rajasooyam

Monday, August 30, 2010

ഫൗണ്ടേഷന്‍ കോഴ്‌സ്

-കഴിഞ്ഞവര്‍ഷത്തെ ഏറ്റവും നല്ല ശ്രോതാവിനുള്ള ചക്ഷുശ്രവണപുരസ്‌കാരം നേടിയ എന്‍ബി പരമേശ്വരന് മുഖാമുഖം പരിപാടിയിലേക്ക് സ്വാഗതം.
-നമസ്‌കാരം
-എന്നാപ്പിന്നെ ജോര്‍ജ് ബുഷിനെയിട്ട് തലങ്ങും വിലങ്ങും പൂശാതെ (വിത്തൗട്ട് ബീറ്റിങ് എബൗട്ട് ദ ബുഷ്) ഞാനെന്റെ ദൗത്യത്തിലേക്ക് കടന്നോട്ടെ?
-വലതുകാല്‍ വെച്ച്, പതുക്കെ
-അതിനുമുമ്പ് ഒരപേക്ഷയുണ്ടായിരുന്നു.
-എന്താണ്?
-ആ മുറുക്കാനൊന്നു തുപ്പിക്കളഞ്ഞാല്‍ എന്റെ ഷര്‍ട്ട് വൃത്തികേടാവില്ലായിരുന്നു. മാത്രമല്ല, എന്‍ബിക്ക് മേപ്പട്ട് നോക്കാതെ നേരെ നോക്കി സംസാരിക്കാനും കഴിയും
-ദാ തുപ്പി.
-എന്നാല്‍ ഇനി നേരം കളയണ്ട, അല്ലേ
-അതെ
-ഒരു ശ്രോതാവ് സ്വയം ഉണ്ടാവുന്നതോ അതോ ഉണ്ടാക്കപ്പെടുന്നതോ?
-സ്വയംഭൂവല്ല, ഉണ്ടാക്കപ്പെടുന്നതാണ്.
-അതൊന്ന് വിശദീകരിച്ചാല്‍ കൊള്ളാമായിരുന്നു.
-ച്ചാല്‍ ബെര്‍ത്തിനാലേ ആരും ശ്രോതാവാവണതല്ല. നിരന്തരമായ സാധനകൊണ്ട് സാധിക്കുന്നതായിട്ടുള്ള ഒരു സാധനമാണ് ശ്രാവണബലഗോള. ദാ, നിങ്ങള്‍ ഇപ്പോള്‍ മുതല്‍ ഒരു പത്തുമണിക്കൂര്‍ ഇടതടവില്ലാതെ തുടര്‍ച്ചയായി സംസാരിച്ചോളൂ. ഒരക്ഷരം പോലും ഉരിയാടാതെ ഞാന്‍ അതെല്ലാം മൂളിമൂളി കേട്ടോണ്ടിരിക്കാം. സാധനകൊണ്ട് സാധിക്കുന്നതാണത്. നിത്യാഭ്യാസി ആനപ്പിണ്ടമെടുക്കും എന്നു കേട്ടിട്ടില്ലേ.
-എന്താണ് തിരുമേനീടെ സാധനയുടെ ഒരു രീതി?
-ഞാനിത് ഇന്നോ ഇന്നലെയോ തൊടങ്ങീതല്ല.
-മിനിഞ്ഞാന്ന്?
-അല്ലല്ല. തൊള്ളായിരത്തി എഴുപതുകളിലാണ് ഞാനിതിന്റെ തറക്കല്ലിട്ടത്.
-എന്നുവെച്ചാല്‍ കള്ളൂരിവാസലിലെ?
-അതെയതെ. ശ്രീകൃഷ്ണന്റെ കോളേജില്‍ ബി എസ് സി ക്ക് വായിക്കുന്ന കാലത്ത്.
-ഏതായിരുന്നു സബ്ജക്റ്റ്?
-മാത്‌സ്
-ബുദ്ധിമാന്മാരുടെ വിഷയം, അല്ലേ?
-എന്നങ്ങനെ തീര്‍ത്ത് പറയാമോ?
-എന്തുകൊണ്ട് പറ്റില്ല?
-ബി എസ് സി ക്ക് മാത്‌സെടുത്താല്‍ തോല്‍ക്കാനേ പറ്റില്ലെന്നു തെളിയിച്ച ഒരു വിദ്വാന്‍ എന്റെ ക്ലാസ്സിലുണ്ടായിരുന്നു.
-ആള്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ?
-ഉവ്വുവ്വ്. ഒരു കെ.എം.സുകുമാരന്‍
-ഓനെ ഞാന്‍ സെപ്പറേറ്റായി ഇന്റര്‍വ്യൂ ചെയ്യണ്ണ്ട്. ഇപ്പോള്‍ പറയൂ, നല്ലൊരു ശ്രോതാവാവാന്‍ വേണ്ട അടിസ്ഥാനപരമായ ഗുണമെന്താണ്?
-ക്ഷമ തന്നെ. ധര, ധരിത്രി, എം.എസ്.ക്ഷോണി എന്നൊക്കെ പര്യായമായി പറയാം.
-ആരാണ് അല്ലെങ്കില്‍ എന്താണ് എന്‍ബിയിലെ ശ്രവണഗുണത്തിന് അടിത്തറയിട്ടത്?
-മാധവേട്ടനാണ് അതിന്റെ കാരണക്കാരന്‍.
-ആരാണീ മാധവേട്ടന്‍?
-പരിണാമഗുസ്തിക്കുവേണ്ടി ഈ ചോദ്യം നമുക്ക് ഒടുവിലേക്ക് മാറ്റിവെയ്ക്കാം.
-ഓക്കെ. ഓക്കെ. പ്ലീസ് കണ്ടിന്യൂ.
-അക്കാലത്ത് മാധവേട്ടനും ശ്രീകൃഷ്ണാ കോളേജില്‍ പഠിക്കുന്നുണ്ടായിരുന്നു. കോളേജില്‍നിന്ന് രണ്ടുകിലോമീറ്റര്‍ ദൂരെയാണ് മാധവേട്ടന്റെ വീട്. ഒന്നര കിലോമീറ്റര്‍ റോഡും അര കിലോമീറ്റര്‍ വയലും. ഇത്രയും കിലോമീറ്റര്‍ നടന്നാണ് മാധവേട്ടന്‍ കോളേജില്‍ വരുന്നതും പോവുന്നതും.
-എന്‍ബിയോ?
-എനിക്ക് കോളേജിന്റെ മുമ്പീന്ന് ബസ്സുകിട്ടും. പക്ഷേ മാധവേട്ടന്‍ സമ്മതിക്കില്ല. 'വാടോ, നമുക്കല്പം നടക്കാം, നടക്കുന്നത് ആരോഗ്യത്തിന് നല്ലതാ' എന്നും മറ്റും പറഞ്ഞ് എന്നേയും കൂട്ടിയങ്ങ് നടക്കും.
-അന്നത്തെ ആ നടപ്പാണ് എന്‍ബീടെ ഇന്നത്തെ ആരോഗ്യത്തിന്റെ രഹസ്യം, അല്ലേ?
-ഏതാണ്ട്. അങ്ങനെ നടന്നുതൊടങ്ങുമ്പോ മാധവേട്ടന്‍ ഒരു കഥ പറയാന്‍ തൊടങ്ങും. ഞാന്‍ അത് മൂളിക്കേള്‍ക്കും. ഒന്നര കിലോമീറ്റര്‍ റോഡ് കഴിയുമ്പോഴേക്കും കഥയും കഴിയും. അപ്പോള്‍ 'എന്നാല്‍ ഇനി നാളെ' എന്നും പറഞ്ഞ് മാധവേട്ടന്‍ വയലിലേക്കിറങ്ങി ഒറ്റവരമ്പിലൂടെ ഒറ്റയ്ക്ക് നടന്നുപോവും.
-എന്‍ബി പിന്നെ അവിടെനിന്ന് ബസ്സില്‍ കയറി നേരെ വീട്ടിലേക്ക്, അല്ലേ?
-അല്ലല്ല. എന്റേത് വേറെ റൂട്ടാണ്. ഞാന്‍ പിന്നെ കോളേജ് ബസ് സ്‌റ്റോപ് വരെ തിരിച്ചുനടക്കും. അടുത്ത ബസ്സില്‍ കേറി ഇല്ലത്തേക്ക് പോവും. അക്കദമിക് ഇയറിലെ ആകെയുള്ള ഇരുന്നൂറ്റി ഇരുപത്തഞ്ചുദിവസവും ഇതുതന്നെയായിരുന്നു പരിപാടി.
-അപ്പോള്‍ മാധവേട്ടന്‍ പറഞ്ഞ കഥകള്‍ കേട്ടുകേട്ടാണ് എന്‍ബി നല്ലൊരു ശ്രോതാവായത്, അല്ലേ?
-ഏകവചനം മതി
-ച്ചാല്‍?
-കഥകള്‍ എന്നു വേണ്ട. കഥ എന്നു മതി.
-മനസ്സിലായില്ല
-വര്‍ഷര്‍ത്തുവില്‍ ഇരുന്നൂറ്റി ഇരുപത്തഞ്ച് ദിവസവും മാധവേട്ടന്‍ പറഞ്ഞത് ഒരേ കഥയായിരുന്നു!
-ഈശ്വരാ! വല്ലാത്ത ശിക്ഷ തന്നെ. ഇതിലും ഭേദം വധശിക്ഷയാണ്. ആട്ടെ, ഈ ത്യാഗം സഹിച്ചതിനുപിന്നില്‍ ല്പവേറെ വല്ല കാരണവുമുണ്ടായിരുന്നോ?
-ഒരു കാരണമുണ്ടായിരുന്നൂന്ന് കൂട്ടിക്കോളൂ.
-അതെന്തായിരുന്നു?
-മാധവേട്ടന്റെ നേര്‍പെങ്ങളായ സാവിയെ അന്നേ എനിക്കൊരു നോട്ടമുണ്ടായിരുന്നു!!!

Sunday, August 29, 2010

ചുള്ളമ്പണിക്കര്‍


പേര് കേള്‍ക്കുമ്പോള്‍ ഒരുപക്ഷേ തോന്നിയേക്കാവുന്നതുപോലെ അത്ര മോശം സ്ഥലമൊന്നുമല്ല ഊരകം. പ്രശാന്തസുന്ദരമായ ഒരു മരുപ്രദേശമാണത്. പ്രാന്തപ്രദേശങ്ങളും തഥൈവ. ഊരകം ദേശത്തെ ചിരപുരാതനമായ കളരിയ്ക്കല്‍ തറവാട്ടിലാണ് ഈ കഥ നടക്കുന്നത്.
അതെ നമ്മുടെ വേണുവിന്റെ വീട്ടില്‍ തന്നെ.
വീട് എന്നല്ലല്ലൊ, മഠം എന്നല്ലെ പറയേണ്ടത്. വേണുവിന്റെ മഠത്തില്‍ എരുമയെ കറക്കുന്നു; ഞാന്‍ ഉണ്ണുമ്പോള്‍ മോരും കൂട്ടുന്നു. പാലുകൊണ്ടാണ് മോര് ഉണ്ടാക്കുന്നത് എന്നൊക്കെയല്ലെ രണ്ടാം ക്ലാസ്സിലെ പാഠപുസ്തകത്തില്‍ വായിച്ചത്. ആവോ. ഓര്‍മ്മയില്ല. എന്തെങ്കിലുമാവട്ടെ. എന്തുതന്നെയായാലും അവിടെ വേണുവിന്റെ മകളുടെ പെണ്ണുകാണല്‍ ചടങ്ങ് നടക്കുകയാണ്.
അതിഥികള്‍ വന്നുകയറിയ നിമിഷം മുതലേ അവരോട് ചിരിക്കാന്‍ തുടങ്ങിയതാണ് വേണു. ചിരിച്ച് ചിരിച്ച് തോറ്റു എന്നു പറയാം. ചിരിച്ച് ചിരിച്ച് ചിറി കൂടാണ്ടായി എന്നും പറയാം. ഭാഗ്യത്തിന് ചിറി കോടിപ്പോയില്ലെന്നു മാത്രം.(ചിരിയുടെ കാര്യത്തില്‍ സെക് ഷ നിലെ എസ്സൊ കഴിഞ്ഞാല്‍ പിന്നെ വേണുവാണ് മുന്നില്‍. ച്ചാല്‍ ഫസ്റ്റ് റണ്ണറപ്പ്).
ചിരിച്ചുകൊണ്ടുതന്നെ വേണു മകളെ വിളിച്ച് അതിഥികളെ കാണിച്ചുകൊടുത്തു. എല്ലാവര്‍ക്കും കുട്ടിയെ ഇഷ്ടമായി. അങ്ങനെ പെണ്ണുകാണല്‍ ചടങ്ങ് കഴിഞ്ഞു. പിന്നെ ചായകുടിയായി, കടി കടിയ്ക്കലായി, അതിഥികളും ആതിഥേയരും തമ്മിലുള്ള സംഭാഷണം പൊടിപൊടിയ്ക്കലായി. സംഭാഷണം പാതിവഴി പിന്നിട്ടപ്പോള്‍ (ച്ചാല്‍ മദ്ധ്യധരണ്യാഴി കഴിഞ്ഞ് ലേശം കൂടി കിഴക്കോട്ട് ചെന്നവാറെ) ചെറുക്കന്റെ അമ്മയുടെ അമ്മാവനാണെന്ന് സ്വയം പരിചയപ്പെടുത്തിക്കൊണ്ട് ഒരു കാരണവര്‍ വന്ന് വേണുവിന്റെ കൈപിടിച്ച് പുറത്തേക്ക് കൊണ്ടുപോയി തോളില്‍ വാത്സല്യപൂര്‍വ്വം തട്ടിക്കൊണ്ട് പറയുകയാണ്: 'പെങ്ങളെ ഞങ്ങള്‍ക്കിഷ്ടായി. ഇനി ഞങ്ങള്‍ കാര്‍ന്നോമ്മാര് തമ്മില് ചെല കാര്യങ്ങള് പറയാന്ണ്ട്. മോന്‍ അകത്ത് ചെന്ന് അച്ഛനോട് ഒന്നിങ്ങോട്ട് വരാന്‍ പറ '' !!!

Saturday, August 28, 2010

ഉപഹാരം

ഒരായുഷ്‌ക്കാലം മുഴുവന്‍ സംഘടനയ്ക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ആന്റണ്‍ വില്‍ഫ്രഡിന് റിട്ടയര്‍മെന്റിനോടനുബന്ധിച്ച് എന്ത് ഉപഹാരം നല്കണം എന്നതിനെപ്പറ്റി ചൂടുപിടിച്ച ചര്‍ച്ച നടക്കുകയായിരുന്നു അസോസിയേഷന്‍ ഹാളില്‍.
പലര്‍ക്കും പല അഭിപ്രായമായിരുന്നു.
പന്ത് അങ്ങോട്ടുമിങ്ങോട്ടും തട്ടിക്കളിച്ച് ഒടുവില്‍ ഒരു കാര്യത്തില്‍ ചര്‍ച്ചക്കാര്‍ യോജിച്ച തീരുമാനത്തിലെത്തി- അതായത് വില്‍ഫിയ്ക്ക് ഒരു പെയ്ന്റിങ് വാങ്ങിക്കൊടുക്കാം.
അപ്പോള്‍ പിന്നെ ഏത് പെയ്ന്റിങ് എന്നതിനെപ്പറ്റിയായി തര്‍ക്കം.
തിരുക്കുടുംബത്തിന്റെ ചിത്രം മതിയെന്ന് സീയാര്‍ ബാബു പറഞ്ഞപ്പോള്‍ ഉറിയില്‍ തൂങ്ങിയ ഉണ്ണിക്കൃഷ്ണന്‍ മതിയെന്ന് പാപ്പുള്ളി! അതല്ല, കരുണാകരന്റെ ചിത്രം തന്നെ വേണമെന്ന് എ.ടി.എം കേടാക്കിയ ഭാസ്‌കരന്‍!
ച്ചാല്‍ പിന്നേയും യോജിപ്പിന്റെ ഉഷ്ണമേഖല കണ്ടെത്താന്‍ പറ്റീല്ല്യാന്നര്‍ത്ഥം. അതുകൊണ്ടുതന്നെ പത്രഭാഷയില്‍ പറഞ്ഞാല്‍ 'തല മുതിര്‍ന്ന' നേതാവായ പട്ടിക്കാട്ട് സഹരാജന്‍ നായരുടെ അഭിപ്രായത്തിന് കാതോര്‍ത്തിരിക്കയായിരുന്നു എല്ലാവരും. അന്നേരമാണ് സഹരാജന്‍ നായര്‍ക്ക് പൊടുന്നനെ ഒരു ഫോണ്‍ വരുന്നത്.
മറുതലയ്ക്കല്‍ നിന്ന് പറഞ്ഞതെല്ലാം മൂളിക്കേട്ടശേഷം 'താറാവ് മതി' എന്നും പറഞ്ഞ് നായര്‍ജി ഫോണ്‍ വെച്ചു.
അക്ഷമനായി കാണപ്പെട്ട ചുരിദാറിട്ട രാജേന്ദ്രന്‍ പെട്ടെന്നെഴുന്നേറ്റ് 'ഇനി കൂടുതലൊന്നും ആലോചിയ്ക്കണ്ട' എന്നും പറഞ്ഞ് നേരെ കേരള ഹാന്‍ഡിക്രാഫ്റ്റ്‌സിന്റെ ഷോറൂമിലേക്കോടി.
ഉപഹാരവും വാങ്ങി തിരിച്ചുവന്ന രാജേന്ദ്രന്‍ പറഞ്ഞു: ' താറാവ് മാത്രായിട്ട് കിട്ടാനില്ല. കൂടെ ഒരു പെണ്ണുമുണ്ട്.''
'അതോണ്ടേതൂല്ല്യ. താറാവിനൊരു കൂട്ടായല്ലൊ.'' എന്‍ബിയുടെ വക സപ്പോര്‍ട്ട്.
ഇതു കേട്ട സഹരാജന്‍ നായര്‍ ചോദിച്ചു: 'ചുരിദാറിട്ട രാജേന്ദ്രാ, തന്നോട് ആരാ താറാവിന്റെ ചിത്രം വേണംന്ന് പറഞ്ഞത്?''
'കൊള്ളാം, അപ്പൊ സാറല്ലേ പറഞ്ഞത് താറാവ് മതീന്ന്.''
'മന്ദ! അത് വീട്ടിലെ പാര്‍ട്ടിയ്ക്ക് കോഴി വേണോ താറാവ് വേണോന്ന് വില്‍ഫി ചോദിച്ചപ്പൊ ഞാന്‍ മറുപടി പറഞ്ഞതല്ലേ....!!!''

***

വില്‍ഫിയ്ക്കുള്ള ഉപഹാരം ചൂണ്ടിക്കാട്ടി ആര്‍ക്കണ്ണന്‍ മരുതപ്പനോട് ചോദിച്ചു:
'ഇത് ഏത് പടം എന്‍ട്ര് തെരിയുമാ?''
'അതുവന്ത് ഒറ് പൊണ്ണ്, ഒറ് കോഴിക്കുഞ്ച്''
'ഛെഛെഛെഛെ. അതില്ലൈ''
'വേറ് എത്?''
'ഹംസവും ദമയന്തിയും''
'അപ്പടിയാ?''
'ആമ. ശൊല്ലുങ്കൊ. ഹംസവും ദമയന്തിയും''
'കംസനും ദയ മന്തിയും'' !!!
******

PRECAUTION

ചുരിദാറിട്ട രാജേന്ദ്രന്റെ ബൈക്കിനുപിന്നില്‍ പൊത്തിപ്പിടിച്ചുകേറിയാണ് ഇത്തവണ ആന്റണ്‍ വില്‍ഫ്രഡ് മാര്‍ അപ്രേം വക ചിട്ടിക്കമ്പനിയില്‍ കുറിയടക്കാന്‍ പോയത്. തിരിച്ചുവരുന്നവഴി ഒരു സ്‌റ്റേഷനറിക്കടയ്ക്കുമുന്നിലെത്തിയപ്പോള്‍ വണ്ടി അവിടെ ചവിട്ടിനിര്‍ത്താന്‍ ആന്റണ്‍ വില്‍ഫ്രഡ് ആജ്ഞാപിക്കുകയും ചുരിദാറിട്ട രാജേന്ദ്രന്‍ അത് അപ്പാടെ അനുസരിക്കുകയും ചെയ്തു. ഇപ്പൊവരാമെന്നും പറഞ്ഞ് ധൃതിയില്‍ കടയിലേക്ക് കയറിപ്പോയ ആന്റണ്‍ വില്‍ഫ്രഡിനെ പത്തുമിനിറ്റുകഴിഞ്ഞിട്ടും കാണാതായപ്പോള്‍ ചുരിദാറിട്ട രാജേന്ദ്രന്‍ അങ്ങോട്ടൊന്ന് എത്തിനോക്കി (പണ്ട് സോമേട്ടന്‍ വൈരുദ്ധ്യാത്മകഭൗതികവാദത്തിലേക്ക് എത്തിനോക്കിയതുപോലെ!).
അന്നേരം ആന്റണ്‍ വില്‍ഫ്രഡ് അവിടത്തെ സെയില്‍സ് ഗേളിനോട് ഇങ്ങനെ ചോദിക്കുന്നതുകേട്ടു:
-കുട്ടീ, ഇവിടെ പിങ്ക് കളറിലുള്ള ചരടുണ്ടോ?
-എത്ര വണ്ണമുള്ളതാണ് വേണ്ടത്?
-ഒരു പേപ്പര്‍ടാഗിന്റെ വണ്ണം മതി
-എത്ര നീളം വേണം?
-ഒരു മൂന്നുമുഴം ഇരുന്നോട്ടെ. ഇടയ്ക്കിടെ ആവശ്യം വരും. കൊറേശ്ശെ കട്ട് ചെയ്ത് ഉപയോഗിക്കാലൊ...

കടയില്‍നിന്നിറങ്ങി ബൈക്കിനുപിന്നില്‍ പൊത്തിപ്പിടിച്ചുകേറുമ്പോഴും പിന്നെ ആപ്പീസില്‍ എത്തുന്നതുവരേയും ചുരിദാറിട്ട രാജേന്ദ്രന്‍ പലവട്ടം ചോദിച്ചെങ്കിലും എന്തിനാണ് ആ ചരട് വാങ്ങിയതെന്ന കാര്യം ആന്റണ്‍ വില്‍ഫ്രഡ് പറഞ്ഞില്ല.
കാര്യമെന്താണെന്നറിയാതെ വീര്‍പ്പുമുട്ടിപ്പോയ രാജേന്ദ്രന്‍ ഒടുവില്‍ ബിആറിനോട് പറഞ്ഞു: ഇന്നിന്നതുപോലെയൊക്കെ ഇന്നു നടന്നിട്ടുണ്ട്. ചോര്‍ത്താമെങ്കില്‍ ചോര്‍ത്തിക്കോളൂ...

അങ്ങനെ എളുപ്പം ചോര്‍ത്താന്‍ പറ്റിയ ആളല്ല ആന്റണ്‍ വില്‍ഫ്രഡെന്ന് ബിആറിനറിയാമായിരുന്നു. ഈയിടെയായി പുള്ളിക്കാരന്‍ ബിആറിനോട് ഒന്നും വിട്ട്പറയാറില്ല. അതുകൊണ്ടുതന്നെ ബിആറിന് തുറുപ്പെടുത്തടിക്കേണ്ടിവന്നു. ബിആര്‍ ചോദിച്ചു:
-മിസ്റ്റര്‍ ആന്റണ്‍ വില്‍ഫ്രഡ്, നിങ്ങള്‍ വി.മത്തായി കൊറിന്ത്യാക്കാര്‍ക്കെഴുതിയ ലേഖനം വായിച്ചിട്ടുണ്ടോ?
-ഇല്ല
-ആട്ടെ. വി.പത്രോസ് മാളക്കാര്‍ക്കെഴുതിയ കത്തോ?
-വായിച്ചിട്ടില്ല
-അത് ശെരി. അപ്പോള്‍ ഇതൊന്നും വായിക്കാതെയാണ് നിങ്ങള്‍ വലിയ സത്യകൃസ്ത്യാനിയാണെന്നും പറഞ്ഞ് നടക്കണത് അല്ലേ? രണ്ടാമത് പറഞ്ഞ കത്തില്‍ ഒരു കാര്യം അടിവരയിട്ട് പറയുന്നുണ്ട്. എന്താണെന്നറിയണോ?
-എന്താണ്?
-അച്ചന്മാരോടും കന്യാസ്ത്രീകളോടും സുഹൃത്തുക്കളോടും രഹസ്യങ്ങളെല്ലാം തുറന്നുപറയണമെന്ന്.
-ഉവ്വ്വോ?
-ഉവ്വ. ഇനി പറയൂ. നിങ്ങള്‍ എന്തിനാണ് ആ ചരട് വാങ്ങിയത്?
-അത് പിന്നെ എന്നെ ഓഏഡിയില്‍ പോസ്റ്റ് ചെയ്യാന്‍ പോണതായി ഒരു ശ്രുതി കേട്ടു.
-അതിന്?
-ആ പാര്‍ട്ടിയില്‍ ലേഡീസുണ്ടെന്നും കേട്ടു.
-അതിനെന്താ?
-അല്ലാ, ചെലപ്പോഴൊക്കെ ആഡിറ്റ് കഴിയുമ്പോള്‍ ലേഡീസിനേയും കൂട്ടി അവര്‍ക്ക് അക്കൊമഡേഷന്‍ അന്വേഷിച്ച് നടക്കേണ്ടിവരാറുണ്ടേയ്.
-അതിനെന്താണെന്നേയ്?
-അല്ല, അന്നേരമാവും നമ്മള് ചെലപ്പൊ മറ്റവര്‌ടെ മുമ്പീച്ചെന്ന് പെടണത്. കഷ്ടകാലത്തിന് അന്നേരം അവര്‌ടെ കൈയില്‍ മറ്റേ ചരടില്ലെങ്കില്‍ നമ്മടെ ജീവിതം കോഞ്ഞാട്ടയാവും! പിന്നെ നേരെ റെജിസ്ട്രാപ്പീസിലേക്ക് പോകേണ്ടിവരും! അതുകൊണ്ടാണ് ഇത്തിരി ചരട് സ്‌റ്റോക്ക് ചെയ്‌തേക്കാമെന്നുവെച്ചത്..
-എനിക്കൊന്നും മനസ്സിലാവണില്ല. ആരാണീ മറ്റവര്‍?
-ശ്രീരാമസേന!
-അപ്പൊ ചരടോ?
-രാഖി!!!

Friday, August 27, 2010

കോപിഷ്ഠന്‍

-മിസ്റ്റര്‍ ആന്റണ്‍ വില്‍ഫ്രഡ്, താങ്കളെന്താണിങ്ങനെ ഒറ്റയ്ക്കിരുന്ന് ചിരിക്കുന്നത്?
-മനുഷ്യന്റെ ഓരോ കാര്യങ്ങളോര്‍ത്ത് ചിരിച്ചുപോയതാണ്.
-അതോര്‍ക്കാന്‍ മാത്രം ഇപ്പോളെന്താണുണ്ടായത്?
-അതുപിന്നെ ചിലര്‍ക്ക് ദേഷ്യം വന്നാല്‍ ഇന്നതേ ചെയ്യുള്ളൂന്ന് ല്ല്യ. അല്ലേ ബിആര്‍?
-ചിലരങ്ങനെയാണ്. ദേഷ്യം വന്നാപ്പിന്നെ പരിസരബോധണ്ടാവില്ല്യ.
-അതെ. അതുതന്നെയാണ് അതിന്റെ വാക്ക്. പരിസരബോധം.
-നമ്പ്യാരാശാന്‍ ഏതോ തുള്ളല്‍ക്കഥയില്‍ അത് കൃത്യമായി വരച്ചുവെച്ചിട്ടുണ്ട്.
-അതെങ്ങനെയായിരുന്നു? ഞാന്‍ മറന്നുപോയി.
-'നായര്‍ വിശന്നുവലഞ്ഞുവരുമ്പോള്‍
കായക്കഞ്ഞിയ്ക്കരിയിട്ടില്ല!''
-അതെയതെ. അന്നേരം പടനായര്‍ എന്തുചെയ്‌തെന്നാണ്?
-'കെട്ടിയ പെണ്ണിനെ മടികൂടാതെ
കിട്ടിയ വടികൊണ്ടൊന്നു കൊമച്ചു
അതുകൊണ്ടരിശം തീരാഞ്ഞവനാ-
പ്പുരയുടെ ചുറ്റും മണ്ടിനടന്നു!''
-ഇദ്ദേഹവും അങ്ങനെയൊക്കെ ചെയ്തിട്ടുണ്ടാവുമന്നാണ് എനിക്കു തോന്നുന്നത്.
-ആരുടെ കാര്യമാണ് ആന്റണ്‍ പറയുന്നത്?
-എന്റെ ഒരു സുഹൃത്തിന്റെ.
-സുഹൃത്തിനെന്തിനാണ് കോപം വന്നത്?
-രാവിലെ കൃത്യം എട്ടേമുക്കാലിന് പുള്ളിക്കാരന്‍ കുളിക്കാന്‍ കേറുന്നു. കുളിച്ചിറങ്ങിയശേഷം ആപ്പീസില്‍ പോകാനായി ഷര്‍ട്ടിടാന്‍ നോക്കുമ്പോള്‍ അലമാരി കാലി! ഒരൊറ്റ ഷര്‍ട്ടില്ല. അന്നേരം പുള്ളിക്കാരന് ഭാര്യയോട് ഇത്രയ്‌ക്കേ കലി വന്നുള്ളൂന്ന് ല്ല്യ.. നമ്പ്യാര് പറഞ്ഞപോലെ കലികൊണ്ട് പരിസരബോധം നഷ്ടപ്പെട്ട ചങ്ങാതി അവിടെയൊക്കെ പാഞ്ഞുനടന്നു. ആ പാച്ചിലിനിടയ്ക്കാണ് നല്ല വള്ളിയും പുള്ളിയും തിളക്കവും മറ്റുമുള്ള ഒരു പുത്തന്‍ ചുരിദാര്‍ പുള്ളിക്കാരന്റെ ദൃഷ്ടിയില്‍ പെടുന്നത്. ഭാര്യയ്ക്ക് അന്ന് ഓഫീസില്‍ പോകുമ്പോള്‍ ഇടാന്‍ വേണ്ടി വെച്ചിരിക്കുന്നതാണ്. ഇനി പറയൂ, അന്നേരം അദ്ദേഹം എന്തു ചെയ്തിട്ടുണ്ടാവുമെന്നാണ് ബിആര്‍ കരുതുന്നത്?
-ദേഷ്യം കാരണം അതെടുത്ത് ഒളിപ്പിച്ചുവെച്ചിട്ടുണ്ടാവും.
-അല്ല. അതല്ല ഉണ്ടായത്. 'അത് ശെരി, ആപ്പീസില്‍ പോവാന്‍ എനിക്ക് ഷര്‍ട്ടില്ല. എന്നാല്‍ ഇവള്‍ ഇത് ഇട്ടോണ്ട് പോണത് ഒന്നുകാണട്ടെ' എന്നും പറഞ്ഞ് പുള്ളിക്കാരന്‍ ആ ചുരിദാറെടുത്ത് സ്വയമങ്ങണിഞ്ഞു! പിന്നെ ബൈക്കുമെടുത്ത് ശരം വിട്ടപോലെ ആപ്പീസിലേക്ക് വിട്ടു!
-കൊള്ളാം. ചുരിദാറിനൊപ്പം വേറൊരു സാധനമുണ്ടല്ലൊ, അതും ധരിച്ചോ?
-അതെന്താണ്?
-കഴുത്തിലൊരു ചുറ്റുചുറ്റി പുറകിലേക്കിടണത്!
-ഷാള്‍. അല്ലേ?
-അതന്നെ.
-ഇല്ല. അത് ചുരുട്ടിക്കൂട്ടി അലമാരിയിലേക്കിട്ടിട്ടാണ് ആപ്പീസിലേക്ക് പാഞ്ഞത്.
-അത് ശെരി. അതുപോട്ടെ. ആരാണാ സുഹൃത്ത്?
-ആരോടും പറയരുത്.
-ഇല്ല.
-എഴുതുകയുമരുത്.
-ഇല്ലില്ല.
-മ്മ്‌ടെ രാജേന്ദ്രന്‍!

