rajasooyam

Saturday, July 30, 2011

കൈപ്പുണ്യം

'' എന്റെ കണ്ണിലേക്ക് നോക്കി സത്യം പറയൂ. പകലന്തിയോളം അടുക്കളയില്‍ കിടന്ന് കഷ്ടപ്പെടുന്ന ഭാര്യയോട് അവരുടെ പ്രവൃത്തിയെ അഭിനന്ദിക്കുന്ന ഒരു വാക്കെങ്കിലും നിങ്ങള്‍ ഉരിയാടാറുണ്ടോ? ഉദാഹരണത്തിന് ഇന്ന് ഭാര്യ അതീവരുചികരമായ ഒരു സാമ്പാറ് വെച്ചെന്നു കരുതുക. ഭാര്യയുടെ മുഖത്തുനോക്കി 'ഇന്നത്തെ സാമ്പാറ് കലക്കീട്ടോ' എന്നെങ്കിലും നിങ്ങള്‍ പറയ്വോ?''
റിക്രിയേഷന്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടന്ന മന:ശാസ്ത്ര സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തിയ മന:ശാസ്ത്രജ്ഞന്‍ ചോദിച്ച ചോദ്യമാണിത്. ഈ ചോദ്യം കേട്ട നിമിഷം മുതല്‍ അത് എംജിആര്‍ സാറിനെ വല്ലാതെ ഹോണ്‍ട് ചെയ്തുകൊണ്ടിരുന്നു. വൈകീട്ട് വീട്ടിലേക്കുള്ള യാത്രയില്‍ ബസ്സിലിരിക്കുമ്പോഴും അതുതന്നെയായിരുന്നു സാറിന്റെ ചിന്ത. ശെരിയല്ലേ. മന:ശാസ്ത്രജ്ഞന്‍ പറഞ്ഞത് ശെരിയല്ലേ. ഭാര്യ സാമ്പാറ് വെച്ചപ്പോള്‍ എന്നെങ്കിലും അഭിനന്ദനസൂചകമായി എന്തെങ്കിലും താന്‍ പറഞ്ഞിട്ടുണ്ടോ? ഭാര്യയോടുള്ള ഇഷ്ടക്കേടാണോ അതിനു കാരണം? അല്ല. പിന്നെയോ? സാമ്പാറിനോട് പൊതുവേ ഒരു വിരക്തിയുണ്ട് തനിക്ക്. കഴിയുമെങ്കില്‍ ആഗോളാടിസ്ഥാനത്തില്‍ അത് നിരോധിക്കണമെന്ന അഭിപ്രായവുമുണ്ട്. പക്ഷേ ഇവിടെ അതല്ലല്ലൊ പ്രശ്‌നം. ഭാര്യയോടുള്ള സ്‌നേഹം പ്രകടിപ്പിക്കലല്ലേ. പാവം ഭാര്യ. എംജിആര്‍ സാറിന് വല്ലാത്ത കുറ്റബോധം തോന്നി.
ബസ്സിറങ്ങി വീട്ടിലേക്ക് നടക്കുമ്പോള്‍ സാറ് മനസ്സില്‍ പറഞ്ഞു: ഇന്ന് അതിന് എങ്ങനെയെങ്കിലും പ്രായശ്ചിത്തം ചെയ്യണം.
ആരോ പറഞ്ഞുവെച്ചപോലെ എംജിആര്‍ സാര്‍ വീട്ടിലേക്ക് കേറുമ്പോള്‍ അതാ നല്ല സൊയമ്പന്‍ സാമ്പാറിന്റെ സുഗന്ധം!
തോള്‍സഞ്ചി മേശപ്പുറത്തിട്ട് സാറ് നേരെ അടുക്കളയിലേക്ക് ചെന്നു.
'' ഇതെന്താ ഡ്രെസ്സുപോലും മാറാതെ നേരെ അടുക്കളയിലേക്ക്?'' ഭാര്യ ചോദിച്ചു.
''നല്ല സാമ്പാറിന്റെ മണം''
''കൊള്ളാം. സാമ്പാറ് നിരോധിക്കണമെന്നു പറഞ്ഞുനടക്കണ ആള് തന്ന്യാണോ ഇത്?''
ഇതു പറയുമ്പോള്‍ ഭാര്യയുടെ മുഖത്ത് പ്രകടമായ നീരസം എംജിആര്‍ ശ്രദ്ധിച്ചു. അതിനൊരയവു വരുത്താനെന്നോണം സാറ് പറഞ്ഞു: ''അല്ല, ഇതങ്ങനെയല്ല. നീ ഒരു ഗ്ലാസ്സിങ്ങെടുത്തേ. ഞാനിതൊന്ന് കുടിച്ചുനോക്കട്ടെ''.
''സാമ്പാറോ? ഗ്ലാസ്സിലോ?''
അതെയെന്നും പറഞ്ഞ് സാറ് തന്നെ ഒരു ഗ്ലാസ്സെടുത്ത് അതില്‍ നിറയെ സാമ്പാറൊഴിച്ചു. എന്നിട്ട് മടമടാന്നങ്ങ് വലിച്ചുകുടിച്ചു!
ഇതിയാനിതെന്തുപറ്റിയെന്ന് അത്ഭുതപ്പെട്ടുനില്‍ക്കുന്ന ശ്രീമതിയോട് മന:ശാസ്ത്രജ്ഞനെ മനസാ സ്മരിച്ച് എംജിആര്‍ സാറ് പറഞ്ഞു: ''ഇന്നത്തെ സാമ്പാറ് അടിപൊളിയായിട്ട്ണ്ട്‌ട്ടോ............... ഈ കൈപ്പുണ്യം കൈപ്പുണ്യം എന്നു പറയണത് ഇതാണ്....'' !!

ഇതു കേട്ടതും മുഖം കറുപ്പിച്ച് വെട്ടിത്തിരിഞ്ഞൊരു പോക്കാണ് ശ്രീമതി.....!

വെളുക്കാന്‍ തേച്ചത് പാണ്ടായിപ്പോയെന്ന് മനസ്സിലാക്കാന്‍ എംജിആര്‍ സാറിന് അധികനേരം കാത്തിരിക്കേണ്ടിവന്നില്ല.
വടക്കേലെ കൊച്ചിന്റെ പിറന്നാള്‍സദ്യക്ക് അവിടത്തെ പെമ്പ്രന്നോത്തിയുണ്ടാക്കിയ സാമ്പാറായിരുന്നു അത് !!!

1 comment: