rajasooyam

Saturday, July 30, 2011

കൈപ്പുണ്യം

'' എന്റെ കണ്ണിലേക്ക് നോക്കി സത്യം പറയൂ. പകലന്തിയോളം അടുക്കളയില്‍ കിടന്ന് കഷ്ടപ്പെടുന്ന ഭാര്യയോട് അവരുടെ പ്രവൃത്തിയെ അഭിനന്ദിക്കുന്ന ഒരു വാക്കെങ്കിലും നിങ്ങള്‍ ഉരിയാടാറുണ്ടോ? ഉദാഹരണത്തിന് ഇന്ന് ഭാര്യ അതീവരുചികരമായ ഒരു സാമ്പാറ് വെച്ചെന്നു കരുതുക. ഭാര്യയുടെ മുഖത്തുനോക്കി 'ഇന്നത്തെ സാമ്പാറ് കലക്കീട്ടോ' എന്നെങ്കിലും നിങ്ങള്‍ പറയ്വോ?''
റിക്രിയേഷന്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടന്ന മന:ശാസ്ത്ര സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തിയ മന:ശാസ്ത്രജ്ഞന്‍ ചോദിച്ച ചോദ്യമാണിത്. ഈ ചോദ്യം കേട്ട നിമിഷം മുതല്‍ അത് എംജിആര്‍ സാറിനെ വല്ലാതെ ഹോണ്‍ട് ചെയ്തുകൊണ്ടിരുന്നു. വൈകീട്ട് വീട്ടിലേക്കുള്ള യാത്രയില്‍ ബസ്സിലിരിക്കുമ്പോഴും അതുതന്നെയായിരുന്നു സാറിന്റെ ചിന്ത. ശെരിയല്ലേ. മന:ശാസ്ത്രജ്ഞന്‍ പറഞ്ഞത് ശെരിയല്ലേ. ഭാര്യ സാമ്പാറ് വെച്ചപ്പോള്‍ എന്നെങ്കിലും അഭിനന്ദനസൂചകമായി എന്തെങ്കിലും താന്‍ പറഞ്ഞിട്ടുണ്ടോ? ഭാര്യയോടുള്ള ഇഷ്ടക്കേടാണോ അതിനു കാരണം? അല്ല. പിന്നെയോ? സാമ്പാറിനോട് പൊതുവേ ഒരു വിരക്തിയുണ്ട് തനിക്ക്. കഴിയുമെങ്കില്‍ ആഗോളാടിസ്ഥാനത്തില്‍ അത് നിരോധിക്കണമെന്ന അഭിപ്രായവുമുണ്ട്. പക്ഷേ ഇവിടെ അതല്ലല്ലൊ പ്രശ്‌നം. ഭാര്യയോടുള്ള സ്‌നേഹം പ്രകടിപ്പിക്കലല്ലേ. പാവം ഭാര്യ. എംജിആര്‍ സാറിന് വല്ലാത്ത കുറ്റബോധം തോന്നി.
ബസ്സിറങ്ങി വീട്ടിലേക്ക് നടക്കുമ്പോള്‍ സാറ് മനസ്സില്‍ പറഞ്ഞു: ഇന്ന് അതിന് എങ്ങനെയെങ്കിലും പ്രായശ്ചിത്തം ചെയ്യണം.
ആരോ പറഞ്ഞുവെച്ചപോലെ എംജിആര്‍ സാര്‍ വീട്ടിലേക്ക് കേറുമ്പോള്‍ അതാ നല്ല സൊയമ്പന്‍ സാമ്പാറിന്റെ സുഗന്ധം!
തോള്‍സഞ്ചി മേശപ്പുറത്തിട്ട് സാറ് നേരെ അടുക്കളയിലേക്ക് ചെന്നു.
'' ഇതെന്താ ഡ്രെസ്സുപോലും മാറാതെ നേരെ അടുക്കളയിലേക്ക്?'' ഭാര്യ ചോദിച്ചു.
''നല്ല സാമ്പാറിന്റെ മണം''
''കൊള്ളാം. സാമ്പാറ് നിരോധിക്കണമെന്നു പറഞ്ഞുനടക്കണ ആള് തന്ന്യാണോ ഇത്?''
ഇതു പറയുമ്പോള്‍ ഭാര്യയുടെ മുഖത്ത് പ്രകടമായ നീരസം എംജിആര്‍ ശ്രദ്ധിച്ചു. അതിനൊരയവു വരുത്താനെന്നോണം സാറ് പറഞ്ഞു: ''അല്ല, ഇതങ്ങനെയല്ല. നീ ഒരു ഗ്ലാസ്സിങ്ങെടുത്തേ. ഞാനിതൊന്ന് കുടിച്ചുനോക്കട്ടെ''.
''സാമ്പാറോ? ഗ്ലാസ്സിലോ?''
അതെയെന്നും പറഞ്ഞ് സാറ് തന്നെ ഒരു ഗ്ലാസ്സെടുത്ത് അതില്‍ നിറയെ സാമ്പാറൊഴിച്ചു. എന്നിട്ട് മടമടാന്നങ്ങ് വലിച്ചുകുടിച്ചു!
ഇതിയാനിതെന്തുപറ്റിയെന്ന് അത്ഭുതപ്പെട്ടുനില്‍ക്കുന്ന ശ്രീമതിയോട് മന:ശാസ്ത്രജ്ഞനെ മനസാ സ്മരിച്ച് എംജിആര്‍ സാറ് പറഞ്ഞു: ''ഇന്നത്തെ സാമ്പാറ് അടിപൊളിയായിട്ട്ണ്ട്‌ട്ടോ............... ഈ കൈപ്പുണ്യം കൈപ്പുണ്യം എന്നു പറയണത് ഇതാണ്....'' !!

