rajasooyam

Tuesday, October 17, 2023

 

സാക്ഷ്യം

പ്രിയപ്പെട്ടവരേ,

എന്‍റെ പേര്‌ മജീദ് ചൂളക്കടവില്‍.

ഞാന്‍ കൊടുങ്ങല്ലൂര്‍ സ്വദേശിയാണ്‌. എനിക്ക് ഒരു ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.

ഒരു കേന്ദ്രഗവണ്മെന്‍റ് ആപ്പീസിലായിരുന്നു എനിക്ക് ജോലി. ഇപ്പോള്‍ റിട്ടയര്‍ ചെയ്തു. കേന്ദ്രഗവണ്മെന്‍റ് ജോലി എന്നൊക്കെ ഒരു പത്രാസിനങ്ങനെ പറയാമെന്നാല്ലാതെ അതില്‍ നിന്നു കിട്ടുന്ന തുച്ഛമായ വരുമാനംകൊണ്ട് ഒരു കുടുംബം പുലര്‍ത്തുക  എന്നത് അത്ര എളുപ്പമായ സംഗതിയൊന്നുമല്ല. പത്രം, പാല്‍, പഴം, പഴമ്പൊരി, പച്ചക്കറി, പലചരക്ക്, പച്ചമീന്‍, കൊത്തുപൊറോട്ട, കുഴിമാന്തി, കുലുക്കിസര്‍ബ്ബത്ത് ഇങ്ങനെ എന്തെല്ലാം  ചെലവുകള്‍ . സൈക്കിളഡ്വാന്‍സ്, സ്കൂട്ടറഡ്വാന്‍സ്, കമ്പ്യൂട്ടറഡ്വാന്‍സ്, ഹൗസ്ബില്‍ഡിംഗഡ്വാന്‍സ് ഇങ്ങനെ എന്തെല്ലാം അടവുകള്‍. ഇതൊക്കെ തട്ടിക്കിഴിച്ചുവരുമ്പോള്‍ പിന്നെ ഒരിക്കലും രണ്ടറ്റോം കൂട്ടിമുട്ട്ല്ല്യ.

 

ഈ മധ്യധരണ്യാഴി എങ്ങനെ തരണം ചെയ്യുമെന്നാലോചിച്ച് അന്തം വിട്ട് ചിന്തിച്ച്കുന്തിച്ചിരിക്കുമ്പോള്‍ ഒരു ദിവസം എന്‍റെ അന്തരംഗം കൃത്യമായി വായിച്ചറിഞ്ഞിട്ടെന്നവണ്ണം  ഒരു സഹപ്രവര്‍ത്തകന്‍  അടുത്തുവന്ന് പറയുകയാണ്‌: ഞങ്ങടെ എടവകപ്പള്ളീല്‌ പള്ളിമേനോന്‍റെ പോസ്റ്റ് വേക്കന്‍റായിട്ടുണ്ട്. സായ് വൊരു കാര്യം ചെയ്യ്. ആ പോസ്റ്റിലേക്ക് ഒരപേക്ഷ കൊടുക്ക്. വിശുദ്ധ അന്തോണീസ് പുണ്യാളന്‍റെ അനുഗ്രഹമുണ്ടെങ്കില്‍ സായ് വിന്‌ അത് കിട്ടും. കിട്ടിയാല്‍ പിന്നെ സായ് വിന്‍റെ സാമ്പത്തികപരാധീനതകളൊക്കെ കരൂപ്പടന്ന കായല്‌ കടക്കും. നല്ലൊരു തുക അവര്‍ റെമ്യൂണറേഷനായി തരും, ചായയ്ക്കും പിന്നെ വടയോ സമൂസയോ ഏതാന്നുവെച്ചാല്‍ അതിനും പുറമെ. സംഗതി അനൗദ്യോഗികമായതുകൊണ്ട് ഒന്നും പേടിക്കാനുമില്ല. കോണ്‍ഡക്റ്റ് റൂള്‍സൊന്നും ഇന്‍വോക്ക് ചെയ്യില്ല. വര്‍ക്കൊക്കെ ഹോളിഡേയ്സിലും ഔട്ട് സൈഡ് ഓഫീസ് അവേഴ്സിലും ചെയ്താ മതി.

 

പ്രിയപ്പെട്ടവരേ,

ആ സഹപ്രവര്‍ത്തകന്‍റെ ഉപദേശം ഞാന്‍ രണ്ടുകൈയും നീട്ടി സ്വീകരിച്ചു. മേനോന്‍ പോസ്റ്റിന്‌ അപ്ലൈ ചെയ്തു. വിശുദ്ധ അന്തോണീസ് പുണ്യാളന്‍റെ കൃപകൊണ്ട് പിറ്റേന്നുതന്നെ എന്നെ അവിടെ അപ്പോയിന്‍റ് ചെയ്തുകൊണ്ടുള്ള ഉത്തരവുമിറങ്ങി!

 

പ്രിയപ്പെട്ടവരേ,

അന്നുമുതല്‍ എനിക്ക് വെച്ചടി കേറ്റമായിരുന്നു. പള്ളിമേനോനായി  ചാര്‍ജെടുക്കുമ്പോള്‍ ഞാന്‍ ഞങ്ങളുടെ അസോസിയേഷന്‍റെ ഒരു സാദാ മെമ്പറായിരുന്നു. അധികം താമസിക്കാതെ ഞാന്‍ ബ്രാഞ്ച് അസോസിയേഷന്‍റെ ഖജാന്‍ജിയായി. അടുത്ത സംസ്ഥാന സമ്മേളനത്തില്‍ സ്റ്റേറ്റ് ഖജാന്‍ജിയായി. അഖിലേന്ത്യാസമ്മേളനം കഴിഞ്ഞപ്പോള്‍ ഓള്‍ ഇന്ത്യാ അസോസിയേഷന്‍റെ ട്രഷററായി. പിന്നെ പെന്‍ഷന്‍ പറ്റിയപ്പോള്‍ ഓള്‍ ഇന്ത്യാ പെന്‍ഷനേഴ്സ് അസോസിയേഷന്‍റെ ഫൈനാന്‍സ് സെക്രട്ടറിയുമായി!

അടുത്ത ഫെബ്രുവരിയില്‍ ട്രേഡ് യൂണിയനുകളുടെ അഖിലലോക സമ്മേളനം നടക്കുന്നുന്നുണ്ട്. അതോടെ ഞാന്‍ മിക്കവാറും ഇന്‍റര്‍നാഷണല്‌ കടക്കും!

ഐ എം എഫ് ന്‌ ലോണ്‍ കൊടുക്കാവുന്നത്ര പണം ഞാന്‍ കൈകാര്യംചെയ്യും!

 

പ്രിയപ്പെട്ടവരേ,

എന്‍റെ ഈദൃശമായ ഉയര്‍ച്ചയ്ക്കെല്ലാം കാരണം ആന്‍റണ്‍ വില്‍ഫ്രഡ് എന്ന ആ സഹപ്രവര്‍ത്തകനും അദ്ദേഹത്തിന്‍റെ ഇടവകപ്പള്ളിയും ആ പള്ളിയിലെ വിശുദ്ധ അന്തോണീസ് പുണ്യാളനുമാണ്‌!

സാക്ഷ്യം ! സാക്ഷ്യം! സാക്ഷ്യം!