ആന്റണ്‍ വില്‍ഫ്രഡിന്റെ ആത്മകഥയില്‍ നിന്നും ഒരേട്

എഴുപതുകളുടെ ആദ്യപകുതിയിലാണ് സംഭവം. ഞാന്‍ തിരുവനന്തപുരത്തുനിന്ന് ട്രാന്‍സ്ഫറായി വന്നിട്ട് അധികമായിട്ടില്ല. ഒരു ദിവസം മെയിനാപ്പീസിലെ രാജശേരന്‍ തമ്പി എന്നെ കാണാന്‍ ആപ്പീസില്‍ വന്നു. തൃശ്ശൂര്‍ ഡീഡി ആപ്പീസില്‍ ഓഡിറ്റിനുവന്ന പുള്ളിക്കാരന്‍ ഒന്നു മുങ്ങിയതാണ്. പരമരസികനും സഹൃദയനും വെടിക്കെട്ട്‌വര്‍ത്തമാനക്കാരനുമായ തമ്പി തിരുവനന്തപുരത്ത് എന്റെ സഹമുറിയനായിരുന്നു. കുറേനാളുകള്‍ക്കുശേഷം തമ്മില്‍ കാണുകയായിരുന്നല്ലൊ. വര്‍ത്തമാനം പറഞ്ഞ്പറഞ്ഞ് നേരം പോയതറിഞ്ഞില്ല. ഊണുകഴിക്കാനുള്ള സമയമായി. രണ്ടുപേര്‍ക്കും കൂടി പുറത്തുപോയി ഊണുകഴിക്കാമെന്നും പിന്നെ തിരിച്ച് ഓഫീസില്‍ വരേണ്ടെന്നും തീരുമാനിച്ച് ഞാന്‍ ഹാഫ്‌ഡേ കാഷ്വല്‍ ലീവെഴുതിക്കൊടുത്ത് ബേഗുമെടുത്ത് പുറത്തുകടന്നു. അമ്പാസഡര്‍ ഹോട്ടലിലേയ്ക്കാണ് ഞങ്ങള്‍ പോയത്. അവിടെ ഒരു കോര്‍ണറിലെ ക്യാബിനില്‍ കയറി ഇരിപ്പുറപ്പിച്ചു. ബെയറര്‍ വന്നപ്പോള്‍ 2 ചിക്കന്‍ ബിരിയാണിക്ക് ഓഡര്‍ കൊടുത്തു. തമ്പി സ്വല്പം സേവിക്കുന്ന കൂട്ടത്തിലാണ്. അതുകൊണ്ട് കോഴിക്കൊരു കൂട്ടാകട്ടേന്നുകരുതി ഒരു ബോട്ടില്‍ ഷിവാസ് റീഗലും പറഞ്ഞു. തമ്പി പക്ഷേ അതിന്റെ പകുതിയേ കഴിച്ചുള്ളു. ഞാനാണെങ്കില്‍ മദ്യം കൈകൊണ്ട് തൊടുകയുമില്ല. അന്നുമതെ ഇന്നുമതെ. അതുകൊണ്ട് ബാക്കിവന്ന സാധനം പറമ്പില്‍ പണിക്കുവരുന്ന കുട്ടപ്പേട്ടനുകൊടുക്കാമെന്നുകരുതി ഞാന്‍ അത് എന്റെ ബേഗിലെടുത്തുവെച്ചു. ബില്ല് പേ ചെയ്ത് പുറത്തിറങ്ങുമ്പോഴേക്കും തമ്പിക്ക് പോകാനുള്ള വണ്ടിയ്ക്കുള്ള സമയമായി. തമ്പിയെ വണ്ടികേറ്റിവിട്ട് ഞാന്‍ ചാലക്കുടിവഴി മാളയ്ക്കുപോകുന്ന ഒരു കെ എസ് ആര്‍ ടി സി ബസ്സില്‍കയറി. നല്ല കാറ്റും തണുപ്പുമുണ്ടായിരുന്നതുകൊണ്ട് ഞാനൊന്ന് മയങ്ങിപ്പോയി. വണ്ടി കൊടകര കഴിഞ്ഞപ്പോള്‍ പെട്ടെന്ന് ബസ്സിലൊരു ബഹളം കേട്ട് ഞാന്‍ ഞെട്ടിയുണര്‍ന്നു. വിടരുതവനെ, പിടിക്കവനെ, പൂശവനെ എന്നൊക്കെ ആര്‍ത്തുവിളിച്ചുകൊണ്ട് യാത്രക്കാര്‍ ഒരു ചെറുപ്പക്കാരനെ കൈകാര്യം ചെയ്യുകയാണ്. അവന്‍ ആരുടേയോ പോക്കറ്റടിച്ചിരിക്കുന്നുപോലും. അത് തൊണ്ടിസഹിതം പിടിച്ചത്രേ.
പാവം പയ്യന്‍. ഇല്ലാഞ്ഞിട്ടല്ലേ മോഷ്ടിച്ചത്. അവനെ എങ്ങനേയും രക്ഷിച്ചേ പറ്റൂ. എന്നിലെ മനുഷ്യസ്‌നേഹി ഉണര്‍ന്നു. ഞാന്‍ ഇരുന്നിടത്തുനിന്നെഴുന്നേറ്റ് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു: നിങ്ങള്‍ ദയവായി അയാളെ ഇങ്ങനെയിട്ട് തല്ലരുത്. അയാള്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും ശിക്ഷിക്കപ്പെടണം. പക്ഷേ അത് ചെയ്യേണ്ടത് നമ്മളല്ല. നല്ലൊരു നീതിന്യായവ്യവസ്ഥയുള്ള നാടല്ലേ നമ്മുടേത്. ലെറ്റ് ദ ലോ ടെയ്ക്ക് ഇറ്റ്‌സ് ഓണ്‍ കോഴ്‌സ്.
അടിയുടേയും ഇടിയുടേയും ശബ്ദത്തിനിടയില്‍ ഇതൊക്കെ ആര് കേള്‍ക്കാന്‍. ഒടുവില്‍ ഞാന്‍ എഴുന്നേറ്റുചെന്ന് എന്റെ കൃശഗാത്രം കൊണ്ട് ആവുന്ന വിധത്തില്‍ അയാളെ പൊതിഞ്ഞുനിന്നു. ഫലമെന്തായി. അയാളെ ലക്ഷ്യം വെച്ചുവന്ന അടികളില്‍ പലതും എനിക്ക് ഏറ്റുവാങ്ങേണ്ടിവന്നു! ഒരുകണക്കിന് വണ്ടി ചാലക്കുടി പോലീസ് സ്‌റ്റേഷനിലെത്തി. യാത്രക്കാര്‍ പോക്കറ്റടിക്കാരനെ പൊക്കിയെടുത്ത് എസ് ഐ യുടെ മുമ്പാകെ ഹാജരാക്കി. എസ് ഐ എങ്ങോ പോകാനുള്ള തിരക്കിലായിരുന്നു. എങ്കിലും ഉള്ള നേരം കൊണ്ട് ചെറുപ്പക്കാരന്റെ ചെപ്പയ്ക്കിട്ടൊന്നുകൊടുത്തു. പിന്നെ അയാളെ കൊണ്ടുപോയി ലോക്കപ്പിലിടാന്‍ അടുത്തുനിന്ന പോലീസുകാരനോട് പറഞ്ഞു.
കുരങ്ങു ചത്ത കുറവനെപ്പോലെ ഞാന്‍ തിരിച്ചുനടന്നു. ആ നടത്തത്തിനിടയില്‍ ഞാനൊരു കാഴ്ച കണ്ടു. യാത്രക്കാരില്‍ ചിലര്‍ എന്നെ ചൂണ്ടിക്കാട്ടി എസ് ഐ യോട് എന്തോ കുശുകുശുക്കുന്നു. ഞാന്‍ നാലഞ്ചടി നടന്നപ്പോഴേക്കും എസ് ഐ എന്നെ പിന്‍ വിളിവിളിച്ചു. എന്നിട്ട് എന്നോട് പറഞ്ഞു: താന്‍ അങ്ങനെയങ്ങ് പോവല്ലേ.തല്ക്കാലം ആ മൂലയില്‍ പോയിരിയ്ക്ക്. ഞാന്‍ വന്നിട്ട്‌പോകാം.
എന്റെ ഉള്ളൊന്ന് കാളി. എന്താണ് സംഭവിക്കുന്നതെന്നൂഹിക്കാന്‍ എന്റെ സാമാന്യബുദ്ധിതന്നെ ധാരാളമായിരുന്നു. സഹയാത്രികര്‍ എസ് ഐ യോട് പറഞ്ഞിട്ടുണ്ടാവണം: ഇവന്‍ ലവന്റെ ഗഡിയാണെന്നാ തോന്നണേ...
അങ്ങനെയാണെങ്കില്‍ ഇവരിപ്പോള്‍ എന്റെ ബേഗ് പരിശോധിക്കും. അന്നേരം എന്താണ് കാണുക? അര കുപ്പി ഷിവാസ് റീഗല്‍!
ആ നശിച്ച സാധനം അവിടെത്തന്നെയുണ്ടോന്നറിയാന്‍ ഞാന്‍ വെറുതെ ബേഗിന്റെ സിബ്ബൊന്നു തുറന്നുനോക്കി. അപ്പോഴാണ് നടുക്കുന്ന മറ്റൊരു കാഴ്ച ഞാന്‍ കണ്ടത്. ആപ്പിസില്‍ വൗച്ചര്‍ ബണ്ടില് പൊട്ടിക്കാന്‍ വേണ്ടി അന്ന് വീട്ടില്‍നിന്നുകൊണ്ടുവന്ന കുറേ പഴയ ബ്ലേഡുകള്‍ അതേപടി ബേഗിലിരിക്കുന്നു! മേശയിലെടുത്തുവെയ്ക്കാന്‍ മറന്നുപോയതാണ്.
ഇടിവെട്ടുകൊണ്ടവനെ പാമ്പുകടിച്ചു എന്നു പറഞ്ഞതുപോലായില്ലേ കാര്യങ്ങള്‍...
പിറ്റേന്ന് പത്രത്തില്‍ വരാവുന്ന ഒരു വാര്‍ത്തയെപ്പറ്റിയാണ് അപ്പോള്‍ ഞാന്‍ ഓര്‍ത്തത്: 'ട്രാന്‍സ്‌പോര്‍ട് ബസ്സില്‍ പോക്കറ്റടി; സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍' അല്ലെങ്കില്‍ 'പോക്കറ്റടിക്കുള്ള സാമഗ്രികളുമായി സര്‍ക്കരുദ്യോഗസ്ഥന്‍ കസ്റ്റഡിയില്‍' എന്നൊക്കെയാവും അതിന്റെ ഹെഡ്ഡിംഗ്.
ഗതികേടെന്നെല്ലാതെ എന്തു പറയാന്‍.
ഭൂമി അവിടെ ആ പോലീസ് സ്‌റ്റേഷനില്‍ വെച്ച് ഒന്നു പിളര്‍ന്നുകിട്ടിയിരുന്നെങ്കിലെന്ന് ഒരു നിമിഷം ഞാന്‍ ആഗ്രഹിച്ചുപോയി. പക്ഷെ അത് നടന്നില്ല. അല്ലെങ്കിലും നമ്മള്‍ ആഗ്രഹിക്കുന്നതെല്ലാം നടക്കാറില്ലല്ലൊ.
അങ്ങനെ എന്തുചെയ്യേണ്ടൂ എന്നറിയാതെആ പോലീസ് സ്‌റ്റേഷന്റെ വരാന്തയില്‍ താടിക്ക് കൈയും കൊടുത്ത് കുന്തിച്ചിരിക്കുമ്പോഴാണ് ആ അത്ഭുതം സംഭവിച്ചത്. പുറകില്‍നിന്നും ഒരാള്‍ എന്നെ വിളിച്ച് ചോദിക്കുകയാണ്:' വില്‍ഫി സാറെന്താ ഇവിടെ?''. ഞെട്ടിത്തിരിഞ്ഞുനോക്കിയ ഞാന്‍ ആരെയാണെന്നോ കണ്ടത്; സ്‌ക്കൂളില്‍ എന്റെ സഹപാഠിയായിരുന്ന, പിന്നീട് പോലീസില്‍ ജോലി കിട്ടിപ്പോയ, മാളക്കാരനായ ഗംഗാധരനെ!
മറ്റേതോ ജില്ലയിലായിരുന്ന പുള്ളിക്കാരന്‍ അന്ന് അവിടെ എ എസ് ഐ ആയി ചാര്‍ജെടുത്തതാണത്രേ.
ഉണ്ടായ കാര്യങ്ങളെല്ലാം വള്ളിപുള്ളിവിടാതെ ഞാന്‍ ഗംഗാധരനോട് പറഞ്ഞു.
എല്ലാം കേട്ടശേഷം ഗംഗാധരന്‍ എന്നോട് പറഞ്ഞൂ:' സാരല്ല്യ. സാറ് പൊയ്‌ക്കോളൂ. എസ് ഐ സാറിനോട് ഞാന്‍ പറഞ്ഞേക്കാം.''
ഇതുകേട്ടതും ഞാന്‍ ബേഗുമെടുത്ത് ഒറ്റ പാച്ചിലാണ്.
ആ വഴിയില്‍ ഇന്നീനിമിഷം വരെ പുല്ലൊന്നും മുളച്ചിട്ടില്ലെന്നാണ് കേള്‍ക്കുന്നത്!!!

Wednesday, August 25, 2010

സ്റ്റുഡന്റ് സുവിധ

-എന്താ മനോജേ, ഈയിടെയായി തന്നെ ഫോണ്‍ ചെയ്താല്‍ കിട്ടുന്നില്ലല്ലൊ.
-അയ്യൊ. ഞാന്‍ അത് വില്‍ഫ്യേട്ടനോട് പറയാന്‍ വിട്ടുപോയി. ഞാന്‍ സിമ്മൊന്നു മാറ്റി. സംഗതി പ്രീപെയ്ഡുമാക്കി.
-ഓഹൊ. ഏതാ പ്ലാന്‍?
-സ്റ്റുഡന്റ് സുവിധ
-അതെങ്ങനെ ഒപ്പിച്ചു?
-ബിആറിനോട് പറയരുത്. ഞാന്‍ കുറച്ചുദിവസം ആ സ്‌കൂളില് കുടുങ്ങിപ്പോയില്ലേ..... ആയിടയ്ക്ക് സംഘടിപ്പിച്ചതാണ്!
-അത് ശെരി. അതുപോട്ടെ. പ്രീപെയ്ഡാക്കാന്‍ എന്താ കാരണം?
-ഓ. മറ്റേത് വല്ല്യ ബുദ്ധിമുട്ട്. ഓരോ പ്രാവശ്യോം ബില്ല് വരുമ്പൊ പെട്ടെന്ന് കാശുണ്ടാക്കണം. കോലോത്തുംപാടത്തേക്കോടണം. ക്യൂ നിക്കണം. അതൊക്കെ ഒഴിവാക്കാമെന്നു കരുതി.
-ഞാന്‍ അത് വിശ്വസിക്കണോ?
-അതെന്താ?
-ഞാന്‍ മനോജിനെ ഒരു സൈലന്റ് നാര്‍ക്കോ അനാലിസിസിന് വിധേയനാക്കട്ടെ?
-ആക്കിക്കോളൂ.
-എന്നാല്‍ ഇതാ ആക്കിയിരിക്കുന്നു.....ഇനി റിസല്‍ട്ട് പറയട്ടെ?
പറഞ്ഞോളൂ.
-കടവല്ലൂര്‍ക്കാരുടെ കെട്ടുകണക്കിനുവരുന്ന ഫോണ്‍ബില്ലുകളടയ്ക്കാന്‍ ക്യൂനിന്ന് ക്യൂനിന്ന് മടുത്തിട്ടാണ് മനോജ് പ്രീപെയ്ഡാക്കിയത്! ഇതാവുമ്പൊ ബില്ലടയ്ക്കാന്‍ പോകണ്ടല്ലൊ. സ്വന്തം ബില്ലടയ്ക്കാന്‍ പോകുമ്പോഴല്ലേ കടവല്ലൂക്കാരുടെ ബില്ലുകള്‍ ഒപ്പം പോരുന്നത്. പറയൂ അതല്ലേ സത്യം?
-ബിആറിനോട് പറയില്ലെങ്കില്‍ പറയാം, അതു തന്നെയാണ് സത്യം !

***

സംഭാഷണം ഇത്രയുമായപ്പോഴാണ് കടവല്ലൂര്‍ ഭാസ്‌കരന്‍ അതുവഴി വന്നത്.
മനോജിനെ കണ്ടതും പോക്കറ്റില്‍നിന്നും ഒരു വലിയ കവറെടുത്തുനീട്ടി ഭാസ്‌കരന്‍ പറഞ്ഞു:
'ഇത് ആറ് ബില്ലുണ്ട്. ഇന്ന് ലാസ്റ്റ്‌ഡേറ്റാണ്. ഇന്നുതന്നെ അടയ്ക്കണം. കാശ് ഞാന്‍ പിന്നെ തരാം... തല്ക്കാലം മനോജ് കൈയില്‍നിന്നെടുത്ത് അടയ്ക്കണം. ബൈ ദ ബൈ എ ടി എം കാര്‍ഡ് എടുത്തിട്ടുണ്ടല്ലൊ അല്ലേ......''
മടിച്ചുമടിച്ചാണെങ്കിലും തല ചൊറിഞ്ഞ് ഒരു ചെറുചിരിയോടെ മനോജ് പറഞ്ഞു:
'ഭാസ്‌കരേട്ടാ, ഞാന്‍ പ്രീപെയ്ഡാക്കി കേട്ടോ ''
അന്നേരം ഭാസ്‌കരന്‍ പറയുകയാണ്:
'ശ്ശെടാ, ഇതറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ ആ അന്നാമ്മച്ചേടത്തീടെ ബില്ലുകൂടി കൊണ്ടൂവന്നേനെ. മ്ഉം. അത് സാരല്ല്യ. പിന്നീടാവാം. ഏതായാലും ഇപ്പൊ ഈ ആറെണ്ണം അടച്ചിട്ട് വാ...'' !!!

ദ് ലാസ്റ്റ് എപ്പിസോഡ് ഓഫ് എ മെഗാസീരിയല്‍

-'ശാരികപ്പൈതലേ ചാരുശീലേ വരി-
കാരോമലേ കഥാശേഷവും ചൊല്‍ക നീ''
-സസ്‌കൃതശ്ലോകം ചൊല്ലി ബിആര്‍ എന്നെ ആക്കാന്‍ നോക്കണ്ട. സ്ലോഗന്‍സ് അനവധി കേട്ടിട്ടുള്ളതാണ് ഞാന്‍. എനിയ്ക്കതിന്റെ അര്‍ത്ഥമൊക്കെ അറിയാം.
-എങ്കിലൊന്നു പറയൂ.
-'അല്ലയോ ആന്റണ്‍ വില്‍ഫ്രഡേ, ആശാന്‍ ടിവി വാങ്ങാന്‍ പോയ കഥയുടെ ബാക്കി ഭാഗം കൂടി പറയൂ.''
-എഗ്‌സാക്റ്റ്‌ലി. ദെന്‍ പ്രൊസീഡ്.
-ഏറ്റവും ഒടുവില്‍ ആശാന്‍ പോയത് കുറുപ്പം റോഡിലെ ഫ്രിഡ്ജ് ഹൗസിലേയ്ക്കാണ്. അതിനൊരു കാരണമുണ്ടായിരുന്നു.
-അവിടെ ടിവികളുടെ ധാരാളം സെലക്ഷനുള്ളതുകൊണ്ടാവും.
-അതല്ല.
-പിന്നെ?
-മറ്റെല്ലാ കടകളിലും ആശാന്‍ കയറിയിറങ്ങിക്കഴിഞ്ഞിരുന്നു!
-ബൈദബൈ, ആശാന്‍സാര്‍ ഫ്രിഡ്ജ് ഹൗസില്‍ പോയപ്പോഴും ആന്റണ്‍ അദ്ദേഹത്തിന്റെ കൂടെപ്പോയോ?
-ഇല്ലില്ല. നന്തിലത്തീന്നിറങ്ങിയപ്പോഴേ ഞാന്‍ കോലൊടിച്ചിട്ടതല്ലേ, ഇനി ആശാന്റെ കൂടെ ഒരു പരിപാടിക്കുമില്ലെന്ന്. പക്ഷേ ആശാനറിയാതെ ഞാന്‍ ആശാനെ അനുധാവനം ചെയ്യുന്നുണ്ടായിരുന്നു, ഒരു നേരമ്പോക്കിനുവേണ്ടി.
-അപ്പറഞ്ഞതിന്റെ അര്‍ത്ഥം മനസ്സിലായില്ല.
-ഏതിന്റെയാണ്?
-അനുധാവനം എന്നതിന്റെ.
-ച്ചാല്‍ ഫോളോ ചെയ്തൂന്ന്.
-ആന്റണ്‍ ഒരു ക്രിക്കറ്ററല്ലാത്തത് ഭാഗ്യം.
-അതെന്താണ്?
-എങ്കില്‍ ഫോളോ ഓണ്‍ ചെയ്യേണ്ടി വന്നേനെ.
-ബിആറിന്റെ ഈ കൊനുഷ്ട് വര്‍ത്തമാനമാണെനിക്ക് പിടിയ്ക്കാത്തത്.
-അയാം സോറി. പ്ലീസ് കണ്ടിന്യൂ.
-ആശാന്‍ കേറിച്ചെല്ലുമ്പോള്‍ ഫ്രിഡ്ജ് ഹൗസില്‍ ഒരു പൂരത്തിന്റെ തെരക്കായിരുന്നു. കൊറേ കസ്റ്റമേഴ്‌സ് അവിടെയിട്ടിരുന്ന കസേരകളിലിരിക്കുന്നുണ്ടായിരുന്നു. ഭൂരിഭാഗവും ലേഡീസായിരുന്നു. അവര്‍ക്കുമുന്നില്‍നിന്ന് ഒരു സെയില്‍സ് എക്‌സിക്ക്യൂട്ടീവ് കൈയും കലാശവും കാണിച്ച് എന്തൊക്കെയോ വിളിച്ചുകൂവുന്നുണ്ടായിരുന്നു. ആശാന് അതിലൊന്നും താല്പര്യം തോന്നിയില്ല. ആശാനെ ആരും അഭ്യാസം പഠിപ്പിക്കേണ്ടെന്ന ഭാവമായിരുന്നു. മാത്രമല്ല ഇനി പോവാന്‍ മറ്റ് കടകളൊന്നും ബാക്കിയില്ലാത്തതിനാല്‍ ആശാന് മുന്നില്‍ മറ്റ് ചോയ്‌സൊന്നുമുണ്ടായിരുന്നില്ലതാനും. അതുകൊണ്ട് ചെന്നപാടേതന്നെ ആശാന്‍ കാണാന്‍ ഭംഗിയുള്ള ഒരു സെറ്റ് ചൂണ്ടിക്കാട്ടി പ്രാസംഗികനോട് അത് പാക്ക് ചെയ്തുതരാന്‍ പറഞ്ഞു. ഉടനെ സെയില്‍സ് എക്‌സിക്ക്യൂട്ടീവ് ഒരു പയ്യനെ വിളിച്ച് സാറിന് അത് പാക്ക്‌ചെയ്തുകൊടുക്കാന്‍ പറഞ്ഞു. പാക്ക് ചെയ്യുന്നതിനിടയില്‍ ആശാന്‍ പയ്യനോട് ചോദിച്ചു: 'ഇത് എത്ര ഇഞ്ചാ?'. ചോദ്യം കേള്‍ക്കാഞ്ഞിട്ടോ മനസ്സിലാവാഞ്ഞിട്ടോ എന്തോ പയ്യന്‍ ആശാനെ കണ്ണുമിഴിച്ചുനോക്കി. അപ്പോള്‍ ആശാന്‍ വീണ്ടും ചോദിച്ചു: 'ഇത് എത്ര ഇഞ്ചാ?'. അന്നേരം പയ്യന്‍ വീണ്ടും ആശാനെ ഒരത്ഭുതജീവിയെ നോക്കുമ്പോലെ നോക്കി. പിന്നെ ഒരു ടേപ്പെടുത്തുകൊണ്ടുവന്ന് അളന്നുനോക്കി എന്തോ ഇഞ്ചുകണക്ക് പറഞ്ഞു. ആശാന് തൃപ്തിയായി. പിന്നെ ബില്ല് പേ ചെയ്ത് ഒരു ഓട്ടോറിക്ഷ വിളിച്ച് സാധനവുമായി വീട്ടിലേക്ക് പാഞ്ഞു.
സംഭവം നടന്ന് ഏതാണ്ട് ഒരുമണിക്കൂര്‍ കഴിഞ്ഞതേയുള്ളു. പുറകില്‍നിന്നും പട്ടിയോടിച്ചമട്ടില്‍ പെട്ടിയുമായി ആശാന്‍ തിരിച്ചുവന്നു!
എങ്ങനെ തിരിച്ചുവരാതിരിയ്ക്കും?
ടിവിയാണെന്ന് തെറ്റിദ്ധരിച്ച് അതിന്റെ ഇഞ്ചുകണക്ക് മാത്രം ചോദിച്ച് ആശാന്‍ കെട്ടിപ്പൊതിഞ്ഞുകൊണ്ടുപോയത് ഒരു മൈക്രോവേവ് ഓവനായിരുന്നു!!!