ഇതു കേട്ടതും മുഖം കറുപ്പിച്ച് വെട്ടിത്തിരിഞ്ഞൊരു പോക്കാണ് ശ്രീമതി.....!

വെളുക്കാന്‍ തേച്ചത് പാണ്ടായിപ്പോയെന്ന് മനസ്സിലാക്കാന്‍ എംജിആര്‍ സാറിന് അധികനേരം കാത്തിരിക്കേണ്ടിവന്നില്ല.
വടക്കേലെ കൊച്ചിന്റെ പിറന്നാള്‍സദ്യക്ക് അവിടത്തെ പെമ്പ്രന്നോത്തിയുണ്ടാക്കിയ സാമ്പാറായിരുന്നു അത് !!!

Saturday, July 9, 2011

വൈവാഹികം

ഒരോണക്കാലത്താണ് സംഭവം.
എംജിആര്‍ സാറിന്റെ മകള്‍ക്ക് കൊണ്ടുപിടിച്ച കല്യാണാലോചന നടക്കുന്ന സമയം.
പേപ്പറില്‍ അഡ്വര്‍ടൈസ്‌മെന്റ് കൊടുത്ത് അതിന്റെ റെസ്‌പോണ്‍സും കാത്തിരിക്കയാണ് വീട്ടുകാര്‍. വീട്ടുകാര്‍ എന്നുവെച്ചാല്‍ മിസിസ് എംജിആറും മക്കളും എന്നേ അര്‍ത്ഥമുള്ളൂ. ഏതു കാര്യത്തിലുമെന്നപോലെ ഇക്കാര്യത്തിലും എംജിആറിന് പ്രത്യേകിച്ച് താല്പര്യമൊന്നുമുണ്ടായിരുന്നില്ല. അന്നും പുള്ളിക്കാരന്‍ പതിവുപോലെ കുളിച്ച് കുറിയിട്ട് തോള്‍സഞ്ചിയും തൂക്കി ആപ്പീസിലേക്ക് വിട്ടു.
സാറ്‌ പടി കടന്നതും ഫോണ്‍ വിളികളുടെ പെരുമഴയായി!
അറ്റന്‍ഡ് ചെയ്യാന്‍ മിസിസ് എംജിആര്‍ മാത്രം. ആദ്യം വിളിച്ചവരോട് അവര്‍ പറഞ്ഞു:
'' അത് പറ്റ്ല്ല്യാട്ടോ. ചെക്കന്റെ വീട്ടില് മെംബേഴ്‌സ് വളരെ കൂടുതലാണല്ലൊ..''
പിന്നെ വിളിച്ചവരോട് പറഞ്ഞത് ഇങ്ങനെ:
''അപ്പൊ ചെക്കന് സ്വന്തക്കാര് ന്ന് പറയാന്‍ അച്ഛനും അമ്മേം മാത്രേ ഉള്ളൂ അല്ലേ. അത് ശെരിയാവുംന്ന്
