പാടിയിരിക്കുന്ന മുളകുപൊടി!
തലയിൽ കൈവെച്ചുകൊണ്ട് രവി സാറ്‌ കണ്ണൻ ദേവന്റെ ടിന്നുതുറന്നുനോക്കി. അതിൽ മുക്കാൽ ഭാഗത്തോളം സാധനമുണ്ട്.പക്ഷേ മല്ലിപ്പൊടിയായിരുന്നെന്നുമാത്രം!
ഇത് ഒരു നടയ്ക്ക് പോവില്ല എന്ന് ആത്മഗതമായി പറഞ്ഞ് എം ജി ആർ സാർ ഉമ്മറത്തേക്ക് മടങ്ങി.
ചാരുകസേരയിലിരുന്ന് വീണ്ടും മനോരാജ്യം വായിക്കാൻ തുടങ്ങി: ഇങ്ങനെ പോയാൽ പറ്റില്ലല്ലൊ. ഒരു കാര്യം ചെയ്യാം. സ്റ്റോറ് മൊത്തം ഒന്നു പരിശോധിച്ചുനോക്കാം.
വിചിത്രമായിരുന്നു പരിശോധനാഫലങ്ങൾ.
ഉപ്പ് എന്നെഴുതിവെച്ച ടിന്നിൽ പൻസാര!
കാപ്പിപ്പൊടി എന്നെഴുതിയ ടിന്നിൽ കോഴിമുട്ട!
ആട്ടട്ടിന്നിൽ ഉർളക്കെഴങ്ങ്!
കടുകിന്റെ ടിന്നിൽ കണ്ണൻ ദേവൻ!
ആകെ കൊളം!
രവി സാർ ഒരു ടൈമൌട്ട് കൂടിയെടുത്ത് ഉമ്മറത്തുപോയി അഞ്ചുമിനിറ്റ് മനോരാജ്യം വായിച്ചു: ഒരു വേള ഇത് ഭാര്യയോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ ഒരവസരം വീണുകിട്ടിയതല്ലെന്നു വരുമോ!
ഈ ബൾബ് കത്തിയതും വായനയവസാനിപ്പിച്ച് അഞ്ചാറ്‌ ന്യൂസ് പേപ്പറുമെടുത്ത് വീണ്ടും സ്റ്റോറിലേക്കു ചെന്നു. പേപ്പറുകൾ നിലത്തുവിരിച്ച് ടിന്നുകളിലെ മെറ്റീരിയൽ സ് ഓരോ ഭാഗത്ത് ചെരിഞ്ഞു. പിന്നെ ഓരോ ഐറ്റവുമെടുത്ത് ലേബലനുസരിച്ച് അതാതിന്റെ ടിന്നുകളിൽ നിറച്ചു. ഒടുവിൽ ഡബ് ൾ ചെക്ക് ചെയ്ത് എല്ലാം ഉറപ്പാക്കി.
അനന്തരം മനസ്സിൽ പറഞ്ഞു: ഭാരതീ എല്ലാം ഭദ്രം. സുഭദ്രം. നീ വന്നു നോക്കുമ്പോൾ അന്തം വിടും.
പണിയെടുത്ത് വിയർത്തുപോയ ഏം ജി ആർ ആത്മഗതരൂപേണ പറഞ്ഞു:
എന്നാൽ ഇനി മേലൊന്നു കഴുകിയിട്ടാവാം ചായയുണ്ടാക്കുന്നത് .
          അടുപ്പത്തിരുന്ന മുളകുവെള്ളമെടുത്ത് സിങ്കിലൊഴിച്ച് എം ജി ആർ കുളിമുറിയിലേക്കു പോയി.
എന്നാൽ കുളി കഴിഞ്ഞ് പുറത്തിറങ്ങിയ സാറിനെ എതിരേറ്റത് സ്വന്തം ഭാര്യയുടെ ഉച്ചസ്ഥായിയിലുള്ള ഈ ഉദീരണമായിരുന്നു: ഈശ്വരാ! ഈ മനുഷ്യനെക്കൊണ്ട് ഞാൻ തോറ്റു! ആന കരിമ്പുന്തോട്ടത്തില് കേറ്യ പോലെയല്ലേ ന്റെ സ്റ്റോറ് റൂം കാട്ടിവെച്ചേക്കണേ! ഇനി ഞാൻ ഒരാഴ് ച്ച പണ്യെട്ക്കണ്ടേ ഇതൊന്ന് നേര്യാക്കാൻ!
എന്താ പറയ് Ͻ  ആരോടാ പറയ് Ͻ എന്നറിയാതെ  ‘ഞാനാരാ രാമന്നായരേ, എന്റെ പേരെന്താ’ എന്നു ചോദിച്ച മുകുന്ദന്റെ കഥാപാത്രത്തെപ്പോലെ അസ്തപ്രജ്ഞനായി നിന്നുപോയി എം ജി ആർ!!!