Tuesday, August 24, 2010

ഒത്തുതീര്‍പ്പ്

സ്‌റ്റോണിന്റെ കംപ്ലെയ്ന്റുമായി ഡോക്ടറെകാണാന്‍ ചെന്നതാണ് സഖാവ് ശ്രീകുമാര്‍.
വിവരങ്ങള്‍ വിശദമായി ചോദിച്ചറിഞ്ഞശേഷം സരസനായ ഡോക്ടര്‍ പറഞ്ഞു: 'അപ്പോഴേയ് സഖാവെ, ഇടയ്‌ക്കൊക്കെ ലേശം വെള്ളം കഴിക്കാം കേട്ടോ. അതുകൊണ്ടൊരു ദോഷോം വരില്ല. ഗുണമേ ഉണ്ടാവൂ.''
ശ്രീകുമാര്‍ തെല്ലുനേരം ആലോചിച്ചു. പിന്നെ പറഞ്ഞു: 'അത് ശെരിയാവില്ല ഡോക്ടര്‍.''
'എന്തുകൊണ്ട് ശെരിയാവില്ല?''
'അതുപിന്നെ ഞാനും അച്ഛനും തമ്മിലുള്ള ഒരെഗ്രിമെന്റാണ്''
'എന്തെഗ്രിമെന്റ്?''
'ജോലിയ്ക്ക് ജോയിന്‍ ചെയ്യാന്‍ പോകുമ്പോള്‍ അച്ഛന്‍ എന്നോട് നാല് കാര്യങ്ങള്‍ പറഞ്ഞിരുന്നു.''
'എന്തൊക്കെയായിരുന്നു അത്?''
' ഒന്ന്: രാത്രി 8 മണിക്കുമുമ്പ് വീട്ടിലെത്തണം.
രണ്ട്: മാസാമാസം കിട്ടുന്ന ശമ്പളം കൃത്യമായി വീട്ടിലെത്തിക്കണം.
മൂന്ന്: കമ്പനി കോമ്പൗണ്ടിനകത്തും പുറത്തും പണം വെച്ച് ചീട്ട് കളിക്കരുത്.
നാല്: വെള്ളമടിക്കരുത്.
ആറ് മണിക്ക് ലോക്കല്‍ കമ്മറ്റി വെച്ചാ തീരുമ്പൊ ചുരുങ്ങിയത് പത്തുമണിയാവും. പിന്നെ എങ്ങന്യാ 8 മണിക്കുമുമ്പ് വീട്ടിലെത്തണത്. അതുപോലെ സാമ്പത്തികത്തിന്റെ കാര്യം പറയാതിരിക്ക്യാണ് ഭേദം. മാസാമാസം ഡൈസ്‌നോണ്‍ കഴിച്ചുകിട്ടുന്ന കാശില്‍നിന്ന് സംഭാവനകളും പാര്‍ട്ടിലെവിയും മറ്റും കിഴിച്ചുവരുമ്പോള്‍ പിന്നെ എന്തുണ്ടാവാനാ? അതുകൊണ്ട് നാല് കാര്യങ്ങളും ഒരുപോലെ അനുസരിക്കാന്‍ ബുദ്ധിമുട്ടാണെന്ന് ഞാന്‍ അച്'നോട് പറഞ്ഞു. ഒടുവില്‍ അമ്മ ഇടപെട്ട് ഞങ്ങള്‍ തമ്മില്‍ ഒരൊത്തുതീര്‍പ്പിലെത്തി. അങ്ങനെ ആദ്യത്തെ രണ്ട്കാര്യങ്ങളില്‍ എനിക്ക് ഇളവുകിട്ടി. അതുകൊണ്ടുതന്നെ മറ്റ് രണ്ടുകാര്യങ്ങളും ഞാന്‍ കര്‍ശനമായി പാലിക്കാറുണ്ട്.
ജോലിക്ക് ചേര്‍ന്നതില്‍പിന്നെ ഇന്നീനിമിഷം വരെ ഞാന്‍ പണംവെച്ച് ചീട്ട് കളിച്ചിട്ടില്ല.
അതുപോലെതന്നെ മുക്തകണ്ഠം ഭക്ഷണം കഴിച്ചാല്‍ പോലും ഒരു തുള്ളി വെള്ളം കുടിക്കാറില്ല!!!
******

ലാഭം വരുന്ന വഴികള്‍

തൊള്ളായിരത്തി എഴുപതുകളിലാണ് സംഭവം. അക്കാലം സഹരാജന്‍ നായരും ആന്റണ്‍ വില്‍ഫ്രഡും ഒരേ ഒ.എ.പാര്‍ട്ടിയിലാണ്. ഒരേ ലോഡ്ജിലാണ് താമസം. ഒരേ ഹോട്ടലിലാണ് ഭക്ഷണം കഴിച്ചിരുന്നത്. ഒരേ വെള്ളമാണ് കുടിച്ചിരുന്നത്. ഒരേ വെള്ളം കൊണ്ടായിരുന്നു കുളിയും.
അന്നു വൈകീട്ട് ആഡിറ്റെല്ലാം കഴിഞ്ഞ് ലോഡ്ജില്‍ ചെന്ന് ഒരു കുളിയും പാസ്സാക്കി ഒന്നു നടക്കനിറങ്ങിയതാണ് കഥാപാത്രങ്ങള്‍. നടക്കുന്നതിനിടെ സ്വന്തം പോക്കറ്റില്‍നിന്ന് എന്തോ താഴെ വീഴുന്നതായി തോന്നിയ സഹരാജന്‍ നായര്‍ തിരിഞ്ഞുനിന്നു. നിന്നനില്‍പ്പില്‍ നിലത്തേക്കുനോക്കി. പിന്നെ 'ഓ, ഇരുപതിന്റെയാണോ' എന്നൊരാത്മഗതവും പറഞ്ഞ് നടത്തം തുടര്‍ന്നു.
കണ്ടുനിന്ന ആന്റണ്‍ വില്‍ഫ്രഡ് അന്തം വിട്ടുപോയി. എങ്ങനെ അന്തം വിടാതിരിക്കും? വെറും 35 രൂപയാണ് അക്കാലത്തെ ഡി എ. എന്നിട്ടാണ് 20 രൂപ കളഞ്ഞുപോയത് കണ്ണാലെ കണ്ടിട്ടും നായര്‍ജി അതെടുക്കാതെ പോകുന്നത്! ഇങ്ങേര്‍ക്കിതെന്തുപറ്റി?
' ഹേ, നിങ്ങളെന്ത് ഭ്രാന്താണീ കാണിക്കുന്നത്?'' ആന്റണ്‍ ചോദിച്ചു.
അന്നേരം നായര്‍ജി ചിരിച്ചുകൊണ്ട് പറയുകയണ്: ' ഈ ഒറ്റ ഇന്‍സിഡന്റില്‍ 45 രൂപയാണെനിക്ക് ലാഭം. മനസ്സിലായോ?''
'ഇല്ല''
' ആ 20 രൂപയെടുക്കാന്‍ ഞാന്‍ കുനിഞ്ഞാല്‍ പിന്നെ എന്റെ ഡിസ്‌ക് ശെരിയാക്കാന്‍ 65 രൂപയുടെ ഇന്‍ജെക്ഷനെടുക്കേണ്ടിവരും'' !!!

Monday, August 23, 2010

ഷൂട്ടിങ്ങ്

എട്ടേകാല്-എട്ടര-ഏറിയാല്‍ എട്ടേമുക്കാല്. അമ്പാട്ടെ നന്ദകുമാരന്‍ നായര് ആപ്പീസില്‍ വരുന്നുണ്ടെങ്കില്‍ അതിനകം എത്തിയിരിക്കും. അതുവിട്ട് പോവില്ല.
(അരിമ്പൂരംശത്തിലെ ഈ സ്ഥാനിനായര്‍ അനതിവിദൂര ഭാവിയില്‍ മേനോനാവുമത്രേ! ഏതോ ഒരു ചെറിയ പേപ്പറേ കിട്ടാനുള്ളൂ. അതും വിത്ത് ബുക്‌സാണ്).
മാര്‍ച്ച് മാസത്തിലെ ഒരു തിങ്കളാഴ്ച ദിവസം നേരം മണി ഒമ്പതായിട്ടും വുഡ് ബി മേനോനെ കാണാനില്ല.
ഇന്നിനി വരവുണ്ടാവില്ലെന്നു കരുതിയിരിക്കുമ്പോള്‍ അതാ പാദത്തെ ചുംബിക്കുന്ന തോള്‍സഞ്ചിയും ശപ്പറശിപ്പറ തലമുടിയുമായി വിയര്‍ത്തുകുളിച്ച് ന.കു.നായര്‍ കയറിവരുന്നു. വന്നവഴി അദ്ദേഹം ഫാനിന്റെ സ്വിച്ചിന്റെ നേര്‍ക്കാണ് പോയത്. പിന്നെ ഫാന്‍ ഫുള്‍സ്വിങ്ങിലാക്കി സീറ്റില്‍ വന്ന് കണ്ണുമടച്ച് ഒറ്റയിരിപ്പാണ്, ആരോടും ഒന്നുമുരിയാടാതെ.വല്ലാതെ കിതയ്ക്കുന്നുമുണ്ടായിരുന്നു.
നന്ദ്വാര്‌ടെ താടിരോമങ്ങളില്‍ ഊറിനിന്നിരുന്ന സ്വേദകണങ്ങള്‍ തലയ്ക്കുമുകളിലെ ട്യൂബ്‌ലൈറ്റില്‍നിന്നുതിര്‍ന്ന കിരണങ്ങളേറ്റ് മുത്തുമണികള്‍ പോലെ പ്രശോഭിച്ചു!
പോക്കറ്റില്‍നിന്ന് ഒരു പിശ്ശാംകത്തിയെടുത്ത് മൗനം രണ്ടായി മുറിച്ച് ഞാന്‍ ചോദിച്ചു:
-എന്തുപറ്റി?
-ഒന്നൂല്ല്യ
-അത് കള
-കഥയാക്കില്ലെങ്കില്‍ സത്യം പറയാം
-പറയൂ
-പശു പറ്റിച്ചു
-പശുവോ?
-അദന്നെ
-അതെങ്ങനെ?
-രാവിലെ മൂത്രമൊഴിപ്പിക്കാന്‍ വേണ്ടി തൊഴുത്തീന്നഴിച്ച് കൊണ്ടുവന്നതാണ്
-എന്നിട്ടോ?
-ഏതായാലും പല്ലുതേച്ചിട്ട് തിരിച്ചുകൊണ്ടുകെട്ടാമെന്നുകരുതി ഞാന്‍ പല്ലുതേയ്ക്കാനിരുന്നു.
-ആര്‌ടെ പല്ല്?
-പശൂന്റെ ! ഹല്ല പിന്നെ. ഇത്തരം കൊനുഷ്ഠ് ചോദ്യങ്ങളേ ബിആറിന്റെ നാവീന്ന് വരൂ.
-അതു പോട്ടെ. എന്നിട്ടെന്തുണ്ടായി?
-പശൂന്റെ കഴുത്തിലെ കയറിന്റെ മറ്റേയറ്റം എങ്ങും കെട്ടീട്ടുണ്ടായിരുന്നില്ല.
-മാന്ത്രികവടിയുടെ മറ്റേയറ്റം പോലെ അല്ലേ?
-ആവൊ. ഞാന്‍ പല്ലുതേച്ചുകൊണ്ടിരുന്നപ്പോഴാണ് പെട്ടെന്ന് ആ അനൗണ്‍സ്‌മെന്റ് കേട്ടത്.
-എന്തായിരുന്നത്?
-പ്രിയപ്പെട്ട നാട്ടുകാരേ,സഹകാരികളേ,സുഹൃത്തുക്കളേ, സിനിമയില്‍ അഭിനയിക്കാന്‍ താല്പര്യമുള്ളവര്‍ എത്രയും പെട്ടെന്ന് അരിമ്പൂര്‍ ഗവണ്മെന്റ് മാപ്പിള യൂപ്പീ സ്‌കൂള്‍ ഗ്രൗണ്ടില്‍ ഹാജരാവുക
-ച്ചാല്‍?
-ഞാന്‍ അത് പ്രതീക്ഷിച്ചോണ്ടിരിക്കുകയായിരുന്നു. കാരണം നാട്ടുകാരെല്ലാവരും കൂടി അച്ചുതന്‍കുട്ടിയുടെ സംവിധാനത്തില്‍ ഒരു സിനിമ പിടിക്കാനുള്ള തീരുമാനമെടുത്തിരുന്നു.
-ജനകീയ സിനിമയോ?
-അതെ. തികച്ചും ജനകീയം. ആയിരം രൂപയാണ് ഒരു ഷെയറിന്. ഷെയറെടുക്കുന്നോര്‍ക്കെല്ലാം അഭിനയിക്കാന്‍ ചാന്‍സ് കിട്ടുമെന്നും പറഞ്ഞിരുന്നു. എന്താ വിളിക്ക്യാത്തേ വിളിക്ക്യാത്തേന്നും വിചാരിച്ചിരിക്കയായിരുന്നു ഞാന്‍. അന്നേരമാണ് സ്വര്‍ഗ്ഗത്തില്‍നിന്നെന്നപോലെ ഈ വിളി കേട്ടത്.
-അല്ലാതെ പല്ലുതേച്ചിരിക്കുന്ന നായര്‍ക്ക് ഒരു വിളി തോന്നിയതല്ലല്ലൊ
-അല്ലല്ല
-ങ. എന്നിട്ട്?
-ആ വിളിയങ്ങ് കേട്ടതും...
-കേട്ടതും?
-ഒരൊറ്റ ഓട്ടമായിരുന്നു
-ആര് പശുവോ?
-ദേ വീണ്ടും കൊനുഷ്ഠ്. ഓടിയത് ഞാനാണെന്നേയ്
-എങ്ങോട്ട്?
-ഗ്രൗണ്ടിലേക്ക്
-അപ്പോള്‍ പശു?
-അതിന്റെ കാര്യം ഞാന്‍ പാടേ മറന്നു
-അതില്‍ നന്ദനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഒരു പശൂനെ വേണോ അതോ സിനിമേലഭിനയിക്കണോന്ന് ആരെങ്കിലും ചോദിച്ചാല്‍ എനിക്ക് സിനിമേലഭിനയിച്ചാ മതീന്നേ ഞാനാണെങ്കിലും പറയൂ. അതുപോട്ടെ. ഏതു റോളാണ് കിട്ടിയത്?
-അതല്ലേ ട്രാജഡി. ഓടിക്കിതച്ച് അവിടെ ചെന്നപ്പോളാണറിയുന്നത്. ഒരു ജാഥ ചിത്രീകരിക്കാന്‍ വേണ്ടിയാണ് അവര്‍ കൂവിവിളിച്ച് ആളെക്കൂട്ടിയത്. ഏതായാലും അവിടം വരെ ചെന്നതല്ലേ, ജാഥയിലും തദ്വാരാ സിനിമയിലും ഒരു സെക്കന്‍ഡെങ്കില്‍ ഒരു സെക്കന്‍ഡ് മുഖം കാണിച്ചിട്ട് പോരാമെന്ന് ഞാനും കരുതി. ആള്‍ക്കൂട്ടത്തിന്റെ മുമ്പില്‍തന്നെ സ്ഥാനവും പിടിച്ചു.മണി എട്ടായി. ഒമ്പതായി. പത്തായി. പകല്‍ പഴുത്തുതുടങ്ങി. പക്ഷേ..
-പക്ഷേ?
-എന്റെ മോഹം പൂവണിഞ്ഞില്ല ബിആര്‍
-എന്തുപറ്റി?
-പത്തരയായപ്പോള്‍ മൈക്കിലൂടെ ഒരനൗണ്‍സ്‌മെന്റ്. ജാഥയുടെ ചിത്രീകരണം കഴിഞ്ഞുവെന്നും ജനക്കൂട്ടത്തിന് പിരിഞ്ഞുപോകാമെന്നും!
-അതെങ്ങനെയാണ് മുമ്പില്‍ നില്‍ക്കുന്ന നന്ദനറിയാതെ?
-ആകെ നൂറുപേരേ ജാഥയ്ക്ക് വേണ്ടിയിരുന്നുള്ളൂ. ജനക്കൂട്ടത്തിന്റെ പിന്നില്‍ നിന്ന് നൂറുപേരെ അവര്‍ സെലക്റ്റ് ചെയ്തു. ഷൂട്ടിങ്ങും നടത്തി. മുമ്പില്‍ നിന്ന് വെയിലുകൊണ്ടവര്‍ യാതൊന്നുമറിഞ്ഞില്ല!
-ആ അനൗണ്‍സ്‌മെന്റ് കേട്ടപ്പോള്‍ നന്ദനെന്തു തോന്നി?
-എനിക്കെന്റെ പശൂനെ ഓര്‍മ്മ വന്നു
-പിന്നെ തിരിഞ്ഞൊരോട്ടമായിരുന്നു അല്ലേ
-അതെ
-പശൂനെ കളഞ്ഞ പാപ്പിയെപ്പോലെ പശൂ,പശൂ എന്നും വിളിച്ചോണ്ട്, അല്ലേ?
-അതെ
-കൊള്ളാം. എന്നിട്ടെന്തുണ്ടായി?
-എന്തുണ്ടാവാന്‍? തിരിച്ചുചെന്നപ്പോള്‍ പശു നിന്നേടത്ത് ഒരു കുന്തി ചാണകം മാത്രമുണ്ട്!
-ഈശ്വരാ! പിന്നെ പശുവിനെ തേടിയായി ഓട്ടം അല്ലേ
-അദന്നെ. നാടിനു നെടുകേയും കുറുകേയും ഓടിയോടി ഈ പരുവമായി.
-എന്നിട്ട് തൊണ്ടിസാധനത്തെ കണ്ടുകിട്ടിയോ?
-ഒരു കണക്കിന് കണ്ടുകിട്ടീന്ന് പറഞ്ഞാ മതീല്ലൊ
-എവിടുണ്ടായിരുന്നു?
-വീട്ടിലെ തൊഴുത്തില്‍ !!!