തോന്നണ് ല്ല്യ...''
മൂന്നാമത്തെ കൂട്ടരോട് ഇങ്ങനെ പറഞ്ഞൊഴിഞ്ഞു:
'' ചെക്കന് ഗള്‍ഫിലാ ജോലീന്നല്ലേ പറഞ്ഞത്. നാട്ടില് ജോല്യൊള്ളോരെയാ ഞങ്ങള് നോക്കണത്...''
നാലാമത് വിളിച്ചവരോട് പറഞ്ഞത് ഇങ്ങനെയായിരുന്നു:
''ചെക്കന്‍ ഡോക്ടറാണല്ലേ. ഞങ്ങള് ഒരെഞ്ചിനീയറെയാണ് നോക്കണത്. രണ്ടുപേരും ഡോക്ടര്‍മാരായാല്‍ ശെരിയാവില്ല്യ..''
അമ്മയിങ്ങനെ ഓരോരുത്തരോട് ഓരോന്ന് പറയുന്നതുകേട്ട് തലയാട്ടിക്കൊണ്ട് മകള്‍ അടുത്തുതന്നെ ഇരിപ്പുണ്ടായിരുന്നു. താങ്ക്യൂ മോം ; യൂ ആര്‍ ഗ്രേയ്റ്റ് മോം ; യൂ സെഡ് ഇറ്റ് റൈറ്റ് മോം എന്നെല്ലാമായിരുന്നു ആ തലയാട്ടലിന്റെ അര്‍ത്ഥം.
കുറച്ചുകഴിഞ്ഞപ്പോള്‍ ആപ്പീസില്‍നിന്ന് എംജിആര്‍ വിളിച്ചു.
എങ്ങനെയുണ്ട് അഡ്വെര്‍ടൈസ്‌മെന്റിന്റെ റെസ്‌പോണ്‍സ് എന്നറിയാന്‍ വേണ്ടി വിളിക്കുന്നതായിരിക്കുമെന്നാണ് ശ്രീമതി വിചാരിച്ചത്.
പക്ഷേ എംജിആര്‍ ചോദിച്ചത് ഇതായിരുന്നു:
'' അതേയ് സ്റ്റോറില് ഓണത്തിന്റെ പലഹാരങ്ങള് വന്നട്ട്ണ്ട്. ശര്‍ക്കരവരട്ടി ഞാന്‍ വാങ്ങിച്ചു. ചിപ്‌സ് രണ്ട് തരംണ്ട്- നാലായി നുറുക്ക്യതും പിന്നെ വട്ടനും. അതില് ഏതാ വേണ്ടത്? ''
മറുപടിയായി ശ്രീമതി പറഞ്ഞു:
''വട്ടനുണ്ടോ? എങ്കില്‍ പിന്നെ അത് തന്നെ മതി ''
ഇതു കേട്ടതും മകള്‍ അമ്മയോട് പറയുകയാണ്:
'' അയ്യട! വട്ടനെ അമ്മ കെട്ടിക്കോ '' !!!