rajasooyam

Sunday, April 30, 2023

 

കാണും, കാണാതിരിക്കില്ല...

സഖാവ് മജീദിന്‍റെ  മകളുടെ നിക്കാഹിന് പുല്ലൂറ്റ് ഡർബാർ ഹാളിൽ ചെന്ന ബീയാർ ആദ്യം കണ്ടത് ഇരുഭാഗവും നിറഞ്ഞിരിക്കുന്ന പുരുഷാരത്തിന്‍റെ ഇടയിലൂടെ ആരെയോ അന്വേഷിച്ച് ഊളിയിട്ടുഴറിനടക്കുന്ന ആർ കണ്ണനെയാണ്!

ദെന്താ സമ്പവം? ബീയാറിന് ഒരെത്തും പിടിയും കിട്ടിയില്ല.

ഹാളിന്‍റെ മധ്യധരണ്യാഴി ഭാഗത്ത് നന്ദനും സിപ്രനും ശ്യാംകുമാറും കൂട്ടം  കൂടിയിരിപ്പുണ്ട്. അവരോട് ചോദിച്ചുനോക്കാമെന്നുകരുതി ബീയാറ് അങ്ങോട്ടുനീങ്ങി. കണ്ണന്‍റെ പരതല്‍ ചൂണ്ടിക്കാട്ടി നന്ദനോട് ചോദിച്ചു:

-ദെന്താ സമ്പവം?

-ആ. എനിക്കറിയില്ല

-സിപ്രനറിയ്വോ?

-ഞാനും കൊറേ നേരായി ശ്രദ്ധിക്കണു. നിയ്ക്കൊന്നും മനസ്സിലാവണ്‌ല്ല്യേയ്.

-ശ്യാമിനെന്തെങ്കിലും മണമടിക്കണ്‌ണ്ടോ?

-അതേയ്. പരതലിനിടയില്‍ പുള്ളിക്കാരന്‍ ചില വാക്കുകള്‍ പിറുപിറുക്കുന്നത് കേട്ടായിരുന്നു. അതില്‍ നിന്ന് എന്തെങ്കിലും ഡെഡ്യൂസ് ചെയ്യാന്‍ പറ്റ്വോന്ന് നോക്ക്.

-എന്തായിരുന്നു പിറുപിറുപ്പ്?

-“ വിളിച്ചിട്ടുണ്ടവും. മജീദല്ലേ... വിളിക്കാതിരിക്കില്ല”

- പിന്നെയോ?

-“ വരും... വരാതിരിക്കില്ല” എന്നും പറയുന്നതുകേട്ടു.

- കഴിഞ്ഞോ?

-ഇവിടെവിടെങ്കിലും കാണും. കാണാതിരിക്കില്ല” എന്നും പറയുന്നുണ്ട്.

നന്ദന്‍ ഇടയ്ക്ക് കയറി:

-ഇതില്‍ നിന്ന് ബീയാറിന്‌ എന്തെങ്കിലും ക്ലൂ കിട്ടുന്നുണ്ടോ?”

-അയാം സോറി, മൈ ഡിയര്‍ വാട്സണ്‍

-എന്നാപ്പിന്നെ ഒരു കാര്യം ചെയ്യ്. ബീയാര്‍ തന്നെ നേരിട്ട് ചോദിയ്ക്ക്.

-അത് വേണോ?

-തീര്‍ച്ചയായും വേണം. കണ്ണന്‌ ബീയാറിനോട് ഒരു മൃദുമൂല അഥവാ സോഫ്റ്റ് കോര്‍ണര്‍ ഉണ്ട്. അതുകൊണ്ട് പറയും. പറയാതിരിക്കില്ല.

അടുത്ത റൗണ്ടില്‍ അടുത്തൂടെ പോയപ്പോള്‍ ബീയാര്‍ കണ്ണന്‍റെ ചെവിയില്‍ ക്ലിപ്പിട്ടു. പിന്നെ ചോദിച്ചു:

-ദെന്താ സമ്പവം?

-ഞാന്‍ ഒരാളെ തേടിനടക്കുകയാണ്‌ ബീയാര്‍. ആളെ മജീദ് വിളിച്ചിട്ടുണ്ടാവും. വിളിക്കാതിരിക്കില്ല. ആള്‍ ഇവിടെവിടെങ്കിലും കാണും. കാണാതിരിക്കില്ല.

-ആള്‍ടെ പേര്‌ പറയൂ കണ്ണശ്ശാ.

-പേര്‌ തപന്‍ സെന്‍ !!!

Monday, April 24, 2023

 

ഗൂഗ് ള്‍ മേപ്പ്

 


 

സഖാവ് മജീദ് ബീയാറിനയച്ചുതന്ന ഒരു ഗൂഗ്ള്‍ മേപ്പാണ്‌ ചിത്രത്തില്‍ കാണുന്നത്; സഖാവിന്‍റെ മകള്‍ ഫെമിനയുടെ നിക്കാഹ് നടക്കുന്ന  കൊടുങ്ങല്ലൂര്‍ ഡര്‍ബാര്‍ ഹാളിന്‍റെ ലൊക്കേഷന്‍ കൃത്യമായി കാണിക്കുന്ന മേപ്പ് . അതില്‍ ചുവന്ന അടയാളത്തില്‍ കാണുന്നതാണ്‌ ഡര്‍ബാര്‍ ഹാള്‍. ശ്രദ്ധിക്കുക, പച്ചയല്ല. (ഇന്ത്യന്‍ മഹാസമുദ്രത്തിന്‍റെ ഏതാണ്ട് ഓരം ചേര്‍ന്നാണ്‌ ഹാളിന്‍റെ കിടപ്പ്. തൊട്ടടുത്താണ്‌ കനോലി കായല്‍. അതുവഴി പാക്കിസ്ഥാനിലേക്കും അഫ്ഗാനിസ്ഥാനിലേക്കും പോകാന്‍ എളുപ്പമാണ്‌. ഒരു ഉരുവില്‍ കേറി കാറ്റിന്‍റെ ഗതി നോക്കി പോയാല്‍ മതി. പെട്ടെന്നെത്തും).

ഈ മേപ്പ് കൈവശമുണ്ടെങ്കില്‍ പിന്നെ ആര്‍ക്കും ഹാളിലേയ്ക്കുള്ള വഴിയന്വേഷിച്ച് ചുറ്റിത്തിരിയേണ്ടിവരില്ല. ചോയ്ച്ച് ചോയ്ച്ച് പോകേണ്ട ആവശ്യവും വരില്ല. അതുകൊണ്ട് ഇത് വായിക്കുന്നവരൊക്കെ മാക്സിമം ഷെയര്‍ ചെയ്യുക.

ആര്‍ക്കെങ്കിലുമൊക്കെ ഉപകാരപ്പെടട്ടെ!