Thursday, August 19, 2010

നെറ്റിയില്‍ പൂവുള്ള തിരുമേനി

എത്രകണ്ട് ശരിയാണെന്ന് നിശ്ശല്ല്യ.
കാരണം ഇത് എന്‍ബി അഥവാ പ്രത്യേകം ശ്രദ്ധിക്കുക എന്നറിയപ്പെടുന്ന നാമംഗലം മനയ്ക്കലെ ചെറിയ പരമേശ്വരന്‍ നമ്പൂതിരിപ്പാട് ചൊല്ലിക്കേട്ടതാണ്.
അഞ്ചാറ് മാസം മുമ്പാണത്രെ സംഭവം.
കുറൂര്‍ മനയ്ക്കലെ സൂമാരന്‍ നമ്പൂതിരിപ്പാടിന്റെ കിണറ്റിലെ മോട്ടോര്‍പമ്പിന് എന്തോ ഏനക്കേട്. ഒരുവിധം ഏനക്കേടൊക്കെ തീര്‍ക്കാന്‍ സൂമാരനറിയാം. എന്താ പ്രശ്‌നംന്ന് വെച്ചാല്‍ മുകളില്‍നിന്നും ഒരു മൂന്നടിയോളം താഴെയാണ് മോട്ടോര്‍ കെട്ടിത്തൂക്കിയിരിക്കുന്നത്. ച്ചാല്‍ മോട്ടറ് നന്നാക്കാന്‍ മോളീന്ന് കയ്യെത്ത് ല്ല്യാന്നര്‍ത്ഥം. അത്തരം സന്ദര്‍ഭങ്ങളില്‍ സാധാരണക്കാരായ നമ്മള്‍ എന്താണ് ചെയ്യുക? മോട്ടറ് മോളിലേയ്ക്ക് വലിച്ചുകേറ്റി അവിടിരുന്ന് റിപ്പെയര്‍ ചെയ്യും അല്ലെങ്കില്‍ ചെയ്യിക്കും, അല്ലേ? പക്ഷേ ബുദ്ധിമാനായ തിരുമേനി കണ്ടെത്തിയ വഴി ഇതാണ്: നല്ല മുഴുപ്പുള്ള ഒരു കയറെടുത്ത് അതിന്റെ ഒരറ്റം തുടിയില്‍ കെട്ടി. മറ്റേയറ്റം തിരുമേനിയുടെ അരയിലും കെട്ടി. പിന്നെ മന്ദമന്ദം കയറില്‍ തൂങ്ങി പമ്പിനടുത്തെത്തി പണി തുടങ്ങി.
പണി തീര്‍ന്നതും തൂങ്ങിനിന്നിരുന്ന കയറ് പൊട്ടി തിരുമേനി പൊത്തോന്ന് കിണറ്റില്‍ വീണതും ഒന്നിച്ചായിരുന്നു!
നിര്‍ഭാഗ്യവശാല്‍ കാര്യമായൊന്നും പറ്റിയില്ല.
നെറ്റിയില്‍ ആഴത്തിലൊരു മുറിവുണ്ടായി. അത്ര മാത്രം.
നിലവിളികേട്ട് ഓടിക്കൂടിയവര്‍ ഒരു വലിയ ചോറ്റുകുട്ട ഇറക്കിക്കൊടുത്ത് തിരുമേനിയെ ലിഫ്റ്റ് ചെയ്ത് ആസ്പത്രിയിലേക്കോടി.......

മുറിവില്‍ സ്റ്റിച്ചിടാന്‍ നേരം ഡോക്ടര്‍ തിരുമേനിയോട് ചോദിച്ചു:
-നല്ല വേദനിണ്ടാവും. ബോധം കെടുത്തട്ടെ?
-ഇല്ല്യാ. അത് വേണംന്ന് ല്ല്യ ഡോക്ടറേ.
-അതെന്താ
-അത്ണ്ടായിര്‌ന്നെങ്കില് ഇങ്ങന്യൊന്നും വര് ല്ല്യലൊ !!!

***

മോഹം

“ഇങ്ങനെ കഥയെഴുതിക്കൊണ്ടിരിക്കുമ്പോള്‍ മരിക്കണമെന്നാണ് എന്റെ ആഗ്രഹം ”.

ബിആറിന്റെ ആഗ്രഹം കേട്ടപ്പോള്‍ കണ്ണനും വേണുപ്പണിക്കരും ആത്മഗതം ചെയ്തു:
“ഈ പോക്കുപോയാല്‍ വൈകാതെതന്നെ ആ ആഗ്രഹം ഞങ്ങള്‍ നിറവേറ്റിത്തരും” !!!

മെസേജ്

“എന്നാലും എന്റെ എന്‍ബീ, ഞാന്‍ റിട്ടയര്‍ ചെയ്തിട്ട് വെറും രണ്ടാഴ്ചയല്ലെ
ആയുള്ളൂ. അപ്പോഴേക്കും നിങ്ങള്‍ എന്നെ മറന്നുകളഞ്ഞല്ലൊ“
“ മറക്ക്വേ. എന്താ ആന്റണ്‍ പറയണത്?”
“അതോ. ഞാന്‍ നിങ്ങള്‍ക്ക് എത്ര എസ് എം എസ് അയച്ചു. ഒന്നിനെങ്കിലും നിങ്ങള്‍
മറുപടി അയച്ചോ?”
“എന്താ ഈ പറയണത്. ഒരെണ്ണത്തിനുപോലും ഞാന്‍ മറുപടി അയയ്ക്കാതിരുന്നിട്ടില്ല. കഴിഞ്ഞ രണ്ടാഴ്ചയില്‍ ഞാന്‍ വില്‍ഫിയ്ക്ക് 18 എസ് എം എസ് അയച്ചിട്ട്ണ്ട്”.
“കള്ളം പറഞ്ഞാല്‍ ഞാന്‍ കള്ളത്തിരുമേനീന്ന് വിളിക്കും“
“ഞാനെന്തിന് കള്ളം പറയണം? എന്റെ കൈയില്‍ പ്രൂഫ് ഇരിയ്ക്കല്ലേ”

അനന്തരം ജനലിനടുത്തുചെന്ന് ഇടതുകൈയിലെ നടുവിരലും ചൂണ്ടുവിരലും
5 മില്ലീമീറ്റര്‍ ഗ്യാപ്പില്‍ ചുണ്ടിനോട് ചേര്‍ത്തുപിടിച്ച് വായ്ക്കുള്ളില്‍
നിറഞ്ഞുതുളുമ്പുകയായിരുന്ന താമ്പൂലരസം പുറത്തേക്ക് ചീറ്റിച്ച്‌വിട്ട ശേഷം തിരിച്ചുവന്ന് തിരുമേനി മൊബൈല്‍ തുറന്ന് മെസേജ് മെനുവിലെ സെന്റ്റ് ഐറ്റെംസ് എടുത്തു.

പിന്നത്തെ പ്രതികരണം ഇതായിരുന്നു: “ങ.ങ്ങ.ങ്ങാ….ഒരു പറ്റ് പറ്റീട്ടോ. ഞാന്‍ ഈ മെസേജ് അയച്ചതൊക്കെ വില്‍ഫീടെ ലാന്റ്‌ഫോണിലേയ്ക്കാ !!!

മേനോന്‍ ചരിതം (പതിനൊന്നാം ദിവസം)

-കേട്ടോ, ബീആര്‍. ബിആറിനോട് ഒരു പ്രത്യേക കാര്യം പറയാന്‍ വേണ്ടി മാത്രമാണ് ഞാനിന്ന് വടമയില്‍നിന്ന് വളരെ കഷ്ടപ്പെട്ട് ഇതുവരെ വന്നത്.
-കഷ്ടം! എന്തിനാണ് ഇത്ര കഷ്ടപ്പെടുന്നത്? ഒന്നു ഫോണ്‍ ചെയ്ത് പറഞ്ഞാ പോരായിരുന്നോ?
-ഏയ്. അത് ശെരിയാവില്ല.
-അതെന്താ ഫോണിലൂടെ പറയാന്‍ പറ്റാത്ത കാര്യമാണോ?
-അതല്ല. ഇവിടം വരെ ഒന്നു വന്നു പോവുകയാണെങ്കില്‍ എനിയ്ക്ക് ചുരുങ്ങിയത് ഒരു പന്ത്രണ്ട് രൂപയുടെയെങ്കിലും ലാഭമുണ്ടാക്കാം. അതുകൊണ്ടാണ്.
-അപ്പറഞ്ഞത് മനസ്സിലായില്ല.
-ഞാന്‍ കണക്കുകൂട്ടി നോക്കിയപ്പോള്‍ ഇക്കാര്യം ഫോണ്‍ ചെയ്തു പറയാന്‍ ചുരുങ്ങിയത് 60 രൂപയെങ്കിലുമാവും. നേരെ മറിച്ച് ഇവിടം വരെ വന്നുപോവാനാണെങ്കില്‍ 48 രൂപ മതി.
-ഓഹോ. അങ്ങനെ പന്ത്രണ്ടു രൂപയുടെ ലാഭം അല്ലേ?
-അതെ
-ച്ചാല്‍ പണ്ടൊരിയ്ക്കല്‍ സഹരാജന്‍നായര്‍ സ്വന്തം കൈയില്‍നിന്നും 20 രൂപ താഴെ വീഴുന്നതു കണ്ടിട്ടും അത് കുനിഞ്ഞെടുക്കാന്‍ മെനക്കെടാതെ നടുവേദനയ്ക്കുള്ള മരുന്നിനത്തില്‍ 38 രൂപ ലാഭിച്ചതുപോലെ, അല്ലേ?
-എക്‌സാക്റ്റ്‌ലി
-കൊള്ളാം. എന്നാപ്പിന്നെ കാര്യത്തിലേക്ക് കടക്കാം, അല്ലേ?
-വലതുകാല്‍ വെച്ച്
-ആയ്‌ക്കോട്ടെ
-നമ്മടെ സുരേഷ് മേനോന്‍ ഡ്രൈവിങ്ങ് പഠിക്കാന്‍ പോയ കഥ ബിആര്‍ കേട്ടിട്ടുണ്ടോ?
-ഇല്ലല്ലൊ
-എന്നാല്‍ കേട്ടോളൂ. എം ജി റോഡിലുള്ള ഒരു ഡ്രൈവിങ്ങ്ഇന്‍സ്റ്റിട്ട്യൂട്ടിലാണ് മേനോന്‍ ചേര്‍ന്നത്. വെറും പത്തു ദിവസം കൊണ്ട് പുള്ളിക്കാരന്‍ എക്‌സ്‌പെര്‍ട്ടായി. പക്ഷേ പതിനൊന്നാം ദിവസം ദാണ്ടെ കെടക്കണ് ചട്ടീം കലോം!
-ച്ചാല്‍?
-സ്റ്റിയറിങ് എടത്തോട്ട് തിരിക്കാന്‍ പറഞ്ഞാല്‍ മേനോന്‍ വലത്തോട്ട് തിരിക്കും. വലത്തോട്ട് തിരിക്കാന്‍ പറഞ്ഞാല്‍ എടത്തോട്ട് തിരിക്കും. മുന്നോട്ടെടുക്കാന്‍ പറഞ്ഞാല്‍ പിന്നോട്ടെടുക്കും. പിന്നോട്ടെടുക്കാന്‍ പറഞ്ഞാല്‍ മുന്നോട്ടെടുക്കും. ക്ലച്ച് ചവിട്ടാന്‍ പറഞ്ഞാല്‍ ബ്രേയ്ക്ക് ചവിട്ടും. ബ്രേയ്ക്ക് ചവിട്ടാന്‍ പറഞ്ഞാല്‍ ക്ലച്ച് ചവിട്ടും. ലെഫ്റ്റ് സിഗ്നല്‍ കൊടുക്കാന്‍ പറഞ്ഞാല്‍ റൈറ്റ് സിഗ്നല്‍ കൊടുക്കും. റൈറ്റ് സിഗ്നല്‍ കൊടുക്കാന്‍ പറഞ്ഞാല്‍ ലെഫ്റ്റ് സിഗ്നല്‍ കൊടുക്കും. വൈപ്പറിടാന്‍ പറഞ്ഞാല്‍ ഹെഡ് ലൈറ്റിടും. ഹെഡ്‌ലൈറ്റിടാന്‍ പറഞ്ഞാല്‍ വൈപ്പറിടും. അങ്ങനെ ആകപ്പാടെ തല കീഴ് ക്കണാം പാടായി. തൊട്ടതെല്ലാം കൊളായി. മേനോന്റെ കാട്ടായങ്ങള് കണ്ട് പ്രാന്തു പിടിച്ചുപോയ മാഷ് പറഞ്ഞു: ഡാ ശവ്യേ. നിനക്ക് എന്തൂട്ടാ പറ്റ്യേ? നീ ഇന്നിനി തൊടണ്ട ഈ കുന്ത്രാണ്ടം. നീ ഇവ്‌ടെ എറങ്ങ്യാ പൊക്കോ. എന്നട്ട് നാളെ വരാന്‍ നോക്ക്. അല്ല പിന്നെ…..
ഒരക്ഷരം പറയാന്‍ നില്‍ക്കാതെ മേനോന്‍ ഇറങ്ങിപ്പോയി.
-എന്നിട്ട്?
-പിറ്റേന്നത്തെ ക്ലാസ്സിന് ചെന്ന മേനോന് വണ്ടീടെ ചാവി കൊടുക്കുമ്പോള്‍ മാഷ്‌ടെ കൈ വിറയ്ക്കുന്നുണ്ടായിരുന്നു. പക്ഷേ അത്ഭുതമെന്നു പറയട്ടെ, തലേന്നുകണ്ട മേനോനായിരുന്നില്ല പിറ്റേന്നു കണ്ട മേനോന്‍. അന്ന് ടൗണിന്റെ മുക്കിലും മൂലയിലും വളവിലും തിരിവിലും തിക്കിലും തിരക്കിലും കുണ്ടിലും കുഴിയിലും കുടുസ്സുവഴിയിലുമെല്ലാം എത്രയൊക്കെ ഓടിച്ചിട്ടും ഒരു പ്രശ്‌നവുമുണ്ടായില്ല മേനോന്! നല്ല ക്ലീന്‍ ഷേവിംഗ് പോലത്തെ ഡ്രൈവിംഗ്. ഡ്രൈവിംഗ്കലയിലെ ദ്രോണാചാര്യനായ ആ മാഷ്‌ക്ക് പോലും തന്റെ ശിഷ്യന് ശിഷ്യപ്പെടാന്‍ തോന്നീന്നു പറഞ്ഞാ മതീല്ലൊ.

അന്തംവിട്ടുപോയ മാഷ് ശിഷ്യനോട് ചോദിച്ചു:
ഡാ, ഗഡ്യേ, അപ്പൊ ഇന്നലെ എന്തൂട്ടാണ്ടായ്യേ?

അന്നേരം തലയൊന്ന് ചൊറിഞ്ഞ് ചെറിയൊരു കള്ളച്ചിരിയോടെ മേനോന്‍ പറഞ്ഞു:
എന്റെ മാഷേ, ഇന്നലെ ഞാന്‍ ഒരു തുള്ളി പെട്രോളടിച്ചിട്ടുണ്ടായിരുന്നില്ല!
***

Wednesday, August 18, 2010

എന്‍ബ്യേട്ടന്‍

പത്തുപതിനഞ്ച് കൊല്ലം മുമ്പാണ് സംഭവം.
അന്നത്തെ സമ്പ്രദായമനുസരിച്ച് കണ്ണനും കൂട്ടരും രാവിലെ ഒപ്പിട്ടശേഷം ഒരു കല്യാണത്തിനു പോകാനായി വണ്ടി വരുന്നതും കാത്ത് ഓഫീസ് പോര്‍ട്ടിക്കോയില്‍ നില്‍ക്കുകയാണ്.
അപ്പോഴാണ് ഏവരേയും അമ്പരപ്പിച്ചുകൊണ്ട് എന്‍ബി പരമേശ്വരന്‍ ഓടിക്കിതച്ചുവരുന്നത്.
പല്ലുതേച്ചിട്ടില്ല. കുളിച്ചിട്ടില്ല. ജപിച്ചിട്ടില്ല. ഭക്ഷണം കഴിച്ചിട്ടില്ല.
തലേന്ന് ഓഡിറ്റ് ഹൗസില്‍ വിരിച്ചുകിടന്ന ദേശാഭിമാനി പത്രത്തിന്റെ കഷണങ്ങള്‍ ഷര്‍ട്ടില്‍ അവിടവിടെ ഒട്ടിപ്പിടിച്ചിരിക്കുന്നുണ്ട്.
കണ്ണനെ കണ്ടപ്പോള്‍ എന്‍ബി ചോദിച്ചു: എങ്ങട്ടാ എല്ലാരും കൂടി?
കണ്ണന് ഇത്രളവേ കലിവന്നുള്ളൂന്ന് ല്ല്യ.
പല്ല് ഞെരിച്ചുപിടിച്ച് ദേഷ്യം കടിച്ചമര്‍ത്തി കണ്ണന്‍ പറഞ്ഞു: അതേയ്, ഞങ്ങളൊരു കല്യാണത്തിനു പോവ്‌വ്വാ. ന്താ പോരണ്‌ണ്ടോ?
ഇതു കേട്ടതും എന്തോ ഓര്‍ത്തിട്ടെന്നപോലെ അയ്‌യ്യൊ എന്നും പറഞ്ഞ് ഉള്ളംകൈകൊണ്ട് നെറ്റിയിലൊരടിയുമടിച്ച് തിരിഞ്ഞൊരോട്ടം കൊടുത്തു എന്‍ബി !
ഓടുന്നതിനിടയില്‍ ഒരു നിമിഷം തിരിഞ്ഞുനിന്ന് കണ്ണനോട് പറഞ്ഞു: അപ്പൊ നമുക്ക് അവടെ കാണാട്ടോ.
ച്ചാല്‍ പതിവുപോലെ പുള്ളിക്കാരന്‍ എന്തോ മറന്നിരിക്കുകയാണെന്നര്‍ത്ഥം.

ശരിയായിരുന്നു. അന്ന് എന്‍ബിയുടെ കല്യാണമായിരുന്നു !!!
******

ഈമെയില്‍

“ ഹലോ, ആന്റണ്‍ നോട്ടി വില്‍ഫ്രഡല്ലേ?”
“അതേ“
“ഞാന്‍ ബി ആര്‍”
“ഹലോ, എന്തുണ്ട് വിശേഷം. ഞാന്‍ പോന്നതില്‍ പിന്നെ പട്ടിണിയാണെന്നറിഞ്ഞു. എന്തു ചെയ്യാം”
“അതല്ലാ. നിങ്ങളെന്താണ് എന്റെ ഈമെയിലിന് മറുപടിയൊന്നും അയയ്ക്കാത്തത്? ”
“അ: ഈമെയില്‍ അയച്ചിരുന്നോ?”
“അത് ശെരി. അപ്പൊ അത് തൊറന്നുനോക്കാറില്ല അല്ലേ”
“ഈയാഴ്ച്ച പറവൂര് പോവാന്‍ പറ്റീല്ല്യ. പിന്നെ 100 രൂപയും വേണല്ലൊ”
“ചക്കാന്ന് പറയുമ്പൊ ചുക്ക്ന്ന് പറയരുത്. ഈമെയില് നോക്കണ കാര്യം പറയുമ്പൊ പറവൂര് ചന്തയ്ക്ക് പോണ കാര്യാണോ പറയണത്?”
“അതല്ല ബി ആര്‍. കഥയാക്കില്ലെങ്കില്‍ ഞാന്‍ കാര്യം പറയാം”
“പറയൂ”
“സത്യം പറഞ്ഞാല്‍ ഈമെയില്‍ തൊറക്കാന്‍ എനിയ്ക്കറിയില്ല. ആഴ്ചയിലൊരിയ്ക്കല്‍ പറവൂര്ന്ന് ഒരാളെ വിളിച്ചുകൊണ്ടുവന്ന് തൊറപ്പിക്കാറാണ് പതിവ്. പോകാന്‍ നേരം 100 രൂപയും കൊടുക്കും !!!

Tuesday, August 17, 2010

ഡോണര്‍

കേട്ടാല്‍ ആരും വിശ്വസിക്കില്ല.
വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സംഭവം.
ഒരു കൊച്ചുവെളുപ്പാന്‍കാലത്ത് നമ്മുടെ എന്‍ ബി പരമേശ്വരന്‍ വടക്കേ ബസ്റ്റാന്റില്‍ നിന്ന് കോയമ്പത്തൂര്‍ക്കുള്ള ബസ്സില്‍ കയറി. അവിടെ ഒരാസ്പത്രിയില്‍ അത്യാസന്നനിലയില്‍ കിടക്കുകയായിരുന്ന ഒരു രോഗിക്ക് രക്തം ദാനം ചെയ്യാനായിരുന്നത്രേ യാത്ര! ( അന്ന് എന്‍ബിയ്‌ക്കൊപ്പം രക്തം നല്കാന്‍ സന്നദ്ധരായി കെ.കെ.ലക്ഷ്മണന്‍, ആര്‍.കണ്ണന്‍, എം.ശശികുമാര്‍, സി.പ്രഭാകരന്‍, ബിആര്‍ മുതലായവരും ഉണ്ടായിരുന്നതായി ശ്രീകുമാറിനെപ്പോലുള്ള തടിയന്മാര്‍ പറഞ്ഞുപ്രചരിപ്പിച്ചിരുന്നു. വിസ്തരഭയത്താല്‍ അതിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല).

പറഞ്ഞ സമയത്തിനുമുന്നേ തന്നെ എന്‍ ബി കോയമ്പത്തൂരെത്തി.
“എത്ര ലിറ്റര്‍ വേണം” ചുറ്റും കൂടിയ രോഗിയുടെ ബന്ധുക്കളോട് എന്‍ ബി ചോദിച്ചു.
“ഇനിയിപ്പൊ ഒരു ലിറ്റര്‍ മതി. ബാക്കി ഞങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്”്.
“ഓക്കെ. അയാം റെഡി”
രക്തമെടുക്കുന്നതിനുമുമ്പ് ക്രോസ് മാച്ചിംഗ് നോക്കണമല്ലൊ. അതിനുവേണ്ടി എന്‍ബി ലാബിനകത്തു കടന്നു.

പത്തുമിനിറ്റ് കഴിഞ്ഞ് പുറത്തുവന്ന എന്‍ ബി വല്ലാതെ വിഷണ്ണനായി കാണപ്പെട്ടു.
കാരണമാരാഞ്ഞപ്പോള്‍ തിരുമേനി പറഞ്ഞു:
“ശ്ശെ. വെറുതെ ബസ്സുകൂലി കളഞ്ഞു. ച്ചാല്‍ വരേണ്ടീര് ന്ന് ല്ല്യാന്നര്‍ത്ഥം”
“എന്തു പറ്റി ? ബ്ലഡ് മാച്ച് ചെയ്യുന്നില്ലേ?”
“അത് നോക്കമ്പറ്റീല്ല്യേയ്. പത്ത് സ്ഥലത്ത് കുത്തി. ഒരു തുള്ളി കിട്ടീല്ല്യ” !!!
***

ചൂടേറിയ ഒരു ചര്‍ച്ച

അന്ന് അസോസിയേഷന്‍ ഹാളിലേയ്ക്ക് ചെന്നപ്പോള്‍ കണ്ട കാഴ്ച്ച കണ്ണിന് കര്‍പ്പൂരം പോലെ ഭവിച്ചു കണ്ണന്.
അക്രൂവല്‍ അക്കൗണ്ടിങ്ങ് മുതല്‍ ഐഡന്റിറ്റി പൊളിറ്റിക്‌സ് വരെ സൂര്യന് കീഴെയുള്ള ഏത് വിഷയത്തെക്കുറിച്ചും ആധികാരികമായും വാചാലമായും സംസാരിക്കാറുള്ള സിആര്‍ ബാബുവും സിഎ മജീദും സഹരാജനും പിരാജനും ചുരിദാറിട്ടരാജേന്ദ്രനും ശശികുമാറും ശിരികുമാറുമെല്ലാം കുന്തംവിഴുങ്ങിയതുപോലെ തളര്‍ന്നിരിക്കുന്ന ആ കാഴ്ച്ച കണ്ണനെ തെല്ലൊന്നുമല്ല ആഹ്ലാദിപ്പിച്ചത്.
ഇവര്‍ക്ക് ഇങ്ങനെ തന്നെ വരണം. കണ്ണന്‍ മനസ്സില്‍ പറഞ്ഞു.
രണ്ടേ രണ്ടൂ പേരാണ് അന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചത്.
ബാലുമഹേന്ദ്രയും വേണുവും മാത്രം.
അവര്‍ക്കുമാത്രമേ അതിനു കഴിയുമായിരുന്നുള്ളൂ എന്നതാണ് വാസ്തവം.
രണ്ടൂപേരും പോരുകോഴികളെപ്പോലെ കൊണ്ടും കൊടുത്തും വസ്തുതകളുടെ പിന്‍ബലത്തോടെ തങ്ങളുടെ വാദമുഖങ്ങള്‍ സമര്‍ത്ഥിച്ചും അങ്ങനെ മുന്നേറുമ്പോള്‍ വായും പിളര്‍ന്ന് കണ്ണും മിഴിച്ച് കേട്ടിരിക്കാനല്ലാതെ മറ്റൊന്നും കഴിയുമായിരുന്നില്ല മുന്‍ ചൊന്നവര്‍ക്ക്.
എങ്ങനെ കഴിയാനാണ്? ഇതായിരുന്നില്ലേ സബ്ജക്റ്റ്:
“വേള്‍ഡ് കപ്പ് ഫുട്‌ബോളില്‍ മെക്‌സിക്കോയ്‌ക്കെതിരെയാണോ സൗത്താഫ്രിക്കക്കെതിരെയാണോ ഫ്രാന്‍സ് പരമ്പരാഗതരീതിയില്‍ കളിച്ചത്?”

***

Sunday, August 15, 2010

ബാര്‍ഗെയിന്‍

-കേട്ടോ ബീആര്‍, കഥയാക്കില്ലെങ്കില്‍ ഞാനൊരു കാര്യം പറയാം.
-ധൈര്യമായി പറയൂ മജീദ്. കാര്യമൊരിക്കലും ബിആര്‍ കഥയാക്കാറില്ല. അതുപോലെ കഥ കാര്യമാക്കാറുമില്ല.
-കുറേനാള്‍ മുമ്പുനടന്ന സംഭവമാണ്.
-ച്ചാല്‍ വേണമെങ്കില്‍ 'എങ്കിലോ പണ്ട്' എന്നുപറഞ്ഞുതുടങ്ങാവുന്ന സംഭവമാണെന്നര്‍ത്ഥം.
-അതെ. തൊള്ളായിരത്തി എമ്പത്തൊമ്പതിലാണ്. ഓളിന്‍ഡ്യാ അസോസിയേഷന്റെ നാഷണല്‍ കോണ്‍ഫ്രന്‍സ് ബോംബെയില്‍ നടക്കുന്നു. അതില്‍ പങ്കെടുക്കാന്‍ വേണ്ടി തൃശ്ശൂര്‍ ബ്രാഞ്ചില്‍നിന്നും ഒരു സംഘം പുറപ്പെടുന്നു. കൂടുതലും നിരീക്ഷകരായിരുന്നു. രണ്ടാള്‍ക്ക് ഒന്നുവീതമായിരുന്നു ബൈനോക്കുലര്‍. സംഘത്തില്‍ ഞാനും ഹരിയും ശ്രീകുമാറും വീയെന്‍ക്രിയും സഹരാജനും സര്‍വ്വോപരി ആന്റണ്‍ വില്‍ഫ്രഡുമുണ്ടായിരുന്നു. ആദ്യത്തെ ദിവസം ഡെലിഗേറ്റ്‌സ് സെഷന്‍ കഴിഞ്ഞ് വൈകീട്ട് അഞ്ചുമണിയോടെ ഞങ്ങള്‍ തിരിച്ച് ലോഡ്ജിലെത്തി. കുളിച്ച് ഫ്രെഷായപ്പോള്‍ ആന്റണ്‍ വില്‍ഫ്രഡിനൊരാഗ്രഹം: ഒന്ന് ഷോപ്പിങ്ങിന് പോകണം.
-ഷോപ്പിങ്ങിനോ അതോ ഷാപ്പിങ്ങിനോ?
-അതിലെന്തോ കുനുഷ്ഠുണ്ടല്ലൊ.
-അല്ല, ആന്റണ്‍ വില്‍ഫ്രഡായതുകൊണ്ട് ചോദിച്ചതാണ്. ലീവിറ്റ്. അതു പോട്ടെ. നിങ്ങള്‍ക്കാര്‍ക്കെങ്കിലും ഹിന്ദി അറിയാമായിരുന്നോ? ഹിന്ദി അറിയാതെ അവിടെ എങ്ങനെയാണ് ഷോപ്പിങ് നടത്തുക?
-നല്ല ചോദ്യം. സഖാവ് ശ്രീകുമാറിന്റെ ഹിന്ദി പാണ്ഡിത്യത്തെപ്പറ്റി ബിആറിന് അറിവുള്ളതല്ലെ.
-ഉവ്വുവ്വ്. അമ്മാവന്റെ മകള്‍ ഹിന്ദി പഠിക്കാന്‍ പോയപ്പോള്‍ പുറകെപ്പോയി പുറകെപ്പോയി വി.ശ്രീകുമാര്‍ വിദ്വാന്‍ ശ്രീകുമാറായതും കാലം ചെന്നവാറെ അദ്ദേഹം തൂലികയില്‍ തൃശ്ശൂപ്പൂരത്തെപ്പറ്റിയും നാശബന്ധിയെപ്പറ്റിയും നെടുനെടുങ്കന്‍ ഹിന്ദി ലേനങ്ങളെഴുതിയതുമെല്ലാം ഇന്നലെയെന്നപോലെ ബിആര്‍ ഓര്‍ക്കുന്നുണ്ട്.
-പക്ഷെ അന്ന് ഞങ്ങളോടൊപ്പം വരാന്‍ പറ്റിയ കണ്ടീഷനിലായിരുന്നില്ല പുള്ളിക്കാരന്‍.
-അതെന്തു പറ്റി?
-ലോക്കല്‍ ഏരിയാ സമ്മേളനങ്ങളുടെ തിരക്ക്
-അപ്പോള്‍ പിന്നെ?
-ഇരുന്നൂറ് രൂപയില്‍ കൂടുതലുള്ള ഒരു സാധനവും ആന്റണ്‍ വാങ്ങില്ലെന്ന് ശ്രീകുമാറിന് ഉറപ്പായിരുന്നു. അതുകൊണ്ട് ഒരു വെടിക്കുള്ള മരുന്നെന്നോണം ശ്രീകുമാര്‍ ഒരു പേപ്പറില്‍ പത്തുമുതല്‍ പത്തിടവിട്ട് ഇരുന്നൂറുവരെയുള്ള സംഖ്യകള്‍ക്കുള്ള ഹിന്ദി മലയാളത്തിലെഴുതി ആന്റണ്‍ വില്‍ഫ്രഡിന്റെ കൈയില്‍ കൊടുത്തു. കൂട്ടത്തില്‍ ഇടക്കിടെ എടുത്തുപൂശാന്‍ വേണ്ടി ഹിന്ദിയിലെ രണ്ട് കീ വേഡ്‌സും പറഞ്ഞുകൊടുത്തു.
-എന്നിട്ട് ആന്റണ്‍ അതുവെച്ച് മാനേജ് ചെയ്‌തോ?
-അതാണ് ഞാന്‍ പറഞ്ഞുവരുന്നത്. മദ്രാസിലെ പാരീസ് കോര്‍ണര്‍ പോലത്തെ ഒരു തെരുവായിരുന്നു അത്. റോഡിനിരുവശവും കണ്ണനെത്താദൂരത്തോളം കച്ചവടസ്റ്റാളുകളാണ്. ഏതാണ്ട് ഒരാള്‍പൊക്കത്തില്‍ തട്ടടിച്ച് അതിന്റെ മുകളിലാണ് സാധനങ്ങള്‍ നിരത്തിവെച്ചിരിക്കുന്നത്. തട്ടിന്റെ മുകളില്‍ തന്നെ ഒരറ്റത്തായിട്ടാണ് വെണ്ടറുടെ സീറ്റ്.
-ആന്റണ്‍ വില്‍ഫ്രഡിന് നല്ല ഹൈറ്റുള്ളതുകൊണ്ട് അതൊരു പ്രശ്‌നമായിട്ടുണ്ടാവില്ല. ആട്ടെ എന്തു പര്‍ച്ചെയ്‌സാണ് ആന്റണ്‍ നടത്തിയത്?
-ആന്റണ് ഒരു എഫ് എം റേഡിയോ വേണം. തട്ടില്‍ നിരത്തിവെച്ചിരിക്കുന്നതില്‍നിന്ന് നല്ല ലക്ഷണമൊത്ത ഒരു റേഡിയോ തെരഞ്ഞെടുത്ത് ഉയര്‍ത്തിക്കാണിച്ചുകൊണ്ട് അതിന്റെ വിലയെന്തെന്ന് ആംഗ്യഭാഷയില്‍ പുള്ളിക്കാരന്‍ വെണ്ടറോടു ചോദിച്ചു.
വെണ്ടര്‍ പറഞ്ഞു: ദോ സൗ, സാബ്.
ആന്റണ്‍ പോക്കറ്റില്‍നിന്ന് കടലാസെടുത്ത് നോക്കി: ദോ സൗ. ഇരുന്നൂറ്.
വില പേശല്‍ അവിടെ തുടങ്ങുകയായിരുന്നു. ആദ്യം തന്നെ ആന്റണ്‍ വിദ്വാന്‍ ശ്രീകുമാര്‍ സ്വകാര്യമായി പറഞ്ഞുകൊടുത്ത ആ കീവേഡ്‌സ് എടുത്തങ്ങ് പൂശി. വെണ്ടര്‍ അതു കേട്ടെങ്കിലും ഗൗനിച്ചതായി തോന്നിയില്ല.അയാള്‍ പ്രതികരിക്കുന്നില്ലെന്നുകണ്ടപ്പോള്‍ ആന്റണ്‍ കീവേഡ്‌സ് ആവര്‍ത്തിച്ചു. ഇത്തവണ വെണ്ടര്‍ ആന്റണെ കൃത്രിച്ചൊന്നു നോക്കുന്നതുകണ്ടു. പക്ഷേ ഒന്നും പറഞ്ഞില്ല. താന്‍ പറഞ്ഞത് ഒരുപക്ഷേ അയാള്‍ കേട്ടിട്ടുണ്ടാവില്ലെന്ന ധാരണയില്‍ ആന്റണ്‍ ആ വാക്കുകള്‍ മൂന്നാമതും ഉച്ചരിച്ചു. അതുകേട്ടപ്പോള്‍ വെണ്ടറുടെ കണ്ണ് മെല്ലെ ചുവന്നുവരുന്നുണ്ടായിരുന്നു. പക്ഷേ അപ്പോളും അയാള്‍ ഒന്നും പറഞ്ഞില്ല. നാലാമത്തെ തവണ ആന്റണ്‍ ആ വാക്കുകള്‍ ഉച്ചരിച്ചതും അയാള്‍ അരയില്‍നിന്നും ഒരു കത്തി വലിച്ചൂരി മലയാളത്തില്‍ ആക്രോശിച്ചുകൊണ്ട് തട്ടില്‍നിന്നും താഴേക്കൊരുല്പചാട്ടമായിരുന്നു!
-അപ്പോള്‍ അയാള്‍ മലയാളിയായിരുന്നോ?!
-ആയിരുന്നു!
-എന്തായിരുന്നു അയാളുടെ ആക്രോശം?
-'നീയെന്താ ആളെ കളിയാക്ക്വാ? താഴെ എറങ്ങിവന്നാ നീ എന്തുചെയ്യുമെടാ *&#@*$.. ? '
-എന്തായിരിക്കാം അയാളെ പ്രകോപിപ്പിച്ചത്?
-അത് പിന്നീടാണ് ഞങ്ങള്‍ക്ക് മനസ്സിലായത്. വില ഒന്നുകൂടി കുറയ്ക്കൂ എന്നതിന്റെ ഹിന്ദിയായി ആന്റണ്‍ വില്‍ഫ്രഡ് അയാളോട് നിരന്തരം പറഞ്ഞോണ്ടിരുന്നത് 'നീഛേ ആവോ നീഛേ ആവോ' എന്നാണ്!!
-ഈശോ! അനന്തരം എന്തുണ്ടായി?
-എന്തുണ്ടാവാനാണ്. അന്ന് ആന്റണ്‍ വില്‍ഫ്രഡ് ഓടിയ വഴിയിലാണ് മഹരാഷ്ട്ര സര്‍ക്കാര്‍ പിന്നീട് സീപോര്‍ട് എയര്‍പോര്‍ട് റോഡ് പണിതത്!
ഒരൊറ്റ പുല്ലുണ്ടായിരുന്നില്ല!!!
******

Saturday, August 14, 2010

അതല്ല കണ്ണാ


-എന്താ വേണ്വേട്ടാ, പതിവില്ലാത്തവിധം മുഖത്തൊരു വിഷാദച്ഛവി?
-ഏയ്,ഒന്നൂല്ല്യ.
-അത് വേണ്വേട്ടന്റെ സ്ഥിരം പല്ലവി. കാര്യമെന്താണെന്ന് പറ. നമുക്ക് പരിഹാരമുണ്ടാക്കാം.
-മകളുടെ കല്യാണമായി.
-ഓഹോ. അതാണല്ലേ കാര്യം. ഉണ്ടാവും. മകളെ കെട്ടിച്ചയയ്ക്കുമ്പൊ ഏതച്ഛനായാലും (പള്ളീലച്ചനായാലും) വെഷമണ്ടാവും. അഭിജ്ഞാനശാകുന്തളത്തില്‍ ശകുന്തളേനെ കെട്ടിച്ചയയ്ക്കണ നേരത്ത് താതകണ്വന്‍ ചൊല്ലുന്ന ശ്ലോകം വായിച്ചിട്ട് ഈ കണ്ണന്‍ എത്ര കണ്ണീര്‍ വാര്‍ത്തിട്ടുണ്ടെന്നോ. കണ്ണീര്‍ തൊടച്ച് തൊടച്ച് ഒരു ഫുള്‍ തോര്‍ത്ത് നനഞ്ഞ്കുതിര്‍ന്നിട്ടുണ്ട്. പിന്നെ അത് പിഴിഞ്ഞ് വീണ്ടും തുടച്ചിട്ടുണ്ട്. അത്രയ്ക്ക് സെന്റിമെന്റലാണ് ആ രംഗം. തികച്ചും വൈരാഗിയായ താതകണ്വന് അത്രയും വെഷമമുണ്ടായെങ്കില്‍ ആരോടും പ്രത്യേകിച്ച് വൈരാഗ്യമൊന്നുമില്ലാത്ത വേണ്വേട്ടന്റെ കാര്യം ഊഹിക്കാവുന്നതേയുള്ളു.
-അതല്ല കണ്ണാ.
-പിന്നെന്താ. കാശിന്റെ കാര്യമോര്‍ത്തിട്ടാണോ?
-അതല്ല കണ്ണാ. എല്ലാവര്‍ക്കും ഇന്‍വിറ്റേഷന്‍ കൊടുക്കണ്ടേ.
-അതിനെന്താ വെഷമം? എസ്റ്റാബ്ലിഷ്മെന്റ് സെക്ഷനീച്ചെന്ന് കംപ്ലീറ്റ് സ്റ്റാഫിന്റെ ലിസ്റ്റ് സംഘടിപ്പിക്കുക. ആ ലിസ്റ്റില്‍ നോക്കി കവറില്‍ പേരെഴുതുകയല്ലേ വേണ്ടൂ.
-അതല്ല കണ്ണാ. അങ്ങനെ കൊടുക്കുമ്പൊ എന്റെ കാര്യത്തില്‍ വല്ലാത്ത പബ്ലിസിറ്റിയാവില്ലേന്നാണ്.
-അതുകൊള്ളാം. കല്യാണം പിന്നെ വളരെ ഗോപ്യമായി നടത്താനാണോ പ്ലാന്‍?
-അതല്ല കണ്ണാ.
-ശ്ശെടാ. എന്തുപറഞ്ഞാലും അതല്ല കണ്ണാ അതല്ല കണ്ണാ. എങ്കില്‍ പിന്നെ ഏതാണെന്നു പറയൂ.
-ഞാന്‍ മകളുടെ കല്യാണത്തിന്റെ ഇന്‍വിറ്റേഷന്‍ കൊടുക്കുമ്പൊ ആളുകള്‍ എന്തുവിചാരിക്കുമെന്നോര്‍ത്തിട്ടാണ്.
-വേണ്വേട്ടന്റെ മകളുടെ കല്യാണമാണെന്നു വിചാരിക്കും. അല്ലാതെന്താ?
-അതല്ല കണ്ണാ. മറ്റൊരുവിധത്തില്‍ നോക്കുമ്പൊ...
-നോക്കുമ്പൊ?
-അത് ആപ്പീസില്‍ എന്റെ വയസ്സറിയിക്കലാവില്ലേ !!!

******


കമ്മ്യൂണിറ്റി പോലീസിങ്ങ്

-അറിഞ്ഞില്ലേ നമ്മടെ വേണ്വേട്ടന്റെ കാര്യം?
-എന്തു കാര്യം?
-വേണ്വേട്ടന്‍ പോലീസ് സ്‌റ്റേഷനീപ്പോയ കാര്യം.
-ഉവ്വോ? അതെന്തിന്?
-അതൊരു നീണ്ട കഥയാണ്.
-ഇക്കാലത്ത് നീണ്ട കഥയ്‌ക്കൊന്നും സ്‌കോപ്പില്ല. കഴിയുമെങ്കില്‍ ഒരു കശ്‌നണ്ടിത്തോടിലൊതുക്കിപ്പറ. ഇന്‍ എ നട്ട്‌ഷെല്‍.
-കുറച്ചുനാളായി വേണ്വേട്ടന്‍ ആകെ മൂഡോഫായിരുന്നു.
-കാരണം?
-സംശയാസ്പദമായ സാഹചര്യത്തില്‍ ഒരു തമിഴന്‍ വേണ്വേട്ടന്റെ വീടിന്റെ പരിസരത്ത് ചുറ്റിക്കറങ്ങി നടക്കുകയാണത്രേ.
-സൂക്ഷിക്കണം. വല്ല കള്ളന്മാരുമായിരിക്കും.
-അതു തന്നെയായിരുന്നു വേണ്വേട്ടന്റെ സംശയം. ആളെ കണ്ടാല്‍ തന്നെ ഒരു കള്ളന്റെ ലക്ഷണമുണ്ടെന്നാണ് വേണ്വേട്ടന്‍ പറഞ്ഞത്. പഴയൊരു ഉന്തുവണ്ടിയും തള്ളിക്കൊണ്ടാണ് പുള്ളിക്കാരന്റെ ചിറ്റിക്കളി. വേണ്വേട്ടന്‍ ആപ്പീസില്‍ പോകാനിറങ്ങുമ്പോള്‍ അയാള്‍ ഗേറ്റിന്റെ പരിസരത്തുണ്ടാവും. വേണ്വേട്ടനെ കാണുന്ന മാത്രയില്‍ വേണ്വേട്ടന്റെ മുത്തുനോക്കാതെ അയാള്‍ വിളിച്ചു ചോദിക്കും: പഴയ ഇരുമ്പ്,തുരുമ്പ്,തകര,പിച്ചള,പ്ലാസ്റ്റിക്ക് മുതലായവ കൊടുക്കാനുണ്ടോ?
പല്ലുകടിച്ചുപിടിച്ച് വേണ്വേട്ടന്‍ ബസ് സ്‌റ്റോപ്പിലേക്ക് പോകും. വൈകീട്ട് ബസ്സിറങ്ങി നടന്ന് വേണ്വേട്ടന്‍ വീടിന്റെ ഗേറ്റിലെത്തുമ്പോഴും അയാള്‍ അവിടെ ചുറ്റിപ്പറ്റി നില്‍ക്കുന്നുണ്ടാവും, മീന്‍ നന്നാക്കുന്നിടത്ത് മാര്‍ജ്ജാരന്‍ നില്‍ക്കുമ്പോലെ. വേണ്വേട്ടനെ കാണുന്ന മാത്രയില്‍ വേണ്വേട്ടന്റെ മുഖത്തുനോക്കാതെ അയാള്‍ വിളിച്ചു ചോദിക്കും: പഴയ ഇരുമ്പ്,തുരുമ്പ്,തകര,പിച്ചള,പ്ലാസ്റ്റിക്ക് മുതലായവ കൊടുക്കാനുണ്ടോ?
പല്ലുകടിച്ചുപിടിച്ച് വേണ്വേട്ടന്‍ വീട്ടിലേക്ക് കയറിപ്പോകും.
എങ്ങനെ ഇയാളുടെ ശല്യം ഒഴിവാക്കണമെന്ന് ചിന്തിച്ചുചിന്തിച്ച് അന്തമില്ലാതെ കുഴങ്ങുമ്പോഴാണ് വേണ്വേട്ടന്‍ കമ്മ്യൂണിറ്റി പോലീസിങ്ങിനെപ്പറ്റി കേള്‍ക്കുന്നത്. അത് കമ്മ്യൂണിസ്റ്റുകാരും പോലീസുകാരും തമ്മിലുള്ള എന്തോ ഇടപാടാണെന്നു തെറ്റിദ്ധരിച്ച വേണ്വേട്ടന്‍ പിറ്റേന്ന് ആപ്പിസില്‍ വന്നപ്പോള്‍ സഖാവ് ശ്രീകുമാറിനെ വിളിച്ച് സ്വകാര്യമായി പറഞ്ഞു: ഇന്നിന്നതുപോലൊക്കെയാണ് കാര്യങ്ങള്‍. അയാളുടെ ശല്യം എങ്ങനെയെങ്കിലും അവസാനിപ്പിക്കണം. അതിന് സഖാവ് എന്റെ കൂടെ പോലീസ് സ്‌റ്റേഷന്‍ വരെ ഒന്നു വരണം.
ശ്രീകുമാര്‍ സമ്മതിച്ചു.

വിവരങ്ങളെല്ലാം കേട്ടുകഴിഞ്ഞവാറെ എസ് ഐ വേണ്വേട്ടനോട് ചോദിച്ചു:
-എന്നു മുതലാണ് അയാള്‍ വീടിനുമുമ്പില്‍ ചുറ്റിക്കളിക്കാന്‍ തുടങ്ങിയതെന്ന് പറയാന്‍ പറ്റുമോ?
-18.4.2008 മുതല്‍.
-അതെങ്ങനെ ഇത്ര കൃത്യമായി ഓര്‍ക്കാന്‍ പറ്റുന്നു?
-ആ ദിവസത്തിനൊരു പ്രത്യേകതയുണ്ട് സര്‍.
-എന്താണ്?
-അന്നാണ് ഞാന്‍ കാറ് വാങ്ങിയത്.
-വെരി ഗുഡ്. ഏതാ മോഡല്‍?
-82 മോഡല്‍ മാരുതി 800.
ഇത് കേട്ടതും എസ്‌ഐയദ്ദേഹം ശ്രീകുമാറിനെ ദൂരേക്ക് വിളിച്ച് മാറ്റിനിര്‍ത്തി സ്വകാര്യമായി പറഞ്ഞു: സോറി കോമ്രേഡ്. ഞാനെന്നല്ല, സാക്ഷാല്‍ ഡീജീപ്പി വിചാരിച്ചാലും ആക്രിക്കാരന്‍ ഇദ്ദേഹത്തിന്റെ വീട്ടുമുറ്റത്ത്ന്ന് പോവൂല!!!

******

Friday, August 13, 2010

അത്താഴത്തിനിടെ

വൈകീട്ട് ഊണുകഴിക്കാനിരിക്കുമ്പോള്‍ ശ്രീകുമാര്‍ അമ്മയോട്
ചോദിക്കുകയാണ്:
-പലചരക്കിനും പച്ചക്കറിക്കുമൊക്കെ ഇപ്പൊ കണ്ടമാനം വെലകേറി അല്ലേ അമ്മേ
-അതേ മോനേ
-ഒരു കിലോ മട്ട അരിയ്ക്ക് ഇപ്പൊ എന്താ വെലാന്നറിയ്വോ അമ്മയ്ക്ക്?
-23 രൂപ
-ഒരു കിലോ പഞ്ചസാരയ്‌ക്കോ?
-38 രൂപ
-ഒരു കിലോ സബോളയ്‌ക്കോ?
-20 രൂപ
-ഉള്ളിയ്‌ക്കോ?
-ഉള്ളിയ്ക്ക് 22
-പരിപ്പിന്?
അതിന് മറുപടി പറയാന്‍ അമ്മയ്ക്ക് കഴിഞ്ഞില്ല. വില അറിയാഞ്ഞിട്ടല്ല. അപ്പോഴേയ്ക്കും
അവരുടെ നിയന്ത്രണം വിട്ടുപോയിരുന്നു. അവര്‍ ഏങ്ങിയേങ്ങി കരയാന്‍ തുടങ്ങി….
അന്നേരമാണ് കുളി കഴിഞ്ഞ് അച്ഛന്‍ ഊണുകഴിക്കാനെത്തിയത്.
അച്ഛന്‍ വരുന്നതു കണ്ടയുടന്‍ ശ്രീകുമാര്‍ ധൃതിയില്‍ ഊണുമതിയാക്കി പുറത്തുകടന്നു.
തേങ്ങിക്കരയുന്ന അമ്മയോട് അച്ഛന്‍ ചോദിച്ചു:
-എന്താപ്പൊണ്ടായത്?
ഗദ്ഗദത്തോടെ അമ്മ പറഞ്ഞു:
-എന്റെ മോന് എന്തു പറ്റിയോ ആവോ. ജനിച്ചിട്ട് ഇതുവരെ അവന്‍ ഇങ്ങനെയൊന്നും ചോദിച്ചിട്ടില്ല.
അന്നേരം അച്ഛന്റെ പ്രതികരണം ഇതായിരുന്നു:
-നീ ഇത്ര മണ്ടിയായിപ്പോയല്ലൊ. അവന്‍ നന്നാവാന്‍ പോവൊന്ന്വല്ല. മറ്റന്നാള്‍ വൈകീട്ട്
കോര്‍പ്പറേഷനാപ്പീസിനുമുമ്പില്‍ പെട്രോള്‍-ഡീസല്‍ വെലവര്‍ദ്ധനയ്‌ക്കെതിരെ
കോണ്‍ഫെഡറേഷന്‍ ധര്‍ണ്ണ നടത്തണ്  ണ്ട്. അവിടെ പ്രസംഗിക്കാനുള്ള മെറ്റീരിയല്‍സ് കളക്റ്റ് ചെയ്യണതാ. !!!

Friday, August 6, 2010

കൃഷ്ണഗാഥ

'അല്ല കൃഷ്‌ണേട്ടാ, ഇവനെ ഇങ്ങനെ വിട്ടാ പറ്റ്  ല്ല്യാട്ടോ. സൈഡിലേക്ക് പോവുന്ന കൊമ്പും ചില്ലയുമൊക്കെ വെട്ടിയൊതുക്കണം. എങ്കിലേ ഇവന്‍ തനിയ്ക്കുതാന്‍ പോന്നവനാകൂ.''
അയല്‍വക്കത്തെ വക്കച്ചന്‍ പറഞ്ഞപ്പോഴാണ് കൃഷ്ണന്‍ അത് ശ്രദ്ധിച്ചത്. നടുമുറ്റത്തെ തേക്കുമരം വളര്‍ന്നുവലുതായി പുരനിറഞ്ഞ് നില്‍ക്കുകയാണ്. കൊമ്പും ചില്ലയും വശങ്ങളിലേക്ക് പടര്‍ന്ന് പന്തലിച്ചങ്ങനെ വിലസുകയാണ്. വക്കച്ചന്‍ പറഞ്ഞതുപോലെ ചെയ്തുകളയാം. വശങ്ങളിലെ കൊമ്പും ചില്ലയുമൊക്കെ വെട്ടിക്കളയാം. കക്ഷി നേരേ ചൊവ്വേ വളരട്ടെ. രണ്ടുവര്‍ഷം കഴിയുമ്പോള്‍ ചുരുങ്ങിയത് രണ്ട് കണ്ടി മരമുണ്ടാവും. അന്നേരം വിറ്റാല്‍ കാര്യമായൊരു തുക കിട്ടും.
'എടാ, നീ ചെന്ന് ആ പെട്ടീലിരിക്കണ വെട്ടുകത്തി ഇങ്ങെടുത്തോണ്ടുവന്നേ'' കൃഷ്ണന്‍ മോനോട് പറഞ്ഞു.
'എന്തിനാ അച്ഛാ''
'ഞാന്‍ ഈ തേക്കിന്റെ കൊമ്പും ചില്ലയുമൊക്കെ വെട്ടിക്കളയാന്‍ പോവ്വാ''
'കൊള്ളാം. ഈ വയസ്സുകാലത്ത് അച്ഛന്‍ തേക്ക്‌മ്മെക്കേറാന്‍ പോവ്വാ? വേണ്ടാട്ടോ. അത് ഞാന്‍ ചെയ്‌തോളാം''
'അത് വേണ്ട. തലയിരിക്കുമ്പൊ വാലാടണ്ട''
'അല്ലേലും ഇപ്പോഴത്തെ കാര്‍ന്നോമ്മാരിങ്ങന്യാ. ഒരു വഹ പറഞ്ഞാ കേള്‍ക്കില്ല'' എന്ന ആത്മഗതത്തോടെ കൃഷ്ണാത്മജന്‍ വെട്ടുകത്തിയെടുത്തുകൊണ്ടുവന്ന് അച്ഛന്റെ കൈയില്‍ കൊടുത്തു.
താഴേത്തട്ടിലുള്ള കൊമ്പും ചില്ലയും വെട്ടിത്തുടങ്ങിയ കൃഷ്ണന്‍ ഉച്ചയായപ്പോഴേയ്ക്കും തേക്കിന്റെ ഉച്ചിയിലെത്തി. തെക്കിന്റെ തുഞ്ചത്തിരുന്ന് കൃഷ്ണന്‍ ഒരു തുഞ്ചത്തെഴുത്തച്ചനെപ്പോലെ ശോഭിച്ചു. ലേശം കൂടി കയറിയിരുന്നെങ്കില്‍ ആകാശം മുട്ടിയേനെ. ഭാഗ്യവശാല്‍ അതുണ്ടായില്ല. അവിടിരുന്ന് ചുറ്റുപാടുമൊന്ന് കണ്ണോടിച്ചപ്പോള്‍ അണ്ഡകടാഹത്തിന്റെ വിസ്തൃതികണ്ട്് കൃഷ്ണന്‍ അന്തംവിട്ടുപോയി. ഫിഡല്‍ കാസ്‌ട്രോയുടെ ക്യൂബ, ചെഗുവേരയുടെ ബൊളീവിയന്‍ കാടുകള്‍, ഹോചിമിന്റെ വിയറ്റ്‌നാം, മാവോസേതൂങ്ങിന്റെ ചൈന, ഷാവേസിന്റെ വെനിസ്വേല… പിന്നേയും എത്രയോ രാജ്യങ്ങളാണ് കൃഷ്ണന്‍ കണ്‍കുളിര്‍ക്കേ കണ്ടത്!
കാഴ്ചകള്‍ കണ്ട്കണ്ട് നേരം പോയതറിഞ്ഞില്ല. എന്നാല്‍ ഇനി താഴോട്ടിറങ്ങുകതന്നെ. എത്രദൂരം സഞ്ചരിക്കണമെന്നറിയാന്‍ കൃഷ്ണന്‍ വെറുതെ താഴോട്ടൊന്നുനോക്കി. ആ നോട്ടമാണ് കുഴപ്പമായത്. താഴെ യാതൊന്നും കാണുന്നില്ല!…. വീടും നാടും യാതൊന്നും!
കാണുന്നു മുന്നില്‍ വെറും ശൂന്യതാ എന്ന മൂളിപ്പാട്ടും പാടി എന്തുചെയ്യേണ്ടൂ എന്നറിയാതെ നെഞ്ച് തേക്കിന്റെ തുഞ്ചത്ത് ചേര്‍ത്തുവെച്ച് അങ്ങനെ ഇരിക്കുമ്പോള്‍ കൃഷ്ണന് ഒരു കാര്യം ശെരിക്കും ബോദ്ധ്യപ്പെട്ടു: ഗലീലിയോ പറഞ്ഞത് നൂറ് ശതമാനം ശരിയാണ്! അതായത് ഭൂമി അച്ചുതന്‍കുട്ടീടെ തണ്ടില്‍ ഇപ്പോഴും കറങ്ങിക്കൊണ്ടിരിക്കയാണ്; നോണ്‍ സ്‌റ്റോപ്പായി. ഭൂമിയോടൊപ്പം തന്റെ തേക്കും കറങ്ങുകയാണ്! തേക്കിനോടൊപ്പം താനും കറങ്ങുകയാണ്!

ഓര്‍മ്മ പോകുന്നതിനുമുമ്പ് താഴേക്ക് ഒന്നുകൂടിനോക്കി കൃഷ്ണന്‍ ഉച്ചത്തില്‍ വിളിച്ചു:
'മോനേ''
'എന്താ അച്ഛാ''
'നീ ഉടനേ ഒന്ന് ഫോണ്‍ ചെയ്യണം''
'ഫയര്‍ഫോഴ്‌സിലേക്കല്ലേ? ഇപ്പൊ വിളിക്കാം''
'അല്ലെടാ. ആപ്പീസിലെ ശ്രീകുമാറിനെ വിളിക്കണം'
'അതെന്തിനാ അച്ഛാ?'
'ആ പേപ്പേഴ്‌സൊക്കെ ഒന്ന് പെട്ടെന്ന് ശെരിയാക്കാന്‍ പറയണം. അല്ലെങ്കില്‍ ഡിലേ വരും'
'ഏത് പേപ്പേഴ്‌സിന്റെ കാര്യാ അച്ഛന്‍ പറയണത്?''
'അതൊക്കെ ശ്രീകുമാറിനറിയാം. ഞാന്‍ ഇവിടെന്ന് ജീവനോടെ എറങ്ങിവരണ കാര്യം സംശയാ മോനേയ്….''!!!
**

Wednesday, August 4, 2010

Follow on !

Dear followers,


എന്നെ വിടാതെ പിന്‍ തുടര്‍ന്നുകൊള്ളുക.
സ്വര്‍ഗ്ഗരാജ്യം നിങ്ങള്‍ക്കുള്ളതു തന്നെ. സംശയല്ല്യ.
(അറിയാലോ, യുധിഷ്ഠിരന്റെ പട്ടീടെ കാര്യം!)


ഈമെയില്‍ അഡ്രസ്സ് തന്നാല്‍ contacts-ല്‍ ഇട്ട് ഭദ്രമായി അടച്ചുവെയ്ക്കാം

കുത്തിമറിച്ചില്‍

-എംജിആര്‍സാറേ, അഞ്ചാംനെലേല് അടിപൊളി തുണിമേള നടക്കുകയല്ലേ. നമുക്കൊന്ന് പോയിനോക്കണ്ടേ.
-എന്നെ കൊന്നാ ഞാന്‍ വ ര് ല്ല്യ
-അതെന്തേ. ഈ പ്രായത്തില്‍ കുത്തിമറിയാന്‍ വയ്യാത്തതുകൊണ്ടാണോ?
-അതല്ല. കുടുംബസമാധാനമാണ് എനിക്ക് വലുത്.
-മനസ്സിലായില്ല.
-അതൊരു കഥയാണിഷ്ടാ.
-കഥ കേള്‍ക്കാന്‍ എനിക്കിഷ്ടമാണ്. പറയാമോ?
-കഥയാക്കില്ലല്ലൊ
-ഏയ്.
-ഏതാനും കൊല്ലങ്ങള്‍ക്കുമുമ്പാണ്. ഇവിടെ റിക്രിയേഷന്‍ ക്ലബ്ബ് ഹാളില്‍ ഇതുപോലൊരു മേള നടക്കുകയായിരുന്നു. തെരക്കിനും കുത്തിമറിച്ചിലിനും ഒരു കുറവുമുണ്ടായിരുന്നില്ല. ഒരു കൗതുകത്തിന് ഞാന്‍ ഹാളിന് വെളിയില്‍നിന്ന് അകത്തേക്ക് ഒന്ന് എത്തിനോക്കി. പെട്ടെന്ന് പിന്നില്‍ നിന്ന് ഒരു തള്ള്. കണ്ണടച്ച് തുറക്കുന്നതിനിടയില്‍ ഞാന്‍ ഹാളിനകത്തായി. അവിടെ പെണ്ണുങ്ങളുടെ കുത്തിമറിച്ചില്‍ തകൃതിയായി നടക്കുകയാണ്. നിന്നുതിരിയാന്‍ സ്ഥലമില്ല. ആകെ ബഹളം. ബഹളത്തിനിടയില്‍ ഒരു സഹോദരി 'നോക്കൂ സരളേ, എന്റെ സാലിമോള് ഈ സാറിന്റെ കൃത്യം സൈസാ' എന്നും പറഞ്ഞ് ഒരു മാക്‌സിയെടുത്ത് എന്റെ പുറത്ത്‌ചേര്‍ത്തുവെച്ച് അളവ്‌നോക്കീന്നേയ്! ഞാന്‍ ഞെട്ടിത്തിരിഞ്ഞ്‌നോക്കുന്നതിനിടയില്‍ ആരോ അതിന്റെ ഫോട്ടോയുമെടുത്തു! സത്യം പറഞ്ഞാ ഞാനങ്ങ്ട് ഇല്ല്യാണ്ടെയായി ബിആര്‍.
-അത്രയല്ലേ ഉണ്ടായുള്ളു. അതവിടെ തീര്‍ന്നില്ലേ.
-ഇല്ലല്ലൊ
-പിന്നെ?
-അക്കൊല്ലത്തെ റിക്രിയേഷന്‍ ക്ലബ്ബ് സോവനീറില്‍ 'ഓണാഘോഷത്തോടനുബന്ധിച്ച് ആപ്പീസില്‍ നടന്ന ടെക്‌സ്‌റ്റൈല്‍ എക്‌സിബിഷനില്‍നിന്ന്' എന്ന അടിക്കുറിപ്പോടെ ആ ഫോട്ടോ അച്ചടിച്ചുവന്നു! വരുംവരാഴികയൊന്നുമാലോചിക്കാതെ ഞാന്‍ ആ മാഗസിന്‍ വീട്ടില്‍ കൊണ്ടുപോവുകയും ചെയ്തു. ബാക്കി ഞാന്‍ പറയേണ്ടല്ലൊ...!!!
******

Monday, August 2, 2010

തന്ത്രം

( സുരേഷ് മേനോനും പാപ്പുള്ളി ശ്രീകുമാറും തമ്മില്‍ നടന്ന സംഭാഷണം)

-ഈ പെണ്ണുങ്ങളേം കൊണ്ട് തുണിക്കടേപ്പോയാലത്തെ കാര്യം മഹാ കഷ്ടാ അല്ലേ പാപ്പുള്ളീ
-എന്താപ്പൊണ്ടായേ?
-ഞാനിന്നലെ ഭാര്യേനേംകൊണ്ട് കല്യാണില്‍ ഒരു സാരിയെടുക്കാന്‍ പോയി. ഒര് ആയിരം സാരിയെങ്കിലും അവര് വാരിവലിച്ചിട്ട്‌കൊടുത്തിട്ടുണ്ടാവും. അതില്‍ ഒന്നുപോലും അവള്‍ക്ക് പിടിച്ചില്ല. എനിക്കാണെങ്കില്‍ നിന്നുനിന്ന് കാലുകഴച്ചു.
-ഛെ. ഇതാണോ കാര്യം.അത് പെണ്ണുങ്ങള്‍ടെ പൊതുസ്വഭാവാണ്. ഒരു സൂത്രത്തിലങ്ങ് ഡീല്‌ചെയ്താമതി. ഞാന്‍ ചെയ്യാറുള്ളത്‌പോലെ.
-അതൊന്ന് പറഞ്ഞുതരൂ പ്ലീസ്. അടുത്തതവണ പ്രയോഗിക്കാലോ.
-സാരിക്കടയില്‍ ചെന്നാല്‍ ഞാന്‍ ഭാര്യക്ക് ഒരരമണിക്കൂര്‍ സമയം കൊടുക്കും. അതിനിടയ്ക്ക് സാരി സെലക്റ്റ് ചെയ്തില്ലെങ്കില്‍ ഞാന്‍ എന്റെ അടവെടുക്കും. ച്ചാല്‍ ഞാന്‍ മെല്ലെ അടുത്തുനിക്കണ ലേഡി കസ്റ്റമേഴ്‌സിനെ സഹായിക്കാന്‍ തൊടങ്ങും. അവരേതെങ്കിലും സാരിയെടുത്ത്‌നോക്കുന്ന സമയത്ത് ' കുട്ടിക്ക് അത് നന്നായി ചേരും' അല്ലെങ്കില്‍ 'ആ സാരി കുട്ടീടെ കളറിന് മേച്ചാവില്ല്യ' എന്നൊക്കെയങ്ങ് തട്ടിവിടും. ഇത് കാണേണ്ടതാമസം അന്നേരം കൈയില്‍കിട്ടിയ സാരി ഏതാന്ന് വെച്ചാല്‍ അതെടുത്തിട്ട് (അത് എത്ര പന്നയായാലും) ഭാര്യ പറയും:'ഈ സാരി അടിപൊളിയായിട്ട്ണ്ട് അല്ലേ ചേട്ടാ. നമുക്ക് ഇതുതന്നെ മതി. നേരം പോയി. നമുക്ക് വേഗം വീട്ടീപ്പോവാം...'' !!!

Sunday, August 1, 2010

ആടീറ്റര്‍

( പി എല്‍ ജോയി എന്ന ചങ്ങായി ഈയിടെ അയച്ച ഒരു ഇംഗ്ലീഷ് ഈമെയില്‍ തര്‍ജ്ജമ ചെയ്തപ്പോള്‍ സംഭവിച്ചത്)

ഡ്രൈവിംഗ് എന്നും ഒരു ഹരമായിരുന്നു അച്ചുതന്‍കുട്ടിയ്ക്ക്.
അതുപോലെ തന്നെ മട്ടണ്‍ ചാപ്‌സും.
ഗള്‍ഫില്‍നിന്ന് രണ്ടുമാസത്തെ അവുധിവ്യാപാരത്തിന് നാട്ടില്‍ വന്നപ്പോള്‍ തന്റെ ഹോണ്ടാസിറ്റിയുമെടുത്ത് ഒന്നു കറങ്ങാന്‍ പോയതാണ് പുള്ളിക്കാരന്‍.
കറങ്ങിത്തിരിഞ്ഞ് ചെന്നുപെട്ടത് കല്ലടിക്കോടന്‍ മലയടിവാരത്തിലുള്ള ഒരു കുന്നിന്‍ ചെരിവില്‍. അവിടെ മേഞ്ഞുനടക്കുകയായിരുന്ന ആട്ടിന്‍പറ്റത്തെ കണ്ടപ്പോള്‍ വായില്‍ വെള്ളമൂറിയ അച്ചുതന്‍കുട്ടി വണ്ടി ഷഡണ്‍ ബ്രേയ്ക്കിട്ട് നിര്‍ത്തി.
ഇതില്‍ നിന്നും ഒരെണ്ണത്തിനെ എങ്ങനെയെങ്കിലും തരാക്കണം. ചാപ്‌സാക്കണം. ഒരു നമ്പറിട്ടുനോക്കാം- വണ്ടിയില്‍നിന്നിറങ്ങുമ്പോള്‍ അച്ചു മനസ്സില്‍ പറഞ്ഞൂ. പിന്നെ പറ്റത്തിനുടയോന്‍ കാലിച്ചെറുക്കനെ കൈ കൊട്ടി വിളിച്ചു. ചെക്കന്‍ വിളി കേട്ടു. അച്ചു ചോദിച്ചു:
-എന്താ അണ്ണന്റെ പേര്? രമണനെന്നോ മദനനെന്നോ?
-രണ്ടുമല്ല
-പിന്നെ?
-ഷെപ്പേഡ്
-കൊള്ളാം. നല്ല പേര്
-താങ്ക് യൂ
-ഷെപ്പേട്ടാ, നമുക്കൊരു ബെറ്റ് വെച്ചാലോ
-എന്ത് ബെറ്റ്?
-ഈ കൂട്ടത്തില്‍ ആകെ മൊത്തം എത്ര ആടുകളുണ്ടെന്ന് ഞാന്‍ ഒറ്റയടിയ്ക്ക് പറയാം
-അസംഭവ്യം. അസംഭവ്യം
-ആട്ടെ. ഉത്തരം ശെരിയാണെങ്കില്‍ ഷെപ്പേട്ടന്‍ എനിയ്ക്ക് എന്തു തരും?
-എന്തു തരണം?
-ഒരാടിനെ
-ഏറ്റു

അച്ചുതന്‍കുട്ടി കാറ് റോഡിന്റെ സൈഡിലേക്കൊതുക്കി. പിന്നെ ലാപ്‌ടോപ്പെടുത്ത് മൊബൈല്‍ ഫാക്‌സില്‍ കണക്റ്റ് ചെയ്തു. നാസായുടെ ഒരു വെബ്‌സൈറ്റില്‍ കയറി. ജിപിഎസ് ഉപയോഗിച്ച് ഗ്രൗണ്ട് സ്‌കാന്‍ ചെയ്തു. അല്‍ഗൊറിതവും പിവട്‌ടേബിളുമടങ്ങിയ അറുപതോളം എക്‌സെല്‍ ഷീറ്റുള്ള ഡാറ്റബേയ്‌സ് ഓപ്പണ്‍ ചെയ്ത് ഡാറ്റ എന്റര്‍ ചെയ്തു. പിന്നെ ഹൈടെക് മിനിപ്രിന്ററില്‍ റിപ്പോര്‍ട്ടിന്റെ പ്രിന്റൗട്ട് എടുത്തു. റിപ്പോര്‍ട്ട് നോക്കി അച്ചു പറഞ്ഞു: 487ആടുണ്ട്!
ഷെപ്പേഡ് അന്തം വിട്ടുപോയി. കിറുകൃത്യമാണ് കണക്ക്!
അച്ചു ചോദിച്ചു:
-എന്നാപ്പിന്നെ ഒരാടിനെ ഞാന്‍ എടുക്കുകയല്ലേ അണ്ണാ
-എടുത്തോളൂ. പക്ഷേ എനിയ്‌ക്കൊരപേക്ഷയുണ്ടായിരുന്നു
-എന്താമ്പേ
-മാഷിന്റെ ജോലി എന്താണെന്ന് ഞാന്‍ കൃത്യമായി പറഞ്ഞാല്‍ ആടിനെ തിരിച്ചു
തരാമോ?
-ഒഫ്‌കോഴ്‌സ് ( ഡാ പൊട്ടന്‍ ഷെപ്പേഡേ, എന്റെ പ്രൊഫഷന്‍ ഓഡിറ്റിംഗാണെന്ന് നീയെങ്ങനെ അറിയാനാണ്?)
-എന്നാല്‍ ഞാന്‍ പറയട്ടോ?
-പറയൂ
-മാഷ് ഒരോഡിറ്ററാണ് !
ഇത്തവണ ഞെട്ടിയത് അച്ചുതന്‍ കുട്ടി. അഞ്ചുമിനിറ്റുനേരം പുള്ളിക്കാരന് ഒന്നും മിണ്ടാന്‍ പറ്റിയില്ല. ഒടുവില്‍ ഒരു വിധത്തില്‍ സമനില വീണ്ടെടുത്ത് ചോദിച്ചു:
-അണ്ണാ, അണ്ണന്‍ ഇതെങ്ങനെ കണ്ടുപിടിച്ചു?
-അത് വളരെ എളുപ്പമായിരുന്നു മാഷേ
-എന്നാലും അതിന്റെ രഹസ്യമൊന്നു പറയാമോ?
-പറയാം... ഒന്നാമത് ഒരാളും വിളിച്ചിട്ടല്ല മാഷ് ഇങ്ങോട്ട് വലിഞ്ഞുകയറിവന്നത്!
രണ്ടാമത് എനിയ്ക്ക് കൃത്യമായി അറിയാവുന്ന ഒരു കാര്യം എന്നോട് പറയുന്നതിന്
മാഷ് എന്നോട് പ്രതിഫലം ചോദിച്ചു!!
മൂന്നാമത് എന്റെ തൊഴില്‍ മേഖലയെപ്പറ്റി മാഷ്‌ക്ക് ഒരു ചുക്കുമറിയില്ല!!!
******